Monday 1 October 2018

ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ...

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്മരണികയിൽ പ്രസിദ്ധികരിച്ചത്.
൦൦

പെട്ടെന്നാണ്, അപ്രതീക്ഷിതമായി, അപ്പുറത്തെ  വളവുതിരിഞ്ഞ് ഒരു ജീപ്പ് വന്നത്. ഇരുട്ടിലും കോടയിലും അതിന്റെ ഹെഡ്‌ലാംപ് വെട്ടം മങ്ങിക്കാണപ്പെട്ടു. ഞാൻ അല്പം പകച്ചു. റോഡിന് കുറുകേ കിടക്കുകയാണ് വണ്ടിയും ഞങ്ങളും...

നീണ്ട ഒരു കരയാത്രയുടെ അവസാനപാദത്തിലായിരുന്നു ഞങ്ങൾ. ബംഗാൾ ഉൾക്കടൽ തീരത്തുള്ള പുതുച്ചേരിയിൽ  നിന്നാണ് തുടങ്ങിയത്. വൈകുന്നേരത്തിന് മുൻപ് മൂന്നാറിലെത്താം എന്ന് കരുതിയിരുന്നു. എന്നാൽ വൈകി. പ്രധാനകാരണം ബോഡിനായ്ക്കനൂരിൽ നിന്നും പൂപ്പാറയിലേയ്ക്കുള്ള മലകയറ്റമാണ്. മലകയറ്റം ആയാസകരമായതുകൊണ്ടല്ല, സുന്ദരമായതുകൊണ്ടാണ് യാത്രാസമയം നീണ്ടത്.

ബോഡിയിൽ നിന്നും പൂപ്പാറയിലേക്കുള്ള സഞ്ചാരം, യാത്രയുടെ അസുലഭതയാണ്. നിത്യേന അതുവഴി കടന്നുപോകുന്നവർക്ക് ഇത്തരം ഒരു അനുഭവം നഷ്ടപ്പെട്ടുപോയിട്ടുണ്ടാവാം. എന്നാൽ അപൂർവ്വമായി മാത്രം ആ വഴിയേ സഞ്ചരിക്കുന്ന സമതലവാസിയെ മലകയറ്റം ഭ്രമിപ്പിക്കും.

ബോഡിയിൽ നിന്നും മലകയറുമ്പോൾ...
പശ്ചിമഘട്ടത്തിന്റെ മറുഭാഗത്തെ ചെരിവാണ്. മഴനിഴൽപ്രദേശം. കേരളത്തിന്റെ ഭാഗത്തെ, പടിഞ്ഞാറൻ ചെരിവിലെ, മഴക്കാടിൻറെ വന്യതയില്ല. ശൈലാഗ്രത്തെ ഷോലവനത്തിന്റെ ഹരിതസാന്ദ്രമായ  ഭൂപ്രകൃതിയുമല്ല. കിഴക്കൻ ചെരിവ് വ്യത്യസ്തമാണ്. ചെറിയ മരങ്ങൾ. മഴപെയ്യുന്ന ഇടക്കാലത്ത് പച്ചയിൽ തിളങ്ങും. അല്ലാത്തപ്പോൾ, ഉണക്കിന്റെ മഞ്ഞയുമായി...

മഴനിഴൽക്കാടുകൾ വ്യതിരിക്തമായ പ്രകൃതിയാണ്. കേരളത്തിലുള്ള മഴനിഴൽ ദേശങ്ങൾ ഇടുക്കി ജില്ലയിൽ തന്നെയാണ്. മൂന്നാറിൽ നിന്നും ഉദുമൽപേട്ടിലേയ്ക്ക് ഇറങ്ങുമ്പോൾ. കാന്തല്ലൂരും മറയൂരും ഉൾപ്പെടുന്ന ഭൂഭാഗം.

ബോഡിയിൽ നിന്നും മലകയറുമ്പോൾ യാത്രയെ രസകരമാക്കുന്നത് താഴെ വിസ്തൃതമാകുന്ന സമതലമാണ്. മരങ്ങൾക്ക് ഉയരമില്ലാത്തതുകൊണ്ട്  അനസ്യൂതമായ  താഴ്വാരക്കാഴ്ചയിലൂടെ ഉയരം താണ്ടിക്കൊണ്ടിരിക്കാം. മലഞ്ചെരുവിൽ ചെത്തിയ റോഡ്. ഒരുവശത്ത് ഉയർന്നുപോകുന്ന മലയും മറുവശത്ത് കുത്തനെയുള്ള കൊല്ലിയും. സൂക്ഷിച്ച് വണ്ടിയോടിക്കണം. അശ്രദ്ധ അനുവദനീയമായ വഴിയല്ല. ഹൈറേഞ്ചിൽ വണ്ടിയോടിച്ച് പരിചയമില്ലാത്തവർക്ക് പ്രത്യേകിച്ചും. അതിനാൽ, പലയിടത്തും നിർത്തി കാഴ്ചകൾ കണ്ടാണ് മലകയറിക്കൊണ്ടിരുന്നത്.

