Saturday, 29 March 2014

അതിജീവനത്തിന്റെ മടക്കയാത്ര

അതിജീവനത്തിനുള്ള ത്വരയാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ വികാരം. അത്രയും വരില്ല സ്വാതന്ത്ര്യത്തിനോടുള്ള അഭിനിവേശം. എന്നാല്‍ അസ്വാതന്ത്ര്യം മരണത്തോളം ഭയാനകമാകുമ്പോള്‍ സ്വാതന്ത്ര്യവും അതിജീവനവും പരസ്പരപൂരകമാവുന്നുണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യത്തേയും അതിജീവനത്തേയും, മരണത്തിന്റെ വിലകൊടുത്തും കാംക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഈ സിനിമ പങ്കുവയ്ക്കുക. 

ലോകത്തിനെ മുഴുവന്‍, വിശേഷിച്ചും യൂറോപ്പിനെ, പതിറ്റാണ്ടുകള്‍ക്ക് ശേഷവും നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്ന ഓര്‍മ്മയാണ് രണ്ടാം ലോകമഹായുദ്ധം. അതിനെ അധികരിച്ച് എണ്ണിയാലൊടുങ്ങാത്ത സര്‍ഗ്ഗസൃഷ്ടികള്‍ തുടര്‍കാലങ്ങളില്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു, ഇനിയും അത് തുടരും എന്നതും ഉറപ്പാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ട് രണ്ടായി വിഭജിക്കപ്പെട്ട്, ഒരു ഭാഗം നാസി ജെര്‍മ്മനിയുടെ അധീനതയിലും മറ്റൊരു ഭാഗം സ്റ്റാലിന്റെ അധീനതയിലും ആയിത്തീര്‍ന്നു. പോളണ്ടിലെ നിരപരാധികളായ വലിയകൂട്ടം ജനങ്ങള്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെക്കും റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിലെക്കും അയയ്ക്കപ്പെട്ടു. സൈബീരിയയിലെ ഗുലാഗ് തടവറയിലേക്ക് അയക്കപ്പെടുന്ന യാനുസ് എന്ന പോളിഷുകാരനില്‍  നിന്നാണ് സിനിമ ആരംഭിക്കുന്നത്. വര്‍ഷത്തിന്റെ ഏതു സമയത്തും അതികഠിനമായ ശൈത്യമുള്ള സൈബീരയിലെ വിദൂരമായ ആ ക്യാമ്പില്‍ തടവറതീര്‍ക്കുന്നത് പ്രകൃതി തന്നെ എന്ന് അവിടെ എത്തുന്ന അന്തേവാസികളോട് ജെയിലര്‍ പറയുന്നത്, തടവ്‌ ചാടിയാലും ഒരാള്‍ക്ക്‌ പോലും മഞ്ഞുമൂടിയ സൈബീരിയയുടെ ഭൂപ്രദേശങ്ങള്‍ വകഞ്ഞ് ജനവാസഇടങ്ങളില്‍ എത്താന്‍ പറ്റില്ല എന്ന ഉറപ്പില്‍ നിന്നാണ്. എന്നാല്‍ അധികം കഴിയുന്നതിനു മുന്‍പ് ചില സഹതടവുകാരുമായി ചേര്‍ന്ന് യാനുസ് തടവുചാടുന്നു. 'Their escape was just the beginning' എന്ന സിനിമയുടെ തലവാചകം അന്വര്‍ത്ഥമാക്കികൊണ്ട് യാനുസിന് ഏതാണ്ട് നാലായിരത്തോളം മെയിലുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്നു സ്വാതന്ത്ര്യത്തിലേക്ക് എത്താന്‍. അതിനിടയ്ക്ക് കൂട്ടുകാരില്‍ പലരും മരിക്കുന്നു, ചിലര്‍ വഴിപിരിയുന്നു. പക്ഷെ യാനുസിന് എല്ലാം അതിജീവിച്ചേ സാധിക്കുകയുള്ളൂ. പീഡനങ്ങള്‍ സഹിക്കാനാവാതെ യാനുസിനെതിരെ കള്ളസാക്ഷി പറയേണ്ടി വന്ന ഭാര്യയോട് അയാള്‍ക്ക്‌ ക്ഷമിച്ചു എന്ന് പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ചെയ്തതിനോട് സ്വയം ക്ഷമിക്കാന്‍ തന്റെ ഭാര്യയ്ക്ക് ഒരിക്കലും സാധിക്കില്ല എന്നയാള്‍ക്ക് ഉറപ്പുണ്ട്.

