Sunday, 4 September 2016

ഓഫ്ബീറ്റ് സജീവത

ശവഭോഗം, അമ്മയുടെ അവിഹിതബന്ധവും തുടർന്നുള്ള തൂങ്ങിച്ചാവലും, സ്വവർഗ്ഗരതി, അച്ഛനും മകളുമായി ഉണ്ടെന്ന് കരുതപ്പെടുന്ന ഇൻസെസ്റ്റ് ബന്ധം, സഹോദരിയോട്‌ തോന്നുന്ന അഭിനിവേശം തുടങ്ങിയ 'സ്ഫോടനാത്മകമായ' സംഗതികൾ കുത്തിനിറച്ചൊരു 'കഥ' ഒഴിവാക്കിയാൽ അതീവമനോഹരമായി ചിത്രീകരിച്ച സിനിമ.

കേരളത്തിന്റെ കാടുകൾ മാത്രമല്ല നാടും ആഴത്തിൽ പകർത്തിയിരിക്കുന്നു. കാർത്തിക്ക് മുത്തുകുമാർ ക്യാമറ വൃത്തിയായി കൈകാര്യംചെയ്തു. (ക്രെഡിറ്റ്സിൽ ക്യാനോണു നന്ദിപറഞ്ഞു കാണുകയാൽ അവരുടെ ഒരു ഡി. എസ്. എൽ. ആർ ക്യാമറയുടെ പരിമിതികളിൽ നിന്നുകൊണ്ടാണ് സുന്ദരമായ കാഴ്ചകൾ സൃഷ്ടിച്ചതെന്ന് അനുമാനിക്കുന്നു.)


ഗോപീസുന്ദറിന്റെ ചെകിടുപൊളിയൻ പശ്ചാത്തലസംഗീത യുഗത്തിലൂടെയാണല്ലോ മലയാള സിനിമ ഇപ്പോൾ കടന്നുപൊയ്‌ക്കോക്കൊണ്ടിരിക്കുന്നത്. സജിൻബാബുവിന്‌ നന്ദി - വളരെ സൂക്ഷ്മമായി ഉൾക്കൊള്ളിച്ച സ്വാഭാവിക ശബ്ദങ്ങൾക്കപ്പുറം യാതൊരലോസരവുമുണ്ടാക്കാതെ ഒരു മുഴുനീള സിനിമ സാക്ഷാത്കരിച്ചതിന്.

പാപബോധത്താൽ നായകൻ വെറുതേ മലഞ്ചരിവിലൂടെ ഓടുകയും
വീണ് ചോരപൊടിയുകയും വീണ്ടും എണീറ്റോടുകയും വീണ്ടും വീഴുകയും അനുവാചകനെ ഞെട്ടിപ്പിക്കും വിധം കിതയ്ക്കുകയും ഒക്കെ ചെയ്യുന്ന അവസാനത്തെ നീളൻ സീൻ സംവദിക്കുന്ന പോപ്യുലർ ഭാവുകത്വത്തിന്റെ ലോപത്വം നിരാശപ്പെടുത്തും. തീവണ്ടിയിൽവച്ച് കണ്ടുമുട്ടുന്ന ഒരു പെൺകുട്ടി, സ്ത്രീധനത്തിന് കാശുണ്ടാക്കാൻ നായകനോടൊപ്പം ലോഡ്ജുമുറിയിൽ എത്തുന്ന അതിഭയങ്കരമായ സാമൂഹ്യവിമർശനവുമുണ്ട്, സിനിമയുടെ പാഠത്തിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും.

ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മുടെ ഓഫ്ബീറ്റ് സിനിമകളുടെ ഒരു പ്രതലം ലാവണ്യപൂർണ്ണമാം വിധം സജീവമാകുന്നു എന്നതിന്റെ പ്രത്യക്ഷതകൾ ഈ സിനിമയിലുണ്ട്...!

൦൦

Wednesday, 31 August 2016

കള്ളും കടലും ചേർന്ന്...

വൈകിയാണ് കടൽത്തീരത്തുള്ള ആ കള്ളുഷാപ്പിൽ ഞങ്ങളെത്തിയത്. തണുപ്പിച്ച കള്ളും പുഴുങ്ങിയ കപ്പയും നല്ല എരിവുള്ള മീൻകറിയും എല്ലാ കള്ളുഷാപ്പിലുമെന്നതുപോലെ അവിടെയും കിട്ടിയിരുന്നു. ഒരുപാട് സമയം അവിടെയിരുന്നു കള്ളുകുടിച്ചു. കുറച്ചുമാറി, കരിങ്കല്ല് നിരത്തിവിരിച്ച കടൽഭിത്തിയിൽ തിരമാലകൾ വന്നടിച്ച് ചിതറുന്ന ശബ്ദത്തിലൂടെ, മൂവന്തി അതിവേഗം രാത്രിയിലേയ്ക്ക് ചേക്കേറി. കള്ളുഷാപ്പിന്റെ ചെറിയ ജാലകപ്പഴുതിലൂടെ ആഴക്കടലിന്റെ വിദൂരകാളിമയിൽ ചില വെട്ടങ്ങൾ മിന്നിമറയുന്നതുകാണാം. മീൻപിടുത്തക്കാരുടെ ബോട്ടിലേതാവാം, ഒരു കപ്പൽ കടന്നുപോകുന്നതാവാം...

പിന്നീട് ആ പാറകളുടെ മുകളിൽ കയറി ഞങ്ങൾ മലർന്നുകിടന്നു. ആകാശത്ത് നക്ഷത്രങ്ങളുണ്ട്, മേഘങ്ങളുമുണ്ട്. ഒരു ചീന്ത് ചന്ദ്രൻ മേഘക്കീറുകളുടെ അരികുകളിൽ വെള്ളിത്തൊങ്ങൽ പിടിപ്പിക്കുന്നുണ്ട്...


അപ്പോൾ നേർത്ത ശബ്ദത്തിൽ എവിടെ നിന്നോ ഒരു താരാട്ട് പാട്ടിന്റെ അലകൾ തിരയുടെ സംഗീതത്തിനോട് ലയിച്ച് കേൾക്കുന്നതു പോലെ... തിരയുടെ ശബ്ദം ഉയരുമ്പോൾ പാട്ട് മുറിഞ്ഞുപോകും...

ചെവിവട്ടംപിടിച്ച്, ഒരു സ്വപ്നാടനത്തിലെന്നോണം ഞാൻ പാറപ്പുറത്തുകൂടി ആ പാട്ടിന്റെ വഴിയേ നടന്നു... ഇരുഭാഗത്തും ഉയരത്തിൽ വളർന്നു നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ നീളുന്ന ഒരു മണലിടവഴിയിലേക്ക് ഞാൻ ഇറങ്ങി. ഇപ്പോൾ ആ പാട്ട് കുറച്ചുകൂടി വ്യക്തമായി കേൾക്കാം. അല്പദൂരം നടന്നപ്പോൾ ഏതാനും കുടിലുകളിലെ ജാലകവെട്ടങ്ങൾ കാണായി. അതിലൊരു ഭവനത്തിന്റെ മുറ്റത്ത് അരണ്ടവെട്ടത്തിൽ ഒരു സ്ത്രീ പുറത്തേയ്ക്കു നോക്കിയിരിക്കുന്നു. അവരാണ് ആ താരാട്ടുപാട്ട് പാടുന്നതെന്നു തോന്നി. എന്നാൽ അവരുടെ അടുത്ത് തൊട്ടിലോ തൊട്ടിലിൽ പാട്ടുകേട്ടുറങ്ങുന്ന കുട്ടിയോ ഒന്നുമുണ്ടായിരുന്നില്ല . അവർ തന്നെയാണോ പാടുന്നത്..,? അരണ്ടവെട്ടത്തിൽ അവരുടെ മുഖം അവ്യക്തമായിരുന്നു...

അപ്പോൾ ഒരു പട്ടികുരച്ചു. താരാട്ടുപാട്ട് നിന്നു, വേറേതോ സ്ത്രീയുടെ പരുഷശബ്ദം മറ്റൊരു ഭാഗത്തു നിന്നും കേട്ടു; ആരാ അവിടെ...?

ഞാൻ വേഗം തിരിച്ചുനടന്നു. പൂർവ്വസ്ഥാനത്ത് വന്ന് വീണ്ടും ആകാശം നോക്കി മലർന്നുകടന്നു. അല്പം കഴിഞ്ഞപ്പോൾ ആ താരാട്ടു പാട്ടിന്റെ വീചികൾ വീണ്ടും എത്തുകയായി. അന്നേരം എനിക്ക് ആകാശം ചലിക്കുന്നതായി തോന്നി. നക്ഷത്രങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്കും തിരിച്ചും ഊഞ്ഞാലാടുന്നു. ഞാൻ അപ്പോൾ ഒരു തൊട്ടിലിലായിരുന്നു...

പിറ്റേന്ന് അവിടുത്തുകാരനായ കൂട്ടുകാരനോട് ഇത് പറഞ്ഞപ്പോൾ അവനൊന്ന് ഞെട്ടി; അയ്യോ, അതാ വാറ്റുകാരൻ പുണ്യാളൻ അന്തോണിയുടെ കോളനിയാ... ഭാഗ്യം നീ കയ്യും കാലുമൊക്കെയായിട്ട് ഇവിടിരിക്കുന്നത്...

൦൦

Monday, 1 August 2016

പരിസ്ഥിതിയുടെ പറമ്പ്...

കടൽത്തീരത്ത് നിന്നും അധികം ദൂരെയല്ലാത്തതിനാൽ, വീട് മണൽപ്പുറത്തായിരുന്നു. അർത്ഥമരുഭൂമി സമാനമായിരുന്നു ചുറ്റുമുള്ള പ്രദേശം. തെങ്ങും പറങ്കിയുമായിരുന്നു പ്രധാനമായും വളർന്നിരുന്നത്. നാട്ടിലെ ഒരുപാട് പ്രദേശങ്ങൾ പഞ്ചാര മണൽപ്പുറങ്ങളായി തരിശായി കിടന്നിരുന്നു. എങ്കിലും ഞങ്ങളുടെ പറമ്പ് അത്രയ്ക്ക് ഹരിതമുക്തമായിരുന്നില്ല. തെങ്ങും പറങ്കിയും കൂടാതെ മറ്റു ചില വൃക്ഷങ്ങൾ കൂടി വളർത്തി വലുതാക്കാൻ അമ്മ ബുദ്ധിമുട്ടിയിരുന്നു. മാവും, പേരയും, ആത്തിയും, നാരകവും, വാഴയും തുടങ്ങിയ ഫലവൃക്ഷങ്ങൾ കൂടാതെ പുന്ന, മഞ്ഞണാത്തി, കാറ്റാടി, കൊന്ന വേപ്പ് എന്നുതുടങ്ങി പേരറിഞ്ഞുകൂടാത്തതുമായ പലതരം ഫലരഹിതവൃക്ഷങ്ങളും പറമ്പിലുണ്ടായിരുന്നു.

