Saturday, 19 May 2012

നീ നിന്റെ പൂക്കിലകിളികളെ എന്തുചെയ്തു?

നമ്മുടെ നാട്ടുകവലകളിലും മറ്റും കണ്ടിരുന്ന അങ്ങാടികുരുവികൾ എന്ന് പേരുള്ള ചെറിയ കിളികളെ ഇപ്പോൾ കാണാനില്ല എന്ന് ഈയടുത്ത് എവിടെയോ വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്നത് ഞങ്ങളുടെ നാട്ടിലെ പൂക്കിലകിളികളെയാണ്. പൂക്കിലകിളികളെ കണ്ടിട്ടിപ്പോൾ ഒരുപാട് കാലമാകുന്നു. (പൂക്കിലകിളി എന്നു തന്നെയാണോ അവയെ വിളിച്ചിരുന്നത്? അതോ പൂക്കുലകിളിയോ? അതോ പൂക്കലകിളിയോ? അവയുമായി കളിച്ചുനടന്നിരുന്ന കാലത്ത് പിന്നീടൊരിക്കൽ അവയെക്കുറിച്ച് എഴുതാൻ അക്ഷരങ്ങൾ വഴങ്ങും എന്ന വിദൂരസൂചന പോലും ഇല്ലാതിരുന്നതിനാൽ ശരിയുച്ചാരണം എന്തെന്ന് ആലോചിച്ച് വ്യസനിച്ചിരുന്നില്ല.)

പൂക്കിലകിളികൾ വരാറുള്ള ഇടങ്ങളിൽ നിന്നും ഞാൻ നാടുവിട്ട് പോയിട്ട് ഇപ്പോൾ പതിറ്റാണ്ടുകൾ കഴിയുന്നുവല്ലോ. ചില ദേശങ്ങളിൽ, ചില ആവാസവ്യവസ്ഥകളിൽ മാത്രമല്ലേ ചില കിളികൾക്ക് ജീവിക്കാനാവൂ. അതുകൊണ്ടാവും പൂക്കിലകിളികൾ എന്നോടൊപ്പം ഈ ചൂട് ദേശത്തേയ്ക്ക് വരാതിരുന്നത്. എന്നാൽ ഇവിടെയും കുരുവികളുണ്ട്. വേനൽക്കാലത്ത് അവ ഉയരത്തിലുള്ള ഫ്ളാറ്റിന്റെ ജനൽക്കൊമ്പിൽ വന്നിരിക്കും ('ജനൽക്കൊമ്പ്' എന്ന പ്രയോഗം ഒരു കൂട്ടുകാരന്റേത് - മരങ്ങളില്ലാത്ത ദേശത്തെ പ്രക്ഷേപണം ചെയ്യുന്ന ഉലയ്ക്കുന്ന ബിംബം).

ഇവിടെ മരങ്ങൾ തീരെയില്ല എന്നല്ല. വളമിട്ട്, നിരന്തരം വെള്ളംനനച്ച് വളർത്തുന്ന മരങ്ങൾ ഇവിടെയുമുണ്ട്. നിരത്തുകളുടെ ഇരുവശത്തും പൊടിക്കാറ്റ് മൂടി അവ തഴച്ചുനരയ്ക്കും. വല്ലപ്പോഴും പെയ്യുന്ന മഴയിൽ മാത്രം പച്ച പൊതിയും. ഗസ്സാലി എക്സ്പ്രസ്-വേ കടന്നുപോകുന്ന ആ വലിയ ഓവർബ്രിഡ്ജിന് കീഴിലുള്ള ട്രാഫിക്ക്സിഗ്നലിൽ കാടുപിടിച്ച് വളർന്നുകയറിയ ഒരു മരക്കൂട്ടമുണ്ട്. സിഗ്നൽ പച്ചയാവുന്നതും കാത്തുകിടക്കുമ്പോൾ നാടും കാടും എവിടെന്നോ ഇറങ്ങിവരും. വലിയ പാലത്തിന്റെ കീഴിലുള്ള ആ കാവിൽ, തിളയ്ക്കുന്ന ചൂടിലും കുത്തുന്ന തണുപ്പിലും ഈ രാജ്യത്തെ കുരുവികൾ മുഴുവൻ വന്നിരുന്ന് കൊക്കുതുറന്ന് നിർത്താതെ ചിലയ്ക്കും. കിളികളില്ലാത്ത ലോകം അസാധ്യമാണെന്ന് അപ്പോൾ അറിയും.