താഴെ, അങ്ങകലെ, ബോഡിനായ്ക്കനൂർ പട്ടണം. മലയടിവാരത്തിൽ നിന്നും പട്ടണത്തിന്റെ അതിർത്തിവരെ നീണ്ടുപോകുന്ന പാടങ്ങൾ. ഇടയ്‌ക്കെല്ലാം തരിശുഭൂമിയും. പച്ചയും മഞ്ഞയും കലർന്ന സമതലത്തിന്റെ വിസ്തൃതിയിൽ ചെറിയ വെള്ളപ്പൊട്ടുകൾ വിതറിയതുപോലെ പട്ടണത്തിലെയും ഗ്രാമങ്ങളിലെയും വീടുകൾ. അതിനുമപ്പുറത്തേയ്ക്ക്, ആകാശത്തിന്റെ മങ്ങിയ അതിരിലേയ്ക്ക് ഭൂമി ലയിക്കുന്നു. ആ സീമയിൽ അവിടവിടെ അവ്യക്ത നിറഭേദങ്ങൾ കാണുന്നുണ്ട്. തേനി പട്ടണമായിരിക്കാം...

വണ്ടി നിർത്തി നിർത്തി കാഴ്ചകൾ കണ്ടുകണ്ട് സമയം നഷ്ടമായി. അതിനാലാണ് മലകയറിയെത്താൻ ഇത്രയും താമസിച്ചത്.

താഴ്വാരക്കാഴ്ച...
ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ ഒരു റിസോർട്ടുണ്ട്. അവിടെ ഒരു കൂട്ടുകാരനും കുടുംബവും കുറച്ചുനേരത്തേ എത്തിച്ചേർന്നിരിക്കുന്നു. ഞങ്ങൾക്കായി കാത്തിരിക്കുന്നു...

ബാല്യകാല സതീർത്ഥ്യനാണ്. ജീവിതം അലസമായ നേർരേഖയല്ലെന്ന് ആദ്യമായി പഠിക്കാനാരംഭിച്ച കാലം. കായലരികത്തെ ഒരു ബോർഡിംഗിൽ നിന്നും തുടങ്ങിയ ചങ്ങാത്തം. ഇപ്പോഴും തുടരുന്നത്. ആ സൗഹൃദവഴിയിലൂടെ നടന്നെത്തി ഇടയ്‌ക്കൊക്കെ എവിടെവച്ചെങ്കിലും കണ്ടുമുട്ടുന്നവർ. ഓർമ്മകൾ നുരയുന്ന മധുപാത്രത്തിനു മുന്നിൽ, അവയുടെ തരളതയിൽ തൊട്ടുതലോടി അവസാനിക്കുന്ന രാത്രിക്കു ശേഷം ദൈനംദിന ആവേഗങ്ങളുടെ നഗരവാരിധിയിലേയ്ക്ക് വീണ്ടും മടങ്ങിപോകുന്നവർ...

തിരക്കുകളുള്ള ആളാണ് അവൻ. അറിയപ്പെടുന്ന പരസ്യചിത്ര സംവിധായകൻ. ഈ രാത്രി, പശ്ചിമഘട്ടമലമടക്കിലെ സത്രത്തിൽ ഒന്നിച്ചാവാമെന്ന് കുറച്ചു നാളുകൾക്ക് മുൻപേ തീരുമാനിച്ചതാണ്. അതിനാൽ എത്രയുംവേഗം അവിടെ എത്തേണ്ടതുണ്ട്...

മഴനിഴൽക്കാടിന്റെ ലളിതപച്ചയിലൂടെ, വരണ്ടകാറ്റിലൂടെ, മലകയറി പൂപ്പാറയെത്തുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അന്തരീക്ഷം മറ്റൊരു ഭാവം പകർന്നിരിക്കുന്നു. മഴ ചാറുന്നുണ്ട്, ഇടയ്ക്കിടയ്ക്ക് ശക്തിയാർജ്ജിച്ചുകൊണ്ട്...

