Monday, 17 November 2014

കാക്കതമ്പുരാട്ടി

"കാക്കതമ്പുരാട്ടി കറുത്ത മണവാട്ടി..." എന്ന വയലാർ - ദക്ഷിണാമൂർത്തി - യേശുദാസ് പാട്ടിൽ ശാരദയെ ഉപമിക്കുന്നത്, കവിത, തമ്പുരാട്ടിയാക്കിയ സാധാരണ കാക്കയോടാണെന്നാണ് ഒരുപാടുകാലം കരുതിയിരുന്നത്. കാക്കതമ്പുരാട്ടി എന്നൊരു പക്ഷി തന്നെ വേറേയുണ്ടെന്ന് മനസ്സിലാക്കുന്നത് പിന്നീടാണ്.

കാക്ക, പരുന്ത്, പ്രാവ്, മൈന, ഉപ്പൻ (ചെമ്പോത്ത്), ഞങ്ങൾ പൂക്കിലകിളി എന്ന് വിളിച്ചിരുന്ന ഒരുതരം കുരുവി, വേപ്പിൻകായ പഴുക്കുമ്പോൾ വിരുന്നെത്തിയിരുന്ന തത്തകൾ..., ഇതൊക്കെയാണ് ഹരിതസങ്കീർണ്ണമല്ലാത്ത ഞങ്ങളുടെ തീരദേശഭൂമിയിൽ സാധാരണ കണ്ടിരുന്ന കിളികൾ. അന്ന് ഞങ്ങളുടെ പ്രദേശത്ത് വീടുകൾ കുറവായിരുന്നു. രണ്ടു വീടുകൾക്ക് ഇടയ്ക്കുള്ള നീണ്ട പ്രദേശം മരുക്കാടായി കിടന്നു. വൃക്ഷങ്ങളായി പറയാനുണ്ടായിരുന്നത് തെങ്ങും പറങ്കിയുമാണ്‌. വൃക്ഷവൈവിധ്യത്തിന്റെ അഭാവത്തിലാവാം, അപൂർവ്വമായ കിളികളും കുറവായിരുന്നു. കുട്ടിക്കാല ജീവിതത്തിന്റെ ഭാഗമായി സ്വാഭാവികമായി അറിഞ്ഞ കിളികൾ മാത്രമാണിവ - മറ്റൊരു രീതിയിൽ ശ്രദ്ധിച്ചിരുന്നില്ല എന്നത് വേറൊരു കാര്യം.


പൊതുവേ ഇപ്പോൾ മരങ്ങളും കാടുകളും കുറഞ്ഞുവരുന്നു എന്നാണല്ലോ പറയാറ്. എന്നാൽ എന്റെ നാടിനെ സംബന്ധിച്ച് അത് ശരിയാവില്ല. വീടുകൾ കൂടിയതിനനുസരിച്ച് വൃക്ഷവൈവിധ്യവും വർദ്ധിച്ചു. ഇപ്പോൾ മണൽക്കാടുകൾ കാണാനില്ല. എവിടെയും ഹരിതനിബിഡതയാണ്. പൂഴിമണലിൽ വളരില്ല എന്ന് വിചാരിച്ചിരുന്ന പല മരങ്ങളും ഇന്ന് അവിടെയുണ്ട്. കേരള സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഉദ്യാനശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ വിനു കാർത്തികേയന്റെ തോട്ടം ഞങ്ങളെ നാട്ടിലാണ് എന്നതും സാന്ദർഭികമായി ഓർക്കാം. മരങ്ങൾ കൂടിയതോടെ കിളിസഞ്ചാരവും കൂടി എന്ന് കരുതാം. എന്റെ കുടുംബവീടിന്റെ മുറ്റത്ത് നിന്ന് പച്ചിലകുടുക്കൻ, കുയിൽ, മൂങ്ങ, കൊക്ക് എന്നിവയെ ഒക്കെ ഈയടുത്ത് പകർത്താൻ പറ്റിയിട്ടുണ്ട്.

ഭാര്യയുടെ വീടിരിക്കുന്ന മലയോരഗ്രാമത്തിന്റെ ഭൂപ്രകൃതി വ്യത്യസ്ഥമാണ്. അവിടുത്തെ ഹരിതവന്യത വളരെ സ്വാഭാവികമാണ്. റബ്ബർ വല്ലാത്തൊരു കടന്നുകയറ്റം നടത്തി എന്നത് പ്രകടമായി അനുഭവിക്കാനാവുമെങ്കിലും പ്രഭാതങ്ങൾ വിലോലമായ പ്രകൃതിഭാവങ്ങളാൽ തരളമാണ്. വൈവിധ്യപൂർണ്ണമാണ് പച്ചയുടെ നിറഭേദങ്ങൾ. മഴപെയ്തു തോർന്ന രാത്രിക്കു ശേഷം, ഈറൻ തണുപ്പിൽ ഏകാന്തമായി സൂര്യനായി ധ്യാനിച്ചിരിക്കുന്ന ചിത്രത്തിലെ കാക്കതമ്പുരാട്ടി വല്ലാത്തൊരു ഊർജ്ജമാണ്...!

