Tuesday, 20 August 2019

പരുന്തും ചിത്രകാരിയും

വട്ടംചുറ്റി പറക്കുന്ന ആ പരുന്തിനെ അങ്ങനെ നോക്കിനോക്കിയിരിക്കെ ആലസ്യത്തിന്റെയോ മോഹാലസ്യത്തിന്റെയോ ഒരിഴ എന്റെ പ്രജ്ഞയിൽ പിടഞ്ഞു. തലയുയർത്തി നോക്കുകയായിരുന്നില്ല. പറവയുടെ പിന്നണിയിൽ ആകാശവുമായിരുന്നില്ല. അത് എനിക്കും താഴെയാണ് പറക്കുന്നത്. പിറകിലെ ക്യാൻവാസ് കടലായിരുന്നു. മഴപെയ്യാൻ മറന്നുപോയ ഇടവപ്പാതിയാണ്. ആകാശത്ത്, അവിടവിടെ മേഘങ്ങൾ കാണാം എന്നുമാത്രം. ഉച്ചയുടെ വെയിലിൽ, കാഴ്ചയെ വേദനിപ്പിച്ചുകൊണ്ട്, വെള്ളിച്ചിതറുന്ന കടൽ. ഇടയ്ക്ക് മേഘം സൂര്യനെ മറയ്ക്കുമ്പോൾ, കണ്ണിനാശ്വാസം നൽകി, കടലിനും ശ്യാമപ്പകർച്ച...

ലേശം പുളി തോന്നിക്കുന്ന മധുരനാരങ്ങയുടെ ചാറ് മേശപ്പുറത്തുണ്ടായിരുന്നു. ഞാൻ വർക്കല കുന്നിനു മുകളിൽ, ഒരു തീൻശാലയിൽ ഇരിക്കുകയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. ആകാശത്തേയ്ക്ക് ഇറക്കിക്കെട്ടിയ തടിമട്ടുപ്പാവ്. കടൽ നേരെ താഴെയാണെന്ന് തോന്നിക്കും വിധമാണ് കാഴ്ച. അൽപനേരം മഗ്നമായിരുന്നപ്പോൾ, കാറ്റിൽ, കടലിന്റെ ഇരമ്പലിൽ, ഭൂമിയിൽ നഷ്ടപ്പെട്ടുപോയ കളിക്കൂട്ടുകാരനായി ഒരു സമുദ്രകന്യക പാടുന്നതുകേട്ടു... (കടലിനെയും ജലകന്യകയെയും വിചാരിക്കുമ്പോൾ എപ്പോഴും ഞാൻ 'സ്‌പ്ലാഷ് ' എന്ന ചലച്ചിത്രം ഓർക്കും. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് കണ്ടതാണ്. ഫാന്റസിയിൽ പ്രണയം വരഞ്ഞ പടം. സമുദ്രകന്യകയായി ഡാറിൽ ഹന്ന എന്ന സ്വർണ്ണമുടിക്കാരി, കൗമാരസ്വപ്നത്തെ കോർത്തെടുത്ത ദിനരാത്രങ്ങൾ...)

അപ്പോഴാണ് കടലിന്റെ അപാരവിന്യാസത്തിലേയ്ക്ക് അലസമായി പറക്കുന്ന പരുന്ത് കടന്നുവരുന്നത്. കടലിന്റെ പ്രതലത്തിൽ നിന്നും അധികം മുകളിലായല്ല പറക്കുന്നത്. കുന്നിന് മുകളിൽ ഞാനിരിക്കുന്ന മട്ടുപ്പാവിൽ നിന്നും വളരെ താഴെ. പരുന്തുകൾ കടലിൽ നിന്നും മീനുകളെ കൊത്തിയെടുക്കാറുണ്ടാവണം. അങ്ങനെയെന്തോ കരുതിയിട്ടാണ് അതവിടെ വട്ടംചുറ്റുന്നത് എന്നുതോന്നി...


കുന്ന്, കടൽത്തീരത്തേയ്ക്ക് ചെങ്കുത്തായി അരിഞ്ഞിറക്കിയതുപോലെ കാണപ്പെടുന്ന വരമ്പിലൂടെ, ഏതാണ്ട് ഒരു കിലോമീറ്റർ നടന്നാണ് ഞങ്ങളീ തീൻശാലയിൽ എത്തിയിരിക്കുന്നത്. വഴിയുടെ ഒരുവശത്ത്, കടലിന്റെ അപാരതയിലേയ്ക്ക് മനസ്സുകൊളുത്തുന്ന ദൂരക്കാഴ്ച. മറുവശത്ത് ചെറിയ കടകളുടെയും ഭക്ഷണശാലകളുടെയും നിരയാണ്. ചിലഭാഗങ്ങളിൽ, അല്പം ഉള്ളിലായി ആർഭാടം തോന്നിക്കുന്ന സത്രനിർമ്മിതികളും കാണാനാവുന്നുണ്ട്.

