Sunday 19 June 2016

തുലാമഴയുടെ ആവിഷ്കാരം

'അടിപൊളിച്ചിക്കൻ' എന്നത് അവിടുത്തെ പ്രശസ്തമായ ഒരു വിഭവത്തിന്റെ പേരായിരുന്നു. പക്ഷേ ആ പേര് പരിസരത്തിന് ഇണങ്ങുന്നതായി തോന്നിയില്ല. അഷ്ടമുടിയുടെ തീരത്തുള്ള ഹോട്ടലിന്റെ ലോഞ്ച് ബാറിലായിരുന്നു അവനും ഞാനും. ഇരുണ്ട നീല നിറമുള്ള പ്രകാശ വിന്യാസമായിരുന്നു അവിടെ. കടുംതവിട്ടു നിറത്തിലുള്ള തുകലിരിപ്പിടങ്ങൾ മുറിയെ കൂടുതൽ ഇരുണ്ടതാക്കുകയും പരിസരത്തിനാകെ മായികമായ ഭാവം നല്കുകയും ചെയ്തു.

ഓരോ കുപ്പി ബീറിനും, ഭ്രമാത്മകമായ അന്തരീക്ഷത്തോട് നീതിപുലർത്താത്ത പേരുള്ള ആ വിഭവത്തിനും മുന്നിൽ, അവയിൽ അശേഷം ശ്രദ്ധകൊടുക്കാനാവത്തവരായി ഞങ്ങളിരുന്നു...


നവയൗവ്വനത്തിന്റെ നാളുകളിൽ ഇതേ പട്ടണത്തിൽ വച്ചാണ് അവനെ ഞാൻ ആദ്യമായി കാണുന്നതും താമസംവിനാ കൂട്ടുകാരായി മാറുന്നതും. ഇന്ന് നവമദ്ധ്യവയസ്കരായി ഈ നീലവെട്ടത്തിലിരിക്കുമ്പോൾ, മൂന്ന് പതിറ്റാണ്ടുകളുടെ വർഷതാപങ്ങൾ ജീവിതത്തിനു നൽകിയ വലിയ മാറ്റങ്ങൾ ഞങ്ങളുടെ രൂപത്തിലും സംസാരത്തിലും സ്പർശിക്കാനായി...

കാല്പനികതയുടെ ഉപാസകനായിരുന്നു അവൻ. സ്വപ്നങ്ങളുടെ, സങ്കല്പനങ്ങളുടെ ഒരു ജൈവലോകം അവന്റെയുള്ളിലുണ്ടായിരുന്നു. കച്ചവട പാരമ്പര്യത്തിന്റെ കൃത്യതകളിൽ നിൽക്കുമ്പോഴും, ബഷീറിന്റെ കൃതികളിൽ നിന്നും ഇറങ്ങിവന്ന ഉന്മാദിയായ കാമുകനെപ്പോലെ അവനുള്ളിൽ വേറൊരാൾ ജീവിച്ചു, മുഹമ്മദ്‌ റാഫിയുടെ പാട്ടുകൾ മൂളിക്കൊണ്ട്...  

വരണ്ടുപോയ ഒരു ആശയപ്രയോഗത്തിന്റെ ഉപജ്ഞാതാവായ കാൾ മാക്സ്, ഉള്ളിൽ സ്വപ്നജീവിയായിരുന്നിരിക്കണം - സമത്വലോകം എന്ന സങ്കല്പം പകൽകിനാവുകളില്ലാതെ അസാധ്യമാണ്. കലാലയകാലത്തെ കുഴമറിഞ്ഞ, രാഷ്ട്രീയമോ അരാഷ്ട്രീയമോ എന്ന് വ്യക്തമായി വ്യവഹരിക്കാനാവാത്ത സ്വപ്നപ്രയോഗങ്ങളുടെ മുഖ്യപ്രയോക്താവ് അവനായിരുന്നു. അക്കാലത്തെ എല്ലാ രാഷ്ട്രീയനീക്കങ്ങളുടെയും അശാന്തികളുടെയും ആന്തരികതയിൽ വർത്തിച്ചത് പ്രണയാതുരമായ കുറേ മനസ്സുകളുടെ ഭാവനാലോകമായിരുന്നു...

