Wednesday 28 January 2015

മഴമേഘങ്ങളിലേയ്ക്ക് പായുന്ന ദുരന്തമറവികൾ...

'വൈറ്റ്ക്രോ ആർട്ട്ഡെയ് ലി'യിൽ പ്രസിദ്ധീകരിച്ചത്. 

ഊർവ്വരതയുടെ നിദാനമാവുകയാൽ, ആദിമ ദൈവസങ്കല്പങ്ങളിലെ ഒരു പ്രാമാണിക ഘടകമാണ് മഴ. മഴയ്ക്ക്‌ വേണ്ടി യാഗം നടത്തുന്ന രണ്ട് സിനിമകളെങ്കിലും മലയാളത്തിൽ എന്റെ അറിവിലുണ്ട് - ഭരതന്റെ 'വൈശാലി'യും ജയരാജിന്റെ 'പൈതൃക'വും. ഉഷ്ണമേഖലാ പ്രദേശത്തിൽപ്പെടുന്ന കേരളത്തിൽ കൃത്യമായി നിർവ്വചിക്കപ്പെട്ട മൂന്ന് മഴക്കാലങ്ങൾ ഏറ്റകുറച്ചിലുകളോടെ വർഷത്തിന്റെ പകുതിയിലധികം ജലസാന്ദ്രമാക്കാറുണ്ട്. എങ്കിൽകൂടിയും അടുത്തകാലത്തും കേരളത്തിൽ അതിരാത്രങ്ങൾ നടത്തിയതായി വാർത്തകളുണ്ടായിരുന്നുവല്ലോ. പ്രാക്തനമായ ഗോത്രസംസ്കൃതിയുടെ ഓർമ്മകൾ ഉപലംഭിക്കുന്ന ഒരാചാരത്തിന്റെ പിന്തുടർച്ച എന്നതിനപ്പുറം അത്തരം മഴയാരാധനകളുടെ യുക്ത്യായുക്തികൾ അപ്രസക്തമാണ്. ലാവോസ് എന്ന മറ്റൊരു ഉഷ്ണമേഖലാ പ്രദേശത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ദ റോക്കെറ്റ്' എന്ന സിനിമയും മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ നടത്തുന്ന വിചിത്രമായ ഒരാചാരത്തിന്റെ അരികുപിടിച്ച് കൂടിയാണ് അതിന്റെ നാടകീയമായ പരിസമാപ്തിയിലേയ്ക്ക് എത്തുന്നത്.

ലാവോസ് എന്ന രാജ്യത്തെ കുറിച്ച് അധികമൊന്നും കേൾക്കാറില്ല. ലോകത്തിൽ കൊമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യഭരണം ഇന്നും ബാക്കിയായ വളരെ കുറച്ച് രാജ്യങ്ങളിൽ ഒന്നാണ് ലാവോസ്. ബർമ്മ, ചൈന, വിയറ്റ്‌നാം, കംബോഡിയ, തായ് ലാൻഡ്‌ എന്നീ രാജ്യങ്ങൾക്ക് നടുവിലായി കടൽത്തീരങ്ങളില്ലാതെ ഇടുങ്ങി സ്ഥിതിചെയ്യുന്ന രാജ്യമത്രേ അത്. കടൽത്തീരം ഇല്ലെന്നേയുള്ളൂ, ട്രോപ്പിക്കൽ കാലാവസ്ഥയാണ്, കേരളത്തിന്റെ ഉൾ/മലനാടുകൾ പോലെയാണ് ഭൂപ്രകൃതിയെന്ന് അവിടെ വച്ച് ചിത്രീകരിച്ച 'ദ റോക്കെറ്റ്' എന്ന സിനിമ കാണുമ്പോൾ മനസ്സിലാവുന്നു. ചിത്രീകരണ ഭംഗികൊണ്ട് തോന്നുന്നതുമാവാം, കേരളത്തെക്കാളും വന്യവും ഹരിതാഭവും ആയി പലപ്പോഴും അനുഭവപ്പെട്ടു എന്നതാണ് വാസ്തവം.


