Wednesday, 19 August 2015

നവകളേഭരം

അധികം കേട്ടിട്ടില്ലാത്തതു കൊണ്ടുതന്നെയാവും 'കളേഭരം' എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. ഒറിയയിൽ 'നബകളേബര' എന്നൊരു വാക്കുണ്ടെന്നും അതിന്റെ അർത്ഥം പുതിയ (നബ) ശരീരം (കളേബര) എന്നാണെന്നും കഴിഞ്ഞദിവസം വായിക്കുകയുണ്ടായി. ഒക്കെ സംസ്കൃതജന്യമാവുകയാൽ കളേഭരത്തിന് മലയാളത്തിലും ശരീരം എന്ന അർത്ഥം ഉണ്ടാവും എന്ന് അനുമാനിക്കാം.

പറയാൻ വന്നത് നവകളേഭരം (നബകളേബര എന്ന് ഒറിയയിൽ) എന്ന ഉത്സവത്തെ കുറിച്ചാണ്. 12-19 വർഷത്തിലൊരിക്കൽ ഒഡീഷയിലെ പുരിയിൽ അരങ്ങേറുന്ന ഉത്സവമാണ് നവകളേഭരം. ഈ നൂറ്റാണ്ടിലെ ആദ്യത്തെ നവകളേഭരമാണ് കഴിഞ്ഞ മാസം (ജൂലൈ) പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നടന്നത്. 19 വർഷങ്ങൾക്ക് മുൻപ് 1996 - ലാണ് ഇതിന് മുൻപ് ഈ ഉത്സവം നടന്നത്. രണ്ട് ആഷാഡങ്ങൾ ഒത്തുവരുന്ന വർഷമത്രേ ഈ ഉത്സവം ആഘോഷിക്കുക. പന്ത്രണ്ടും പത്തൊമ്പതും വർഷങ്ങൾക്കിടയ്ക്കത്രേ രണ്ടു അഷാഡങ്ങൾ ഒന്നിച്ച് സംജാതമാവുക.

ജഗന്നാഥനും ബലഭദ്രനും സുഭദ്രയും സുദർശനുമാണ് ഈ ക്ഷേത്രത്തിലെ മൂർത്തികളും വിഗ്രഹവും. ഈ ദേവകൾ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്ന അതിവിപുലമായ ചടങ്ങാണ് നവകളേഭരം.

അതിന്റെ സാങ്കേതികത വളരെ ലളിതമാണ്. വേപ്പുതടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങൾ മാറ്റി, പുതിയ വേപ്പിൻ തടിയിൽ പുതിയ വിഗ്രങ്ങൾ ഉണ്ടാക്കി പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുക. അതാണ്‌ സംഭവം.

എന്നാൽ ആചാരപരമായി ഇത് വിപുലവും വൈവിധ്യപൂർണ്ണവുമായ ചടങ്ങാണ്. വിഗ്രഹങ്ങൾ ഉണ്ടാക്കാനുള്ള വിശുദ്ധമരങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം. ഒഡീഷയുടെ ഏതോ അജ്ഞാത പ്രദേശങ്ങളിൽ വളർന്നുനിൽക്കുന്ന ലക്ഷണമൊത്ത ആ വിശുദ്ധമരങ്ങള തേടി, തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുരോഹിതന്മാർ രാമനവമി ദിവസം യാത്രപുറപ്പെടുന്നു. പുരിയിലെ രാജാവാണ് കൊട്ടാരത്തിൽ നിന്നും ആചാരപൂർവ്വം അവരെ യാത്രയാക്കുന്നത്‌. അവർ കാൽനടയായി പല പുണ്യസ്ഥലങ്ങളും സന്ദർശിച്ചതിനു ശേഷം കകത്പൂരിലെ മാമംഗള ക്ഷേത്രത്തിലെത്തുന്നു. അവിടെ പ്രാർത്ഥനാനിരതമായി കഴിയുന്ന ഒരാഴ്ച്ചയ്ക്കിടയ്ക്കാണ് അതിൽ ചിലർക്ക് മംഗളാദേവി സ്വപ്നദർശനം നൽകി, വിഗ്രഹനിർമ്മാണത്തിന് ഉപയോഗിക്കേണ്ടുന്ന വേപ്പുമരങ്ങൾ നിൽക്കുന്ന ദേശങ്ങളുടെ സൂചന നൽകുന്നത്. അങ്ങനെ മംഗളാദേവിയുടെ അനുഗ്രഹത്താൽ നാലു വിഗ്രഹങ്ങളും നിർമ്മിക്കാനുള്ള നാല് മരങ്ങളും അവർ കണ്ടെത്തുന്നു.