പച്ചകൊണ്ടിരുണ്ട മലമുകൾ വഴി... 
കേരളത്തിന്റെ ഭാഗത്തു നിന്നും, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ കയറിവരുമ്പോൾ, മൂന്നാർ ടൗൺ എത്തുന്നതിനും ഏതാനും കിലോമീറ്ററുകൾക്ക് മുൻപ്, ഹെഡ്‌വർക്ക്സ് ഡാമിന് മുകളിലൂടെ വലത്തേയ്ക്ക് തിരിയുന്ന റോഡാണ് ബൈസൺവാലിയിലേക്ക് പോകുന്നത്. അങ്ങനെയാണ് റിസോർട്ടുകാർ തന്നിരിക്കുന്ന യാത്രാപഥത്തിൽ കാണുന്നത്. പക്ഷെ ഞങ്ങൾ എതിർദിശയിൽ നിന്നാണല്ലോ വരുന്നത്. പൂപ്പാറ ഭാഗത്തുനിന്നും ഞങ്ങൾക്ക് എത്തേണ്ട സ്ഥലത്തേയ്ക്ക് ചില എളുപ്പവഴികൾ ഉണ്ടെന്ന് അറിയാമായിരുന്നു. ഈ ഭൂഭാഗം ഒട്ടും പരിചയമുള്ള ആളല്ല ഞാൻ. നേരം ഇരുട്ടിയിരിക്കുന്നു. മഴയും പെയ്യുന്നു. അതിനാൽ അവർ പറഞ്ഞ വഴിയിലൂടെ തന്നെ പോകാം എന്ന് തീരുമാനിച്ചു. പെരുവഴിയിലൂടെ മൂന്നാർ പട്ടണവും കടന്ന് ഹെഡ്‌വർക്ക്സ് ഡാമിലൂടെ തിരിഞ്ഞ്...

പൂപ്പാറയിൽ നിന്നും മൂന്നാർ ടൗൺ ഭാഗത്തേയ്ക്ക് തിരിഞ്ഞു. ചിന്നക്കനാൽ, ദേവികുളം തുടങ്ങി പരിചിതമായ പല പേരുകളും വഴിക്ക് കണ്ടു. വി. എസ്. അച്യുതാനന്ദൻ,  മേഖലയിലെ അനധികൃത ഭൂമികയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തുനിഞ്ഞപ്പോൾ പരിചിതമായി മാറിയ സ്ഥലനാമങ്ങൾ. ഇടയ്‌ക്കെവിടെയോ സൂര്യനെല്ലിയിലേയ്ക്ക് തിരിയാനുള്ള സൂചികയും. സൂര്യനെല്ലി! - മനോഹരമായ പേര്. മനോഹരമായ ഭൂഭാഗവും. പക്ഷെ മലയാളിയുടെ പൊതുബോധത്തിൽ, എന്നോ കഴിഞ്ഞുപോയ ഒരു വൈകൃതവ്യവഹാരത്തിന്റെ ശേഷിപ്പായി മാത്രം അവശേഷിക്കാൻ ദുര്യോഗം വന്ന സ്ഥലം. സൂര്യനെല്ലിയിൽ നിന്നാണ് കൊളുക്കുമലയിലേയ്ക്കുള്ള കഠിനവഴി ആരംഭിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. കൊളുക്കുമല തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും കേരളത്തിലൂടെയേ അവിടേയ്ക്ക് പോകാൻ പറ്റുകയുള്ളൂ. അതിർത്തിയുടെ കൗതുകങ്ങൾ...! ലോകത്തിലെ തന്നെ, ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തേയില സംസ്കരണശാല കൊളുക്കുമലയിലാണത്രെ. കേന്ദ്രമന്ത്രിയായിരുന്ന കനിമൊഴിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സവിശേഷ തേയിലത്തോട്ടവും ഫാക്ടറിയും എന്ന് പറയപ്പെടുന്നു.

തേയിലത്തോട്ടങ്ങളുടെ മൂന്നാർ
മൂന്നാറിലേക്കുള്ള വഴിയിൽ മുഴുവൻ തേയിലത്തോട്ടങ്ങളാണ്. മേഘാവൃതമായ മൂവന്തിയുടെ കാളിമയിൽ, ചാറ്റൽമഴയുടെ നനവിൽ, ഇരുണ്ട പച്ചപടർത്തി മലമടക്കുകളാകെ തേയിലത്തോട്ടങ്ങൾ പടർന്നുകിടക്കുന്നു. സമുദ്രനിരപ്പിൽ നിന്നും അയ്യായിരത്തി അഞ്ഞൂറടി മുകളിലാണ് ഇപ്പോൾ. ഒരുകാലത്ത് ഷോലക്കാടുകൾ ആയിരുന്നിരിക്കണം ഇവിടം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മലകയറിയെത്തിയ യൂറോപ്യന്മാരാണ് കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നത്. പലവിധ കൃഷികൾ പരീക്ഷിച്ചിരുന്നു. കാലാന്തരേണ മൂന്നാറിലെ മല മുഴുവൻ തേയിലത്തോട്ടങ്ങൾ കൊണ്ട് മൂടപ്പെട്ടു. യൂറോപ്യൻ വ്യവസായത്തിന്റെ ത്വരകമായി വർത്തിച്ച തീവണ്ടിയെന്ന മൂലകം മൂന്നാറിലും ഓടിയിരുന്നു അന്ന്. ആ തീവണ്ടിപ്പാളങ്ങൾ ഇന്ന് കാടെടുത്തുപോയെങ്കിലും മനുഷ്യകാമനയുടെ ഹരിതകംബളം പോലെ തേയിലത്തോട്ടങ്ങൾ തുടരുന്നു...

