കവിതയുടെ ബാദ്ധ്യത കാലത്തോടും പ്രകൃതിയോടുമാണു്. സാഹിത്യലോകത്തെ സമകാലികമായ നിയതകല്പനകളെ എന്നും അതു് കവച്ചുപോയിട്ടുണ്ടു്. ആ വഴി സുതാര്യമോ പ്രത്യക്ഷമോ അല്ലതന്നെ. സച്ചിദാനന്ദന്‍ കാണാത്തതുകൊണ്ടോ എന്‍. എസ്. മാധവൻ വായിക്കാത്തതുകൊണ്ടോ മൂടിപ്പോകുന്ന കാട്ടുവഴിയല്ല അതു്. കാലവും പ്രകൃതിയും മാറിയതും, മലയാള കവിതയുടെ സഞ്ചാരം പുതിയ വഴികളിലൂടെ പതിഞ്ഞു നടക്കുന്നതും അവരറിഞ്ഞില്ല എന്നേ അതു് വെളിവാക്കുന്നുള്ളൂ. ഒരു തരത്തില്‍ സമകാലത്തു നിന്നു് വെളിയില്‍ പോയവരെ കവിത നേരിടുന്നില്ല എന്നുമാണതു്. ശ്രാവസ്തിയിലും കാനനച്ഛായയിലും വിലങ്ങനിലുമൊന്നും പുതിയ കവിതയ്ക്ക് പോയി നില്ക്കാന്‍ വയ്യ. അവയൊന്നും ഇന്നു് ഇല്ല. പ്രകൃതി മറ്റൊരു ലോകം സൃഷ്ടിച്ചു കഴിഞ്ഞു. കാലത്താല്‍ തോല്പിക്കാന്‍ വയ്യ എന്നു് ഉറപ്പുള്ളതുകൊണ്ടാവും പുതിയ കവിത പുതിയ ഇടങ്ങളില്‍, കടമ്മനിട്ടയെ പോലെ നിലവിളിക്കാതെയോ, ചുള്ളിക്കാടിനെപോലെ വാഗ്ഘോഷം രതിയാക്കാതെയോ പതുക്കെ നടക്കുന്നതു്. ഭാഷയുടെ കനം ഭാവുകത്വത്തിന്റെ നഷ്ടമാകാന്‍ ഈ കവിതകള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അതു് എളുപ്പമുള്ള നഗരപാതയാണെന്നു് ആശ്വസിക്കുന്നവര്‍, അങ്ങിനെ വായിച്ചെടുക്കുന്നവര്‍, ഇനിയും ഒരുപാടു് നടക്കേണ്ടതുണ്ടു്, പുതിയ കവിതയെ മനസ്സിലിട്ടു് വാറ്റി വാറ്റി. അപ്പോള്‍ ആ വഴിത്താരയുടെ ഓരംചേര്‍ന്നു് പൊടിഞ്ഞുവീണ രക്തത്തുള്ളികള്‍ കാണാം. പ്രേമപരാജയത്താല്‍ തൂങ്ങിചാവുന്നതോളം പ്രകടനപരത, മല കണ്ടാല്‍ ഒലിക്കുന്നിടത്തോളം പ്രകൃതിസ്നേഹം കാലത്തിനു് ആവശ്യമില്ലെന്നു അറിയുന്നതു കൊണ്ടാവാം, പൊട്ടിയ രക്തധമനികളെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടു്, ഈ കവിതകള്‍ അവകാശവാദങ്ങളില്ലാതെ നടന്നുപോകുന്നതു്.
ഐ. വി. ശശിയുടെ ഒരു സിനിമയില്‍ കണ്ടേക്കാവുന്ന സീന്‍ ഇങ്ങിനെയാവും; ഭൌതിക സാഹചര്യത്തിന്റെ അനിവാര്യതയാല്‍, നിഷ്കളങ്കയായ ഒരു പെണ്‍കുട്ടി ധനവാന്റെ കിടപ്പറയില്‍ എത്തിപ്പെടുന്നു. സംഭവം കഴിഞ്ഞു പുറത്തിറങ്ങുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി കാണുന്നതു്, ധനവാന്റെ ഡ്രൈവറായ തന്റെ കളിക്കൂട്ടുകാരന്റെ തീപാറുന്ന മുഖമാണു്. മാനഭയത്താലും മറ്റും അവള്‍ ആ രാത്രി ജീവനൊടുക്കുന്നു. ഈ കഥ കണ്ണീര്‍വാര്‍ത്തു് കണ്ട തലമുറ കഴിഞ്ഞുപോയി. മാറിയ ലോകക്രമത്തില്‍ മറ്റുതരത്തില്‍, മറ്റു തലങ്ങളില്‍ ഈ കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടു്; കൂടുതല്‍ തീവ്രമായി, കൂടുതല്‍ വ്യാപകമായി. പക്ഷെ കവികള്‍ക്കിന്നു് ഇതുനോക്കി ആക്രോശിക്കാന്‍ വയ്യ. അതു ക്രിയാത്മകമല്ലെന്ന അറിവു് അവര്‍ക്കുണ്ടു്. എന്നാല്‍ അതിന്റെ വിമാനുഷികത സന്യാസിയുടെ നിര്‍മ്മമതയോടെ, ജ്ഞാനിയുടെ അനുധാവനത്തോടെ, വിദൂഷകന്റെ നര്‍മ്മത്തോടെ, അവര്‍ തങ്ങളുടെ സ്വകാര്യമുറികളിലിരുന്നു് അനുഭവിക്കുന്നുണ്ടു്. ആ ഭാവുകത്വത്തിനു തെരുവിലെ മൈക്കിനു മുന്നില്‍ പ്രകാശനമില്ല. അതു തേടുന്ന അനുവാചകന്‍ ഒരു ജനക്കൂട്ടവും അല്ല. സിയോള്‍ മുതല്‍ സിലിക്കന്‍വാലി വരെ പരന്നുകിടക്കുന്ന പുതിയ മലയാളിയുടെ ഛിന്നലോകങ്ങളാണു് ഈ കവിത തേടുന്നതു്. അതിനാലാവും മുകളില്‍ സൂചിപ്പിച്ച പ്രമേയപരിസരത്തു നിന്നും വരുന്ന ഒരു കവിത, ഭാഷയിലും രൂപത്തിലും തുലോം ലളിതമായി, ചെറുഫലിതം പോലെ താള്‍മറിയുന്നതു്. എന്നാല്‍ അനുഭവത്തിന്റെ ആഴങ്ങളില്‍ അത്രയും ലളിതവും ഫലിതാത്മകവും ആവാത്തതും.
കേരളസമൂഹം കഴിഞ്ഞ പതിറ്റാണ്ടില്‍ വികസിപ്പിച്ച വ്യവസായമാണു് വിനോദസഞ്ചാരം. മറ്റു് വ്യവസായങ്ങള്‍ ഒന്നും കാര്യമായി വേരിറക്കാത്ത കേരളത്തില്‍ ഈ വ്യവസായം എന്താവും പച്ചപിടിച്ചതു്? മറ്റേതൊരു വ്യവസായത്തിന്റേയും അടിസ്ഥാനം, അസംസ്കൃതവസ്തുക്കളില്‍ നിന്നും സംസ്കൃതവസ്തുക്കളുടെ നിര്‍മ്മാണമാണു്. ഈ പരിവര്‍ത്തനം സാദ്ധ്യമാക്കുന്നതു് മനുഷ്യവിയര്‍പ്പിന്റെ മണമുള്ള തൊഴില്‍ശക്തിയാണു്. വിനോദസഞ്ചരവ്യവസായത്തിനു അത്രത്തോളം വിയര്‍പ്പില്ല. ഉള്ള പ്രകൃതിവിഭവങ്ങള്‍ വിനോദസഞ്ചാരിക്കു് അനുഭവിക്കാന്‍ വിട്ടുകൊടുത്താല്‍ മതി. വിനോദസഞ്ചാരിയുടെ അനുഭവമൂര്‍ച്ഛ പകരം തരുന്ന വിലയില്‍, സമൂഹം അതിന്റെ സെന്റ് പൂശിയ മൂല്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ കവികള്‍ക്കു് ഈ സമവാക്യങ്ങളില്‍ അഭിരമിക്കാന്‍ വയ്യ. അടരുകള്‍ മറിച്ച് മനുഷ്യാവസ്ഥയുടെ അശുഭലോകങ്ങളില്‍ അവര്‍ ചെന്നു നോക്കുന്നു. ഇന്നത്തെ കവികള്‍ പ്രത്യയശാസ്ത്രത്തിന്റെയോ ഭാഷാവ്യഗ്രതയുടെയോ രൂപമോഹങ്ങളുടെയോ കട്ടികണ്ണടയിലൂടെ അല്ല ജീവിതങ്ങളെ നോക്കുന്നതും പകര്‍ത്തുന്നതും.
ഈ കാലത്തു് നമ്മുടെ ദൈവം വിനോദസഞ്ചാരിയാണു്. നമുക്കുള്ളതെല്ലാം അവനും സ്വന്തമാണു്. അങ്ങിനെയാണു് നമ്മുടെ:
"മീനുകള്‍
എണ്ണയില്‍ മുങ്ങിത്തോര്‍ത്തി
മഞ്ഞളും സിന്ദൂരവും അണിഞ്ഞു
നിസ്സംഗമായ കണ്ണുകളോടെ
അയാള്‍ക്ക് മുന്നില്‍ മലര്‍ന്നു കിടക്കുന്ന"ത്
"തെങ്ങുകള്‍
അയാള്‍ക്കായി പാല്‍ചുരത്തുന്ന"ത്
തിന്നും കുടിച്ചും കായലോളങ്ങളില്‍ അയാള്‍ ഉല്ലാസസഞ്ചാരം നടത്തുമ്പോള്‍ നിയതഭാഷാരൂപങ്ങളില്‍ നിന്നും വളരെ അകലെയായി നിര്‍മമമായ നിറകണ്‍ചിരിയുമായി കവിത നടക്കുകയാണു്. സങ്കീര്‍ണ്ണതയില്‍ കവിതയുടേയും ജീവിതത്തിന്റേയും അപര്യാപ്തതകള്‍ മറഞ്ഞുപോകരുതു് എന്ന ശാഠ്യമാവും ഇത്രയും ധൈര്യപൂര്‍വം സുതാര്യമാവാന്‍ പ്രേരിപ്പിക്കുക. ജീവിതത്തിന്റെ നതകള്‍ മുഴുവന്‍ അനാവരണം ചെയ്യപ്പെട്ട കാലത്തു് ഭാഷാസങ്കീര്‍ണ്ണതകളില്‍ ഒളിച്ചുകടത്താനുള്ളതല്ല കവിത. മീനിനേയും കള്ളിനേയും പോലെ നമ്മുടെ പെണ്ണും അയാളുടെ തന്നെയാണു്. ദൈവത്തിനു എല്ലാം സ്വന്തം.
