Sunday, 8 October 2017

മാനത്തുകണ്ണികളുടെ വീട്

പാർവതീപുത്തനാർ: അനുഭവത്തിന്റെ ചരിത്രവും വർത്തമാനവും

ജനിച്ചുവളർന്ന വീടിന്റെ പിന്നാമ്പുറത്തു കൂടിയാണ് പാർവ്വതീപുത്തനാർ ഒഴുകുന്നത്. ആറെന്നാണ് വിളിക്കുന്നതെങ്കിലും, മനുഷ്യനിർമ്മിതമായ ഒരു കനാലാണത്. ഒരുകാലത്ത്, കേരളത്തിന്റെ ജീവനാഡിയായിരുന്ന, തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നീളുന്ന ജലപാതയുടെ (ടി. എസ്. കനാൽ) ഭാഗം. ഭൂപ്രതലത്തിന്റെ പഞ്ചാരമണലിൽ ഏതാണ്ട് ഇരുപത്തിയഞ്ച്-മുപ്പത് അടി കുഴിച്ചാണ് ഈ കനാൽ നിർമ്മിച്ചിരിക്കുന്നത്. ഇരുകരകളിലും കാട്ടുകൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മണ്ണൊലിപ്പ് തടയാനാണ് അങ്ങനെ ചെയ്തിട്ടുള്ളത്. അന്ന്, കനാലിനു നടുക്ക് രണ്ടാൾ ആഴമുണ്ടായിരുന്നു. കെട്ടുവള്ളങ്ങളും തൊണ്ടുവള്ളങ്ങളും മണ്ണുമാന്തി കപ്പലുകളുമൊക്കെ അതുവഴി കടന്നുപോകുമായിരുന്നു...

കുട്ടിക്കാലത്ത് കളിച്ചുനടന്നിരുന്നത് ഈ കനാലിന്റെ കരയിലെ മണപ്പുറത്താണ്. കനാലിലേക്ക് ചെരിഞ്ഞിറങ്ങുന്നതാണ് മണൽത്തീരം. മാനത്തുകണ്ണികളോടൊപ്പം (1) ജലത്തിന്റെ ആഴമില്ലാത്ത ഭാഗത്ത് കിടക്കുമ്പോൾ ഇരുഭാഗത്തേയും തീരം മുകളിലേക്കുയർന്ന് വലിയ കുന്നുകൾ പോലെ അനുഭവപ്പെടും. കനാലിന്റെ മറുതീരത്തേയ്ക്ക് കുട്ടികൾ പോവാറില്ല. അവിടം വിജനമാണ്; കൈതക്കാട് പടർന്ന് നിഗൂഢമായിക്കിടക്കുന്ന വിജനത. അപ്രാപ്യമായ ലോകം.

നേരമിരുട്ടി, കളിനിർത്തി വീട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ഞാൻ മറുകരയിലേയ്ക്ക് നോക്കും. കൈതക്കാട് നിരന്നുനിൽക്കുന്ന തീരത്തിനപ്പുറം, മൂവന്തിയുടെ രക്തകാളിമ പടർന്ന് ഉയർന്നുപോകുന്ന കുന്നിന്റെ മറവിനപ്പുറത്തേയ്ക്ക് എന്റെ കുഞ്ഞുകാഴ്ച നീളില്ല. എങ്കിലും അവിടേയ്ക്ക് നോക്കിനിൽക്കുമ്പോൾ ഓരോതവണയും ഞാൻ ആലോചിക്കും - ആ അജ്ഞാതലോകത്തുള്ളത് എന്തായിരിക്കും...?

പറയാൻ വന്നത് പാർവ്വതീപുത്തനാറിനെ കുറിച്ചാണ്. കാരണം ആ കനാൽ കുറച്ചുനാളായി വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്ന ഒരു ജലപാതയെക്കുറിച്ചുള്ള സർക്കാർ ആലോചനകൾ. അതിന്റെ ഭാഗമായി വരുന്ന പാർവ്വതീപുത്തനാറിന്റെ നവീകരണം. അങ്ങനെയൊക്കെ...

സ്‌കൂൾ കഴിഞ്ഞു വന്ന്, അടുക്കളവാതിലൂടെ പിന്നിലെ പറമ്പിലേക്കിറങ്ങിയതാണ്. പേരമരത്തിന്റെ കീഴെ ഒരു മൈന. കണ്ടപ്പോൾ തന്നെ അതിന്റെ ഇരിപ്പിൽ ഒരു പന്തികേട് തോന്നി. അത് കാര്യമായി ചലിക്കുന്നുണ്ടായിരുന്നില്ല. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ കുറച്ചു ദൂരത്തേയ്ക്ക് ചാടിമാറുകയാണ് ആ മൈന ചെയ്തത്. പറന്നുപോയില്ല. കുറച്ചുനേരം അതിന്റെ പിറകെ പോയപ്പോൾ ഒരു കാര്യം മനസിലായി. അതിനു ഏതാനും അടികൾ മാത്രമേ പറക്കാനാവുന്നുള്ളു. ആരെങ്കിലും വളർത്താനായി പിടിച്ചു ചിറകു മുറിച്ചതാവാം..., എന്തെങ്കിലും അപകടത്തിൽ പെട്ടതാവാം...

ആ കിളിയുടെ നിസ്സഹായത എന്നെ ഉത്സാഹവാനാക്കി. അതിനെ പിടിക്കാനാവും എന്ന് ഞാൻ വിചാരിച്ചു. എങ്കിലും ഏതാനും അടി ദൂരത്തിലേയ്ക്ക് പറന്നുമാറി അതെന്റെ ശ്രമത്തെ തോൽപിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ പറമ്പും കഴിഞ്ഞ് 'ഇരുപതേക്കർ' എന്നറിയപ്പെടുന്ന പറങ്കിമരങ്ങൾ നിറഞ്ഞ മനുഷ്യവിജനമായ പ്രദേശത്തേയ്ക്ക് കടന്നു, ആ മൈന. അവിടെ വലിയ മരങ്ങളാണ്. വെളുത്ത പൂഴിമണലിൽ തൊട്ടുചേർന്ന് ഓരോരോ ഹരിതകൂടാരമായി... അവയ്ക്കുള്ളിലെ ഇരുട്ടിൽ യക്ഷികളെ കാണാനാവില്ല. പക്ഷെ അട്ടിയായ കരിയിലകളിൽ അവരുടെ പാദപതനശബ്ദം കേൾക്കാം. ഈർപ്പമുള്ള തണലിൽ പെരുച്ചാഴികൾ തങ്ങളുടെ കുഴിവീടുകളിലേയ്ക്ക് പോകുന്നതാവാം എന്ന് ഒരു കൂട്ടുകാരൻ പറഞ്ഞത് ഞാനും മറ്റ് കൂട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല.