മൂന്നാറിന്റെ എന്നല്ല ഇടുക്കി ഹൈറേഞ്ച് മേഖലയുടെ  തന്നെ സാമൂഹ്യജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു തേയിലത്തോട്ടങ്ങളും അനുബന്ധ വ്യവസായങ്ങളും. കേരളത്തിൽ ഏറ്റവും കൂടുതൽ തമിഴ് വംശജർ ഉള്ളത് ഈ ഭാഗത്താണ്. തേയിലതോട്ടങ്ങളിലെ തൊഴിലുകൾക്കായി കിഴക്കൻചെരിവിലൂടെ പശ്ചിമഘട്ടം കയറിയെത്തിയവർ. ഇന്ന് തോട്ടങ്ങൾക്ക് നടുവിലെ വിദൂരമായ മലമടക്കുകളിൽ,  ലയങ്ങളിലെ പരിമിതസൗകര്യത്തിൽ കഴിയുന്നവർ. അവരുടെ ഒറ്റപ്പെട്ട അവകാശശബ്ദങ്ങൾ ഈയടുത്ത് 'പെമ്പിളൈ ഒരുമൈ' പോലുള്ള സമരമുഖങ്ങളിൽ നമ്മൾ കാണുകയുണ്ടായി. എന്നാൽ അത്തരം കുതിക്കലുകൾ വേഗം മെരുക്കപ്പെട്ടു...

മൂന്നാറിൽ രാജഭരണമാണ്. കണ്ണൻദേവനാണ് ഭരിക്കുന്നത്. കണ്ണൻ തേവർ ഈ ഭാഗത്തെ പഴയൊരു ആദിവാസി മൂപ്പനായിരുന്നുവത്രെ. ആ പേര് ഒന്ന് പരിഷ്കരിച്ചെടുത്ത് 'പ്രകൃതിയുടെ മിശ്രിതം, ടാറ്റായുടെ പായ്ക്കിങ്' എന്ന ഉപശീർഷകത്തിൽ ടാറ്റായുടെ ഉടമസ്ഥതയിലുള്ള കണ്ണൻദേവൻ, പ്രദേശത്തെ സമാന്തരമായ ഭരണസംവിധാനമായി വർത്തിക്കുന്നു. ജനാധിപത്യനിർവ്വാഹകർ അവരുടെ കങ്കാണിമാരായി സന്തോഷത്തോടെ കഴിയുന്നു...

മലമടക്കിലെ ലയങ്ങൾ
മഴനഞ്ഞു കിടക്കുന്ന മൂന്നാർ പട്ടണത്തിൽ വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. നീലഗിരിയുടെ ഞൊറികളിൽ കാണുന്ന ചില തമിഴ് ജനപദങ്ങൾ പോലെയാണ് മൂന്നാർ പട്ടണം. ഗൂഡല്ലൂരോ കൂന്നൂരോ പോലെ തോന്നും. പട്ടണം ജനസാന്ദ്രമാണ്. നിറംമങ്ങിയ ജാക്കറ്റും സ്വെറ്ററും ധരിച്ച തോട്ടംതൊഴിലാളികൾ ഒറ്റയ്ക്കും കൂട്ടമായും നടന്നുനീങ്ങുന്നു. വഴിയോരക്കച്ചവടക്കാരിൽ നിന്നും വിലപേശി സാമാനങ്ങൾ വാങ്ങുന്നു. വഴിയരുകിൽ വണ്ടി കാത്ത് നിൽക്കുന്നു. ടൂറിസ്റ്റുകളെ വേർതിരിച്ചറിയാം. അവർ അലസരായി നടക്കുന്നു. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ അവരെ അലോസരപ്പെടുത്തുന്നുണ്ട്...