വിദേശസഞ്ചാരികൾ അധികമായെത്തുന്ന സ്ഥലമായതു കൊണ്ടുകൂടിയാവാം, കുന്നിൻമുകളിലെ ഈ നാട്ടുവഴി ഏറെക്കൂറെ വൃത്തിയിൽ കാണപ്പെടുന്നു. നിരയായി നിൽക്കുന്ന കടകളുടെ മുറ്റത്തും പരിസരത്തും അലങ്കാരച്ചെടികളും കുറ്റിച്ചെടികളും മരങ്ങളും നന്നായി വളർത്തി സംരക്ഷിച്ചിരിക്കുന്നു. ഇടുങ്ങിയ വഴിയുടെ ചില വിടവുകളിൽ വലിയ ഹരിതപത്രമുള്ള ഇലച്ചെടികൾ തഴച്ചുനിൽക്കുന്നു. ട്രോപ്പിക്കൽ വനത്തിലെ അടിക്കാടിന്റെ മിനിയേച്ചർ പോലെ തോന്നും. ഇന്ത്യയിലെ, മറ്റു പല വിനോദസഞ്ചാര സ്ഥലങ്ങളും ഇങ്ങനെയല്ല. അവിടേയ്ക്ക് നീളുന്ന വഴിയുടെ ഇരുവശത്തും കോട്ടപോലെ ഉയർത്തിയ, ടാർപോളിൻ കൊണ്ട് സുഷിരങ്ങളടച്ച, തട്ടുകടകളുടെ നിരയുണ്ടാവും. കാറ്റുകടക്കുന്നുണ്ടാവില്ല. മടുപ്പിക്കും.

കാറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ്..., കുന്നിന്റെ മുകളിലാണെങ്കിലും, കടൽത്തീരമാണെങ്കിലും ഈ ഉച്ചനേരത്ത് ഇവിടെയും കാറ്റനുഭവപ്പെടുന്നില്ല. അന്തരീക്ഷത്തിന് വല്ലാത്ത ആർദ്രത. ഉഷ്ണവും. ശരീരം വിയർക്കുന്നുണ്ട്. അത് നടത്തത്തെ ആയാസകരവും അസ്വസ്ഥവുമാക്കുന്നു. നാടുവിടുന്നതിന് മുൻപ്, നാട്ടിലേത് സുഖകരമായ കാലാവസ്ഥയാണെന്ന് കരുതിയിരുന്നു. അത് ശീലത്തിന്റെ ഉപോല്പന്നമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ തീരദേശങ്ങളിലും ഇടനാടുകളിലും ആർദ്രത കൂടിയ അന്തരീക്ഷമാണുള്ളത്. അതിന് അതിന്റേതായ ഗുണഫലങ്ങളുണ്ട്. എങ്കിലും, 'സുഖകരം' എന്ന കാലാവസ്ഥാനുഭവത്തെ അത് താലോലിക്കില്ല.

മറ്റു ദേശങ്ങളിൽ നിന്നുള്ള കൂട്ടുകാർ വിരുന്നുവരുമ്പോൾ, മക്കൾ അവരെയും കൊണ്ട് ആദ്യം പോവുക വർക്കല ക്ലിഫിലേയ്ക്കാണ്. അവർക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്. ഈ വഴിയിലൂടെ നടക്കുമ്പോൾ അതിന്റെ കാരണം മനസ്സിലാവും. കടകളും തീൻശാലകളും ചെറുപ്പക്കാരുടെ അഭിരുചിക്കനുസരിച്ചാണ് വിന്യസിച്ചിരിക്കുന്നത്. മകൾ പറഞ്ഞതനുസരിച്ചാണ് 'കഫെ ഇറ്റാലിയാനോ' എന്ന റെസ്റ്റോറന്റിൽ ഞങ്ങളെത്തിയത്. സമൃദ്ധമായി ഇലച്ചെടികൾ വളർന്നുനിൽക്കുന്ന മുറ്റം. അതിനോട് ചേർന്നുള്ള തടിഗോവണിയിലൂടെ കയറിയാണ് മട്ടുപ്പാവിലെത്തുക. ഭക്ഷണശാലയുടെ ഒത്തനടുവിലായി വലിയൊരു ബുദ്ധരൂപം. ചെഗ്വേരയോളം വിപ്ലവമില്ലാത്ത യുവതയുടെ ആധുനിക ബിംബമാണ് ബുദ്ധൻ. ഇരുട്ട് മയങ്ങുന്ന മച്ചിൽ, കടുത്ത നിറത്തിലുള്ള ജ്യാമിതീയരൂപങ്ങൾ വരഞ്ഞ ശീലകൾ തൂങ്ങുന്നു. പിറ്റ്‌സയും പാസ്തയുമാണ് ഇവിടെത്തെ ഇഷ്ടവിഭവങ്ങളെന്നെഴുതിയ സ്ളേറ്റ്-ബോർഡ് ഒരു ഭാഗത്ത് കാണാം. ജ്യാമിതീയചിത്രങ്ങൾ അലങ്കരിക്കുന്ന ഇറ്റാലിയൻ ഫുഡ്-ജോയിന്റിൽ ബുദ്ധൻ വിശ്രാന്തിയിലാണ്. അവ്യവസ്ഥയുടെ ഈ ഇടങ്ങൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതാണെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഞങ്ങൾ വഴിതെറ്റി എത്തിയവരാണ്...!

