Sunday, 17 May 2015

അബ്ബാസിയ

ദുബായിൽ നിന്നും സന്ദർശനത്തിന് എത്തിയ ഒരു ബന്ധു അബ്ബാസിയ കണ്ടപ്പോൾ പറഞ്ഞു; "ധാരാവി ധാരാവി എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കണ്ടു."

കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് അബ്ബാസിയ. ഏകദേശം രണ്ടു ചതുരശ കിലോമീറ്റർ വലിപ്പത്തിൽ തേനീച്ചക്കൂട് പോലെ ജനം ഇരമ്പുന്ന സ്ഥലം. ചെറിയ ഗലികളിൽ വഴിയടച്ചുകൊണ്ട് ഫുഡ്പ്പാത്തിലും നിരത്തിലുമൊക്കെ തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ. ചിതറിക്കിടക്കുന്ന ചപ്പുചവറുകൾ. ടാറ് കണ്ടിട്ട് നൂറ്റാണ്ടുകളാവുന്ന റോഡുകൾ. പൊട്ടിയൊലിക്കുന്ന ഓടകൾ. അതിനിടയിലൂടെ നുഴഞ്ഞുകയറി സ്കൂളിലേയ്ക്ക് പോകുന്ന കുട്ടികൾ. അതൊന്നും കൂസാതെ, നേഴുസുമാരെയും കൊണ്ട് അതിവേഗം പായുന്ന വാനുകളും ബസ്സുകളും.

കുവൈത്തിലെ മറ്റു സ്ഥലങ്ങളുമായൊന്നും ഇതിന് താരതമ്യമില്ല. സർക്കാർ മെഷിനറികളൊന്നും കാര്യമായി ശ്രദ്ധിക്കാത്തതുകൊണ്ട് അബ്ബാസിയ സ്വയം ഒരു റിപ്പബ്ലിക്ക് പോലെ അതിന്റെ വഴിക്ക് നീങ്ങുന്നു.

രാത്രികാല അബ്ബാസിയ ജനലിലൂടെ...
തൊണ്ണൂറു ശതമാനവും മലയാളികൾ വസിക്കുന്ന അബ്ബാസിയയിൽ മറ്റ് വിദേശികൾ ആരും വന്ന് താമസിച്ച് ഭാഗ്യം പരീക്ഷിക്കാറില്ല. മലയാളിക്ക് തിണ്ണമിടുക്ക് കൂടുതലാണെന്ന് അവരും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ ദിനേനയെന്നോണം നാട്ടിൽ നിന്നും കുവൈത്തിൽ എത്തുന്ന മലയാളികളിൽ വലിയൊരു വിഭാഗം അബ്ബാസിയയിൽ താമസത്തിനെത്തുന്നു.

പല കാരണങ്ങൾകൊണ്ടും അബ്ബാസിയ സാധാരണക്കാരായ മലയാളികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലമായി മാറുന്നു. മലയാളികളിലെ ഏറ്റവും വലിയ പ്രൊഫെഷണൽ വിഭാഗമായ നേഴ്സുമാർക്ക് വിവിധ ആശുപത്രികളിലേയ്ക്ക് പോകാൻ ഏറ്റവും സൗകര്യപ്രദമായി വാഹനങ്ങൾ ലഭ്യമാവുക അബ്ബാസിയയിൽ നിന്നാണ്. എട്ടു പത്ത് ഇന്ത്യൻ സ്കൂളുകൾ അബ്ബാസിയയിലും പരിസരങ്ങളിലുമായി ഉണ്ട്. കേരള പലവ്യഞ്ജനങ്ങൾ വിൽക്കുന്ന 'ബക്കാല'കൾ  ഓരോ കെട്ടിടത്തിന് താഴെയും. ഒരു ഫോണ്‍ വിളിയിൽ സാധനങ്ങൾ ഫ്ലാറ്റിലെത്തും. കാശ് മാസാവസാനം കൊടുത്താൽ മതിയാവും. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് സ്ഥിരഭക്ഷണം നൽകുന്ന ചായപ്പീടികകൾ. കുടുംബങ്ങൾക്ക് താരതമ്യേന എളുപ്പം കിട്ടുന്ന മലയാളികളായ ജോലിക്കാരികളുടെ ലഭ്യത (പലരും അനധികൃതം എന്നത് അബ്ബാസിയയിൽ ഒരു നാട്ടുനടപ്പാണ്). സർക്കാർ ആശുപത്രികൾ മാത്രം ആശ്രയിച്ചിരുന്ന മലയാളികളുടെ ഒരു തലമുറ ഇവിടെയും അപ്രത്യക്ഷമാവുകയാണ്. അതറിഞ്ഞാവണം സ്വകാര്യാശുപത്രികളും കഴിഞ്ഞ ഏതാനും വർഷമായി ഈ ഭാഗത്ത്, മമ്മൂട്ടിയെ വരെ കൊണ്ടുവന്ന് ഉത്ഘാടനം നടത്തിക്കുന്നു.

