Sunday, 4 May 2014

നിഗൂഡപുരാവൃത്തങ്ങളുടെ പ്രകൃതി

ഏതു ദേശത്തിനും നിഗൂഡമായ അതിന്റെ പുരാവൃത്തങ്ങളുണ്ട്. മനുഷ്യന്റെ നിസ്സാരതാബോധവും ഭൌമാതീതമായ ഏതോ ശക്തിയിലുള്ള ഭയാരാധനയും പ്രചോദിപ്പിച്ച ഭാവനാലോകമാണ് ഇത്തരം രഹസ്യാത്മകമായ കഥാലോകത്തിന്റെ പ്രഭവവും നീളിച്ചയും. ഒരു പൊന്നാപുരം കോട്ട, ഒരു ഹൈമവതി കുളം തുടങ്ങിയവയൊക്കെ ദേശപുരാവൃത്തത്തിന്റെ നിഗൂഡതകളുമായി തുടരുന്നു. ഇവയുടെ തുടക്കം അന്ത:സത്ത പോലെ തന്നെ അവ്യക്തമായിരിക്കുന്നു. എല്ലാത്തിനു പിന്നിലും മനുഷ്യന് വ്യതിരക്തയോടെ നിര്‍വചിക്കാനാവാത്ത ഏതോ അദൃശ്യശക്തികളുടെ ഇടപെടലാല്‍ മരണപ്പെട്ട, അപകടപ്പെട്ട, അപ്രത്യക്ഷമായ മനുഷ്യരുടെ കഥകള്‍ ബന്ധപ്പെടുന്നു. അത്തരം കഥകളുടെ നിജസാധ്യതകളെ അസാധുവാക്കുംവിധം മനുഷ്യമോഹങ്ങളെ അതിന്റെ രഹസ്യാത്മകത ആവേശിക്കുന്നിടത്തുവച്ചാണ് അവ പുരാവൃത്തങ്ങളായി മാറുന്നത്.

കലയുടെ, പ്രത്യേകിച്ച് സാഹിത്യത്തിന്റേയും സിനിമയുടെയും പ്രവര്‍ത്തിപ്രദേശത്ത്‌ അപസര്‍പ്പക സ്വഭാവമുള്ള ആവിഷ്ക്കാരങ്ങള്‍ പല നിലകളിലും വ്യാപകമായി തന്നെ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ധൈഷണികവും മൂല്യവത്തുമായി ഔന്നത്യംപേറുന്ന കലാവിഷ്ക്കാരങ്ങളുടെയും ജനപ്രിയ വര്‍ണ്ണചേരുവകളുടെയും വ്യതിരക്തമായ ഇടങ്ങളിലെല്ലാം ഈ സങ്കേതം വീണ്ടും വീണ്ടും കടന്നുവരുന്നുണ്ട്. അത്തരത്തില്‍ നിഗൂഡതയുടെ ഒരു ചെറുപരിവേഷം ഉള്‍കൊള്ളുന്നുണ്ട് 'പിക്നിക് അറ്റ്‌  ഹാങ്ങിംഗ് റോക്ക്' എന്ന, പീറ്റര്‍ വിയയുടെ (Peter Weir) സംവിധാനത്തില്‍ വെട്ടംകണ്ട ആസ്ത്രേലിയന്‍ സിനിമയും. എന്നാല്‍ ഇതേ ജെനുസ്സില്‍ പെട്ട മറ്റു ചലച്ചിത്രങ്ങളില്‍ നിന്നും ഇതിനെ വത്യസ്ഥമാക്കുന്ന പ്രമേയപരമായ വ്യതിയാനം മനസ്സിലാക്കാന്‍, ഇതിന്റെ അമേരിക്കയിലെ റിലീസിംഗ് സമയത്ത് നടന്ന ഒരു ചെറുസംഭവം സൂചികയാവും. വിതരണക്കാര്‍ക്കായുള്ള പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അതിലൊരാള്‍ കുടിച്ചു കൊണ്ടിരുന്ന ചായകോപ്പ സ്ക്രീനിലേക്ക് വലിച്ചെറിഞ്ഞു. ഹോളിവുഡ് സിനിമകളുടെ ആദിമദ്ധ്യാന്തങ്ങള്‍ പരിചയിച്ച ആ വിതരണക്കാരനെ, ഒരു നിഗൂഡതയും അനാവരണം ചെയ്യാതെ അവസാനിച്ച 'സസ്പെന്‍സ് ത്രില്ലറി'ന്റെ യുക്തിരാഹിത്യം ക്ഷുഭിതനാക്കിയത്രേ.