നാഷണല്‍ ജിയോഗ്രാഫിക്ക് എന്റര്‍ടെയ്ന്‍മെന്റ് സഹനിര്‍മ്മാതാക്കളായ ഈ ചിത്രം പ്രകൃതിയെ അതിന്റെ വന്യവും വൈവിധ്യവുമായ വേഷപകര്‍ച്ചകളോടെ വലിയ ക്യാന്‍വാസില്‍ പ്രദര്‍ശിപ്പിക്കുന്നു. സൈബീരിയയിലെ മഞ്ഞുമൂടിയ ഭൂപ്രദേശങ്ങളില്‍ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ തേയിലത്തോട്ടങ്ങളില്‍ അവസാനിക്കുന്ന പ്രകൃതിയുടെ വര്‍ണ്ണഭേദങ്ങള്‍. കാസ്പിയന്‍ കടല്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ തടാകമായ ബൈക്കല്‍ തടാകത്തെ ചുറ്റി മംഗോളിയയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്‍റെ ആദ്യഭാഗം. എന്നാല്‍ മംഗോളിയയുടെ അതിര്‍ത്തിയില്‍ വച്ച് ആ പ്രദേശവും സ്റ്റാലിന്റെ കൈകളിലായി എന്ന് മനസ്സിലാക്കുന്ന യാത്രികര്‍ ഗോബി മരുഭൂമിയും ഹിമാലയം കടന്ന് ഇന്ത്യയിലേക്ക്‌ പോകാന്‍ തീരുമാനിക്കുന്നു. മരുഭൂമിയില്‍ വച്ചാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍നാശം സംഭവിക്കുന്നത്‌. തിബത്തും അതിനു ശേഷം  ഹിമാലയവും കടന്ന് ഒടുവില്‍ യാനുസും മറ്റ് രണ്ടുപേരും ഇന്ത്യയില്‍ എത്തുക തന്നെ ചെയ്യുന്നു. ഈ നീണ്ടയാത്രയുടെ ആദ്യംമുതല്‍ അവസാനംവരെ വത്യസ്ഥങ്ങളായ ഭൂപ്രദേശങ്ങള്‍, പ്രകൃതിയുടെ സവിശേഷസ്വഭാവങ്ങളോടെ ചിത്രത്തിന്‍റെ മുഖ്യ ആഖ്യാനഘടകമായി നിലനില്‍ക്കുന്നു. സിനിമയിലെ ഏറ്റവും ആകര്‍ഷകമായ ഘടകവും പ്രകൃതിവൈജാത്യങ്ങളുടെ ഈ വരഞ്ഞിടല്‍ തന്നെ.

പിന്നീട് ജെര്‍മ്മനിക്കെതിരെ സഖ്യശക്തികളോടൊപ്പം റഷ്യയും കക്ഷിചേര്‍ന്നു എന്നത് ചരിത്രമാണെങ്കിലും, കഥാകാലത്ത് സ്റ്റാലിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ടുവന്ന യൂറോപ്പ്യന്മാര്‍ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍ നല്ല സ്വീകരണം ലഭിക്കുക സ്വാഭാവികം. 1989 - ല്‍ കൊമ്മ്യൂണിസ്റ്റിതര സര്‍ക്കാര്‍ പോളണ്ടില്‍ അധികാരത്തില്‍ വന്നതിനുശേഷം, മധ്യവയസ്ക്കനായ യാനുസ് പോളണ്ടിലെ തന്റെ വീട്ടില്‍, ഭാര്യയുടെ അടുത്തെത്തുന്നത് കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഇന്നാല്‍ ഇത്തരം വൈകാരികാനുഭങ്ങളെ സംപ്രേക്ഷണം ചെയ്യുന്നതില്‍ ചിത്രം ദയനീയമായി പരാജയപ്പെട്ടു എന്നുതന്നെയാണ് പറയേണ്ടി വരുക. യാനുസിനു ഭാര്യയോടും, സ്മിത്തിന് മകനോടും, യാത്രികര്‍ക്ക് പരസ്പപരവും ഒക്കെ ഇത്തരം കഠിനദുരന്തകാലങ്ങളില്‍ വന്നുചേരാവുന്ന തീവ്രവും അതീതവുമായ മനുഷ്യാവസ്ഥകളുടെ അനന്യസ്ഫുരണങ്ങള്‍ അനുവാചകരെ അനുഭവിപ്പിക്കാന്‍ സംവിധായകനായ പീറ്റര്‍ വിയയ്ക്ക് (Peter Weir) കാര്യമായി സാധിക്കുന്നില്ല എന്നതിനാലാവും, കാഴ്ച്ചയുടെ അതിഗംഭീരമായ വിന്യാസങ്ങള്‍ ഉണ്ടായിട്ടും ഇതൊരു പിടിച്ചുലയ്ക്കുന്ന ചലച്ചിത്രം ആയിത്തീരാത്തത്.