"വെള്ളവിരിപ്പില്‍
ചോരപ്പാടൊന്നും പടര്‍ന്നില്ല
ഇതാദ്യമൊന്നുമല്ലല്ലോ
ഓളത്തില്‍ താളത്തില്‍..."
ആഖ്യാനം നടത്തുന്ന പെണ്‍കുട്ടിയാണു് സഞ്ചാരിക്കു് സ്വന്തമായി വള്ളത്തിലുള്ളതു്. രാത്രി, വള്ളത്തില്‍ നിന്നും തിരിച്ചിറങ്ങുമ്പോഴാണു് അയലത്തെ ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ അമരത്തു് അവള്‍ കാണുന്നതു്.
"ഓ, ഇതിലിത്രയ്ക്കെന്തുവാ?
കൂരയുടെ പിന്നിലെ തോട്ടില്‍
നന്നായൊന്നു കുളിക്കണം"
ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ ചെറിയ പരിസരങ്ങളിലെ വലിയ സമസ്യയായി പ്രശ്നവല്‍ക്കരിക്കപ്പെടുന്നില്ല. വിറ്റുപോയ തന്റെ ജീവിതത്തെ നിസ്സംഗമായാണു് അവള്‍ കാണുന്നതു്. മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം നേടിയെടുത്തിടത്തു നിന്നും, സഞ്ചാരിക്കു മുന്നില്‍ അതു് അനാവൃതമാക്കാനും, അവന്റെ മണവും സ്രവവും ഒരു തേച്ചുകുളിവരെമാത്രം പാതിവ്രത്യനഷ്ടമായി കാണാനും മലയാളിപെണ്ണു് ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ടു നടന്നുതീര്‍ത്ത ദൂരം തെളിയുന്നുണ്ടിവിടെ (മാധവിക്കുട്ടിയും ശാരദക്കുട്ടിയും കയ്ക്കുന്നുണ്ടെങ്കിലും).
ബസ്‌സ്റ്റാന്റിലും റെയില്‍വേസ്റ്റഷനിലുമൊക്കെ ഇരതേടി നടന്നിരുന്ന അഭിസാരികകള്‍ക്കു് വംശനാശം സംഭവിച്ചു. സമൂഹത്തിന്റെ ജീവിതാവസ്ഥയ്ക്കു് അനുസൃതമായി സമകാലത്തു് അതിന്റെ തലങ്ങളും വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുന്നു. സമൂഹത്തിനോടോപ്പം അവളുടെ അനുഭവപ്രദേശങ്ങളും മാറിപ്പോയി.
"ഇന്നു രാത്രി അസന്‍
മരുന്നുകഴിച്ച് ചുമയ്ക്കാതുറങ്ങും
അനിയന്‍ വയറു നിറഞ്ഞ്
കരയാതുറങ്ങും
അതാ കാര്യം
അതെയൊള്ളു കാര്യം"
ഒരു പെണ്‍കുട്ടിക്കു് ശരീരം വില്ക്കാനുള്ള സാഹചര്യം എന്നും നിലവിലുണ്ടായിരുന്നു, കേരളത്തിലും. എസ്കോര്‍ട് സര്‍വ്വിസ് നല്കപ്പെടും എന്ന ഇന്റര്‍നെറ്റ് പരസ്യത്തിലേക്കു്, ആവശ്യക്കാരെ കൂടുതല്‍ ബന്ധപ്പെട്ടതു്, ആവശ്യക്കാര്‍ക്കുവേണ്ടി തയ്യാറുള്ള കോളേജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമൊക്കെയാണെന്നു് ഇക്കഴിഞ്ഞ ദിവസം പത്രവാര്‍ത്ത കണ്ടു. സാഹചര്യം മാറിയിട്ടുണ്ടു് തന്നെ. അസന്റെ മരുന്നും അനിയന്റെ വയറും ആണു് വലുതു്, തന്റെ ശരീരമല്ല എന്നൊരു തിരിച്ചറിവാണതു്. പുതിയ വിപണനമൂല്യങ്ങളില്‍ തന്റെ ശരീരത്തിനു മറ്റേതൊരു ഉല്പന്നത്തെ പോലെയും വിലയുണ്ടു് എന്ന മനസ്സിലാക്കല്‍. ഉപഭോക്താവിന്റെ കിടപ്പറയില്‍ അവളുടെ ശരീരം ഉപയോഗിക്കപ്പെടാനുള്ള ഒരു ഉല്പന്നം മാത്രമാണു്. ഉല്പന്നത്തിനു് ആത്മാവില്ല. ഒരു കുളികഴിഞ്ഞാലെ അവള്‍ മകളും ചേച്ചിയും കാമുകിയും ഒക്കെ ആയി പരിണമിക്കുന്നുള്ളു.
"ഹൌസ്ബോട്ടില്‍ ഇത്രനാള്‍
തുഴഞ്ഞിട്ടും
ഷാജിയേട്ടനറിയത്തില്ലേ" ഇത്.
ഇത്രയുമാവുമ്പോള്‍ ഒരു ചോദ്യം പ്രസക്തമാവുന്നുണ്ടു് - അനിവാര്യതകളെ പകര്‍ത്തലാണോ കാവ്യധര്‍മമം? സമൂഹത്തില്‍ വേശ്യാവൃത്തി മാന്യമായി തുടരുക എന്ന നിലയ്ക്കു് നിസ്സംഗമായ ഉത്തമപുരുഷ ആഖ്യാനത്തിലൂടെ നായികയായ പെണ്‍കുട്ടിയെ മാന്യവല്ക്കരിക്കയാണോ കവിത? അവളെ സാദ്ധ്യമാക്കിയ സാമുഹ്യസാഹചര്യത്തോടു സമപ്പെടുകയാണോ? അപചയത്തിന്റെ പകര്‍ച്ചയില്‍, ഈ വിമാനുഷികതയെ കവിത നേരിടുന്നുണ്ടോ? നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ആരുടെയൊക്കെയോ വിരല്‍ത്തുമ്പില്‍ അണ്വായുധങ്ങള്‍ നമുക്കായി കാത്തിരിക്കുന്ന കാലത്തു് തൂലിക പടവാളൊന്നുമല്ലെന്ന ഉള്‍ക്കാഴ്ചയില്‍ നിന്നു തന്നെയാവാം ക്രൂരമായ പരിഹാസത്തിന്റെ വലിയൊരു കായല്‍ 'സൊന്തം' എന്ന വാക്കില്‍ അലയടിക്കുന്നതു്. 'സ്വന്ത'ത്തിനു പകരം കവിതയില്‍ മുഴുവന്‍ ഉപയോഗിച്ചിരിയ്ക്കുന്നതു് 'സൊന്തം' എന്ന പാരഡിയാണു്. 'സ്വന്തം' 'സൊന്ത'മാവുന്നതിന്റെ സാമൂഹികമായ പതിത്വം മുഴുവന്‍ ആ കറുത്ത ഫലിതത്തില്‍, ഏതോ മുറിയില്‍, വേദനിക്കുന്ന ഏതോ നിശാനേരങ്ങളില്‍ രക്തം വിരലില്‍ നിന്നു കടലാസിലേക്കു പടര്‍ന്നൊഴുകുമ്പോള്‍, കവിതയുടെ പ്രതിബദ്ധതയാവുക തന്നെ ചെയ്യും.
രണ്ടു്
ഷാജിയേട്ടന്‍ ഒരു ഹൌസ്ബോട്ടിന്റെ അമരത്തെ അസ്തിത്വം മാത്രമല്ല. അതിനു് പുറത്തു് അയാള്‍ക്കു് ഒരു പൊതുമലയാളിയുടെ ജീവിതം ഉണ്ടാവണമല്ലോ. വിനോദസഞ്ചാരിയെ ദൈവമാക്കുന്ന തലങ്ങളിലേക്കു് കേരളം പരുവപ്പെട്ടതിന്റെ ചലനാത്മകതകളിലൂടെയെല്ലാം ഈ മലയാളി യുവാവും കടന്നുവന്നിട്ടുണ്ടു്. പത്തിരുപതു കൊല്ലം മുമ്പത്തെ അഭിസാരിക ഇന്നില്ല എന്നതു പോലെ തന്നെ, അക്കാലത്തു ജീവിച്ചിരുന്ന യുവാവും മറഞ്ഞുപോയിരിക്കുന്നു. എത്ര പെട്ടെന്നാണു് നമ്മള്‍ മാറിയതു്! പൊതുവേ യുവാക്കള്‍ തൊഴിലുമായി ബന്ധപെട്ടുവരുന്ന പ്രദേശങ്ങള്‍ക്കപ്പുറമുള്ളതിനോടൊക്കെയും ഉദാസീനരായി മാറി. ലൌകിക ഉയര്‍ച്ചയ്ക്കായി സ്പെഷ്യലൈസേഷനില്‍ അനാവശ്യ ശ്രദ്ധചെലുത്തുകയും, അമൂര്‍ത്തതകളുടെ വൈകാരികതലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. മുമ്പുണ്ടായിരുന്ന ഏകമാനത നഷ്ടപെട്ടു എന്നതുപോലെ തന്നെ ജീവിതത്തിന്റെ വ്യത്യസ്തമായ ഇടങ്ങള്‍ തമ്മിലുള്ള അന്തരം വല്ലാതെ വര്‍ദ്ധിക്കുകയും ചെയ്തു. ഈ അസന്തുലിതത്വം ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ പൊതുസമൂഹത്തില്‍ ക്രമാതീതമായി ഉയര്‍ന്നു.