മൂന്നാർ പട്ടണമധ്യത്തിലെ കവലയിൽ നിന്നും പ്രധാനമായും നാല് പാതകളാണ് പിരിയുന്നത്. ഒന്ന്, ഞങ്ങൾ വന്നുകയറിയ പൂപ്പാറ ഭാഗത്തേയ്ക്ക് പോകുന്നത്. നേരെ എതിർഭാഗത്തേയ്ക്ക്, നേര്യമംഗലത്തേയ്ക്ക്, കേരളത്തിന്റെ സമതലത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന മറ്റൊരു പാത. ഇനിയൊരെണ്ണം മാട്ടുപ്പെട്ടി, കുണ്ടള വഴി ടോപ്സ്റ്റേഷനിലേയ്ക്ക് കയറിപ്പോകുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ, മറ്റൊരു പാത മഴനിഴൽ ദേശമായ മറയൂർ വഴി തമിഴ് സമതലമായ ഉദുമൽപേട്ടിലേയ്ക്ക് മലയിറങ്ങുന്നു. ഈ വഴിക്കാണ് വരയാടുകളാൽ പ്രശസ്തമായ ഇരവികുളം ദേശീയോദ്യാനമുള്ളത്.

മൂന്ന് നദികളുടെ സംഗമസ്ഥാനം എന്നതിനാലത്രേ മൂന്നാർ എന്ന പേരുവന്നത്. നല്ലതണ്ണി, കുണ്ടള, മുതിരപ്പുഴ എന്നീ നദികൾ. മുതിരപ്പുഴയുടെ ഓരംപറ്റി ഞങ്ങൾ നേര്യമംഗലത്തേയ്ക്കുള്ള വഴിപിടിച്ചു. ഏതാണ്ട് നാല് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇടതുവശത്തായി ഹെഡ്‌വർക്സ് അണക്കെട്ട് കണ്ടു. അതിനു മുകളിലൂടെ മുതിരപ്പുഴയെ മുറിച്ചുകടന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ പേരിലാണ് ഈ ഡാം അറിയപ്പെടുന്നത്. അദ്ദേഹം ദിവാനായിരുന്ന കാലത്ത്, പള്ളിവാസൽ ജലവൈദ്യതിപദ്ധതിക്ക് വെള്ളം കൊണ്ടുപോകാനായാണ് ഈ ചെറിയ അണക്കെട്ട് നിർമ്മിക്കുന്നത്.

മൂന്നാർ ഹെഡ്‌വർക്സ് ഡാം
അവിടം കഴിഞ്ഞ്, ബൈസൺവാലിയിലേയ്ക്ക് പോകുന്ന പാത ഇടുങ്ങിയതാണ്. തുടക്കത്തിൽ കുറച്ചു ജനവാസമുള്ള ഇടങ്ങളും, റോഡരികിൽ കടകളും കണ്ടിരുന്നു. പിന്നീട് പരിസരം വിജനമായി. തേയിലത്തോട്ടങ്ങൾ മാറി വലിയ മരങ്ങൾ നിരക്കാൻ തുടങ്ങി. റോഡിനിരുവശവും വനപ്രകൃതിയായി. മഴ കടന്നുപോയ ഇടവേളയിലേയ്ക്ക് ശക്തമായി കോടമഞ്ഞ് ഇറങ്ങിവന്നു. സന്ധ്യയിൽ നിന്നും രാത്രിയിലേയ്ക്ക് ഒരു ചുവടുമാത്രം ബാക്കിയുള്ള സംക്രമനേരം. കാടും കോടയും ഇരുട്ടും കൂടി കാഴ്ചയെ മറച്ചു. ഹെഡ്‌ലാംപിന്റെ വെട്ടം ഏതാനും അടികൾക്കപ്പുറം നീളുന്നില്ല. ചെറുതായി പേടി തോന്നി. ഒരുഭാഗത്ത് താഴ്ചയാണ്. മരപ്പടർപ്പുകളും കോടയും കാഴ്ചയെ മറയ്ക്കുന്നതുകൊണ്ട് അവിടം വലിയ കൊല്ലിയാണോ എന്നറിയാൻ സാധിക്കുന്നില്ല. ഞാൻ സൂക്ഷിച്ച് വണ്ടിയോടിച്ചുകൊണ്ടിരുന്നു. റോഡിൽ മറ്റു വാഹനങ്ങൾ വളരെ കുറവാണ്. ഇല്ല എന്നുതന്നെ പറയാം. ആ വിജനത പരിസരത്തിന് നിഗൂഢഭാവം പകർന്നു...

