Monday 18 September 2017

ഒരുദിനം, നേരമിരുട്ടിയ നേരത്ത്, മുംബൈ...

ഇരുട്ട് വീണുകഴിഞ്ഞിരുന്നു, മകനും ഞാനും മറൈൻഡ്രൈവിൽ എത്തുമ്പോൾ. ഗോരെഗാവിലെ അവന്റെ താമസസ്ഥലത്തിനടുത്തു നിന്നും ഒരു ടാക്സിപിടിച്ച് വരുകയായിരുന്നു. മുംബൈയുടെ തിരക്കുള്ള സാന്ധ്യകാല തെരുവിലൂടെ ഏതാണ്ട് രണ്ടു മണിക്കൂറെടുത്തു ആ വാഹനത്തിനു ഞങ്ങളെ മറൈൻഡ്രൈവിലെത്തിയ്ക്കാൻ. കറുപ്പും മഞ്ഞയും ചായമടിച്ച ടാക്സി. മുംബൈയുടെ മുഖമുദ്ര. പക്ഷേ, പഴയ പ്രിമിയർ പദ്മിനിയല്ല. സാൻഡ്രോ, ഐ-ടെൻ എന്നൊക്കെ പേരുള്ള പുതിയ കാലത്തെ കാറുകളാണ്. യാത്രയ്ക്ക് ഇവ എടുക്കേണ്ട കാര്യമില്ല ഇപ്പോൾ. ഊബറും ഓലയുമാണ് സൗകര്യപ്രദം. സുഖകരവും വാടക കുറവുമാണ്. എങ്കിലും ഗോകുൽധാം മന്ദിറിനു മുന്നിൽ ഇത്തരമൊരു ടാക്സി കണ്ടപ്പോൾ, മുംബൈയിൽ വന്നിട്ട് അതിൽ കയറാനുള്ള അവസരം നഷ്ടമാക്കേണ്ടതില്ല എന്നുകരുതി.

രാത്രിയുടെ നിയോൺ വെട്ടത്തിൽ കടൽത്തീരം മനുഷ്യരാൽ നിറഞ്ഞിരിക്കുന്നു. ആഴ്ചാന്ത്യമൊന്നുമല്ല. മറൈൻഡ്രൈവ് എല്ലാ ദിവസവും ഇങ്ങനെ തന്നെയാണെന്ന് മകൻ പറഞ്ഞു. പഠനത്തിന്റെ ആദ്യനാളുകളിൽ കൂട്ടുകാരുമായി ഈ ഭാഗത്തേയ്ക്ക് ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു എന്നവൻ പറഞ്ഞു. ഇപ്പോൾ ഗോരെഗാവ് ഭാഗം വിട്ട് മുംബൈ പട്ടണത്തിന്റെ പ്രധാന ഇടങ്ങളിലേയ്‌ക്ക് വന്നിട്ട് മാസങ്ങളാകുന്നുവത്രേ.

മേഘാവൃതമായ ആകാശത്ത് നഗരം നാട്ടുവെട്ടമായി പ്രതിഫലിക്കുന്നുണ്ട്. കടൽ ഇരുണ്ടു കിടക്കുന്നു... കടലാണോ ആകാശമാണോ എന്ന് ഉറപ്പാക്കാൻ പറ്റാത്ത അകലത്തിൽ, എപ്പോഴോ പറന്നുപോയ കടൽക്കാക്കയുടെ ചിറകടിപഥം പോലെ അവ്യക്തമായ ഒരു വെള്ളിവര കാണപ്പെടുന്നു...


പ്രൊമനേഡിലൂടെ നരിമാൻപോയിന്റിലേയ്ക്ക് പതുക്കെ നടന്നു. ഞങ്ങൾക്ക് അർദ്ധരാതിവരെ മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ ഒന്നുരണ്ട് ദിവസത്തെ തിരക്കിനു ശേഷം ഇന്ന് ഉച്ചതിരിഞ്ഞാണ് അവനും ഞാനും സ്വസ്ഥമായത്. അതിനാൽ കുറച്ചുസമയം ചിലവഴിക്കാൻ മറൈൻഡ്രൈവിലേയ്ക്ക് വരുകയായിരുന്നു.