പറങ്കികാടുകളിലാണ് പൂക്കിലകിളികളെ ആദ്യമായി കാണുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശൈശവത്തിൽ, ഓർമ്മയെത്തുന്ന കാലത്ത് പൂക്കിലകിളികളും പറങ്കിമരങ്ങളും ഒന്നിച്ചാണ് ബോധത്തിൽ നിൽക്കുക. അവയ്ക്ക് വേറിട്ടൊരു അസ്തിത്വം ഇല്ല. വീടിനു ചുറ്റും ഏക്കറുകളോളം പറങ്കിമരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിലും കശുമാവുകൾ തീരെ കുറഞ്ഞിരിക്കുന്നു. ഒക്കെ തെങ്ങിൻതോപ്പുകളാണ്. തെങ്ങുവയ്ക്കാൻ വേണ്ടിയാണ് പറങ്കിമരങ്ങൾ മുറിച്ചുമാറ്റിയത്. പറങ്കിയുടെ വേരുകൾ കൊമ്പുകളെക്കാൾ വിരുതരും ഊർജ്ജസ്വലരും. വെള്ളംതേടി അവ പോകുന്നത് നീണ്ട ദൂരങ്ങൾ. കിണറ്റിൻ കരയിൽ തുണിയലക്കുന്നിടത്ത് പ്രത്യക്ഷപ്പെടുന്ന നാരുപോലുള്ള വേരിനെ മണ്ണുമാന്തി പിന്തുടർന്നാൽ സങ്കീർണ്ണമായ അതിജീവനത്വരയുടെ വിചിത്രമായ ലോകം ഭൂമിയുടെ അടിയിൽ തുറന്നുവരും. അഴിമുഖത്തു നിന്നും പ്രഭവത്തിലേയ്ക്ക് ഒരു നദിയുടെ തീരത്തുകൂടി നടക്കുന്നതുപോലെയാണത്. എവിടേയ്ക്കും ഇഴഞ്ഞുചെന്ന് ജലം ഊറ്റിയെടുക്കുന്ന പറങ്കിമാവുകൾ, യാത്ര പോകാനറിയാത്ത വേരുകളുമായി നിൽക്കുന്ന തെങ്ങുകൾക്ക് ഭീഷണിയായപ്പോൾ ആണ് ആളുകൾ അവയെ മുറിച്ചുമാറ്റാൻ തുടങ്ങിയത്.

വീടിനടുത്തുള്ള പറങ്കിമരങ്ങൾ കളിപ്പാട്ടങ്ങളാണ് - വലിയ കളിപ്പാട്ടങ്ങൾ. അവയുടെ ചാഞ്ഞ കൊമ്പുകളിൽ കയറിയിരുന്ന് ബസ്സ് ഓടിച്ച് കുട്ടികൾ യാത്രപോകും. ഡ്രൈവറും കണ്ടക്ടരും യാത്രക്കാരുമുണ്ടാവും. എല്ലാവരും കൂടി എത്ര ആഞ്ഞുകുലുങ്ങിയാലും ശിഖരമൊടിയില്ല, മണലിൽ വന്നു തൊട്ടാൽ പോലും. കുട്ടികൾ ഓടികളിക്കുന്ന മരച്ചുവടുകളിൽ കരിയിലകളുണ്ടാവില്ല. അവരുടെ ഓട്ടത്തിലും ചാട്ടത്തിലും കരിയിലകൾ എവിടെയ്ക്കൊക്കെയോ പറന്നുപോയിട്ടുണ്ടാവും. പറങ്കിചുവട്ടിലെ മണൽ മദ്ധ്യാഹ്നങ്ങളുടെ നിഴലിലെന്നെങ്കിലും ഒറ്റയ്ക്കായപ്പോഴാവണം പ്രകൃതി ആദ്യമായി കവിതയായത്. ആദ്യത്തെ അനുഭവം പ്രകൃതിയാണ്. ആദ്യത്തെ പ്രതിഭാസ്ഫുരണവും പ്രകൃതിയാണ്.