ഒരുകാലത്ത് ഞാനും ചെറുപ്പക്കാരനായിരുന്നു. അന്ന്, മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ്, ഇവിടെ വന്നിട്ടുണ്ട്...

കൊല്ലം പട്ടണത്തിലെ ഒരു കലാലയത്തിൽ ബിരുദത്തിന് പഠിക്കുകയാണ് ആസമയം  ഞാൻ. അവസാന വർഷമായപ്പോഴേയ്ക്കും ഹോസ്റ്റലിൽ ഞങ്ങൾ അഞ്ചുപേർ മാത്രം ബാക്കിയായി. അതിനാൽ, ഞങ്ങൾ തമ്മിൽ ഇഴയടുപ്പമുള്ള ബന്ധം ഉണ്ടായിവന്നു. (പിന്നീട് ജീവിതത്തിന്റെയും താമസയിടങ്ങളുടെയും അകലം ആ ബന്ധത്തിൽ അനിവാര്യമായ ശൂന്യതകൾ കൊണ്ടുവന്നു. എങ്കിലും ഈ ഫെയ്‌സ്‌ബുക്ക് കാലത്ത് ആരും അത്ര അകലത്തിലുമല്ല - ..) അങ്ങനെയാണ്, പിരിയുന്നതിനു മുൻപ് ഒരു തവണയെങ്കിലും ഓരോരുത്തരുടെയും വീടും നാടും സന്ദർശിക്കുക എന്ന ആഴ്ചാന്ത്യപരിപാടി നടപ്പിലാക്കുന്നത്. അതിൽ ഒരാളുടെ - സിസിൽ കുമാറിന്റെ - വീട് വർക്കലയിലായിരുന്നു. അയാളുടെ വീട്ടിൽ താമസിച്ച വാരാന്ത്യത്തിലാണ് ഇവിടെ വരുന്നത്. ഇവിടെയെന്നാൽ, ഈ ക്ലിഫിലല്ല. അകലെക്കാണുന്ന ആ കടൽത്തീരത്ത്. അവിടെ, ആ കടൽത്തീരത്ത്, തിരകളിലുലഞ്ഞുകിടക്കുമ്പോൾ, അല്പം വടക്കുമാറി മനോഹരകാഴ്ചയാവുന്ന ചെമ്മണൽക്കുന്നും അതിനു മുകളിലെ തെങ്ങിൻ പച്ചയും ഇപ്പോഴും ഓർക്കുന്നുണ്ട്.

അന്ന്, കുന്നിൻമുകളിൽ വിനോദസഞ്ചാരം വന്നിട്ടില്ല. 'ഗോഡ്‌സ് ഓൺ കൺട്രി' എന്ന കേരള ടൂറിസത്തിന്റെ പരസ്യവാചകം ഇത്രയും സാർവത്രികമായിട്ടില്ല. കൊച്ചി പഴയ കൊച്ചി തന്നെയാണ്. തിരുവനന്തപുരം ഭാഗത്ത്, കോവളത്തും തമ്പാനൂരിലും മാത്രമേ സായിപ്പിനെയും മദാമ്മയേയും കാണാൻകിട്ടുമായിരുന്നുള്ളു. കുതിരവട്ടം പപ്പുവിന്റെ സിനിമാഡയലോഗ് കേട്ടതിനു ശേഷം, ഈ താമരശ്ശേരിച്ചുരം എവിടെയാണെന്ന് മറ്റുദേശക്കാർ അന്വേഷിച്ചു തുടങ്ങിയിട്ടേയുള്ളൂ. പിന്നെയും ഒരു ദശാബ്ദം കൂടി കഴിഞ്ഞാണ് കൊച്ചി വിമാനത്താവളം വരുന്നത്...

ക്ലിഫ് സഞ്ചാരഭൂപടത്തിൽ വന്നിട്ടില്ലായിരുന്നുവെങ്കിലും വർക്കല കടൽത്തീരത്തിന്റെ കാര്യം അങ്ങനെയായിരുന്നില്ല. പാപനാശം തീരം എന്നാണ് അറിയപ്പെടുക. വാവുബലിയിടാൻ ഒരുപാട് ആളുകൾ എത്തുന്ന സ്ഥലം. പാപനാശിനിയായ സമുദ്രജ്വാലയിൽ, ജീവിച്ചിരിക്കുന്ന ഒരാൾ മുങ്ങിനിവരുമ്പോൾ, ജീവിച്ചിരിക്കാത്ത ഒരാൾ എവിടെയോ ഒരു പാലം കടന്നുപോകുന്നു. കോശങ്ങൾ വളരുകയും പെരുകുകയും ചെയ്യുന്നതുകൊണ്ടുമാത്രമല്ല മനുഷ്യജീവൻ തുടരുന്നത്. പരികല്പനകളുടെ ലാവണ്യബോധം സിരയിൽ ഒഴുകുന്നതുകൊണ്ടുകൂടിയാണ്... ഇപ്പോഴും ബലിയിടൽ കർമ്മം നടക്കുന്നുണ്ട്. സ്ഥലത്തെ പ്രധാന ആരാധനാലയമായ ശ്രീജനാർദ്ദനസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ബലിയിടൽ ചടങ്ങും ആറാട്ടുമൊക്കെ അനുഷ്ഠിക്കപ്പെടുക. എങ്കിലും ഇന്ന് തീരത്തിന്റെ പ്രാഥമികമായ അസ്തിത്വം കുറച്ചുകൂടി അന്തർദേശീയമാണ്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടാണ്. തദ്ദേശീയരെക്കാൾ വിദേശികളെയാണ് ഇവിടെ കൂടുതലും കാണാനാവുക.


