Monday, 8 April 2013

വംശസഞ്ജീവനം

'ജുറാസിക് പാർക്കി'ന്റെ ത്രീഡി പതിപ്പ് ഇപ്പോൾ കൊട്ടകകളിൽ തകർത്തോടുകയാണ്. 1993-ൽ ആണ് ഈ സയൻസ് ഫിക്ഷൻ സിനിമ ആദ്യമായി പ്രദർശനത്തിന് എത്തുന്നത്. കൃത്യം പത്തു വർഷങ്ങൾക്ക് ശേഷം ഈ സിനിമ സംവദിച്ച ആശയം ഫിക്ഷനോ ഫാന്റസിയോ അല്ലാതായി മാറിയെന്ന കാര്യം അധികം വാർത്താപ്രാധാന്യം നേടുകയുണ്ടായില്ല. 2003-ൽ ബുക്കാർഡോ എന്ന ആടുവർഗ്ഗത്തിൽപ്പെട്ട, വംശനാശം സംഭവിച്ച സ്പീഷിസിൽ നിന്നും, ഒരെണ്ണത്തിനെ ഫ്രഞ്ച്, സ്പാനിഷ് ശാസ്ത്രകാരന്മാർ പുനർജ്ജീവിപ്പിച്ചു. താമസംവിനാ അത് മരിച്ചുപോയെങ്കിലും ശാസ്ത്രലോകത്തെ സംബന്ധിച്ച് അത് വലിയ വിജയമായിരുന്നു.

ഇന്ന്, ഒരു പതിറ്റാണ്ടിന് ശേഷം ജനിതകശാസ്ത്രം ഈ മേഖലയിൽ ഏറെ മുന്നേറികഴിഞ്ഞു. ഹിമയുഗത്തിൽ വംശനാശംസംഭവിച്ച മാമത്തുകളെ പോലും വംശസഞ്ജീവനം ചെയ്യാൻ സാധിക്കുന്ന നിലയ്ക്ക് ആ അറിവും സാങ്കേതികതയും വളർന്നിരിക്കുന്നുവത്രേ. ജീവികളുടെ ബാക്കിയായ ഏതെങ്കിലുമൊരു അവശിഷ്ടത്തിലെ കോശത്തിലുള്ള ന്യൂക്ലിയസിൽ നിന്നും ആ ജീവിയെ വീണ്ടെടുക്കാൻ സാധിക്കുന്ന നിലയ്ക്ക് പരീക്ഷണങ്ങൾ വളർന്നിരിക്കുന്നു. എന്നോ അപ്രത്യക്ഷമായ ചില ജീവികളുടെയെങ്കിലും എംബ്രിയോകൾ ഇപ്പോൾ തന്നെ പരീക്ഷണശാലകളിൽ ലഭ്യമായിട്ടുണ്ടാവും എന്നാണ് ആധികാരികമായ റിപ്പോർട്ടുകൾ.

എംബ്രിയോയെ ജീവിയായി പരാവർത്തം ചെയ്യാൻ തടസ്സംനിൽക്കുന്ന കാരണങ്ങളിൽ പ്രധാനം വംശസഞ്ജീവനം ഉയർത്തുന്ന ധാർമ്മികപ്രശ്നമാണ്. ശാസ്ത്രലോകത്തിൽ നിന്നുതന്നെ ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടാവുന്നുണ്ട്. വംശനാശം പ്രകൃതിയുടെ ചാക്രികതയിൽപെടുന്ന സംഗതിയാണെന്നും അതിൽകയറി മനുഷ്യൻ ദൈവംകളിക്കേണ്ടതില്ല എന്നുമാണ് അവരുടെ വാദം. നമുക്കറിയാവുന്ന അനേകം സ്പീഷിസുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായത് മനുഷ്യൻ ദൈവംകളിച്ചതുകൊണ്ടാണെന്നും, അതിനാൽ അവയെ മടക്കികൊണ്ടുവരേണ്ടത് അവന്റെ കടമയാണെന്നും മറുവാദം.