ആസ്ത്രേലിയക്കാരനായ ഡോക്യുമെന്ററി സംവിധായകൻ Kim Mordaunt - ന്റെ ആദ്യ കഥാചിത്രമാണ് 'ദ റോക്കെറ്റ്‌'. അദ്ദേഹം തന്റെ ഡോക്യുമെന്ററി ചിത്രീകരണങ്ങളുടെ ഭാഗമായി ലവോസിന്റെ ഭാഗങ്ങളിൽ വിപുലമായി സഞ്ചരിച്ചതിന്റെ പ്രതിസ്ഫുരണമായാണ് തന്റെ ആദ്യ കഥാചിത്രത്തിന്റെ ഭൂമികയും ആ പരിസരം തന്നെയായതെന്ന് കരുതാം. സോകോൾഡ് മൂന്നാംലോക രാജ്യങ്ങൾക്ക് പൊതുവേ അപരിചതമല്ലാത്ത, അയുക്തികമായ ഒരുപാട് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രദേശമായ വടക്കൻ ലാവോസിലെ ഗോത്രവർഗ്ഗ മേഖലയിലേയ്ക്കാണ് ഈ സിനിമയിലൂടെ കിമ്മിന്റെ ക്യാമറ പോവുക.

അത്തരത്തിലുള്ള ഒരു വിശ്വാസമാണ് ഈ സിനിമാക്കഥയുടെ ഗതി നിജപ്പെടുത്തുന്ന അടിയൊഴുക്ക്. ഇരട്ട കുട്ടികൾ ജനിച്ചാൽ അതിൽ ഒരു കുട്ടി നന്മകൾ കൊണ്ടുവരുമെന്നും മറ്റേ കുട്ടി നാശം കൊണ്ടുവരുമെന്നും ഈ ഗോത്രജനത വിശ്വസിക്കുന്നു. സിനിമയിലെ മുഖ്യകഥാപാത്രമായ കുട്ടി ഇരട്ടയായി ജനിക്കുകയും സഹോദരൻ ജന്മനാ തന്നെ മരിച്ചുപോവുകയും ചെയ്യുന്നു. നന്മയുടെയാണോ നാശത്തിന്റെയാണോ വിത്ത്‌ എന്നറിയാത്തതിനാൽ ബാക്കിയായ കുഞ്ഞിനെക്കൂടി കൊന്നുകളയാൻ ഭർതൃമാതാവ് ആവശ്യപ്പെടുന്നെങ്കിലും അവന്റെ അമ്മ അതിനു സമ്മതിക്കുന്നില്ല. അങ്ങനെ നാശവും നന്മയും ആരോപിതമാവാനുള്ള മൂർത്തരൂപമായി ഈ കുട്ടി വളർന്നുവരുന്നു.

കഥയുടെ വൈകാരിക പ്രതലം മാറുന്നതിനനുസരിച്ച് കാഴ്ചയുടെ തലത്തിന് സങ്കീർണ്ണമായ നിഴൽനിറപ്പകർച്ചകളിലൂടെ ഭാവവ്യതിയാനങ്ങളെ പൊലിപ്പിച്ചെടുക്കുന്ന വലിയ സാങ്കേതികതയൊന്നും ഈ സിനിമയിൽ എവിടെയും കാണാനാവില്ല. സുതാര്യവും ലളിതവും അതേ സമയം പ്രകൃതിയെ വശ്യമായി പകർത്തുകയും ചെയ്യുന്ന ഇമ്പമാർന്ന ദൃശ്യങ്ങളുടെ നൈരന്തര്യം കഥാസഞ്ചാരത്തിന് പിന്നിൽ ലയിച്ചു നിൽക്കുന്നു. (മഴയും വെയിലും, പ്രണയവും കാമവും ഒക്കെ ഒരുപോലെ തെളിമയോടെ ദൃശ്യമാവുക എന്നതും കാഴ്ചയുടെ കലകൂടിയാണ്‌ എന്ന നിലയ്ക്ക് സിനിമ കാംക്ഷിക്കുന്ന ദൃശ്യപരമായ സങ്കീർണ്ണ നിറപ്പകർച്ചയുടെ അഭാവവും പരാധീനതയാണ്.) കഥയുടെയും കാഴ്ചയുടെയും ഇത്തരത്തിലുള്ള നേർസാക്ഷാത്കാരത്തിന്റെ അടിയിൽ നിന്നുവേണം ലാവോസ് എന്ന രാജ്യം കടന്നുപോയ ഭീതിതമായ ഭൂതകാലത്തിന്റെ അടരുകൾ കണ്ടെടുക്കാൻ...

