Sunday 13 April 2014

ആശയം + വ്യക്തി = ആശയജീവിതം?

'ആശയജീവിതം' എന്ന വാക്ക് എന്താണ് പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നത്? 

ഒരു സവിശേഷ ആശയത്തെ മുൻനിർത്തിയുള്ള വ്യക്തിജീവിതമോ? വ്യക്തിജീവിതത്തിന്റെ പരിണാമങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന ആശയ പ്രതിഫലനത്തിന്റെ സമഗ്രതയോ? അതോ ഒരു ആശയത്തിന്റെ തന്നെ ജീവചരിത്രമോ?

ഈ ചോദ്യങ്ങളിലെല്ലാം ഒരു വ്യക്തി മൂർത്തമായി തന്നെ സന്നിഹിതനാണ്. "I think therefore I am" എന്ന, ഫ്രഞ്ച് ചിന്തകനായ Rene Descartes - ന്റെ പ്രശസ്തമായ പതിനേഴാം നൂറ്റാണ്ട് പ്രയോഗം വ്യക്തിജീവിതത്തിൽ ചിന്തയ്ക്കുള്ള അതിപ്രാധാന്യം സൂചിപ്പിക്കുന്നു. വ്യക്തിതലത്തിൽ ചിന്തയേയും ആശയത്തേയും കൃത്യമായി വിഭവിച്ചെടുക്കാൻ പ്രയാസമാണ്. തത്വചിന്തയോ ഗണിതശാസ്ത്രമോ പോലെ സവിശേഷമായ വിഷയങ്ങളിലുള്ള ആശയപദ്ധതികൾ മാത്രമല്ല ഇവിടെ സൂചിതം. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ വലിയ വൃത്തത്തിൽ മനുഷ്യരാശിക്കിടയിൽ സന്നിഹിതമാണ്. പ്രാഥമികതയിൽ ഈ ആശയങ്ങൾ അനേകകോടി മസ്തിഷ്കങ്ങളെ ചലനാത്മകമാക്കുന്നു. കൊമ്മ്യൂണിസം പോലുള്ള ആശയങ്ങളുടെ വ്യവഹാരവും മറ്റൊരു തലത്തിലല്ല. ശാസ്ത്രം സന്നിഹിതമാക്കിയിരിക്കുന്ന പല യുക്തികൾക്കും ഇത്തരത്തിൽ ഒരു ബ്രുഹദാഖ്യാനത്തിന്റെ തലമുണ്ട്‌. ഇത്തരം വലിയ ആശയങ്ങളുടെ പ്രത്യേകത, വ്യക്തിജീവിതത്തിലെ ഒരു സവിശേഷ ഘട്ടം കഴിഞ്ഞാൽ അവ ആശയത്തിന്റെ ചലനാത്മകതലം ഉപേക്ഷിക്കുകയും വിശ്വാസത്തിന്റെ തലം ആർജ്ജിക്കുകയും ചെയ്യുന്നു എന്നതാണ്. വിശ്വാസം എന്നത് മൂർത്തവും നിശ്ചേതനവുമായ ആശയമോ ആശയങ്ങളുടെ സഞ്ചയമോ ആണ്. പിന്നീട് ആ വിശ്വാസത്തിന്റെ ആയാസരഹിതമായ ശീതളിമയാണ് ആ വ്യക്തിജീവിതം പ്രതിഫലിപ്പിക്കുക. ഇത്തരം ബ്രുഹദാഖ്യാനങ്ങളിലുള്ള വിശ്വാസം അബോധമായി സന്നിഹിതമായിരിക്കുമ്പോൾ കൂടി മറ്റനേകം ചിതറിയ ആശയധാരകളും ആ വ്യക്തിജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ അവയെ ചില ചാലുകളിലേയ്ക്ക് നിയന്ത്രിക്കുന്ന രാസവസ്തുവായി ഈ വിശ്വാസം നിൽക്കുന്നു.