പിന്നെയുമുണ്ട് വളരെ ആഴത്തിലുള്ള തടസ്സവാദങ്ങൾ. ഏത് സ്പീഷിസിനും വംശനാശം സംഭവിച്ചതിനു പിറകിൽ വ്യക്തമായ കാരണങ്ങളുണ്ട്. അത് കാലാവസ്ഥാവ്യതിയാനമാവാം ആവാസവ്യവസ്ഥയുടെ നഷ്ടമാവാം വേട്ടയാടലാവാം - അങ്ങിനെ പല കാരണങ്ങൾ. ആ കാരണങ്ങൾ ഇപ്പോഴും സജീവമായി നിൽക്കേ വീണ്ടും ഈ ജീവികളെ ഉണ്ടാക്കിയിട്ട് എന്തുകാര്യം. ഉദാഹരണത്തിന് ദക്ഷിണകൊറിയൻ ശാസ്ത്രഞ്ജന്മാർ ഏതു നിമിഷവും മാമാത്തുകളെ പുനർസൃഷ്ടിക്കാൻ ഉതകുംവിധം സുസ്സജ്ജമായി മുന്നേറിയിരിക്കുന്നുവത്രേ. ഹിമയുഗാന്ത്യത്തിലെ കാലാവസ്ഥാവ്യതിയാനത്തിൽപ്പെട്ട്  ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുൻപ് സൈബീരിയയിൽ അവസാനത്തെ മാമത്തും നാടുനീങ്ങി. ഇന്ന് ഒരു മാമത്ത് ഉണ്ടായാൽ അതെവിടെ ജീവിക്കും? ഒരു പക്ഷെ കൃത്രിമമായ ആവാസവ്യവസ്ഥ ഉണ്ടാക്കി ഒന്നുരണ്ടെണ്ണത്തിനെ കാഴ്ചവസ്തുവായി പ്രദർശിപ്പിക്കാൻ സാധിക്കുമായിരിക്കാം എന്നുമാത്രം.

ഇപ്പോൾ മനുഷ്യൻ കണ്ടുപിടിച്ചതും, ഇനി കണ്ടുപിടിക്കാനുള്ളതുമായ അനേകം സ്പീഷിസുകൾ മൃഗ, പക്ഷി, സസ്യ, ജല ജീവികളായി നമുക്ക് മുന്നിലുണ്ട്. അവയിൽ ബഹുഭൂരിപക്ഷവും വംശനാശഭീഷണി നേരിടുന്നവയുമാണ്. അവയുടെ സംരക്ഷണത്തിനാണ് ഇപ്പോൾ ഊർജ്ജ/വിഭവങ്ങൾ ഉപയുക്തമാക്കേണ്ടത് എന്നതും ഒരു പ്രധാന വിരുദ്ധനിലപാടായി ഉന്നയിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാവാതെ വംശനാശം സംഭവിച്ച ഒരു സ്പീഷിസ് പൂർണ്ണമായ അർത്ഥത്തിൽ മടങ്ങിവരും എന്ന് കരുതാൻ വയ്യ. കാരണം ഈ പരീക്ഷണങ്ങൾ വളരെ ചിലവേറിയതാണ്. സർക്കാരുകളുടെ വലിയ ധനസഹായങ്ങൾ ഇല്ലാതെ ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനാവില്ല. സർക്കാരുകളുടെ പ്രഥമപരിഗണന രാഷ്ട്രീയമാനങ്ങളുള്ള ധാർമ്മികപ്രശ്നങ്ങളിലായിരിക്കും, വംശസഞ്ജീവനത്തിന്റെ ശാസ്ത്രസംബന്ധിയായ വിഷയങ്ങളിലാവില്ല.

എന്തൊക്കെയായാലും ഒരു മാമത്ത്, ഒരൽപം കടന്നു സങ്കൽപ്പിച്ചാൽ ഒരു ദിനോസർ തന്നെ മുന്നിലൂടെ നടന്നുപോകുന്ന കാലം അതിവിദൂരത്തിലല്ലാതെ സംജാതസജ്ജമായിരിക്കുന്നു എന്നത് ഒരു ജീവശാസ്ത്രകുതുകിയെ സന്തോഷിപ്പിക്കാതിരിക്കില്ല.

