Saturday 25 January 2014

ലൗവ്വർബോയ്

അടൂരിന്റേയും മറ്റും സിനിമകളിൽ സ്ഥിരമായി കണ്ടിരുന്ന വെമ്പായം തമ്പി എന്ന മെലിഞ്ഞു കൊലുന്നനെയുള്ള ഒരു നടനെ (ഇപ്പോൾ ജീവിച്ചിരിപ്പില്ല) എന്റെ തലമുറയിൽപ്പെട്ട ചിലരെങ്കിലും ഓർക്കുന്നുണ്ടാവണം. ഏതാണ്ട് അതേ രൂപമായിരുന്നു 'ലൗവർബോയി'ക്ക്‌. ആ വൃദ്ധരൂപവും ഈ യൗവ്വനയുക്തമായ പേരും ഒരു ഇരുണ്ട ഫലിതം പ്രകാശിപ്പിക്കുന്നു. അനാദി മുതൽ കാമ്പസിൽ ഉണ്ടായിരുന്ന അയാൾക്ക്‌, പെണ്‍കുട്ടികൾക്ക് മാത്രം പ്രവേശനമുള്ള ക്വാട്രാങ്കിളിൽ ലഭിച്ച അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിൽ അസൂയപൂണ്ട ഏതോ ആണ്‍കുട്ടിയായിരിക്കണം ആ പേര് ചാർത്തികൊടുത്തിരിക്കുക. ഗുൽമോഹറും സൈപ്രസും തണൽവിരിക്കുന്ന ആ കലാലയത്തിൽ പഠിച്ചുപോയ തലമുറകളിലൂടെ ആ പേര് സഞ്ചരിച്ചു...

രാവിലെ ഹോക്കി കളിക്കാൻ ഞങ്ങൾ ഗ്രൗണ്ടിൽ എത്തുമ്പോൾ കിറ്റുമെടുത്ത് കൂടെ നടക്കാൻ അയാളുണ്ടാവും. അവസാന മനുഷ്യജീവിയേയും യാത്രയാക്കി സന്ധ്യവൈകി ഞങ്ങൾ കാമ്പസ് വിടുമ്പോഴും അയാളവിടെ ഉണ്ടാവും. എവിടെ നിന്നു വരുന്നെന്നോ എവിടേയ്ക്ക് പോകുന്നെന്നോ ഞങ്ങളാരും തിരക്കിയിരുന്നില്ല, അയാളോ വാക്കുകൾ ഉച്ചരിച്ചതു തന്നെ ചുരുക്കം. ദൈവത്തെ പോലെ സർവ്വവ്യാപിയായി അയാൾ കാമ്പസിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് - സിഗരറ്റ് വാങ്ങാൻ കർബലയിലേയ്ക്ക് പോകാനും, ചുമരെഴുത്തിന്റെ സമയത്ത് കുമ്മായം കലക്കിയ ബക്കറ്റും തൂക്കി കൂടെ നടക്കാനും അതുപോലുള്ള ആയിരമായിരം കാര്യങ്ങൾക്കും - അയാൾ എപ്പോഴും സന്നിഹിതനായിരുന്നു. ഏതോ ഒരു പെണ്‍കുട്ടിക്ക് വേണ്ടി അത്യാവശ്യം വാങ്ങിവന്ന സാനിട്ടറിപാഡ് വഴിയിൽവച്ച് ഒരുകൂട്ടം ആണ്‍കുട്ടികൾ അയാളിൽ നിന്നും സാഹസികമായി തട്ടിപറിച്ചിരുന്നു, ഒരിക്കൽ.