ലക്ഷങ്ങള്‍ ശമ്പളമായി ഒരു യുവപ്രൊഫഷണലും, ഏതാണ്ടു് അതേ നിലവാരത്തില്‍ ജീവിക്കാനാവുന്ന ഒരു ഗൂണ്ടാ യുവാവും, സ്വയം വരുമാനമില്ലെങ്കില്‍ പോലും ഇതേ നിലയില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു കുട്ടിനേതാവും കൂടി കുമരകത്തു നിന്നും ഹൌസ്ബോട്ടില്‍ കയറി ആഘോഷിക്കാന്‍ പോവുക എന്നതു ഇന്നു തികച്ചും സംഭവ്യമായ ഒരു കാര്യമാണു്. പക്ഷെ ആഘോഷം എന്നതു് മാത്രമാണു് അവരുടെ പൊതുവായ ഇടം. അതിനപ്പുറമുള്ള അവരുടെ ജീവിതപരിസരങ്ങള്‍ പരസ്പരം പൂരകമാവുന്നില്ല. സ്പെഷ്യലൈസേഷന്‍ അതിനുള്ള അവസരം നല്കുന്നില്ല. പൊതുവേ ഇന്നത്തെ മദ്ധ്യവര്‍ത്തി പ്രൊഫഷണലുകള്‍ അരാഷ്ട്രീയമായ ചിന്തകളിലാണു്. "എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരണെന്നേ, വെടിവെച്ചു കൊല്ലണം ഇവറ്റകളെ" - അവരുടെ ഇടയ്ക്കു് രാഷ്ട്രീയത്തെകുറിച്ചു് സംസാരിച്ചു കേള്‍ക്കാറുള്ളതു് ഇതാണു്. യുവ രാഷ്ട്രീയനിരയും ഇത്രയും തന്നെ അരാഷ്ട്രീയമാണു്. യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ തത്ത്വദീക്ഷകളോ ജീവിതപ്രകാശനങ്ങളോ ആശയസമരങ്ങളോ കാണുന്നില്ല. നാഷണലൈസ്ഡ് ബാങ്കുകള്‍ക്കു് പോലും, കൊടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ ഗൂണ്ടാസംഘങ്ങളെ ഉപയോഗിക്കേണ്ടി വരുന്നതു്, വല്ലവരുടേയും ധനം തന്റെ ജീവിതം ആഘോഷിക്കാന്‍ ഉള്ളതാണു് എന്ന നിലയ്ക്കു് സമൂഹത്തിന്റെ അടിസ്ഥാനചിന്താധാര ആത്മഹത്യാപരമായി മാറിയതു് കൊണ്ടുകൂടിയാണു്. അടിസ്ഥാന ഉത്‌പാദനമേഖലകളില്‍ നിന്നൊന്നും മൂലധനം ഉണ്ടാക്കപ്പെടാതെ, യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു സമ്പദ്സ്ഥിതിയില്‍ ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴാണു്, അതിനു കൊഴുപ്പുകൂട്ടാനും മറപിടിക്കാനും വ്യഭിചാര, ഗൂണ്ടാസംഘങ്ങളുടെ ഒരു അധോലോകം സൃഷ്ടിക്കപ്പെടുന്നതു്. അവര്‍ക്കു് പൊതുസമൂഹത്തിന്റെ ആദര്‍ശാത്മക നിലപാടുകളില്‍ ഭാഗഭാക്കാവാന്‍ വയ്യ. വളരെ എളുപ്പം ഒരു മനുഷ്യനെ വെട്ടി കൊല്ലാന്‍ പറ്റും അവര്‍ക്കു്.
സമൂഹത്തെയും കലയേയും നിരൂപണം ചെയ്യുന്ന ഒരാള്‍ക്കു് ഇത്തരം സാമാന്യതകളില്‍ നിന്നു് വിശകലനം നടത്തി കടമ നിര്‍വ്വഹിച്ചു എന്ന് ആശ്വസിക്കുകയും ചെയ്യാം. എന്നാല്‍ ഒരു കൊലപാതകത്തെ, സമൂഹത്തിന്റെ അനിവാര്യ ദുരന്തങ്ങളെ സാമാന്യവല്‍ക്കരിക്കാന്‍ ഒരു കവിക്കു സാദ്ധ്യമാവില്ല തന്നെ. അമൂര്‍ത്തതകളെ മൂര്‍ത്തതയില്‍ കണ്ടെത്തി പ്രകാശിപ്പിക്കുകയാണു് കവി. ആ ഉത്തരവാദിതത്തില്‍ നിന്നു് ഏറ്റവും പുതിയ മലയാള കവികള്‍ മാറിനടക്കുന്നു എന്നു വെറുതെ പറഞ്ഞുപോവാന്‍ വയ്യ. അവര്‍ നടക്കുന്ന വഴികള്‍ പരിചിതമല്ലാത്തതുകൊണ്ടു്, പഴയ കാല്‍വയ്പുകളാല്‍, ഒരു പക്ഷെ, അനുവാചകനു പിന്തുടരാന്‍ ആവുന്നില്ല എന്നുമാത്രം ആവും അതു്. മറ്റൊരു കവിതയില്‍ കാലത്തിന്റെ അണിയും ഇരയുമായി ഇപ്പറഞ്ഞ യുവാവു കടന്നു വരുന്നുണ്ടു്. കവിതയിലും ജീവിതത്തിലും മുദ്രാവാക്യങ്ങളുടെ വിമാനുഷികത അറിഞ്ഞിടത്തു നിന്നാണു് കവിത ഒരു ഉറുമ്പിനെ പോലെ അരിച്ചെത്തുക.
"ഉറുമ്പുകള്‍ എവിടെ നിന്നോ
എഴുതി തുടങ്ങിയിട്ടുണ്ട്
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതി"
ഈ പതിഞ്ഞ താളത്തില്‍ തന്നെയാണു് കവിത മിക്കവാറും ആദ്യാന്ത്യം സഞ്ചരിക്കുന്നതും. ഒരു കൊലപാതകത്തിന്റെ ദാരുണമായ മുഖം അവസാനം തെളിഞ്ഞു വരുന്നതുവരെ.
"മധുരം+ഉറുമ്പ് മധുരം+ഉറുമ്പ്
എന്നത്
അത്രയേറെ ലളിത പാഠമാകയാല്‍"
ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതു് ചോരയുടെ രുചിയാണെന്നു് പെട്ടെന്നു് കണ്ടെത്തപ്പെടുകയില്ലെന്നു കവിത കുണ്ഠിതപ്പെടുന്നു.
ഒരാള്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടിരിക്കുന്നു. അതൊരു രാഷ്ട്രീയ കൊലപാതകമാണെന്നു കവിത പറയുന്നില്ല. ഗൂണ്ടാകുടിപ്പകയുടെ ശേഷപത്രമെന്നൊ, ആളുമാറി കൊല്ലപെട്ടതാണൊ എന്നും കവിത പറയുന്നില്ല. പക്ഷെ 'വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചി'യില്‍ തീര്‍ച്ചയായും അനുവാചകനെ സമകാലികതയുടെ ക്രൂരരൂപങ്ങളിലേക്കു് വലിച്ചടുപ്പിക്കുന്ന ഇന്ദ്രജാലമുണ്ടു്. എന്നാല്‍ എത്ര അനുധാവനത്തോടെയാണു് കവിത ഈ നിഷ്ഠൂരതയിലേക്കു് നടന്നടുക്കുന്നതു്, ലളിതമായ പ്രകൃതിരൂപങ്ങളുടെ വിന്യാസത്തിലൂടെ:
"തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നുതുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണു
എന്നു തോന്നിയാല്‍ എന്തു ചെയ്യും?"
ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതും കാക്കകള്‍ കൊത്താന്‍ ശ്രമിക്കുന്നതും ഒരു മൃതശരീരത്തിന്റെ അറിയപ്പെടാത്ത വേദനയാണു്. ആ ശരീരം ഷാജിയേട്ടന്റെയാവാം, ആരുടേയുമാവാം. ആര്‍ക്കറിയാം. എന്തായാലും ജീവനില്ലാത്ത ശരീരം രാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉറുമ്പും കാക്കയും പരിശ്രമിച്ചാല്‍ ഒന്നും ചിലപ്പോള്‍ ആ ഏകാന്തതയില്‍ നിന്നും കരയേറാന്‍ പറ്റിയില്ലെന്നും ആവും. അപ്പോള്‍:
"പിന്നെ രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍
കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല"
മനുഷ്യജീവിതത്തിന്റെ പ്രാഥമികതയിലേക്കുള്ള, കാവ്യധര്‍മ്മത്തിന്റെ മാനവികതയിലേക്കുള്ള ചൂണ്ടുപലകയാവുന്നുണ്ടു് അവസാനത്തെ നാലു വരികള്‍:
"കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല
ബള്‍ബ് വാങ്ങാനെന്നു പറഞ്ഞു
വീട്ടില്‍ നിന്നു ഇറങ്ങിയ സിദ്ധാര്‍ഥന്‍
കപിലവസ്തുവില്‍ തന്നെ ഉണ്ടെന്നു"
ബള്‍ബ് വാങ്ങുക എന്ന നിസ്സാരമായ കര്‍മ്മത്തിനിറങ്ങുന്നതു് അന്തര്‍ജ്ഞാനത്തിന്റെ വലിയൊരു സമസ്യാസമുദ്രം മനുഷ്യകുലത്തിനു ബാക്കിയാക്കി പോയ സിദ്ധാര്‍ഥനാണു്. ഓരോ ഷാജിയേട്ടനും ഓരോ സിദ്ധാര്‍ഥനാണെന്നു് കവിത വരഞ്ഞിടുന്നു. ക്രൂരമായ നിസ്സംഗതയോടെയാണു് വിചിത്രമായ രൂപകങ്ങളിലൂടെ കവിത കാലത്തിന്റെ നിഷ്ഠൂരത അനുഭവിപ്പിക്കുന്നതു്. ഇറങ്ങി നടക്കുന്ന ഏതു സിദ്ധാര്‍ഥന്റെയും അസ്തിത്വത്തിനു് കേറ്റ്ങ്കിലും ചെന്നു കണക്കുകൊടുക്കാന്‍ ഒരു സ്ഥലമുണ്ടാവും എന്ന മനുഷ്യാവസ്ഥയുടെ അനിവാര്യമോഹങ്ങളിലേക്കാണു് വെട്ടുകൊണ്ടു പിളര്‍ന്ന ഒരോ ശരീരവും വീഴുന്നതു്. മരണത്തിന്റെ നിഷ്ഫലത മാത്രം അല്ല, സിദ്ധാര്‍ഥന്‍ ഇറങ്ങിപോയ വീടിന്റെ വിമൂകതയും പ്രശ്നവല്‍ക്കരിക്കപ്പെടുന്നുണ്ടിവിടെ. ആ ശവശരീരം ഉണ്ടാക്കുന്ന ശൂന്യത, ശവമായി മാറാത്ത ഏതോ ശരീരങ്ങളിലൂടെ കപിലവസ്തുവില്‍ തന്നെ ബാക്കിയാവുന്നുണ്ടു്. കാലം കപിലവസ്തുവില്‍ വിറങ്ങലിക്കുകയല്ല, കപിലവസ്തു കാലത്തിനോടൊപ്പം നടന്നു പോരുകയാണു്. ഇത്രയുമൊക്കെ തന്നെയെ കവിതയ്ക്ക് ചെയ്യാനുള്ളു. ബാക്കി പ്രതിബദ്ധതകളൊക്കെ അനുവാചകന്റെ കവിതാസ്നേഹം ഏറ്റെടുത്തു പൂരിപ്പിക്കേണ്ടവയാണു്.