കുട്ടികൾ കളിക്കുന്ന മരത്തിൽ നീറുകൾ വരില്ല. പരന്ന ഹരിതപത്രങ്ങൾ ചേർത്തു തുന്നി കൂടുകൾ ഉണ്ടാക്കാനോ സ്വൈര്യവിഹാരം നടത്താനോ കുട്ടികൾ ചവിട്ടിമെതിക്കുന്ന ആ മരക്കൊമ്പുകളിൽ നീറുകൾക്ക് സാധിക്കില്ല. ഒരു പക്ഷെ നീറുകളില്ലാത്തതു കൊണ്ടാവുമോ എന്നറിയില്ല, കുട്ടികളെ കാര്യമാക്കാതെ പൂക്കിലകിളികൾ ഇതേ മരത്തിൽ കൂടുവയ്ക്കും, മുട്ടയിടും, കുഞ്ഞുവിരിയിക്കും, കിളിക്കുഞ്ഞുങ്ങൾക്ക് ആഹാരവുമായി പറന്നുവരും. നാരുകൾ കോർത്ത്‌ പൂക്കിലകിളികൾ ഉണ്ടാക്കുന്ന കൂടുകൾ ഒരു വാസ്തുവിസ്മയമാണ്. അത്രയും ഭംഗിയും ഊഷ്മളതയും അനുഭവിപ്പിക്കാൻ മനുഷ്യരുണ്ടാക്കുന്ന വീടുകൾക്ക് ആവില്ല. ഒരു കിളിക്കുഞ്ഞായി അതിന്റെ സുരക്ഷിതമായ ചൂടിൽ കയറിയിരിക്കാൻ കൊതിതോന്നിപ്പിക്കുന്ന രൂപഭംഗി. ചിലപ്പോൾ കുട്ടികളുടെ ബഹളത്തിൽ അവരറിയാതെ കിളിക്കൂട് താഴെ വീണു ചിതറും. മുട്ടകൾ പൊട്ടിപോകും. തള്ളക്കിളി കരഞ്ഞുകൊണ്ട് കുറച്ചുനേരം അതിനു ചുറ്റും പറന്നുനടക്കും. പിന്നെ മരച്ചില്ലകളിലോ ആകാശത്തിലോ അപ്രത്യക്ഷമാവും. കിളികൾക്ക് വലിയ തലച്ചോറുകളില്ലെന്ന് ശാസ്ത്രം പറയുന്നു. പക്ഷെ വൈകാരികമായ ചോദനകളുണ്ടെന്ന് കുട്ടികൾക്ക് അറിയാം. അല്ലെങ്കിൽ എന്തിന് ആ തള്ളക്കിളി അതുവരെ കേൾക്കാത്ത ശബ്ദത്തിൽ ഉറക്കെ ചിലച്ചുകൊണ്ട് പറക്കണം? അതിന്റെ മഞ്ഞ കണ്‍പീലികൾക്കുള്ളിലെ സ്ഫടികനീലിമ എന്തിന് കുട്ടികളുടെ സ്വപ്നങ്ങളിൽ വന്ന് ആ രാത്രി പേടിപ്പിക്കണം?