Rene Descartes
യുക്തിചിന്ത ശാസ്ത്രം സാധ്യമാക്കിയതല്ല. നേരേ മറിച്ചാണ് - യുക്തിചിന്തയാണ് ശാസ്ത്രത്തെ ഉണ്ടാക്കിയത്. യുക്തിയുടെ ആധികാരികതയ്ക്ക്‌ വേണ്ടിയുള്ള അന്വേഷണത്തെയാണ്‌ സയൻസ് എന്ന് വിളിക്കുക. വലിയ വൃത്തത്തിൽ മനുഷ്യരാശിയെ സ്വാധീനിച്ച ശാസ്ത്ര നിരീക്ഷണങ്ങളെപ്പോലും ബ്രുഹദാഖ്യാനത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പലരും മടിക്കുന്നത് അതുകൊണ്ടാവാം. കാരണം അത് വിശ്വാസത്തിലേയ്ക്കുള്ള ഓരോ ചാട്ടത്തേയും അത്രയും ശക്തിയോടെ പിന്നിലേയ്ക്ക് വലിച്ചുകൊണ്ട് കൂടിയിരിക്കുന്നു. ഉദാഹരണത്തിന്, പരിണാമസിദ്ധാന്തത്തെ ഒരു വിശ്വാസമായി കരുതുന്ന സാക്ഷര മനുഷ്യരാശിയിലെ വലിയൊരു വിഭാഗമുണ്ട്. അത് ആ ആശയത്തിന്റെ ബ്രുഹദാഖ്യാനതലമാണ്. എന്നാൽ നമുക്കറിയുന്ന ശാസ്ത്രനിരീക്ഷണങ്ങളുടെ കാലയളവിലൊന്നും ഒരു ചെറിയ ജീവിപോലും പരിണമിച്ച് പൂർണ്ണമായും മറ്റൊരു ജീവിയായി മാറിയിട്ടില്ല. ലഭ്യമായ തെളിവുകളെ മുൻനിർത്തിയുള്ള ശാസ്ത്രനിഗമനങ്ങൾ മാത്രമാണവ. ശാസ്ത്രസംബന്ധിയായ ആശയങ്ങളുടെ വിശ്വാസതലത്തെ പൊളിച്ചുകളയുന്ന, അല്ലെങ്കിൽ അത്തരത്തിൽ എളുപ്പം നിശ്ചേതനമാവാൻ അനുവദിക്കാതെ നിരന്തരമായ അന്വേഷണങ്ങളിലെയ്ക്ക് ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു ഘടകമാണത്.

ഇതിന്റെ മറ്റൊരു വശവുമുണ്ട്. ഭൂമി പരന്നതായിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് ആ വിശ്വാസത്തിന് ഒരു paradigm shift സംഭവിച്ചു. ഭൂമി ഉരുണ്ടാതായി മാറി. ആ മാറ്റത്തിന്റെ മദ്ധ്യകാലത്ത് ഭൂമി ഉരുണ്ടതാണെന്നത് ഒരു നിഗമനമായിരുന്നു. അതിന് വിശ്വാസത്തിന്റെ തലം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഭൂമി ശരിക്കും ഉരുണ്ടാതായി. കിഴക്കോട്ട് കപ്പലോടിച്ചുപോയവർ പടിഞ്ഞാറ് ചെന്നെത്തി. അതുകഴിഞ്ഞ് ഉപഗ്രഹങ്ങളിൽ കയറിയിരുന്ന് ചിലർ ഭൂമിക്ക് ചുറ്റും വണ്ടിയോടിച്ചു. നിഗമനങ്ങളുടെ സന്ദേഹാവസ്ഥ മുഴുവനായും നഷ്ടമായി. എന്നു മാത്രമല്ല അതിന്റെ ശാസ്ത്രതലം പോലും നഷ്ടമായി. ഭൂമി ഉരുണ്ടതാണ് എന്നത് വെറും വസ്തുത മാത്രമായി. യുക്തിയുടെ തീർപ്പുകൾ വിശ്വാസങ്ങളാവുന്നില്ല, വസ്തുതകളാവുന്നു. 