ആ മരങ്ങൾക്കിടയിലൂടെ ചാടിച്ചാടി ആ കിളി എന്നെ പുത്തനാറിന്റെ കരയിലെത്തിച്ചു... അവിടമാണ് ലോകത്തിന്റെ അതിര്.

അന്ന് പറമ്പുകൾക്ക് മതിലുകൾ വന്നിട്ടിട്ടില്ല. 'ഇരുപതേക്കറും' അതിനോട് ചേർന്നുള്ള വലിയ വിസ്തൃതിവരുന്ന മറ്റ് പറമ്പുകളും ചെറിയ പ്ലോട്ടുകളായി തിരിച്ച് പരദശം വീടുകൾ പൊങ്ങിയത് പിന്നെയും പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. ഇപ്പോൾ പുത്തനാറിനെ ജനവാസപ്രദേശങ്ങളുമായി അതിർത്തിതിരിക്കുന്ന ടാർറോഡ് അന്ന് വന്നിട്ടില്ല. അതിലൂടെ അനസ്യൂതം വണ്ടികൾ ഓടാൻ തുടങ്ങിയിട്ടില്ല...

ആ മൈന എന്നെ ഒരുപാട് ദൂരേയ്ക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് അപ്പോളാണ് ഞാൻ മനസ്സിലാക്കിയത്. നാലഞ്ച് കടവുകൾക്കപ്പുറം, ഞങ്ങൾ കളിക്കുന്ന ആറ്റിൻതീരത്തിൽ നിന്നും അകലെയാണ് ഇപ്പോൾ കിളിയും ഞാനും. ഇത്രയും ദൂരേയ്ക്ക് കൂട്ടുകാരില്ലാതെ ഒറ്റയ്ക്ക് വരാറില്ല.

മണൽതിട്ടയ്ക്ക് മുകളിൽ ഞാൻ ഒറ്റയ്ക്ക് നിന്നു. പിറകിൽ ഏക്കറുകൾ നീളുന്ന വിജനത. മുന്നിൽ ആറിന്റെ അതിര്... അതിലേയ്ക്കുള്ള മണൽച്ചെരിവിലൂടെ മൈന താഴേയ്ക്ക് പോവുകയാണ്. ഒപ്പമിറങ്ങാൻ എനിക്ക് പേടിയായി. ചകിതനായി ഞാൻ അവിടെ നിന്നു. ആറിന്റെ തീരത്ത് അടിക്കാടായി പന്നൽ വളർന്നുനിൽക്കുന്ന കൈതമരത്തിന്റെ ഇരുണ്ട  പൊന്തയിലേയ്ക്ക് കയറി മൈന മറഞ്ഞു. ഒരല്പനേരം കൂടിഅവിടേയ്ക്ക് നോക്കിനിന്നതിനു ശേഷം ആവുന്നത്ര ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത്, അഞ്ചാറു കടവുകൾക്കപ്പുറത്തുള്ള കൂട്ടുകാരന്റെ വീട്ടിലേയ്ക്ക്, ആ മണൽതിട്ടയിലൂടെ ഞാൻ ആഞ്ഞുപിടിച്ചോടി...

രണ്ടു സഹോദരിമാർ കുടുംബസമേതം താമസിച്ചിരുന്ന ആ അയൽവീട്ടിലായിരുന്നു ഞാൻ കൂടുതൽ സമയവും. അവരുടെ മക്കളായിരുന്നു എന്റെ കൂട്ടുകാർ. അവരുമായാണ് ഞാൻ പുത്തനാറിന്റെ കരയിൽ വിഹരിച്ചിരുന്നത്. ആ വീടും പറമ്പും ഇപ്പോൾ വിറ്റുപോയിരിക്കുന്നു. സൂസിയും ജോയിയും ഷീലയും രാജുവുമൊക്കെ നാട്ടിൽ തന്നെ മറ്റിടങ്ങളിലായി ഉണ്ട്. അവധിക്കു പോകുമ്പോൾ പോലും  കാണാൻ പറ്റാറില്ല. ജീൻ ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിപ്പോയി. ഷിബു ദുബായിലും... ഇങ്ങനെയൊക്കെ പറയാമെങ്കിലും, ഒരുപക്ഷേ, പുത്തനാറിന്റെ കരയിലെ കളികൾ അവസാനിപ്പിച്ച് ആദ്യം സ്ഥലംവിട്ടുപോയത് ഞാൻ തന്നെയാവും.

അന്ന് രാത്രി, അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ, ആ മൈന വീണ്ടും വന്നു. ആറ്റിൻകരയിലെ കൈതപ്പൊന്ത നിഗൂഢമായ ഇടമാണ്. അതിന്റെ വേരുകൾ ആറിന്റെ ജലത്തിലൂടെയാണ് മണലിൽ ആഴ്ന്നിരിക്കുക. സുപരിചിതമായ കടവിൽ മുങ്ങാങ്കുഴിയിട്ട്, കൈതവേരുകൾക്ക് അടുത്ത്  ജലാഴങ്ങളിൽ ചെന്ന് കണ്ണുതുറക്കുമ്പോൾ അവിടം ഒരു മഹാവിപിനം പോലെ കാണപ്പെടും. കെട്ടുപിണഞ്ഞു കിടക്കുന്ന വേരുകളുടെ കാവ്. വേരിന്റെ ശിഖരപ്പൊടിപ്പുകൾ ഹരിതചാർത്തുള്ള ജലത്തിരശ്ശീലയ്ക്കപ്പുറം ചെറിയ സർപ്പങ്ങളെപ്പോലെ ആടുന്നുണ്ടാവും. ഒപ്പം ജലസസ്യങ്ങളുടെ വഴുക്കലുള്ള വെഞ്ചാമരവും. ജലോപരിതലത്തിൽ കാണാറുള്ളത് മാനത്തുകണ്ണിയേയും പൊട്ടൻകെള്ളയേയും സിലേപ്പിയയേയുമാണ് . എന്നാൽ വിചിത്രരൂപമുള്ള മറ്റുചില മീനുകൾ ആഴത്തിലെ കൈതക്കാട്ടിൽ നീന്തുന്നത് കാണാം. ഏറ്റവും പേടിപ്പെടുത്തുക വേരുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭീകരജീവിയായ കറുത്ത പുഴഞണ്ടാണ്...