വീടിന്റെ അടുത്തുള്ള മരങ്ങളെപ്പോലെയല്ല പരിസരവൃത്തത്തിന് പുറത്തുള്ളവ. അവയുടെ കൊമ്പുകൾ മുകളിൽ നിന്നും താഴേയ്ക്ക് വളർന്ന് ഒരു വലിയ പച്ചക്കൂടാരം പോലെ ഉൾഭാഗത്തെ ഇരുണ്ടതാക്കുന്നു. ചേർന്നുനിൽക്കുന്ന പത്തു പറങ്കിമരങ്ങൾ നിഗൂഡതയുടെ വനഗർഭമാണ്. അങ്ങനെ നീണ്ടുനീണ്ട് പോകുന്ന പറങ്കിക്കാടുകൾ. നടക്കുമ്പോൾ കരിയിലകളുടെ മർമ്മരം പ്രേതസഞ്ചാരങ്ങളെ ഓർമ്മിപ്പിയ്ക്കും. പൂക്കിലകിളികളോ അണ്ണാരക്കണ്ണന്മാരോ അവിടെ ആർത്തു ചിലയ്ക്കില്ല. ചിലയ്ക്കുമ്പോൾ ആ ശബ്ദം ക്രമാതീതമായി പ്രതിധ്വനിക്കും. പെട്ടെന്ന് പൊന്തയിൽ നിന്നും കരിയിലകൾ പറപ്പിച്ച് ഒരു നരിയോ പെരുച്ചാഴിയോ പായും. ഒരുനിമിഷം ശ്വാസം നിലച്ചുപോകും. ഒരിക്കൽ പള്ളിപ്പെരുന്നാൾ കഴിഞ്ഞു ഇരുട്ടിയ നേരത്ത് രണ്ടു കുട്ടികൾ അതുവഴി വരുമ്പോൾ മരക്കൂട്ടത്തിനുള്ളിൽ ചിലങ്കകിലുക്കി മിന്നായം പോലെ നടന്നുമറഞ്ഞ ഒരു യക്ഷിയെ കണ്ടിരുന്നു. പിറ്റേന്ന് സ്കൂളിൽ വച്ച് ആ സംഭവം വിവരിക്കുമ്പോഴും പേടികൊണ്ടു അവർ കിതയ്ക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം അതിലൊരു കുട്ടിയെ ബഹറൈൻ വിമാനത്താവളത്തിന്റെ ട്രാൻസിറ്റ്ലോഞ്ചിൽ വച്ച് കണ്ടിരുന്നു. അവൻ ആ സംഭവം മറന്നേ പോയിരിക്കുന്നു.

പറങ്കിമരം ഒരു തദ്ദേശീയ വൃക്ഷമല്ല, പോർട്ടുഗീസുകാർ അവരുടെ തെക്കനമേരിക്കൻ കോളനികളിൽ നിന്നും കൊണ്ടുവന്നതാണ്. തെക്കനമേരിക്കയുടെ വടക്കൻ പ്രദേശങ്ങൾ അനുഭവിക്കുന്ന ഏതാണ്ടതേ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ അതങ്ങ് പച്ചപിടിക്കുകയും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി ഉത്പാദന രാജ്യങ്ങളിലൊന്നായി മാറുകയും ചെയ്തു. പറങ്കികൾ കൊണ്ടുവന്നതുകൊണ്ട് നമ്മളിതിനെ പറങ്കിമരം എന്ന് വിളിക്കുന്നു. എന്നാൽ കശുമാവ് എന്നത് കുറച്ചുകൂടി ചേരും, പോർച്ചുഗീസ് ഭാഷയിലെ മൂലനാമമായ 'കാജു'വിനോട് സാമ്യമുള്ളതുകൊണ്ട്. കാജു എന്നതിൽ നിന്നാണ് 'കാഷ്യു' എന്ന ആംഗലേയ പേരും ഉണ്ടായിവന്നത്.

