Monday, 19 May 2014

ഇന്നോർക്കുന്ന അന്നിലേയ്ക്ക് ഒരു ഓർമ്മവഴി

വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും പല ജീവിതങ്ങളുണ്ട്‌ - പ്രധാനമായും രണ്ട്. വസ്തുക്കളെയും രൂപങ്ങളെയും ഒക്കെ പ്രതിനിധീകരിക്കുന്ന സ്പഷ്ടവും സ്ഫുടവുമായ ഒന്ന്. അവ മണ്ണില്‍ തൊട്ടുനില്‍ക്കുന്നു. മരമെന്നും പൂവെന്നും പറയുന്നതുപോലെ, കാലെന്നും കയ്യെന്നും പറയുന്നതുപോലെ. എന്നാല്‍ ചിലവ അങ്ങിനെയല്ല - അവ വ്യക്തമായ അര്‍ത്ഥം ദ്യോതിപ്പിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ പ്രകാശിപ്പിക്കേണ്ട അവസ്ഥയെ കുറിച്ച് കൃത്യത കാണിക്കാത്ത ഈ വാക്കുകള്‍ പക്ഷെ അതീതവും താരാപഥസഞ്ചാരിയുമായ എന്തിനെയോ അന്വേഷിക്കുന്നതായി അനുഭവപ്പെടും. "ജീവിതം ഒരു നിഴല്‍ നാടകം" എന്നതില്‍ ജീവിതവും നിഴലും നാടകവും അവ സംപ്രേക്ഷണം ചെയ്യേണ്ടുന്ന അര്‍ത്ഥത്തേയും അവസ്ഥയേയും കവഞ്ഞ് അനുവാചകന്റെ മനോതലത്തില്‍ അവ്യക്തമായ എന്നാല്‍ കാംക്ഷാനുഗായിയായ ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നു. ഇതൊരു ശാസ്ത്രജ്ഞനും കലാകാരനും തമ്മിലുള്ള വ്യത്യാസം എന്നും മൂര്‍ത്തമാക്കാം. കൃഷിക്കാരനും ബോട്ടണിസ്റ്റുമായ അച്ഛനും താനും തമ്മില്‍ , വാക്കുകളുടെ വലിയ സഞ്ചി രണ്ടുപേര്‍ക്കും സ്വന്തമായിരുന്നിട്ടും, സാന്‍ ജിയോവാനിയിലേക്ക് നടക്കുമ്പോള്‍ , സ്വന്തം ലോകങ്ങളില്‍ മൌനികളായതെങ്ങിനെ എന്ന് ഇറ്റാലോ കാല്‍വിനോ ഇത്തരത്തില്‍ കണ്ടെത്തും.

മലയാളത്തില്‍ ആത്മഭാഷണങ്ങളുടെ - ആത്മരതിയുടെ എന്നും തിരുത്താം - കാലമാണിപ്പോള്‍ . ആത്മകഥകളായും അനുഭവകുറിപ്പുകളായും ജീവചരിത്രമായും അഭിമുഖമായും നമ്മുടെ ആനുകാലികങ്ങളിലും പുസ്തകങ്ങളിലും ഇത്തരം ജീവിതങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെന്നപോലെ പ്രദര്‍ശിപ്പിക്കപെട്ടിരിക്കുന്നു. പണ്ട് ഇതിനൊരു വ്യവസ്ഥയുണ്ടായിരുന്നു. ജീവിതംകൊണ്ട് കാലത്തെ ഗൌരവത്തോടെ അഭിമുഖീകരിച്ച് ഏതെങ്കിലും മേഖലയില്‍ നിലനില്‍ക്കതക്ക സര്‍ഗ്ഗാത്മകസംഭാവന നല്‍കിയവരുടെ ആത്മകഥകളും ജീവചരിത്രങ്ങളുമാണ് കണ്ടിരുന്നത്‌ . ഇന്ന് സമൂഹത്തിന്റെ എല്ലാ ഇടങ്ങളും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവത്രേ. വേശ്യയ്ക്കും തസ്ക്കരനും ജീവചരിത്രങ്ങളായി. 'വേറിട്ട കാഴ്ചകള്‍ ' എമ്പാടും. പ്രസക്തമായ സര്‍ഗ്ഗസൃഷ്ടികള്‍ ഒന്നുമില്ലാതെ അനുഭവകുറിപ്പുകളുമായി മാത്രം കഴിഞ്ഞ അഞ്ചാറുവര്‍ഷമായി ആനുകാലികങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നവര്‍ അനേകം - ഒരല്‍പ്പം 'തുറന്നെഴുതുന്ന' സ്ത്രീകള്‍ക്ക് പ്രാമുഖ്യം. ഒന്നോ രണ്ടോ കൊല്ലം ഗള്‍ഫിലുണ്ടായിരുന്ന ഒരാള്‍ അവിടുത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രണ്ട് വലിയ പുസ്തകങ്ങള്‍ തന്നെ സാക്ഷാത്കരിച്ചിരിക്കുന്നു. ബഹുസ്വരത നല്ലതുതന്നെ, തമസ്കൃതജീവിതങ്ങള്‍ വെട്ടംകാണുന്നതും ആശാവഹം, പ്രകാശിപ്പിക്കപ്പെടുന്ന മാധ്യമത്തിന്റെ സര്‍ഗ്ഗനിലവാരം പൊതുധാരകളെ മറികടക്കുവാനുള്ള ഊര്‍ജ്ജം ഉള്‍കൊള്ളുന്നുവെങ്കില്‍ .


