Thursday, 4 September 2014

ഭാഷാവരം

ഭാഷോല്‍പ്പത്തിയെക്കുറിച്ച്‌ വിവിധങ്ങളായ ആശയഗതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സംഘകാലത്തിനപ്പുറത്ത്‌ നിന്നുതന്നെ മലയാളം ഭാഷാവ്യതിരക്തത നിലനിര്‍ത്തിയിരുന്നു എന്നാണ്‌ ഏറ്റവും പുതിയ ഭാഷാചരിത്രം അവകാശപ്പെടുന്നത്‌. മൂലദ്രാവിഡത്തില്‍ നിന്നും സ്വഗോത്രഭാഷകളായ തമിഴും തെലുങ്കും കന്നഡവും കൊഡകുമൊക്കെ വേര്‍പിരിഞ്ഞ കാലത്ത്‌ തന്നെ, സ്വന്തമായ സ്വത്വഗുണങ്ങള്‍ മലയാളം കാണിച്ചിരുന്നു. ഒരേസമയം രണ്ടു സ്വതന്ത്രഭാഷകളായി മലയാളവും തമിഴും പരിണമിക്കുകയായിരുന്നു.

ഒന്നാം ചേരസാമ്രാജ്യത്തിലാണ്‌ കേരളത്തിന്റെ ചരിത്രം ഏറെക്കൂറെ മൂര്‍ത്തമാവുന്നത്‌ എന്നണല്ലോ പണ്ഡിതമതം. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആസ്ഥാനം കാരുര്‍ ആയിരുന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളമാണ്‌ ഇതെന്നു കരുതപ്പെടുന്നു. ക്രിസ്താബ്ദത്തിനു മുന്‍പുള്ള ചേര, ചോള, പാണ്ഡ്യ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വ്യക്തമായി നിജപ്പെടുത്തുക പ്രയാസമാണ്‌. ഒന്നാം ചേരസാമ്രാജ്യത്തിന്റെ വിസ്‌തൃതി കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ചേരരാജാവായ നെടുംചേരലാതന്റെ കാലത്ത്‌ അതു വളരെ വിപുലമായിരുന്നു. അതിനാല്‍ 'ഇമയവരമ്പന്‍' (ഹിമാലയം അതിര്‍ത്തിയായുള്ളവന്‍) എന്ന ബഹുമതിയും അദ്ദേഹത്തിനു ചാര്‍ത്തികിട്ടിയിരുന്നു. സഹ്യപര്‍വ്വതത്തിനു അപ്പുറവും ഇപ്പുറവും എന്ന ഒരു നിര്‍ണയനം ഉണ്ടായിരുന്നില്ല.

എന്നാല്‍ ചേരസാമ്രാജ്യം ഇന്നത്തെ കേരളത്തിന്റെ എല്ലാ ഭാഗവും ഉള്‍ക്കൊണ്ടിരുന്നില്ല. കൊടുങ്ങല്ലൂരിനു തെക്ക്‌ മറ്റൊരു സ്വതന്ത്രരാജ്യം വേണാട്‌ എന്നാണു അറിയപ്പെട്ടിരുന്നത്‌. എ.ഡി 892-ലെ തരിസാപ്പള്ളി ചെപ്പേടുകളിലാണ്‌ വേണാടെന്ന പേരു ആദ്യമായി പരാമര്‍ശിക്കപെടുന്നത്‌ ('വേണാടു വാഴ്‌കിന്റെ അയുനടിക തിരുവടി'). രാജാവ്‌ എന്ന നിലയ്ക്ക്‌ പ്രാചീനഭാഷയില്‍ ഉപയോഗിച്ചിരുന്ന ചിറ്റരചന്‍ എന്നതിന്റെ മറ്റൊരു രൂപമാണ്‌ വേള്‍. വേള്‍കുലം എന്ന പരാമര്‍ശവും കാണുകയാല്‍ ഒരു വംശത്തെ സൂചിപ്പിക്കുന്നുകൂടിയുണ്ട്‌ ആ വാക്ക്‌ എന്നും അനുമാനിക്കാം. വേളുകളുടെ നാട്‌ എന്നത്‌ തരിസപ്പള്ളി ചെപ്പേടുകളുടെ കാലമാവുമ്പോഴേക്കും വേണാടായി പരിണമിക്കുകയായിരുന്നു.

വേണാടിലെ പ്രാചീന ജനതതി ആയ്‌(യാദവ) വംശജരായിരുന്നു. ക്രിസ്താബ്ദത്തിനു മുന്‍പ്‌ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ കച്ചവടസംബന്ധമായി നിലനിര്‍ത്തിയിരുന്നത്‌ ഗുജറാത്തികളായിരുന്നു. കച്ചവടതലവന്മാര്‍ എന്ന അര്‍ത്ഥത്തില്‍ അവരെ 'ശ്രേഷ്ഠി'കള്‍ എന്നു വിളിച്ചിരുന്നു ('ചെട്ടികള്‍' എന്നു പരിണാമ രൂപം). കച്ചവടതാവളങ്ങള്‍ സംരക്ഷിക്കാനായി ഗുജറാത്തികള്‍ സ്വന്തം നാട്ടില്‍ നിന്നും കൊണ്ടുവന്ന ആയ്‌കളാണ്‌ വേണാടിന്റെ ജനപഥമായി വളര്‍ന്നത്‌. തൊല്‍ക്കാപ്പിയത്തിന്റെ ആഖ്യാനത്തില്‍ (നചിനാര്‍ക്കിനിയര്‍-എ. ഡി 14) ആയ്‌കള്‍ ദ്വാരകയില്‍ നിന്നും കുടിയേറിയ യാദവരാണെന്നു പറയുന്നുണ്ട്‌. സംഘകൃതികളിലും (1-3 നൂറ്റാണ്ട്‌) ടോളമിയുടെ പരാമര്‍ശത്തിലും (2-ാ‍ം നൂറ്റാണ്ട്‌) ആയ്‌കളുള്ളതുകൊണ്ട്‌, ഈ കുടിയേറ്റം നടന്നത്‌ ക്രിസ്തുവിനു മുന്‍പാണെന്നു ന്യായമായും കരുതാം.

പ്രാദേശികമായ വകഭേദങ്ങള്‍ നിലനിന്നിരിക്കാം എങ്കിലും, മുകളില്‍ സൂചിപ്പിച്ച പ്രദേശങ്ങളില്‍ എല്ലാം ഭാഷ പൊതുവേ ഒന്നു തന്നെയായിരുന്നു. അഞ്ചാം നൂറ്റാണ്ടിനു മുന്‍പ്‌ എഴുതപ്പെട്ട തൊല്‍ക്കാപ്പിയം എന്ന ചെന്തമിഴ്‌ വ്യാകരണഗ്രന്ഥത്തില്‍ ഇങ്ങിനെ കാണുന്നു;
"വട വേങ്കടം തെന്‍ കുമാരി
അയിടൈ തമിഴു കൂറും നല്ലുലകത്തു"
വടക്ക്‌ തിരുപ്പതി വെങ്കിടാചലം മുതല്‍ തെക്കു കന്യാകുമാരി വരെ ഒരു ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌ എന്നു ഇതില്‍ നിന്നു വ്യക്തം. തമിഴ്‌ എന്ന പേരില്‍ അക്കാലത്തെ ഭാഷ അറിയപ്പെട്ടിരുന്നേക്കാമെങ്കിലും, മലയാളഭാഷയുടെ പൂര്‍വ്വരൂപം എന്ന നിലയ്ക്കുള്ള ആധികാരികതയൊന്നും തമിഴിനു അവകാശപ്പെടാനാവില്ല. ഭാഷാപരമായ പരിണാമങ്ങള്‍ ഈ പ്രദേശങ്ങളില്‍ മുഴുവന്‍ ഒരേസമയം സംഭവിക്കുകയായിരുന്നു എന്നു തന്നെ വേണം കരുതാന്‍.