പറങ്കിമരത്തിന്റെ തണ്ടിൽ ചുമപ്പും പച്ചയും കലർന്ന ഇലകളുള്ള ഇത്തിൾ വളരും. അതിന്റെ നീണ്ട പൂക്കളിൽ നിന്നുള്ള തേൻ പൂക്കിലകിളികൾക്ക് പഥ്യമാണ്. അന്തരീക്ഷത്തിൽ ചിറകുകൾ വിടർത്തി നിന്നാണ് കിളികൾ പൂക്കളെ ഉമ്മവയ്ക്കുക. മനുഷ്യന്റെ കാഴ്ചശക്തിയെ തോല്പിച്ച് അതിവേഗം ചാലിക്കുന്നതു കൊണ്ടാണ് ചിറകുകൾ വിടർന്നിരിക്കുന്നതായി തോന്നുക. പാരസ്പര്യത്തിന്റെ ജൈവലോകമാണ് ഓരോ മരവും. പറങ്കിക്ക് മിനുസമായ പുറമാണ്. ഒന്ന് വരഞ്ഞാൽ അതിലൂടെ കട്ടിയുള്ള ജലം പുറത്തേയ്ക്കു വരും. അങ്ങനെ മരത്തെ വേദനിപ്പിക്കരുതെന്നു ചില കുട്ടികൾ പറയും - അവ കരയുകയാണത്രേ. അൽപനേരം കഴിഞ്ഞാൽ ആ ദ്രാവകം കട്ടിയാവും, വായിലിട്ടു ചവച്ചാൽ ച്യൂംഗം പോലെ. അക്കാലത്ത് നാട്ടിൻ പുറത്തെ കടകളിൽ ച്യുംഗം കിട്ടിതുടങ്ങിയിരുന്നില്ല. പഴുത്ത ഇത്തിൾ കായ്കളും കുട്ടികൾ തൊലികളഞ്ഞ് വായിലിട്ട് നുണയും. കുരുവിന് ചുറ്റുമുള്ള പശദ്രാവകം മധുരതരമാണ്. നാലഞ്ചു കുരു നുണഞ്ഞു കഴിയുമ്പോഴേയ്ക്കും നാക്ക് മുഴുവൻ പശകൊണ്ട് ഒട്ടും. ഏതു പഴത്തിന്റെ രുചിയും ഓർമ്മപ്പെടുത്തികൊണ്ട് കടകളിലിന്ന് കുപ്പിയിൽ നിറച്ച പാനീയങ്ങൾ കിട്ടും. പക്ഷെ ഇത്തിൾകായുടെ രുചി...?

വേനലക്കാല അവധി തുടങ്ങുന്നതിനു മുൻപുതന്നെ പറങ്കിമരങ്ങൾ പൂത്തുതുടങ്ങും. ഒറ്റപ്പെട്ട പൂക്കളല്ല - പൂക്കുലകളാണ്, ഇളം റോസ് നിറത്തിൽ. അതിനിടയ്ക്ക് നല്ലൊരു വേനൽമഴ പെയ്താൽ പൂക്കളെല്ലാം കൊഴിഞ്ഞുപോകും. അക്കൊല്ലത്തെ വിളവും കുറയും. പൂക്കളിൽ നിന്നും ആദ്യം പച്ചണ്ടികൾ ഉണ്ടായി വരും, പച്ച നിറത്തിൽ തന്നെയുള്ള കുഞ്ഞു പറങ്കിമാങ്ങയുടെ തുമ്പത്ത്. പഴുത്ത പറങ്കിപഴങ്ങൾ നിറത്തിന്റെയും രൂപത്തിന്റെയും വൈവിധ്യമാണ്. ഇളം മഞ്ഞയിൽ തുടങ്ങി കടും ചുമപ്പു വരെ. ചെറിയ ആപ്പിൾ പോലെ തോന്നിക്കുന്നവയും നീളത്തിൽ വാളൻപുളി പോലുള്ളവയും ഒക്കെയുണ്ടാവും. ഏതു മരത്തിൽ ഏതു തരം പഴമാണെന്നും അതിന്റെ രുചിയെന്താണെന്നും കുട്ടികൾക്കറിയാം. പറങ്കിമാങ്ങയുടെ ചാറ് ഉടുപ്പുകളിൽ വീണാൽ ആ കറ ഒരിക്കലും പോകില്ല. ചാറ് ഇറ്റിക്കാതെ കഴിക്കാനും പറ്റില്ല. അതിന്റെ പേരിൽ കുട്ടികൾക്ക് അമ്മമാരുടെ കയ്യിൽ നിന്നും നല്ല അടികിട്ടും. അടി കിട്ടാതിരിക്കാൻ കുട്ടികളെല്ലാം മുന്നോട്ടാഞ്ഞു നിന്നാണ് പറങ്കിമാങ്ങ കഴിക്കുക. വിളയാത്ത പറങ്ങാണ്ടി (പച്ചണ്ടി) കത്തികൊണ്ട് രണ്ടായി മുറിച്ച് പാകമാവാത്ത അണ്ടിപ്പരിപ്പ് കഴിക്കാം. പച്ചണ്ടിയുടെ ചാറ് തൊലി പൊള്ളിക്കും, സൂക്ഷിച്ചില്ലെങ്കിൽ. പച്ചണ്ടി പറിക്കാൻ അമ്മമാർ സമ്മതിക്കില്ല - കച്ചവടക്കാർ നല്ല പാകമായ കശുവണ്ടി മാത്രമേ വാങ്ങാറുള്ളൂ. പാകമായി കഴിഞ്ഞാലും പിന്നെ കുറേ ദിവസം വെയിലിൽ ഉണക്കണം നല്ല വില കിട്ടാൻ. കശുവണ്ടി ചുട്ട്, കല്ലിൽ വച്ച്  തല്ലിപ്പൊളിച്ചെടുക്കുന്ന പരിപ്പിന് പ്രത്യേക രുചിയാണ്. ചുടുന്ന നേരത്ത് പുറന്തോടിന്റെ നെയ്യ് ചെറിയ മുക്കുപടക്കങ്ങൾ പോലെ പൊട്ടിതെറിച്ചുകൊണ്ടിരിക്കും. ഇപ്പോൾ കടകളിൽ സുലഭം വാങ്ങാൻ കിട്ടുന്ന പ്രോസെസ്സ് ചെയ്ത അണ്ടിപ്പരിപ്പിന്റെ രുചിയുമായി അതിന് അശേഷം സാമ്യമില്ലെന്നത് ആശ്ചര്യം തന്നെ.