ഓരോ വ്യക്തിയും സമകാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭൂതകാലത്തെ പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ആത്മകഥകള്‍ നേരിടുന്ന വലിയ പ്രശ്നഭൂമികയാണിത്. കഠിനമായ സര്‍ഗ്ഗശിക്ഷണത്തിന്റെ ഉപോല്‍പ്പന്നമായേ തികച്ചും സബ്ജക്റ്റീവ് ആയിപ്പോകാത്ത അനുഭവകഥകള്‍ സാധ്യമാവുകയുള്ളു. അതില്ലാത്തത് കൊണ്ടാണ് സമകാല ലോകകവിതയെക്കുറിച്ചുള്ള ലേഖനമെന്നത് തനിക്കു പരിചയപ്പെടാന്‍ സാധിച്ച കവികളുമായുള്ള  ബന്ധവിവരണമായി ചിലയിടങ്ങളില്‍ ചുരുങ്ങിപോകുന്നത്. യാത്രയെന്ന മാനസികാവസ്ഥയോട് അഭിനിവേശമൊന്നുമില്ലെങ്കിലും, മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ പെട്ടെന്ന് യാത്രാവിവരണങ്ങള്‍ ഉണ്ടാവുന്നതും, അതില്‍ 'ഞാന'ല്ലാതെ, യാത്രയുടെ വ്യവസ്ഥാപിത എഴുത്തുരീതികളെ നിരാകരിക്കുന്ന പുതിയ ശീലങ്ങളൊന്നും കടന്നുവരാതിരിക്കുകയും ചെയ്യുന്നത്. മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഇപ്പോള്‍ കാണുന്ന രീതിയില്‍ പ്രകാശിപ്പിക്കപ്പെടാനായി എഴുതിയതാണോ എന്ന് ഉറപ്പിക്കാനാവില്ലെങ്കിലും തന്റെ അനുഭവകുറിപ്പുകളില്‍ പോയകാലത്തെ പുനരാനയിക്കുന്ന പ്രശ്നത്തെ കാല്‍വിനോ പല സ്ഥലത്തും നേരിട്ട് തന്നെ അഭിമുഖീകരിക്കുന്നു. ഓര്‍മ്മകളെ തനിക്കു ഇന്ന് വീക്ഷിക്കാനാവുന്ന രീതിയിലാണോ അന്ന് അനുഭവിച്ചിരുന്നത്‌ എന്ന് പലയിടത്തും സ്വയം തര്‍ക്കത്തില്‍ ഏര്‍പ്പുടുന്ന ഒരുതരം സത്യസന്ധത കാണാം. ("I don't know if I am destroying the past or saving it", "... ... imagined memory is actually a real memory from that time because i am recovering things I first imagined back then"). മലയാളത്തിന്റെ വ്യവസ്ഥാപിത എഴുത്തിടങ്ങളില്‍ ഈ സത്യസന്ധത അശേഷം ഹാജരില്ല എന്നതാണ് വായനയെ അടിമുടി മുഷിപ്പിക്കുക-ഹിപ്പോക്രസി ആദ്യവരിയില്‍ തന്നെ രസനാഡികളെ തളര്‍ത്തും.