വീട്ടുമുറ്റത്തെ ലില്ലി
മറ്റൊരു വിഭാഗം, ചെടികളായിരുന്നു. ചെമ്പരത്തി, പിച്ചി, ലില്ലി, വർണ്ണവൈവിദ്ധ്യമുള്ള ഇലച്ചെടികൾ... പുരോഹിതനായ മാതൃസഹോദരൻ എവിടെ നിന്നോ കൊണ്ടുവന്നു തന്ന 'ക്രിസ്തുമസ് ചെടി' എന്ന് വിളിച്ചിരുന്ന ഒരു ചെറുമരം, അത് സമ്മാനിച്ച ആളും വളർത്തിയ അമ്മയും മാതൃസഹോദരിയും ഒക്കെ അരങ്ങൊഴിഞ്ഞിട്ടും, ഇന്നും വീട്ടുമുറ്റത്തുണ്ട്. ഡിസംബർ കാലത്ത് ഇളം വയലറ്റ് നിറത്തിൽ പൂവിടുന്ന ഈ മരം വേറെവിടെയും കണ്ടിട്ടില്ല. ഓർമ്മയിൽ നിന്നും ഒരിക്കലും മാഞ്ഞുപോവാത്ത മറ്റൊരു ചെടി എന്റെ കിടപ്പുമുറിയുടെ ജനാലയ്ക്കൽ വളർന്നു പന്തലിച്ചു നിന്നിരുന്ന ഒരു ബൊഗൈൻവില്ലയാണ്. കാല്പനിക കൗമാരത്തിൽ ആ ചുമപ്പ് കടലാസു പൂവുകൾ മനസ്സിൽ വരഞ്ഞ നിറം അതിന്റെ മരണത്തോടെ ജീവിതത്തിൽ നിന്നുംകൂടി അപ്രത്യക്ഷമായി...

ക്രിസ്തുമസ് മരം
ഇങ്ങനെ പറമ്പിൽ മരങ്ങൾ അധികരിച്ചപ്പോൾ, അവയ്ക്കിടാറുള്ള വളങ്ങളുടെ സ്പർശം കൊണ്ടും, രൂക്ഷമായ വേനൽക്കാലങ്ങളെ കവച്ചുകടക്കാൻ കുഴൽക്കിണറിൽ നിന്നും ദിനേന തേവിക്കൊടുക്കുന്ന ജലസ്പർശം കൊണ്ടും പഞ്ചാരമണപ്പുറം അപ്രത്യക്ഷമായി. അവിടെ സജീവമായ അടിക്കാടുണ്ടായി. പലതരം പുല്ലും കുറ്റിച്ചെടികളും കളവളർന്നു. ഇപ്പോൾ വീട്ടിലേയ്ക്ക് റോഡ് എത്തുന്ന മുൻവശം ഒഴിവാക്കി നിർത്തിയാൽ ബാക്കി ഭാഗമൊക്കെ അർത്ഥവനഭൂമി സമാനമായി അനുഭപ്പെടും. പ്രഭാതങ്ങളിൽ പുൽപ്രതലം ശലഭമുഖരിതമാണ്. നടക്കുമ്പോൾ മുട്ടോളം കുറ്റിച്ചെടികളും അവയുടെ പുഷ്പാലോകവും കാലിൽ ഉരസും...

ശലഭലോകം
മുൻപും പറമ്പിൽ കിളികൾ യഥേഷ്ടം വന്നിരുന്നു. പൂക്കിലകിളികൾ, ഉപ്പൻ (ചെമ്പോത്ത്), കാക്റാട്ടി (കാക്കത്തമ്പുരാട്ടി), തത്ത, പ്രാവ്, കാക്ക തുടങ്ങി പൊതുവേ എല്ലാഭാഗത്തും എത്തുന്ന പക്ഷികൾ. ഈയടുത്ത് പറമ്പിലെ പ്രകൃതി കുറച്ചുകൂടി പച്ചനിറഞ്ഞപ്പോൾ മുൻപ് ശ്രദ്ധിക്കാതിരുന്ന കുയിലിനെയും പച്ചിലക്കുടുക്കനെയും മൂങ്ങയെയും ഒക്കെ കാണാൻ കിട്ടുന്നുണ്ടായിരുന്നു. പറമ്പിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുമ്പോൾ ഈ ഭാഗത്ത് തീരെ ഇല്ലാതിരുന്ന കൊക്ക് മാതിരിയുള്ള ശുദ്ധജല സാമീപ്യം ആഗ്രഹിക്കുന്ന കിളികളെയും കണ്ടു. പറമ്പിലെ പക്ഷിബാഹുല്യം സന്തോഷിപ്പിക്കേണ്ടതാണ്. പക്ഷെ അങ്ങനെയല്ല എന്ന് തോന്നാൻ കാരണമുണ്ട്; ഏറ്റവും അഭികാമ്യമായ ആവാസവ്യവസ്ഥയുടെ നഷ്ടത്തിൽ മറ്റിടങ്ങളിലേക്ക് കൂടേറേണ്ടി വരുന്ന കിളികൾ നല്ല ലക്ഷണമല്ലത്രേ...

പറമ്പിലെ മൂങ്ങ
കഴിഞ്ഞ ദിവസം, പ്രകൃതി, പരിസ്ഥിതി, പരിസ്ഥിതിവാദം, പരിസ്ഥിതി മൗലികവാദം തുടങ്ങിയ സംജ്ഞകൾ കടന്നുവരുന്ന ചില കുറിപ്പുകൾ വായിക്കുമ്പോൾ ഞാൻ വീട്ടിലെ പറമ്പും അവിടെ സംവത്സരങ്ങളുടെ ഋതുവിലൂടെ സംക്രമിച്ചുവന്ന പാരിസ്ഥിതിക വ്യതിയാനങ്ങളും ഓർക്കുകയായിരുന്നു. ഒരിക്കൽ തരിശായിരുന്ന ഭൂമിയാണ് അമ്മയും പിന്നീട് ഇപ്പോൾ സഹോദരിയും ഭർത്താവും ഒക്കെ ചേർന്ന് കുറച്ചേറെ പച്ചപടർന്ന ഭൂമിയാക്കി മാറ്റിയിരിക്കുന്നത്. പൊതുവേ പാരിസ്ഥിതികമായ അശുഭതകൾ പടരുമ്പോൾ, എന്തായിരിക്കാം ഇത്തരത്തിൽ പച്ചപിടിക്കുന്ന ചെറുപറമ്പുകളുടെ പാരിസ്ഥിതിക മൂല്യം?!

ചെമ്പരത്തി
പരിസ്ഥിതിവാദവും പരിസ്ഥിതി മൗലികവാദവും തമ്മിലുള്ള വേർതിരിവ് കാര്യമായി നിർവ്വചിക്കപ്പെട്ടിട്ടില്ല. ഏറെക്കൂറെ ഇത് രണ്ടും ഒന്നു തന്നെയാണ്. പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതിവാദമെന്ന നിലയ്ക്ക് ഉയർത്തുന്ന സംഗതികൾ തന്നെയാണ് വികസനവാദികളുടെ നോട്ടത്തിൽ മൗലികവാദമായി പരിണമിക്കുന്നത്. കാഴ്ചപ്പാടുകളുടെ വ്യത്യാസമാണത്. ഏതെങ്കിലും തരത്തിലുള്ള സമവായത്തിൽ എളുപ്പം എത്തപ്പെടാൻ സാധിക്കുന്ന വീക്ഷണകോണുകളുമല്ല ഇവ. ഏറെക്കൂറെ പൂർണ്ണമായും വ്യവസ്ഥാപിതവത്കരിക്കപ്പെട്ട ഈ രണ്ടു ധാരകളുടെയും വൈരുദ്ധ്യം തുടരുകതന്നെ ചെയ്യും എന്ന് കരുതാനേ കാരണമുള്ളൂ.

മുറ്റത്തെ ജൈവലോകം
ആശയങ്ങളുടെ വ്യവസ്ഥാപിതവത്കരണം നൽകുന്ന ഒരു കംഫർട്ട് സോണുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതാശയവും അതിന്റെ കംഫർട്ട് സോൺ കണ്ടെത്തുമ്പോഴാണ് വ്യവസ്ഥാപിതമാവുക. ഉദാഹരണത്തിന് പഴയ വൈദ്യുതിമന്ത്രി എ. കെ. ബാലനെ നോക്കുക. നല്ല മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് കറന്റ് കട്ട്, വൈദ്യുതി വിലവർദ്ധന ഒന്നുമുണ്ടായിരുന്നില്ല. കൃത്യമായ വികസനവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. നഗരവത്കൃത വികസനത്തിന് വൈദ്യതി അത്യന്താപേക്ഷിതമാണ്. വികസനത്തിനനുസൃതമായി കൂടുതൽ ഉൽപാദനം ആവശ്യമാണ്. അതിന് പാത്രക്കടവും അതിരപ്പിള്ളിയും ജലവൈദ്യുത പദ്ധതികളാവണം. സന്ദേഹങ്ങളൊന്നുമില്ലാത്ത വളരെ ലളിതമായ സമവാക്യമാണത്.

മറുപുറത്ത് പരിസ്ഥിതിപ്രവർത്തകനായ ഹരീഷ് വാസുദേവൻ എന്ന ചെറുപ്പക്കാരനെ നോക്കുക. അദ്ദേഹം ഇത്തരം പ്രശനങ്ങളിൽ ഇടപെട്ട് ടെലിവിഷൻ ചർച്ചകളിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ലോപമായ പദാവലികളുപയോഗിച്ച് ഭർസനസമാനമാണ് ഭാഷണം. തോക്കു കിട്ടിയാൽ എല്ലാവരെയും വെടിവച്ചുകൊല്ലും എന്നു തോന്നിക്കുന്ന ആംഗ്യവിക്ഷേപങ്ങളും ഭാവവിഹ്വാദികളും. ഒരു പാറയിൽ നിന്നും ഒരു കല്ല് പോലും പൊട്ടിക്കാൻ അനുവദിക്കില്ല എന്ന നേർവിപ്ലവം.

ഇത് രണ്ടും എളുപ്പവഴികളാണ് - അവിടെ സന്ദേഹങ്ങളില്ല, അന്വേഷണങ്ങളില്ല.

അതിരപ്പിള്ളി വെള്ളച്ചാട്ടം
വികസനത്തിന്റെ ആയാലും പരിസ്ഥിതിയുടെ ആയാലും വ്യവസ്ഥാപിത രാഷ്ട്രീയം പ്രധാനം തന്നെയാണ്. അതിന്റെ അവബോധങ്ങളാണ് പ്രത്യക്ഷമായ മാറ്റങ്ങൾക്ക് കാരണമാവുന്നത്. പക്ഷെ ഈ അവബോധങ്ങളിലേയ്ക്ക് നയിക്കുന്ന, അവയെ ജൈവമാക്കുന്ന, ഗോപ്യമായ ജീവിതങ്ങളും ജീവശാസ്ത്ര ധാരകളുമുണ്ട്. സമകാലിക കലുഷതകളിൽ പലപ്പോഴും അവ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ പ്രത്യക്ഷപ്പെടുന്നില്ല. ജനസാന്ദ്രമായ അതേസമയം ഭൂമി കുറവുള്ള കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ വികസനത്തിന്റെ ബദൽ മാതൃകകൾ അന്വേഷിക്കേണ്ട കാലം ഒരു അൻപത് വർഷം മുൻപ് കടന്നുപോയതാണ് (ഒറ്റപ്പെട്ട ബദൽ പരീക്ഷണങ്ങൾ പരിഹാസ്യവും പാർശ്വവത്കൃതവുമായി തുടരുന്നു). ഇന്നും നമ്മുടെ പൊതുബോധം ഫ്‌ളാറ്റ് എന്ന കൺസെപ്റ്റിനെ പോലും അംഗീകരിക്കുന്നില്ല. വീടും പറമ്പും എന്നത് പോയിട്ട്, കോൺക്രീറ്റ് വീടും ഇന്റർലോക് ഓടുപാകിയ പറമ്പും എന്ന നിലയ്ക്കാണ് നമ്മുടെ പൊതുബോധം വളർന്നത്.