ഇടയ്ക്ക് ചില റിസോർട്ടുകളുടെ സൂചനാ പലകയും, മരക്കൂട്ടങ്ങൾക്കുള്ളിലായി, മഞ്ഞിന്റെ തിരശ്ശീലയ്ക്കപ്പുറം, മുനിഞ്ഞുകത്തുന്ന അവിടത്തെ വെട്ടവും കാണാനാവുന്നുണ്ട്. പക്ഷെ അതൊന്നും ഞങ്ങൾക്ക് പോകാനുള്ള ഇടമായിരുന്നില്ല. ഒന്നുകൂടി വിളിച്ചുചോദിച്ച് സംശയനിവൃത്തിവരുത്താനും പറ്റില്ല. മൊബൈലിന്  റേഞ്ചില്ലാതായിട്ട് കുറച്ചുനേരമായി. വശങ്ങളിലേയ്ക്ക് നോക്കിനോക്കി മുന്നോട്ടുപോയി. കാടിന്റെയും കോടയുടെയും സാന്ദ്രത കൂടിക്കൂടി വരുന്നു. റോഡിന്റെ വിസ്താരം കുറഞ്ഞും. എന്നിട്ടും ഞങ്ങൾക്കെത്തേണ്ട റിസോർട്ട് കണ്ടെത്താനായില്ല. എന്തായാലും വേണ്ടതിലധികം ദൂരം സഞ്ചരിച്ചിരിക്കുന്നു എന്ന് ഭാര്യ പറഞ്ഞപ്പോൾ അത് ശരിയാവും എന്നുതോന്നി. ഇനിയും മുന്നോട്ടുപോകുന്നതിൽ കാര്യമില്ല. എവിടെയോ വഴിതെറ്റിയിരിക്കുന്നു. അല്ലെങ്കിൽ ഇരുട്ടിലും മഞ്ഞിലും സത്രത്തിലേയ്ക്കുള്ള പ്രവേശനഭാഗം വിട്ടുപോയിരിക്കുന്നു.

എന്തായാലും മടങ്ങിപ്പോകാം എന്ന് തീരുമാനിച്ചു. മൊബൈൽ റേഞ്ച് കിട്ടുന്ന എവിടെയെങ്കിലും ചെന്ന് അവരെ വിളിക്കാം. എന്നാൽ വണ്ടിയൊന്നു തിരിയ്ക്കാൻ പറ്റിയ സ്ഥലം കണ്ടെത്താനാവുന്നില്ല. ഒടുവിൽ ആ ഇടുങ്ങിയ റോഡിൽ ഇട്ടുതന്നെ തിരിക്കാം എന്ന് തീരുമാനിച്ചു. മാറ്റുവാഹനങ്ങളൊന്നും വരുന്നതേയില്ല എന്നതായിരുന്നു ആശ്വാസം. റോഡിന്റെ വശത്തെ പുൽപ്പടർപ്പുകളാകെ നനഞ്ഞുകിടക്കുകയാണ്. അതിനപ്പുറം കൊല്ലിയിലെ ഇരുട്ട്. സൂക്ഷിച്ചില്ലെങ്കിൽ അപകടമാണ്. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല ആ ഉദ്യമം. നീണ്ട ഡ്രൈവിന്റെ ക്ഷീണവുമുണ്ടായിരുന്നു...

ബൈസൺവാലിയിലേക്കുള്ള വഴി...
പെട്ടെന്നാണ്, അപ്രതീക്ഷിതമായി, അപ്പുറത്തെ വളവുതിരിഞ്ഞ് ഒരു ജീപ്പ് വന്നത്. ഇരുട്ടിലും കോടയിലും അതിന്റെ ഹെഡ്‌ലാംപ് വെട്ടം മങ്ങിക്കാണപ്പെട്ടു. ഞാൻ അല്പം പകച്ചു. റോഡിന് കുറുകേ കിടക്കുകയാണ് വണ്ടിയും ഞങ്ങളും...