അപകടകരമായ, മോശംകാര്യമാണ് ചെയ്തത് എന്നെനിക്ക് മനസ്സിലായി. ആറ്റിൻകരയിലെ കൈതപ്പൊന്ത ആ മൈനയ്ക്ക് ഒട്ടും സുരക്ഷിതമായ സ്ഥലമല്ലെന്ന് ഉറപ്പാണ്. അവിടെ പാമ്പുകൾ ഉണ്ടാവാം. ഒരു കൈതക്കൂട്ടത്തിൽ നിന്നും മറ്റൊരു കൈതക്കൂട്ടത്തിലേയ്ക്ക് പാമ്പുകൾ ഇഴഞ്ഞുപോയതിന്റെ മണൽപ്പാടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. കാറ്റത്ത്, മണൽപ്പരപ്പിലൂടെ തെന്നിനടക്കുന്ന പാമ്പിൻപടങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ കൈതപ്പൊന്തയുടെ ഇരുളിൽ ആ കിളിക്ക് ദിക്കുതെറ്റിയേക്കാം. കാൽവഴുതി ആറിലേയ്ക്ക് വീണേയ്ക്കാം. അവിടെ കറുത്ത ഞണ്ടുണ്ട്...

ആ രാത്രി അതിജീവിക്കാൻ ആ മൈനയ്ക്കാവുമോ എന്ന പേടി എന്നെ കുറ്റബോധിതനും വിഷാദവാനുമാക്കി...!

ഞാൻ ഒന്നുകൂടി അമ്മയോട് ചേർന്നുകിടന്നു...

ഭൂതകാലത്തിന്റെ ഗൃഹാതുരമായ പുനർവായനയല്ല ഓർമ്മ. ജീവിതത്തിന്റെ രേഖീയമായ മുന്നോട്ടുപോക്കിനെ കടപുഴകുന്ന ആത്മാനുഭവമാണ്. ഒരുദാഹരണം പറയാമെങ്കിൽ; ഇവിടെ, പുത്തനാറിനെ ഓർക്കുമ്പോൾ, അവിടിവിടെയൊക്കെ അമ്മ അടുത്തുവന്ന് നിൽക്കുന്നു, വളരെ സ്വാഭാവികമായി. അമ്മ പോയിട്ട് നാളെത്രയായി എന്നതൊന്നും പ്രസക്തമാവുന്നില്ല. ജീവിതത്തിന്റെ ഏകമാനമായ നേർസഞ്ചാരത്തെ ഓർമ്മകൾ സമ്മതിച്ചുകൊടുക്കില്ല.

എൽ. എം. എസ്. പ്രേക്ഷിതപ്രവർത്തകനായിരുന്ന സാമ്യൂൽ മറ്റിറിന്റെ (Samuel Mateer) 'നേറ്റിവ് ലൈഫ് ഇൻ ട്രാവൻകൂർ' (1) എന്ന പുസ്തകത്തിൽ ഇങ്ങനെയൊരു ഭാഗം കാണാം: "ഒരു കനാലിലൂടെയാണ് തിരുവനന്തപുരത്തേയ്ക്കുള്ള അവസാനത്തെ പത്തുനാഴിക ദൂരം യാത്രചെയ്യേണ്ടത്. അതിന്റെ മണൽ നിറഞ്ഞ വശങ്ങളിൽ തീക്ഷ്ണമായ ഗന്ധമുള്ള പൂക്കളും തികച്ചും ഉപയോഗശൂന്യമായ കായ്‌കളുമുള്ള കൈത്തച്ചെടികളാണ്. നീണ്ട ഇലകളും സുഗന്ധമുള്ള പൂക്കളും മാങ്ങയുടെ ആകൃതിയിൽ പച്ച നിറമുള്ള വിഷക്കായകളുമുള്ള ഒതളം, നീണ്ട തണ്ടുകളിൽ ഇളംചുമപ്പ് പൂക്കളുള്ള ബാരിങ്‌ടോണാ, നിറയെ ഫലങ്ങളുള്ള കശുമാവുകൾ തുടങ്ങിയ വൃക്ഷങ്ങളുമുണ്ട്. കരയ്ക്കരുകിലായി ജലത്തിൽ ലില്ലിച്ചെടികളും പന്നൽചെടികളും ഒഴുകിനടക്കുന്ന പായലുമുണ്ട്."

പുത്തനാറിന്റെ കരയിൽ ഞാൻ പ്രത്യക്ഷപ്പെടുന്നതിനും ഒരു നൂറ്റാണ്ടിന് മുൻപാണ് മറ്റീർ ഒരു ക്യാബിൻ ബോട്ടിൽ (2) ഇതുവഴി കടന്നുപോയത്. ബാല്യകൂതൂഹലങ്ങളുമായി, മാനത്തുകണ്ണികളോടൊപ്പം, നൂറു വർഷങ്ങൾക്ക് ശേഷം ഞാനിവിടെ വിഹരിക്കുമ്പോൾ ആ കാഴ്ചകളൊന്നും കാര്യമായി മാറിയിട്ടുണ്ടായിരുന്നില്ല. ആറിന്റെ കരയിൽ അവിടവിടെ കണ്ടിരുന്ന കുറ്റിച്ചെടിയുടെ പേര് ബാരിങ്‌ടോണാ എന്നാണെന്ന് ഞാനറിയുന്നത് ഈ പുസ്തകം വായിക്കുമ്പോഴാണ്.

ഈ ശതാബ്‌ദക്കാലത്തിനിടയ്ക്ക് സംഭവിച്ച വലിയ മാറ്റം മനുഷ്യസഞ്ചാരത്തിന്റെ ഉപാധിയെന്ന നിലയിലുള്ള പുത്തനാറിന്റെ ഉപയുക്തത കാര്യമായി കുറഞ്ഞിരുന്നു എന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാവുമ്പോഴേയ്ക്കും കരയിലൂടെയുള്ള മോട്ടോർ വാഹനങ്ങൾ പൊതുയാത്രാസംവിധാനമെന്ന നിലയിൽ കേരളത്തിൽ ഏറെക്കൂറെ വ്യാപകമായി കഴിഞ്ഞിരുന്നു. എങ്കിലും പുത്തനാറിലൂടെ യാത്രാനൗകകളായ കെട്ടുവള്ളങ്ങൾ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടില്ല എന്നല്ല. എന്നാലും അക്കാലത്ത് കനാൽ കൂടുതലും ഉപയുക്തമായിരുന്നത് ചരക്കുനീക്കങ്ങൾക്കാണ്. വിശിഷ്യാ, മേഖലയിലെ പ്രമുഖ പരമ്പരാഗത വ്യവസായമായ കയർനിർമ്മാണത്തിനാവശ്യമായ തൊണ്ടുമായി പോകുന്ന വള്ളങ്ങളായിരുന്നു അക്കാലത്ത് കൂടുതലും.