മേഘാവൃതമായതിനാൽ കൂടിയാവാം അന്തരീക്ഷത്തിൽ നല്ല ഹ്യുമിഡിറ്റിയുണ്ട്. എന്നെ വിയർക്കുന്നുണ്ട്. എങ്കിലും കാറ്റുള്ളതു കൊണ്ട് നടത്തം സുഖകരമായിരുന്നു.

ഞാൻ അച്ഛനെ ഓർമ്മിച്ചു. ഞങ്ങൾ ഒന്നിച്ച് ഇങ്ങനെയൊന്നും നടന്നിട്ടില്ല. ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. അത് മറ്റൊരു കാലമായിരുന്നു. അച്ഛന് അച്ഛന്റെ ലോകവും എനിക്ക് എന്റെ ലോകവുമുണ്ടായിരുന്നു. അവ തമ്മിൽ കൂട്ടിമുട്ടിയത് അപൂർവ്വം സമയങ്ങളിൽ മാത്രമായിരുന്നു. എങ്കിലും മറൈൻഡ്രൈവിലൂടെ മകനോടൊപ്പം നടക്കുമ്പോൾ ഞാൻ അച്ഛനെ ഓർമ്മിച്ചു...

കാലം ഒരു പരികല്പനയാണ്...

എന്റെ കുട്ടിക്കാലത്ത് സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ, ബുക്ക് വലിച്ചെറിഞ്ഞ് പറമ്പിലേയ്ക്ക് ഒറ്റയോട്ടമാണ്. അയൽക്കൂട്ടത്തിനോടൊപ്പം മൈതാനത്തെ കാല്പന്തുകളിയിലേയ്ക്ക്..., ആറ്റിൻകരയിലെ പാലകളിയിലേയ്ക്ക്..., വായനശാല തുറന്നുവച്ചിരിക്കുന്ന കഥകളുടെ വിചിത്രലോകത്തിലേയ്ക്ക്..., അങ്ങനെയങ്ങനെ എവിടേയ്‌ക്കൊക്കെയോ അന്തിമയങ്ങും വരെ നീളുന്ന ഓട്ടം...

ആ പാച്ചിലിൽ എവിടെയും വീട്ടിലെ മുതിർന്നവരെ കണ്ടുമുട്ടിയിരുന്നില്ല. അഥവാ കണ്ടാൽ ഞങ്ങൾ വഴിമാറി ഓടിക്കളഞ്ഞു...

ഒരു വിദേശരാജ്യത്തിന്റെ പരിമിതമായ ചുറ്റളവുകളിൽ, സ്‌കൂൾ കഴിഞ്ഞുവരുന്ന മകനും വീട്ടിലുള്ള ഞാനും ഒറ്റമുറി ഫ്‌ളാറ്റിന്റെ ചെറിയ വിസ്താരത്തിൽ പരസ്പരം കൂട്ടിമുട്ടാതെ ജീവിക്കുക സാധ്യമായിരുന്നില്ല. ഞങ്ങളുടെ ജീവിതങ്ങൾക്ക് പൊതുവായ ഇടങ്ങൾ വന്നുപെട്ടത് അങ്ങനെയാവും...

കാലം അമൂർത്തമായ ഒരു പരികല്പനയാണ് -  അതിനെ മൂർത്തതയിൽ അളക്കാൻ ഇത്തരം അനുഭങ്ങൾ കൊണ്ടേ സാധ്യമാവുകയുള്ളു...