അത്ര ചെറുതല്ലാത്ത കാര്യങ്ങളിലും അയാൾ ഇടപെട്ടിരുന്നു. രൂക്ഷമായ കലാലയരാഷ്ട്രീയത്തിന്റെ അക്കാലത്തെ ഒരു ഉച്ചതിരിഞ്ഞ നേരത്ത്, തലയിലും മുഖത്തും മാരകമായ മുറിവേറ്റ് ഒരു വിദ്യാർത്ഥി, കോളേജിന്റെ നേരെ മുന്നിലെ പൂന്തോട്ടത്തിന്റെ വശങ്ങളിലേയ്ക്ക് പിരിഞ്ഞുപോകുന്ന ടാറിട്ടറോഡിലെ കത്തുന്ന ചൂടിൽ രക്തത്തിൽ കുളിച്ചുകിടന്നു. അത്രയും രക്തം ഞാൻ ആദ്യമായി കാണുകയായിരുന്നു. ആരും ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ചു മുൻപുവരെ ലോകം കാൽകീഴിലെന്നു കരുതി പൊരുതിയവരൊക്കെ പരിഭ്രമിച്ചിരുന്നു. പലരും സ്ഥലംവിട്ടു കഴിഞ്ഞു. അപ്പോഴാണ്‌ ലൗവർബോയി ഓട്ടോറിക്ഷയുമായി അവിടെ എത്തിയത്. മുറിവേറ്റു കിടന്നവനെ അയാൾ താങ്ങി ഓട്ടോയിൽ കയറ്റാൻ തുടങ്ങിയപ്പോഴാണ് ബാക്കിയുള്ളവർക്ക് പരിസരബോധം വന്നത്. ഓട്ടോറിക്ഷ ആശുപത്രിയിലേയ്ക്ക് പായുമ്പോൾ, തിരിഞ്ഞുനടന്ന് പടവുകൾ കയറി വരാന്തയിലൂടെ മറ്റെന്തോ ആവശ്യങ്ങൾക്കായി അയാൾ തിരക്കിട്ട് പോകുന്നതുകണ്ടു...

പരിസരങ്ങളിൽ എപ്പോഴുമുള്ളവർ അദൃശ്യരായിരിക്കും. അവരവിടെ നിരന്തരം ഉള്ളതുകൊണ്ടുതന്നെ അവരുടെ ആസ്തിത്വം ശ്രദ്ധിക്കപ്പെടുന്നില്ല. ആരോടും പ്രത്യേകിച്ച് മമതയില്ലാത്ത, എല്ലാവർക്കും ഒരുപോലെ ആവശ്യമുള്ള, എപ്പോഴും സന്നിഹിതരായിരിക്കുന്ന ആരും കഥാരഹിതരാണ്... അങ്ങിനെയായിരുന്നു ലൗവർബോയും. കോളേജിലെ സജീവമായ ദൈനംദിനങ്ങളിൽ നിന്ന്, പലകാരണങ്ങളാൽ നിഷ്കാസിതരായി ഞങ്ങൾ കുറച്ചുകൂട്ടുകാർ ഒരു ചെറിയ സൗഹൃദവൃത്തത്തിനുള്ളിൽ ഒതുങ്ങിനിന്ന ഇടക്കാലത്ത് 'ക്രാബ്സ്കോർണറി'ന്റെ തണുത്ത വരാന്തയിൽ മദ്ധ്യാഹ്നം നോക്കിയിരിക്കുന്ന നേരത്ത്, അതുവഴി കടന്നുപോയ ലൗവ്വർബോയിയെ നോക്കി യെഹ്സാനാണോ ജെയിംസാണോ ജോസഫാണോ പറഞ്ഞതെന്ന് ഓർക്കുന്നില്ല - നമുക്ക് ഈ മനുഷ്യനെ ഒന്ന് പിന്തുടർന്നാലോ?