00

Sunday, 9 November 2014

ആത്തിച്ചക്ക

രുചികളെ രുചികൾ മാത്രമായി മൂർത്തതയോടെ ഓർത്തെടുക്കാൻ പ്രയാസമാണ്. അതിനോട് ചേർത്തു വയ്‌ക്കാൻ ഒരു വസ്തുപ്രതിരൂപം കൂടി വേണം. പഞ്ചസാരയുടെ മധുരം, ഉപ്പിന്റെ ഉപ്പ്, തൈരിന്റെ പുളിപ്പ്, മാങ്ങയുടെ രുചി, ഐസ്ക്രീമിന്റെ മധുരം..., അങ്ങനെയൊക്കെ.

എന്റെ കുട്ടിക്കാലത്ത് രുചികൾ കുറച്ചുകൂടി ലളിതമായിരുന്നു എന്ന് തോന്നുന്നു. വല്ലപ്പോഴും വാങ്ങുന്ന നാരങ്ങാമിഠായിയും കപ്പലണ്ടി മിഠായിയുമൊക്കെ ആയിരുന്നു വിജാതിയമായ രുചികൾ. ബാക്കിയുള്ളവ മാങ്ങയുടെയും ചക്കയുടെയും പേരയ്ക്കയുടെയും കരിക്കിൻ വെള്ളത്തിന്റെയും ഒക്കെ ലളിതമായ രുചികളായിരുന്നു. വീട്ടിലെ സ്ഥിരമായ ചോറും മീൻകറിയും രുചിയുടെ ഗണത്തിൽപ്പെടുന്ന ആഹാരവസ്തുക്കൾ ആയിരുന്നില്ല. (വലിയൊരു ആഹാരപ്രിയനല്ലാത്ത ഞാൻ, അവധിനാളുകളിൽ, എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഉച്ചസമയത്ത് കുടുംബവീട്ടിലെത്തുന്നത് ആ ചോറും മീൻകറിയും കഴിക്കാനുള്ള കൊതികൊണ്ടാണെന്ന് ഇപ്പോൾ ഭാര്യയും മക്കളും കളിയാക്കാറുള്ളത് ഓഫ്നോട്ടായി പറഞ്ഞുകൊള്ളട്ടെ.)


ഇന്ന് രുചികൾ വളരെ സങ്കീർണ്ണമായിക്കഴിഞ്ഞു. രുചികളെ നിർണ്ണയിക്കുന്നത് ശീലങ്ങളാണ്. മാർക്കറ്റിൽ ലഭ്യമായ പലവിധ പാനീയങ്ങൾ കുടിച്ച് പരിചയിച്ച കുട്ടികൾക്ക് നേരിട്ട് തെങ്ങിൽ നിന്ന് ഇട്ടുകൊടുക്കുന്ന ഇളനീരിനോട് പോലും താല്പര്യമില്ല. ആദ്യമൊകെ ഇതൊക്കെ ഒന്ന് ശീലിപ്പിക്കാൻ ശ്രമിച്ചിരുന്നു. വലിയ സാംഗത്യമൊന്നുമില്ലാത്ത എന്റെ ഗൃഹാതുരതയുടെ പ്രശ്നമാണ് അതെന്ന് പിന്നീട് മനസ്സിലായി. ശീലങ്ങളിലെ മാറ്റങ്ങൾ അനിവാര്യമാണ്, രുചികളിലും.

പറമ്പിൽ അമ്മ വളർത്തിയിരുന്ന ആത്തിയും അതിലെ ആത്തിച്ചക്കയും വളരെ തരളമായ മറ്റൊരു രുചിയോർമ്മയാണ്. ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്ന പേരാണ് ആത്തിച്ചക്ക. ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെടുന്ന ഈ ഫലത്തിന്റെ പൊതുവായ മലയാളനാമം സീതപ്പഴം എന്നത്രേ (ശാസ്ത്ര നാമം Annona squamosa). ഇന്ന് ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെട്ട പഴങ്ങൾക്ക് അസാമാന്യമായ ഔഷദ്ധഗുണങ്ങൾ ഉണ്ടെന്നൊക്കെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ എനിക്കതൊരു രുചിയോർമ്മയാണ്. അല്ലികളടർന്നു വരുന്ന ശുഭ്രലളിതമായ രുചി. കറുത്ത കുരുവിന്റെ മിനുസമുള്ള സ്പർശം നാവിൽ. എന്നോ ജീവിച്ച മറ്റൊരു ജീവിതത്തിന്റെ മധുരം.