നരിമാൻപോയിന്റിലും മറൈൻഡ്രൈവിൽ പലയിടത്തും വലിപ്പമുള്ള കോൺക്രീറ്റ് മുക്കാലികൾ കടൽഭിത്തിയായി നിരത്തിയിട്ടിരിക്കുന്നു. അതിലേയ്ക്ക് ആളുകൾ കയറിയിരിക്കുന്നു. കൂടുതലും കമിതാക്കളാണ്. ഒരുപക്ഷേ ഭാര്യാഭർത്താക്കന്മാർ തന്നെയുമാവാം. മുംബൈയിലെ മദ്ധ്യവർഗ്ഗ താമസയിടങ്ങളിൽ സ്വകാര്യത പരിമിതമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാവാം, പൊതുവിടങ്ങളിലെ അപരിചതമായ ജനാവലിക്ക് നടുവിൽ തങ്ങളുടേതായ സ്വകാര്യതലം അവരുണ്ടാക്കിയെടുക്കുന്നത്. വഴിവിളക്കിന്റെ വെട്ടം അത്രയൊന്നും എത്തപ്പെടാത്ത മുക്കാലിക്ക് മുകളിലിരുന്ന് അവർ ആലിംഗനം ചെയ്യുന്നു. ചുംബിക്കുകയും ചെയ്യുന്നു...

നരിമാൻ പോയിന്റിൽ, പ്രൊമനേഡിനോട് ചേർന്നുള്ള ഒരു മുക്കാലിയിൽ ഞങ്ങൾ കടൽ നോക്കിയിരുന്നു. സൽമാൻ റുഷ്ദിയുടെ 'മിഡ്‌നൈറ്റ്‌സ് ചിൽഡ്ര'നിൽ ഈ മുക്കാലികളെ കുറിച്ച് പറയുന്നുണ്ട്. കഥാകാലത്ത് ഇവിടെ മുക്കാലികൾ ഇല്ല. അവ ഇവിടെ വിന്യസിക്കാനുള്ള മരാമത്ത് പണികൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് നായകന്റെ പിതാവ് ആലോചിക്കുന്നു... അതൊരു വിരസമായ നോവലായിരുന്നു. അത് വായിച്ചുതീർക്കാൻ വേണ്ടിവന്ന രാത്രികൾ പേടിയോടെയാണ് ഓർമ്മിക്കുക.

ഞങ്ങൾക്ക് പിറകിൽ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ പ്രകാശവിന്യാസിതമായി നിൽക്കുന്നുണ്ട്...

ഒബ്‌റോയ് മുംബൈയിലെ വളരെ പ്രാധാനപ്പെട്ട വർത്തക കുടുംബമാണെന്ന് തോന്നുന്നു. അവരുടെ സ്ഥാപനങ്ങൾ മുംബൈയുടെ പല ഭാഗങ്ങളിലും കാണാം.  മകൻ താമസിക്കുന്നതിന് അടുത്ത് 'ഒബ്‌റോയ് മാൾ'എന്ന ഒരു വലിയ കച്ചവടസമുച്ചയമുണ്ട്. വല്ലപ്പോഴും അവനെ കാണാനെത്തുമ്പോൾ ഞങ്ങൾ ഒരുപാട് സമയം അവിടെ ചിലവിടാറുണ്ട്. നല്ല തീൻശാലകളും മദ്യശാലകളും അവിടെയുണ്ട്. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ദേശീയപാത ഈ മാളിനോട് തൊട്ടുചേർന്നാണ് കടന്നുപോകുന്നത്. എന്നിട്ടും ഈ മദ്യശാലകൾ ഇവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചിന്ത അലോസരപ്പെടുത്താതിരിക്കാൻ, അവിടെയിരിക്കുമ്പോൾ ഞാൻ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്.  ക്രോസ് വേർഡിന്റെ ഒരു പുസ്തകശാലയും അസംഖ്യം സിനിമാശാലകളും അവിടെയുണ്ട്. കോട്ടും പട്ടുസാരിയും ധരിച്ച പ്രൗഡരൂപികളായ കൈനോട്ടക്കാരെയും നടുവിൽ തന്നെയുള്ള കിയോസ്‌ക്കുകളിൽ കാണാം. മനുഷ്യമോഹത്തിന് അതിരുകൾ ഉണ്ടാക്കിയിട്ടില്ല ഈ മാളുകൾ എന്ന് തോന്നും...