ക്രിസ്തതാബ്ദത്തിനു മുമ്പും പിമ്പും നാലഞ്ച്‌ നൂറ്റാണ്ട്‌ കേരളമുള്‍പ്പെടയുള്ള തമിഴകത്ത്‌ നിലനിന്നിരുന്നത്‌ ജൈന-ബുദ്ധമതങ്ങള്‍ ആയിരുന്നു. കടലിലൂടെയുള്ള കച്ചവടം അക്കാലത്ത്‌ ചലനാത്മക്മായിരുന്നതിനാലും, ഇന്ത്യന്‍ കച്ചവടക്കാരായ ഗുജറാത്തികളും അവരുടെ സില്‍ബന്ധികളായ യാദവരും ജൈനമതവിശ്വാസികളായിരുന്നതിനാലും സ്വാഭാവികമായി ഈ മതങ്ങള്‍ക്ക്‌ അക്കാലത്ത്‌ നല്ല പ്രചാരം ലഭിച്ചിരുന്നിരുന്നു. ഇവ കേരളത്തില്‍ എത്തുന്നതിനു മുന്‍പുള്ള ചരിത്രം വളരെ നേര്‍ത്തതാവുകയാല്‍, പെയ്ഗന്‍ രീതിയിലുള്ള അനുഷ്ഠാനങ്ങളായിരിക്കാം നിലനിന്നിരുന്നത്‌ എന്നു കരുതകയേ നിവൃത്തിയുള്ളു. പക്ഷെ അവ എത്രത്തോളം തദ്ദേശ്ശിയമായി തുടര്‍ന്നിരുന്നു എന്നു നിര്‍ണയിക്കുക വയ്യ. കച്ചവട സംബന്ധമായി പേര്‍ഷ്യന്‍, ജൂത, അറബ്‌ വംശങ്ങള്‍ ഇവിടേക്കു വന്നിരുന്നു എന്നതുകൊണ്ടു അവരുടെ പെയ്ഗന്‍ അനുഷ്ഠാന രീതികളുടെ പ്രതിഭലനം കേരളത്തിലെ ആദിമ ഗോത്രസമൂഹങ്ങളുടെ അനുഷ്ഠാനങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. അതിനുമപ്പുറം, ഉത്തരേന്ത്യയില്‍ ഹിന്ദുമതത്തിനുള്ളില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതിക്കു ബദലായി ഉയര്‍ന്നുവന്ന ജൈന-ബുദ്ധ ഭക്തിപ്രസ്ഥാനങ്ങള്‍ മാനവികവും, ത്യാഗപൂര്‍ണവുമായ ഒരു തലത്തില്‍ വ്യപനം നടത്തുകയാണ്‌ ഉണ്ടായത്‌. നിലനില്‍പ്പിന്റെ സങ്കീര്‍ണസമസ്യകള്‍ അന്വേഷിക്കുന്ന ഒരു ജീവിത വൃത്തിയോട്‌ ക്രിസ്തുവിനു മുന്‍പുതന്നെ കേരളം പരിചയപ്പെട്ടിരുന്നു എന്ന്‌ ഇതു ഏറെക്കൂറെ ഉറപ്പുതരുന്നുണ്ട്‌. പില്‍ക്കാലചരിത്രം അന്വേഷിച്ചാല്‍ സാംസ്കാരികവും ഭാഷാപരവും ആയി ഈ മതബോധം സഹ്യനപ്പുറത്ത്‌ എന്നതിനെക്കാളേറെ ഇപ്പുറത്താണ്‌ വ്യതിരക്തതയുടെ ബീജാവാപം നടത്തിയത്‌ എന്നു കാണാം.

ഭാഷയില്‍ പ്രകടവും മൂര്‍ത്തവുമായ വ്യത്യസ്ഥതയോടെ കേരളം അടയാളപ്പെടുന്നത്‌ രണ്ടാംചേരസാമ്രാജ്യ കാലത്താണ്‌. എ. ഡി 832-ല്‍ എഴുതപ്പെട്ട 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങള്‍ കാണിക്കുന്ന ആദ്യത്തെ രേഖ; "നമശ്ശിവായ. ശ്രീ. രാജാധിരാജ പരമേശ്വരഭട്ടാരക രാജശെഖരവേദര്‍ക്കുച്ചെല്ലാനിന്റെ യാണ്ടു വന്നിരണ്ട്‌. അവ്വാണ്ടു തിരുവാറ്റുവായ്‌ പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി രാജശേഖരദേവര്‍ ത്രികൈക്കീഴു വൈതുചെയ്ത കച്ചം (നമശ്ശിവായ. ശ്രി രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവര്‍ ഭരണം ഏറ്റെടുത്തതിന്റെ പന്ത്രണ്ടാം വര്‍ഷമാണിത്‌. ഈ വര്‍ഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ ത്രിക്കൈകീഴില്‍ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്‌)". അക്കാദമികമായി ഒരു ഭാഷയുടെ ഉല്‍പ്പത്തികാലമായി കണക്കാക്കുന്നത്‌ ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്‌. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്‌. ആ നിലയ്ക്ക്‌ മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ. ഡി. 832-ആണ്‌ എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു.

വാഴപ്പള്ളിശാസനത്തില്‍ മലയാളം ഒരു സ്വതന്ത്രഭാഷയായി സഞ്ചാരം ആരംഭിക്കുന്നതിനു മുന്‍പ്‌ മൂന്നോ നാലോ ശതകത്തില്‍ ശിഥിലമായ ഒന്നാം ചേരസാമ്രാജ്യത്തിനു ശേഷം, ഒന്‍പതാം നൂറ്റാണ്ടുവരെ കേരളത്തിന്റെ ചരിത്രത്തെ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. ഒന്നാം ചേരസാമ്രാജ്യം ശിഥിലമായി പോയതിനാല്‍ കേരളചരിത്രം ഇരുണ്ടുപോയി എന്നതിനെക്കാള്‍, ചരിത്രത്തിലേക്കുള്ള വഴികള്‍ അടഞ്ഞുപോയതിനാല്‍ ആ സാമ്രാജ്യത്തിന്റെ നൈരന്തര്യം കോര്‍ത്തെടുക്കാന്‍ പില്‍ക്കാല ചരിത്രകാരന്മാര്‍ക്ക്‌ സാധിക്കാതെവന്നു എന്നതാവും കൂടുതല്‍ സത്യോന്മുഖം. ഈ മൂന്നാല്‌ നൂറ്റാണ്ടുകളിലൂടെയാണ്‌ സനാധന ഹിന്ദുധര്‍മ വിശ്വാസികളായ ഒരു ആര്യവര്‍ഗം തെക്കന്‍ ഇന്‍ഡ്യയില്‍ എത്തിയത്‌ എന്നാണ്‌ കരുതപ്പെടുന്നത്‌. അതിനു പ്രത്യക്ഷത്തില്‍ ഒരു അധിനിവേശ സ്വഭാവം ഉണ്ടായിരുന്നു എന്നു പറയുക വയ്യ. സംസ്കൃതഭാഷാപണ്ഡിത്യവും തര്‍ക്കശാസ്ത്രവുമൊക്കെ നല്‍കിയ ഒരുതരം ആധികാരികത അവര്‍ നിലനിര്‍ത്തിയിരുന്നു. പല രാജസദസ്സുകളിലും, ജീവിതത്തെയും പരജീവിതത്തെയും കുറിച്ചു നടന്നിരുന്ന അന്യോന്യങ്ങളില്‍ ബുദ്ധജൈന സന്യാസിമാരെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കായി. താഴെതട്ടിലുള്ള ഒരു സങ്കലനം എന്നതിനെക്കാള്‍, രാജാക്കന്മാരുള്‍പ്പെടെയുള്ള ഉപരിവര്‍ഗ്ഗത്തെ സ്വാധീനിച്ചുകൊണ്ടായിരുന്നു അവര്‍ കേരളം കീഴടക്കിയതും പിന്നെ ഏതാണ്ട്‌ പത്തുനൂറ്റാണ്ടോളം അരങ്ങിനു പിന്നില്‍ നിന്നു ഭരണം നടത്തിയതും. എന്നാല്‍ ഇന്നത്തെ തമിഴകത്തിന്റെ ഭാഗത്ത്‌, ബുദ്ധജൈനമതങ്ങളെ നാമാവശേഷമാക്കാന്‍ ബ്രാഹമണിസം വലിയ ക്രൂരതകള്‍ക്ക്‌ ഇടം നല്‍കിയിട്ടുണ്ടെന്നു കാണുന്നു. എ. ഡി 640 മുതല്‍ 670 വരെ ഭരണത്തിലുണ്ടായിരുന്ന പാണ്ഡ്യരാജാവ്‌ ശൈവമതത്തിലേക്ക്‌ മാറുകയും എതാണ്ട്‌ 8000-ത്തോളം ജൈനപണ്ഡിതന്മാരെ തൂക്കിലേറ്റുകയും ചെയ്യുകയുണ്ടായി. പ്രത്യക്ഷമായ ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലെങ്കിലും എ. ഡി 781-ല്‍ സമ്പല്‍സമൃദ്ധമായിരുന്ന വിജയപുരം (വിഴിഞ്ഞം-വേണാടിന്റെ തലസ്ഥാനം), പാണ്ഡ്യന്റെ സാമന്തനാടു ആയിരുന്നിട്ടും, പാണ്ട്യനാല്‍ തന്നെ അക്രമിച്ചു കീഴടക്കപെട്ടത്‌ ഇത്തരം ഒരു മതവൈര്യത്തിന്റെ പേരിലാണെന്നു പറയപ്പെടുന്നു. വേണാടിലെ ആയ്‌ രാജാവ്‌ ജൈനമതവിശ്വാസിയും അക്കാലത്തെ പാണ്ട്യരാജാവ്‌ വൈഷ്ണവനും ആയിരുന്നു.