ഈ നാല് വേപ്പുമരങ്ങളും ചില ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടാവും. അല്ലെങ്കിൽ, ആ ലക്ഷണങ്ങൾ ഒത്തവ ആയാൽ മാത്രമേ അവയിൽ നിന്നും വിഗ്രങ്ങൾ നിർമ്മിക്കാൻ ആവുകയുള്ളൂ. ആ മരത്തിനടുത്തായി ഒരു ഉറുമ്പിൻപുറ്റും ഒരു സർപ്പവും ഉണ്ടായിരിക്കണം. ഒരു ശവപ്പറമ്പും ഒരു നദിയും അധികം അകലെയല്ലാതെ കാണപ്പെടും. ഇവയുടെ ശിഖരങ്ങളിൽ പക്ഷികൾ കൂടുകൂട്ടിയിരിക്കാൻ പാടില്ല. അതിനെല്ലാം ഉപരിയായി മരത്തിന്റെ തായ്ത്തണ്ടിൽ ശംഖിന്റേയും ചക്രത്തിന്റേയും താമരയുടേയും ചിത്രരൂപങ്ങൾ പ്രകൃത്യാ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കണം.

അത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മരങ്ങൾ, യഗാനന്തരം മുറിച്ച് ജഗന്നാഥ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നു. വിഗ്രഹനിർമ്മാണം പ്രത്യേകം തയ്യാറാക്കപ്പെട്ട അറയ്ക്കുള്ളിൽ അതീവരഹസ്യമായി, തിരഞ്ഞെടുക്കപ്പെട്ട വിശ്വകർമ്മജരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. അങ്ങനെ നിർമ്മിക്കപ്പെടുന്ന വിഗ്രഹങ്ങളെ പ്രതി നടക്കുന്ന ഏറ്റവും വിശുദ്ധചടങ്ങായ ബ്രഹ്മപരിവർത്തനം വളരെ രഹസ്യമായി ഇരുട്ടുമുറിയിൽ, പുരോഹിതർ കണ്ണുമൂടിക്കെട്ടിയാണ് നടത്തുക. പഴയ വിഗ്രഹത്തിൽ നിന്നും മൂർത്തികളെ പുതിയ വിഗ്രഹത്തിലേയ്ക്ക് ആവാഹിക്കുന്ന ചടങ്ങാണിത്‌. അങ്ങനെ മൂർത്തികൾ അവാഹിക്കപ്പെട്ട വിഗ്രഹം ക്ഷേത്രത്തിലെ പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതോടെ പ്രത്യക്ഷമായ ഉത്സവം ആരംഭിക്കുകയായി...

നവകളേഭരം എന്ന വാക്കിന്റെ അപൂർവ്വലാവണ്യത്തോട് തോന്നിയ ആകർഷണമാണ് ഇത്രയും കുറിക്കാൻ പ്രചോദനമായത്; അഭൗമസുരഭിലമായ മിത്തുകളും ആചാരങ്ങളും ആകർഷിക്കാറില്ല എന്നല്ല...!

**
കുറിപ്പ്: വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട് 'ഡിസ്കവർ ഇന്ത്യ', ജൂണ്‍ ലക്കം

**

Saturday, 15 August 2015

ജനിതകഘടനയിൽ ഇല്ലാതെ പോയത്...?

നേരിട്ടും പരോക്ഷമായും രണ്ടാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി നല്ലതും നല്ലതല്ലാത്തതുമായ അസംഖ്യം ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. 'ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ' (1997) എന്ന ഇറ്റാലിയൻ ചിത്രവും ഈ ജനുസ്സിൽ പെടുന്നതാണ്. ചാപ്ലിൻ സിനിമകളിൽ കാണുന്നതുപോലെ ഉറപ്പായും ചിരിപ്പിക്കുന്ന സാന്ദർഭിക ഫലിതങ്ങളിലൂടെ മുന്നേറുന്ന സിനിമ അവിചാരിതമായി മാറ്റൊരു തലത്തിലേയ്ക്ക് തിരിയുന്നു...

ചിത്രത്തിന്റെ വിശകലനമല്ല, മറ്റൊരു കാര്യം പറയാനാണ് തുടങ്ങിയത്...