എന്തുകൊണ്ടാണ് പ്രകൃതിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ജൈവജ്ഞാനം പൊതുസമൂഹത്തിന്റെ ബോധത്തിലേക്ക്, വികസനത്തിന്റെ ബോധം എന്ന പോലെ എത്താത്തത്. പ്രധാനമായും മനുഷ്യസഹജതയാലാണ് അത് സംഭവിക്കാത്തത്. എളുപ്പത്തിൽ ലഭ്യമാവുന്ന ജീവിതമേന്മകളും സൗകര്യങ്ങളും മനുഷ്യന്റെ സഹജവാസനയാണ്. അതിനെ നിരാകരിച്ചുകൊണ്ടുള്ള ആശയസംഹിതകൾ നിലനിൽക്കില്ല. പക്ഷേ പതുക്കെ സംക്രമിക്കാവുന്ന ഒരു അവബോധമായി പാരിസ്ഥിതിക ചിന്തകൾ സമൂഹത്തിലേക്ക് പകരാനാവുന്നത്, ഇക്കാലത്ത് പ്രബുദ്ധമായ മാധ്യമങ്ങളുടെ ഇടപെടലിലൂടെയായിരിക്കും. അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അനിയന്ത്രിത വികസനത്തിന്റെ മൂലധനതാല്പര്യങ്ങളുള്ള വലിയ കച്ചവടസ്ഥാപനങ്ങളാണ് ഇന്ന് മുഖ്യധാരയിലെ മാധ്യമങ്ങളുടെയും മുതലാളിമാർ. അവിടെ പാരിസ്ഥിതിക അവബോധമുണ്ടാക്കുന്ന പ്രകൃതിചിന്തകളുടെ സൂക്ഷ്മമായ വിജ്ഞാനധാരകൾ നയഭാഗമായും അബോധമായ അഭിരുചിക്കേടാലും അവഗണിക്കപ്പെടുന്നു.

പർപ്പിൾ തവള (ചിത്രം കടപ്പാട്: The Wire) 
പണ്ട് വർഷകാലത്ത് വീട്ടുപടിയിൽ രാത്രിമഴ നോക്കിയിരിക്കുമ്പോൾ തവളകൾ ഒന്നിനു പിറകേ ഒന്നായി മഴനനഞ്ഞ് എങ്ങോട്ടോ പോകുന്നത് കാണാമായിരുന്നു. അവയുടെ സിംഫണിയും കേൾക്കാം. ഇന്ന് ആ വീട്ടുപടിക്കൽ മഴക്കാലരാത്രികളിൽ ചെന്നിരിക്കാൻ സാധിക്കാത്തതിനാൽ അവിടെ ഇപ്പോഴും തവളകൾ വരാറുണ്ടോ എന്നറിയില്ല. കൂടുതൽ പച്ചപടർന്ന ആ പറമ്പിൽ രാത്രികളിൽ മഴനനയാൻ തവളകൾ ഇപ്പോഴും എത്തുന്നുണ്ടാവും എന്നുതന്നെ കരുതാം.

ഹരീഷ് വാസുദേവനെ അറിയുന്നത്ര നമുക്ക് സത്യഭാമ ദാസ് ബിജു എന്ന മലയാളിയെ അറിയില്ല. ഡെൽഹി സർവ്വകലാശാലയിലെ അദ്ധ്യാപകനാണ്. ലോകമറിയുന്ന ജന്തുശാസ്ത്രജ്ഞൻ കൂടിയാണ്. അദ്ദേഹത്തിന്റെ പരീക്ഷണമേഖല തവളകളാണ്. അനേകം സ്പീഷിസുകളെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അതിൽ സഹ്യമലനിരകളിൽ നിന്നും കണ്ടെത്തിയ പർപ്പിൾ ഫ്രോഗ് എന്ന അപൂർവ്വയിനം തവളയും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളെ നമ്മുടെ മാധ്യമങ്ങൾ വേണ്ടരീതിയിൽ കൊണ്ടുവന്നിട്ടില്ല എന്ന് പറയുമ്പോൾ, പരിസ്ഥിതിയിൽ തവളകൾക്ക് എന്താണ് അമിതപ്രാധാന്യം എന്ന് സ്വാഭാവികമായും ചോദിക്കാം. സ്ഥൂലമായ ഹരിതരാഷ്ട്രീയം സൃഷ്ടിച്ച ഉപരിപ്ലവമായ പൊതുബോധമാണ് ആ ചോദ്യത്തിന്റെ ഉറവിടം. എന്റെ ഗൃഹാതുരത്വമാണ് വീട്ടുമുറ്റത്ത് ഇന്നും തവളകൾ എത്തുന്നുണ്ടാവാം എന്ന ആഗ്രഹം. പക്ഷേ നിലവിൽ കൂട്ടവംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തവളകൾ.

പരിസ്ഥിതിയെ പ്രതി, തവളകളോളം മനുഷ്യനെ ചിലത് പഠിപ്പിക്കാൻ ഉതകുന്ന ഒരു സൂക്ഷ്മ ജീവശാസ്ത്ര സംഗതി വേറെയില്ല...!

൦൦

Sunday, 19 June 2016

തുലാമഴയുടെ ആവിഷ്കാരം

'അടിപൊളിച്ചിക്കൻ' എന്നത് അവിടുത്തെ പ്രശസ്തമായ ഒരു വിഭവത്തിന്റെ പേരായിരുന്നു. പക്ഷേ ആ പേര് പരിസരത്തിന് ഇണങ്ങുന്നതായി തോന്നിയില്ല. അഷ്ടമുടിയുടെ തീരത്തുള്ള ഹോട്ടലിന്റെ ലോഞ്ച് ബാറിലായിരുന്നു അവനും ഞാനും. ഇരുണ്ട നീല നിറമുള്ള പ്രകാശ വിന്യാസമായിരുന്നു അവിടെ. കടുംതവിട്ടു നിറത്തിലുള്ള തുകലിരിപ്പിടങ്ങൾ മുറിയെ കൂടുതൽ ഇരുണ്ടതാക്കുകയും പരിസരത്തിനാകെ മായികമായ ഭാവം നല്കുകയും ചെയ്തു.

ഓരോ കുപ്പി ബീറിനും, ഭ്രമാത്മകമായ അന്തരീക്ഷത്തോട് നീതിപുലർത്താത്ത പേരുള്ള ആ വിഭവത്തിനും മുന്നിൽ, അവയിൽ അശേഷം ശ്രദ്ധകൊടുക്കാനാവത്തവരായി ഞങ്ങളിരുന്നു...


നവയൗവ്വനത്തിന്റെ നാളുകളിൽ ഇതേ പട്ടണത്തിൽ വച്ചാണ് അവനെ ഞാൻ ആദ്യമായി കാണുന്നതും താമസംവിനാ കൂട്ടുകാരായി മാറുന്നതും. ഇന്ന് നവമദ്ധ്യവയസ്കരായി ഈ നീലവെട്ടത്തിലിരിക്കുമ്പോൾ, മൂന്ന് പതിറ്റാണ്ടുകളുടെ വർഷതാപങ്ങൾ ജീവിതത്തിനു നൽകിയ വലിയ മാറ്റങ്ങൾ ഞങ്ങളുടെ രൂപത്തിലും സംസാരത്തിലും സ്പർശിക്കാനായി...

കാല്പനികതയുടെ ഉപാസകനായിരുന്നു അവൻ. സ്വപ്നങ്ങളുടെ, സങ്കല്പനങ്ങളുടെ ഒരു ജൈവലോകം അവന്റെയുള്ളിലുണ്ടായിരുന്നു. കച്ചവട പാരമ്പര്യത്തിന്റെ കൃത്യതകളിൽ നിൽക്കുമ്പോഴും, ബഷീറിന്റെ കൃതികളിൽ നിന്നും ഇറങ്ങിവന്ന ഉന്മാദിയായ കാമുകനെപ്പോലെ അവനുള്ളിൽ വേറൊരാൾ ജീവിച്ചു, മുഹമ്മദ്‌ റാഫിയുടെ പാട്ടുകൾ മൂളിക്കൊണ്ട്...  

വരണ്ടുപോയ ഒരു ആശയപ്രയോഗത്തിന്റെ ഉപജ്ഞാതാവായ കാൾ മാക്സ്, ഉള്ളിൽ സ്വപ്നജീവിയായിരുന്നിരിക്കണം - സമത്വലോകം എന്ന സങ്കല്പം പകൽകിനാവുകളില്ലാതെ അസാധ്യമാണ്. കലാലയകാലത്തെ കുഴമറിഞ്ഞ, രാഷ്ട്രീയമോ അരാഷ്ട്രീയമോ എന്ന് വ്യക്തമായി വ്യവഹരിക്കാനാവാത്ത സ്വപ്നപ്രയോഗങ്ങളുടെ മുഖ്യപ്രയോക്താവ് അവനായിരുന്നു. അക്കാലത്തെ എല്ലാ രാഷ്ട്രീയനീക്കങ്ങളുടെയും അശാന്തികളുടെയും ആന്തരികതയിൽ വർത്തിച്ചത് പ്രണയാതുരമായ കുറേ മനസ്സുകളുടെ ഭാവനാലോകമായിരുന്നു...

"എന്റെ ഖൽബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ..."
എന്നാരോ എഴുതിയിട്ട വരികൾ അത്മാവിലേയ്ക്ക് എടുത്തുവച്ച് ഞങ്ങളുടെയൊക്കെ തരളമനസ്സുകളുടെ പാട്ടാക്കി മാറ്റിയത് അവന്റെ മുരളിയായിരുന്നു...
(വർഷങ്ങൾക്ക് ശേഷം ഏതോ സിനിമയിലൂടെ ഇങ്ങനെയൊരു പാട്ട് വളരെ പ്രശസ്തമാവുകയുണ്ടായത്രേ...)