1900  - ലെ വാലന്റയിന്‍സ്‌ ദിനത്തില്‍  ഹാങ്ങിംഗ് റോക്കിലേക്ക് പിക്നിക്കിന് പോകുന്ന അടുത്തുള്ള ബോര്‍ഡിംഗ് സ്കൂളിലെ പെണ്‍കുട്ടികളില്‍പ്പെട്ട ഏതാനുംപേരും അവരുടെ ഒരദ്ധ്യാപികയും ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്നതാണ് കഥാതന്തു.ജോവാന്‍ ലിന്‍സേയുടെ ഇതേ പേരിലുള്ള നോവലിനെ അധികരിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആസ്ത്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തില്‍ മെല്‍ബണില്‍ നിന്നും ഏകദേശം എഴുപത്തിയഞ്ച് കിലോമീറ്റര്‍ വടക്കുമാറിയുള്ള ഒരു പാറകൂട്ടമാണ്‌  ഹാങ്ങിംഗ് റോക്ക്. ഈ സിനിമയുടെ അഭൂതപൂര്‍വ്വമായ വിജയത്തിനുശേഷം സിനിമ സംവദിച്ച നിഗൂഡത ഒരു പുരാവൃത്തമായി  ഹാങ്ങിംഗ് റോക്കിനെ പ്രശസ്തമാക്കുകയായിരുന്നു. ലിന്സേയുടെ നോവല്‍ വെട്ടം കാണുന്നതിനു മുന്‍പ് ഈ പാറക്കൂട്ടത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ എന്ന സത്യം അന്വേഷിക്കുന്നതിനെ അപ്രസക്താമാക്കും വിധം സിനിമാപ്രേമികള്‍, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവരായാലും, മെല്‍ബണിലെത്തിയാല്‍  ഹാങ്ങിംഗ് റോക്കിലേക്ക് ഒരു തീര്‍ഥാടനം നടത്താതെ മടങ്ങാറില്ല, സിനിമയ്ക്ക് മുന്‍പോ പിന്‍പോ രഹസ്യാത്മകമായ ഒരു അപ്രത്യക്ഷമാകലും ആ പാറകൂട്ടത്തില്‍ നടന്നതായി തെളിവുകളൊന്നും ഇല്ലെങ്കിലും. കോലാഹലങ്ങളില്ലാതെ കല പ്രതിബദ്ധവും പ്രതിരോധവുമായി പരിണമിക്കുന്നതിന്റെ സൂക്ഷമമായ ഇഴകള്‍ ഇവിടെ കാണാനാവും.  ഹാങ്ങിംഗ് റോക്കില്‍ ഒരു ഖനനം നടത്താന്‍ ആലോചിക്കുക അവിവേകമായേക്കും എന്ന തോന്നല്‍ ആരിലും ഉളവാക്കും വിധം സാമൂഹികാവബോധം ഉണ്ടാക്കിയെടുക്കാനായി ഈ സിനിമക്ക് എന്നത് ആ നിലയ്ക്കുള്ള കലാവീക്ഷണത്തെ ഉദാഹരിക്കാന്‍ ഉതകും.

സൌന്ദര്യാത്മകത (aesthetics) നിര്‍വചനങ്ങളെ ഉറപ്പായും വിഷമിപ്പിക്കും. കലയിലേക്ക്, സംസ്കാരത്തിലേക്ക്, പ്രകൃതിയിലേക്ക്, മറ്റൊരുതരത്തില്‍ പ്രാപഞ്ചികമായ എന്തിലേക്കും പതിയുന്ന നോട്ടത്തിന്റെ നിരൂപണാത്മകമായ വിചാരമോ പ്രകാശനമോ ആയിരിക്കുമോ അത്? അപ്പുറത്ത് വ്യക്തിനിഷ്ടമായ രുചികള്‍ നിര്‍ണ്ണയമാപിനിയായും നില്‍ക്കുന്നു. "Beauty is bought by judgment of the eye" എന്ന് ഷേക്സ്പീര്‍ എഴുതുമ്പോള്‍ ഫിലോസഫിക്കല്‍ വൈവിദ്ധ്യങ്ങളുടെ ഒരടരിലെ സ്പര്‍ശം മാത്രമേ ആകുന്നുള്ളൂ. ഏത് സൌന്ദര്യാന്വേഷണവും പൊതുവായൊരു സത്യത്തിലേക്കുള്ള കുതിക്കല്‍ കൂടിയാവുന്നുണ്ട്. കലയുടെ സൌന്ദര്യാത്മകത സംസ്ക്കാരത്തിന്റേയും പ്രകൃതിയുടെയും സൌന്ദര്യനിര്‍വചനത്തിലേക്ക് സമപ്പെടാന്‍ ആഗ്രഹിക്കുക വിചിത്രവും സങ്കീര്‍ണവുമായ ഈ സത്യാന്വേഷണത്തിന്റെ പടവേറ്റങ്ങളിലായിരിക്കും. തിരിച്ചുവരാതെ, തെളിയിക്കപ്പെടാതെ ബാക്കിയാവുന്ന പെണ്‍കുട്ടികളുടെ തിരോധാനം, ഈ സിനിമയില്‍, പ്രകൃതിയിലേക്കുള്ള മനുഷ്യകാമനകളുടെ ലയമായും അനുഭവിക്കാം. കലാനിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ സൌന്ദര്യാത്മകതയുടെ സത്യാന്വേഷണമായി സീനുകള്‍ സംവദിക്കും. തുടക്കത്തില്‍, പെണ്‍കുട്ടികളുടെ കുതിരവണ്ടിയാത്രയില്‍ വിദൂരതയില്‍ തെളിയുന്ന ഹാങ്ങിംഗ് റോക്കിന്റെ ചലനദൃശ്യത്തിന് അകമ്പടിയായി എത്തുന്ന ശബ്ദവീചികളുടെ വിചിത്രമായ അലകള്‍ പ്രകൃതിനിഗൂഡതയിലേക്ക് അനുവാചകനെ വലിച്ചിടും. നവയൌവ്വനകളായ പെണ്‍കുട്ടികളില്‍ അഭൌമമായ ഗന്ധര്‍വാവേശത്തിന്റെ കിനാവുകള്‍ തുടിക്കുന്നു എന്നതാവാം ആ പാത്രസൃഷ്ടികളുടെ വിന്യാസബലം. ആ ഉച്ചതിരിഞ്ഞ നേരത്ത് കത്തുന്ന സൂര്യന്റെ വെട്ടത്തില്‍ അവരെവിടേക്ക് പോയി...? ചോദ്യങ്ങളെ നിശബ്ദമാക്കും വിധം കല പ്രകൃതിയെ പ്രസരിപ്പിക്കുന്നു - എന്ന് പറഞ്ഞ്, ഒരുതരത്തില്‍, അവസാനിപ്പിക്കാം!

00

No comments:

Post a comment