മൂന്നു്
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്രാസ്മിയര്‍ എന്ന ഗ്രാമം "മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ വെച്ചു് ഏറ്റവും സുന്ദരമായ സ്ഥലം" എന്നാണു് വേര്‍ഡ്സ്‌വര്‍ത്ത് പറഞ്ഞതു്. കായലും കാടും മലയും മഞ്ഞും മഴയും മനോഹരമായി അലിയുന്നിടം, ഏതാണ്ടു് ഒന്നൊന്നര നൂറ്റണ്ടു് കഴിഞ്ഞിട്ടും പ്രകൃത്യോപാസകനായ ആ കവി കണ്ടതില്‍ നിന്നും കാര്യമായി യാതൊരു മാറ്റവും വരാതെ അവശേഷിക്കുന്നു. എന്നാല്‍ ഇതല്ല കേരളത്തിന്റെ അവസ്ഥ. ഇന്നത്തെ ഒരു യുവകവി അവന്റെ ബാല്യത്തില്‍ കണ്ട പ്രകൃതി ഇന്നു കാണാനില്ല. കാല്‍നൂറ്റാണ്ടു കൊണ്ടു് കേരളത്തിന്റെ ലാന്‍ഡ്‌സ്കേപ് അത്ഭുതാവഹമായി മാറിപ്പോയി. മനുഷ്യവാസമുള്ള സ്ഥലങ്ങളെല്ലാം ഒരു വലിയ പട്ടണമായി അതിരുകള്‍ മുട്ടി കിടക്കുന്നു. ഈ പച്ചപ്പിന്റെ നഷ്ടം പ്രകൃതിയുടെ നഷ്ടമായി പുതിയ കവിതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല എന്നു തന്നെയാണു് തോന്നുക. നഗരവും കാര്‍ബണ്‍ഡൈയോക്സൈഡ് സാന്ദ്രമായ നിരത്തുകളും നിരത്തോരത്തെ ജ്വരവൃക്ഷവും പ്രകൃതിതന്നെ എന്നാവും അതു്. പ്രകൃത്യോപസനയോ ഹരിതനഷ്ടത്തിലൊരു വിലാപകാവ്യമോ, അവ പൊതുവേ ആവശ്യപ്പെടുന്ന പ്രകാശനരീതിയില്‍, ഈ കവിതകളുടെ അജണ്ടയില്‍ ഇല്ല.
അതുപോലെ മനുഷ്യമനസ്സിന്റെ ഇരുണ്ട ഭൂപ്രകൃതികളെ, രൂപഭാവങ്ങളില്‍ അത്രയും സങ്കീണ്ണതയോടെ പുറത്തേക്കു് എടുത്തിട്ട 'സമ്പൂര്‍ണ്ണ' കവികളുടെ കാലം അവസാനിച്ചു എന്നു വേണം കരുതാന്‍. കവിതയുടെ ആന്തരികജീവിതം ലളിതമായതു കൊണ്ടാവില്ല തന്നെ അതു്. അഗാധതയുടെ വെളിപാടുകള്‍ക്കു് നനഭസ്സിന്റെ വെട്ടമുണ്ടാവണം എന്നിടത്തേക്കു് സഞ്ചരിച്ചെത്തിയതു് കാവ്യപാരമ്പര്യത്തിന്റെ വൈവിദ്ധ്യമുള്ള വഴികളിലൂടെ തന്നെ. ജീവിതത്തെയും പ്രകൃതിയേയും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിനെ ഏറ്റവും നവീനമാക്കാനുള്ള, സുബോധമോ അബോധമോ ആയ, ഉള്‍ക്കാഴ്ചകളായി അതിനെ അറിയേണ്ടതുണ്ടു്.
അമൂര്‍ത്തതയെ മൂര്‍ത്തമായി പ്രകാശിപ്പിക്കുന്നു എന്നതു പോലെ മൂര്‍ത്തമായതിനെ ജീവിതാവസ്ഥകളുടെ അമൂര്‍ത്തതയുമായി സമന്വയിപ്പിച്ചു് സത്യത്തെ ആവിഷ്ക്കരിക്കുന്നതു് ഒരു മാഞ്ചോടിന്റെ നിഴലുപോലെ ലളിതമായും ആവാം എന്നു ചില കവിതകളെങ്കിലും കണ്ടെത്തുന്നുണ്ടു്. വാഹനങ്ങള്‍ ചീറിപ്പായുന്ന നിരത്തു്, അതിനപ്പുറത്തു് ഒരു പള്ളിക്കൂടം, അതിനുമപ്പുറം പച്ചയുടെ ചെറുതുരുത്തു്. ഇതു കേരളത്തിന്റെ സമകാല പ്രകൃതി. പി. പി. രാമചന്ദ്രന്‍ തുടങ്ങി എസ്. ജോസഫ് വഴി തുടരുന്ന കവികളിലേറെപ്പേരും അതിരുകള്‍ മറയുന്ന നഗര-ഗ്രാമ പ്രകൃതിയുടെ കേരളത്തെ വരച്ചിടാന്‍ ശ്രമിച്ചിട്ടുണ്ടു്. ലോറിയില്‍ കയറിപോകുന്ന പുഴയും, കോഴികള്‍ പറക്കുന്ന വൈക്കോല്‍കൂനയ്ക്കു് കീഴിലെ പ്രണയത്താലാവാം ഇടിപ്പടം കാണാന്‍ പോകുന്ന നവയുവാവും കാലത്തിന്റെ നേര്‍വ്യഥകള്‍ തന്നെ. നാഗരികതയുടെ ഹരിതനഷ്ടങ്ങളിലേക്കു് തലമുറകള്‍ അടിവച്ചടിവച്ചു് കയറുന്നതു് വിനാശകരമായ ഏതോ ദുരന്തത്തിലേക്കു് തന്നെ എന്നു പുതിയ കവിത കണ്ടെത്തുന്നതിന്റെ വഴികള്‍ അതിമൂര്‍ത്തമായ ഒരു സമകാലസംഭവത്തിലൂടെ വ്യത്യസ്തമായി പ്രകാശിതമാവുന്നു.
"മാഞ്ചോട് വിളിച്ചുകൊണ്ടിരുന്നു
ഞാവല്‍ ചില്ലകളും
ഞങ്ങള്‍ പോയില്ല.
ഞങ്ങളുടെ കൂട്ടുകാരാണവര്‍
എന്നിട്ടും"
പുതിയ കുട്ടികളാണിവിടെ. കൃത്യമായ ടൈംടേബിളുകളിലൂടെ ജീവിക്കാന്‍ മെരുക്കപ്പെട്ടവര്‍. കുട്ടിക്കാലത്തെ കൂട്ടുകാരായ മരങ്ങളും കിളികളും സ്കൂളിലെ ജനലിനപ്പുറം ആ പറമ്പില്‍ ഉണ്ടെങ്കിലും തോന്നുംപടി അവരിലേക്കു് ഓടിചെല്ലാന്‍ വയ്യ. ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ടു്. പ്രകൃതിയിലേക്കു് കുതിച്ചോടാനുള്ള ബാല്യകുതൂഹലങ്ങളെ അനുതാപത്തോടെയാണു് കവിത നോക്കുന്നതു്. അതിനപ്പുറം പ്രകൃതിയെ കുട്ടികണ്ണിലൂടെ നോക്കികാണുന്നതില്‍ ബാല്യത്തിനു നഷ്ടമാകുന്ന സുഭഗലോകത്തിന്റെ വ്യഥകളുണ്ടു് തന്നെ.
"ഉച്ചകഴിഞ്ഞു.
നന്ത്യാര്‍വട്ടത്താഴത്തെ വെയിലിനു മയക്കം.
മൈതാനത്ത് അയവെട്ടി കിടക്കുന്ന പശുവിനു മയക്കം
മതിലിനു മുകളിലേ കുറിഞ്ഞി പൂച്ചയ്ക്കോ നല്ല ഉറക്കം
പക്ഷേ ഞങ്ങള്‍ ഉറങ്ങിയില്ല"
പ്രകൃതിയുടെ പച്ചപടര്‍പ്പുകളില്‍ നിന്നും തുടരുന്ന കവിത 'മതില്‍' എന്ന ഒറ്റ പ്രയോഗത്തില്‍ നഗരത്തെ അടുപ്പിക്കുന്നു. പൂച്ച ഉച്ചക്കു മയങ്ങുന്ന മതിലില്‍, നഗരം ഗ്രാമത്തില്‍ ചേക്കേറുന്ന ബിംബം ഉണ്ടു്. ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാവണം എന്നില്ല - അതു കേരളത്തിന്റെ വര്‍ത്തമാനമാണു്. അതിനുപരി വലിയൊരു ദുരന്തത്തിലേക്കു് കവിത നടന്നു ചെല്ലുന്നതിന്റെ ആദ്യ ചുവടുംകൂടിയാണു്.
ഉള്ളില്‍ പതഞ്ഞു പൊന്തിയ ആര്‍പ്പും കുതിപ്പും അടക്കാതിരുന്നെങ്കില്‍, കളിക്കാന്‍ വിളിച്ചുകൊണ്ടേയിരുന്ന കാക്കകളുടേയും കുരുവികളുടേയും അടുത്തേയ്ക്കു് ഓടി പോയിരുന്നെങ്കില്‍, കുറുഞ്ഞിപൂച്ചയെപ്പോലെ ഒന്നു മയങ്ങിയിരുന്നെങ്കില്‍, എന്തിനു സ്കൂള്‍ കഴിഞ്ഞു പോകുന്ന നേരത്തെങ്കിലും വരി തെറ്റിച്ചു ചാഞ്ഞു വളഞ്ഞു പോകുന്ന ഉറുമ്പുകളെ പോലെ, തോന്നുംപടി വട്ടംകറങ്ങുന്ന തുമ്പികളെ പോലെ, അത്രയും അനുസരണയുള്ള കുട്ടികള്‍ ആവാതിരുന്നെങ്കില്‍..., പക്ഷെ അതൊന്നും അല്ല സംഭവിച്ചതെന്നു് ഇരിക്കൂറില്‍ ജീപ്പ് പാഞ്ഞുകയറി മരിച്ച കുട്ടികളെ പ്രതി നമുക്കറിയാം.