അന്നൊരു അവധിദിവസമായിരുന്നു. വൈകുന്നേരമാണ്. പക്ഷേ കോരിച്ചൊരിയുന്ന തുലാമഴയിൽ ഭൂമി രാത്രിപോലെ ഇരുണ്ട് കാണപ്പെട്ടു. മുന്നിലെ കൂറ്റൻ വാകമരത്തിൽ മഴയും കാറ്റും കൂടി വെഞ്ചാമരം വീശുന്നതു നോക്കി അവനും ഞാനും കോളേജ് വരാന്തയിൽ നിന്നു. അകത്ത്, ഓഡിറ്റോറിയത്തിൽ, അടുത്ത ദിവസം നടക്കാനിരിക്കുന്ന ഒരു കലാലയ പരിപാടിയിൽ അവതരിപ്പിക്കാനുള്ള നൃത്തപരിശീലനത്തിലാണ് സഹപാഠികളായ ഏതാനും പെൺകുട്ടികൾ. അവർക്ക് കൂട്ടായി അവനും ഞാനും മേഘലോകത്തെ ജലധാരകൾ തുറന്നുവിട്ട ദേവകളും മാത്രം...

ചില നേരങ്ങളിൽ, ചില ഇടങ്ങളിൽ, ചില പ്രകൃതീഭാവങ്ങളിൽ നമ്മൾ എങ്ങനെയോ ചെന്നെത്തപ്പെടുന്നു. ഒന്നും പറയാതെ പോകുന്ന, പ്രകൃതിയും മനുഷ്യനും വിലയിക്കുന്ന മഗ്നനേരങ്ങൾ. നമ്മളായിരിക്കുന്നതിന്റെ ഭാവവ്യാപ്തി മുഴുവൻ അവിടെ പ്രകാശിപ്പിക്കപ്പെടുന്നു. യൗവ്വനത്തിനു മാത്രം വരയാനാവുന്ന മനോചിത്രങ്ങളാണത്. ആത്മബന്ധത്തിന്റെ മൗനാവിഷ്കാരങ്ങൾ...!

മഴ കഴിഞ്ഞപ്പോൾ പെൺകുട്ടികൾ പിരിഞ്ഞുപോയി.

സ്വാഭാവികമായും അവരൊക്കെ ഉദ്യോഗസ്ഥകളും വിവാഹിതരും കുടുംബിനികളും അമ്മമാരും ഒക്കെ ആയി മാറിയിട്ടുണ്ടാവാം. ഇവിടെ ഈ നീലലനിലാവൊഴുകുന്ന ബാറിലിരിക്കുമ്പോൾ അവരുടെ മുഖങ്ങൾ എനിക്കോർമ്മ വരുന്നില്ല..., ഞാൻ അവനെ മാത്രമാണ് കാണുന്നത്!

അന്ന് ആ തുലാമഴയിൽ പ്രകൃതി ആവിഷ്കരിക്കുകയും ഞാൻ അറിയുകയും ചെയ്ത ആത്മബന്ധത്തിന്റെ തെളിനീർച്ചാൽ വർഷങ്ങളുടെയും ദൂരങ്ങളുടെയും കരകൾ വകഞ്ഞ് ഞങ്ങൾക്കിടയിൽ പതിഞ്ഞൊഴുകുന്നു.

അതിലൂടെ ഇടയ്ക്ക് ഞാനവനിലേയ്ക്ക് തുഴയുന്നു...!

00

Wednesday, 16 March 2016

ചില നദികൾ പഠിപ്പിക്കുന്ന പാഠം

മൂന്ന് പാഷനുകളാണു് എന്റേതായി ഞാൻ വിലയിരുത്തുക - വായന, സിനിമ, യാത്ര. ഒരാമുഖമായി സൂചിപ്പിച്ചെന്നേയുള്ളൂ; പറയാൻ വന്നത് പഴയൊരു യാത്രയെക്കുറിച്ചാണു്. ആറാം ക്ലാസിലായിരിക്കുമ്പോൾ നടത്തിയ ഒരു മലയാറ്റൂർ യാത്ര.

അന്ന് ഞാൻ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കുകയായിരുന്നു. അവർ എക്സ്കർഷൻ സംഘടിപ്പിച്ചപ്പോൾ അത് മലയാറ്റൂറിലേയ്ക്കായതിൽ അത്ഭുതപ്പെടാനില്ല.

യാത്ര മലയാറ്റൂറിലേയ്ക്കാണെന്ന് പറഞ്ഞപ്പോൾ ചേട്ടൻ ആ പ്രദേശത്തെക്കുറിച്ചുള്ള അത്യാവശ്യം കാര്യങ്ങൾ മുന്നൊരുക്കം എന്ന നിലയ്ക്ക് പറഞ്ഞുതന്നിരുന്നു. അതിൽ പ്രധാനമായിരുന്നു, മലയാറ്റൂർമല പെരിയാറിന്റെ കരയിലാണു് എന്നത്.

അങ്ങനെ ഞങ്ങൾ മലയാറ്റൂർ മലയുടെ താഴ് വാരത്തെത്തി. തൊട്ടപ്പുറത്ത്, അതുവരെയും കണ്ടിട്ടില്ലാത്ത വ്യാപ്തിയിലും ഗംഭീര്യത്തിലും ഒഴുകുന്ന നദിയെ അത്ഭുതത്തോടെ നോക്കിനിന്നു...


അപ്പോഴാണു് എക്സ്കർഷൻ നയിച്ചുകൊണ്ടുവന്ന കന്യാസ്ത്രീ പ്രഖ്യാപിച്ചത് - ഈ കാണുന്നതാണ്‌ ഭാരതപ്പുഴ!

ങേ, അതെങ്ങനെ?

ഇത്തരം കാര്യങ്ങളിൽ കൃത്യമല്ലാത്ത വിവരം തരുന്ന ആളല്ല ചേട്ടൻ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി ഒരുപക്ഷേ ഭാരതപ്പുഴയും പെരിയാറും ഒന്നു തന്നെയാണോ? പക്ഷേ എങ്ങനെ നോക്കിയിട്ടും അത് ശരിയായി വരുന്നുണ്ടായിരുന്നില്ല. ഭാരതപ്പുഴയെക്കുറിച്ചുള്ള പാഠം കഴിഞ്ഞ ക്ലാസിലോ മറ്റോ പഠിച്ചതുമാണു്. ആ നദിയുടെ മറ്റ് പേരുകളിൽ പെരിയാർ എന്ന് ഉണ്ടായിരുന്നില്ലല്ലോ.

എന്തായാലും സംശയനിവൃത്തി വരുത്താം എന്നുതന്നെ കരുതി - സിസ്റ്റർ ഇത് ഭാരതപ്പുഴയാണോ, പെരിയാറല്ലേ?

എനിക്ക് ഓർമ്മയുള്ളത്, ഈ ചോദ്യം കേട്ടപ്പോൾ കന്യാസ്ത്രീയുടെ അടുത്ത് നിൽക്കുകയായിരുന്ന എനിക്കല്പം പരിഗണന തന്നിരുന്ന ഒരു ടീച്ചർ പരിഭ്രമത്തോടെ എന്നെ നോക്കുന്നതും പിന്നെ - വരൂ, നമുക്ക് മുകളിലേയ്ക്ക് പോകാം - എന്നുപറഞ്ഞ് ഞങ്ങളെയെല്ലാം വിളിച്ചുകൊണ്ടു പോകുന്നതുമാണ്‌.

ആ ചോദ്യത്തിന്‌ ഉത്തരം കിട്ടിയില്ലെങ്കിലും എക്സ്കർഷൻ സന്തോഷകരമായി കഴിഞ്ഞു...

ബോർഡിംഗിലെ ഒരു നിയമം, കഴിക്കാനെടുക്കുന്ന ഭക്ഷണം ബാക്കിവച്ച് ഉപയോഗശൂന്ന്യമാക്കരുത് എന്നതായിരുന്നു. എങ്കിലും അതൊന്നും കുട്ടികൾ കാര്യമായി പാലിച്ചിരുന്നില്ല. എക്സ്കർഷൻ കഴിഞ്ഞെത്തിയ രണ്ടാം ദിവസം അത്താഴം കഴിഞ്ഞ സമയത്ത് പതിവില്ലാതെ പ്രസ്തുത കന്യാസ്ത്രീ തീൻമുറിയിലേയ്ക്ക് കയറിവന്നു. ഞാൻ ഭക്ഷണം ബാക്കിവച്ചതിന്റെ പേരിൽ മുറിയുടെ നടുവിൽ പിടിച്ചുനിർത്തി ചൂരൽ കൊണ്ട് തുടയിൽ ആറടി.

അവർക്കും എനിക്കും മാത്രമേ ആ അടിക്കു പിന്നിലെ യഥാർത്ഥ രഹസ്യം മനസ്സിലായുള്ളൂ.

ഇന്നു ജീവിച്ചിരിപ്പില്ലാത്ത അവരെ സ്നേഹത്തോടെയും നന്ദിയോടെയും തന്നെയാണ്‌ ഓർക്കാറുള്ളത്...

അവർ പഠിപ്പിച്ചുതന്നത് പ്രയോഗികജീവിതത്തിൽ വളരെ ഉപകാരപ്പെട്ട ഒരു സംഗതിയാണ്‌ - കാണുന്നിടത്തെല്ലാം സത്യവും നേരും വിളിച്ചുപറയരുത്. അഥവാ അങ്ങനെ വേണമെന്ന് തോന്നിയാൽ വലിയ അടികൾ പ്രതീക്ഷിക്കുക.

00

Saturday, 12 March 2016

യു ഡോന്റ് ബിലോംഗ് ഹിയർ

ശുപാർശയിൽ കയറിപ്പറ്റിയതാണെങ്കിലും നല്ലൊരു കോളേജിൽ പഠിത്തം. മൂന്നുനേരം സുഭിക്ഷമായി ഭക്ഷണം കിട്ടുന്ന ഹോസ്റ്റലിൽ താമസം. കറങ്ങിനടക്കാൻ അത്യാവശ്യം കാശും വീട്ടിൽനിന്ന് കിട്ടും. എൺപതുകളുടെ അവസാനത്തിൽ, ഈ പശ്ചാത്തലത്തിലുള്ള ഒരു ആദ്യവർഷ ബിരുദവിദ്യാർത്ഥിയുടെ ആത്യന്തികമായ അസ്തിത്വപ്രശ്നം ഒരു പെൺകുട്ടിയെ പ്രേമിക്കാൻകിട്ടുക എന്നതു മാത്രമാണ്.

അത്തരത്തിൽ ഉഴലുന്ന സമയത്താണ് പ്രീഡിഗ്രിക്കാരിയായ സുനയ്യ എന്റെ മുന്നിൽ വന്നുപെടുന്നത്. സുന്ദരിയെന്ന് മാത്രമല്ല പരിഷ്ക്കാരിയും. തൂവാനതുമ്പികളിൽ ജയകൃഷ്ണൻ ക്ലാരയോട്‌ പറയുന്നത് ഓർമ്മയില്ലേ, നിനക്ക് ഞാൻ ഒരു പച്ച മാരുതിക്കാർ വാങ്ങിത്തരുമെന്ന്. അതുപോലൊരു പച്ച മാരുതിക്കാറിലാണ് സുനയ്യ കോളേജിൽ വന്നിരുന്നത്. അക്കാലത്ത് മാരുതിക്കാർ എന്നാൽ സമ്പന്നതയുടേയും പരിഷ്കാരത്തിന്റെയും അവസാനവാക്കായിരുന്നു.