അങ്ങിനെയൊക്കെയാണ് നമ്മൾ നമ്മുടെ തന്നെ ജീവിതങ്ങളെ പുനർനിർണ്ണയിക്കുന്നത്. സ്വജീവിതത്തിന്റെ അതിഗൗരവസഞ്ചാരത്തിനിടയ്ക്ക് കഥാരഹിതരായി വന്നുപോയോവരൊക്കെയും അവരവരുടെ ജീവിതങ്ങളിൽ ആരായിരുന്നു. ലൗവർബോയുടെ പൂർവ്വജീവിതം പഠിപ്പിച്ചത് ഈ ഒരു കാര്യമാണ്. നമ്മുടെ ഗർവ്വുകൾ, അഹങ്കാരങ്ങൾ ഒക്കെ നമ്മുടെ മാത്രം ബാധ്യതയാണ്. നമ്മുടെ അരികിലൂടെ മെല്ലെ പാദങ്ങളമർത്തി തലകുനിച്ച് നടന്നുപോകുന്ന ആ മനുഷ്യനെ കുറിച്ച് നമുക്കെന്തറിയാം...? നമ്മുടെ ജീവിതത്തെ നിഷ് പ്രഭവും നിഷ്ഫലവുമാക്കികളയുന്ന ജ്വാലമുഖികളാവും അയാളുടെ ജീവിതത്തിന്റെ അടരുകൾ.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തായിരുന്നു ലൗവർ ബോയിയുടെ യൗവ്വനം. വറുതിയുടെ അക്കാലം കേരളത്തിന്റെ പൊതുസാമൂഹികജീവിതം ആസകലം അനുഭവിച്ചതാണ്‌. ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ കൈക്കുഞ്ഞിനേയും ഭാര്യയേയും തനിച്ചാക്കി മറ്റു പല മലയാളികളെയും പോലെ അയാളും ബ്രിട്ടീഷ് കൂലിപട്ടാളത്തിൽ ചേർന്ന് ബെർമീസ് കാടുകളിൽ ജപ്പാനെതിരെ യുദ്ധംചെയ്യാൻ പോയി. നാഗസാക്കിയും ഹിരോഷിമയും സംഭവിക്കുന്നതിനു മുൻപ് ജപ്പാൻ പട്ടാളം വൻതിരിച്ചടികളാണ് സഖ്യസേനയ്ക്ക് നൽകിയിരുന്നത്. ബ്രിട്ടീഷ് പട്ടാളം പലപ്പോഴും ഇന്ത്യാക്കാരായ കൂലിപ്പട്ടാളക്കാരെ അതാത് സ്ഥലങ്ങളിൽ ഉപേക്ഷിച്ചു സുരക്ഷിത താവളങ്ങളിലേയ്ക്ക് പിൻവാങ്ങിയിരുന്നു.

ലൗവർബോയും അത്തരത്തിൽ ബെർമീസ് കാടുകളിൽ ഉപേക്ഷിക്കപ്പെട്ടു. ജപ്പാൻ പട്ടാളക്കാരുടെ കയ്യിൽപ്പെടാതെ ബെർമീസ് ഗ്രാമങ്ങളിലൂടെ ദിശയും കാലവുമറിയാതെ വർഷങ്ങൾ അലഞ്ഞു, മലയായിലെ തോട്ടങ്ങളിൽ കൂലിപ്പണിയെടുത്തു. വർഷങ്ങൾക്കുശേഷം യുദ്ധാനന്തരം കരമാർഗ്ഗം തന്നെ എങ്ങിനെയൊക്കെ നാട്ടിൽ തിരിച്ചെത്തി. നാട്ടിൽ ഈ കാലയളവിനിടയ്ക്ക് പലതും സംഭവിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് കൂലിപട്ടാളത്തിൽ ചേർന്നു പോയതിൽ വളരെ കുറച്ചാൾക്കാർ മാത്രമേ ജീവനോടെ തിരിച്ചുവന്നുള്ളൂ. അല്പം കുറഞ്ഞ ഭാഗ്യമാണെങ്കിലും, ചില കുടുംബങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ മൃതശരീരങ്ങൾ ലഭിച്ചു. ബെർമീസ് കാടുകളിൽ ഉപേക്ഷിക്കപ്പെട്ട ശവശരീരങ്ങളിൽ തങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു എന്ന് മടങ്ങിവന്നവരിൽ നിന്നും മറ്റു ചിലർ അറിഞ്ഞു. അവരുടെയൊക്കെ കാര്യത്തിൽ ഒരു തീർപ്പിന്റെ ഭാഗ്യമുണ്ടായിരുന്നു. ലൗവർബോയിയുടെ ഭാര്യയുടെ കാര്യത്തിലെന്നതുപോലെ മറ്റു പലരും പക്ഷെ വേണ്ടപ്പെട്ടവരുടെ ഒരു വാർത്തയുമറിയാതെ വർഷങ്ങളോളം അനിശ്ചിതമായ വേദനയിലും സമ്പൂർണ്ണ ദാരിദ്ര്യത്തിലും കഴിഞ്ഞു.