തൊട്ടടുത്ത മേശയിൽ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. അലസമായി കിടക്കുന്ന മുടി. അയഞ്ഞ വസ്ത്രങ്ങൾ. കാതിന്റെ മുകളിൽ നിന്ന് താഴെവരെ ചെറിയ വെള്ളിവളയങ്ങൾ കുത്തിതുക്കിയിട്ടുണ്ട്. മൂക്കുത്തി. കയ്യിലും കാലിലും പച്ചകുത്തിയ വിചിത്രരൂപികൾ. ഒരു ബൊഹീമിയൻ രൂപം...

അവളുടെ മേശയിലാകെ നിറങ്ങൾ. ജലച്ചായത്തിന്റെ കട്ടകളും ബ്രെഷും നിറംകലങ്ങിയ വെള്ളക്കുപ്പിയും. മേശമേൽ, നിറങ്ങളിൽ കുതിർന്നുകിടക്കുന്ന ഒരു പേപ്പറും. അവൾ ഒരു ചിത്രകാരിയാണ്.

ചിത്രകാരിയായ പെൺകുട്ടിയെ കാണുമ്പോൾ ഞാൻ മകളെ ഓർത്തു. രണ്ടുപേർക്കും ഒരേ പ്രായമാവും. ഈ കസേരയിൽ ഏതെങ്കിലും ഒന്നിൽ തന്നെയാവണം അവളും ഇരുന്നിട്ടുണ്ടാവുക. അവളുടെ ഇൻസ്റ്റാഗ്രാമിൽ ഈ പരിസരത്തിന്റെ ചിത്രങ്ങളുള്ളത് ഞാൻ ഓർക്കുന്നു. എങ്കിലും അവൾക്കു മുന്നിൽ, മേശപ്പുറത്ത് ചായക്കട്ടകളും ബ്രഷും ഉണ്ടായിട്ടുണ്ടാവില്ല. അവൾ ചിത്രം വരയ്ക്കാറില്ല. ഇത്രയും ബൊഹീമിയനായ വസ്ത്രരീതികൾ അവളിൽ കണ്ടിട്ടില്ല. ആധുനികതയെയും സമകാലികതയെയും കുറിച്ചുള്ള അവളുടെ സങ്കല്പങ്ങളും രീതികളും വ്യത്യസ്തമാണെന്ന് തോന്നിയിട്ടുണ്ട്...

അവളിപ്പോൾ മധ്യേൻഡ്യയിലെ ഒരു പട്ടണത്തിലാണുള്ളത്. അവിടെ കടുത്ത വേനലാണത്രെ. ഓർത്തപ്പോൾ ഞാനവളെ വിളിച്ചു. ഞങ്ങൾ വർക്കല ക്ലിഫിലാണ് എന്ന് പറയാമെന്നോർത്തു. കോൾ പോകുന്നില്ല. വിദൂരമായ ഏതോ കർഷകഗ്രാമത്തിലേയ്ക്ക്, കമ്മ്യൂണിറ്റിമെഡിസിന്റെ ഭാഗമായി, ഇന്ന് പോകേണ്ടതുണ്ടെന്ന് ഇന്നലെ വിളിച്ചപ്പോൾ അവൾ പറഞ്ഞിരുന്നുവല്ലോ...

ഞാൻ വീണ്ടും അടുത്തിരിക്കുന്ന ചിത്രകാരിയെ ശ്രദ്ധിച്ചു. അവൾ ഇടയ്ക്ക് കടലിലേയ്ക്ക് നോക്കിയിരിക്കും. പിന്നെ വീണ്ടും വരയ്ക്കാൻ തുടങ്ങും. കടലാസിലേയ്ക്ക് കടലിനെ പരിഭാഷപ്പെടുത്തുകയാവും. അങ്ങനെയാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയായിരുന്നില്ല എന്ന് അവൾ വരച്ചുകൊണ്ടിരിക്കുന്ന ചിത്രം പിന്നീട് കണ്ടപ്പോൾ മനസ്സിലായി. കടലിനെയല്ല, മലനിരയെ ആണ്‌ അവൾ വരച്ചുകൊണ്ടിരുന്നത്...

ജലച്ചായത്തിന്റെ സ്വാഭാവികത, ഒഴുകുന്ന അബ്സ്ട്രാക്റ്റ് വരകളാണല്ലോ. കടുംനിറങ്ങളൊന്നും ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ആകാശം ഇരുണ്ട മേഘനീലയിൽ കാണപ്പെട്ടു. ദിഗന്തസീമയാവുന്ന മലനിരയിൽ ആകാശത്തിന്റെ വിഷാദം. അതിനു താഴെ വിസ്തൃതമാകുന്ന ഭൂമിപച്ചയും പെയ്യാൻനിൽക്കുന്ന തുലാമാസമധ്യാഹ്നത്തിന്റെ കാളിമയിലാണ്...