ഒരു തലമുറയുടെ പടവിനപ്പുറം, അമ്മയുടെ അച്ഛനും മറ്റും കെട്ടുവള്ളത്തിൽ ദിവസങ്ങൾ യാത്രചെയ്ത് ചമ്പക്കുളം പള്ളിയിലേയ്ക്കും എടത്വ പള്ളിയിലേയ്ക്കുമൊക്കെ തീർത്ഥയാത്ര പോയിട്ടുള്ള കാര്യം അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ തലമുറയുടെ തൊട്ടുമുൻപുവരെ കേരളത്തിൽ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടന്നിരുന്ന ജലപാതയുടെ ഒരു ഖണ്ഡമായിരുന്നു പാർവ്വതീപുത്തനാർ. ആ ചരിത്രപ്രാധാന്യം പക്ഷേ അതിന്റെ കരയിൽ മഗ്നമായി ഓടിക്കളിക്കുമ്പോൾ എന്തായാലും എനിക്കറിയുമായിരുന്നില്ലല്ലോ.

വേളിക്കായൽ മുതൽ കഠിനംകുളം കായൽ വരെ. അത്രയുമാണ് പാർവതീ പുത്തനാറിന്റെ നീളം എന്നാണ് ഒരുപാടുകാലം ഞാൻ കരുതിയിരുന്നത്. എന്നാൽ അത് എന്റെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഖണ്ഡത്തിന്റെ നീളം മാത്രമത്രേ. ഞങ്ങളുടെ കടവിൽ നിന്നും തെക്കോട്ടു പോയാൽ കനാൽ അവസാനിക്കുക വേളിക്കായലിലാണ്‌. വേളിക്കായലും ആക്കുളം കായലും ഒന്നിച്ചു കിടക്കുന്ന രണ്ടു ജലാശയങ്ങളാണ്. വേളിക്കായലിൽ അവസാനിക്കുന്ന പുത്തനാർ പിന്നീട് തെക്കോട്ടുള്ള അതിന്റെ സഞ്ചാരം തുടങ്ങുക ആക്കുളം കായലിൽ നിന്നാണ്. കരമനയാറ് പൂന്തുറപ്പൊഴിയിൽ വീഴുന്നതിന് തൊട്ടുമുൻപായി പാർവതീപുത്തനാർ ആ നദിയിൽ ലയിക്കുന്നു. പുത്തനാറിന്റെ തെക്കൻ അതിർത്തി ഇവിടെയാണ്.

ആക്കുളം കായൽ മുതൽ പൂന്തുറപ്പൊഴിവരെയുള്ള പുത്തനാറിന്റെ ഖണ്ഡമാണ് തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയെ തൊട്ടുപോകുന്നത്. ചാക്ക എന്ന സ്ഥലത്താണ് പഴയകാല ജലയാത്രികരുടെ പട്ടണത്തിലേക്കുള്ള പ്രവേശനക്കടവ്. (തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെർമിനൽ ഇപ്പോൾ ഈ സ്ഥലത്താണ്.) രാജകുടുംബത്തിന്റെ സഞ്ചാരത്തിനായി പ്രത്യേകം സജ്ജീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നുവത്രേ. അല്പംകൂടി തെക്കോട്ടു മാറി ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള കടവ്. പ്രസ്തുത സംവിധാനത്തിന്റെ ഫലമായാണ് ആ പ്രദേശത്തിന് വള്ളക്കടവ് എന്ന പേരുവന്നത്. പൂർവ്വകാലത്തെ ചരക്കുനീക്കത്തിന്റെ ബാക്കിപത്രമായി ചില ഗുദാമുകളുടെ ശേഷിപ്പുകൾ ഇന്നും ആ ഭാഗത്ത്, ആറിന്റെ തീരത്ത്, കാണാൻ സാധിക്കും.

ഞങ്ങളുടെ കടവിൽ നിന്നും, വടക്കോട്ട് പുത്തനാറിലൂടെ സഞ്ചരിച്ചാൽ വളരെവേഗം കഠിനംകുളം കായലിലെത്തും. അതിനും അല്പം വടക്കായി അഞ്ചുതെങ്ങ് കായലും. വാമനപുരം നദിയുടെ പൊഴിമുഖമായതിനാൽ ഏതാണ്ട് ഇരുപത് കിലോമീറ്റർ നീളത്തിലുള്ള പ്രദേശം പ്രകൃത്യായുള്ള ജലാശയങ്ങളാൽ സമൃദ്ധമാണ്. അതിനെയെല്ലാം ഉപയുക്തമാക്കിയാണ് കനാലിന്റെ നിർമ്മാണം ഈ ഭാഗങ്ങളിൽ നടന്നിരിക്കുന്നത്. അതിനാൽ കനാലേത് കായലേത് എന്ന് പെട്ടെന്ന് തിരിച്ചറിയാനായി എന്നുവരില്ല.

ഇവിടെനിന്നും വീണ്ടും വടക്കോട്ട് ഇടവാക്കായൽ വരെ നീളുന്നു പുത്തനാർ. ഈ ഖണ്ഡത്തിലാണ് പ്രശസ്തമായ വർക്കല തുരങ്കം. നിർമ്മാണകാലം ഏതാനും ശതാബ്ദങ്ങൾക്ക് മുൻപായിരുന്നുവല്ലോ എന്നാലോചിക്കുമ്പോൾ ഒരു കിലോമീറ്ററോളം നീളംവരുന്ന ഈ ജലതുരങ്കം സവിശേഷമായ എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ തെളിവാകും. കായലുകളിലും ജലാശയങ്ങളിലും കൂടി കടന്നുപോകുന്ന ഭാഗം ഉൾപ്പെടെ അളന്നാൽ ഏകദേശം അറുപതു കിലോമീറ്റർ നീളംവരും ഈ ജലപാതയുടെ പൂന്തുറപ്പൊഴി മുതൽ ഇടവാക്കായാൽ വരെയുള്ള നീളം.

ഇത്രയും നീളത്തിൽ ഒരു ജലപാത നിർമ്മിച്ചെടുക്കുക എന്നത് കേരളത്തിന്റെ സമകാലിക സാഹചര്യത്തിൽ ഏറെക്കൂറെ അസംഭവ്യമാണ്. സാങ്കേതികത തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ഇത്രയും വൈപുല്യമുള്ള, സവിശേഷസ്വഭാവമുള്ള മരാമത്തുപണി സാക്ഷാത്കരിച്ചത് അത്ഭുതകരം എന്നേ പറയേണ്ടു. മനുഷ്യഭാവനയുടെയും അദ്ധ്വാനത്തിന്റെയും നല്ല ഉദാഹരണം. എന്തായാലും ഇത് ക്ഷിപ്രസാധ്യമായ ഒരു ജോലിയായിരുന്നിരിക്കില്ല എന്ന് ഊഹിക്കാവുന്നതേയുള്ളു. തമിഴരായ നൂറുകണക്കിന് തൊഴിലാളികൾ ഇതിന്റെ നിർമ്മാണത്തിനായി എത്തിയിരുന്നു എന്ന വായ്മൊഴിക്കഥ നാട്ടുകേൾവിയായി ഉണ്ടായിരുന്നു. തമിഴ്ഭാഷാപ്രദേശങ്ങൾ പലതും അന്ന് തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്നുവല്ലോ. വർഷങ്ങളോളം നീണ്ടുനിന്നിരിക്കാവുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഗുണാത്മകമായ  നീക്കിയിരിപ്പാണ് പാർവ്വതീപുത്തനാർ.