വികസ്വര രാഷ്ട്രങ്ങൾ നേരിടുന്ന വലിയൊരു സമകാല പ്രശ്നമാണ്, വികസനം ഒരു പ്രത്യേക പ്രദേശത്തു സംജാതമാക്കുന്ന സാമൂഹികവും സാംസ്കാരികവുമായ സംഘർഷം. തികച്ചും സാമൂഹ്യ പ്രതിബദ്ധം എന്ന് പറയാവുന്ന പല സിനിമകളും, പ്രത്യേകിച്ച് കഥേതര ചിത്രങ്ങൾ, ഈ വിഷയം സങ്കോചരഹിതമായി വ്യവഹരിച്ചിട്ടുണ്ട്. ഈ സിനിമയിലും ഒരു അണക്കെട്ട് നിർമ്മാണത്തിന്റെയും തദ്വാരായുള്ള കുടിയൊഴിപ്പിക്കലിന്റെയും രൂപത്തിൽ പ്രസ്തുത വിഷയം കടന്നുവരുന്നു. കഥാഗതിയുടെ ത്വരകം എന്നതിനപ്പുറം നേരിട്ടുള്ള സാമൂഹ്യവിമർശനത്തിന്റെ തലത്തിലല്ല അത് ഈ സിനിമയിൽ വിന്യസിച്ചിരിക്കുന്നതെന്ന് മാത്രം. അത്തരത്തിൽ ഒരു രാഷ്ട്രീയകാമന ആ വിഷയത്തിൽ, ഈ സിനിമ ആഗ്രഹിക്കുന്നില്ല എന്ന് പറയാമെങ്കിലും, ലാവോസിൽ അതും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാനുഭവമാണെന്ന് വെളിപ്പെടുന്നുണ്ട്.


വളരെ വിചിത്രമായ ഒരു റിക്കോഡുള്ള രാജ്യം കൂടിയാണ് ലാവോസ് - ലോകത്തിൽ ഏറ്റവും കൂടുതൽ ബോംബു ചെയ്യപ്പെട്ട രാജ്യം! അമേരിക്ക - വിയറ്റ്നാം യുദ്ധത്തിൽ ഈ പ്രദേശത്ത്‌ ബോംബുകളുടെ പെരുമഴയായിരുന്നുവത്രേ. അതിൽ പകുതിയിലധികം പൊട്ടാതെ ഇന്നും ലാവോസിന്റെ മണ്ണിൽ ചെറുജ്വാലാമുഖികളായി പുതഞ്ഞുകിടക്കുന്നു, മനുഷ്യനും മറ്റ് ജീവജാലകങ്ങൾക്കും ഭൂപ്രതലത്തിലൂടെ നടക്കാൻ ഏറ്റവും അപായകരമായ പ്രദേശമായി ആ രാജ്യത്തെ മാറ്റിക്കൊണ്ട്. ഈ ദുരന്ത സവിശേഷതയെ മുന്നിലേയ്ക്ക് കൊണ്ടുവരുന്ന അവസരങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ട്.

പൊട്ടാൻ പാകത്തിന് ഭൂപ്രതലത്തിൽ ഇന്നും ബാക്കിയായ ബോംബുകൾ ഒരു പ്രദേശത്തിന്റെ സാമൂഹ്യാനിവാര്യതയോ ദൈനംദിന ജീവിതത്തിന്റെ സന്നിഹിത നിരന്തരതയോ ആയി പരിണമിക്കുന്ന വിമാനുഷികതയുടെ ഏറ്റവും ഐറണിക്കലായ പ്രകാശനമാണ് സിനിമയുടെ അവസാനം കടന്നുവരുന്ന മഴയ്ക്കുവേണ്ടിയുള്ള ആചാരോത്സവം. പ്രാക്തനമായ അചാരങ്ങളുടെ സമകാലച്ഛായയിൽ തുടരുന്ന യാഗങ്ങളുടെയും ഉത്സവങ്ങളുടെയും ലളിത പ്രകഥനമായല്ല ഈ പ്രദേശത്ത്‌ മഴയ്ക്ക്‌ വേണ്ടിയുള്ള യാഗം നടക്കുന്നത്. അത് ഒരു യാഗമോ ഉത്സവമോ പോലുമല്ല - മത്സരമാണ്. ആകാശത്തിലേയ്ക്ക്, മേഘഗർഭങ്ങളിലെ ജലജന്യതയിലേയ്ക്ക്, മനുഷ്യനിർമ്മിതമായ, സാങ്കേതികമായി പ്രാകൃതമായ റോക്കെറ്റുകൾ പായിച്ചുകൊണ്ടാണ് അവർ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്.

