Saturday, 10 January 2015

സിംഗപ്പൂരിൽ പോയവർ

എന്റെ നാട്ടിലെ ജയ്ഹിന്ദ്‌ വായനശാലയുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും വളരെ വിപുലമായി നടത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങളോടൊപ്പം പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനിറിൽ (2014) വന്നത്... 

സിംഗപ്പൂരിൽ നിന്നും അവധിക്കു വരുന്നവർ, പുത്തൻതോപ്പിലെ അത്രയൊന്നും വിരളമല്ലാത്ത, എന്റെ കുട്ടിക്കാല കാഴ്ചയായിരുന്നു. ഇന്നു പക്ഷേ അതൊക്കെ മാറിയിരിക്കുന്നു. ആ തലമുറ ഏതാണ്ട് മുഴുവനായും യാത്രപറഞ്ഞ് പോയിക്കഴിഞ്ഞു. സിംഗപ്പൂരിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നവരുടെ രണ്ടാം തലമുറയിൽപ്പെട്ടവർക്ക് നാടുമായി കാര്യമായ ബന്ധമൊന്നുമില്ല. മാത്രവുമല്ല അവരിൽ പലരും സിംഗപ്പൂർ വിട്ട് അമേരിക്ക, ബ്രിട്ടണ്‍, ആസ്ത്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേയ്ക്ക് സ്ഥിരതാമസം പറിച്ചുനട്ടിരിക്കുന്നു എന്നും മനസ്സിലാക്കുന്നു. സാമൂഹ്യപഠനങ്ങളിൽ ഇന്ന് ഒരുപാട് വ്യവഹരിച്ചുവരുന്ന ഇന്ത്യൻ ഡയസ്പോറയുടെ ക്ലാസിക്ക് ഉദാഹരണമായി എടുക്കാം സിംഗപ്പൂരിൽ പോയ പുത്തൻതോപ്പുകാരുടെ ഈ ചിതറിയ രണ്ടാം തലമുറയെ.

പുത്തൻതോപ്പുകാർ പുരാതനകാലം മുതൽ ഉപജീവനത്തിനായി ദേശാന്തരയാത്രകൾ നടത്തികൊണ്ടിരുന്ന ഒരു സമൂഹമാണ്. അതുപക്ഷേ, പുത്തൻതോപ്പിന്റെ മാത്രം വ്യതിരിക്തമായ സ്വഭാവവിശേഷമായി കാണേണ്ടതില്ല. ചരിത്രം ആരംഭിക്കുന്ന കാലം മുതൽ കേരളം കപ്പൽസഞ്ചാരങ്ങളുടെ കഥപറയും. കേരളത്തിന്റെ ചരിത്രം വന്നവരുടേയും പോയവരുടേയും സങ്കരവും സങ്കീർണ്ണവുമായ ജീവിതകഥകളാണ്. മക്കയ്ക്ക് പോയ ചേരമാൻ പെരുമാൾ ചരിത്രമായാലും കഥയായാലും നമ്മുടെ പൊതുബോധത്തിലുണ്ട്. ഡില്ലനോയ് എന്നൊരു ലന്തക്കാരൻ കൊളച്ചൽ തുറമുഖത്ത് യുദ്ധസന്നാഹങ്ങളുമായി വന്നിറങ്ങിയിരുന്നില്ലെങ്കിൽ ആധുനിക തിരുവിതാംകൂറോ, തദ്വാരാ ഇന്നു കാണുന്ന നിലയ്ക്കുള്ള കേരളമോ സാക്ഷാത്കരിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പിക്കാനാവില്ല. ദേശാന്തരഗമനങ്ങളുടെ ജനിതകം കേരളത്തിന്റെ രക്തത്തിലുണ്ട്. അതിന്റെ ഒരു അല്ലിയായി പുത്തൻതോപ്പിൽ നിന്നും ഭാഗ്യാന്വേഷികൾ സിലോണിലേയ്ക്കും സിംഗപ്പൂരിലേയ്ക്കും പിൽക്കാലത്ത് മദ്ധ്യപൂർവ്വദേശങ്ങളിലേയ്ക്കും ഒക്കെ സഞ്ചരിച്ചുകൊണ്ടിരുന്നു.