ട്രൈഡന്റിലേയ്ക്ക് നോക്കി ഞാൻ അവനോട് ചോദിച്ചു; "നിനക്കോർമ്മയുണ്ടോ ഈ ഹോട്ടലിൽ ടെററിസ്റ് അറ്റാക്ക് നടന്നത്... ടിവിയിലൊക്കെ നമ്മൾ കണ്ടിരുന്നു..." ഹോട്ടലിലിന്റെ അസംഖ്യം ജാലകപ്പഴുതുകളിലൂടെ വമിക്കുന്ന മഞ്ഞവെട്ടത്തിലേയ്ക്ക് അവൻ ഏതാനും നിമിഷങ്ങൾ അലസമായി നോക്കിയിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല. അവൻ ഓർക്കുന്നുണ്ടാവില്ല. അവനന്ന് പത്തു വയസ്സോ മറ്റോ ആയിട്ടേയുണ്ടാവു...

എന്നാൽ ഇപ്പോഴത്തെ അവന്റെ  പ്രായത്തിലുള്ള കുട്ടികളാണല്ലോ അന്ന് ആ ആക്രമണത്തിൽ പങ്കെടുത്തതെന്ന് ഓർത്തു. ഞാൻ അവനെ നോക്കി. കഴുത്തിലൂടെ വലിയ യന്ത്രവേധതോക്കും തൂക്കിനടക്കുന്ന അജ്മൽ കസബിന്റെ ആ ചിത്രവും അപ്പോൾ ഓർമ്മിച്ചു...

സ്വന്തം തിരഞ്ഞെടുപ്പിന്റേതാണ് ജീവിതം എന്ന് കരുതിപ്പോവരുത്. പ്രാപഞ്ചികമായ  ഒരു അബോധധാര എല്ലാ ചലനങ്ങളുടെയും സിരയിലുണ്ട്...!


പിന്നീട് ഞങ്ങൾ ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിലേയ്ക്ക് നടന്നു. കുറച്ച്  അധികം ദൂരമുണ്ട്. ഇത്രയും ദൂരമൊന്നും നടക്കാനുള്ള ആവശ്യമോ അവസരമോ ഉണ്ടാവാറില്ല ഇപ്പോൾ... മറൈൻഡ്രൈവിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നു. ഷട്ടർസ്പീഡ് കുറച്ച് ഒരു ക്യാമറ തുറന്നുവച്ചാൽ, ഓടിപ്പോകുന്ന വാഹനങ്ങളുടെ വെട്ടം നീണ്ടവരയായി തെളിയുന്ന ചിത്രങ്ങൾ കിട്ടും. ചൗപ്പാത്തി തീരം മുതൽ നരിമാൻപോയിന്റ് വരെ അർദ്ധവൃത്തത്തിൽ കിടക്കുന്ന മറൈൻഡ്രൈവിന്റെ അത്തരം രാത്രികാല ചിത്രങ്ങൾ ഒരുപാട് കണ്ടിരിക്കുന്നു. അതിൽ പലതും ഈ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നും എടുത്തതാണ് എന്ന് തോന്നും.

ചർച്ച് ഗേറ്റിലേയ്ക്ക് നടക്കവേ ഒരു ചെറിയ വഴി തിരിഞ്ഞുപോകുന്ന ഭാഗത്തേയ്ക്ക് ചൂണ്ടി, ഒരു കൂട്ടുകാരന്റെ വീട് അങ്ങോട്ടാണെന്ന് മകൻ പറഞ്ഞു. ആ കൂട്ടുകാരന്റെ പേര് പലപ്പോഴും അവൻ പറഞ്ഞു പരിചിതമാണല്ലോ എന്നുതോന്നി. ആ കൂട്ടുകാരനുമായാണ് വെല്ലിങ്‌ടൺ ജെട്ടിയിൽ നിന്നും ബോട്ടിൽ കയറി മുംബൈ ഉൾക്കടൽ മുറിച്ചുകടന്ന് അലിബാഗിൽ പോയി രാത്രി തങ്ങിയതെന്ന് അവൻ എന്നെ ഓർമ്മിപ്പിച്ചു. അവർ രണ്ടുപേരും കൂടി അലിബാഗ് കടപ്പുറത്ത്, തിരകളിൽ നനഞ്ഞിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടത് അപ്പോൾ ഓർത്തു...