വർണ്ണവസ്ത്രങ്ങൾ ധരിച്ച്, കത്തുന്ന പകലിൽ, വെളുത്ത കടൽ നോക്കിയിരിക്കുന്ന ആ പെൺകുട്ടിയുടെ ഈ നേരത്തെ സൃഷ്ടിസങ്കല്പത്തിൽ വർഷകാല മലനിര നിറയുന്നത് എന്നെ അത്ഭുതപ്പെടുത്തി. സർഗ്ഗകാമനയുടെ വിചിത്രകിനാവുകൾ അല്ലെങ്കിൽത്തന്നെ, ആരെയാണ് ആശ്ചര്യപ്പെടുത്താത്തത്...!

ചിത്രം വരച്ചു കഴിഞ്ഞിരിക്കാം. ഒരുപക്ഷെ ഇനിയും മിനുക്കുപണികൾ ഉണ്ടാവാം. അനുവാചകനെ സന്ദേഹിയാക്കുന്ന അപൂർണ്ണതയുടെ ചാരുത ആ ചിത്രത്തിൽ കാണാമായിരുന്നു. എന്തായാലും, അനുധാവനതയോടെ ചിത്രകട്ടകളും ബ്രെഷും ഒക്കെ തന്റെ തുണിസഞ്ചിയിലാക്കി, ചിത്രം വരഞ്ഞ കടലാസും കയ്യിലെടുത്ത്, ആകാശത്തട്ടിൽ നിന്നും അവൾ പടവിറങ്ങിപ്പോയി...

ഞാൻ കടലിലേയ്ക്ക് നോക്കി. പരുന്തും പോയിരിക്കുന്നു...!

൦൦

Saturday, 8 June 2019

നാട്ടുമാവിന്റെ വേര്

അന്ന് വിമാനത്തിൽ വന്നിറങ്ങുമ്പോൾ, ഒരുപാടുകാലം നീണ്ടുപോവാനിരിക്കുന്ന  പരദേശവാസത്തിന്റെ തുടക്കമായിരുന്നു അതെന്ന് അറിയുമായിരുന്നില്ല. വിമാനത്താവളത്തിൽ സ്വീകരിക്കാൻ അയാളുണ്ടായിരുന്നു. താമസസ്ഥലത്തേയ്ക്ക് കാറിലിരിക്കുമ്പോൾ ഞാൻ വിമാനത്തിൽ വച്ച് നടന്ന ഒരു സംഭവം അയാളോട് പറയുകയായിരുന്നു:

കുവൈറ്റിന്റെ ഭൂനിരപ്പിലേയ്ക്ക് വിമാനം താഴുമ്പോൾ, ആഗസ്റ്റ് മാസത്തിന്റെ ആ വൈകുന്നേരം, കാഴ്ചകൾ മൂടൽമഞ്ഞിലൂടെന്നപോലെ നരച്ചുകാണപ്പെട്ടു. അടുത്തിരുന്ന പ്രദേശത്തെ സ്ഥിരവാസിയായ സഹയാത്രികനോട് ഞാൻ ചോദിച്ചു:
"ഒന്നും നല്ലപോലെ കാണാൻ പറ്റുന്നില്ലല്ലോ...?"
അയാൾ ചെറുതായൊന്ന് ചിരിച്ചു.
"ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ..."

താമസസ്ഥലത്തേയ്ക്കുള്ള യാത്രയിൽ കൂട്ടുകാരനോടിത് പറഞ്ഞപ്പോൾ അയാളും പതിഞ്ഞ താളത്തിൽ ചിരിച്ചു. പിന്നീട് ഞാൻ ആ സംഭവം മറന്നു.

മാസങ്ങൾക്ക് ശേഷം, കുവൈറ്റിലെ ഏതോ നിരത്തോരത്തുകൂടെ നടക്കുകയായിരുന്നു കൂട്ടുകാരനും ഞാനും. റോഡിന്റെ ഒരുവശം വിജനമാണ്. നീണ്ടുപോകുന്ന മരുക്കാട്. വീശിയടിക്കുന്നകാറ്റ്. മരുഭൂമിയുടെ പ്രാചീനമായ മണവുമായി അന്തരീക്ഷത്തിൽ പൊടിപരക്കുന്നു. മരുഭൂമിയിലെ എന്റെ ആദ്യത്തെ പൊടിക്കാറ്റനുഭവമായിരുന്നു അത്.

അപ്പോൾ അയാൾ പറഞ്ഞു:
"അന്ന് വിമാനത്തിൽ നിന്റെകൂടെ യാത്രചെയ്ത ആൾ പറഞ്ഞത് ഓർക്കുന്നില്ലേ; ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ...!"
ഞാനത് മറന്നിരുന്നു. എങ്കിലും കൂട്ടുകാരൻ പറഞ്ഞപ്പോൾ വീണ്ടുമോർത്തു. ഞാൻ അലക്ഷ്യമായി പറഞ്ഞ സംഭവം അയാൾ ഓർത്തിരിക്കുന്നുവല്ലോ എന്നത് പക്ഷേ എന്നെ ആശ്ചര്യപ്പെടുത്തിയില്ല. റോയി എല്ലാക്കാലത്തും അങ്ങനെയായിരുന്നു. ദേശങ്ങളും ദേശാന്തരങ്ങളും, അനുഭവങ്ങളും അനുഭവഭേദങ്ങളും അയാളിൽ രൂപകങ്ങളായി പകർന്നുനിന്നു...