എങ്കിൽ ഇനി സുനയ്യയെ പ്രേമിച്ചിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി. അതിനുള്ള വഴി രണ്ടുമൂന്ന് കൂട്ടുകാരെയും കൂട്ടി ആ പെൺകുട്ടിയുടെ പിറകേനടക്കുക എന്നതാണല്ലോ. ആ നാട്ടുനടപ്പ് ഞാനും തെറ്റിച്ചില്ല. പൊതുവേ വലിയ റിസർവേഷനൊന്നും കാണിക്കുന്ന കൂട്ടത്തിലായിരുന്നില്ല സുനയ്യ. എന്നോടെന്നല്ല എല്ലാവരോടും അവൾ വളരെ സാധാരണമായി പെരുമാറി. എന്റെ മനസ്സിലിരിപ്പ് അറിഞ്ഞതിന്റെ യാതൊരു ലാഞ്ചനയും നിർഭാഗ്യവശാൽ ലഭ്യമാവുകയും ചെയ്തില്ല.

പുതിയ കലാലയത്തിൽ എത്തിയതിന്റെ ആദ്യവിഭ്രമങ്ങൾ മാറുകയും കൂടുതൽ ഇടങ്ങളിലേയ്ക്ക് ദൈനംദിനങ്ങൾ വ്യാപിക്കുകയും ചെയ്തപ്പോൾ എന്റെ സുനയ്യയിലുള്ള ശ്രദ്ധ ചിതറി...

അക്കാലത്താണറിഞ്ഞത് സുനയ്യ വിവാഹിതയാണെന്ന്. അത് വല്ലാത്ത ഞെട്ടലായിപ്പോയി.

ജീവിതത്തിലെ നാടകീയതകൾ നാടകത്തെക്കാൾ സങ്കീർണ്ണമാണെന്ന് അക്കാലത്ത് അത്രയൊന്നും മനസ്സിലാക്കി തുടങ്ങിയിരുന്നില്ല.

വിവാഹിതയാണെന്ന് മാത്രമല്ല, പ്രസവിക്കുകയും ആ കുട്ടി പ്രസവത്തിൽ തന്നെ മരിച്ചുപോവുകയും ചെയ്തിരുന്നുവത്രേ...

ഇതിനൊക്കെ ശേഷമാണ് സുനയ്യ പ്രീഡിഗ്രിക്ക് പഠിക്കാൻ വരുന്നത്.

പിന്നീട് ചില കാര്യങ്ങൾ കൂടിയറിഞ്ഞു. സ്ഥലത്തെ പ്രമുഖനും സമ്പന്നനുമായ ഒരു വ്യവസായിയുടെ രണ്ടാമത്തെ ഭാര്യയിൽ, അദ്ദേഹത്തിന്റെ വൈകിയപ്രായത്തിൽ ഉണ്ടായ മകളാണത്രേ സുനയ്യ. ഊട്ടിയിലായിരുന്നു സ്കൂൾവിദ്യാഭ്യാസം. തന്റെ മരണശേഷം സുനയ്യയ്ക്ക് കുടുംബത്തിൽ നിന്ന് വേണ്ട രീതിയിലുള്ള പരിഗണന കിട്ടിയേക്കില്ല എന്ന് പേടിച്ചിട്ടാണത്രേ അവളുടെ അച്ഛൻ അവളുടെ വിവാഹം ചെറുപ്പത്തിലേ നടത്തിച്ചത്...

ഈ പരിസരത്തിൽ എന്റെ പ്രേമത്തിന്റെ സാംഗത്യത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ...

എന്നാൽ ഇതിനിടയ്ക്ക് അതീവസുമുഖനും പിൽക്കാലത്ത് സിനിമാനടനായി മാറുകയും ചെയ്ത ഞങ്ങളുടെ ഒരു കൂട്ടുകാരനുമായി സുനയ്യ പതിവിൽ കവിഞ്ഞ അടുപ്പം നിലനിർത്തിയിരുന്നു എന്നും കേട്ടു...

ഈ കേൾവികളുടെ നിജസ്ഥിതി എനിക്കറിയില്ല. അപ്പോഴേയ്ക്കും എന്റെ ജീവിതം മറ്റു വഴികളിലേയ്ക്ക് പോവുകയും, സുനയ്യ പ്രീഡിഗ്രി പഠനം കഴിഞ്ഞ് കലാലയം വിടുകയും ചെയ്തിരുന്നു...

അതിനിടയ്ക്ക് സുനയ്യയുടേതായി അറിഞ്ഞൊരു വാർത്ത ഭർത്താവിന്റെ അസുഖവും മരണവുമാണ്‌...

ഒരു കൂട്ടുകാരൻ മംഗലാപുരത്തെ കസ്തുർബാ മെഡിക്കൽ കോളേജിൽ ദന്തവൈദ്യം പഠിക്കുന്നുണ്ടായിരുന്നു. ആ കോളേജിന്റെ വാർഷികാഘോഷങ്ങൾ വളരെ വിപുലമാണ്. അക്കൊല്ലത്തെ നൃത്തപരിപാടിക്ക് ഈജിപ്തിലെ പിരമിഡിന്റെ പരിസരമാണ് തീമായി തീരുമാനിച്ചിരുന്നത്. അത്തരം സെറ്റുകൾ കലാപാരമായി നിർമ്മിക്കാൻ നിപുണനായ മറ്റൊരു സുഹൃത്തിനോടൊപ്പം ഞാനും മംഗലാപുരത്തിനു പോയി.

കെ. എം. സി മറ്റൊരു ലോകമായിരുന്നു. ആൺപെൺ വ്യത്യാസമില്ലാത്ത, അക്കാലത്ത് (ഒരുപക്ഷേ ഇന്നും) കേരളത്തിൽ സ്വപ്നംകാണാൻ സാധിക്കുമായിരുന്നില്ലാത്ത വിദ്യാർത്ഥിജീവിതം. പണത്തിന്റെ മേളം, ലഹരിയുടെയും. കഞ്ചാവ്, സിഗരറ്റ് പോലെയാണ് ഉപയോഗിച്ചിരുന്നത്. അതിനും മുകളിലുള്ളവയെ മാത്രമാണ് കുറച്ചെങ്കിലും ലഹരിമരുന്ന് എന്ന നിലയ്ക്ക് കണ്ടിരുന്നുള്ളൂ.  ഐഡി കാർഡ് കാണിച്ചാൽ കോളേജ് കുട്ടികൾക്ക് മദ്യശാലകളിൽ വിലക്കിഴിവുണ്ടായിരുന്നു...


അന്ന്, അവിടെ കെ. എം. സിയിൽ വച്ച്, മൂന്നു നാല് വർഷങ്ങൾക്ക് ശേഷം, ഞാൻ വീണ്ടും സുനയ്യയെ കണ്ടു. സുനയ്യയും അവിടെ ദന്തവൈദ്യം പഠിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഇടയ്ക്കൊക്കെ സുനയ്യെ കണ്ടിരുന്നു. ചെറിയ കുശലങ്ങൾ പറഞ്ഞു...

കെ. എം. സിയിലെ ഓരോ കുട്ടിക്കും ഓരോ കഥയുണ്ടായിരുന്നു. കേരളത്തിൽ നിന്നും വരുന്ന ഒരു യുവാവിന് അസുഖകരമായും അവിശ്വസനീയമായും തോന്നുന്ന കഥകൾ. സുനയ്യെ കുറിച്ചും കേട്ടു കഥകൾ... എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ച് അധികം മനകാലുഷ്യം ഉണ്ടാക്കാൻ പറ്റുന്നതിനെക്കാളും അപ്പുറം എനിക്ക് മറ്റു കാര്യങ്ങളൊക്കെ ആലോചിക്കാനായിക്കഴിഞ്ഞിരുന്നു.

ഒരു ബാസ്കറ്റ്ബാൾ ഗ്രൗണ്ട് വളച്ചുകെട്ടിയാണ് ഈജിപ്ഷ്യൻ മരുഭൂമിയുണ്ടാക്കിയത്. അവിടെ വച്ചായിരുന്നു നിശാനൃത്തം. അതുപോലൊരു നിശാനൃത്തം ഞാൻ ആദ്യമായും അവസാനമായും കാണുകയായിരുന്നു. സംഗീതവും നൃത്തവും ലഹരിയും ഒഴുകി. അരണ്ട വർണ്ണവെട്ടത്തിൽ ആടിയുലയുന്ന ആൺപെൺ ഉടലുകൾക്കിടയിൽ എപ്പോഴോ സുനയ്യയും മിന്നിമറയുന്നുണ്ടായിരുന്നു.

ഇടയ്ക്ക് കഞ്ചാവിന്റെ പൊതികൾ കഴിഞ്ഞുപോയി. അതു വാങ്ങി വരേണ്ടതുണ്ടായിരുന്നു. ആ അർദ്ധരാത്രി സമയത്ത് അവിടെ ലഹരിയിലല്ലാത്തത് ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ (അന്ന് ആ സമയത്ത് മദ്യപിച്ചിരുന്നില്ല എന്നേയുള്ളൂ, ലഹരി അന്യമായിരുന്നില്ല). അർദ്ധബോധത്തിൽ വഴികാണിക്കാൻ പിന്നിൽ കയറിയ ആരോടോപ്പമോ ഏതോ ബൈക്കോടിച്ച് എവിടെയോ പോയി പൊതിയും വാങ്ങി തിരിച്ചെത്തുമ്പോഴും നൃത്തനിശ തകർക്കുകയായിരുന്നു. വണ്ടി നിർത്തിയതും പിറകിലുണ്ടായിരുന്ന പയ്യൻ പൊതിയുമായി ആ കൂട്ടത്തിലേയ്ക്ക് അപ്രത്യക്ഷനായി.

ബൈക്ക് ഒതുക്കിവച്ച് തിരിയുമ്പോൾ മുന്നിൽ സുനയ്യ.

"ഇതിനിടയ്ക്ക്, ഈ സമയത്ത് എവിടെപ്പോയി?"
സുനയ്യ ചോദിച്ചു.
എനിക്കല്പം ആശ്ചര്യം തോന്നാതിരുന്നില്ല. ഭ്രാന്തമായ ആ കൂട്ടത്തിനിടയ്ക്കുനിന്ന് എന്തിനവൾ അപ്പോൾ അവിടേയ്ക്ക് വന്നു? മാത്രവുമല്ല, ചോദ്യത്തെക്കാളുപരിയായ ഒരു കരുതൽ അതിൽ എനിക്ക് സ്പർശിക്കാനായി...
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
അവൾ വിയർത്തിരുന്നു. നൃത്തം വിയർപ്പിച്ചിരുന്നു... വസ്ത്രങ്ങളിലും ദേഹത്തും മണലും പൊടിയുമുണ്ടായിരുന്നു. ഈജിപ്ഷ്യൻ മരുഭൂമിയിലെ പൊടി...