1810 - മുതൽ 1829 - വരെ പത്തൊൻപതു വർഷക്കാലം തിരുവിതാംകൂർ ഭരിച്ചിരുന്നത് രണ്ടു സ്ത്രീകളാണ് - സഹോദരിമാരായ ഗൗരിലക്ഷ്മിഭായിയും ഗൗരിപാർവതീഭായിയും. ഇക്കാലത്താണ് തിരുവിതാംകൂർ ഒരു ആധുനിക സമൂഹമാകുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതിന് ത്വരകമായത് ജോൺ മൺറോ എന്ന ബ്രിട്ടീഷ് റെസിഡന്റിന് ഈ രണ്ടു റാണിമാരിൽ നിന്നും ലഭിച്ച അനിയന്ത്രിതമായ പിന്തുണയും സ്വതന്ത്ര്യവുമാണെന്ന് കരുതേണ്ടിവരും. പത്തൊൻപതാം വയസ്സിൽ രാജ്യഭരണം ഏറ്റെടുക്കേണ്ടി വന്ന ഗൗരിലക്ഷ്മിഭായിയുടെ കാലത്ത് വിചിത്രമായ ഒരു രാജവിളംബരത്തിലൂടെ, മൂന്നുവർഷം മൺറോ തിരുവിതാംകൂർ ദിവാനായും സേവനമനുഷ്ഠിച്ചിരുന്നു.

മൺറോ, തിരുവിതാംകൂറിനോട് സാമാന്യത്തിലധികം കൂറ് പുലർത്തിയ ദിവാനായിരുന്ന എന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് സംവിധാനവും തിരുവിതാംകൂറുമായി തർക്കങ്ങൾ ഉടലെടുക്കുമ്പോൾ പലപ്പോഴും തിരുവിതാംകൂറിന്റെ ഭാഗത്ത് നിന്ന മൺറോ ഔദ്യോഗികതലത്തിൽ, ആ നിലപാടുകളുടെ പേരിൽ ശിക്ഷാനടപടികൾ നേരിട്ടിരുന്നുവത്രേ. ഇത് പറയുമ്പോൾ പെട്ടെന്ന് ഓർമ്മവരുക, ഏതാനും വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ് മലബാറിൽ കളക്ടറായിരുന്ന വില്ല്യം ലോഗനെയാണ്. അദ്ദേഹവും ബ്രിട്ടീഷ് കൊളോണിയൽ രീതികൾക്ക് ഉപരിയായി മലബാറിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും തദ്വാരാ ശിക്ഷാനടപടികൾ നേരിടേണ്ടിവരുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നുവത്രേ. കൗതുകകരമായ സംഗതി ഈ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നില്ല, സ്കോട് ലാൻഡിൽ നിന്നുള്ളവരായിരുന്നു എന്നതാണ്.

മറ്റു പല വികസനപ്രവർത്തനങ്ങളും എന്നപോലെ, ഗൗരിപാർവതീഭായി റീജന്റായും മൺറോ റെസിഡന്റായുമിരിക്കുന്ന കാലത്താണ് കനാലിന്റെ കൂടുതലും ഭാഗങ്ങൾ ജലയാത്രയ്ക്ക് സജ്ജമാകുന്നത്. 1921 - ൽ, തിരുവിതാംകൂർ മരാമത്ത് വകുപ്പിൽ എക്സിക്യൂട്ടിവ് എഞ്ചിനീയറായിരുന്ന ജോൺ കുര്യൻ സമർപ്പിച്ച വകുപ്പുതല റിപ്പോർട്ടിൽ ഇങ്ങനെയൊരു ഭാഗം കാണാം: "തലസ്ഥാനത്തെ വേളിക്കായാലുമായും കഠിനംകുളം കായലുമായും യോജിപ്പിക്കുകയും തുടർന്ന് അതിനെ അഞ്ചുതെങ്ങ് കായലുമായും വാമനപുരം നദിയുമായും ബന്ധിപ്പിക്കുകയും ചെയ്യുന്ന പാർവ്വതീപുത്തനാർ, റാണി പാർവ്വതീഭായിയുടെ ഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്." തുടർന്ന് കുര്യൻ ഇങ്ങനെ എഴുതുന്നു: "വർക്കലക്കുന്നിൽ രണ്ട് തുരങ്കങ്ങളുണ്ടാക്കി, തലസ്ഥാനത്തിനു സമീപസ്ഥമായ ജലവിനിമയ സംവിധാനത്തെ വടക്കൻ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് 1877 - ലാണ്." (3)