യുക്തി എന്നത് പ്രാഥമികമായി വ്യക്തിയിൽ സ്വസന്നിഹിതമാണ് എന്ന് പറയാനാണ് ശ്രമിച്ചത്. പ്രായോഗികബുദ്ധി എന്നതുപോലെ യുക്ത്യാധിഷ്ഠിതമായ മസ്തിഷ്കവും വ്യക്തിയിൽ ഉപാധിരഹിതമായി നിലനില്ക്കുന്നു. (യുക്തി എന്ന് പറയുമ്പോൾ അതിനെ പൊതുവേ വ്യവഹരിച്ചു വരുന്ന 'യുക്തിവാദം' എന്നനിലയ്ക്ക് കഠിനയാന്ത്രികമായി മനസ്സിലാക്കേണ്ടതില്ല.) വ്യക്തിയിൽ ആശയങ്ങൾ വിശ്വാസങ്ങളായി പരിണമിക്കാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് ഈ മസ്തിഷ്കത്തിന്റെ ചലനാത്മകതയാണ്. ഒരു ഉദാഹരണം ഇങ്ങിനെ കണ്ടെത്താൻ ശ്രമിക്കാം. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ദൈവത്തിലാണ്. ദൈവം ഉണ്ടെന്നത് ഒരു സങ്കൽപ്പമാണ്. ദൈവാന്വേഷണം എന്നത് മാനസികവ്യാപാരം മാത്രമാണ്. ഭൗതികമായി ദൈവത്തെ തിരക്കുന്ന ഒരു ശാസ്ത്രാന്വേഷണം അസാധ്യമായ കാര്യമാണ്. ആശയം മനസ്സിലാക്കി വരുന്ന ചെറുപ്രായത്തിൽ മതചിന്തകൾ മറ്റൊരു ജ്ഞാനസ്വാംശീകരണം എന്ന നിലയ്ക്ക് ചിന്തയെ ചലനാത്മകമാക്കുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോൾ അത്തരം ചിന്തകൾ വഴിമുട്ടുകയും, മനുഷ്യനിൽ അന്തർലീനമായ കാരണങ്ങൾ കൊണ്ടുതന്നെ, ആ ആശയത്തെ വിശ്വാസത്തിന്റെ തലത്തിലേയ്ക്ക് അനിവാര്യമായി മാറ്റിനിർത്തുകയും ചെയ്യേണ്ടിവരുന്നു. സ്വാഭാവികമായ യുക്തിചിന്തയുടെ ശീതീകരണമാണ് അവിടെ സംഭവിക്കുന്നത്‌. എന്നാൽ ഒരു ആശയത്തിന് വിശ്വാസത്തിന്റെ തലത്തിലേ ഇനി അസ്തിത്വമുള്ളൂ എന്ന മനസ്സിലാക്കലിൽ ആ വഴിയിൽ നിന്നും മാറിപോകുന്ന വ്യക്തി രണ്ട് തരത്തിലാണ് പ്രസക്തനാകുന്നത്. ഒന്ന്, ആ ആശയത്തെ അയാൾ വിശ്വാസമായി തിരിച്ചറിയുന്നു. രണ്ട്, വിശ്വാസം ചലനാത്മകമായ ആശയങ്ങളുടെ ചിന്താസരണിക്ക് അരുനിൽക്കുന്നില്ല എന്നതിനാൽ അതിനെ കടന്നുപോകുന്നു.

ഡെനിസോവനുകൾ (വരച്ചത്)
മറ്റൊരു അടരിന്റെ വിശദീകരണത്തിന് പരിണാമ സിദ്ധാന്തത്തിലേയ്ക്ക് ഒന്നുകൂടി വരാം. കുരങ്ങിൽ നിന്നും മനുഷ്യനിലേയ്ക്കുള്ള പരിണാമത്തിൽ മനുഷ്യനാവുന്നതിനു തൊട്ടുമുൻപുള്ള രണ്ട് പ്രധാനവിഭാഗങ്ങളായി പഠിച്ചിട്ടുള്ളത് നിയാണ്ടർതാലുകളും ഹോമോസാപ്പിയനുകളുമാണ് (ഹോമോസാപ്പിയനിലെ ഒരു ഉപവിഭാഗമായി പോലും നിയാണ്ടർതാലുകളെ കാണാമത്രേ). ഹോമോസാപ്പിയനിൽ നിന്നും ആധുനിക മനുഷ്യർ ഉണ്ടായി വന്നപ്പോൾ നിയാണ്ടർതാലുകൾ ഏകദേശം നാല്പതിനായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ 2010 - ൽ സൈബീരിയയിലെ ഡെനിസോവൻ ഗുഹയിൽ നിന്നും ലഭിച്ച ഒരു എല്ല് പരീക്ഷണ വിധേയമാക്കിയപ്പോൾ, നിയാണ്ടർതാലുകൽ അന്യംനിന്ന കാലഘട്ടത്തിൽ അവരെപ്പോലെ തന്നെ ഇന്നത്തെ മനുഷ്യരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു വിഭാഗം കൂടി ഉണ്ടായിരുന്നതായുള്ള പുതിയ ശാസ്ത്രവെളിപ്പെടുത്തൽ ഉണ്ടായി. ആ വിഭാഗം ഡെനിസോവനുകൾ എന്ന പേരിൽ അറിയപ്പെടുന്നു. ആശയത്തെ സാധൂകരിക്കാനുള്ള ത്വരയുമായി യുക്തിചിന്ത ഇവിടെ നിരന്തരം അന്വേഷണത്തിലാണെന്ന് കാണാം. ഭൗതികമായ കണ്ടെത്തലുകൾ ആശയത്തിന് പുതിയ വിഹായസ്സുകൾ നല്കുന്നു. ആശയത്തെ വിശ്വാസമാക്കി മാറ്റുന്ന യുക്തിരാഹിത്യത്തിന്റെ പൂർണ്ണമായൊരു തടയൽ ഈ അന്വേഷണത്തിന്റെ വഴിയിൽ പൊതുവേ സംഭവിക്കുന്നില്ല. ഉണ്ടാവുന്ന തടസ്സങ്ങളും പുതിയ കണ്ടെത്തലുകളും മറ്റൊരു ഗതിയിലേയ്ക്ക് അന്വേഷണത്തെ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. നേരിട്ട് ഇത്തരം പരീക്ഷണങ്ങളിലും പര്യവേക്ഷണങ്ങളിലും സംബന്ധിക്കുന്നില്ല എങ്കിൽ കൂടിയും ഈ ആശയങ്ങളിൽ ആകൃഷ്ടനായ വ്യക്തി സ്വയം നവീകരിക്കാൻ ബാധ്യസ്ഥനായി തീരുന്നു.