"എന്നാലും ലോകാലോകങ്ങളുടെ ഹെഡ്‌മാസ്റ്ററേ
ഓര്‍ക്കാപുറത്ത്
എന്തിനാണു ആ ലാസ്റ്റ്ബെല്‍ അടിച്ചത്"
എന്നതു് അറിയാതെ വന്നുപോകുന്ന ഒരു വിലാപം മാത്രമല്ല, ആ കുട്ടികളെ കുരുതിക്കായി ജനിപ്പിച്ച ഒരു തലമുറയുടെ സ്വയം മനസ്സിലാക്കല്‍ കൂടിയാണു്. പ്രകൃതിയില്‍ സ്വയം വളരാന്‍ അനുവദിക്കാതെ 'വളര്‍ത്തപ്പെടുന്ന' തലമുറ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമാണു്. അതല്ലായിരുന്നുവെങ്കില്‍ ഈ സമകാലസംഭവത്തെ സമീപിക്കാന്‍, പൊതുവേ തുടര്‍ന്നു വന്നിരുന്നതു പോലെ, വൈകാരികമായ എത്രയോ വഴികളുണ്ടായിരുന്നു. ഒരു സംഭവത്തിന്റെ ലളിത ചിത്രീകരണമോ, ക്ഷണികമായ വൈകാരിക ഉണര്‍ച്ചയോ അല്ല ഈ കവിത അന്ത:സത്തയില്‍ സംപ്രേക്ഷണം ചെയ്യുക, കാലികമായ വലിയൊരു സമസ്യയുടെ ചെറിയ ഏതോ കണ്ണിയെ കോര്‍ത്തെടുക്കാനുള്ള ശ്രമം കൂടിയാണു്. പ്രകൃതിയുടേയും മനുഷ്യന്റേയും പാരസ്പര്യത്തിന്റെ നിതാന്തമായ തുടര്‍ച്ചയും ഇടര്‍ച്ചയും പങ്കുവയ്ക്കപ്പെടുന്നു.
ഭാവനയുടെ ഗതിവിഗതികളില്‍ ഛിന്നമെങ്കിലും നൂതനമായി കാലത്തെ തൊടുന്നതില്‍, സൂചിപ്പിച്ച മൂന്നു കവിതകളും ഏകമാനത കാണിക്കുന്നുണ്ടു്. മാറിയ പരിതസ്ഥതിയുടെ വൈവിദ്ധ്യങ്ങളില്‍ കവിയുടെ ജീവിതം കൊണ്ടു് കാലത്തെ തൊടുകയല്ല, മണലില്‍ പുതയുന്ന കാല്‍വയ്പുകളുമായി കാലത്തിലേക്കു് ഇറങ്ങിനിന്നു് കവിയുടെ ജീവിതത്തെ പൂരിപ്പിക്കാനുള്ള ശ്രമമാണു് ഇവിടെ. ആത്മരതിയുടെ വൈയക്തികതലങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മനോവിശ്ലേഷണത്തിന്റെ ഔന്നത്യമെന്നു് കുറച്ചുകാലം മുമ്പ് വരെ തുടര്‍ന്നു വന്നിരുന്ന കാവ്യാനുഭവങ്ങളെ ഈ കവിതകള്‍ അനായാസം തലതിരിച്ചിടുന്നുണ്ടു്. വ്യവസ്ഥാപിതമായി ഈ ഭാവുകത്വത്തെ നിര്‍വചിക്കാനാവുന്നില്ല എന്നതു് കവിതയുടെ പരിമിതിയല്ല. ഒരു തവണയെങ്കിലും ഈ കവിതകളുടെ ആദിമദ്ധ്യാന്തത്തില്‍ നിര്‍വ്യാജം മുങ്ങിത്താഴാതെ, വരികളെ അടര്‍ത്തിമാറ്റി നോക്കി "ഇന്നുവേണ്ടിന്നുവേണ്ടോമലാളേ" എന്നപോലെ നാവിന്‍ തുമ്പില്‍ മധുരിക്കുന്നില്ലല്ലോ എന്നു് ഒരടിപോലും മുന്നോടു നീങ്ങാനാവാതെ വരുന്ന അഭിരുചികളുടെ പരിമിതി ആയേക്കും, പക്ഷേ.
**
പരാമര്‍ശിക്കപ്പെട്ട കവിതകള്‍
1. ദൈവത്തിന്റെ സൊന്തം - ബിന്ദു കൃഷ്ണന്‍ - മാതൃഭൂമി ആഴ്ചപ്പതിപ്പ് - ജനുവരി 18, 2009
2. ഇവിടെയുണ്ട് - ടി. പി. അനില്‍കുമാര്‍ - പ്രവാസം മാസിക - ജൂലൈ 2008
3. ലാസ്റ്റ്ബെല്‍ - റഫീക് അഹമ്മദ് - മാധ്യമം ആഴ്ചപ്പതിപ്പ് - ജനുവരി 19, 2009
00
ഐ. വി. ശശിയുടെ ഒരു സിനിമയില്‍ കണ്ടേക്കാവുന്ന സീന്‍ ഇങ്ങിനെയാവും; ഭൌതിക സാഹചര്യത്തിന്റെ അനിവാര്യതയാല്‍, നിഷ്കളങ്കയായ ഒരു പെണ്‍കുട്ടി ധനവാന്റെ കിടപ്പറയില്‍ എത്തിപ്പെടുന്നു. സംഭവം കഴിഞ്ഞു പുറത്തിറങ്ങുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി കാണുന്നതു്, ധനവാന്റെ ഡ്രൈവറായ തന്റെ കളിക്കൂട്ടുകാരന്റെ തീപാറുന്ന മുഖമാണു്. മാനഭയത്താലും മറ്റും അവള്‍ ആ രാത്രി ജീവനൊടുക്കുന്നു. ഈ കഥ കണ്ണീര്‍വാര്‍ത്തു് കണ്ട തലമുറ കഴിഞ്ഞുപോയി. മാറിയ ലോകക്രമത്തില്‍ മറ്റുതരത്തില്‍, മറ്റു തലങ്ങളില്‍ ഈ കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടു്; കൂടുതല്‍ തീവ്രമായി, കൂടുതല്‍ വ്യാപകമായി. പക്ഷെ കവികള്‍ക്കിന്നു് ഇതുനോക്കി ആക്രോശിക്കാന്‍ വയ്യ. അതു ക്രിയാത്മകമല്ലെന്ന അറിവു് അവര്‍ക്കുണ്ടു്. എന്നാല്‍ അതിന്റെ വിമാനുഷികത സന്യാസിയുടെ നിര്‍മ്മമതയോടെ, ജ്ഞാനിയുടെ അനുധാവനത്തോടെ, വിദൂഷകന്റെ നര്‍മ്മത്തോടെ, അവര്‍ തങ്ങളുടെ സ്വകാര്യമുറികളിലിരുന്നു് അനുഭവിക്കുന്നുണ്ടു്. ആ ഭാവുകത്വത്തിനു തെരുവിലെ മൈക്കിനു മുന്നില്‍ പ്രകാശനമില്ല. അതു തേടുന്ന അനുവാചകന്‍ ഒരു ജനക്കൂട്ടവും അല്ല. സിയോള്‍ മുതല്‍ സിലിക്കന്‍വാലി വരെ പരന്നുകിടക്കുന്ന പുതിയ മലയാളിയുടെ ഛിന്നലോകങ്ങളാണു് ഈ കവിത തേടുന്നതു്. അതിനാലാവും മുകളില്‍ സൂചിപ്പിച്ച പ്രമേയപരിസരത്തു നിന്നും വരുന്ന ഒരു കവിത, ഭാഷയിലും രൂപത്തിലും തുലോം ലളിതമായി, ചെറുഫലിതം പോലെ താള്‍മറിയുന്നതു്. എന്നാല്‍ അനുഭവത്തിന്റെ ആഴങ്ങളില്‍ അത്രയും ലളിതവും ഫലിതാത്മകവും ആവാത്തതും.
![]() |
ബിന്ദു കൃഷ്ണൻ |
ഈ കാലത്തു് നമ്മുടെ ദൈവം വിനോദസഞ്ചാരിയാണു്. നമുക്കുള്ളതെല്ലാം അവനും സ്വന്തമാണു്. അങ്ങിനെയാണു് നമ്മുടെ:
"മീനുകള്‍
എണ്ണയില്‍ മുങ്ങിത്തോര്‍ത്തി
മഞ്ഞളും സിന്ദൂരവും അണിഞ്ഞു
നിസ്സംഗമായ കണ്ണുകളോടെ
അയാള്‍ക്ക് മുന്നില്‍ മലര്‍ന്നു കിടക്കുന്ന"ത്
"തെങ്ങുകള്‍
അയാള്‍ക്കായി പാല്‍ചുരത്തുന്ന"ത്
തിന്നും കുടിച്ചും കായലോളങ്ങളില്‍ അയാള്‍ ഉല്ലാസസഞ്ചാരം നടത്തുമ്പോള്‍ നിയതഭാഷാരൂപങ്ങളില്‍ നിന്നും വളരെ അകലെയായി നിര്‍മമമായ നിറകണ്‍ചിരിയുമായി കവിത നടക്കുകയാണു്. സങ്കീര്‍ണ്ണതയില്‍ കവിതയുടേയും ജീവിതത്തിന്റേയും അപര്യാപ്തതകള്‍ മറഞ്ഞുപോകരുതു് എന്ന ശാഠ്യമാവും ഇത്രയും ധൈര്യപൂര്‍വം സുതാര്യമാവാന്‍ പ്രേരിപ്പിക്കുക. ജീവിതത്തിന്റെ നതകള്‍ മുഴുവന്‍ അനാവരണം ചെയ്യപ്പെട്ട കാലത്തു് ഭാഷാസങ്കീര്‍ണ്ണതകളില്‍ ഒളിച്ചുകടത്താനുള്ളതല്ല കവിത. മീനിനേയും കള്ളിനേയും പോലെ നമ്മുടെ പെണ്ണും അയാളുടെ തന്നെയാണു്. ദൈവത്തിനു എല്ലാം സ്വന്തം.
"വെള്ളവിരിപ്പില്‍
ചോരപ്പാടൊന്നും പടര്‍ന്നില്ല
ഇതാദ്യമൊന്നുമല്ലല്ലോ
ഓളത്തില്‍ താളത്തില്‍..."
ആഖ്യാനം നടത്തുന്ന പെണ്‍കുട്ടിയാണു് സഞ്ചാരിക്കു് സ്വന്തമായി വള്ളത്തിലുള്ളതു്. രാത്രി, വള്ളത്തില്‍ നിന്നും തിരിച്ചിറങ്ങുമ്പോഴാണു് അയലത്തെ ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ അമരത്തു് അവള്‍ കാണുന്നതു്.
"ഓ, ഇതിലിത്രയ്ക്കെന്തുവാ?
കൂരയുടെ പിന്നിലെ തോട്ടില്‍
നന്നായൊന്നു കുളിക്കണം"
ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ ചെറിയ പരിസരങ്ങളിലെ വലിയ സമസ്യയായി പ്രശ്നവല്‍ക്കരിക്കപ്പെടുന്നില്ല. വിറ്റുപോയ തന്റെ ജീവിതത്തെ നിസ്സംഗമായാണു് അവള്‍ കാണുന്നതു്. മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം നേടിയെടുത്തിടത്തു നിന്നും, സഞ്ചാരിക്കു മുന്നില്‍ അതു് അനാവൃതമാക്കാനും, അവന്റെ മണവും സ്രവവും ഒരു തേച്ചുകുളിവരെമാത്രം പാതിവ്രത്യനഷ്ടമായി കാണാനും മലയാളിപെണ്ണു് ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ടു നടന്നുതീര്‍ത്ത ദൂരം തെളിയുന്നുണ്ടിവിടെ (മാധവിക്കുട്ടിയും ശാരദക്കുട്ടിയും കയ്ക്കുന്നുണ്ടെങ്കിലും).