1829 - ലാണ് ഗൗരിപാർവതീഭായിയുടെ ഭരണം  അവസാനിക്കുന്നതും സ്വാതിതിരുനാൾ രാജാവാകുന്നതും. ആയതിനാൽ കനാൽനിർമ്മാണം കഴിഞ്ഞ് ഏതാണ്ട് അൻപത് വർഷങ്ങൾക്ക് ശേഷമാണ് വർക്കല തുരങ്കം സാക്ഷാത്കരിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാം. അക്കാലത്തെ വലിയൊരു മരാമത്ത് പണിയായ ഈ തുരങ്കനിർമ്മാണത്തെ കുറിച്ച് മറ്റീർ കുറച്ചുകൂടി വിസ്തരിച്ച് എഴുതിയിട്ടുണ്ട്, മുൻപ് സൂചിപ്പിച്ച അദ്ദേഹത്തിന്റെ പുസ്തകത്തിൽ: "1881 - വരെ ജലഗതാഗതം തികച്ചും അസാധ്യമാക്കികൊണ്ട് നാല് നാഴിക ദൈർഘ്യമുള്ള ഒരു കുന്ന് വർക്കലയിലുണ്ടായിരുന്നു. പതിനാറ് ലക്ഷത്തിലധികം രൂപ ചിലവിട്ടാണ് ഈ തടസ്സം നീക്കാൻ സാധിച്ചത്. അതുവരെ തെക്കോട്ടുള്ള യാത്ര തുടരുന്നതിന് യാത്രക്കാർ കുന്ന് കയറിയിറങ്ങുകയും സാധനങ്ങൾ ചുമന്നെത്തിക്കുകയും ചെയ്യേണ്ടിയിരുന്നു. നിരവധി വർഷങ്ങളിലെ സർവ്വേയ്ക്കും കൂടിയാലോചനകൾക്കും അദ്ധ്വാനത്തിനും ശേഷം കുന്നിനെ രണ്ടുമൂന്ന് നാഴിക ചുറ്റി, അഞ്ചടി ആഴവും പതിനാറടി വീതിയുമുള്ള കനാൽ നിർമ്മിച്ചു. അതിലുള്ള രണ്ടു തുരങ്കങ്ങളിൽ ഒന്നിന് ആയിരവും മറ്റേതിന് രണ്ടായിരവും അടിയാണ് ദൈർഘ്യം. ചെങ്കല്ല് പൊട്ടിച്ചുണ്ടാക്കിയ ചിലഭാഗങ്ങളിൽ കനാലിന് അറുപതും എഴുപതും അടിവരെ ആഴമുണ്ട്. മുപ്പതടി ആഴത്തിൽ ഇപ്പോഴത്തെ സമുദ്രനിരപ്പിന് താഴെയായി ലിഗ്നൈറ്റിന്റെയും പ്രാചീനമായ വനത്തിന്റെയും അവശിഷ്ടങ്ങളും, ചിലയിടങ്ങളിൽ കളിമണ്ണും കണ്ടെത്തുകയുണ്ടായി. ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമായിരുന്നു, ഈ കനാലിന്റെ നിർമ്മാണം. ഇതിനു ചിലവായ തുക വളരെ ഭാരിച്ചതാണെങ്കിലും യാത്രയ്ക്കും വ്യാപാരത്തിനും അത് നൽകിയിട്ടുള്ള സംഭാവന പണത്തിന്റെ മൂല്യം കൊണ്ട് നിർണ്ണയിക്കാൻ അസാധ്യമാണ്. ഈ കനാൽ യാഥാർത്ഥ്യമായതോടെ വടക്കുനിന്നുമുള്ള മെച്ചപ്പെട്ട നൗകകൾക്ക് തിരുവനന്തപുരം കനാലിൽ പ്രവേശിക്കാം എന്ന നിലവന്നു. ഇത് നിലവിൽ വന്നതോട് കൂടി തിരുവന്തപുരം മുതൽ ആലപ്പുഴ, കൊച്ചി, വടക്കൻ ജില്ലകൾ എന്നിവിടങ്ങളിലേയ്ക്കും, 228 നാഴിക അകലെയുള്ള തിരൂർ റെയിൽവേസ്റ്റേഷൻ വരെയുമുള്ള ജലഗതാഗതം സുഗമമായിത്തീർന്നു." വർക്കല തുരങ്കം സാക്ഷാത്കരിച്ച കാലമായി കുര്യനും മറ്റീറും പറയുന്ന വർഷത്തിൽ  ചെറിയൊരു വ്യത്യാസം കാണുന്നുണ്ട് (1877-1881). നാലുവർഷത്തിന്റെ സ്ഖലിതം കാര്യമാക്കത്തക്കതല്ല. ഈ സംഭവത്തിന്റെ സമകാലീനനായി തിരുവിതാകൂറിൽ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്തുകൊണ്ടിരുന്ന മറ്റീറിന്റെ അഭിപ്രായത്തിന് ആധികാരികത കൂടും.

എഴുപതുകളുടെ അവസാനം പുത്തനാറിന്റെ കരയിൽ ഞാൻ എന്റെ ബാല്യം ഉപേക്ഷിച്ചു. താമസംവിനാ നഗരകുമാരനാവാൻ പുറപ്പെട്ടുപോവുകയും ചെയ്തു. ഏതാണ്ട് അക്കാലത്ത് തന്നെയാണ് പുത്തനാറിന്  അതിന്റെ യൗവ്വനമുഗ്ദ്ധത നഷ്ടമായതും. മനുഷ്യസഹവാസത്തിന്റെ ബഹുലത അതിന്റെ ജലപ്പരപ്പുകളിൽ ഏതാണ്ട് അവസാനിച്ചു. ഈ സാഹചര്യത്തിലേക്ക് നയിച്ചതിന് സാമൂഹികമായ പല കാരണങ്ങളും ഉണ്ട്. ചരക്കുനീക്കത്തിന്റെ ഉപാധിയെന്ന നിലയിലുള്ള ആറിന്റെ പ്രസക്തി ഏറെക്കൂറെ പൂർണ്ണമായും അവസാനിച്ചു. ഉൾറോഡുകളും ചരക്കുലോറികളും വ്യാപകമായതോടെ ജലഗതാഗതം ഗുണകരമല്ലാതായി. തിരുവനന്തപുരം നഗരത്തിന്റെ സീവേജ് പ്ലാന്റ് സ്ഥിതിചെയ്യുന്നത് പട്ടണപാർശ്വത്തിൽ പുത്തനാറിന്റെ കരയിലാണ്. അക്കാലത്ത് അവിടെ നിന്നുള്ള മാലിന്യങ്ങൾ പുത്തനാറിലേയ്ക്ക് ഒഴുക്കിവിടുക എന്ന തികച്ചും മനുഷ്യത്വരഹിതവും ഉത്തരവാദിത്വരഹിതവുമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. പുത്തനാറിനെ എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നവർകൂടി ഇതോടെ അതിനെ പരിപൂർണ്ണമായും ഉപേക്ഷിച്ചു. പുത്തനാറിൽ മാനത്തുകണ്ണികളോടൊപ്പം ആമോദം നീന്തിയ അവസാനത്തെ തലമുറ ഒരുപക്ഷേ ഞങ്ങളുടേതാവാം.