പന്ത്രണ്ടാം ശതകത്തില്‍ രണ്ടാം ചേരസാമ്രാജ്യം ശിഥിലമാവുകയും നാട്‌ ഒരുപാടു ചെറിയ നാടുവാഴികളുടെ കൈകളിലാവുകയും ചെയ്തു. ചേരരാജാക്കന്മാരുടെ കാലത്തും നമ്പൂതിരിമാര്‍ അധികാരങ്ങള്‍ അനുഭവിച്ചിരുന്നെങ്കിലും, പന്ത്രണ്ടാം ശതകത്തിനു ശേഷമാണ്‌ അവര്‍ സ്വയം ഒരു അധികാരവര്‍ഗ്ഗമായി ഉയര്‍ന്നു വന്നത്‌. ഇതിന്റെ വിപരീതഫലങ്ങള്‍ സാമൂഹികാന്തരീക്ഷത്തില്‍ ഉണ്ടാക്കിയ അസന്തുലിതങ്ങള്‍ എന്തായാലും, ഒരു സ്വതന്ത്രഭാഷ എന്ന നിലയ്ക്ക്‌ മലയാളം കുതിക്കാന്‍ തുടങ്ങിയത്‌ ഇവിടെ നിന്നാണ്‌. നമ്പൂതിരിമാര്‍ ഒപ്പം കൊണ്ടുവന്ന സംസ്കൃതഭാഷയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌ ഈ കുതിപ്പ്‌ ആരംഭിക്കുന്നത്‌. ആദ്യകാലത്ത്‌ രാജശാസനങ്ങള്‍ക്ക്‌ ഉപരിയായി, തോലന്‍ എന്ന ഒരു പണ്ഡിതന്റേതായി പരാമര്‍ശിച്ചുവരുന്ന 'ക്രമദീപികകളും' 'ആട്ടപ്രകാരങ്ങളും' ആണു ഭാഷാശ്രമങ്ങളായി കരുതാവുന്നവ. എന്നാല്‍ അവയൊന്നും ഇന്ന്‌ യത്ഥാരൂപത്തില്‍ ലഭ്യമല്ല. അതിനാല്‍ തന്നെ മലയാളത്തിലെ അദ്യത്തെ ഗ്രന്ഥം എന്ന പദവിലഭിക്കുക കൗടില്യന്റെ 'അര്‍ത്ഥശാസ്ത്ര'ത്തെ അവലംബിച്ച്‌ രചിക്കപെട്ട 'ഭാഷാകൗടലീയം' എന്ന ഗ്രന്ഥത്തിനാണു (12-ാ‍ം ശതകം). ഭാഷകൗടലീയം നല്‍കുന്ന വ്യക്‌തമായ സൂചന 12-ാ‍ം ശതകമായപ്പോഴേക്കും മറ്റു ദ്രാവിഡഭാഷാ ഗണങ്ങളില്‍ നിന്നും മലയാളം വ്യക്തമായ വിച്ഛേദനം നടത്തി കഴിഞ്ഞിരുന്നു എന്നാണ്‌. അതു സംസ്കൃതഭാഷയുടെ തിരക്കയറ്റവും ആയിരുന്നില്ല (അങ്ങിനെയായിരുന്നുവെങ്കില്‍ സംസ്കൃതത്തില്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തിന്‍ തര്‍ജമ ആവശ്യം വരുമായിരുന്നില്ലല്ലോ). വ്യക്തമായ സ്വഭാവവിശേഷങ്ങളോടെ മലയാളം, തന്റെ ജീവിതത്തിലെ യൗവ്വനയുകത്മായ മണിപ്രവാളത്തിന്‌ സജ്ജമാവുകയായിരുന്നു അക്കാലത്ത്‌.

ഈ കാലത്ത്‌ ഭാഷയില്‍ മാത്രമല്ല, കലയിലും പ്രകടമായ വ്യത്യസ്ഥതകള്‍ കണ്ടുതുടങ്ങിയിരുന്നു എന്നു വേണം അനുമാനിക്കാന്‍. മറ്റൊരു തരത്തില്‍, എവിടെയും, ഇവയ്ക്ക്‌ ഒന്നിച്ചേ വളര്‍ച്ച സാധ്യമാവൂ എന്നുമാണത്‌. മൂലരൂപത്തില്‍ ഇന്നു ലഭ്യമല്ലെങ്കിലും ആട്ടപ്രകാരങ്ങളും ക്രമദീപികകളും സംസ്കൃത നാടകങ്ങളുടെ അവതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവകളായിരുന്നു എന്നതുതന്നെ ഇതിലേക്കുള്ള സൂചകമാണ്‌. നാടകം സംസ്കൃതമായിരുന്നുവെങ്കിലും, വിദൂഷകന്റെ ഭാഷയ്ക്ക്‌ തോലന്‍ നിലവിലുള്ള സംസാരഭാഷയില്‍ നിന്നും ഉള്‍ക്കൊണ്ട പ്രയോഗങ്ങള്‍ രസഭാവത്തിനായി ഉപയോഗിച്ചു എന്നിടത്തു നിന്നാണ്‌ മണിപ്രവാളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. ഭാഷാകൗടിലീയത്തില്‍ എത്തുമ്പോള്‍, ലീലാതിലകകാരന്‍ മണിപ്രവാളത്തിന്റെ ലക്ഷണമായി പറയുന്ന "ഭാഷസംസ്കൃതയോഗോ മണിപ്രവാളം" എന്ന നിലയിലേക്ക്‌ മലയാളത്തിന്റെ സങ്കരസ്വഭാവം സ്പഷ്ടമായി കഴിഞ്ഞിരുന്നു. അതിനു ശേഷമാണ്‌ മണിപ്രവാളത്തിനു പ്രചാരവും, പില്‍ക്കാലത്ത്‌ സാധാരണജനങ്ങളുടെ ഇടയ്ക്ക്‌ കുറച്ചൊക്കെ കുപ്രസിദ്ധിയും നേടികൊടുത്ത നര്‍ത്തകി/ഗണികാ ചരിതങ്ങളുടെ രചനാകാലം. സാഹിത്യഗുണങ്ങളോടെ മണിപ്രവാളത്തെ ആദ്യമായി ഏറ്റെടുത്ത 'വൈശീകതന്ത്രം' എന്ന രചന, പേരുസൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു വേശ്യക്ക്‌ അവളുടെ അമ്മ പറഞ്ഞുകൊടുക്കുന്ന വശീകരണതന്ത്രങ്ങളുടെ രൂപത്തിലാണ്‌ എഴുതിയിരിക്കുന്നത്‌ എന്നതിന്റെ നീളിച്ച തന്നെയാണ്‌ പില്‍ക്കാല മണിപ്രവാളഭാഷസാഹിത്യങ്ങളുടെ ഏറെക്കൂറെയുള്ള ചരിത്രം.