റോയി കുവൈറ്റിൽ നിന്നും പോയിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും, എപ്പോഴെല്ലാം ഇവിടെ പൊടിക്കാറ്റടിക്കുന്നുവോ അപ്പോഴെല്ലാം മരുഭൂമിയുടെ മണമായി, വിഷാദസ്പർശമുള്ള ഒരാശ്വാസമായി, അയാൾ ഉറപ്പിച്ചു പോയ ആ രൂപകശകലം ഞാൻ ഓർക്കും - ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ...!

റോയിയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഞാൻ സന്തോഷവാനാണ്. (അയാൾ എഡിറ്റ് ചെയ്ത മറ്റൊരു പുസ്തകമുണ്ടെങ്കിലും അയാളുടെ ആദ്യത്തെ സ്വന്തം കൃതി ഇതാണെന്നു ഞാൻ അനുമാനിക്കുന്നു.) കാരണം റോയി ഗൗരവത്തോടെ എഴുതിത്തുടങ്ങുന്ന കാലത്ത്, ഒരുപക്ഷെ അതിനും മുൻപേ, അയാളുടെ രചനകൾ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അയാൾ ആർക്കെങ്കിലും സ്വകാര്യമായി നല്കിയിരിക്കാവുന്ന പ്രണയലേഖനങ്ങൾ ഒഴിച്ച്, ബാക്കിയുള്ള എഴുത്തുകൾ മുഴുവൻ വായിച്ചിട്ടുള്ള ഒരാൾ കൂടിയാവും ഞാൻ.


റോയി എന്റെ ബന്ധുവാണ്. അതിലുപരി കൗമാരകാലം മുതൽ തുടരുന്ന കൂട്ടാണ്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ സൗഹൃദം ദൃഡമാവുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മസ്കറ്റിൽ ജോലിക്കായിപ്പോയ അയാൾ, അതുപേക്ഷിച്ച് മടങ്ങിവന്ന കാലമാണത്. മസ്കറ്റിൽ വച്ച് എഴുതിയ കുറിപ്പുകളുടെ ഒരു നോട്ടുബുക്ക് അയാളെനിക്ക് വായിക്കാൻ തന്നു. വല്ലാത്തൊരു വായനാനുഭവമായിരുന്നു അതെന്ന് ഞാനിപ്പോഴുമോർക്കുന്നു. കൗമാരത്തിന്റെ അവസാനത്തിൽ ഗൾഫിലേയ്ക്ക് പോകേണ്ടിവന്ന ഒരുവന്റെ വ്യഥിതവും വിഹ്വലവുമായ അനുഭവക്കുറിപ്പുകൾ. അതിലുപരി അനുഭവങ്ങളുടെ തീക്ഷ്ണസംവേദനം സാധ്യമാക്കുന്ന രൂപകങ്ങളുടെ കാല്പനികസാന്ദ്രത...

ജീവനുള്ള ഒരു നോട്ടുപുസ്തകം...!

കടലും കടൽക്കാക്കകളും നക്ഷത്രങ്ങളുമായിരുന്നു അതിലെ പ്രധാന രൂപകങ്ങൾ എന്ന് ഞാനോർക്കുന്നു. അതിന് കാരണമുണ്ട്. മസ്‌കറ്റിലെ, പ്രൊമനേഡിലിരുന്ന് കാണുന്ന കടലിനും കടൽക്കാക്കകൾക്കും നക്ഷത്രങ്ങൾക്കും മറ്റൊരു തീരം കൂടിയുണ്ട്. ആ തീരത്തേയ്ക്ക്, തെങ്ങിൻതോപ്പ് തണൽവിരിക്കുന്ന തന്റെ വീട്ടുമുറ്റത്തെ കടൽത്തീരത്തേയ്ക്ക്, എഴുത്തുകാരന്റെ വിഷാദമാനസം നിതാന്തമായി ആഞ്ഞുനിൽക്കുന്നു...

ഗൾഫ് എന്നാൽ അത്തറിന്റെ സുഗന്ധമല്ലെന്ന് അന്നേ ഞാനറിഞ്ഞു!

സാഹിത്യത്തിലെ റോയിയുടെ ആത്മഗുരു എന്റെ നോട്ടത്തിൽ എം. ടിയാണ്. എക്കാലത്തും എം. ടി അയാളുടെ ഒബ്സെഷനായിരുന്നു. ഒരുതരം ഏകലവ്യവിന്യാസം. എങ്കിലും, സാഹിത്യാസ്വാദനത്തിന്റെ ആ തുടക്കകാലത്ത്, ഗ്രാമത്തിലെ മണൽപ്പരപ്പിലിരുന്ന് ഞങ്ങൾ പങ്കുവച്ചത് എം. ടിയെ മാത്രമായിരുന്നില്ല. അതിൽ ഒരു കൃതി ഞാനിപ്പോഴും ഓർമ്മിക്കുന്നു. എൻ. ടി. ബാലചന്ദ്രന്റെ 'വിസ്കി' എന്ന നോവലൈറ്റ്. ഒപ്പം ശത്രുഘ്നന്റെ ചില കഥകൾ. അവയൊക്കെയും ഗൾഫ് പശ്ചാത്തലമുള്ളവയായിരുന്നു. ആ എഴുത്തുകാരൊക്കെ ഇപ്പോൾ എവിടെയാണാവോ...?!