ഇത്തരത്തിൽ അനാഥമാക്കപ്പെട്ട് എന്തിനെന്നറിയാതെ ഒഴുകിക്കൊണ്ടിരുന്ന പുത്തനാറിന്റെ ജീവനിൽ അവസാനത്തെ ആണിയടിച്ചത് മറ്റൊരു സംഗതിയാണ്. എൺപതുകളുടെ തുടക്കത്തിൽ കനാലിന്റെ കരയിലെ പുറമ്പോക്ക് ഭൂമി വ്യാപകമായി കയ്യേറപ്പെട്ടു. ഞാൻ നിരാശനായി നോക്കിനിൽക്കേ, ആ മൈന ഇറങ്ങിപ്പോയ മണൽച്ചരിവിൽ ചില കുടിലുകൾ പൊങ്ങിയിരിക്കുന്നത് വല്ലപ്പോഴും അതുവഴി കടന്നുപോകുമ്പോൾ കാണുന്നുണ്ടായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുടിലുകൾ ഓടുപാകിയ  വീടുകളായി പരിണമിച്ചു. ഇപ്പോൾ ചില ഇരുനില മാളികകളും അവിടെ കാണുന്നു. അതിൽ ചില വീട്ടുകാർ 'ആറ്റിൻകരയിൽ' എന്ന കുടുംബനാമവും സ്വീകരിച്ചുകഴിഞ്ഞുവത്രേ. തീരത്തെ മണൽച്ചെരിവ് ഇടിച്ചുനിരപ്പാക്കിയാണ് ഈ വീടുകൾ പൊങ്ങിയിരിക്കുന്നത്. ഇത് പുത്തനാറിന്റെ വിസ്തൃതി അത്യധികം നേർത്തതാക്കി. പല ഭാഗങ്ങളിലും കാൽമുട്ട് നനയാതെ മറുകരകടക്കാം എന്നായിട്ടുണ്ട്.

സമീപഭൂതകാലത്ത് പുത്തനാർ നേരിട്ട വലിയ താണ്ഡനം മണലൂറ്റാണ്. അനാഥമായി കിടക്കുന്ന പുത്തനാർ ഇത്തരക്കാരുടെ നല്ലൊരു ലക്ഷ്യമായതിൽ അത്ഭുതമില്ല. ഇരുകരകളിൽ നിന്നും, ആറിൽ നിന്നുതന്നെയും, വളരെ വിപുലമായരീതിൽ മണൽകടത്ത് നടന്നുകൊണ്ടിരുന്നു. ഒരുപക്ഷെ പ്രാദേശികഭരണകൂടങ്ങളും ഉദ്യോഗസ്ഥരുമൊക്കെ അതിൽ പങ്കുകാരായിട്ടുണ്ടാവാം. അതാണല്ലോ നാട്ടുനടപ്പ്. പ്രകൃത്യായുള്ള നദിയല്ലാത്തതിനാൽ, പുത്തനാറിലെ മണലെടുപ്പ് ഏതുവിധത്തിലാണ് അതിന്റെ സ്വാഭാവികതയെ ഹനിക്കുക എന്ന സാങ്കേതികവശം എനിക്ക് പിടിയില്ല. പക്ഷെ ചില ഭാഗങ്ങളിൽ, ലോറിക്ക് മറുകരയിലേയ്ക്ക് കടന്നുപോകാനായി, ആറിന് കുറുകേ പോലും ചെമ്മണൽ നിരത്തി റോഡിട്ടിരിക്കുന്നത് കാണുകയുണ്ടായി. പൂർണമായും തന്റെ ജലപ്രവാഹം തടയുന്ന മനുഷ്യന്റെ ക്രൂരമോഹത്തിൽ ഒരു പുഴയ്ക്ക് മരിച്ചുപോവുകയല്ലാതെ മറ്റെന്തു വഴിയാണുള്ളത്.

കഴിഞ്ഞ പതിറ്റാണ്ടിനിടയ്ക്ക് പാർവ്വതീപുത്തനാർ പുനരുദ്ധരിക്കുന്നതിനെ കുറിച്ചുള്ള പത്രവാർത്തകൾ അനേകം തവണ കണ്ടിരുന്നു. എങ്കിലും പ്രത്യക്ഷമായ  എന്തെങ്കിലും പ്രവർത്തനങ്ങളിലേയ്ക്ക് കടന്നതായി അറിയില്ല. അതത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് വന്നുപോകുന്ന സർക്കാരുകൾക്ക് അറിയാതിരിക്കില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ്, പൂന്തുറപ്പൊഴി മുതൽ ആക്കുളം കായൽ വരെയുള്ള ദൂരത്തിൽ സർവേ നടപടികൾ പൂർത്തിയാക്കിയപ്പോൾ, ആ ഭാഗത്തു മാത്രം  കയ്യേറ്റഭൂമിയിൽ നിന്നും ഇടിച്ചുകളയേണ്ടിവരുക രണ്ടായിരത്തോളം കെട്ടിടങ്ങളാണെന്ന് കണ്ടത്തിയിരുന്നു. ഇത് പുത്തനാറിന്റെ ചെറിയൊരു ഖണ്ഡം മാത്രമാണെന്ന് ഓർക്കുക. കനാലിന്റെ മുഴുവൻ നീളവും കണക്കാക്കുമ്പോൾ ഇത്തരത്തിൽ ഇടിച്ചുകളയേണ്ടിവരുക ഇതിനേക്കാൾ എത്രയോ ഇരട്ടി കെട്ടിടങ്ങളായിരിക്കും. ഈ കെട്ടിടങ്ങളിൽ ഏറെക്കൂറെ എല്ലാം തന്നെ വീടുകളാണ്. വീടുകളെന്നാൽ അതിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ്. അത് ഇന്നലെയോ ഇന്നോ നടന്ന  കയ്യേറ്റമല്ല. പത്തമ്പത് വർഷം മുൻപ് നടന്നതാണ്. ഇപ്പോൾ ആ വീടുകളിൽ താമസിക്കുന്ന തലമുറ ജനിച്ചുവളർന്നത് അവിടെയാണ്. അതിനാൽ ആ കയ്യേറ്റത്തിന്റെ നിയമരാഹിത്യത്തെ കുറിച്ച് ഇപ്പോൾ ചർച്ചചെയ്യുക മനുഷ്യത്വപരമല്ല. പുത്തനാറിന്റെ നവീകരണത്തിനായി പുറമ്പോക്ക് തിരിച്ചുപിടിക്കുമ്പോൾ വീട് നഷ്ടമാവുന്ന കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ  ഉറപ്പാക്കേണ്ടതുമുണ്ട്. അത് കനാൽ നവീകരണത്തെക്കാൾ ഭീമമായ ബാധ്യതയുണ്ടാക്കുന്ന  ഒന്നാവും എന്നതിന് തർക്കമില്ല.