"പെണ്ണുങ്ങളുടെ തലയിലും മുലയിലും മാത്രം രസിച്ച" എന്ന ഗണത്തില്‍ മാത്രമായി മണിപ്രവാളത്തെ വ്യവഹരിക്കുന്നത്‌ ശുദ്ധ അസംബന്ധമായി പോവുകയും ചെയ്യും. ഭാഷയിലും സാഹിത്യത്തിലും മലയാളം സ്വയം ഒരു ഭാഷയായി നിലനില്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ചു തുടങ്ങിയത്‌ മണിപ്രവാളത്തോടെയാണ്‌ എന്നത്‌, ആ ഭാഷാരൂപത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ സ്പഷ്ഠമാക്കും. ഉണ്ണിചമ്പുക്കള്‍ (ഉണ്ണിയച്ചീചരിതം, ഉണ്ണിചിരുതേവീചരിതം, ഉണ്ണിയാടീചരിതം), ഉണ്ണിനീലിസന്ദേശം, ആറ്റൂര്‍നീലി സന്ദേശം, കോകസന്ദേശം തുടങ്ങിയ അദ്യകാല മണിപ്രവാളരചനകള്‍ മലയാളത്തെ ഒരു സ്വതന്ത്രഭാഷയായി അടയാളപ്പെടുത്തുക മാത്രമല്ല ചെയ്തത്‌, മലയാളസാഹിത്യം എന്നൊരു ശാഖയ്ക്കു തുടക്കമിടുകകൂടിയാണ്‌. സ്ത്രീവര്‍ണനകളുടെ ബാഹുല്യമുണ്ടെങ്കിലും ഇവയിലെ സാഹിത്യഗുണങ്ങള്‍ നിരാകരിക്കത്തക്കതല്ല എന്നുമാത്രമല്ല അസാമാന്യ പ്രതിഭകളുടെ പ്രകാശനം കൂടിയാവുന്നുണ്ട്‌. എന്തുകൊണ്ടു നര്‍ത്തകി/ദേവദാസി ഉപാസകരായി ആ പ്രതിഭകള്‍ പരിണമിച്ചു എന്നതിനു ഇളംകുളം പറയുന്നതു ശ്രദ്ധിച്ചാല്‍ മതിയാവും; "ജന്മിമാരായ നമ്പൂതിരിമാരുടേയും അവരുടെ ചൊല്‍പ്പടിക്കു രാജ്യം ഭരിച്ചിരുന്ന നാടുവാഴികളുടേയും സുഖലോലുപത, പാതിവ്രത്യസംരക്ഷണം പാപകരമെന്നു ധരിച്ചിരുന്ന ദേവദാസികളുടെ അഴിഞ്ഞാട്ടം, വേശ്യാതെരുവുകള്‍ക്ക്‌ പ്രത്യേക ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചും മറ്റും നാടുവാഴികള്‍ വേശ്യാവൃത്തിക്കു നല്‍കിയിരുന്ന പ്രോത്സാഹനം, വിധവാജീവിതം അസഹ്യമായി കരുതി ദേവദാസികളായിതീര്‍ന്ന ബ്രാഹ്‌മണസ്ത്രീകളുടേയും മറ്റും സൗന്ദര്യാധിക്യം, നാടുവാഴികളുടേയും ജന്മികളുടേയും കളത്രംഗള്‍ ആകാന്‍ ഭാഗ്യം സിദ്ധിച്ച നര്‍ത്തകികളുടെ സമ്പല്‍സമൃദ്ധി, അവര്‍ക്കു സമുദായ മധ്യത്തില്‍ ഉണ്ടായിരുന്ന സ്വാധീനശക്തി, ആ സൗന്ദര്യദേവതകളെ ആധാരമാക്കി കാവ്യം രചിച്ചിരുന്ന മണിപ്രവാളകവികളുടെ വാസനാവൈഭവം, ഇതെല്ലാം ഒത്തുചേര്‍ന്ന്‌ 'പെണ്‍മലയാളം' എന്നു മറുനാടുകളില്‍ പ്രസിദ്ധി സിദ്ധിക്കതക്കവണ്ണം സമുദായത്തിലെ ഉയര്‍ന്ന വര്‍ഗത്തിന്റെ സാന്മാര്‍ഗിക ജീവിതം അധ:പതിച്ച ഒരു കാലഘട്ടത്തെയാണു (പ്രാചീനമണിപ്രവാളകാലം) പ്രതിനിധാനം ചെയ്യുന്നത്‌" (സംസ്കൃതമിശ്രശാഖ-1958). അക്കാലത്തെ ഉപരിവര്‍ഗ്ഗ ജീവിതാവസ്ഥയെ പ്രതിനിധാനം ചെയ്തു എന്നത്‌, അതിന്റെ ഭാഷാപരവും സാഹിത്യപരവുമായ ചരിത്രസാംഗത്യതെ വിലകുറച്ചുകാണാനുള്ള കാരണം അവുന്നില്ല തന്നെ.

മണിപ്രവാളം സംസാരഭാഷ അയിരുന്നില്ല. ഒരു വിഭാഗം ജനങ്ങളുടെ സാഹിത്യാഭിരുചിയുടെ പ്രകാശനങ്ങള്‍ക്കായി ഉരുത്തിരിഞ്ഞുവന്ന ഒരു ഭാഷാപ്രയോഗമായിരുന്നു അത്‌. മറ്റ്‌ പല ഭാഷാരൂപങ്ങളുമായി ചേര്‍ന്നു അധുനിക മലയാളമായി അത്‌ പരിണമിക്കുന്നത്‌ ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ എഴുത്തച്ഛന്റെ കാലത്താണല്ലോ. എന്നാല്‍ പ്രചീന മണിപ്രവാളകാലത്ത്‌ സംസാരഭാഷയോട്‌ കൂടുതല്‍ ഇഴയടുപ്പം കാണിച്ചിരുന്ന ഒരു സാഹിത്യരൂപമാണ്‌ 'പാട്ടുകള്‍'. മണിപ്രവളത്തിന്റെ ഒപ്പം യാത്രാരംഭിച്ച ഒരു സാഹിത്യപ്രസ്ഥാനമാണു പാട്ടുകള്‍ എന്നതിനു വ്യക്‌തമായ തെളിവു ലീലാതിലകകാരന്‍ ഈ രണ്ടുപ്രസ്ഥാനങ്ങളേയും അക്കലത്തുതന്നെ വ്യവച്ഛേദിച്ച്‌ നിര്‍വചിച്ചു എന്നതാണു. 'ദ്രാവിഡസംഘതാക്ഷരനിബന്ധം' എന്നാണ്‌ ലീലാതിലകകാരന്‍ പാട്ടിന്റെ മുഖ്യലക്ഷണമായി പറയുന്നത്‌. ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചു രചിച്ചിരുന്ന പാട്ടുകള്‍ തീര്‍ച്ചയായും കുറച്ചുകൂടി ജനകീയവും അക്കാലത്തെ സാധാരണക്കാര്‍ക്ക്‌ ഉപയുക്തമാകുന്നവയും ആയിരുന്നു എന്ന്‌ കരുതാം. ഉത്തരകേരളത്തില്‍ സംഭവിച്ചത്ര സംസ്കൃതകലര്‍പ്പുകള്‍ തെക്കന്‍ കേരളത്തില്‍ സംഭവിച്ചിരുന്നില്ല എന്നതിന്റെ പ്രതിസ്പുരണം കൂടിയായിട്ടാവാം പാട്ടുകളുടെ വേറിട്ട വളര്‍ച്ച ഉണ്ടായത്‌. ആദ്യത്തെ പാട്ടുരചനയായി കരുതപ്പെടുന്ന 'രാമചരിതം' എഴുതിയത്‌ തിരുവിതാംകൂര്‍കാരനായ ചീരാമന്‍ ആണു. ഇദ്ദേഹം തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീവീരരാമവര്‍മ്മ ആണെന്നു ഉള്ളൂര്‍ അവകാശപെടുന്നു (കേരള സാഹിത്യ ചരിത്രം-1953). പ്രദേശികമായ വകഭേദങ്ങളോടെ പലതരം പാട്ടുകള്‍ ഇക്കാലത്ത്‌ പുഷ്ഠിപെട്ടു വന്നിരുന്നു. കൂത്തിനുവേണ്ടി നമ്പ്യാന്മാര്‍ പാടിയിരുന്ന നമ്പ്യാന്‍തമിഴിലുള്ള പാട്ടുകള്‍, പാണപ്പാട്ട്‌, ഭദ്രകാളിപ്പാട്ട്‌, കുറത്തിപ്പാട്ട്‌, കൃഷിപ്പാട്ട്‌ തുടങ്ങി ഒരുപാടുതരം നാടന്‍പാട്ടുകള്‍ എന്നിങ്ങനെ ഈ പട്ടിക നീണ്ടു പോകും. പക്ഷെ ഇവയൊന്നും നിയതമായി എഴുതിവച്ചിരുന്നില്ല എന്നതിനാലും ഇപ്പോള്‍ ലഭ്യമായ പലതിലും പില്‍ക്കാലകലര്‍പ്പുകള്‍ ഉണ്ടായതിനാലും കാലനിര്‍ണയം ശ്രമകരമായി തീരുന്നു. എങ്കിലും മണിപ്രവാളത്തിലൂടെയും പാട്ടിലൂടേയും ഇക്കാലത്ത്‌ മലയാളം വലിയ വളര്‍ച്ചകള്‍ രേഖപെടുത്തി.