പറങ്ങാണ്ടി പറിക്കാനുള്ള കാലമായാൽ തോട്ടയുമായി അമ്മമാരും കുട്ടികളും ആഴ്ചയിലൊരിക്കലെങ്കിലും അണ്ടിപറിക്കാൻ ഇറങ്ങും. വേനലവധിയായതുകൊണ്ട്‌ ചുറ്റുവട്ടത്തുള്ള കുട്ടികൾ ഒക്കെ കാണും, ഒരുത്സവം പോലെ. വീട്ടിൽ വളർത്തുന്ന പട്ടിയും കോഴിയും ഒക്കെ കൂടെവരും. പട്ടിയുള്ളതു കൊണ്ടാവും പൂച്ചക്കൾ ഒരിക്കലും ഒപ്പം കൂടാറില്ല. മാത്രവുമല്ല വളർത്തു  ജീവികളിൽ കുറച്ചു സങ്കീർണ്ണമായ സ്വഭാവമാണ് പൂച്ചയ്ക്ക്. മരത്തിനു മുകളിലൂടെ ചിലച്ചുകൊണ്ട് അണ്ണാരകണ്ണന്മാരും പൂക്കിലകിളികളും പിന്തുടരും. അണ്ടി വിറ്റുകിട്ടുന്ന തുകയിൽ നിന്ന് കുറച്ചുകാശ് അമ്മമാർ കുട്ടികൾക്ക് കൊടുക്കാറുണ്ട്. അതുംകൊണ്ട് കുട്ടികൾ കണിയാപുരത്തെ മൊത്തവ്യാപാരകടയിൽ  പോയി മിഠായികൾ വാങ്ങിവന്ന് പെണ്‍കുട്ടികൾക്ക് കച്ചവടം നടത്തും. വർഷകാലം വരുന്നതും സ്കൂൾ തുറക്കുന്നതും ഒന്നിച്ചാണല്ലോ. അപ്പോൾ ഒരു അദ്ധ്യായം അടയുകയും മറ്റൊരു അദ്ധ്യായം തുറക്കുകയുമാണ്. പിറന്നാളിനല്ല, അടുത്ത ക്ളാസിന്റെ പുസ്തകങ്ങൾ കിട്ടുമ്പോളാണ് നമ്മൾ ഒന്നുകൂടി വളർന്നിരിക്കുന്നു എന്നത് മൂർത്തമാവുന്നത്.