ഇന്ത്യയും സിംഗപ്പൂരുമായുള്ള ബന്ധം അതിപുരാതനമാണ്. പ്രീ-കൊളോണിയൽ കാലഘട്ടത്തിൽ, ഇസ്ലാമിന്റെ വരവിനും പ്രാമുഖ്യത്തിനും മുൻപ്, ഗ്രേറ്റർ ഇന്ത്യ എന്ന് പറയുന്ന ഹിന്ദു-ബുദ്ധ സംസ്കൃതിയുടെ അതിരുകൾക്കുള്ളിൽ വരുന്നതായിരുന്നു ഇന്നത്തെ സിംഗപ്പൂർ ഉൾപ്പെടുന്ന മലയാപ്രദേശം. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയും സിംഗപ്പൂരും ഒരുപോലെ ബ്രിട്ടീഷ് അധീനതയിലായിരുന്നതിനാൽ ഇത്തരം അതിരുകൾ തന്നെ അപ്രസക്തമായിരുന്നു. ഒരു കുഞ്ഞു ദ്വീപ് രാഷ്ട്രമായ സിംഗപ്പൂരിനെ വ്യതിരിക്തമായ ഒരു രാഷ്ട്രീയ ഏകകമായി ആദ്യകാലത്ത് പരിഗണിച്ചിരുന്നില്ല. മലയായുടെ ഭാഗമായാണ് അത് നിലനിന്നിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് മലയാമുനമ്പിലെ ദ്വീപ് തന്ത്രപ്രധാനമാണെന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലാകുന്നതും അങ്ങനെ ആധുനിക സിംഗപ്പൂരിന്റെ യാത്ര ആരംഭിക്കുന്നതും. മുഖ്യ മലയാ പ്രദേശത്തു നിന്നും അക്കാലത്താണ് ഇന്ത്യാക്കാരുടെ ഒരു ചെറിയ കൂട്ടം, സിംഗപ്പൂരിൽ കച്ചവടത്തിനും മറ്റു ജോലികൾക്കുമൊക്കെയായി എത്തപ്പെടുന്നത്.

എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒന്നാം ലോകമഹായുദ്ധത്തിനോടും രണ്ടാം ലോകമഹായുദ്ധത്തിനോടും മറ്റും ബന്ധപ്പെട്ടാണ് ഇന്ത്യയിൽ നിന്നും വലിയ സഞ്ചാരങ്ങൾ, പ്രത്യേകിച്ച് സൈനിക ആവശ്യങ്ങൾക്കായുള്ളവ, സംഭവിക്കുന്നത്‌. സിംഗപ്പൂരിൽ 1915 - ൽ നടന്ന  ശിപായിലഹളയിൽ (ഇന്ത്യയിലെ പ്രസിദ്ധമായ ശിപായി ലഹളയെ കുറിച്ചല്ല പരാമർശിക്കുന്നത്) പങ്കെടുത്തതും തൂക്കിലേറ്റപ്പെട്ടതും ഇന്നത്തെ ഇന്ത്യൻ പ്രദേശത്തു നിന്നുള്ള പട്ടാളക്കാരായിരുന്നു എന്നത് അവിടുത്തെ ഇന്ത്യൻ സാന്നിധ്യം വ്യക്തമായും അടിവരയിടും. ഏതാണ്ട് എണ്ണൂറ്റൻപതോളം മുസ്ലീം ശിപായിമാർ ഉൾപ്പെടുന്ന ഈ സംഭവത്തിൽ കേരളത്തിൽ നിന്നുള്ളവർ ഉണ്ടായിരുന്നില്ല എന്ന് പറയാനാവില്ല. കേരളത്തിൽ നിന്ന് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ പോയവർ വളരെയധികം ഉണ്ടായിരുന്നു എന്നതിനാൽ തന്നെ ഈ സംഭവത്തിലും ഒരുപാട് മലയാളികൾ ഉൾപ്പെട്ടിരുന്നിരിക്കണം എന്നുതന്നെ കരുതേണ്ടി വരും.

