Sunday, 9 November 2014

ആത്തിച്ചക്ക

രുചികളെ രുചികൾ മാത്രമായി മൂർത്തതയോടെ ഓർത്തെടുക്കാൻ പ്രയാസമാണ്. അതിനോട് ചേർത്തു വയ്‌ക്കാൻ ഒരു വസ്തുപ്രതിരൂപം കൂടി വേണം. പഞ്ചസാരയുടെ മധുരം, ഉപ്പിന്റെ ഉപ്പ്, തൈരിന്റെ പുളിപ്പ്, മാങ്ങയുടെ രുചി, ഐസ്ക്രീമിന്റെ മധുരം..., അങ്ങനെയൊക്കെ.

എന്റെ കുട്ടിക്കാലത്ത് രുചികൾ കുറച്ചുകൂടി ലളിതമായിരുന്നു എന്ന് തോന്നുന്നു. വല്ലപ്പോഴും വാങ്ങുന്ന നാരങ്ങാമിഠായിയും കപ്പലണ്ടി മിഠായിയുമൊക്കെ ആയിരുന്നു വിജാതിയമായ രുചികൾ. ബാക്കിയുള്ളവ മാങ്ങയുടെയും ചക്കയുടെയും പേരയ്ക്കയുടെയും കരിക്കിൻ വെള്ളത്തിന്റെയും ഒക്കെ ലളിതമായ രുചികളായിരുന്നു. വീട്ടിലെ സ്ഥിരമായ ചോറും മീൻകറിയും രുചിയുടെ ഗണത്തിൽപ്പെടുന്ന ആഹാരവസ്തുക്കൾ ആയിരുന്നില്ല. (വലിയൊരു ആഹാരപ്രിയനല്ലാത്ത ഞാൻ, അവധിനാളുകളിൽ, എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഉച്ചസമയത്ത് കുടുംബവീട്ടിലെത്തുന്നത് ആ ചോറും മീൻകറിയും കഴിക്കാനുള്ള കൊതികൊണ്ടാണെന്ന് ഇപ്പോൾ ഭാര്യയും മക്കളും കളിയാക്കാറുള്ളത് ഓഫ്നോട്ടായി പറഞ്ഞുകൊള്ളട്ടെ.)


ഇന്ന് രുചികൾ വളരെ സങ്കീർണ്ണമായിക്കഴിഞ്ഞു. രുചികളെ നിർണ്ണയിക്കുന്നത് ശീലങ്ങളാണ്. മാർക്കറ്റിൽ ലഭ്യമായ പലവിധ പാനീയങ്ങൾ കുടിച്ച് പരിചയിച്ച കുട്ടികൾക്ക് നേരിട്ട് തെങ്ങിൽ നിന്ന് ഇട്ടുകൊടുക്കുന്ന ഇളനീരിനോട് പോലും താല്പര്യമില്ല. ആദ്യമൊകെ ഇതൊക്കെ ഒന്ന് ശീലിപ്പിക്കാൻ ശ്രമിച്ചിരുന്നു. വലിയ സാംഗത്യമൊന്നുമില്ലാത്ത എന്റെ ഗൃഹാതുരതയുടെ പ്രശ്നമാണ് അതെന്ന് പിന്നീട് മനസ്സിലായി. ശീലങ്ങളിലെ മാറ്റങ്ങൾ അനിവാര്യമാണ്, രുചികളിലും.

പറമ്പിൽ അമ്മ വളർത്തിയിരുന്ന ആത്തിയും അതിലെ ആത്തിച്ചക്കയും വളരെ തരളമായ മറ്റൊരു രുചിയോർമ്മയാണ്. ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്ന പേരാണ് ആത്തിച്ചക്ക. ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെടുന്ന ഈ ഫലത്തിന്റെ പൊതുവായ മലയാളനാമം സീതപ്പഴം എന്നത്രേ (ശാസ്ത്ര നാമം Annona squamosa). ഇന്ന് ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെട്ട പഴങ്ങൾക്ക് അസാമാന്യമായ ഔഷദ്ധഗുണങ്ങൾ ഉണ്ടെന്നൊക്കെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ എനിക്കതൊരു രുചിയോർമ്മയാണ്. അല്ലികളടർന്നു വരുന്ന ശുഭ്രലളിതമായ രുചി. കറുത്ത കുരുവിന്റെ മിനുസമുള്ള സ്പർശം നാവിൽ. എന്നോ ജീവിച്ച മറ്റൊരു ജീവിതത്തിന്റെ മധുരം.