00

അനുബന്ധം: എന്റെ കൌമാരകാലത്ത് ഡല്‍ഹി ദൂരദര്‍ശന്‍ ആഴ്ചയിലൊരിക്കല്‍, അര്‍ദ്ധരാത്രികളില്‍ ഗംഭീരമായ ലോകസിനിമകള്‍ കാണിക്കുമായിരുന്നു (ഇപ്പോഴും ഉണ്ടോ എന്നറിയില്ല - ചാനലുകളുടെ പ്രളയത്തില്‍ ദൂരദര്‍ശനില്‍ നിന്നും അകന്നുപോയത് ഞാന്‍ ആണ്). അക്കാലത്ത് ഒരു ആസ്ത്രേലിയന്‍ സിനിമ അതില്‍ കണ്ടിരുന്നു. ഒരു ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും കൌമാരപ്രായത്തിലുള്ള ഏതാനും പെണ്‍കുട്ടികള്‍ അടുത്തുള്ള മലയിലേക്ക് പിക്നിക്കിന് പോകുന്നതും അതില്‍ ചിലര്‍ അവിടെവച്ച് അപ്രത്യക്ഷമാകുന്നതുമാണ് സിനിമയുടെ പ്രമേയം. അവരെങ്ങിനെയാണ് അപ്രത്യക്ഷമായത് എന്ന് സിനിമ അനാവരണം ചെയ്യുന്നില്ല. എന്നാല്‍ ആ മലയുടെ പരിസരങ്ങളില്‍ നിന്ന് സംവിധായകന്‍ പ്രകൃതിയുടെ നിഗൂഡത അതിഗാഡമായി പ്രകാശിപ്പിച്ച ഒരു സിനിമയായിരുന്നു അത്. ആ പെണ്‍കുട്ടികള്‍ പ്രകൃതിയില്‍ ലയിച്ചുചേരുകയായിരുന്നു എന്ന് തന്നെയാവും അനുവാചകന് അനുഭവപ്പെടുക. ഏറ്റവും കുറഞ്ഞത്‌, ഞാനെങ്കിലും ആ സിനിമയെ മനസ്സിലാക്കിയത് അത്തരത്തിലാണ്. പോപ്പുലര്‍ മലയാള സിനിമകള്‍ കണ്ടുനടന്നിരുന്ന അക്കാലത്ത് എന്റെ സിനിമാവബോധത്തെ കടപുഴുകിക്കളഞ്ഞ ഒരു സിനിമയായിരുന്നു അത്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ ഓര്‍ത്തുവയ്ക്കാനായില്ലെങ്കിലും ആ അനുവാചകാനുഭവം എന്റെ ഭാവുകത്വത്തെ നിര്‍ണ്ണയിക്കുന്ന തരത്തില്‍ അബോധത്തില്‍ എക്കാലത്തും നിലനിന്നു.

'ദി വേ ബാക്ക് ' കണ്ടതിനു ശേഷം അതിന്റെ സംവിധായകനായ പീറ്റര്‍ വിയയെ കുറിച്ച് കൂടുതല്‍ അറിയാനായി ഇന്റര്‍നെറ്റ്‌ പരതുന്നനേരത്താണ്  ഞാന്‍ അന്ന് കണ്ട സിനിമ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രമായ 'പിക്നിക്ക്  അറ്റ് ഹാങ്ങിങ്ങ് റോക്ക് ' (Picnic at Hanging Rock ) ആണെന്ന് മനസ്സിലാകുന്നത്‌. കൌമാരത്തിലെ ലാവണ്യബോധം ഇന്നത്തെ അളവുകോലാക്കാന്‍ വയ്യ. എങ്കിലും അന്ന് ആ സിനിമ പ്രദാനംചെയ്ത അനുഭൂതിയില്‍ നിന്നും എത്രയോ പിന്നിലാവും ഇന്ന് ഈ സിനിമ നല്‍കുന്ന ആഹ്ലാദം. ബാല്യവും കൌമാരവുമൊക്കെ കടന്നുപോയതില്‍ വ്യസനം തോന്നുക ഇത്തരം ചില നേരങ്ങളില്‍ കൂടിയാണ്).

00

1 comment:

  1. വിവരണം വായിച്ചപ്പോള്‍ ഇതൊന്ന് കാണണംന്ന് തോന്നുന്നു

    ReplyDelete