റോയിയുടെ ഡയറിക്കുറിപ്പുകളുടെ അനുകരണമായിരുന്നു അക്കാലത്തെ എന്റെ എഴുത്തുദ്യമങ്ങൾ. അയാളെ അപ്പാടെ മോഷ്ടിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്...

പ്രീഡിഗ്രിക്കാലത്ത് കോളേജിൽ നടന്ന ഒരു മത്സരത്തിൽ എനിക്ക് സമ്മാനം ലഭിച്ച കഥയുടെ പേര് 'ആൻഡ്രൂസ് മടങ്ങിവന്നില്ല' എന്നായിരുന്നു. ആ കഥ റോയി ഒരിക്കൽ എന്നോട് പറഞ്ഞതാണ്. വേണമെങ്കിൽ അത് മുഴുവനായും എനിക്കിപ്പോഴും ഓർത്തെഴുതാനാവും. എങ്കിലും അനവസരത്തിലായിപ്പോവും എന്നതിനാൽ ഏതാനും വരികളിൽ ആശയം പങ്കുവയ്ക്കാം:

കഥാകാരനും ആൻഡ്രൂസും ഒരു കടത്തീരഗ്രാമത്തിലെ കളിക്കൂട്ടുകാരാണ്. സ്വാതന്ത്ര്യാനന്തരകാലത്ത് നവയൗവ്വവനത്തിൽ എത്തിയവർ. കഥാകാരൻ മറ്റുപലരെയും പോലെ ഭാഗ്യാന്വേഷിയായി സിംഗപ്പൂരിലേക്ക് കപ്പൽ കയറുന്നു. ആൻഡ്രൂസ്, കടൽപ്പണിയും മറ്റുമായി ഗ്രാമത്തിൽ തന്നെ തുടരുന്നു. മധ്യവയസ്സടുക്കുമ്പോൾ കഥാകാരൻ, ഒട്ടൊക്കെ സമ്പന്നനായി, സിംഗപ്പൂരിൽ നിന്നും മടങ്ങിവരുന്നു. അപ്പോഴും ആൻഡ്രൂസ് കൂടെയുണ്ട്. ഒരു കർക്കിടക ദിവസത്തിൽ, പ്രഷുബ്ധമായ കടൽ വകവയ്ക്കാതെ മത്സ്യബന്ധനത്തിനുപോകുന്ന ആൻഡ്രൂസ് മടങ്ങിയെത്തുന്നില്ല. സിംഗപ്പൂരിൽ നിന്നും താൻ കൊണ്ടുവന്ന ശക്തികൂടിയ ദൂരദർശിനിയുമായി, കലിയടങ്ങാത്ത കടൽനോക്കി, കൂട്ടുകാരൻ വരുമെന്ന പ്രതീക്ഷയിൽ കഥാകാരൻ നിൽക്കുന്നു...

കഥാതന്തു ഇതാണെങ്കിലും, ഇടവപ്പാതിയുടെ കടലായിരുന്നു പ്രധാന കഥാപാത്രം. എന്റെ കൗമാരഭാഷയിൽ ആവുന്നത്ര പൊലിപ്പിച്ച് ഞാനാ കടലിനെ വിവരിക്കാൻ ശ്രമിച്ചു. കഥയ്ക്ക് മാർക്കിട്ട മലയാളം അധ്യാപിക അല്പം അത്ഭുതത്തോടെയാണ് എന്നെ അഭിനന്ദിച്ചത്.
"കഥ വളരെ നന്നായിട്ടുണ്ട്. വ്യത്യസ്തമായ കടൽത്തീരജീവിതം. നല്ല ഭാവന..."
ഞാൻ ചൂളി നിന്നു. അതെന്റെ ഭാവന ആയിരുന്നില്ല. ഞാൻ മോഷ്ടിച്ച ഭാവനയായിരുന്നു.

ഈ അധ്യാപിക മറ്റൊരവസരത്തിലും, അക്കാലത്ത് ഞങ്ങളുടെ ഭാഷാവ്യവഹാരത്തിൽ കടന്നുവന്നിരുന്നത് ഓർക്കുന്നു. അവരായിരുന്നു ഒരു തവണ കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്റർ. അവരുടെ ആമുഖക്കുറിപ്പിൽ ഇങ്ങനെയൊരു വരിയുണ്ടായിരുന്നു. "നിരനിരയായി നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ കടലിൽ നിന്നും അടിച്ചുവരുന്ന ഉപ്പുനനവാർന്ന വരണ്ട കാറ്റ്."
ഇത് വായിച്ച് റോയി ഉറക്കെ ചിരിച്ചു.
"നനവാർന്ന വരണ്ട കാറ്റോ? അതെന്ത് കാറ്റാണ്...?!"