എന്നെ ഒരു ലോക്കലിൽ കയറ്റണമെന്ന് മകൻ ആഗ്രഹിക്കുന്നു. ലോക്കൽ ട്രെയിനിൽ കയറാതെ മുംബൈ പൂർത്തിയാവില്ലെന്ന പതിവു ധാരണ അവനും പകർന്നുകിട്ടിയിട്ടുണ്ടാവണം. അവന്റെ അമ്മയും സഹോദരിയും ഉള്ളപ്പോൾ ലോക്കലിൽ കയറുക എന്ന സാഹസത്തിന് ഞങ്ങൾ മുതിരുകയില്ല എന്നവൻ കരുതിയിരുന്നിരിക്കണം.

ചർച്ച് ഗേറ്റ് തീവണ്ടി നിലയത്തിൽ നിന്നും ഗോരേഗാവിലേയ്ക്ക് ടിക്കറ്റെടുത്തു. കയറുമ്പോൾ, പ്രതീക്ഷിച്ച തിരക്ക് തീവണ്ടിയിലുണ്ടായിരുന്നില്ല. ഓഫിസ് വിടുന്ന സമയത്തെ തള്ള് ഇപ്പോൾ കഴിഞ്ഞതാവാം. നേരെ എതിർഭാഗത്ത് രണ്ട് ചെറുപ്പക്കാരും ഒരു യുവതിയും ഇരിക്കുന്നുണ്ട്. ഏതോ വഴിയോര തീൻശാലയിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന ആഹാരസാധനങ്ങൾ പകുത്തുകഴിക്കുന്ന തിരക്കിലാണവർ. തട്ടുകടകളിൽ സുലഭമായി കിട്ടുന്ന പാനിപൂരി എന്ന വിഭവവും അനുസാരികളും ആണെന്ന് തോന്നുന്നു. വിളറിയ നിറമുള്ള ആ പെൺകുട്ടിയുടെ കൈനഖങ്ങൾക്കിടയിൽ അഴുക്കിന്റെ കറുത്തവരകൾ...

മറാത്താ സ്ത്രീകൾ സുന്ദരികളത്രേ. രവിവർമ്മ തന്റെ ചിത്രങ്ങൾക്ക് മോഡലുകളാക്കിയത് മറാത്താ സ്ത്രീകളെയും കൊടവ സ്ത്രീകളെയും ആണെന്നാണ് ചരിത്രപക്ഷം. കുടക് സന്ദർശനവേളകളിൽ കൊടവ സ്ത്രീകളുടെ, പുരുഷന്മാരുടെയും, വ്യതിരിക്തമായ ആകാരസൗഷ്ഠവം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു. മുംബൈയിൽ പക്ഷെ അത് സാധ്യമായിരുന്നില്ല. മറാത്താ വംശീയതയെ നഖശിഖാന്തം പ്രതിനിധീകരിക്കുന്നില്ല മഹാനഗരത്തിന്റെ ജനസാന്ദ്രമായ തെരുവുകൾ എന്നതാവാം കാരണം.