പതിനാലാം ശതകത്തിന്റെ അന്ത്യനാളുകളില്‍ ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും അതുവരെ അജ്ഞാതമായിരുന്ന ആഴകടലിലേക്ക്‌ ഒരു നാവികന്‍ തുഴയെറിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രംതാണ്ടി 1498 മേയ്‌ 20-ാ‍ം തിയതി വാഴ്കു ദ ഗാമ എന്ന ഈ പറങ്കി നാവികന്‍ കോഴിക്കോടെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ വലുതും ദൂരവ്യാപകവുമായ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കിയ ഒരു കപ്പല്‍ പ്രവേശം ആയിരുന്നു അത്‌. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ പറങ്കികളുടേയും തുടര്‍ന്ന്‌ ലന്തക്കാരുടേയും ബ്രിട്ടീഷുകാരുടെയും വരവ്‌ വലിയ മാറ്റങ്ങളാണ്‌ വരുത്തിയത്‌. അതില്‍ പ്രധാനം നാട്ടുരാജക്കന്മാരുടെ ചെറുകിട യുദ്ധങ്ങള്‍ ഈ വിദേശശക്തികളുടെ സഹായത്താല്‍ വലിയ യുദ്ധങ്ങളായി മാറി എന്നതാണ്‌. ചെറിയ നാട്ടുരാജ്യങ്ങള്‍ അന്യംനിന്നു. നെടിയിരിപ്പും തിരുവിതാംകൂറും രണ്ടു പ്രബല രാജ്യങ്ങളായി ഉരുത്തിരിഞ്ഞു വന്നു. പക്ഷെ ഇവയ്ക്ക്‌ ഒരിക്കല്‍പോലും സ്വതന്ത്രമായ നിലനില്‍പ്പ്‌ ഉണ്ടായിട്ടില്ല എന്ന്‌ ദേശചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസിലാവുന്നുണ്ട്‌. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഒരു കൂട്ടരുടെ അല്ലെങ്കില്‍ മറ്റൊരു കൂട്ടരുടെ, വിദേശസഹായം സ്വീകരിച്ചാണ്‌ ഇവയെല്ലാം നിലനിന്നതും വിസ്‌തൃതി വര്‍ദ്ധിപ്പിച്ചതും. ഒടുവില്‍ ടിപ്പുവിന്റെ പടയോട്ടത്തോടെ സമൂതിരിയുടെ സാമ്രാജ്യം അവസാനിക്കുക്കയും ആ രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയില്‍ മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായി തീരുകയും ചെയ്തു. പെരിയാറിലൂടെ അപ്രതീക്ഷിതമായി മലവെള്ളം പാഞ്ഞതുകൊണ്ട്‌, പ്രകൃതിയുടെ ഇത്തരം സംഹാരതാണ്ഡവം പരിചിതമല്ലായിരുന്ന ടിപ്പുസുല്‍ത്താന്റെ കയ്യില്‍ നിന്നും തിരുവിതാംകൂര്‍ എങ്ങിനെയോ രക്ഷപെട്ടു. പക്ഷെ ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ എല്ലാ കാലത്തും ബ്രിട്ടിഷുകാരുടെ വിനീതവിധേയരായ സാമന്തന്മാരായി തിരുവിതാംകൂര്‍ രാജക്കന്മാര്‍ കഴിയുകയും ചെയ്തു. പതിനെട്ടാം ശതകത്തിന്റെ തുടക്കത്തില്‍ ഗൗരിലക്ഷ്മീഭായിയെ മുന്നില്‍ നിര്‍ത്തി മണ്‍റോ സായിപ്പ്‌ ദിവാനായി രാജ്യം ഭരിക്കുക വരെ ഉണ്ടായിട്ടുണ്ട്‌.

രാജക്കാന്മാര്‍ പ്രബലമായതോടെ നമ്പൂതിരിമാരുടെ അപ്രമാദിത്യം കുറഞ്ഞു കുറഞ്ഞു വന്നു എന്നത്‌, പില്‍ക്കാലത്ത്‌ ഒരു ചാക്കാലനായര്‍ക്കുവരെ ഭാഷയെ മാറ്റിയെഴുതാന്‍ പറ്റുന്നതിനു അവസരമാക്കി എന്നും നമുക്കറിയാം. എന്നാല്‍ ഇത്‌ അനായാസം സംഭവിച്ച ഒരു പരിണാമം ആയിരുന്നില്ല. വീണ്ടും എത്രയോ കാലം രാജാക്കന്മാരുടെ പണ്ഡിതസദസ്സുകള്‍ അലങ്കരിച്ചിരുന്നത്‌ ബ്രാഹ്‌മണര്‍ തന്നെയായിരുന്നു. മാത്രവുമല്ല സംസ്കൃതത്തില്‍ പാണ്ഡിത്യമില്ലാത്തവരെ അംഗീകരിച്ചിരുന്നും ഇല്ല. കോഴിക്കോട്ടെ മാനവവിക്രമരാജാവിന്റെ സദസ്സില്‍ 19 കവികളുണ്ടായിരുന്നെങ്കിലും ഭാഷാകവിയായ പുനം നമ്പൂതിരിക്ക്‌ അരക്കവി സ്ഥാനമേ നല്‍കിയിരുന്നുള്ളു. പതിനെട്ടരകവികള്‍ എന്നാണു ആ കവിസദസ്സ്‌ അറിയപെട്ടിരുന്നത്‌.

കറുപ്പും വെളുപ്പും എന്നമാതിരി കണ്ടെത്തലുകള്‍ എളുപ്പമല്ലെങ്കിലും, വ്യത്യസ്തമായ രണ്ടു പ്രസ്ഥാനങ്ങളായി തുടര്‍ന്നിരുന്ന മണിപ്രവാളവും പാട്ടും ആദ്യമായി ഒന്നുചേരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനാവുക കണ്ണശകൃതികളിലാണ്‌. എന്നാല്‍ ഈ കലര്‍പ്പില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ (?) വല്ലാത്തൊരു കുതിപ്പാണു കണ്ണശന്മാരില്‍ നിന്നും അധികംകഴിയാതെ, പതിനാലം ശതകത്തിന്റെ മദ്ധ്യത്തില്‍ 'കൃഷ്ണഗാഥ' എഴുതിയ ചെറുശേരി നടത്തിയത്‌. കോലത്തുനാട്ടിലെ രാജവായ ഉദയവര്‍മന്റെ സദസ്സിലെ കവിയും സുഹൃത്തുമായിരുന്നു ചെറുശ്ശേരി, രാജാവുമായി ചതുരംഗം കളിക്കുന്ന നേരത്ത്‌, "ഉന്തുന്തുന്ത്‌ ഉന്തുന്തുന്ത്‌ ആളെയുന്ത്‌" എന്നു രാജ്ഞി താരാട്ടിന്റെ ഈണത്തില്‍ പാടി രാജാവിനെ കളിവിജയിപ്പിച്ചതില്‍ നിന്നാണു കൃഷണഗാഥ ജനിച്ചതെന്നു സുവിദമായ ഒരു കഥയുണ്ടല്ലോ. എന്തായാലും അനുവാചകനെ ഒരു താരാട്ടുപാട്ടിന്റെ ലാളിത്യത്തിലേക്കും, ഭാഷയുടെ സ്വത്വത്തെ പക്വമാവുന്നതിന്റെ സങ്കീണതയിലേക്കും എടുത്തെറിഞ്ഞത്‌ ചെറുശ്ശേരിയാണ്‌.