രണ്ടാം ലോകമഹായുദ്ധ കാലത്തോടടുപ്പിച്ചായിരിക്കണം പുത്തൻതോപ്പിൽ നിന്നും സിംഗപ്പൂർ ഭാഗത്തേയ്ക്ക് ആദ്യത്തെ യാത്രകൾ ഉണ്ടാവുന്നത് എന്ന് അനുമാനിക്കാം. എന്റെ അമ്മയുടെ സഹോദരനും സഹോദരീ ഭർത്താവും ബ്രിട്ടീഷ് കൂലിപ്പട്ടാളത്തിൽ ചേർന്ന് ജപ്പാനെതിരെ പൊരുതാൻ പോയതായി കേട്ടിട്ടുണ്ട്. ഇവരെ കൂടാതെ പുത്തൻതോപ്പിൽ നിന്നും മറ്റുപലരും ഇതുപോലെ പോയിട്ടുണ്ടാവും എന്ന് കരുതുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോൾ വേഗം ഓർമ്മവരുക, സമീപ തീരദേശഗ്രാമത്തിൽ നിന്നുള്ള ബോണിഫെസ് പെരേര എന്ന ഐ. എൻ. എ പോരാളിയെ ആണ്. 1942 ഫെബ്രുവരിയിൽ ബ്രിട്ടീഷ് സിംഗപ്പൂർ ജപ്പാന് മുന്നിൽ കീഴടങ്ങി. ഇന്ത്യാക്കാരുൾപ്പെടെ ബ്രിട്ടീഷ് പട്ടാളത്തിൽ ഉണ്ടായിരുന്ന പലരും തടവുകാരായി പിടിക്കപ്പെട്ടു. ഇങ്ങനെ പിടിക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കാരിൽ പലരും പിന്നീട് ജപ്പാന്റെ ഒത്താശയോടെ സ്ഥാപിതമായ ഐ. എൻ. എ യിൽ അംഗമായി എന്നാണ് പറയപ്പെടുന്നത്‌. ബോണിഫെസ് പെരേര ശ്രദ്ധയിലേയ്ക്ക് വരുന്നത്, സഖ്യശക്തികൾ ജപ്പാനെ പരാജയത്തിന്റെ മുനമ്പിലേയ്ക്ക് എത്തിക്കുമ്പോൾ, ജപ്പാൻ അന്തർവാഹിനിയിൽ വന്ന് ഗുജറാത്ത് തീരത്തേയ്ക്ക് മറ്റ് ചിലരോടൊപ്പം നീന്തികയറുന്നതോടെയാണ്. എന്റെ കൂട്ടുകാരനായ അദ്ദേഹത്തിന്റെ ഒരു കൊച്ചുമകൻ വർഷങ്ങൾക്ക് ശേഷം സാന്ദർഭികമായി ഈ ഗുജറാത്ത് തീരത്തെത്തിയതും അവിടെ സ്ഥാപിച്ചിട്ടുള്ള ഒരു സ്വാതന്ത്ര്യസമരസ്മാരകത്തിൽ തന്റെ മുത്തച്ഛന്റെ പേരുകണ്ട് അഭിമാനിതനായി നിന്നതും എന്നോട് പറഞ്ഞിട്ടുണ്ട്. പുത്തൻതോപ്പിൽ നിന്നും, അത്തരത്തിൽ, മൂർത്തമായ നിലയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കായ ഏതെങ്കിലും വ്യക്തികളുണ്ടായിരുന്നോ എന്നത് സംശയകരമാണ്.

ഉപജീവനാർത്ഥം പുത്തൻതോപ്പിൽ നിന്നും സിംഗപ്പൂരിലേയ്ക്ക് സമഗ്രമായ യാത്രകൾ ഉണ്ടാവുന്നത് രണ്ടാം ലോകമഹായുദ്ധത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ശേഷമാണ്. സാംസണ്‍ ഡിക്രൂസ്, അദ്ദേഹത്തിന്റെ ഒരു ഓർമ്മക്കുറിപ്പിൽ ഇങ്ങനെ ഓർത്തെടുക്കുന്നത് കാണാം: "1950 - കളിൽ പുത്തൻതോപ്പിലെ ചെറുപ്പക്കാരുടെ നല്ല സംഖ്യ സിംഗപ്പൂരിൽ എത്തികഴിഞ്ഞിരുന്നു." (ജയ്ഹിന്ദ് വായനശാല - അൻപതുകൊല്ലം മുൻപ്, പ്രവാസി-98, 1998 ലെ വായനശാല സുവനീർ.) ഇ. ബി. മുസോളിനി എഴുതുന്നു: "ജയ്ഹിന്ദ് വായനശാല പ്രവർത്തകരിലധികവും 1950 കഴിഞ്ഞപ്പോൾ സിംഗപ്പൂരിൽ ആയി. അവിടെ അവർ ചേർന്ന് സിംഗപ്പൂർ സമാജത്തിന് രൂപംനല്കി." (വായനശാല - ഓർമ്മകളിലൂടെ, പ്രവാസി-98, 1998 ലെ വായനശാല സുവനീർ.) ഇതിൽ നിന്നും ഒരുകാര്യം മനസ്സിലാവും; ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുത്തൻതോപ്പിൽ നിന്നും നല്ലൊരു കൂട്ടം ചെറുപ്പക്കാർ സിംഗപ്പൂരിൽ എത്തിയിരുന്നു. ആധുനിക പുത്തൻതോപ്പിന്റെ സമഗ്രമായ സാമൂഹികമാറ്റത്തിന് കാരണമായ മൂർത്തമായ ആദ്യത്തെ സംഭവമായിരുന്നു അത്. എന്നാൽ ആ കൂട്ടത്തിൽ വഴിതെളിച്ച് ഏറ്റവും ആദ്യം സിംഗപ്പൂരിലേയ്ക്ക് കപ്പൽ കയറിയ ആ ഒരാൾ ആരാണ്? ആ വ്യക്തിയെ പുത്തൻതോപ്പിന്റെ ചരിത്രം അടയാളപ്പെടുത്തേണ്ടതാണ്.