കുറച്ചുസമയം അവിടെ നിന്ന് ഞങ്ങൾ പഴയ കലാലയത്തെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച് ഒക്കെ പൊതുവായി സംസാരിച്ചു. അതിനപ്പുറം, അന്നും ഇപ്പോഴും സുനയ്യെക്കുറിച്ചു കേട്ടവയുടെ സത്യം എന്തെന്നു ചോദിക്കാൻ മാത്രമൊന്നും ആ സംസാരം തരളമായില്ല...

നൃത്തനിശയിലേയ്ക്ക് മടങ്ങിപോകാൻ തുടങ്ങിയ സുനയ്യ പെട്ടെന്നു തിരിഞ്ഞ് എന്നോടായി പറഞ്ഞു;
"ലാസർ, യു ഡോന്റ് ബിലോംഗ് ഹിയർ."

ഞാൻ ഏതു കൂട്ടത്തിൽപ്പെടും എന്റെ സാമൂഹ്യസാഹചര്യം എന്താണ് എന്നൊന്നും മനസ്സിലാക്കാനുള്ള ബന്ധം ഒരുകാലത്തും സുനയ്യയും ഞാനും തമ്മിൽ ഉണ്ടായിരുന്നിട്ടില്ല.

എങ്കിലും ഞാൻ മംഗലാപുരത്ത് എത്തിയപ്പോൾ മുതൽ അനുഭവിക്കുന്ന അകാരണമായ അസ്വസ്ഥതയുടെ ഉത്തരം സുനയ്യ പറഞ്ഞതിലുണ്ടായിരുന്നു -  ഐ ഡോന്റ് ബിലോംഗ് ഹിയർ!

പിറ്റേന്ന് അതിരാവിലേയുള്ള തീവണ്ടിയിൽ ഞാൻ ആ പട്ടണം വിട്ടു.

ക്ഷണമുണ്ടായിട്ടും പിന്നീടൊരിക്കലും അവിടേയ്ക്ക് തിരിച്ചുപോയിട്ടില്ല. സുനയ്യയെ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല, വാർത്തകളൊന്നും കേൾക്കുകയുണ്ടായില്ല...

പല പതിറ്റാണ്ടുകൾ..., പല ദേശങ്ങൾ..., ജീവിതത്തിലെ പല പിരിയൻ ദശാസന്ധികൾ...

ചില ഇടങ്ങളിൽ, ചില പരിസരങ്ങളിൽ ചെന്നുപെടുമ്പോൾ, അകം അസ്വസ്ഥമാകുമ്പോൾ സുനയ്യയുടെ ആ വാക്കുകൾ പക്ഷേ ഇപ്പോഴും എവിടെനിന്നോ കേൾക്കും - ലാസർ, യു ഡോന്റ് ബിലോംഗ് ഹിയർ!

ഞാൻ ഏറ്റവും ആദ്യത്തെ മടക്കവണ്ടി പിടിക്കും.

00

Thursday, 11 February 2016

പച്ചിലകുടുക്കയുടെ വിരുന്നുമുറി

കുടുംബവീട്ടിൽ ഞാൻ ഉപയോഗിച്ചിരുന്ന മുറിയോട് ചേർന്നാണ് ആ വേപ്പുമരം. മുറിയുടെ രണ്ട് ജനാലകൾ തുറന്നാലും ആ മരത്തിന്റെ കൊമ്പുകൾ കാറ്റിലിളകുന്നതാണ് കാഴ്ച. അത് ആ മുറിയുടെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിലേയ്ക്ക് തണലാവരണം പോലെ ചാഞ്ഞുനിന്നു.

എന്നാണതവിടെ വളരാൻ തുടങ്ങിയത്  എന്നോർക്കുന്നില്ല. കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴെങ്കിലും അമ്മ നട്ടതായിരിക്കണം. ബാല്യത്തിനു ശേഷം വീട്ടുപറമ്പിൽ വളരുന്ന മരങ്ങളെ കുറിച്ച് എനിക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല - അതിനുള്ള സമയമുണ്ടായിരുന്നില്ല. എങ്കിലും വ്യക്തമായി ഓർത്തെടുക്കാൻ പറ്റുന്ന കാലത്തെല്ലാം അതവിടെ ഉണ്ടായിരുന്നു. രാവിലെ കട്ടിലിൽ ഉറക്കുമുണർന്നു കിടക്കുമ്പോൾ തുറന്നിട്ട ജാലകത്തിലൂടെ ആ വേപ്പുമരവും, പഴുത്ത വേപ്പിൻകായ തിന്നാൻ അതിന്റെ ശിഖരങ്ങളിൽ വന്നിരിക്കാറുള്ള കിളികളും എന്റെ അലസകാഴ്ചയിൽ മിന്നിമാഞ്ഞുപോയി.

വീടിന് മുകളിലേയ്ക്ക് പടർന്നുനിൽക്കുന്ന വേപ്പ് 
അസഹ്യമായ വേനലിൽ മലർക്കേ തുറന്നിട്ട ജാലകത്തിലൂടെ കടന്നുവരുന്ന കാറ്റിന് കുളിരാശ്വാസം നൽകുന്ന വേപ്പിലകളുടെ ഗന്ധമുണ്ടാവും...

അക്കാലത്ത് എന്നോടൊപ്പം അവിടെയിരുന്നു സ്വപ്നംപങ്കുവച്ചിരുന്ന കൂട്ടുകാർക്കൊക്കെ ആ മുറി ഇഷ്ടമായിരുന്നു. "ഇവിടെയിരുന്നാൽ ആർക്കും എഴുതാൻ തോന്നും" എന്ന് റോയി പറയാറുണ്ടായിരുന്നു. അതിന് വലിയൊരു കാരണം ആ വേപ്പുമരം മുറിയിലേയ്ക്ക് പ്രസരിപ്പിച്ച പ്രകൃതിയുടെ ജൈവഗന്ധം കൂടിയാവണം.

കുയിൽ, ആ മരത്തിൽ...
വിവാഹം കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും താമസിച്ചതും ആ മുറിയിൽ തന്നെ. പിന്നീട് വിദേശത്ത്‌ പോയപ്പോൾ, അവധിക്കാലത്ത്‌ വരുമ്പോൾ, ഭാര്യയോടും മക്കളോടും ഒപ്പം കഴിഞ്ഞതും ആ മുറിയിൽ തന്നെ. അപ്പോഴെല്ലാം പിന്നണിയിൽ മുറിക്ക് കുളിരേകി ആ വേപ്പുമരം നിന്നു.

എങ്കിലും വ്യതിരിക്തമായ അസ്തിത്വം നൽകി ആ മരത്തെ ഒരിക്കലും കണ്ടിരുന്നില്ല - ഇപ്പോൾ അതിനെ മുറിച്ചുമാറ്റി കഴിഞ്ഞപ്പോൾ അല്ലാതെ.

കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു ഉണങ്ങാൻ തുടങ്ങിയ ആ വേപ്പുമരം മുറിച്ച്  കട്ടിലുകൾ ഉണ്ടാക്കിയെന്ന്...

വേപ്പിൻ കായ
ആ മരത്തിന്റെ കവചമില്ലാത്ത എന്റെ പഴയ മുറി, താമസം മാറിപ്പോയിട്ടും ഞാൻ പൂർണ്ണമായും ഉടമസ്ഥാവകാശം വിട്ടൊഴിയാത്ത ചുമന്ന ഓടുകൾ പാകിയ ആ മുറി, ഇപ്പോൾ എങ്ങനെയാവും ഉണ്ടാവുക? അത് ആകാശത്തിന്റെ വിജനതയിലേയ്ക്ക് തുറന്നിരിക്കുകയാവാം.

കുളിരുള്ള പ്രഭാതത്തിൽ തണുപ്പാറ്റുന്ന പച്ചിലകുടുക്ക
എല്ലാ മരത്തിനും ആയുസ്സുണ്ട്. ഇത്തിളുകൾ മാതിരിയുള്ള പരോന്നഭോജികൾ കളകയറിയാൽ പതിവിലും വേഗം മരിക്കുകയും ചെയ്യും. അതിനാലും, അതിനപ്പുറം, ജീവിതത്തിൽ ഇതുവരെ ഒരു മരം പോലും നട്ടുനനച്ചു വളർത്തിയിട്ടില്ലാത്തതിനാലും ഇക്കാര്യത്തിൽ കാല്പനികനും ഗൃഹാതുരനും ആകുന്നില്ല.

ആ വേപ്പുമരത്തിൽ വിരുന്നെത്തിയിരുന്ന തത്തയ്ക്കും കുയിലിനും പച്ചിലകുടുക്കയ്ക്കും മറ്റൊരു നല്ല മരം ആശംസിക്കുക മാത്രം ചെയ്യുന്നു...!

പഴുത്തില വീഴുമ്പോൾ...

Wednesday, 10 February 2016

മാലാഖമാരുടെ രാത്രി

കുട്ടിക്കാലത്തെന്നോ കേട്ടുമറന്ന പള്ളിപ്പാട്ടിന്റെ നേർത്ത അലകൾ...

അങ്ങനെയാണ് ഉറക്കം ഞെട്ടിയത്..., കിടക്കുന്ന സ്ഥലം ഏതാണെന്ന് ഓർത്തെടുക്കാനായില്ല. ഇരുട്ടാണ്‌. എപ്പോഴോ പെയ്ത മഴയുടെ ഈർപ്പവും തണുപ്പും അന്തരീക്ഷത്തിലുണ്ട്. കിടക്കയിൽ എണീറ്റിരുന്നു. മുന്നിൽ ഒരു ജനലും വാതിലും മലർക്കേ തുറന്നുകിടക്കുന്നു. കിടക്കയിൽ നിന്നും എണീറ്റ്‌ വാതിൽ കടന്ന് ഇരുട്ടിന്റെ വിശാലതയിലേയ്ക്ക് വിലയിക്കുന്ന ഇടനാഴിയിലേയ്ക്കിറങ്ങി. ഒരു വശത്ത്, ഇടനാഴിയുടെ അങ്ങേയറ്റത്ത്, ഒരു ബൾബ് മിന്നുന്നു. അതിനാലാണ് ഇടനാഴി അത്രയും നീളുന്നുണ്ടെന്ന് മനസ്സിലായത്‌.

അരമതിലിൽ കൈയ്യൂന്നി, പുറത്തെ ഇരുട്ടിലേയ്ക്കു നോക്കി, പ്രജ്ഞയിൽ നിന്നും മറഞ്ഞുപോയ സ്ഥലകാലത്തിന്റെ ഇഴകൾ ബോധത്തിൽ തുന്നപ്പെടുന്നതും കാത്ത്, കുറച്ചുസമയം നിന്നും...

അപ്പോഴാണ്‌ ആ മാലാഖമാരെ കണ്ടത്...

ഇരുട്ടിന്റെ ഏതോ തിരിവിൽ നിന്നും അവരിങ്ങനെ വരിവരിയായി കാഴ്ചയുടെ ഒരതിരിലേയ്ക്ക് വന്നുകയറുകയായിരുന്നു. മുഖം മാത്രം അഗ്നിയെന്നോണം തിളങ്ങുന്നു. ശരീരത്തിന്റെ ശുഭ്രമായ ബാക്കിഭാഗം ഇരുട്ടിൽ അലിഞ്ഞുചേരുന്നു. കുഞ്ഞുതീനാളങ്ങളുടെ നീണ്ടനിര അന്തരീക്ഷത്തിൽ ഒഴുകിനീങ്ങുന്നതുപോലെ...