ബസ്‌സ്റ്റാന്റിലും റെയില്‍വേസ്റ്റഷനിലുമൊക്കെ ഇരതേടി നടന്നിരുന്ന അഭിസാരികകള്‍ക്കു് വംശനാശം സംഭവിച്ചു. സമൂഹത്തിന്റെ ജീവിതാവസ്ഥയ്ക്കു് അനുസൃതമായി സമകാലത്തു് അതിന്റെ തലങ്ങളും വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുന്നു. സമൂഹത്തിനോടോപ്പം അവളുടെ അനുഭവപ്രദേശങ്ങളും മാറിപ്പോയി.
"ഇന്നു രാത്രി അസന്‍
മരുന്നുകഴിച്ച് ചുമയ്ക്കാതുറങ്ങും
അനിയന്‍ വയറു നിറഞ്ഞ്
കരയാതുറങ്ങും
അതാ കാര്യം
അതെയൊള്ളു കാര്യം"
ഒരു പെണ്‍കുട്ടിക്കു് ശരീരം വില്ക്കാനുള്ള സാഹചര്യം എന്നും നിലവിലുണ്ടായിരുന്നു, കേരളത്തിലും. എസ്കോര്‍ട് സര്‍വ്വിസ് നല്കപ്പെടും എന്ന ഇന്റര്‍നെറ്റ് പരസ്യത്തിലേക്കു്, ആവശ്യക്കാരെ കൂടുതല്‍ ബന്ധപ്പെട്ടതു്, ആവശ്യക്കാര്‍ക്കുവേണ്ടി തയ്യാറുള്ള കോളേജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമൊക്കെയാണെന്നു് ഇക്കഴിഞ്ഞ ദിവസം പത്രവാര്‍ത്ത കണ്ടു. സാഹചര്യം മാറിയിട്ടുണ്ടു് തന്നെ. അസന്റെ മരുന്നും അനിയന്റെ വയറും ആണു് വലുതു്, തന്റെ ശരീരമല്ല എന്നൊരു തിരിച്ചറിവാണതു്. പുതിയ വിപണനമൂല്യങ്ങളില്‍ തന്റെ ശരീരത്തിനു മറ്റേതൊരു ഉല്പന്നത്തെ പോലെയും വിലയുണ്ടു് എന്ന മനസ്സിലാക്കല്‍. ഉപഭോക്താവിന്റെ കിടപ്പറയില്‍ അവളുടെ ശരീരം ഉപയോഗിക്കപ്പെടാനുള്ള ഒരു ഉല്പന്നം മാത്രമാണു്. ഉല്പന്നത്തിനു് ആത്മാവില്ല. ഒരു കുളികഴിഞ്ഞാലെ അവള്‍ മകളും ചേച്ചിയും കാമുകിയും ഒക്കെ ആയി പരിണമിക്കുന്നുള്ളു.
"ഹൌസ്ബോട്ടില്‍ ഇത്രനാള്‍
തുഴഞ്ഞിട്ടും
ഷാജിയേട്ടനറിയത്തില്ലേ" ഇത്.
ഇത്രയുമാവുമ്പോള്‍ ഒരു ചോദ്യം പ്രസക്തമാവുന്നുണ്ടു് - അനിവാര്യതകളെ പകര്‍ത്തലാണോ കാവ്യധര്‍മമം? സമൂഹത്തില്‍ വേശ്യാവൃത്തി മാന്യമായി തുടരുക എന്ന നിലയ്ക്കു് നിസ്സംഗമായ ഉത്തമപുരുഷ ആഖ്യാനത്തിലൂടെ നായികയായ പെണ്‍കുട്ടിയെ മാന്യവല്ക്കരിക്കയാണോ കവിത? അവളെ സാദ്ധ്യമാക്കിയ സാമുഹ്യസാഹചര്യത്തോടു സമപ്പെടുകയാണോ? അപചയത്തിന്റെ പകര്‍ച്ചയില്‍, ഈ വിമാനുഷികതയെ കവിത നേരിടുന്നുണ്ടോ? നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ആരുടെയൊക്കെയോ വിരല്‍ത്തുമ്പില്‍ അണ്വായുധങ്ങള്‍ നമുക്കായി കാത്തിരിക്കുന്ന കാലത്തു് തൂലിക പടവാളൊന്നുമല്ലെന്ന ഉള്‍ക്കാഴ്ചയില്‍ നിന്നു തന്നെയാവാം ക്രൂരമായ പരിഹാസത്തിന്റെ വലിയൊരു കായല്‍ 'സൊന്തം' എന്ന വാക്കില്‍ അലയടിക്കുന്നതു്. 'സ്വന്ത'ത്തിനു പകരം കവിതയില്‍ മുഴുവന്‍ ഉപയോഗിച്ചിരിയ്ക്കുന്നതു് 'സൊന്തം' എന്ന പാരഡിയാണു്. 'സ്വന്തം' 'സൊന്ത'മാവുന്നതിന്റെ സാമൂഹികമായ പതിത്വം മുഴുവന്‍ ആ കറുത്ത ഫലിതത്തില്‍, ഏതോ മുറിയില്‍, വേദനിക്കുന്ന ഏതോ നിശാനേരങ്ങളില്‍ രക്തം വിരലില്‍ നിന്നു കടലാസിലേക്കു പടര്‍ന്നൊഴുകുമ്പോള്‍, കവിതയുടെ പ്രതിബദ്ധതയാവുക തന്നെ ചെയ്യും.
രണ്ടു്
ഷാജിയേട്ടന്‍ ഒരു ഹൌസ്ബോട്ടിന്റെ അമരത്തെ അസ്തിത്വം മാത്രമല്ല. അതിനു് പുറത്തു് അയാള്‍ക്കു് ഒരു പൊതുമലയാളിയുടെ ജീവിതം ഉണ്ടാവണമല്ലോ. വിനോദസഞ്ചാരിയെ ദൈവമാക്കുന്ന തലങ്ങളിലേക്കു് കേരളം പരുവപ്പെട്ടതിന്റെ ചലനാത്മകതകളിലൂടെയെല്ലാം ഈ മലയാളി യുവാവും കടന്നുവന്നിട്ടുണ്ടു്. പത്തിരുപതു കൊല്ലം മുമ്പത്തെ അഭിസാരിക ഇന്നില്ല എന്നതു പോലെ തന്നെ, അക്കാലത്തു ജീവിച്ചിരുന്ന യുവാവും മറഞ്ഞുപോയിരിക്കുന്നു. എത്ര പെട്ടെന്നാണു് നമ്മള്‍ മാറിയതു്! പൊതുവേ യുവാക്കള്‍ തൊഴിലുമായി ബന്ധപെട്ടുവരുന്ന പ്രദേശങ്ങള്‍ക്കപ്പുറമുള്ളതിനോടൊക്കെയും ഉദാസീനരായി മാറി. ലൌകിക ഉയര്‍ച്ചയ്ക്കായി സ്പെഷ്യലൈസേഷനില്‍ അനാവശ്യ ശ്രദ്ധചെലുത്തുകയും, അമൂര്‍ത്തതകളുടെ വൈകാരികതലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. മുമ്പുണ്ടായിരുന്ന ഏകമാനത നഷ്ടപെട്ടു എന്നതുപോലെ തന്നെ ജീവിതത്തിന്റെ വ്യത്യസ്തമായ ഇടങ്ങള്‍ തമ്മിലുള്ള അന്തരം വല്ലാതെ വര്‍ദ്ധിക്കുകയും ചെയ്തു. ഈ അസന്തുലിതത്വം ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ പൊതുസമൂഹത്തില്‍ ക്രമാതീതമായി ഉയര്‍ന്നു.
ലക്ഷങ്ങള്‍ ശമ്പളമായി ഒരു യുവപ്രൊഫഷണലും, ഏതാണ്ടു് അതേ നിലവാരത്തില്‍ ജീവിക്കാനാവുന്ന ഒരു ഗൂണ്ടാ യുവാവും, സ്വയം വരുമാനമില്ലെങ്കില്‍ പോലും ഇതേ നിലയില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു കുട്ടിനേതാവും കൂടി കുമരകത്തു നിന്നും ഹൌസ്ബോട്ടില്‍ കയറി ആഘോഷിക്കാന്‍ പോവുക എന്നതു ഇന്നു തികച്ചും സംഭവ്യമായ ഒരു കാര്യമാണു്. പക്ഷെ ആഘോഷം എന്നതു് മാത്രമാണു് അവരുടെ പൊതുവായ ഇടം. അതിനപ്പുറമുള്ള അവരുടെ ജീവിതപരിസരങ്ങള്‍ പരസ്പരം പൂരകമാവുന്നില്ല. സ്പെഷ്യലൈസേഷന്‍ അതിനുള്ള അവസരം നല്കുന്നില്ല. പൊതുവേ ഇന്നത്തെ മദ്ധ്യവര്‍ത്തി പ്രൊഫഷണലുകള്‍ അരാഷ്ട്രീയമായ ചിന്തകളിലാണു്. "എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരണെന്നേ, വെടിവെച്ചു കൊല്ലണം ഇവറ്റകളെ" - അവരുടെ ഇടയ്ക്കു് രാഷ്ട്രീയത്തെകുറിച്ചു് സംസാരിച്ചു കേള്‍ക്കാറുള്ളതു് ഇതാണു്. യുവ രാഷ്ട്രീയനിരയും ഇത്രയും തന്നെ അരാഷ്ട്രീയമാണു്. യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ തത്ത്വദീക്ഷകളോ ജീവിതപ്രകാശനങ്ങളോ ആശയസമരങ്ങളോ കാണുന്നില്ല. നാഷണലൈസ്ഡ് ബാങ്കുകള്‍ക്കു് പോലും, കൊടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ ഗൂണ്ടാസംഘങ്ങളെ ഉപയോഗിക്കേണ്ടി വരുന്നതു്, വല്ലവരുടേയും ധനം തന്റെ ജീവിതം ആഘോഷിക്കാന്‍ ഉള്ളതാണു് എന്ന നിലയ്ക്കു് സമൂഹത്തിന്റെ അടിസ്ഥാനചിന്താധാര ആത്മഹത്യാപരമായി മാറിയതു് കൊണ്ടുകൂടിയാണു്. അടിസ്ഥാന ഉത്‌പാദനമേഖലകളില്‍ നിന്നൊന്നും മൂലധനം ഉണ്ടാക്കപ്പെടാതെ, യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു സമ്പദ്സ്ഥിതിയില്‍ ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴാണു്, അതിനു കൊഴുപ്പുകൂട്ടാനും മറപിടിക്കാനും വ്യഭിചാര, ഗൂണ്ടാസംഘങ്ങളുടെ ഒരു അധോലോകം സൃഷ്ടിക്കപ്പെടുന്നതു്. അവര്‍ക്കു് പൊതുസമൂഹത്തിന്റെ ആദര്‍ശാത്മക നിലപാടുകളില്‍ ഭാഗഭാക്കാവാന്‍ വയ്യ. വളരെ എളുപ്പം ഒരു മനുഷ്യനെ വെട്ടി കൊല്ലാന്‍ പറ്റും അവര്‍ക്കു്.