ഉപമകളിലെ, രൂപകങ്ങളിലെ ഉദാസീനതയെ, ഭാഷാവ്യവഹാരത്തിലെ ലോപപ്രതിബദ്ധതയെ റോയി നിശിതമായി വിമർശിച്ചിരുന്നു. എന്നെയും വെറുതേ വിട്ടിരുന്നില്ല...

അക്കാലത്ത്, ഞാനെഴുതിയ ഒരു കഥയുടെ പശ്ചാത്തലം ഉത്തരധ്രുവദേശമായ ഗ്രീൻലാന്റിലെ ഗോത്താബ് എന്ന പട്ടണമായിരുന്നു. നായകകഥാപാത്രത്തിന്റെ പേരോ... - ഡിസിൽവ! മറ്റു കൂട്ടുകാരാരും ആ കഥ വായിച്ചിട്ടില്ല. എങ്കിലും അതിലെ അതിനാടകതീയയോടുള്ള രൂക്ഷവിമർശനം എന്ന നിലയ്ക്ക്, എല്ലാ കൂട്ടുകാരുടെയും ഇടയ്ക്ക് 'ഗോത്താബിലെ ഡിസിൽവ' എന്നൊരു വിളിപ്പേര് എനിക്ക് സമ്മാനിക്കാൻ റോയിക്കായി.

ഈയടുത്ത്, അതിലൊരാൾ അമേരിക്കയിലേക്കുള്ള വിമാനയാത്രയിലായിരുന്നു. വിമാനം ഗോത്താബിനു മുകളിലൂടെ പറക്കുന്നത് മുന്നിലെ സ്‌ക്രീനിൽ കാണിക്കുന്ന നേരം അയാൾ ആ ചിത്രം പകർത്തി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയുണ്ടായി - "ഡിസിൽവയുടെ ഗോത്താബിന് മുകളിലൂടെ..." എന്ന ശീർഷകത്തോടെ. റോയിയുടെ വിമർശനരീതിയുടെ സർഗാത്മകത കാലത്തെ അതിജീവിക്കുന്നു... 

ഭാവനയിലും സാങ്കേതികതയിലും, ഭാഷാവ്യവഹാരം നേരമ്പോക്കായി കാണരുതെന്ന് അന്നുതന്നെ അയാൾ കൃത്യമായി ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു...

കാൽനൂറ്റാണ്ടിന് മുൻപ്, ഞാൻ കുവൈറ്റിലെത്തുമ്പോൾ റോയി ഇവിടെയുണ്ട്. എന്നാൽ അധികകാലം ആവുന്നതിനു മുൻപേ, പതിവുപോലെ, അയാൾ തന്റെ ദേശാന്തരഗമനങ്ങൾ തുടർന്നു. റോയി ആസ്‌ത്രേലിയയിൽ ആയിരിക്കുമ്പോൾ 'മെൽബൺ മലയാളി' എന്ന ആനുകാലികത്തിന്റെ പത്രാധിപരായിരുന്നു. അതിൽ ഒരു പംക്തി സ്ഥിരമായി കൈകാര്യം ചെയ്യാനുള്ള അവസരം എനിക്ക് നൽകുകയുണ്ടായി.

'മെൽബൺ മലയാളി' മാത്രമല്ല, മറ്റൊരുപാട് സമാന്തരപ്രസിദ്ധീകരണങ്ങളും സുവനീറുകളും റോയിയുടെ കാർമ്മികത്വത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ ഇന്നും സുഖകരമായ ഒരോർമ്മയാവുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ്, ഞങ്ങൾ സഹകരിച്ചിറക്കിയ 'ഉത്‌സവ്' എന്ന സ്മരണികയാണ്. നാട്ടിലെ വായനശാലയുടെ വാർഷികത്തിന്റെ ഭാഗമായിരുന്നു അത്. ആ സ്മരണികയ്ക്ക് ഞങ്ങൾ ചിലവഴിച്ച ഊർജ്ജം ഇപ്പോഴും ആ പുസ്തകത്തെ മൂല്യവത്താക്കുന്നു.

ഗ്രാമം, കടൽ, വായനശാല, കൂട്ടുകാർ... ഞങ്ങളുടെ സർഗ്ഗവ്യവഹാരങ്ങൾ ആരംഭിക്കുന്നത് ഒരേയിടത്തിൽ നിന്നാണ്. കാലത്തിന്റെ ഗതിവിഗതിയിലൂടെ, ദേശാന്തരഗമനത്തിന്റെ ദശാബ്ദങ്ങളിലൂടെ, മനുഷ്യബന്ധത്തിന്റെ വ്യതിരിക്തമായ അനുഭവഭൂമികയിലൂടെ, ഞങ്ങൾ ഞങ്ങളുടേതായ ഭാവപരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും ഭാവുകത്വത്തിന്റെ ഒരു ജനിതകകണ്ണി ആ നാട്ടുമാവിന്റെ വേരിൽ കെട്ടുപിണഞ്ഞു കിടപ്പുണ്ടാവാം.

൦൦