പുത്തനാറിന്റെ നിർമ്മാണത്തെക്കാൾ വിപുലമായ ഒരു പദ്ധതിയായി മാറും അതിന്റെ നവീകരണം എന്നുതോന്നും വിഷയത്തിന്റെ വിവിധവശങ്ങൾ നോക്കുമ്പോൾ. ഇത് നേരിട്ടോ പരോക്ഷമായോ പ്രദേശത്തെ വലിയൊരു കൂട്ടം ജനങ്ങളെ ബാധിക്കുന്ന ഒന്നായിരിക്കുകയാൽ, പ്രാദേശികമായ അഭിപ്രായരൂപീകരണവും, പ്രാദേശികഭരണകൂടങ്ങളുടെയും സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘങ്ങളുടെയും ഒക്കെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാതെ നടത്തിയെടുക്കുക പ്രയാസമായിരിക്കും. ഇപ്പോൾതന്നെ വ്യത്യസ്തമായ നിലപാടുകൾ ഈ വിഷയത്തിൽ നിലനിൽക്കുന്നു. നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എസ്. എൻ. റോയ് ഈ സംരംഭത്തോട് കാര്യമായി മമതകാണിക്കുന്ന ഒരാളല്ല. പൊതുപണത്തിന്റെ വലിയ ധൂർത്തിനും, അനധികൃത മണൽകടത്തിനും, പലവിധത്തിലുള്ള മറ്റ് അഴിമതികൾക്കും  വിളനിലമായി മാറാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം ഭയപ്പെടുന്നു. പുത്തനാറിലെ മണലൂറ്റിനെതിരെ നടന്ന ജനകീയപ്രക്ഷോഭത്തിന്‌ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ വിഷയമറിഞ്ഞുള്ള അഭിപ്രായം പ്രസക്തമാണ്. അദ്ദേഹത്തിന്റെ സഹോദരനും പൊതുകാര്യപ്രസക്തനും പ്രമുഖ വർത്തകനുമായ ജെറി ബ്രൈറ്റ്, പക്ഷെ, കടുത്ത വിയോജിപ്പ് പദ്ധതിയോട് പുലർത്തുന്നില്ല. ജനക്ഷേമപരമായും സുതാര്യമായും നടപ്പാക്കിയാൽ മുൻധാരണയോടെയുള്ള, ഏകപക്ഷീയമായ എതിർപ്പ് അസ്ഥാനത്താവും എന്നദ്ദേഹം കരുതുന്നു. (പ്രസ്തുതവിഷയത്തിൽ സാന്ദർഭികമായി നടന്ന സുഹൃദ്ഭാഷണത്തിൽ നിന്നുമുള്ള എന്റെ വ്യക്തിനിഷ്ഠമായ അനുമാനമാണിത്. സൂചിപ്പിക്കപ്പെട്ട വ്യക്തികളുടെ ആധികാരികമായ അഭിപ്രായമായി വായിക്കേണ്ടതില്ല.) ചെറിയ സമൂഹവൃത്തത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു എന്നത് പ്രശ്‌നത്തെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

ടൂറിസമാണ് പ്രധാനമായും ഈ പദ്ധതിയുടെ  ഉപയുക്തതയായി പറയുന്നത്. ജലനൗകകൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളായി മാറിക്കഴിഞ്ഞ ഇക്കാലത്ത് മറ്റു പല ഉപയോഗങ്ങളും ഉണ്ടാവുമായിരിക്കും. എങ്കിൽതന്നെയും പദ്ധതി വൈപുല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഉപയുക്തതയുടെ കാര്യം പിറകോട്ടാണെന്നു കാണാം.

ഈ പദ്ധതിനടത്തിപ്പിന്റെ സങ്കീർണമാനങ്ങൾ, അതിന്റെ ഭൗതികസാധ്യതകൾ ഒന്നും എന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമല്ല. ഇതുമായി ബന്ധപ്പെട്ടുവരുന്ന  പ്രാദേശികമായ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഏതെങ്കിലും തരത്തിൽ ഇടപെടാൻ മാത്രം ആ ഭാഗങ്ങളിൽ അടുത്തകാലത്തൊന്നും ഞാൻ ഉണ്ടായിട്ടുമില്ല. അതെന്റെ  വഴിയുമല്ല. എങ്കിലും പാർവ്വതീപുത്തനാറിന്റെ നവീകരണം ഞാൻ ആഗ്രഹിക്കുന്നുണ്ട്. ബാല്യത്തിൽ ഞാൻ അതിന്റെ പരിസരം വിട്ടുപോകുമ്പോൾ, അതിന് ഇപ്പോഴുള്ളതിനേക്കാൾ എത്രയോ അധികം നിറവും ഊർജ്ജവും ഉണ്ടായിരുന്നു. വാർദ്ധക്യത്തിൽ, ആ പുഴയുടെ മുകളിലൂടെ കടന്നുപോകുന്ന അസംഖ്യം പാലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കയറിനിന്ന് താഴേയ്ക്ക്  നോക്കാൻ ഇടവരുകയാണെങ്കിൽ, അതേ നിറവ്, അതേ സുപരിചിതത്വം ആഗ്രഹിക്കുന്നത്, പഴയ കൂട്ടുകാരൻ എന്ന നിലയ്ക്ക് അഭംഗിയാവുമോ...?!

൦൦                     

1. തോടിലും ചെറിയ അരുവിയിലും, ജലോപരിതലത്തിൽ, കൂട്ടത്തോടെ കാണപ്പെടുന്ന ചെറിയ മീൻ. 
      
2. Native Life in Travancore - എന്ന പുസ്തകം 'ഞാൻ കണ്ട കേരളം' എന്ന പേരിൽ ആരോ ബുക്സ്, തിരുവനന്തപുരം തർജ്ജമചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനം: എ. എൻ. സത്യദാസ്. ആ മലയാളം പരിഭാഷയിൽ നിന്നാണ് ഉദ്ധരണി.

3. കേരള പി. ഡബ്ള്യു. ഡി. വെബ്‌സൈറ്റിലെ 'ചരിത്രം' എന്ന ഭാഗത്തു നിന്നും.

൦൦ 

4 comments:

 1. ഭൂതകാലത്തിന്റെ ഗൃഹാതുരമായ പുനർവായനയല്ല ഓർമ്മ. ജീവിതത്തിന്റെ രേഖീയമായ മുന്നോട്ടുപോക്കിനെ കടപുഴകുന്ന ആത്മാനുഭവമാണ്...
  എഴുത്തിന്റെ സൗന്ദര്യം ആവോളം അനുഭവിപ്പിച്ച പോസ്റ്റ്‌.. ബാല്യകാല സ്മരണകളും ചരിത്രവും ഇടചേർന്ന പോസ്റ്റ്‌. വായനക്കാരൊക്കെ ഉണ്ട്.. എഴുതാൻ മടിക്കേണ്ട.. ആശംസകൾ

  ReplyDelete
  Replies
  1. നന്ദി, പുനലൂരാൻ...

   Delete
 2. ഭൂതം വര്‍ത്തമാനം ഭാവി- ഈ മൂന്ന് വഴികളിലൂടെ ഒഴുകിയെത്തുന്നത് പുത്തനാറിനെ കുറിച്ചുള്ള കാമ്പുള്ള ലേഖനത്തിലാണ്. നല്ല വായന സമ്മാനിച്ച എഴുത്ത്. നന്ദി ലാസര്‍ :)

  ReplyDelete