സാന്‍ ജിയോവാനിയിലേക്കുള്ള കാല്‍നടയാത്രകളിലൂടെ താനും അച്ഛനുമായുള്ള ബന്ധത്തിന്റെ രണ്ടുലോകങ്ങളെ അന്വേഷിക്കുമ്പോള്‍ ആശയാവിഷ്ക്കാരത്തില്‍ പുലര്‍ത്തുന്ന ഏകമാനത പക്ഷെ രണ്ടാമത്തെ കുറിപ്പിലില്ല. കൌമാരത്തില്‍ സിനിമകാണല്‍ എന്ന പ്രക്രിയ ഉളവാക്കിയ സവിശേഷലോകത്തിന്റെ സൂക്ഷ്മമായ ഓര്‍ത്തെടുക്കളില്‍ നിന്നും പെട്ടെന്നത്‌ സമകാലീനനും കൂട്ടുകാരനും ആയ ഫെലീനിയുടെ സിനിമാജീവിതത്തിലേക്കുള്ള നോട്ടമായി ചുവടുമാറുന്നു. രസകരമാണ് ചില നിരീക്ഷണങ്ങള്‍ - മനുഷ്യാവസ്ഥയുടെ സങ്കീര്‍ണതകള്‍ ഏറ്റവും വൈവിധ്യത്തോടെ, ധൈഷണികപാരമ്യതയില്‍ സംപ്രേക്ഷണംചെയ്യുന്ന സിനിമകളെടുത്ത ഫെല്ലിനി, പൊതുവേ വ്യവഹരിക്കുന്ന നിലയ്ക്കുള്ള ബുദ്ധിജീവിതത്തോടും ജനപ്രിയവിരുദ്ധതയോടും അശേഷം മമത കാണിച്ചിരുന്നില്ലത്രേ. ഫെല്ലിനിയുടെ 8 1/2 എന്ന സിനിമയില്‍ വൃദ്ധനായ മോണ്‍സിഞ്ഞോര്‍ കിളികളുടെ ശബ്ദത്തെ കുറിച്ച് നായകനോട് സംസാരിക്കുന്ന സീനിന്റെ വിചിത്രമനോഹാരിത ഉളവാക്കിയ ആഹ്ലാദം, ജീനിയസായ കാല്‍വിനോയും പരാമര്‍ശിക്കുമ്പോള്‍ സിനിമകാണലിന്റെയും പുസ്തകവായനയുടെയും അനേകം മണിക്കൂറുകള്‍ സസന്തോഷം ന്യായീകരിക്കപ്പെടുന്നു. ചിലപ്പോള്‍ അങ്ങിനെയാണ്, ഒരു പുസ്തകം വായിക്കുന്നതിന്റെ മുഴുവന്‍ സാഫല്യവും ഒരു വരിയില്‍ സാര്‍ഥകമായി വീണുകിടക്കും.

'എന്റെ കഥ'യുടെ ജനപ്രിയത പ്രണയത്തിന്റെയും ലൈംഗീകതയുടെയും വയക്തികപരാമാര്‍ശങ്ങളിലാണ് വേരുപടര്‍ത്തുക. അതിലെ സംഭവങ്ങളുടെ സത്യാസത്യങ്ങള്‍ അനുവാചകന്റെ പ്രശ്നപ്രദേശമല്ല - പക്ഷെ, ഒരു സ്ത്രീക്ക് മലയാളിയെ ഏറ്റവുമെളുപ്പം പറ്റിക്കാനാവുന്ന മേഖലയില്‍ പിടിച്ച് നന്നായി ക്യാഷ്ചെയ്തു എന്നതിന്റെ വക്രതയും സദാചാരവിരുദ്ധതയും, കാല്‍വിനോയുടെ പുസ്തകത്തില്‍ എന്തായാലും കാണില്ല. അത്തരം സുതാര്യതയുടെ ഭാഗം മാറ്റിവച്ചാല്‍ ഈ പുസ്തകം ഏറെക്കൂറെ വിരസമാണ്. യഥാര്‍ത്ഥ കാല്‍വിനോയുടെ സ്പര്‍ശം അപൂര്‍വ്വമായേ കാണാനുള്ളൂ. അതിനുപരി, മാര്‍ക്വിസിന്റെയായാലും കാല്‍വിനോയുടെയായാലും ആത്മകഥാസാഹിത്യങ്ങള്‍ക്ക് രണ്ടാംനിരയില്‍ ഇടംപിടിക്കാനുള്ള ശേഷിയെ, ആശയപരമായും ഘടനാപരമായും, അന്തര്‍ലീനമായിട്ടുള്ളൂ.

00

2 comments:

 1. നല്ല കുറിപ്പ്
  ആശയങ്ങളോട് യോജിക്കുന്നു

  ReplyDelete
  Replies
  1. അജിത്‌, സന്ദർശനത്തിനും നല്ല അഭിപ്രായത്തിനും നന്ദി.

   Delete