കണ്ണശന്മാരുടേയും ചെറുശേരിയുടെയും കാലത്തേക്ക്‌ എത്തുമ്പോള്‍ സംഭവിക്കുന്ന ഒരു സാമൂഹികമാറ്റം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കാതിരിക്കില്ല. പ്രതിഭയുടെയും പാണ്ഡിത്യത്തിന്റേയും തലങ്ങളില്‍ നിന്നും 'പെണ്ണിന്റെ തലയും മുലയും' പടിയിറങ്ങാന്‍ തുടങ്ങി എന്നതാണത്‌. അതിലേക്ക്‌ സംഭാവന ചെയ്ത പല ഘടകങ്ങളുണ്ട്‌. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന ഭക്തിപ്രസ്ഥാനത്തിന്റെ അലകള്‍, വിദേശസമൂഹങ്ങളോട്‌ എന്നും മമത പുലര്‍ത്തിപോന്ന കേരളീയരില്‍ നല്ലപോലെ ഏശി എന്നതാവും അതില്‍ പ്രധാനമായ ഒന്ന്‌. യൂറോപ്പ്യ‍ന്‍ അധിനിവേശം നല്‍കിയ സമ്പര്‍ക്കം ബ്രാഹ്‌മണ സമൂഹത്തിന്റെ പ്രധാന്യം കുറച്ചതു പോലെ തന്നെ, താഴേതട്ടിലുള്ള ചില വിഭാഗങ്ങള്‍ക്കെങ്കിലും, മനുഷ്യരെന്ന നിലയ്ക്ക്‌ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കണം. അതുകൊണ്ടാവണമല്ലോ കണ്ണശപണിക്കന്മാര്‍ക്ക്‌ പുരാണകൃതികളില്‍ പാണ്ഡിത്യം നേടാനും, അവയെ തങ്ങളുടേതായി പരാവര്‍ത്തം ചെയ്യാനും സാധിച്ചത്‌. തന്റെ ചക്കില്‍ നാലും (വേദങ്ങള്‍) ആറും (ശാസ്ത്രങ്ങള്‍) ആടും എന്ന്‌ എഴുത്തച്ഛന്‌ ഉറപ്പോടെ പറയാന്‍ സാധിച്ചതും ഈ സാമൂഹിക മാറ്റത്തെ സൂചിപ്പിക്കുന്നു.

ഇക്കാലത്തെ ഏറ്റവും വലിയ ഭാഷാപ്രശ്നം ഏകീകൃത്മായ ഒരു ലിപിയുടെ അഭാവമായിരുന്നു. ഗ്രന്ഥാക്ഷരങ്ങളും (സംസ്കൃതം) വട്ടെഴുത്തും (മലയാളം) തരം പോലെ മാറിയും തിരിഞ്ഞും കൂട്ടികലര്‍ത്തിയും ഉപയോഗിച്ചിരുന്നു. ഇതു വായനക്ക്‌ മാത്രമല്ല മനസ്സിലാക്കലിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംസ്കൃതത്തിലെ പല ഉച്ചാരണങ്ങള്‍ക്കും വട്ടെഴുത്തില്‍ അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. പറയാന്‍ പറ്റും എഴുതാന്‍ പറ്റില്ല എന്ന അവസ്ഥ. ഇത്‌ ഭാഷയുടെ ജനകീയതയേയും കുറച്ചൊന്നുമല്ല തടസപ്പെടുത്തിരിയിക്കുക. ചെറുശ്ശേരി എഴുതി നിര്‍ത്തുമ്പോള്‍ ഇതാണു അവസ്ഥ. ഒരു തരത്തില്‍ പറഞ്ഞാല്‍ ആ സങ്കരലിപികളില്‍ സാധ്യമാവുന്നതിന്റെ ഏറ്റവും അറ്റംവരെ ചെറുശ്ശേരി എത്തിയിരുന്നു എന്നു വേണം പറയാന്‍. അവിടുന്നു അങ്ങോട്ട്‌ ഇനി ഭാഷക്ക്‌ പുരോഗമിക്കണമെങ്കില്‍, ലിപിയുടെ ഏകീകരണം ഇല്ലാതെ സാധ്യമാവുമായിരുന്നില്ല. ശരി, ഇവിടെവരെ എത്തി ഇനി നമുക്കു അടുത്തപടി തുടങ്ങാം എന്ന മൂര്‍ത്തമായ ഭാഷാവ്യവഹാരം ഒന്നും ആയിരുന്നില്ല അത്‌. പക്ഷെ പല ഇടങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഭാഷപരിഷ്ക്കരണങ്ങളും ലിപി ഉപയോഗങ്ങളും, മഹാപണ്ഡിതനും, ജ്ഞാനിയും, സാമൂഹ്യപരിഷ്കര്‍ത്താവും, പൂന്താനത്തിന്റെ ഭക്തിയും മേല്‍പ്പത്തൂരിന്റെ വിഭക്തിയും ഒത്തു ചേര്‍ന്ന, വിദ്യാസമ്പന്നനും വിദ്യ അഭ്യസിപ്പിക്കുന്നവനും ഒപ്പം മദ്യപാനിയുമായിരുന്ന, ബഹുമുഖപ്രതിഭയായ ഒരു മഹാപുരുഷന്റെ ജന്മനിയോഗമായി ഭാഷാപരിഷ്കണം വന്നുചേര്‍ന്നു എന്നു കരുതിയാല്‍ മതി.

എഴുത്തച്ഛന്റെ കാലത്തെ ഭക്തിയുടെ ഉപയോഗം ആധ്യാത്മികമായ ഒരു കര്‍മ്മം എന്ന നിലയ്ക്ക്‌ മാത്രമായിരുന്നില്ല, സാമൂഹികപരിഷ്കരണത്തിന്റെ നിലയ്ക്ക്‌ കൂടിയായിരുന്നു. വ്യവസ്ഥിതി അത്രയ്ക്കു ദുഷിച്ചതായിരുന്നു. ബ്രാഹ്‌മണ്യത്തിന്റെ കുടിലതകളും, നിരന്തരമായ യുദ്ധങ്ങളും, മാമാങ്കം പോലുള്ള വിചിത്രമായ രാജാധികാര പ്രമത്തതയും, വിദേശാധിപത്യത്തിന്റെ അരക്ഷിതത്വവും ഒക്കെ സാധാരണക്കാരെ വല്ലാത്ത വിഷമവൃത്തത്തില്‍ ആക്കിയിരുന്നു. ജനങ്ങളെ ഭക്തിയുടെ മാര്‍ഗത്തിലേക്ക്‌ കൊണ്ടുവന്ന്‌, സമൂഹത്തിന്‌ സദാചാരബോധത്തിന്റെ വെടിപ്പു നല്‍കാന്‍ ശ്രമിക്കുക എന്നത്‌ സാമൂഹിക പരിഷ്കരണം അല്ലാതെ മറ്റൊന്നായിരുന്നില്ല. ഇന്നത്തെ തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒക്കെ പെടുന്ന, വിദൂരദേശങ്ങളില്‍ പോയി ഉപരിവിദ്യാഭ്യാസം നേടിവന്ന എഴുത്തച്ഛന്‌ തന്റെ കര്‍മമേഖല തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നിരിക്കില്ല. കുടുംബപരമായി വിദ്യാലയം നടത്തിയിരുന്ന അദ്ദേഹത്തിന്റെ പക്കല്‍ ഒരുപാടു വിദ്യാര്‍ത്ഥികള്‍ അഭ്യസിച്ചിരുന്നതായി കരുതപെടുന്നു. പഠനവിഷയങ്ങളുമായി ബന്ധപെട്ട്‌ അനേകശതം താലിയോലകള്‍ എഴുതിയുണ്ടാക്കേണ്ടിവരുക സ്വാഭാവികമാണ്‌. അതുകൊണ്ടുതന്നെ ഭാഷയുടെ ഉപയോഗത്തിന്‌, ഏകികൃതമായ ഒരു ലിപിയുടെ അഭാവം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എഴുത്തച്ഛന്‍ പെട്ടെന്നു മനസ്സിലാക്കിയിരിക്കണം. ലിപിയുണ്ടാക്കി അതു വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു പ്രചരിപ്പിക്കുക എന്നത്‌ ഏറെക്കൂറെ അസംഭവ്യമാണെന്നു അദ്ദേഹം അറിഞ്ഞു. അതിനെ മറികടക്കാന്‍ അദ്ദേഹം കണ്ടെതിയ വളരെ ക്രിയാത്മകമായ, ഒരുപാടു വഴികളിലൂടെ നന്മോന്മുഖമായി വ്യപനംചെയ്ത ഒന്നായിരുന്നു 'ഹരിനാമകീര്‍ത്തന'ത്തിന്റെ രചന. നിലവിലുണ്ടായിരൂന വാമൊഴിക്കു ഏറെക്കൂറെ ഉതകുംവിധം, എന്നാല്‍ ഭാഷയുടെ ഗാംഭീര്യം ഒട്ടുംകുറയ്ക്കാതെ, ഗ്രന്ഥാക്ഷരങ്ങളിലേയും വട്ടെഴുത്തിലേയും ഉച്ചാരണങ്ങള്‍ ഒരുപോലെ സാധ്യമാവുംവിധം ലയിപ്പിച്ച്‌, ചിതറികിടന്ന അക്ഷരങ്ങളെ യോജിപ്പിച്ചാണ്‌ എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനം പണിതീത്തത്‌. എഴുതുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്‌, അതിന്റെ വ്യാപനത്തിനായി അലഞ്ഞുതിരിയുക കൂടിയായിരുന്നു. വിവിധ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും ഭവനങ്ങളിലും താമസംവിന ഹരിനാമകീത്തനം ഒരു അഭിവാജ്യഘടകമായി മാറി. അതുചൊല്ലാതെ ഒരു ദിവസവും കടന്നു പോകാതായി എന്നുവന്നപ്പോള്‍, എഴുത്തച്ഛന്‍ ഒരു വെടിക്ക്‌ എത്ര പക്ഷികളെയാണ്‌ വീഴ്ത്തിയത്‌ എന്നു പറയാന്‍ വയ്യ. ഭാഷയും ലിപിയും ഏകീകൃതമായി സമൂഹത്തില്‍ ഉറച്ചു എന്നത്‌ അതില്‍ ഒന്നുമാത്രം.