അമ്മ പോയിട്ടും, ഇന്നും, ആ പറമ്പിൽ, ഈ ചിത്രത്തിൽ കാണുന്ന, ഫലസമ്പുഷ്ടമായ ആത്തിമരം ബാക്കിയുണ്ട്!

00

10 comments:

 1. ആത്തച്ചക്കാ ന്ന് പറേം മ്മടെ അവ്ടെ. അത് തന്ന്യാണ് സീതപഴം എന്ന് ചെറുത് അറിയണതും ഈ അടുത്താണ്.
  ചെറുതിന് ഓർമ്മ വച്ച നാളുമുതല് കണ്ടിട്ടുള്ള ഇങ്ങനുള്ള മിക്ക മരങ്ങളും അവ്ടെ തന്നെ ഉണ്ട്. തെങ്ങേൽ പടർന്ന് കേറി ഇഷ്ടം പോലെ പഴം തന്നിരുന്ന ഒരു ഫാഷൻ ഫ്രൂട്ട് ഒഴിച്ച്. തറവാടിനു പുറകിൽ ഉണ്ടായിരുന്ന ഈ സാധനം അതിനുശേഷം എവിടേം കണ്ടിട്ടില്ലെന്നതാണ് രസം. വംശനാശം വന്നോ ആവൊ!?

  ReplyDelete
  Replies
  1. സന്ദർശനത്തിനും കമന്റിനും നന്ദി!

   Delete
 2. ആത്തച്ചക്കയും ആത്തിച്ചക്കയും വേറേവേറേ ആണോ?

  ReplyDelete
  Replies
  1. മലയാളത്തിൽ മരങ്ങളുടേയും കായ്ഫലങ്ങളുടേയും പേരുകൾ അന്വേഷിച്ചാൽ ഒരുപാട് പ്രാദേശിക വ്യത്യാസങ്ങൾ അറിയാൻ പറ്റും. അതതന്നെ സന്തോഷം തരുന്ന ഒരു അന്വേഷണമേഖലയാണ്. ഇവിടെ, എന്റെ അറിവിൽ അതിങ്ങനെയാണ്: ആത്ത എന്നത് ഒരു കുടുംബനാമമാണ്. അതിനുള്ളിൽ ചെറുവത്യാസങ്ങളോടെയുള്ള പല മരങ്ങളുണ്ട്. അതിലൊന്നാണ് ചിത്രത്തിൽ കാണുന്ന ഞങ്ങളുടെ ഭാഗത്ത് ആത്തി എന്ന് വിളിക്കുന്ന മരം. ഇതിന്റെ പഴത്തെ കേരളത്തിൽ പൊതുവേ സീതപ്പഴം എന്നാണ് അറിയപ്പെടുക എന്ന് മലയാളം വിക്കിപീഡിയ പറയുന്നു.

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

   Delete
 3. അല്‍പനേരം കൊണ്ട് നാട്ടിലെത്തി....

  ReplyDelete
 4. സീതപ്പഴന്നാ ഞങ്ങള് വിളിച്ചിരുന്നേ... ശോ! കൊതിയായി :(

  ReplyDelete
  Replies
  1. ഒരു ചെറിയ ഭാഷാദേശത്ത്‌ എത്രമാത്രം നാമവൈവിധ്യങ്ങൾ - അത്രയും രുചികളും! :)

   Delete
 5. ഞങ്ങൾ കഴിച്ചിരുന്നത് ആത്തച്ചക്കയാ .... :)

  ഈ പോസ്റ്റ്‌ നൊസ്റ്റാൾജിയ ഉണ്ടാക്കി ട്ടോ....

  ReplyDelete