സിനിമയുടെ ഒരു ഭാഗത്ത്, തടവിലാക്കപ്പെട്ട ജൂതന്മാരിൽ നിന്നും കഠിനമായ ജോലികൾ ചെയ്യാൻ സാധ്യമല്ലാത്ത വൃദ്ധന്മാരെയും കുട്ടികളേയും ഗ്യാസ് ചേംബറുകളിലേയ്ക്കു അയക്കുന്നതായി പരോക്ഷമായ ചില സീനുകളിലൂടെ കാണിക്കുന്നുണ്ട്.

കുളിക്കാൻ കൊണ്ടുപോവുകയാണ് എന്ന് പറഞ്ഞാണ് അവരെ തടവറയിൽ നിന്നും കൊണ്ടുപോവുക. 'കുളിമുറി'കളിലേയ്ക്ക് കയറ്റുന്നതിന് മുൻപ് തടവുകാരോട് മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പട്ടാളക്കാർ ആവശ്യപ്പെടുന്നുണ്ട്. അത്തരത്തിൽ, ഒരു വൃദ്ധൻ വസ്ത്രങ്ങൾ മാറിക്കൊണ്ട് നിൽക്കുമ്പോൾ അയാളുടെ അടുത്തുകൂടി നടന്നുവരുകയായിരുന്ന ഒരു ജെർമ്മൻ പട്ടാളക്കാരിയുടെ കാലൊന്നു തെറ്റുകയും വൃദ്ധൻ സ്വാഭാവിക പ്രേരണയാൽ അവരെ താങ്ങുകയും ചെയ്യുന്നു.

തന്നെ താങ്ങിയ വൃദ്ധനെ നോക്കുന്ന ആ ജെർമ്മൻ പട്ടാളക്കാരിയുടെ മുഖം ഒരു അര സെക്കന്റ് നേരം സിനിമ അടുത്തു കാണിക്കുന്നുണ്ട്. ആ കഥാപാത്രമോ ആ അഭിനേത്രിയോ ഈ ചിത്രത്തിൽ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നില്ല.

വൃദ്ധനറിയില്ല തന്റെ അടുത്ത ചുവട് ഗ്യാസ് മുറിയിലേയ്ക്കാണെന്ന്. എന്നാൽ തന്നെ താങ്ങിയ, തന്റെ മുത്തച്ഛനാവാൻ പ്രായമുള്ള ആ മനുഷ്യൻ അടുത്ത നിമിഷം പച്ചയോടെ കൊല്ലപ്പെടാൻ പോവുകയാണെന്ന് യുവതിയായ ആ പട്ടാളക്കാരിക്ക് അറിയാം.

അര സെക്കന്റ് നേരം സ്ക്രീനിൽ നിറയുന്ന ആ യുവതിയുടെ മുഖം പ്രകാശിപ്പിക്കുന്ന വിവരണാതീതമായ ഭാവം, അനുവാചകനെ ഓർമ്മനിൽക്കുന്ന കാലത്തോളം ഹോണ്ട് ചെയ്യും.
അത് സിനിമയ്ക്ക് മാത്രം ആവിഷ്ക്കരിക്കാനാവുന്ന കലയുടെ അതുല്യതലമാണ്!

പക്ഷേ ആലോചനയിൽ വരുന്നത് അതല്ല. ഇത്തരം ഉലയ്ക്കുന്ന സീനുകൾ എന്തുകൊണ്ട് വിദേശസിനിമകളിൽ മാത്രം കാണുന്നു?

ഈ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ അവിടെ അങ്ങനെ ഒരു സീൻ ഉണ്ടാവുമായിരുന്നില്ല. അതിന്റെ എന്തെങ്കിലും ഒരാവശ്യം, വിചാരം, കഥാഗതിയിൽ ഉണ്ടാവുന്നേയില്ല. എന്നിട്ടും അനാർഭാടകരമായ, എന്നാൽ അതിവിദൂരാഴങ്ങളുള്ള ആ സീൻ അവിടെ വന്നുചേർന്നിരിക്കുന്നു.

കലാവിഷ്ക്കാരങ്ങളുടെ വിചിത്രഭൂമികയിൽ നമ്മുടെ ജനിതകഘടനയിൽ എന്തോ മിസ്സ്‌ ആയിട്ടുണ്ടോ ആവോ...?

00