സമഗ്രമായ ആ സാമൂഹിക മാറ്റം വ്യാപകമാവുന്നത് പത്തുമുപ്പത് വർഷം കൂടിക്കഴിഞ്ഞ് ഗൾഫ് കുടിയേറ്റ കാലത്താണെങ്കിലും അതിന്റെ ബീജാവാപം നടക്കുന്നത് പുത്തൻതോപ്പിന്റെ സിംഗപ്പൂർ കാലഘട്ടത്തിലാണ്. അതിന്റെ വളരെ പ്രത്യക്ഷമായ ഉദാഹരണമായി, പുത്തൻതോപ്പിന്റെ സാംസ്കാരിക ജീവിതത്തിൽ വിസ്ഫോടകമായ മാറ്റങ്ങൾ സംഭവിപ്പിച്ച ജയ്ഹിന്ദ് വായനശാല നിൽക്കുന്നു. വായനശാല അതിന്റെ ബാലാരിഷ്ടതകളിൽ നിന്നും മുക്തമാവുന്നത് സിംഗപ്പൂർ ചിത്രത്തിലേയ്ക്ക് കടന്നുവരുന്നതോടെയാണ്. സാംസണ്‍ ഡിക്രൂസ് എഴുതുന്നു: "അവിടത്തെ [സിംഗപ്പൂർ] പുത്തൻതോപ്പ് സമാജം വായനശാലയെ ദത്തെടുക്കുകയും 1/2 ഏക്കർ സ്ഥലവും കെട്ടിടവും സ്വന്തമായുണ്ടാക്കാൻ ലൈബ്രറിയെ സഹായിക്കുകയും ചെയ്തു." അതേ സംഭവം ഇ. ബി. മുസോളിനിയും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഓർക്കുന്നുണ്ട്: "അവിടെ അവർ ചേർന്ന് സിംഗപ്പൂർ [പുത്തൻതോപ്പ്] സമാജത്തിന് രൂപം നൽകി. സിംഗപ്പൂർ സമാജത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും മാറിമാറി വന്നെങ്കിലും ട്രഷറർ അവസാനം വരേയും ശ്രീ. ബി. എം. പെരേര തന്നെയായിരുന്നു. അവർ ആദ്യമായി വായനശാലയ്ക്ക് 50 സെന്റ്‌ സ്ഥലം വാങ്ങി. അന്നത്തെ വായനശാലാ പ്രസിഡന്റ് നെപ്പോളിയൻ സാറും സെക്രട്ടറി സ്റ്റെല്ലസ് നെറ്റോയും ലൈബ്രേറിയൻ റോമൻ ഡിക്രൂസുമായിരുന്നു. സ്ഥലം വാങ്ങി അല്പംകഴിഞ്ഞ് കെട്ടിടത്തിനുള്ള ശ്രമങ്ങൾക്കും ആരംഭമായി."