വ്യക്തിയെ മാറ്റിനിർത്തി ആശയത്തിന് സ്വയമൊരു ജീവിതമില്ല. ഒരു ആശയത്തിന്റെ സമഗ്രമായ ചരിത്രവായനയിൽ വേണമെങ്കിൽ വ്യക്തിയെ മാറ്റി സാമൂഹ്യസാഹചര്യത്തെ ആ വിടവിലേയ്ക്ക് കൊണ്ടുവരാമെങ്കിൽ പോലും സൂക്ഷ്മതയിൽ അത് വ്യക്തികേന്ദ്രിതമായി മാറും. കൊമ്മ്യൂണിസത്തിന്റെ ചരിത്രം ഒരുപക്ഷെ അതിലേയ്ക്ക് ഒരു പാളിനോട്ടം നൽകിയേയ്ക്കും. നിലവിലുള്ള വ്യവസ്ഥാപിത മതങ്ങൾക്കപ്പുറം ബ്രുഹദാഖ്യാനത്തിന്റെ വ്യാപ്തിയിൽ ഇന്ന് നിലനിൽക്കുന്ന ഒരു ആശയമാണ് കൊമ്മ്യൂണിസം. അത് എപ്പോൾ എവിടെ തുടങ്ങി എന്നത് കൃത്യമായി നിരീക്ഷിക്കാനാവും എന്ന് തോന്നുന്നില്ല. എങ്കിലും അത് താരതമ്യേന പുതിയ ആശയമാണ്. മാർക്സിലും എംഗൽസിലുമൊക്കെയാണ് അതിനു ക്രോഡീകരിക്കപ്പെട്ട നിജവ്യവസ്ഥ ലഭിക്കുന്നത്. ചില സാമൂഹ്യസാഹചര്യങ്ങളുടെ അനിവാര്യതയായാണ് അവരിൽ ആ ആശയം മൂർത്തത നേടുന്നത്. (എല്ലാ പ്രവാചക മതങ്ങളുടെയും പ്രഭവത്തിന് ഇത്തരത്തിലുള്ള സാമൂഹ്യാവസ്ഥകൾ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്‌.) കൊമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ മൂലധനമോ എഴുതപ്പെട്ടില്ലായിരുന്നുവെങ്കിൽ തുടർന്നു സംഭവിച്ച വലിയ കൊമ്മ്യൂണിസ്റ്റ് വിപ്ളവങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നോ, അസംതൃപ്ത തൊഴിലാളി വർഗ്ഗത്തിന്റെ ചെറുത്തുനില്പിനുള്ള അനേകം ചെറുസംഭവങ്ങൾ ദിശാബോധം നൽകിയിരുന്നില്ലെങ്കിൽ ഈ എഴുത്തുകൾ ഉണ്ടാകില്ലായിരുന്നു എന്നതോ ഹൈപ്പോതെറ്റിക്കൽ നിരീക്ഷണങ്ങളാണ്. ഈ സങ്കീർണ്ണ കൈവഴികളെ എല്ലാം ഒരു ഏകകമായി കാണേണ്ടിവരും. ആ ആശയത്തിന്റെ അത്തരത്തിലുള്ള സമഗ്രതയെ ഒരുപക്ഷേ വ്യക്ത്യാതിഷ്ഠിതമല്ലാത്ത അതിന്റെ ജീവചരിത്രമായി നിരീക്ഷിക്കാനായേക്കും.

00

No comments:

Post a Comment