അതിന്റെ ഡ്രൈവർ ലൈറ്റ് മിന്നിച്ചും ഹോണടിച്ചും എന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു. എങ്ങനെയൊക്കെയോ ഞാൻ വണ്ടിതിരിച്ചു. ഇടയ്ക്കു കിട്ടിയ വിടവിലൂടെ ആ ജീപ്പ് അതിവേഗം കടന്നുപോയി. ഈ വഴിയിലെ നിത്യാഭ്യാസിയായ ഡ്രൈവറാവും. കടന്നുപോകവേ ഒരു കൈ വെളിയിലേയ്ക്കിട്ട് എന്നെ എന്തോ പറഞ്ഞ് ശകാരിക്കാനും അയാൾ മറന്നില്ല. ജീപ്പിനു പിറകിൽ ഞെരുങ്ങിയിരിക്കുന്ന തോട്ടംതൊഴിലാളികളെ അരണ്ടവെട്ടത്തിൽ കണ്ടു. ആ ഡ്രൈവറെ കുറ്റംപറയാൻ പറ്റില്ല. വേഗം വീട്ടിലെത്താനുള്ള തത്രപ്പാടിലായിരിക്കും അതിലെ ഓരോ ആളും. അവരുടെ സമയത്തിന് വിലയുണ്ട്. വിനോദസഞ്ചാരികളായി എത്തിയിരിക്കുന്ന ഞങ്ങളുടെ ആർഭാടം സമയത്തിന്റെ കാര്യത്തിൽ അവർക്കുണ്ടാവില്ല. വർഷത്തിൽ രണ്ടോ മൂന്നോ ദിവസം യാത്രികനും ബാക്കിയുള്ള ദിവസങ്ങളിൽ നിത്യവൃത്തിക്കാരനുമായി ജീവിക്കുന്ന എനിക്ക് ആ തത്രപ്പാട് മനസ്സിലാക്കാനാവും.

എന്തായാലും, അല്പം വൈകിയിട്ടാണെങ്കിലും, ഒരു വഴികാട്ടിയുടെ സഹായത്തോടെ ഞങ്ങൾ റിസോർട്ടിൽ എത്തിച്ചേർന്നു. പ്രധാനപാതയിൽ നിന്നും, ഏലക്കാടിനിടയിലൂടെ തീർത്ത ചെറിയൊരു വഴിയിലൂടെ, കുറച്ചുള്ളിലേയ്ക്ക് കയറിവേണം അവിടേയ്‌ക്കെത്താൻ. കാടും മഞ്ഞും ഇരുട്ടും തീർത്ത മറവിൽ ആ സ്ഥലം ഞങ്ങൾക്ക് കണ്ടുപിടിക്കാനാവാതെ പോയതിൽ അത്ഭുതമില്ല. ഏലക്കാടുകൾ റിസോർട്ടുകളായതിൽ നിയമഭംഗത്തിന്റെ ഒരു വശമുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയിലെ റിസോർട്ടുകൾ അനാവശ്യശ്രദ്ധയിൽ നിന്നും മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നു...

വഴി - മറ്റൊരു കാഴ്ച...
ഞങ്ങൾ, രണ്ട് കുടുംബമല്ലാതെ മറ്റാരും അന്നവിടെ അതിഥികളായി ഉണ്ടായിരുന്നില്ല. സൗഹൃദോപചാരത്തിന്റെ ആരവങ്ങൾക്കും നീണ്ട വെടിവട്ടത്തിനും ശേഷം, രാത്രിവൈകിയ യാമത്തിൽ ബാക്കിയെല്ലാവരും ഉറക്കറകളിലേയ്ക്ക് പോയി. നേർത്തവെട്ടം മാത്രമുള്ള പൂമുഖത്ത് അവനും ഞാനും ഞങ്ങളുടെ മധുപാത്രങ്ങളും മാത്രം ബാക്കിയായി. പുതച്ചിരുന്ന കരിമ്പടത്തെയും വകഞ്ഞ്, രൂക്ഷമായ തണുപ്പ് ശരീരത്തിൽ തൊട്ടുകൊണ്ടിരുന്നു. തണുപ്പിനും വകഭേദങ്ങളുണ്ട്. എത്രയോ സംവത്സരങ്ങളായി ഞങ്ങൾ സ്ഥിരമായി  വസിക്കുന്ന മരുഭൂദേശത്തും തണുപ്പുകാലമുണ്ട്. ശക്തമായ ശീതകാലം തന്നെ. എന്നാൽ സഹ്യന്റെ രാത്രിയിൽ തണുപ്പിന് മറ്റൊരു രുചിയാണ്. വനഗന്ധവും കോടമഞ്ഞും വിമൂകരാത്രിയും കൂടി വാറ്റിയെടുത്ത സാന്ദ്രശീതത്തിന്റെ മധു...

"ബിനു പാർവ്വതി ഇപ്പോൾ എവിടെയാവും...?"

അവനാണോ ഞാനാണോ അത് ചോദിച്ചത്...