![]() |
ടി. പി. അനിൽ കുമാർ |
"ഉറുമ്പുകള്‍ എവിടെ നിന്നോ
എഴുതി തുടങ്ങിയിട്ടുണ്ട്
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതി"
ഈ പതിഞ്ഞ താളത്തില്‍ തന്നെയാണു് കവിത മിക്കവാറും ആദ്യാന്ത്യം സഞ്ചരിക്കുന്നതും. ഒരു കൊലപാതകത്തിന്റെ ദാരുണമായ മുഖം അവസാനം തെളിഞ്ഞു വരുന്നതുവരെ.
"മധുരം+ഉറുമ്പ് മധുരം+ഉറുമ്പ്
എന്നത്
അത്രയേറെ ലളിത പാഠമാകയാല്‍"
ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതു് ചോരയുടെ രുചിയാണെന്നു് പെട്ടെന്നു് കണ്ടെത്തപ്പെടുകയില്ലെന്നു കവിത കുണ്ഠിതപ്പെടുന്നു.
ഒരാള്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടിരിക്കുന്നു. അതൊരു രാഷ്ട്രീയ കൊലപാതകമാണെന്നു കവിത പറയുന്നില്ല. ഗൂണ്ടാകുടിപ്പകയുടെ ശേഷപത്രമെന്നൊ, ആളുമാറി കൊല്ലപെട്ടതാണൊ എന്നും കവിത പറയുന്നില്ല. പക്ഷെ 'വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചി'യില്‍ തീര്‍ച്ചയായും അനുവാചകനെ സമകാലികതയുടെ ക്രൂരരൂപങ്ങളിലേക്കു് വലിച്ചടുപ്പിക്കുന്ന ഇന്ദ്രജാലമുണ്ടു്. എന്നാല്‍ എത്ര അനുധാവനത്തോടെയാണു് കവിത ഈ നിഷ്ഠൂരതയിലേക്കു് നടന്നടുക്കുന്നതു്, ലളിതമായ പ്രകൃതിരൂപങ്ങളുടെ വിന്യാസത്തിലൂടെ:
"തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നുതുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണു
എന്നു തോന്നിയാല്‍ എന്തു ചെയ്യും?"
ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതും കാക്കകള്‍ കൊത്താന്‍ ശ്രമിക്കുന്നതും ഒരു മൃതശരീരത്തിന്റെ അറിയപ്പെടാത്ത വേദനയാണു്. ആ ശരീരം ഷാജിയേട്ടന്റെയാവാം, ആരുടേയുമാവാം. ആര്‍ക്കറിയാം. എന്തായാലും ജീവനില്ലാത്ത ശരീരം രാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉറുമ്പും കാക്കയും പരിശ്രമിച്ചാല്‍ ഒന്നും ചിലപ്പോള്‍ ആ ഏകാന്തതയില്‍ നിന്നും കരയേറാന്‍ പറ്റിയില്ലെന്നും ആവും. അപ്പോള്‍:
"പിന്നെ രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍
കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല"
മനുഷ്യജീവിതത്തിന്റെ പ്രാഥമികതയിലേക്കുള്ള, കാവ്യധര്‍മ്മത്തിന്റെ മാനവികതയിലേക്കുള്ള ചൂണ്ടുപലകയാവുന്നുണ്ടു് അവസാനത്തെ നാലു വരികള്‍:
"കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല
ബള്‍ബ് വാങ്ങാനെന്നു പറഞ്ഞു
വീട്ടില്‍ നിന്നു ഇറങ്ങിയ സിദ്ധാര്‍ഥന്‍
കപിലവസ്തുവില്‍ തന്നെ ഉണ്ടെന്നു"
ബള്‍ബ് വാങ്ങുക എന്ന നിസ്സാരമായ കര്‍മ്മത്തിനിറങ്ങുന്നതു് അന്തര്‍ജ്ഞാനത്തിന്റെ വലിയൊരു സമസ്യാസമുദ്രം മനുഷ്യകുലത്തിനു ബാക്കിയാക്കി പോയ സിദ്ധാര്‍ഥനാണു്. ഓരോ ഷാജിയേട്ടനും ഓരോ സിദ്ധാര്‍ഥനാണെന്നു് കവിത വരഞ്ഞിടുന്നു. ക്രൂരമായ നിസ്സംഗതയോടെയാണു് വിചിത്രമായ രൂപകങ്ങളിലൂടെ കവിത കാലത്തിന്റെ നിഷ്ഠൂരത അനുഭവിപ്പിക്കുന്നതു്. ഇറങ്ങി നടക്കുന്ന ഏതു സിദ്ധാര്‍ഥന്റെയും അസ്തിത്വത്തിനു് കേറ്റ്ങ്കിലും ചെന്നു കണക്കുകൊടുക്കാന്‍ ഒരു സ്ഥലമുണ്ടാവും എന്ന മനുഷ്യാവസ്ഥയുടെ അനിവാര്യമോഹങ്ങളിലേക്കാണു് വെട്ടുകൊണ്ടു പിളര്‍ന്ന ഒരോ ശരീരവും വീഴുന്നതു്. മരണത്തിന്റെ നിഷ്ഫലത മാത്രം അല്ല, സിദ്ധാര്‍ഥന്‍ ഇറങ്ങിപോയ വീടിന്റെ വിമൂകതയും പ്രശ്നവല്‍ക്കരിക്കപ്പെടുന്നുണ്ടിവിടെ. ആ ശവശരീരം ഉണ്ടാക്കുന്ന ശൂന്യത, ശവമായി മാറാത്ത ഏതോ ശരീരങ്ങളിലൂടെ കപിലവസ്തുവില്‍ തന്നെ ബാക്കിയാവുന്നുണ്ടു്. കാലം കപിലവസ്തുവില്‍ വിറങ്ങലിക്കുകയല്ല, കപിലവസ്തു കാലത്തിനോടൊപ്പം നടന്നു പോരുകയാണു്. ഇത്രയുമൊക്കെ തന്നെയെ കവിതയ്ക്ക് ചെയ്യാനുള്ളു. ബാക്കി പ്രതിബദ്ധതകളൊക്കെ അനുവാചകന്റെ കവിതാസ്നേഹം ഏറ്റെടുത്തു പൂരിപ്പിക്കേണ്ടവയാണു്.
മൂന്നു്
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്രാസ്മിയര്‍ എന്ന ഗ്രാമം "മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ വെച്ചു് ഏറ്റവും സുന്ദരമായ സ്ഥലം" എന്നാണു് വേര്‍ഡ്സ്‌വര്‍ത്ത് പറഞ്ഞതു്. കായലും കാടും മലയും മഞ്ഞും മഴയും മനോഹരമായി അലിയുന്നിടം, ഏതാണ്ടു് ഒന്നൊന്നര നൂറ്റണ്ടു് കഴിഞ്ഞിട്ടും പ്രകൃത്യോപാസകനായ ആ കവി കണ്ടതില്‍ നിന്നും കാര്യമായി യാതൊരു മാറ്റവും വരാതെ അവശേഷിക്കുന്നു. എന്നാല്‍ ഇതല്ല കേരളത്തിന്റെ അവസ്ഥ. ഇന്നത്തെ ഒരു യുവകവി അവന്റെ ബാല്യത്തില്‍ കണ്ട പ്രകൃതി ഇന്നു കാണാനില്ല. കാല്‍നൂറ്റാണ്ടു കൊണ്ടു് കേരളത്തിന്റെ ലാന്‍ഡ്‌സ്കേപ് അത്ഭുതാവഹമായി മാറിപ്പോയി. മനുഷ്യവാസമുള്ള സ്ഥലങ്ങളെല്ലാം ഒരു വലിയ പട്ടണമായി അതിരുകള്‍ മുട്ടി കിടക്കുന്നു. ഈ പച്ചപ്പിന്റെ നഷ്ടം പ്രകൃതിയുടെ നഷ്ടമായി പുതിയ കവിതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല എന്നു തന്നെയാണു് തോന്നുക. നഗരവും കാര്‍ബണ്‍ഡൈയോക്സൈഡ് സാന്ദ്രമായ നിരത്തുകളും നിരത്തോരത്തെ ജ്വരവൃക്ഷവും പ്രകൃതിതന്നെ എന്നാവും അതു്. പ്രകൃത്യോപസനയോ ഹരിതനഷ്ടത്തിലൊരു വിലാപകാവ്യമോ, അവ പൊതുവേ ആവശ്യപ്പെടുന്ന പ്രകാശനരീതിയില്‍, ഈ കവിതകളുടെ അജണ്ടയില്‍ ഇല്ല.
അതുപോലെ മനുഷ്യമനസ്സിന്റെ ഇരുണ്ട ഭൂപ്രകൃതികളെ, രൂപഭാവങ്ങളില്‍ അത്രയും സങ്കീണ്ണതയോടെ പുറത്തേക്കു് എടുത്തിട്ട 'സമ്പൂര്‍ണ്ണ' കവികളുടെ കാലം അവസാനിച്ചു എന്നു വേണം കരുതാന്‍. കവിതയുടെ ആന്തരികജീവിതം ലളിതമായതു കൊണ്ടാവില്ല തന്നെ അതു്. അഗാധതയുടെ വെളിപാടുകള്‍ക്കു് നനഭസ്സിന്റെ വെട്ടമുണ്ടാവണം എന്നിടത്തേക്കു് സഞ്ചരിച്ചെത്തിയതു് കാവ്യപാരമ്പര്യത്തിന്റെ വൈവിദ്ധ്യമുള്ള വഴികളിലൂടെ തന്നെ. ജീവിതത്തെയും പ്രകൃതിയേയും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിനെ ഏറ്റവും നവീനമാക്കാനുള്ള, സുബോധമോ അബോധമോ ആയ, ഉള്‍ക്കാഴ്ചകളായി അതിനെ അറിയേണ്ടതുണ്ടു്.