  
പട്ടണങ്ങളുടെ മുൻഭാഗം തെരുവുകളിലേയ്ക്കാണ് തുറന്നിരിക്കുന്നത്, പിൻഭാഗം തീവണ്ടിപ്പാളങ്ങളിലേയ്ക്കും. ലോകത്തെവിടെയും അതങ്ങനെയാണ് - തീവണ്ടികൾ പോകുന്നത് നഗരത്തിന്റെ പിൻകാഴ്ചകളിലൂടെയാണ്. മുംബൈ എന്ന ഏറ്റവും വലിയ ഇന്ത്യൻ പട്ടണത്തിന്റെ പിന്നാപുറത്തുകൂടെയാണ് ലോക്കലുകൾ ഓടുക. ജാലകക്കാഴ്ചകൾ നിറമുള്ളതല്ല. ഹാജിമസ്താന്റെയും വരദരാജ മുതലിയാരുടെയും ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയുമൊക്കെ നഗരം. ഇപ്പോൾ കാഴ്ചയിലൂടെ കടന്നുപോയ ആ ചെറിയ ഗലിയിലൂടെ ഒരിക്കൽ ഹാജി മസ്താൻ നടന്നുപോയിരിക്കാം..., കുമ്മായം അടർന്നുതുടങ്ങിയ ചുമരിലൂടെ രണ്ടാം നിലയിലേയ്ക്ക് ചേർത്തുവച്ചിരിക്കുന്ന നേർത്ത ലോഹഗോവണി. അതിലൂടെ കടന്നുചെല്ലുന്ന മുറികളിലൊന്നിൽ ഒരിക്കൽ ദാവൂദ് കയ്യിലൊരു പിസ്റ്റളുമായി ആരെയോ കാത്തിരുന്നിരിക്കാം... (ഇതൊക്കെ പോപ്യുലർ അധോലോക സിനിമാഭാവുകത്വം ഉളവാക്കുന്ന മനോവിചാരങ്ങൾ. അവരൊന്നും ഇങ്ങനെയായിരിക്കില്ല ഒരുപക്ഷേ ജീവിക്കുക...)

സ്റ്റേഷനുകൾ കഴിയുന്തോറും ജനത്തിരക്ക് വർദ്ധിച്ചു. ഞാൻ അസ്വസ്ഥനാവുന്നുണ്ടോ എന്ന് മകൻ ശ്രദ്ധിക്കുന്നത് എനിക്ക് മനസ്സിലാക്കാം. അവന് നല്ല ഓർമ്മയാവുന്ന കാലമാവുമ്പേഴേയ്ക്കും, ഞാൻ സാവധാനം നടക്കുന്ന, തിരക്കുകളിൽ നിന്നും അകലെ കഴിയുന്ന, അലോസരപ്പെടുത്തുന്ന ഇടങ്ങളിൽ ചെന്നെത്തപ്പെടാൻ ആഗ്രഹിക്കാത്ത ഒരാളായി മാറിക്കഴിഞ്ഞിരുന്നു. അച്ഛന്റെ വിദൂരമായ ഭൂതകാലജീവിതം, വല്ലപ്പോഴും കേട്ടിരുന്ന കാല്പനികതൊങ്ങലുകൾ പിടിപ്പിച്ച അതികഥനമായി മാത്രമേ അവന് തോന്നിയിട്ടുണ്ടാവു...

"അന്ധേരി കഴിയുമ്പോൾ നല്ല തിരക്കാവും. ഗോരേഗാവിൽ ഇറങ്ങാൻ ചിലപ്പോൾ അപ്പയ്ക്ക് ബുദ്ധിമുട്ടാവും..."
"ഇപ്പോൾ എന്തുചെയ്യും?" ഞാൻ ചോദിച്ചു.
"നമുക്ക് അന്ധേരിക്ക് മുൻപ് സാന്താക്രൂസിൽ ഇറങ്ങാം. അവിടെ നിന്നും ഒലെ എടുക്കാം."
"ശരി..."
സാന്താക്രൂസിൽ ഇറങ്ങാൻ നിൽക്കുമ്പോൾ, ട്രാൻസ്‌പോർട് ബസ്സിന്റെ വാതിലിലും ഗോവണിയിലുമൊക്കെ തൂങ്ങിക്കിടന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച ഹൈസ്‌കൂൾ കാലം ഓർത്തു. എന്നെ ലക്ഷ്യംവച്ച് ആക്രോശിച്ച് ഇരമ്പിവന്ന ഒരു കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ നല്ല വേഗത്തിൽ പോവുകയായിരുന്ന ഒരു സിറ്റിബസ്സിൽ, ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നിമിഷത്തിന്റെ ഉണർച്ചയിൽ, ചാടിക്കയറി രക്ഷപ്പെട്ട ബിരുദപഠനകാലത്തെ ഒരു ദിവസം ഓർത്തു. മരണത്തിൽ നിന്നും കയറിവന്ന ഒരുവനെയെന്നപോലെ എന്നെ തുറിച്ചുനോക്കുന്ന ആ ബസ്‌കണ്ടക്റ്ററുടെ മുഖം ഞാനോർത്തു. അപ്പോൾ അയാളെ നോക്കി ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചതും ഓർത്തു...!