ഞങ്ങൾ പരസ്പരം നോക്കിയിരിക്കുകയായിരുന്നില്ല. ഞങ്ങൾ രാത്രിയിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു. റിസോർട്ടിന്റെ മുറ്റത്തെ ചെറിയ മൈതാനത്ത് ഞങ്ങളുടെ കാറുകൾ മഞ്ഞിൽ കുളിച്ചു കിടക്കുന്നത് അവ്യക്തമായി കാണാം. അതിനപ്പുറം കാട്. പൂമുഖത്തു നിന്നും അവിടേയ്ക്ക് അരിച്ചുപോകുന്ന വെട്ടത്തിന്റെ ദുർബല വീചികൾ വൃക്ഷശിഖരങ്ങളുടെ നിബിഡതയിൽ അലിഞ്ഞുതീരുന്നു.

ഞങ്ങൾ രണ്ടു പേരും കാടിലേയ്ക്ക്, രാത്രിയിലേയ്ക്ക് നോക്കിയിരുന്നു...

റിസോർട്ടിന്റെ മുറ്റം
ബിനു പാർവ്വതി ഇപ്പോൾ എവിടെയാവും?

അറിയില്ല!

ഇരുഭാഗത്തേയ്ക്കുമായി പിന്നിയിട്ട ചുരുണ്ട മുടി. മഷിയെഴുതിയ വിടർന്ന കണ്ണുകൾ. പ്രസരിപ്പ്. ഇത്രയുമാണ് ബിനു പാർവ്വതിയെ കുറിച്ച് ഇപ്പോൾ ഓർമ്മയിൽ ബാക്കിയാവുന്നത്.

ബോർഡിംഗിൽ അവന്റെ കാര്യവാഹിത്വത്തിൽ ഇടയ്ക്ക് നാടകം  അരങ്ങേറാറുണ്ടായിരുന്നു. അവയിൽ സ്ഥിരമായി നായികാവേഷം ചെയ്തിരുന്നത് ബിനു പാർവ്വതിയാണ്. എല്ലാം വടക്കൻപാട്ട് നാടകങ്ങളായിരുന്നു. അവധിക്ക് വീട്ടിൽ പോകുമ്പോൾ കൊട്ടകയിൽ പോയി കണ്ടിരുന്ന പ്രേംനസീർ സിനിമകളുടെ ബാല്യാനുകരണം. വിജയശ്രീയും ഷീലയും ജയഭാരതിയും എല്ലാം അവളായിരുന്നു. എല്ലാ വേഷവും അവൾ തന്മയത്വത്തോടെ ചെയ്തു. ഞങ്ങൾക്ക്, നാടകത്തിനു പുറത്ത്, ഞങ്ങളുടേതായ ഗൂഢമോഹങ്ങൾ ഉണ്ടായിരുന്നു. അവളുടെ കാര്യം അറിയില്ല...

പിൽകാലത്ത് അവൻ ചെയ്ത പല പരസ്യചിത്രങ്ങളിലും വിടർന്ന കണ്ണുകളും അനന്യ ചികുരഭാരവുമുള്ള ഒരു പെൺകുട്ടിയോ സ്ത്രീയോ ഉണ്ടാവാറുണ്ട്. കടലുകൾക്കും ദേശങ്ങൾക്കും ഇപ്പുറമിരുന്ന് ടെലിവിഷനിൽ ആ ചിത്രങ്ങൾ കാണുമ്പോൾ എനിക്ക് ബിനു പാർവ്വതിയെ ഓർമ്മിക്കാതിരിക്കാനാവില്ല...

ഏഴാം ക്ലാസ് കഴിഞ്ഞതോടെ ആ ബോർഡിംഗ് വിട്ട്, ഞങ്ങളെല്ലാവരും, പല ഹൈസ്‌കൂളുകളിലേയ്ക്ക് പിരിഞ്ഞു പോയി. ബിനു പാർവ്വതിയെ പിന്നീട് കാണുകയുണ്ടായിട്ടില്ല...

ഓർമ്മയുടെ ഒന്നോ രണ്ടോ തൂവലുകൾ മാത്രമവശേഷിപ്പിച്ച് ഇത്തരത്തിൽ കടന്നുപോയവരെത്ര...?!

ബൈസൺവാലിയിലേയ്ക്കുള്ള വഴിയിലെവിടെയോ കോടമഞ്ഞ്  പതയുന്ന രാത്രിയിൽ, അവനും ഞാനും, കാല്പനിക വിഷാദാർദ്രതയുടെ പുതപ്പുമൂടി കാടുനോക്കിയിരുന്നു. ഈ ദിവസം, ഈ രാത്രി, വിചിത്രമായ ഭ്രമകല്പനകളോടെ ഓർമ്മയുടെ തരളഞൊറികളിൽ  എന്നേയ്ക്കും ബാക്കിയാവുമെന്ന് അപ്പോൾ ഞാൻ ഓർത്തതുമാണ്...

- അവസാനിച്ചു - 

No comments:

Post a Comment