മലയാളത്തില്‍ അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടുള്ള സാഹിത്യ/ഭാഷാ പ്രസ്ഥാനങ്ങളില്‍ വച്ചു ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നത്‌ എഴുത്തച്ഛന്‍ തുടങ്ങിവച്ച കിളിപ്പാട്ട്‌ പ്രസ്ഥാനമാണ്‌. ഇതില്‍ എഴുത്തച്ഛന്റേതായി ഉറപ്പിക്കാവുന്നത്‌ 'അധ്യാത്മരാമായണ'വും 'മഹാഭാരത'വുമാണു (മഹാഭാരത്തിലെ ഒന്‍പത്‌ സ്കന്ധങ്ങളെയെ എഴുത്തച്ഛന്റേതായി കരുതുന്നുള്ളു). തുടര്‍ന്നുള്ള മൂന്നു ശതാബ്ദതങ്ങള്‍ കിളിപ്പാട്ടു പ്രസ്ഥാനം മലയാളത്തിന്റെ മുഖ്യധാരയില്‍ തുടര്‍ന്നു. മലയാളത്തെ ആധുനികഭാഷയായി പരാവര്‍ത്തം ചെയ്ത്‌ സ്ഥിരപ്പെടുത്തി ആ കൃതികള്‍. ചില പ്രാചീന രൂപങ്ങള്‍ കാണാമെങ്കിലും, എഴുത്തച്ഛന്റെ മലയാളം ഇന്നും സമകാലീകമാണ്‌.
"സ്വര്‍ണ്ണവര്‍ണ്ണത്തെപൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വര്‍ണമാലയും ധരിച്ചാദരാല്‍ മന്ദം മന്ദ-
മര്‍ണ്ണോജനേത്രമുമ്പില്‍ സത്രപം വിനീതയായി..." (അധ്യാത്മരാമായണം)
ഇതു വായിച്ചാല്‍ അഞ്ചാറുനൂറ്റാണ്ടിനു ശേഷം, ഭാഷയും ഭാവുകത്വം ഒരുപാടു മുന്നേറി എന്നു വിജയലക്ഷ്‌മിയേയോ പ്രഭാവര്‍മ്മയേയോ പ്രതി പറയാനാവുമോ?
"വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
നല്ല മരതകകല്ലിനോടൊത്തൊരു
കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍
ചൊല്ലെഴുമര്‍ജ്ജുനന്‍ തന്റെ തിരുമകന്‍,
വല്ലവീവല്ലഭവ, നിന്റെ മരുമകന്‍.
കൊല്ലാതെ കൊള്ളഞ്ഞതെന്‌തവന്‍ തന്നെ നീ?
കൊല്ലിക്കയല്ലേ നിനക്കു ഹിതമെടൊ!" (മഹാഭാരതം)
ഇത്രയും ശുദ്ധമലയാളത്തില്‍, തത്വചിന്താപരമായ ഒരു സാമൂഹികവിമര്‍ശനം നടത്താന്‍ വണ്ണം നമ്മുടെ ആധുനിക കവികളായ സച്ചിദാനന്ദനോ കെ.ജി.ശങ്കരപിള്ളയോ ആധുനികമായെന്ന്‌ കരുതാന്‍ തെളിവുകളില്ല.

കിളിപ്പാട്ടുമാത്രമായിരുന്നു ഇക്കാലത്തെ ഏക സാഹിത്യ/ഭാഷാവ്യവഹാരം എന്നല്ല. പലതരം മണിപ്രവാള രചനകളും, വൈവിധ്യമാര്‍ന്ന പാട്ടുപ്രസ്ഥാനവുമൊക്കെ അതിന്റേതായ വഴിക്കു സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇതില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടത്‌, കൂത്തിനിടയ്ക്ക്‌ മിഴാവുകൊട്ടികൊണ്ടിരുന്ന ഒരു നമ്പ്യാര്‍ ഉറങ്ങിപോവുകയും, ഇതുകണ്ട ചാക്യാര്‍ നമ്പ്യാരെ പരിഹസിക്കുകയും, ഇതില്‍ ഖിന്നനായ നമ്പ്യാര്‍ വാശിക്കു ആ രാത്രിയും അടുത്ത പകലുമായി എഴുതിയുണ്ടാക്കി, തന്നെ പരിഹസിച്ച ചാക്യാരുടെ കൂത്തരങ്ങിനു നേരേ എതിരായി അടുത്തരാത്രി തന്നെ ആടിതകര്‍ത്ത്‌ ആളെകൂട്ടിയ ഒരു പുതിയ പാട്ട്‌/ആട്ടമാണ്‌. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പ്രസ്ഥാനം, ഇങ്ങിനെ, ഒറ്റ ദിവസം കൊണ്ടു പിറന്നതാണെന്നു പറയപ്പെടുന്നു. 18-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രം നടന്നൊരു സംഗതിയായതിനാല്‍, ഇങ്ങിനെ ചില ഭൗതീക വാസ്തവീകതകളുടെ നാടകീയതില്‍ വെറുതെ വിശ്വസിക്കുക എന്നതു തന്നെ ഒരു സുഖം തരും. സാമൂഹ്യവിമര്‍ശനം അതിനുമുന്‍പ്‌ ഉണ്ടായിട്ടില്ല എന്നല്ല, പക്ഷെ അതിനു ഫലിതാത്മകമായ മൂര്‍ച്ച നല്‍കിയത്‌ കുഞ്ചന്‍ നമ്പ്യാര്‍ തന്നെ. സംസാരഭാഷയിലെ ഒരുപാടു പദങ്ങള്‍ കുഞ്ചന്‍ നമ്പ്യാര്‍ തന്റെ രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്‌. നാല്‍പ്പതോളം തുള്ളല്‍പാട്ടുകള്‍ ഉണ്ടാക്കിയ കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തെ ജനകീയമാക്കുന്നതില്‍ വഹിച്ച പങ്ക്‌ ചെറുതല്ല. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" എന്നു ഒരു ടെക്നോപാര്‍ക്കിനെ നോക്കിയാണോ അദ്ദേഹം പാടിയതെന്നു സംശയം തോന്നാതിരിക്കില്ല.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാനിലൂടെയും തുടര്‍ന്ന്‌ രാജരാജ വര്‍മ്മയിലൂടേയും മലയാളം ഇന്നത്തെ രൂപം പ്രാപിക്കുന്നതിനുമുന്‍പ്‌, ഭാഷയിലും കലയിലും സംഭവിച്ച സൗഭഗമായ പ്രഭവമായിരുന്നു ആട്ടകഥയും കഥകളിയും. വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന കൃഷ്ണനാട്ടത്തിനു ബദലായി തെക്കന്‍ കേരളത്തില്‍ ഉണ്ടായിവന്ന രാമനാടം ആണ്‌ കാലാന്തരേണ കഥകളിയായി അറിയപ്പെടാന്‍ തുടങ്ങിയത്‌. കൊട്ടാരക്കരതമ്പുരാനാണ്‌ ഈ കലയുടെ ഉപജ്ഞാതാവ്‌. രാമായണത്തിലെ കഥകള്‍ ആസ്പദമാക്കി കൊട്ടാരക്കരതമ്പുരാന്‍ എട്ട്‌ ആട്ടകഥകള്‍ രചിക്കുകയുണ്ടായി. അതിനാല്‍ തന്നെയാണ്‌ അവ രാമനാട്ടം എന്ന്‌ ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്നതും. തുടര്‍ന്ന്‌ കോട്ടയം തമ്പുരാനും ആട്ടകഥകള്‍ രചിച്ചു. ഭാഷാപരമായി ആട്ടകഥകള്‍ മണിപ്രവാളത്തിന്റെ ഗണത്തില്‍ പെടുത്താവുന്നവയാണ്‌. ആട്ടകഥകളില്‍ അന്നും ഇന്നും ഏറ്റവും പ്രശസ്തമായ, ഉണ്ണായിവാര്യരുടെ 'നളചരിതം', വിച്ഛേദിച്ചു നില്‍ക്കുന്ന ഭാഷയുടേയും സംസ്കൃതത്തിന്റേയും സ്പഷ്ടത കാട്ടിതരും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഭാഷപരമായ കുതിപ്പിനെകുറിച്ചുള്ള ആലോചനയൊന്നും ആട്ടകഥകളില്‍ കാണാനാവില്ല എന്നാണ്‌. ഉപരിവര്‍ഗ മലയാളിയുടെ പൊതുവായ സൗന്ദര്യകാമനകളുടെ എല്ലാ ഇന്ദ്രിയങ്ങളേയും തൃപ്തിപെടുത്താന്‍ ഉതകുന്ന ഒരു സമ്പൂര്‍ണ കലാസാദ്ധ്യതയില്‍ ആയിരുന്നു ഊന്നലും പരീക്ഷണങ്ങളും. കഥകളിയുടെ ലാവണ്യപരമായ ആന്തരീക ഊര്‍ജം തന്നെയാവും അതിനെ ഇന്നും നിലനിര്‍ത്തുന്നത്‌, വള്ളത്തോള്‍ അതൊരു ജന്മനിയോഗമായി ഏറ്റെടുത്തതു കൊണ്ടുകൂടി.