കഴിഞ്ഞ ദിവസം ഒരു റെസ്റ്റാറന്റിൽ കഴിക്കാനിരിക്കുന്ന സമയത്ത് തൊട്ടപ്പുറത്തുള്ള ഹാളിൽ മുളചീന്തുന്ന ശബ്ദത്തിൽ ആരോ പ്രസംഗിക്കുന്നത് കേട്ടു. പരിചയമുള്ള ശബ്ദം. പാളിനോക്കിയപ്പോൾ; കെ. സി. ജോസഫ്, മന്ത്രി. ഹാളിലാകെ ഖദർ മയം. (ശബ്ദപരിചയം തോന്നിയത് ടെലിവിഷനിൽ കേട്ടിട്ട്. നേരിട്ട് പരിചയമുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട.) ഒരു മന്ത്രിയോ എം. എല്ലെയൊ എം. പിയോ ഒക്കെ ഏത് സമയത്തും ഇവിടെ ഉണ്ടാവും, പ്രശ്നപരിഹാരത്തിനായി. അവരുടെ വരവറിയിച്ചുകൊണ്ടുള്ള വലിയ പോസ്റ്ററുകളും കാണാം. രാജ്മോഹൻ ഉണ്ണിത്താന്റെ ചിത്രം ഒരു ചുമരിൽ ഞാൻ ഇന്നും കണ്ടതേയുള്ളൂ. കലാപ്രവർത്തകരും എഴുത്തുകാരും ഒക്കെ ഇടവേളകളിൽ അബ്ബാസിയയുടെ ചുമരുകളെ അലങ്കരിക്കാറുണ്ട്. നർത്തകി താരാകല്യാണ്‍ ഒരു അവാർഡ് വാങ്ങിപ്പോയത് കഴിഞ്ഞ ആഴ്ചയാണെന്ന് തോന്നുന്നു. എഴുത്തുകാരൻ സേതു ഈ അടുത്ത ദിവസങ്ങൾ ഒന്നിൽ വരാനിരിക്കുന്നു. ജീവിതം കൊണ്ടും സംസ്കാരം കൊണ്ടും അബ്ബാസിയ കേരളത്തിന്റെ ഒരു കഷണമാണ്; ലാൻഡ്സ്കേപ്പ് കൊണ്ട് അങ്ങനെയല്ലെങ്കിലും.

തെരുവോരത്ത് കുട്ടികൾക്കായി ഒരു തീറ്റമത്സരം
ഇതൊക്കെ കൊണ്ട് തന്നെ, പുതിയതായി എത്തുന്ന മലയാളികളിൽ അധികം പേരും അബ്ബാസിയയിൽ താമസത്തിനെത്തുന്നു. ഇത് മുന്നിൽകണ്ട്, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ചെയ്യാതെ എട്ടും പത്തും നിലയുള്ള കെട്ടിടങ്ങൾ ഉയരുന്നു. തദ്വാരാ, എന്നോ നിർമ്മിച്ച ഡ്രൈനേജുകൾ ആഘാതം താങ്ങാനാവാതെ പൊട്ടിയൊലിക്കുന്നു. കാറുകൾ നിരത്തിൽ പാർക്ക് ചെയ്യപ്പെടുന്നു. നടക്കാൻ പോലും സാധ്യമാവാത്ത വിധം പൊതുസ്ഥലങ്ങൾ ഞെങ്ങിനിറയുന്നു.

സാധിക്കുന്നവരെല്ലാം സാമ്പത്തിക ഭദ്രതയൊക്കെ ആയിക്കഴിയുമ്പോൾ ഇവിടംവിട്ട് കുറച്ചുകൂടി നല്ല, കുവൈത്ത് രാജ്യത്തിന്റെ മുഖ്യധാരയോടു ചേർന്നുനിൽക്കുന്ന സ്ഥലങ്ങളിലേയ്ക്ക് താമസംമാറി പോകുന്നുണ്ട്. അതൊന്നും പക്ഷെ അബ്ബാസിയയിലെ ജനസാന്ദ്രത കുറയ്ക്കാൻ പര്യാപ്തമാവും വിധം വ്യാപകമല്ല.

കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ അബ്ബാസിയയിൽ ജീവിക്കുന്നു. അബ്ബാസിയ തിരഞ്ഞെടുത്തതും ഇന്നും താമസം തുടരുന്നതും സൗകര്യങ്ങൾ നോക്കിയാണ്. കുട്ടികളുടെ പഠിത്തം അതിൽ പ്രധാനമായിരുന്നു. അതിനപ്പുറം വൈകാരികമായ ബന്ധം അബ്ബാസിയയോട് ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം അവ്യക്തമാണ് - ഇവിടം ഉപേക്ഷിച്ചു പോയാൽ മാത്രം കൃത്യമായി പറയാൻ പറ്റുന്ന ഒരു കാര്യമാണെന്ന് തോന്നുന്നു അത്.

ഈ ആദ്ധ്യയന വർഷം കഴിയുന്നതോടെ മകളും ഇവിടുത്തെ പഠിത്തം കഴിഞ്ഞു പോകുമ്പോൾ ഞങ്ങൾക്ക് വേണമെങ്കിൽ അബ്ബാസിയ വിടാം (ഉപരിപഠനത്തിന് മകൻ നേരത്തെ പോയി). അതിനെ കുറിച്ച് ആലോചിച്ചപ്പോൾ മക്കൾ രണ്ടുപേരും അത്ര സുഖകരമായല്ല പ്രതികരിച്ചത്; "നിങ്ങൾ വേറെ എങ്ങോട്ടെങ്കിലും താമസം മാറിയാൽ ഞങ്ങൾ അവധിക്കു പോലും ഇങ്ങോട്ട് വരേണ്ടതില്ലല്ലോ. അബ്ബാസിയയിലേയ്ക്ക് അല്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തിനു ഇങ്ങോട്ട് വരണം? നിങ്ങൾക്ക് അങ്ങോട്ട്‌ വന്നാൽ മതിയല്ലോ..." ജനിച്ച് വളർന്ന സ്ഥലത്തോട്, നമുക്കൊക്കെ തോന്നുന്നതുപോലുള്ള ഒരു വൈകാരികബന്ധം മക്കൾക്കും തോന്നാമല്ലോ. തെങ്ങും കവുങ്ങും മാത്രമായിരിക്കില്ല ഗൃഹാതുരത്വം...!

00