അമ്മ പോയിട്ടും, ഇന്നും, ആ പറമ്പിൽ, ഈ ചിത്രത്തിൽ കാണുന്ന, ഫലസമ്പുഷ്ടമായ ആത്തിമരം ബാക്കിയുണ്ട്!

00

Sunday, 2 November 2014

ജ്വാലാമുഖി; ഭാഷ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വായിച്ച രണ്ട് മലയാള പുസ്തകങ്ങളും മഹാഭാരത കഥയെ അവലംബിച്ചായത് യാദൃശ്ചികം - പ്രഭാവർമ്മയുടെ 'ശ്യാമമാധവ'വും കെ. പി. നിർമ്മൽകുമാറിന്റെ 'ഇന്നത്തെ അതിഥി അതീതശക്തി'യും .

നീതിയുടെയും ധർമ്മത്തിന്റെയും പുണ്യദേശത്ത്‌ നിർത്തി പൊതുബോധം വ്യവഹരിച്ചുവരുന്ന പാണ്ഡവകുലത്തെയാണ് നിർമ്മൽകുമാർ തന്റെ നോവലിൽ നഖശിഖാന്തം ഉന്നംവയ്ക്കുന്നതെങ്കിൽ കുറച്ചുകൂടി കടന്ന്, ഇന്ത്യൻ സൈക്കിയിലെ പ്രധാന ദൈവരൂപമായ കൃഷ്ണൻ തന്നെയാണ് പ്രഭാവർമ്മയുടെ ലക്ഷ്യമർമ്മം. ധർമ്മസംസ്ഥാപനമാണ് കൃഷ്ണന്റെ ജന്മനിയോഗമെങ്കിൽ അതിനായി അദ്ദേഹം ഉപയുക്തമാക്കുന്ന ആയുധം പാണ്ഡവരാണ്. 'ശ്യാമമാധവ'ത്തിൽ താൻ സ്ഥാപിച്ചത് ധർമ്മമല്ല, മറിച്ച് എക്കാലത്തും അധർമ്മത്തെ ധർമ്മമാക്കാൻ താൻ വ്യഗ്രതപ്പെടുകയായിരുന്നു എന്ന് കൃഷ്ണൻ സ്വയം കണ്ടെത്തുകയാണ്. അതിന്റെ തുടർച്ചയെന്നോണം, പാണ്ഡവർ ഏർപ്പെടുന്നതൊക്കെയും ധർമ്മരഹിതമായ, നീതിശൂന്യമായ ഇടപാടുകളിലാണ് എന്ന് 'അതീതശക്തി'യും നിലപാടെടുക്കുന്നു.


വെൻഡി ഡോണിഗറെയൊക്കെ കൊലവിളിച്ച തീവ്രഹൈന്ദവത ഇത്തരം ആവിഷ്കാരങ്ങൾ അറിയാതെപോകുന്നതിൽ കാണാനാവുന്നത് ഭാഷയുടെ നിഗൂഡശക്തിയാണ്. ആഴത്തിലുള്ള വായന വെളിവാക്കുന്ന 'ശ്യാമമാധവ'ത്തിന്റെ ഏകമാന സ്വഭാവത്തിലും അതിന്റെ വൃത്തബദ്ധരൂപം ആവശ്യപ്പെടുന്ന ഭാഷാവ്യതിരക്തത പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരം ലാളിത്യം ഉൾപ്പേറുന്നില്ല. 'അതീതശക്തി' കുറച്ചുകൂടി കടന്ന വ്യതിരക്തമായ വന്യാനുഭവമാണ് ഭാഷാപരമായി നിർലോഭം ആവിഷ്കരിക്കുക എന്ന് നിർമ്മൽകുമാറിനെ അറിയുന്നവർക്ക് പുസ്തകം വായിക്കാതെ തന്നെ ഊഹിക്കാനുമാവും.

ഒരു പുസ്തകം, തെരുവിൽ, അതൊരിക്കലും വായിച്ചിട്ടില്ലാത്തവരുടെ കൈകളിൽ ആശയേതരമായ കലുഷതകളിൽ പെട്ടുപോകുന്നു എന്നത് ആ പുസ്തകത്തിന്റെ അന്തർലീനമായ പരാധീനതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പുസ്തകം അതർഹിക്കുന്ന അനുവാചകനെ മാത്രം തേടിചെല്ലേണ്ടുന്ന അസാമാന്യമായ ശക്തി, ഭാഷാരൂപങ്ങളിൽ, നിതാന്തം ലാവാഗ്നി തിളയ്ക്കുന്ന, എന്നാൽ ഒരിക്കലും തുളുമ്പിവമിക്കാത്ത ജ്വാലാമുഖിയെപ്പോലെ, കാത്തുവയ്ക്കേണ്ടതുണ്ട്!  

00