നാട്ടിൽ മടങ്ങിയെത്തിയ ലൗവർബോയി അറിഞ്ഞത്, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അയാൾ മരിച്ചിട്ടുണ്ടാവും എന്ന് ഉറപ്പിച്ച്, കച്ചവടത്തിനായി വന്ന ഒരു തമിഴനെ കല്യാണം കഴിച്ച്, കുഞ്ഞുമായി ഭാര്യ പാണ്ടിനാട്ടിലേയ്ക്ക് പോയി എന്നതായിരുന്നു. ഒരു ഭ്രാന്തനെപ്പോലെ തമിഴ്നാടിന്റെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അയാൾ ഭാര്യയേയും കുഞ്ഞിനേയും തിരക്കി വർഷങ്ങൾ നടന്നുതീർത്തു. ഈ സംഭവം കേൾക്കുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഭാര്യ, കുട്ടികൾ, കുടുംബം, ഒക്കെ ഒരു വിദൂരസാധ്യത മാത്രമായിരുന്നു. തന്റേതല്ലാത്ത കാരണങ്ങളാൽ കൈവിട്ടു പോയ ഭാര്യയേയും കുഞ്ഞിനേയും തിരക്കി നടക്കുന്ന ഒരു മനുഷ്യന്റെ ദുരന്തം പക്ഷേ ഇന്നെനിക്ക് വ്യക്തമായി സങ്കൽപ്പിച്ചെടുക്കാനാവും.

മനോരോഗിയായാണ് അയാൾ നാട്ടിൽ തിരിച്ചെത്തുന്നത്. അസുഖത്തിന് ശമനമുണ്ടായ ഒരുകാലത്ത്, ആ ഇടവകയിൽ നിന്നും കോളേജിൽ അദ്ധ്യാപകനായി സ്ഥലംമാറിവന്ന ഒരു പുരോഹിതനാണ് ലൗവർബോയിയെ കാമ്പസിലേയ്ക്ക് കൊണ്ടുവരുന്നത്. പിന്നീട് അയാൾ ഇവിടം വിട്ടുപോയില്ല. കുട്ടികളുമായുള്ള ജീവിതം അയാൾക്ക്‌ ഭൂതകാലത്തിൽ നിന്നുള്ള വിടുതലായിരുന്നിരിക്കാം, ഭ്രാന്തിനുള്ള മരുന്നായിരിക്കാം. കോളേജിലെ കുട്ടികളെല്ലാം അയാൾക്ക്‌ കൈവിട്ടുപോയ സ്വന്തം കുഞ്ഞായിരുന്നിരിക്കാം... ആർക്കറിയാം, ജീവിതത്തിന്റെ വൈചിത്ര്യങ്ങളെ നിർവ്വചിക്കാനുള്ള കോപ്പ് എന്റെ കയ്യിൽ ഇല്ല തന്നെ.

അക്കാലത്ത് കഥയും ജീവിതവും എനിക്ക് രണ്ടായിരുന്നില്ല. ഇവ തമ്മിലുള്ള അതിരുകളെ മായ്ച്ചുകളയുന്ന ഒരു ഭ്രാമാത്മകതയിലാണ് ഞാൻ ഉണ്ടായിരുന്നത്. യഥാർത്ഥത്തിൽ ഒരു ലൗവ്വർബോയ് അവിടെ ഉണ്ടായിരുന്നോ? അയാൾക്ക്‌ ഇത്തരത്തിൽ ഒരു ദുരന്ത ഭൂതകാലം ഉണ്ടായിരുന്നുവോ? അതോ ഇതൊകെ എന്റെ ഭ്രമലോകം നിനച്ചെടുത്ത കഥാപ്രപഞ്ചം മാത്രമോ? അതിന് ഉത്തരം തരാനാവുന്ന ഒന്നുരണ്ട് പേരുണ്ട്. അതിൽ പ്രധാനി ലൗവ്വർബോയ് തന്നെ. നിർഭാഗ്യവശാൽ, അയാളിന്ന് ജീവിച്ചിരിപ്പില്ല. പിന്നെയുള്ളത് ഈ കുറിപ്പിൽ പരാമർശിച്ച കൂട്ടുകാരാണ്. നിർഭാഗ്യവശാൽ അവരും എന്നെപ്പോലെ കഥയേയും ജീവിതത്തേയും ഇഴപിരിച്ചെടുക്കാൻ അത്രയ്ക്ക് ആഗ്രഹിക്കുന്നവരാണെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ തന്നെ അതിൽ വലിയ അർത്ഥമൊന്നുമില്ല - കഥയും ജീവിതവും രണ്ടു വശത്തുനിന്നും ഒരേ തീരത്തേയ്ക്ക് കരയേറി പരസ്പരം അലിയുന്ന ഓളങ്ങളാണല്ലോ.

00