അമൂര്‍ത്തതയെ മൂര്‍ത്തമായി പ്രകാശിപ്പിക്കുന്നു എന്നതു പോലെ മൂര്‍ത്തമായതിനെ ജീവിതാവസ്ഥകളുടെ അമൂര്‍ത്തതയുമായി സമന്വയിപ്പിച്ചു് സത്യത്തെ ആവിഷ്ക്കരിക്കുന്നതു് ഒരു മാഞ്ചോടിന്റെ നിഴലുപോലെ ലളിതമായും ആവാം എന്നു ചില കവിതകളെങ്കിലും കണ്ടെത്തുന്നുണ്ടു്. വാഹനങ്ങള്‍ ചീറിപ്പായുന്ന നിരത്തു്, അതിനപ്പുറത്തു് ഒരു പള്ളിക്കൂടം, അതിനുമപ്പുറം പച്ചയുടെ ചെറുതുരുത്തു്. ഇതു കേരളത്തിന്റെ സമകാല പ്രകൃതി. പി. പി. രാമചന്ദ്രന്‍ തുടങ്ങി എസ്. ജോസഫ് വഴി തുടരുന്ന കവികളിലേറെപ്പേരും അതിരുകള്‍ മറയുന്ന നഗര-ഗ്രാമ പ്രകൃതിയുടെ കേരളത്തെ വരച്ചിടാന്‍ ശ്രമിച്ചിട്ടുണ്ടു്. ലോറിയില്‍ കയറിപോകുന്ന പുഴയും, കോഴികള്‍ പറക്കുന്ന വൈക്കോല്‍കൂനയ്ക്കു് കീഴിലെ പ്രണയത്താലാവാം ഇടിപ്പടം കാണാന്‍ പോകുന്ന നവയുവാവും കാലത്തിന്റെ നേര്‍വ്യഥകള്‍ തന്നെ. നാഗരികതയുടെ ഹരിതനഷ്ടങ്ങളിലേക്കു് തലമുറകള്‍ അടിവച്ചടിവച്ചു് കയറുന്നതു് വിനാശകരമായ ഏതോ ദുരന്തത്തിലേക്കു് തന്നെ എന്നു പുതിയ കവിത കണ്ടെത്തുന്നതിന്റെ വഴികള്‍ അതിമൂര്‍ത്തമായ ഒരു സമകാലസംഭവത്തിലൂടെ വ്യത്യസ്തമായി പ്രകാശിതമാവുന്നു.
"മാഞ്ചോട് വിളിച്ചുകൊണ്ടിരുന്നു
ഞാവല്‍ ചില്ലകളും
ഞങ്ങള്‍ പോയില്ല.
ഞങ്ങളുടെ കൂട്ടുകാരാണവര്‍
എന്നിട്ടും"
![]() |
റഫീക്ക് അഹമ്മദ് |
"ഉച്ചകഴിഞ്ഞു.
നന്ത്യാര്‍വട്ടത്താഴത്തെ വെയിലിനു മയക്കം.
മൈതാനത്ത് അയവെട്ടി കിടക്കുന്ന പശുവിനു മയക്കം
മതിലിനു മുകളിലേ കുറിഞ്ഞി പൂച്ചയ്ക്കോ നല്ല ഉറക്കം
പക്ഷേ ഞങ്ങള്‍ ഉറങ്ങിയില്ല"
പ്രകൃതിയുടെ പച്ചപടര്‍പ്പുകളില്‍ നിന്നും തുടരുന്ന കവിത 'മതില്‍' എന്ന ഒറ്റ പ്രയോഗത്തില്‍ നഗരത്തെ അടുപ്പിക്കുന്നു. പൂച്ച ഉച്ചക്കു മയങ്ങുന്ന മതിലില്‍, നഗരം ഗ്രാമത്തില്‍ ചേക്കേറുന്ന ബിംബം ഉണ്ടു്. ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാവണം എന്നില്ല - അതു കേരളത്തിന്റെ വര്‍ത്തമാനമാണു്. അതിനുപരി വലിയൊരു ദുരന്തത്തിലേക്കു് കവിത നടന്നു ചെല്ലുന്നതിന്റെ ആദ്യ ചുവടുംകൂടിയാണു്.
ഉള്ളില്‍ പതഞ്ഞു പൊന്തിയ ആര്‍പ്പും കുതിപ്പും അടക്കാതിരുന്നെങ്കില്‍, കളിക്കാന്‍ വിളിച്ചുകൊണ്ടേയിരുന്ന കാക്കകളുടേയും കുരുവികളുടേയും അടുത്തേയ്ക്കു് ഓടി പോയിരുന്നെങ്കില്‍, കുറുഞ്ഞിപൂച്ചയെപ്പോലെ ഒന്നു മയങ്ങിയിരുന്നെങ്കില്‍, എന്തിനു സ്കൂള്‍ കഴിഞ്ഞു പോകുന്ന നേരത്തെങ്കിലും വരി തെറ്റിച്ചു ചാഞ്ഞു വളഞ്ഞു പോകുന്ന ഉറുമ്പുകളെ പോലെ, തോന്നുംപടി വട്ടംകറങ്ങുന്ന തുമ്പികളെ പോലെ, അത്രയും അനുസരണയുള്ള കുട്ടികള്‍ ആവാതിരുന്നെങ്കില്‍..., പക്ഷെ അതൊന്നും അല്ല സംഭവിച്ചതെന്നു് ഇരിക്കൂറില്‍ ജീപ്പ് പാഞ്ഞുകയറി മരിച്ച കുട്ടികളെ പ്രതി നമുക്കറിയാം.
"എന്നാലും ലോകാലോകങ്ങളുടെ ഹെഡ്‌മാസ്റ്ററേ
ഓര്‍ക്കാപുറത്ത്
എന്തിനാണു ആ ലാസ്റ്റ്ബെല്‍ അടിച്ചത്"
എന്നതു് അറിയാതെ വന്നുപോകുന്ന ഒരു വിലാപം മാത്രമല്ല, ആ കുട്ടികളെ കുരുതിക്കായി ജനിപ്പിച്ച ഒരു തലമുറയുടെ സ്വയം മനസ്സിലാക്കല്‍ കൂടിയാണു്. പ്രകൃതിയില്‍ സ്വയം വളരാന്‍ അനുവദിക്കാതെ 'വളര്‍ത്തപ്പെടുന്ന' തലമുറ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമാണു്. അതല്ലായിരുന്നുവെങ്കില്‍ ഈ സമകാലസംഭവത്തെ സമീപിക്കാന്‍, പൊതുവേ തുടര്‍ന്നു വന്നിരുന്നതു പോലെ, വൈകാരികമായ എത്രയോ വഴികളുണ്ടായിരുന്നു. ഒരു സംഭവത്തിന്റെ ലളിത ചിത്രീകരണമോ, ക്ഷണികമായ വൈകാരിക ഉണര്‍ച്ചയോ അല്ല ഈ കവിത അന്ത:സത്തയില്‍ സംപ്രേക്ഷണം ചെയ്യുക, കാലികമായ വലിയൊരു സമസ്യയുടെ ചെറിയ ഏതോ കണ്ണിയെ കോര്‍ത്തെടുക്കാനുള്ള ശ്രമം കൂടിയാണു്. പ്രകൃതിയുടേയും മനുഷ്യന്റേയും പാരസ്പര്യത്തിന്റെ നിതാന്തമായ തുടര്‍ച്ചയും ഇടര്‍ച്ചയും പങ്കുവയ്ക്കപ്പെടുന്നു.
ഭാവനയുടെ ഗതിവിഗതികളില്‍ ഛിന്നമെങ്കിലും നൂതനമായി കാലത്തെ തൊടുന്നതില്‍, സൂചിപ്പിച്ച മൂന്നു കവിതകളും ഏകമാനത കാണിക്കുന്നുണ്ടു്. മാറിയ പരിതസ്ഥതിയുടെ വൈവിദ്ധ്യങ്ങളില്‍ കവിയുടെ ജീവിതം കൊണ്ടു് കാലത്തെ തൊടുകയല്ല, മണലില്‍ പുതയുന്ന കാല്‍വയ്പുകളുമായി കാലത്തിലേക്കു് ഇറങ്ങിനിന്നു് കവിയുടെ ജീവിതത്തെ പൂരിപ്പിക്കാനുള്ള ശ്രമമാണു് ഇവിടെ. ആത്മരതിയുടെ വൈയക്തികതലങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മനോവിശ്ലേഷണത്തിന്റെ ഔന്നത്യമെന്നു് കുറച്ചുകാലം മുമ്പ് വരെ തുടര്‍ന്നു വന്നിരുന്ന കാവ്യാനുഭവങ്ങളെ ഈ കവിതകള്‍ അനായാസം തലതിരിച്ചിടുന്നുണ്ടു്. വ്യവസ്ഥാപിതമായി ഈ ഭാവുകത്വത്തെ നിര്‍വചിക്കാനാവുന്നില്ല എന്നതു് കവിതയുടെ പരിമിതിയല്ല. ഒരു തവണയെങ്കിലും ഈ കവിതകളുടെ ആദിമദ്ധ്യാന്തത്തില്‍ നിര്‍വ്യാജം മുങ്ങിത്താഴാതെ, വരികളെ അടര്‍ത്തിമാറ്റി നോക്കി "ഇന്നുവേണ്ടിന്നുവേണ്ടോമലാളേ" എന്നപോലെ നാവിന്‍ തുമ്പില്‍ മധുരിക്കുന്നില്ലല്ലോ എന്നു് ഒരടിപോലും മുന്നോടു നീങ്ങാനാവാതെ വരുന്ന അഭിരുചികളുടെ പരിമിതി ആയേക്കും, പക്ഷേ.
**
പരാമര്‍ശിക്കപ്പെട്ട കവിതകള്‍
1. ദൈവത്തിന്റെ സൊന്തം - ബിന്ദു കൃഷ്ണന്‍ - മാതൃഭൂമി ആഴ്ചപ്പതിപ്പ് - ജനുവരി 18, 2009
2. ഇവിടെയുണ്ട് - ടി. പി. അനില്‍കുമാര്‍ - പ്രവാസം മാസിക - ജൂലൈ 2008
3. ലാസ്റ്റ്ബെല്‍ - റഫീക് അഹമ്മദ് - മാധ്യമം ആഴ്ചപ്പതിപ്പ് - ജനുവരി 19, 2009
00
എനിയ്ക്ക് അഭിരുചിയുടെ പരിമിതിയുണ്ട്. ഈ കവിതകളൊക്കെ വായിക്കുമ്പോള്‍ തലയിലേയ്ക്കാണ് പോക്ക്. ഹൃദയത്തിലേയ്ക്ക് ഒന്നും പോകുന്നില്ല. അതുകൊണ്ട് വായിച്ചാല്‍ അടുത്ത നിമിഷം തന്നെ മറക്കുകയും ചെയ്യും. അല്‍പ്പപ്രാണികള്‍
ReplyDelete