സാന്താക്രൂസ് തീവണ്ടി നിലയത്തിനടുത്തായി ഒരു വഴിയോര കച്ചവടത്തെരുവുണ്ട്. കടകളിലെ വിളക്കുകൾ കൊണ്ട് പ്രഭവീണ തെരുവ്. അവിടെ ഇറങ്ങിയത് നന്നായി എന്നുതോന്നി. മധുരപലഹാരങ്ങളുടെയും മാമ്പഴങ്ങളുടെയും ഒക്കെ ഒരുപാട് കടകൾ. കുറച്ചു വാങ്ങിക്കൊണ്ട് പോകാം. മധുരപലഹാരങ്ങളില്ലാതെ ഗൾഫുകാരൻ മടങ്ങിപ്പോകാൻ പാടില്ലല്ലോ.

സാന്താക്രൂസ് സുപരിചിതമായ പേരാണ്. ബോംബെ വിമാനത്താവളം അത് നിൽക്കുന്ന സ്ഥലത്തിന്റെ പേരിൽ - സാന്താക്രൂസ് - എന്നായിരുന്നല്ലോ മുൻപ് അറിയപ്പെട്ടിരുന്നത്. ആ വിമാനത്താവളം ഇപ്പോൾ ആഭ്യന്തര വിമാനങ്ങൾക്കുള്ളതായി മാറിയിരിക്കുന്നു. കുറച്ചുമാറി മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ വന്നിട്ടുണ്ട്. അതിഗംഭീരമായ വിമാനത്താവളമാണ് അതെന്ന് പറയാതെ വയ്യ. ഏത് ലോകോത്തര വിമാനത്താവളത്തോടും ഒപ്പം നിൽക്കാനാവുന്ന മനോഹരവും ആധുനികവുമായ നിർമ്മിതി - ഛത്രപതി ശിവജി ടെർമിനൽ. സി.എസ്.ടി എന്ന് നാവ് വഴങ്ങാത്തവർക്ക് ചുരുക്കി പറയാം.

സാന്താക്രൂസിൽ നിന്നും മടങ്ങുന്ന വഴി ഈ വിമാനത്താവളത്തിന്റെ കവാടഭാഗത്തിലൂടെ കടന്നുപോവുകയുണ്ടായി. രണ്ടു മണിക്കൂറുകൾക്ക് ശേഷം എനിക്കീ വിമാനത്താവളത്തിലേയ്ക്ക് മടങ്ങിവരേണ്ടതുണ്ട്. അവിടെ നിന്നും സ്ഥിരപരിചിതമായ ദിനചര്യയുടെ വെയിൽലോകത്തേയ്ക്ക് മടക്കയാത്ര തുടങ്ങേണ്ടതുണ്ട്. മുംബൈയുടെ വിഹ്വലതകളിൽ മകൻ തനിച്ചാവും എന്ന ഭയപ്പാടൊന്നും ഇപ്പോൾ ഉണ്ടാവേണ്ടതില്ല. മഹാനഗരത്തിന്റെ താളങ്ങളിലേയ്ക്ക് അവൻ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഞാനറിയുന്നുണ്ട്...