അവരിൽ നിന്നാവണം ആ ഗാനത്തിന്റെ വീചികൾ... സംഗീതത്തിന്റെ താളാത്മകതയോടൊപ്പം തിളങ്ങുന്ന ചുണ്ടുകളുടെ അലസചലനം വ്യക്തമായും കാണാം.

മുറിയിൽ കയറി കിടക്കയിൽ ഇരുന്നു. മാലാഖമാർ ഇരുട്ടിലൂടെ തെന്നിനീങ്ങുന്നത് ജാലകക്കാഴ്ചയായി അപ്പോഴുമുണ്ട്, ആ പാട്ടും...

കട്ടിലിന്റെ താഴെ വച്ചിരുന്ന പെട്ടിയിൽ അപ്പോഴാണ്‌ കാലുതടഞ്ഞത്. വിനോദും ജിജോയുമാണ് എന്നോടൊപ്പം ഈ പെട്ടി ഇവിടെ എടുത്തുവച്ചതെന്നോർത്തു. അവരുടെ കൂടെയാണല്ലോ വൈകുന്നേരം ഈ പട്ടണത്തിൽ വന്നിറങ്ങിയത്. തീവണ്ടിനിലയത്തിൽ നിന്നും പെട്ടിയും കിടക്കയും ഓട്ടോറിക്ഷയിൽയിൽ കയറ്റി ഇവിടേയ്ക്ക് വരുമ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു...

പുതിയ ഇടത്താവളത്തിൽ എന്നെ തനിച്ചാക്കി കൂട്ടുകാർ മടങ്ങിയത് എപ്പോഴായിരുന്നു...?

ഞാൻ വീണ്ടും കിടന്നു. അപ്പോഴും അന്തരീക്ഷത്തിൽ ആ പാട്ടുണ്ടായിരുന്നു. പുറത്ത് ഇരുട്ടിൽ മാലാഖമാർ പ്രകാശത്തിന്റെ തുരുത്തുകളായി ഒഴുകിനടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു...

വരാനിരിക്കുന്ന ഭ്രമാത്മകമായ മൂന്നു വർഷങ്ങളുടെ ആദ്യത്തെ രാത്രിയായിരുന്നു അത്!

ബിരുദപഠനകാലത്ത് മൂന്നു വർഷം ജീവിച്ച കലാലയം

Monday, 18 January 2016

റബ്ബർപുരാണം

റബ്ബർകൃഷിയെ പ്രതി ജോസ്. കെ. മാണിയുടെ നിരാഹാരസമരം തുടങ്ങുമ്പോൾ ചില റബ്ബർസംഗതികൾ...

കേരളത്തിൽ ഇന്ന് കാണുന്ന പല കൃഷി വിഭവങ്ങളുടെയും ആസ്ഥാനം എന്ന് കരുതപ്പെടുന്ന തെക്കേ അമേരിക്കയിൽ നിന്നാണ് റബ്ബറും പൗരസ്ത്യ/ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും വരുന്നത്. ബ്രസീലിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്കും അവിടെ നിന്നും അവരുടെ ഉഷ്ണമേഖലാ കോളനികളിലേയ്ക്കും എന്നായിരുന്നു ആ സഞ്ചാരപഥം. ഇന്ത്യയിൽ വ്യാപാരോൻമുഖമായ ആദ്യത്തെ റബ്ബർത്തോട്ടം സ്ഥാപിതമാവുന്നത് കേരളത്തിൽ, തട്ടേക്കാട്‌ 1902 - ൽ ആണ്.

കേരളത്തിന്റെ സാമ്പത്തിക മേഖലയെ കാര്യമായി പരിവർത്തിപ്പിച്ച ഒരു കൃഷിയാണ് റബ്ബറിന്റേത്. ഇപ്പോൾ വിലയിടിവ്‌ ഉണ്ടെങ്കിലും റബ്ബർതോട്ടങ്ങൾ സമ്പത്തിന്റെ മാനദണ്ഡമായി കരുതപ്പെടുന്നു കേരളത്തിന്റെ പല ഇടനാടൻ മേഖലകളിലും ഇന്നും. റബ്ബർകൃഷി സാമ്പത്തികമായി പ്രബലമായ ഒരു ജനവിഭാഗത്തെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാക്കിയെടുത്തു. അതിൽ ചെറുകിട കർഷകരും വൻകിട കർഷകരും ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ സാമ്പത്തിക മേഖലയിൽ മാത്രമല്ല സാമൂഹിക, രാഷ്ട്രീയ ഇടങ്ങളിലും റബ്ബർ ഒരു പ്രബല ഘടകമായി. പല മലയോര പട്ടണങ്ങളുടെയും ഉയർച്ചയ്ക്ക് മുഖ്യമായ ഒരു കാരണം റബ്ബറാണ്. റബ്ബറിന്റെ രാഷ്ട്രീയം കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രമുഖകക്ഷിയാണല്ലോ ഇന്ന് ബാറിന്റെ രാഷ്ട്രീയത്തിൽ എത്തിനിൽക്കുന്നത്.

റബ്ബറാധിക്യമുളള മലയോര ഗ്രാമക്കാഴ്ച 
കേരളത്തിന്റെ തനതു ജൈവമേഖലയെ ഹനിച്ചുകൊണ്ടാണ് റബ്ബർ തോട്ടങ്ങൾ ഉണ്ടായത്. റബ്ബർ തോട്ടത്തിന്റെ പരിപാലനത്തിലും റബ്ബറിന്റെ നിർമ്മാണത്തിലും ഉൾപ്പെട്ടിരിക്കുന്ന സാങ്കേതികതകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, തോട്ടങ്ങളുടെ മേഖലാവിസ്തീർണ്ണം കൊണ്ടും, രൂക്ഷത കൊണ്ടും ആ പ്രദേശത്തിന്റെ സൂക്ഷ്മജൈവതയെ കാര്യമായി നശിപ്പിച്ചുകളയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതോടൊപ്പം, റബ്ബർമരം തന്റെ വളർച്ചയ്ക്കായി ഉപയുക്തമാക്കുന്ന ജലത്തിന്റേയും മണൽലവണങ്ങളുടേയും ഉയർന്നതോത് മറ്റ് ചെറുഹരിതലോകത്തെ ആഹാരരഹിതമാക്കുന്നു. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ക്യാൻസർ പോലുള്ള ആധുനിക രോഗങ്ങൾ കേരളത്തിൽ വ്യാപകമാകുന്നതിൽ റബ്ബർ ഉൾപ്പെടെയുള്ള വ്യാപകമായ കൃഷികൾക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ കാരണമാകുന്നു എന്നും കരുതപ്പെടുന്നു.

പരിസ്ഥിതിയും വികസനവും തമ്മിൽ എന്നും സംഘർഷത്തിലാണ്. ഇനിയുള്ള കാലങ്ങളിൽ അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. അവികസിത, വികസ്വര പ്രദേശത്ത്‌ ഏറ്റവും സജീവമായ പരിസ്ഥിതി അവബോധം നിലനിൽക്കുന്ന ഒരു ദേശമാണ്‌ കേരളം എന്ന് ഈ വഴിക്കുള്ള വായനകൾ സസന്തോഷം അറിവുതരും. പരിസ്ഥിതിനാശങ്ങൾ ഉണ്ടാവുന്നില്ല എന്നല്ല അതിനർത്ഥം, പരിസ്ഥിതിനാശം സംഭവിക്കുന്നു എന്ന പൊതുബോധം ഏറ്റവും പ്രാഥമികമാണ്.

കൗതുകകരമായി തോന്നാവുന്ന മറ്റൊരു ചരിത്രം...

Henry Ford - ബുദ്ധിസാമർത്ഥ്യവും ഇച്ഛാശക്തിയുമുള്ള വ്യവസായിയായിരുന്നു എന്നതിന് തർക്കമില്ല. ഏറ്റവുംകൂടുതൽ റബ്ബർ ആവശ്യമുള്ള, വാഹനങ്ങളുടെ നിർമ്മാണമാണല്ലോ അദ്ദേഹം നടത്തിയിരുന്നത്. അതിനാൽ ഏഷ്യൻ രാജ്യങ്ങൾക്കുള്ള കുത്തക തകർത്ത്, സ്വന്തം ആവശ്യത്തിനുള്ള റബ്ബർ ഉത്പാദിപ്പിക്കാൻ, ആ മരത്തിന്റെ/കൃഷിയുടെ ഈറ്റില്ലമെന്ന് പറയാവുന്ന ആമസോൺ തടത്തിൽ തന്നെ ഇരുപത്തിയഞ്ച് ലക്ഷം ഏക്കർ സ്ഥലത്ത് അദ്ദേഹം റബ്ബർകൃഷി ആരംഭിച്ചു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ രണ്ടാം പകുതിയിൽ ആരംഭിച്ച ഈ വൻകിടപദ്ധതി 'ഫോർഡ് ലാൻഡിയ' എന്ന പേരിലാണ് അറിയപ്പെട്ടത്. ആയിരക്കണക്കിന് തൊഴിലാളികളും അവർക്കുള്ള താമസസ്ഥലങ്ങളും പള്ളികളും കടകളും ഒക്കെയായി പാശ്ചാത്യ മാതൃകയിലുള്ള ജനപഥം.

സംഗതിയൊക്കെ ഗംഭീരമായിരുന്നു - പക്ഷേ, ഇരുപത്തിയഞ്ച് കൊല്ലത്തിനിടയ്ക്ക്, കിട്ടിയ തുകയ്ക്ക് എല്ലാം വിറ്റുപെറുക്കി സ്ഥലംകാലിയാക്കേണ്ടി വന്നു ആ പ്രശസ്ത വ്യവസായിക്ക്. ഫോർഡ് നേരിട്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്.

രാഷ്ട്രീയ, സാമ്പത്തിക്ക, സാമൂഹിക കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനമല്ല ഈ വൻദുരന്തത്തിലേയ്ക്ക് കൊണ്ടുപോയത്. കച്ചവടത്തിന്റെ നേർസമവാക്യങ്ങൾക്കപ്പുറത്താണ് പ്രകൃതിയുടെ അതിസങ്കീർണ്ണമായ അതിജീവനവ്യവഹാരങ്ങളെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം ഫോർഡിന് സിദ്ധിച്ചിരുന്നില്ല. Microcyclus Ulei - എന്ന ഫംഗസാണ് ഈ ബ്രഹ്മാണ്ഡസംരംഭത്തെ തകർത്തുതരിപ്പണമാക്കിക്കളഞ്ഞത്. റബ്ബർ എന്ന മരം (Hevea brasiliensis) പരിണമിച്ചു വന്ന ഭൂഭാഗത്താണ് ഏതാണ്ട് മുഴുവനായി തന്നെ അതിനെ ഈ ഫംഗസ് ഇല്ലാതാക്കിയത് എന്ന് ഓർക്കുക.