ഗോത്രാസ്മൃതികൾ പേറുന്ന പ്രാകൃത്യമായ ഒരു രൂപകമല്ല റോക്കെറ്റ്. ലാവോസിനെ സംബന്ധിച്ച് അത് വിമാനുഷികം കൂടിയാണ്. മരണജ്വാലയായി താഴേക്ക് പാഞ്ഞുവരുന്ന മിസ്സൈലുകളും  ബോംബുകളും ആണവർക്ക് പരിചിതം. ആ ചിരപരിചിതത്വത്തിൽ നിന്നും ഉളവായ ഏതോ ചോദനയിൽ നിന്നാവാം മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ റോക്കെറ്റയയ്ക്കുക എന്ന വിചിത്രവും ആധുനികവുമായ ഒരാചാരത്തിലേയ്ക്ക് അവരെത്തുന്നത്. ദുരന്തത്തിന്റെ ഓർമ്മകളെ ഉത്സവത്തിന്റെ മറവിയിലേയ്ക്ക് ഒളിച്ചുകടത്തി അപ്രസക്തമാക്കുകയും. പൊട്ടാതെ ബാക്കിയായ ബോംബുകളിൽ നിന്നും മിസ്സൈലുകളിൽ നിന്നും അപകടകരമാംവിധം ശേഖരിക്കുന്ന വെടിമരുന്നുകൊണ്ടാണ് പലരും റോക്കെറ്റുകൾ ഉണ്ടാക്കുന്നതു പോലും. അത്തരത്തിൽ ഒരു ശ്രമത്തിനിടയ്ക്ക് നായകനായ ബാലൻ മരണത്തിൽ നിന്നും രക്ഷപ്പെടുന്നത് യാദൃശ്ചികത കൊണ്ടുമാത്രമാണ്.

അവസാനം മഴത്തുള്ളികൾ വീഴുന്നുണ്ട്‌. അത് പോപ്യുലർ ഫിനാലിയാണ്. 'വൈശാലി'യിലും 'പൈതൃക'ത്തിലും അതങ്ങിനെയാണ്. മറ്റ് വഴികളിലൂടെ പോകാൻ വേറൊരു തരം ആഴം വേണ്ടതുണ്ട്. താരതമ്യത്തിന്, പെട്ടെന്ന് ഓർമ്മവരുക മറ്റൊരു മൂന്നാംലോക ആവിഷ്കാരമായ ഖ്യെൻസെ നോർബുവിന്റെ 'ട്രാവലേഴ്സ് ആൻഡ് മജിഷ്യൻസ്' എന്ന ഭൂട്ടാനീസ് സിനിമയാണ്. പ്രകാശനത്തിന്റെയും പാഠത്തിന്റെയും ആന്തരിക വ്യവഹാരത്തിൽ ആ ചലച്ചിത്രം ആഞ്ഞുനിൽക്കുന്ന ആഴമുള്ള ഒരു താത്വികതലമുണ്ട്‌. അത് റോക്കെറ്റിൽ ഇല്ല. സാക്ഷാത്കാരകരുടെ വ്യതിരിക്തമായ ജീവിത, കലാ അഭിമുഖീകരണങ്ങൾ ആഖ്യാന വ്യത്യാസങ്ങളുടെ മൂലകം തന്നെയാണ്. അതിനൊപ്പം, മൂന്നാംലോക ജീവിതം ഒരു ഒന്നാംലോക സംവിധായകൻ കാണുന്നതിന്റെ, ആവിഷ്കരിക്കുന്നതിന്റെ പ്രകടനാത്മകമായ ഭ്രംശങ്ങൾ ഈ ചിത്രത്തെ അർഹിക്കുന്ന പോപ്യുലർ ഫിനാലിയിലേയ്ക്ക് തന്നെ എത്തിക്കുന്നു.

00

No comments:

Post a Comment