ഇപ്പോൾ പക്ഷെ ഞാൻ വെസ്റ്റേൺ എക്സ്‌പ്രസ് വേ എന്നറിയപ്പെടുന്ന, മുംബൈക്ക് കുറുകേ, തെക്കു-വടക്കു കിടക്കുന്ന, വലിയ റോഡിലൂടെ നിരങ്ങിനീങ്ങുന്ന ടാക്സിക്കാറിൽ ഇരിക്കുകയാണ്. എന്നത്തേയും പോലെ നിരത്തിൽ അസഹ്യമായ തിരക്ക്. ആസൂത്രണമില്ലാത്ത ഒരു നഗരമാണ് മുംബൈ. എവിടെ നിന്നോ വളർന്നുതുടങ്ങി തോന്നുംപടി എല്ലാഭാഗത്തേയ്ക്കും അത് പടർന്നുപോകുന്നു. അവ്യവസ്ഥയാണ് അതിന്റെ സ്ഥായീഭാവം. നവിമുംബൈയിലേയ്ക്കും അടുത്ത ജില്ലയായ താനയിലേയ്ക്കുമൊക്കെ, തനത് സ്വഭാവസവിശേഷതയോടെ അത് വളർന്നുകയറിയിരിക്കുന്നു.

മനുഷ്യന്റെ വ്യവഹാരം നടക്കാത്ത ഒരിഞ്ചു ഭൂമി മുംബയിൽ ഉണ്ടാവാൻ വഴിയില്ല. എല്ലായിടത്തും മനുഷ്യരാണ്...

വലിയ പാതയുടെ ഓരംപറ്റി മുഷിഞ്ഞ ചേലചുറ്റിയ ഒരു സ്ത്രീയും രണ്ടു കുട്ടികളും വലിയ തിരക്കുകൂട്ടാതെ നടന്നുപോകുന്നത് എനിക്കിപ്പോൾ കാണാം. അതിൽ ആൺകുട്ടിയുടെ കയ്യിലെ അൽപ്പം ഭാരമുള്ള പ്ലാസ്റ്റിക് പൊതി അവൻ വലത് നെഞ്ചിനോടുചേർത്ത് സുരക്ഷിതമായി പിടിച്ചിട്ടുണ്ട്. അമ്മയും മക്കളുമാവാം. ആ സ്ത്രീ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കുട്ടികൾ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് മുഖമുയർത്തി സാകൂതം അവരുടെ സംസാരം ശ്രദ്ധിക്കുന്നുമുണ്ട്. തങ്ങളോട് തൊട്ടുചേർന്ന് അതിഭീമാകാരമായ ഉരഗത്തെപ്പോലെ ഇരമ്പുന്ന വാഹനവ്യൂഹത്തെ അവർ അറിയുന്നുപോലുമില്ല... ഞാൻ, ഞങ്ങൾ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവറെ നോക്കി. ലഭ്യമാവുന്ന വിടവിലൂടെ വാഹനം എങ്ങനെയെങ്കിലും മുന്നിലേയ്ക്കെത്തിക്കുന്നതിൽ ശ്രദ്ധാലുവായി ഇരിക്കുകയാണ് അയാൾ. മകൻ മൊബൈലിൽ എന്തോ പരതുന്നു... - എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരാണ്.

നഗരം അവ്യവസ്ഥമാകാം - നാഗരികത അങ്ങനെയല്ല. ശ്രദ്ധാപൂർവ്വം പിന്തുടർന്നില്ലെങ്കിൽ ഏറെക്കൂറെ അഗോചരമായിരിക്കുന്ന, ഛിന്നമായ  മനുഷ്യജീവിതത്തിന്റെ സൂക്ഷമവ്യവസ്ഥകളിലൂടെയാണ് അത് വളരുന്നത്...!

൦൦

4 comments:

  1. മുംബൈയെ എത്ര മനോഹരം ആയിട്ടാണ് കോറിയിട്ടത്. വായനക്കാർ എല്ലാവരും കൂടെ ഉള്ളതുപോലെ... ആശംസകൾ

    ReplyDelete
  2. ഇത്ര നന്നായി ഞാന്‍ മുംബൈയെ ഇതിനു മുന്‍പ് വായിച്ചിട്ടില്ല... ഇഷ്ടം!

    ReplyDelete