പാരമ്പര്യമായി കിട്ടിയ ഒരു ചെറിയ തുണ്ട് ഭൂമിയുണ്ട് നാട്ടിൽ. കാര്യമായ ഫലവൃക്ഷങ്ങളൊന്നുമില്ലാതെ തരിശായി കിടക്കുന്ന ഭൂമി. ആ ഭാഗത്ത് ഒരു വീടുവച്ച് കഴിയുക എന്ന സ്വപ്നമൊക്കെ പലവിധ മുൻഗണനകളാൽ ഹാജർവെട്ടി പോയികഴിഞ്ഞു. ആ പറമ്പിന്റെ ഒരു ഭാഗത്ത്, കിണറിനടുത്തായി എട്ടുപത്ത് പറങ്കിമരങ്ങൾ തഴച്ചുവളർന്ന് നിൽപ്പുണ്ട്, ഏറെക്കൂറെ പറങ്കിമരങ്ങൾ അന്യമായി തുടങ്ങുന്ന ഒരു ഭൂപ്രദേശത്ത്. അവധിക്കു ചെല്ലുമ്പോൾ ചിലരൊക്കെ ചോദിക്കാറുണ്ട്, അവിടെ തെങ്ങോ മറ്റെന്തെങ്കിലും ഫലവൃക്ഷങ്ങളോ വച്ചുപിടിപ്പിച്ചുകൂടേ എന്ന്. പറങ്കിമരങ്ങൾ മുറിച്ചുമാറ്റുക എന്നാവുമത്. അവിടെ വളർന്നുനിൽക്കുന്ന ഒന്നുരണ്ട് മരത്തിന് എന്നെക്കാൾ പ്രായമുണ്ട്. ഇപ്പോൾ അപരിചിത ഭാവം തോന്നുമെങ്കിലും എനിക്കവയെ നന്നായറിയാം. കുട്ടിക്കാലത്ത് അതിന്റെ തണലിലെ മദ്ധ്യാഹ്നങ്ങൾ ഇലമണം കൊണ്ടെന്നെ ഉറക്കിയിട്ടുണ്ട്. അന്നവയും ചെറുതായിരുന്നു. മറ്റ് മരങ്ങളൊക്കെ പിന്നീടുണ്ടായവയാണ്. കശുവണ്ടികൾ അവിടെ തന്നെ വീണു മുളച്ചതാവണം.

കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ ഒരു കശാപ്പുകാരൻ വരുക തന്നെ ചെയ്തു. എല്ലാ മരത്തിനും കൂടി അയാളൊരു വിലയിട്ടു. കത്തിക്കാൻ മാത്രം കൊള്ളാവുന്ന പറങ്കിമരത്തിന്റെ തടിക്കും ഇത്രയ്ക്ക് ആവശ്യക്കാരോ? ഗൾഫുകാരന് പൊതുവെ ചാർത്തി കിട്ടാറുള്ള അഹങ്കാരം പുരട്ടിയ തിരക്കഭിനയിച്ച് ഞാനയാളെ ഒഴിവാക്കി. ആ മരങ്ങൾ അവിടെ നിൽക്കട്ടെ. മുജ്ജന്മ വാസനകളാൽ ഒരു പൂക്കിലകിളി എവിടെ നിന്നെങ്കിലും പറന്നുവന്നാൽ അതിനിരിക്കാനും കൂടുകൂട്ടാനും ഒരു പറങ്കിമരം വേണമല്ലോ. കാരണം, കുറച്ചു നാളുകൾക്കു മുൻപ് ഷർഖിലെ കടൽപ്പാലത്തിൽ തുറമുഖത്തു നിന്നും യാത്രപോകുന്ന കപ്പലുകൾ നോക്കിനിൽക്കേ ഒരു കടൽക്കാക്ക അടുത്തുവന്ന് ചോദിച്ചു: നീ നിന്റെ പൂക്കിലകിളികളെ എന്തുചെയ്തു? 

00
   
തർജ്ജനി‘യിൽ പ്രസിദ്ധീകരിച്ചത്