ഏകമാനമായ ഒരു പരിണാമമായിരുന്നില്ല ഇതൊന്നും, ഭാഷയിലും കലയിലും. പില്‍ക്കാലത്ത്‌ എതാണ്ട്‌ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുപോയ പല ഭാഷാരീതികളും സമാന്തരമായി തുടര്‍ന്നിരുന്നു. അറബിമലയാളവും, മിഷണറി മലയാളവുമൊക്കെ ഇതില്‍ പെടുത്താവുന്നവകളാണ്‌. ഇവയൊക്കെ ഭാഷയുടെ ഭാവുകത്വത്തിനും വ്യാകരണത്തിനും അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടും ഉണ്ട്‌. സങ്കരമായതിനാല്‍ തന്നെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന കലകളുടെ ഭൂമിക വ്യാപകവും സങ്കീര്‍ണ്ണവും ആയിരുന്നു. കഥകളിയുടെ പിറവിക്കു മുന്‍പ്‌ തന്നെ നമ്മള്‍ ചവിട്ടുനാടകം കണ്ടു തുടങ്ങിയിരുന്നു. കോയിത്തമ്പുരാന്‍ ഒരു സംസ്കൃതകൃതി (അഭിജ്ഞാനശാകുന്തളം-1898) ആദ്യമായി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതിനു മുന്‍പ്‌ തന്നെ, ഷേക്സപിയറിന്റെ നാടകം (കോമഡി ഓഫ്‌ ഏറേസ്സ്‌) മലയാളഭാഷയില്‍ എത്തികഴിഞ്ഞിരുന്നു (1866).

കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഭാഷാപരമായ പ്രസക്തി, ഇടക്കാലത്ത്‌ കലകളോടൊപ്പം മാത്രം വികസിച്ച ഭാഷയേയും സാഹിത്യത്തേയും സ്വന്തം അസ്തിത്വത്തോടെ സമൂഹത്തിന്റെ മധ്യത്തേക്ക്‌ വീണ്ടും കൊണ്ടുവന്നു എന്നതാണ്‌. അഭിജ്ഞാന ശാകുന്തളവും മയൂരസന്ദേശവും ഒരു വലിയ കൂട്ടം മലയാളികളെ സാഹിത്യത്തിലേക്ക്‌ ആകര്‍ഷിക്കാനുള്ള ശക്തി കാണിച്ചു. എന്നാല്‍ അത്‌ ശുദ്ധമണിപ്രവാളത്തിന്റെ ഉയര്‍ത്തെണീപ്പ്‌ കൂടിയായിരുന്നു. പില്‍ക്കാലത്ത്‌ കേരളവര്‍മ്മ തന്നെ തന്റെ മണിപ്രവാള ഭാഷാ ഉപയോഗത്തെ ഏറെക്കൂറെ തള്ളി പറയുകയുണ്ടായി. അക്കാലത്തെ മലയാളത്തിന്റെ നെടുംതൂണായിരുന്ന കേരളവര്‍മയുടെ ഈ ഏറ്റുപറച്ചിലാണ്‌, ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന മലയാളത്തിന്റെ തുടക്കമായി കാണാനാവുന്നത്‌. ഉള്ളൂരിന്റെ 'ഉമാകേരള'ത്തോടെ മണിപ്രവാളം പൊതുവായി അവസാനിച്ചു എന്നു തന്നെ പറയാം. സംസ്കൃതവാക്കുകളും ചില വിഭക്തി പ്രത്യയങ്ങളും ഇല്ല എന്നല്ല. പക്ഷെ അവയൊക്കെ ഇന്നു ഭാഷയുടെ ലീനമായ പ്രയോഗങ്ങളായി മാറിയിരിക്കുന്നു. കേരളവര്‍മ്മയുടെ കുടുംബത്തിലെ ഇളംതലമുറക്കാരനായ രാജരാജ വര്‍മ്മയുടെ മണിപ്രവാള വിച്ഛേദിതമായ മലയാളം, കേരളത്തിലെ ആധുനിക ഭാഷയെ സാര്‍വത്രികമാക്കി. ഭാവുകത്വ വ്യതിയാനങ്ങള്‍ ഏറെ ഉണ്ടായെങ്കിലും, ഭാഷാപരമായി വന്‍കുതിപ്പുകളൊന്നും രാജരാജ വര്‍മ്മ പ്രസ്ഥാനത്തിനു ശേഷമുള്ള കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ നമ്മള്‍ നടത്തിയിട്ടില്ല. സര്‍ഗാത്‌മക ഗദ്യത്തിലും പദ്യത്തിലും മലയാളം കണ്ടിട്ടുള്ള ഏറ്റവും ലാവണ്യപൂര്‍ണ്ണമായ കൃതികള്‍ ഉണ്ടായതും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും ആയിട്ടാണ്‌. അവയെ കവച്ചുകടക്കാനുള്ള ശക്തി ഈ അടുത്തകാലത്തൊന്നും മലയാളത്തിനു സാധ്യമാവില്ല എന്ന്‌ പല്ലനയാറ്റില്‍ മുങ്ങിപ്പോകുമ്പോള്‍ കുമാരനാശാന്‍ ഓര്‍ത്തിരിക്കുമോ?

**

അവലംബ ഗ്രന്ഥങ്ങള്‍;
1. കേരള ഭാഷാചരിത്രം-ഡോ. ഇ.വി.എന്‍.നമ്പൂതിരി
2. വേണാടിന്റെ പരിണാമം-കെ.ശിവശങ്കരന്‍ നായര്‍
3. ലീലാതിലകം-വ്യാഖ്യാനം: പ്രൊഫ. ഗോപികുട്ടന്‍

00 

2 comments:

 1. കരുത്തുറ്റ ലേഖനം
  എഴുത്തച്ഛന്റെ മലയാളം ഇന്നും സമകാലികമാണ്

  ReplyDelete
  Replies
  1. വായനയ്ക്ക് നന്ദി, അജിത്‌

   Delete