"എന്റെ ഖൽബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ..."
എന്നാരോ എഴുതിയിട്ട വരികൾ അത്മാവിലേയ്ക്ക് എടുത്തുവച്ച് ഞങ്ങളുടെയൊക്കെ തരളമനസ്സുകളുടെ പാട്ടാക്കി മാറ്റിയത് അവന്റെ മുരളിയായിരുന്നു...
(വർഷങ്ങൾക്ക് ശേഷം ഏതോ സിനിമയിലൂടെ ഇങ്ങനെയൊരു പാട്ട് വളരെ പ്രശസ്തമാവുകയുണ്ടായത്രേ...)

അന്നൊരു അവധിദിവസമായിരുന്നു. വൈകുന്നേരമാണ്. പക്ഷേ കോരിച്ചൊരിയുന്ന തുലാമഴയിൽ ഭൂമി രാത്രിപോലെ ഇരുണ്ട് കാണപ്പെട്ടു. മുന്നിലെ കൂറ്റൻ വാകമരത്തിൽ മഴയും കാറ്റും കൂടി വെഞ്ചാമരം വീശുന്നതു നോക്കി അവനും ഞാനും കോളേജ് വരാന്തയിൽ നിന്നു. അകത്ത്, ഓഡിറ്റോറിയത്തിൽ, അടുത്ത ദിവസം നടക്കാനിരിക്കുന്ന ഒരു കലാലയ പരിപാടിയിൽ അവതരിപ്പിക്കാനുള്ള നൃത്തപരിശീലനത്തിലാണ് സഹപാഠികളായ ഏതാനും പെൺകുട്ടികൾ. അവർക്ക് കൂട്ടായി അവനും ഞാനും മേഘലോകത്തെ ജലധാരകൾ തുറന്നുവിട്ട ദേവകളും മാത്രം...

ചില നേരങ്ങളിൽ, ചില ഇടങ്ങളിൽ, ചില പ്രകൃതീഭാവങ്ങളിൽ നമ്മൾ എങ്ങനെയോ ചെന്നെത്തപ്പെടുന്നു. ഒന്നും പറയാതെ പോകുന്ന, പ്രകൃതിയും മനുഷ്യനും വിലയിക്കുന്ന മഗ്നനേരങ്ങൾ. നമ്മളായിരിക്കുന്നതിന്റെ ഭാവവ്യാപ്തി മുഴുവൻ അവിടെ പ്രകാശിപ്പിക്കപ്പെടുന്നു. യൗവ്വനത്തിനു മാത്രം വരയാനാവുന്ന മനോചിത്രങ്ങളാണത്. ആത്മബന്ധത്തിന്റെ മൗനാവിഷ്കാരങ്ങൾ...!

മഴ കഴിഞ്ഞപ്പോൾ പെൺകുട്ടികൾ പിരിഞ്ഞുപോയി.

സ്വാഭാവികമായും അവരൊക്കെ ഉദ്യോഗസ്ഥകളും വിവാഹിതരും കുടുംബിനികളും അമ്മമാരും ഒക്കെ ആയി മാറിയിട്ടുണ്ടാവാം. ഇവിടെ ഈ നീലലനിലാവൊഴുകുന്ന ബാറിലിരിക്കുമ്പോൾ അവരുടെ മുഖങ്ങൾ എനിക്കോർമ്മ വരുന്നില്ല..., ഞാൻ അവനെ മാത്രമാണ് കാണുന്നത്!

അന്ന് ആ തുലാമഴയിൽ പ്രകൃതി ആവിഷ്കരിക്കുകയും ഞാൻ അറിയുകയും ചെയ്ത ആത്മബന്ധത്തിന്റെ തെളിനീർച്ചാൽ വർഷങ്ങളുടെയും ദൂരങ്ങളുടെയും കരകൾ വകഞ്ഞ് ഞങ്ങൾക്കിടയിൽ പതിഞ്ഞൊഴുകുന്നു.

അതിലൂടെ ഇടയ്ക്ക് ഞാനവനിലേയ്ക്ക് തുഴയുന്നു...!

00