ഒരു സ്ഥാപനത്തെ, പ്രത്യേകിച്ച് ഒരു പൊതുസ്ഥാപനത്തെ, സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ കാലഘട്ടം അതിന്റെ പ്രഭവകാലമാണ്. ഒരു പ്രത്യേക സ്വഭാവത്തിന്റെ പാളത്തിലേയ്ക്ക് വീണുകഴിഞ്ഞാൽ പിന്നീട് സവിശേഷ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പോലും ഏന്തിയും വലിഞ്ഞുമൊക്കെ അത് ഓടിക്കോളും. ആ നിലയ്ക്ക് നോക്കിയാൽ നമ്മൾ വലിയ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന ജയ്ഹിന്ദ് വായനശാല സാധ്യമാക്കിയത് സിംഗപ്പൂരിൽ പോയവരാണെന്ന് മനസ്സിലാക്കാം. തുടക്കകാലത്ത് അവരുടെ 'ദത്തെടുക്കൽ' ഉണ്ടായിരുന്നില്ലെങ്കിൽ ഒരുവേള വായനശാല അന്നുതന്നെ അകാലമരണത്തിലേയ്ക്ക് പോയേനേ.

ജിവിതോപാധി തേടി പരദേശത്തുപോയവരുടെ നാടിനോടുള്ള ആഗ്രഹം കൂടിയായിരുന്നു വായനശാലയുടെ അന്നത്തെ വളർച്ച. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പൊതുവായി ഉണ്ടായിവന്ന ദേശീയബോധം, ഉല്പതിഷ്ണത്വം, മതേതരത്വം തുടങ്ങിയ ഗുണങ്ങളൊക്കെ ആ തലമുറയുടെ മുഖമുദ്രയായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ വായനശാലയുടെ ജയ്ഹിന്ദ് എന്ന പേര്. സിംഗപ്പൂർ പുത്തൻതോപ്പ് സമാജം എത്രകാലം സജീവമായി തുടർന്നു എന്നറിയില്ല. എന്തായാലും കുറച്ചു വർഷങ്ങൾക്ക് ശേഷം സിംഗപ്പൂരിൽ പോയവരിൽ പലരും മടങ്ങിവരുകയും മറ്റുപലരും ജീവിതത്തിന്റെ അനിവാര്യമായ സങ്കീർണ്ണതകളിലേയ്ക്ക് കളംമാറി സകുടുംബം അവിടെ തന്നെ കഴിയുകയും ചെയ്തു. അപൂർവ്വം ചില വ്യക്തികൾ സിംഗപ്പൂരിലെ മലയാളി സമൂഹത്തിൽ തന്നെ അറിയപ്പെടുന്നവരായി മാറുകയുണ്ടായി. എഴുത്തുകാരനായ ജോർജ്ജ് നെറ്റോ അവിടുത്തെ മലയാളി സമാജം പ്രസിദ്ധീകരിച്ചിരുന്ന അനുകാലികത്തിന്റെ പത്രാധിപരായിരുന്നു. എം. ടിയെ പോലുള്ള എഴുത്തുകാർക്ക് സാഹിത്യജീവിതത്തിന്റെ തുടക്കകാലത്ത്‌, അവരെ കണ്ടെത്തി അങ്ങോട്ടുചെന്ന് വലിയ സഹായങ്ങൾ ചെയ്തിരുന്നത് അദ്ദേഹമാണെന്ന് പിൽക്കാലത്ത് പലപ്പോഴും എം. ടി എഴുതിയിട്ടുണ്ട്. ജോർജ്ജ് നെറ്റോ എഴുതിയ സ്വതന്ത്രസമരസേനാനിയായിരുന്ന സക്കീർ ഹുസൈന്റെ ജീവചരിത്രം ചെറുപ്പകാലത്ത് ഞാൻ വായിച്ചിട്ടുണ്ട്. മറ്റുചില പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട് എന്നാണ് അറിവ്. അവ സമാഹരിക്കപ്പെടേണ്ടതാണ്. എണ്‍പതുകളോടെ പുത്തൻതോപ്പിന്റെ പരദേശജീവിതം വളരെ വ്യാപകമായി ഗൾഫ് മേഖലയിലേയ്ക്ക് സാന്ദ്രീകരിക്കപ്പെടുകയും സിംഗപ്പൂർ അപ്രസക്തമാവുകയും ചെയ്തു.