00

കുറിപ്പ്: വംശനാശം സംഭവിച്ച സ്പീഷിസുകളെ പുനർജീവിപ്പിക്കുന്നതിന് ശാസ്ത്രലോകം നല്കിയിരിക്കുന്ന പേര് de-extinction എന്നാണ്. ഇതിനെ ഭാഷാന്തരീകരണം ചെയ്ത ഒരു വാക്ക് മലയാളത്തിൽ നിലവിലുണ്ടോ എന്നറിയില്ല. വായിച്ചതായി ഓർമ്മയിൽ ഇല്ല. അതിനാൽ പുതിയ ഒന്നിനെ കുറിച്ച് ആലോചിക്കേണ്ടി വന്നു. 'വംശസഞ്ജീവനം' എന്ന വാക്ക് നിർദ്ദേശിച്ചത് ഓ. കെ. സുദേഷ്.

ചിത്രം: 1999-ൽ വംശനാശം സംഭവിച്ച ബുക്കാർഡോ എന്ന ആടുവർഗ്ഗത്തിലെ അവസാന അംഗമായ 'സീലിയ'. ഇതിന്റെ കോശത്തിൽ നിന്നാണ് 2003-ൽ മറ്റൊരു ബുക്കാർഡോയെ വംശസഞ്ജീവനം ചെയ്തത്. കടപ്പാട് 'നാഷണൽ ജ്യോഗ്രഫിക്കി'നോട്.         

**

Thursday, 4 April 2013

മോഹിനിയാട്ടത്തിന്റെ നവ്യലാവണ്യം

ലാസ്യപ്രധാനമായ ശ്രിംഗാരം മോഹിനിയാട്ടത്തിന്റെ അടിസ്ഥാന രസഭാവമാണ്. അങ്ങിനെയോ എന്ന് സംശയംതോന്നും മേതിൽ ദേവികയുടെ മോഹിനിയാട്ടം കാണുമ്പോൾ. ആ നൃത്തരൂപത്തിന്റെ ആഴങ്ങളെ രസഭംഗമില്ലാതെ അവർ പുനർനിർണ്ണയിക്കുന്നു. ശ്രിംഗാരത്തെ കുലീനമായ മിതത്വത്തോടെ, ലാവണ്യസംബധിയായ രസഭാവത്തെ എന്നാൽ അപൂർവ്വചാരുതയോടെ ഉദ്ദീപിപ്പിച്ചുകൊണ്ടും അനുവാചകബോധത്തെ ഒരു സവിശേഷതലത്തിൽ നിതാന്തജാഗ്രത്താക്കുന്നു അവരുടെ നൃത്തം. കണ്ണകീ ചരിതത്തിലെ 'നഗരവധു'വായ മാധവിപോലും സെൻഷ്വൽ ആയ രസാനുഭവത്തെയല്ല മറിച്ച് ആത്മീയസ്പർശമുള്ള സൌന്ദര്യാനുഭൂതിയെയാണ് പ്രകാശിപ്പിക്കുക. നൃത്തരൂപത്തിന് പുറത്താണെങ്കിൽ പോലും മാധവി അവസാനം അഭയമെത്തുന്ന ആത്മീയ ഇടങ്ങളെ അത് പൂർവപ്രക്ഷേപണം ചെയ്യും.

ക്ലാസ്സിക്കൽ നൃത്തരൂപങ്ങളെ പ്രതി നമ്മുടെ രസകാമനകളിൽ രൂഡമൂലമായ ലാവണ്യബോധത്തെ നഖശിഖാന്തം കുടഞ്ഞുവിരിക്കുന്ന പുതിയ തലമുറയുടെ ഊർജ്ജം ഏറെ മേതിൽ ദേവികയിൽ കാണാം.


ചിത്രം: ഷെമജ്കുമാർ