കേരളത്തിലെ റബ്ബർമേഖലയെ പ്രധാനമായും പ്രതിനിധീകരിക്കുന്ന സാമാജികൻ എന്ന നിലയ്ക്ക് ജോസ്. കെ. മാണിക്ക് ഈ ചരിത്രവും ഈ ഫംഗസിനെ കുറിച്ചും അറിയാതിരിക്കാൻ വഴിയില്ല. അല്ലെങ്കിൽ അറിയേണ്ടതുണ്ട്; കാരണം: റബ്ബറിന്റെ ഈ വിലയിടിവ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്ന ഒരുതരം ചാക്രികതയുടെ ഫലമായുണ്ടായ താൽക്കാലിക പിൻപറ്റൽ എന്നു കരുതാം. സാവധാനമായ ഉയർച്ച കാലാന്തരത്തിൽ ഉണ്ടായിവരുമത്രേ. എന്നാൽ Microcyclus Ulei അങ്ങനെയല്ല. ഈ ഫംഗസ് ഇതുവരെ ഏഷ്യയിൽ എത്തിയിട്ടില്ല. ഇന്ന് മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രകാരന്മാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഈ ഫംഗസിന്റെ ഏഷ്യൻ വരവാണ്. വിമാനയാത്രകൾ സാർവത്രികമാവുകയും തെക്കേ അമേരിക്കയിൽ നിന്നും എഷ്യയിലേയ്ക്കുള്ള പോക്കുവരവുകൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ റബ്ബർ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലെ സർക്കാരുകൾ ഇതിനെതിരെ ഫലപ്രദമായ സൂക്ഷനടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് അവർ ആവശ്യപ്പെടുന്നു. നിലവിൽ അത്തരത്തിലുള്ള അവബോധം ഇവിടങ്ങളിൽ ഉണ്ടായിവന്നിട്ടില്ല.

ഗർഭഗൃഹത്തിൽ റബ്ബർകൃഷിയെ ഉന്മൂലനം ചെയ്യാൻ Microcyclus Ulei - ക്ക് സാധിച്ചെങ്കിൽ ഏഷ്യയിൽ അതിനെ ഇല്ലാതാക്കാൻ അത്രപോലും കാലം വേണ്ടിവരില്ല. അതൊരു ചാക്രിക പ്രതിഭാസമായിരിക്കില്ല. പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ലെങ്കിലും, ജോസ്. കെ. മാണി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും...

00

Tuesday, 5 January 2016

ദേശീയോദ്യാനവും മെറ്റാനറേറ്റീവും

അമേരിക്കൻ ഐക്യനാടുകൾ അധികം ചരിത്രമുള്ള രാജ്യമല്ല. യൂറോപ്പിനെയോ പൗരസ്ത്യദേശങ്ങളെയോ പോലെ അവിടെ വലിയ തത്വചിന്തകളോ കലാവ്യവഹാരങ്ങളോ സാമൂഹ്യാശയങ്ങളോ ഉണ്ടായിവന്നിട്ടില്ല. ആധുനിക കാലത്തെ മനുഷ്യോപകാരപ്രദമായ പല കണ്ടുപിടുത്തങ്ങളും നടന്നിട്ടുള്ളത് പക്ഷേ അവിടെയാണ്. ഞാൻ എഴുതുന്ന ഈ കുറിപ്പ് നിങ്ങൾക്ക് വായിക്കാനാവുന്നതും അവർ കണ്ടുപിടിച്ച ഏതൊക്കെയോ സാങ്കേതികതയാലാണ്.

വലിയ സങ്കല്പങ്ങൾ, ആശയങ്ങൾ, തത്വചിന്തകൾ, കലകൾ, ആവിഷ്കാരങ്ങൾ - ഇതിനെയൊക്കെ എങ്ങനെയാവും നിർവ്വചിക്കാനാവുക?

'ദേശീയോദ്യാനം' എന്നൊരു സംഗതിയെ കുറിച്ച് ആലോചിക്കുക. എങ്ങനെ, എവിടെ നിന്നാവും അങ്ങനെയൊരു ആശയം ആദ്യം ഉരുത്തിരിഞ്ഞുവന്നിരിക്കുക. ഗ്രാന്റ്നറേറ്റിവ് / മെറ്റാനറേറ്റിവ് എന്ന് വിവക്ഷിക്കപ്പെടുന്ന ആശയസംഹിതകളുടെ കൂട്ടത്തിലൊന്നും ദേശീയോദ്യാനത്തെ ആരും പെടുത്തിയിട്ടില്ല. പക്ഷെ ദേശീയോദ്യാനങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ ഇന്ന് കുറവാണ്. കേരളത്തിൽ മാത്രം നിലവിൽ ആറ് ദേശീയോദ്യാനങ്ങളുണ്ട്. നമ്മുടെ നാട്ടിലെ മറ്റുചില ഹരിതപ്രദേശങ്ങൾ കൂടി താമസംവിനാ ആ നിലയിലേയ്ക്ക് ഉയർത്തപ്പെടും എന്നാണ് വാർത്തകൾ. ഇത് എത്രയോ ചതുരശ്രകിലോമീറ്ററുകൾ വരും. കേരളത്തിന്റെ മാത്രം സ്ഥിതി ഇതാണെങ്കിൽ ലോകം മുഴുവനെടുത്താൽ ദേശീയോദ്യാനങ്ങൾ പരന്നുകിടക്കുന്ന ഭൂവിസ്ത്രിതി ഊഹാതീതമാണ്.

ഇത് വെറുതേയങ്ങ് ഉണ്ടായിവന്ന ഒരു ആശയമല്ല. ഒരു അവബോധത്തിന്റെ ആവിഷ്ക്കാരമാണ് ദേശീയോദ്യാനങ്ങൾ - പരിസ്ഥിതിബോധം.

സമകാലികമായ ഒരു മെറ്റാനറേറ്റിവ് പ്രകാശനമായി വ്യവഹരിക്കുന്നത് മാർക്സിസത്തെയാണല്ലോ. (മെറ്റാനറേറ്റിവിന്റെ ആശയവിശദീകരണം ഈ ചെറുകുറിപ്പ് ആഗ്രഹിക്കില്ല.) അതിനെക്കാൾ ജൈവമായ ഒരു ബോധപ്രസരണമായി പാരിസ്ഥിതികാവബോധത്തെയും അതിന്റെ മൂർത്താവിഷ്കാരമായ ദേശീയോദ്യാനങ്ങളേയും കാണാം (ചെറുവകഭേദങ്ങളായ വന്യജീവികേന്ദ്രങ്ങളും പക്ഷികേന്ദ്രങ്ങളുമൊക്കെ അനുബന്ധമായി വേറെയുമുണ്ട്).

പെരിയാർ ദേശീയോദ്യാനത്തിന്റെ ഭാഗമായ വനമേഖല... 
ക്രിയാത്മകവും ജൈവവും പ്രകൃത്യോന്മുഖവും, അതുകൊണ്ട് തന്നെ മാനവികവുമായ സൂക്ഷ്മ രാഷ്ട്രീയപ്രയോഗമാണ് ദേശീയോദ്യാനങ്ങൾ. ലോകം പൊതുവേ രാഷ്ട്രീയം എന്ന് വിവക്ഷിക്കുന്ന മനുഷ്യകേന്ദ്രിതമായ കക്ഷിരാഷ്ട്രീയത്തെ സജീവതയോടെ മറികടക്കുന്നുണ്ട് ദേശീയോദ്യാനം എന്ന ജൈവരാഷ്ട്രീയപ്രയോഗം. ഗ്രീൻപീസ് പോലെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകളുള്ള ഹരിതകക്ഷികൾ തീവ്രമായി പരിസ്ഥിതിബോധത്തെ പിൻപറ്റുന്നുണ്ടാവാമെങ്കിലും അവരല്ല ഈ ആശയത്തിന്റെ പ്രയോക്താക്കൾ. പ്രത്യേകിച്ച് വ്യവസ്ഥാപിത രൂപമുള്ള പ്രത്യക്ഷതകളല്ല ഈ ചിന്താസരണിയെ മുന്നോട്ടെടുക്കുക. ഏതുതരം ഭരണകൂടം നിലനിൽക്കുന്ന രാഷ്ട്രമായാലും അവരുടെ കക്ഷിരാഷ്ട്രീയ താല്പര്യത്തിന് അതീതമായി വിന്യസിക്കപ്പെട്ട ഒരു ബോധസരണിയുടെ ഭാഗമായാണ് ദേശീയോദ്യാനങ്ങൾ ഉണ്ടാവുന്നതും സംരക്ഷിക്കപ്പെടുന്നതും. മെറ്റാനറേറ്റീവ് എന്ന പരികല്പനയുടെ ആഗ്രഹങ്ങളെ ഏറെക്കൂറെ തൃപ്തിപ്പെടുത്തും ഈ സുതാര്യരാഷ്ട്രീയത്തിന്റെ ആഗോളമാനം.

നേരത്തേ സൂചിപ്പിച്ചതുപോലെ ഇത് വെറുതേ ഉണ്ടായിവന്നതല്ല. ഇന്റർനെറ്റ് കണ്ടുപിടിച്ചത് അമേരിക്കയാണ് എന്ന് പറയുന്നതുപോലെ ദേശീയോദ്യാനം എന്ന ആശയവും അതിന്റെ ആവിഷ്കാരവും ആദ്യം ഉണ്ടായതും അമേരിക്കയിൽ തന്നെയാണ്. പ്രത്യക്ഷമായ പാരിസ്ഥിതികാവശ്യങ്ങൾ മുൻ നിർത്തിയല്ല, അർക്കൻസാസ് സംസ്ഥാനത്തിലെ ഉഷ്ണനീരുറവകൾ ഉൾപ്പെടുന്ന പ്രദേശം 1832 - ൽ അമേരിക്കൻ സർക്കാർ സംരക്ഷിതമാക്കുന്നത്. രാഷ്ട്രത്തിന്റെ ആവശ്യങ്ങൾക്കായി പിന്നീട് ഉപയോഗിക്കാൻ സ്വകാര്യവ്യക്തികളിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ പ്രാഥമികമായ ഉദ്ദേശ്ശ്യം. പക്ഷേ അതുതന്നെ പ്രഭവാവസ്ഥയിലുള്ള പാരിസ്ഥിതികാവബോധത്തിന്റെ പ്രത്യക്ഷവത്കരണമായി മനസ്സിലാക്കാം. എന്നാൽ കൃത്യമായും നിയമവ്യവസ്ഥകളോടെ ആദ്യത്തെ ദേശീയോദ്യാനം സ്ഥാപിതമാവുന്നത് 1864 - ൽ അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിൽ യോസെമിറ്റീ ദേശീയോദ്യാനം (Yosemite National Park) സാക്ഷാത്കരിക്കപ്പെടുന്നതോടെയാണ്.

ഒന്നര നൂറ്റാണ്ട് ആവുമ്പോൾ ലോകമാസകലം ഉൾക്കൊണ്ട ഒരു അവബോധത്തിന്റെ പ്രത്യക്ഷവത്കരണമായി ദേശീയോദ്യാനങ്ങൾ മാറിയിരിക്കുന്നു.

00