അക്ഷരങ്ങൾ വ്യക്തമായി കൂട്ടിവായിക്കാൻ തുടങ്ങിയ കാലത്തുതന്നെ ഞാൻ വായനശാലയിൽ അംഗത്വം എടുത്തിരുന്നു. ഇത് എന്റെ മാത്രം കാര്യമല്ല, പുത്തൻതോപ്പിലെ ഒരുവിധമുള്ള എല്ലാവരുടെയും കഥയാണ്. ഒരു പുത്തൻതോപ്പുകാരന്റെ കലാ, കായിക, സാഹിത്യ ലോകത്തിലേയ്ക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ് ജയ്ഹിന്ദ്‌ വായനശാലയിലൂടെ ആയിരിക്കും എന്നത് നിസ്തർക്കമാണ്. ഗൃഹാതുരവും കാല്പനികവുമായ ആ വിഷയവും കാലവും ഈ കുറിപ്പിന്റെ പരിധിയിൽ വരാത്തതിനാൽ വിടുന്നു. എന്നാൽ കുട്ടിക്കാലത്ത്, വായനശാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും ഒപ്പം മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ് ഓഫീസ് മുറിയിലെ ചുമരിൽ തൂക്കിയിട്ടിരുന്ന ഫ്രെയിം ചെയ്ത കുറേ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ. തുടക്കകാലത്ത്‌, സിംഗപ്പൂരിൽ നിന്നും വായനശാലയുടെ കെട്ടിപ്പടുക്കലിന് ശ്രമപ്പെട്ട പുത്തൻതോപ്പുകാരുടെ ചിത്രങ്ങളായിരുന്നു അവ.

ഒക്താവിയോ പാസ് തന്റെ നോബേൽ പ്രഭാഷണത്തിൽ പറയുന്നുണ്ട്: പാരമ്പര്യത്തിൽ നിന്നും തുടിപ്പുള്ള ഒരു വിത്ത്‌ കണ്ടെത്തി ഇന്നിന്റെ തെറ്റാടിയിൽ കോർത്ത്‌ ഭാവിയിലേയ്ക്ക് പായിക്കുന്നതാണ് ആധുനികത എന്ന്. മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചാൽ, ഏറ്റവും ചരിത്രബോധമുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും സമകാലിനരായിരിക്കാനുള്ള പ്രധാനവഴി എന്നാണത്. ഇന്ന് വായനശാലയുടെ ചുമരിൽ ആ ചിത്രങ്ങൾ ഇല്ല എന്നാണ് അറിയുന്നത്. വ്യക്തിപരമായി, അതെടുത്തു മാറ്റിയ പ്രവൃത്തിയോട് ഞാൻ വിയോജിക്കുന്നു. അതിലുള്ളത് ചില വ്യക്തികളായിരുന്നില്ല, ഒരു കാലത്തിന്റെ പ്രതിനിധാനമായിരുന്നു. ആ ചിത്രങ്ങൾ ഇല്ലാത്ത വായനശാലയുടെ ചുമര് ചരിത്രബോധമില്ലാത്ത ചുമരാണ്. ചരിത്രബോധമില്ലാത്ത ജനത തോറ്റ ജനതയുമാണ്!

എങ്കിലും അതിനെ കൂടുതൽ കാല്പനികവൽക്കരിക്കുന്നതിൽ അതിപ്രാധാന്യം ഇല്ലതാനും. കാലം ചിതലിനെപ്പോലെയാണ്. എപ്പോഴും തുടച്ചുമിനുക്കിക്കൊണ്ടിരുന്നില്ലെങ്കിൽ എന്തിനേയും അത് അരിച്ചുകളയും. അതൊരു അനിവാര്യതയാണ്. ആ ചിത്രങ്ങളിൽ ചിരിച്ചുകൊണ്ടിരുന്നവരും, ആ ചിത്രങ്ങൾ എടുത്തുമാറ്റിയവരും, ഇതെഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും ആരും കാലത്തെ അതിജീവിക്കില്ല. ഒന്നോ രണ്ടോ തലമുറകളുടെ അകലത്തിൽ നമ്മൾ ജീവിച്ചിരുന്നു എന്നതിന്റെ ഓർമ്മകൾ പോലും ചിതലരിച്ചുപോകുമല്ലോ...!

00

2 comments:

  1. Awesome! My friend, it was so refreshing to read this article. I fully agree with your comments on the failing lackadaisical attitude to history facts and memorabilia/ photos. It's not about the people but the era and their contributions that should stand out as exemplary acts to the modern generation of Puthenthope. Well done! Lazar S'silva! Keep writing... it's always a pleasure for readers like me.

    ReplyDelete
    Replies
    1. Thanks, Graci, for your inspiring comment :)

      Delete