Tuesday, 17 June 2014

പ്രതീക്ഷയുടെ ട്രക്കില്‍ മരണം യാത്രപോകുന്നു

പേടി ആദിമവും അടിസ്ഥാനവുമായ മനുഷ്യചോദനയാണ്‌. മനുഷ്യപരിണാമത്തിന്റെ പടവുകള്‍, മറ്റുപലതിനുമോടൊപ്പം, ഭയവുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഭയത്തില്‍ നിന്നുള്ള വിടുതല്‍ തേടിയുള്ള ചലനാത്മകതയാണ്‌ ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെ. ദൈവത്തെ ഉണ്ടാക്കിയതും നിലനിര്‍ത്തുന്നതും പോലും പേടിയാണെന്നു കണ്ടെത്താം. അതുകൊണ്ടൊക്കെ തന്നെയാവും കലയെ എന്നും പ്രചോദിപ്പിച്ചിട്ടുള്ള ഒരു മനുഷ്യാവസ്ഥയാണ്‌ ഭയം. സ്ഥൂലാര്‍ത്ഥത്തില്‍ ഭയം കലയില്‍ കടന്നു വരുന്നത്‌ രണ്ടു തരത്തിലാണ്‌. ഒന്ന്‌ അനുവാചകനില്‍ ഭയം ജനിപ്പിക്കുക എന്ന തലത്തില്‍. മറ്റൊന്ന് ഭയത്തെ തന്നെ പ്രശ്നവല്‍ക്കരിക്കുക എന്ന രീതിയിലും. ക്ലൂസോയുടെ 'Wages of Fear' രണ്ടാമത്തെ ഗണത്തില്‍ പെടുന്ന ഒരു ചലച്ചിത്രമാണ്‌.

കൃത്യമായും ഈ ചിത്രത്തിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒരു തെക്കനമേരിക്കന്‍ ഗ്രാമത്തില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം മനുഷ്യരുടെ അലസജീവിതത്തിന്റെ താളുകളിലൂടെയാണു ആദ്യഭാഗം സഞ്ചരിക്കുന്നത്‌. അതില്‍ പലരും യൂറോപ്പിന്റെ പലഭാഗങ്ങളില്‍ നിന്നും വന്നുപെട്ടവരാണ്‌. ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഒക്കെയുള്ള ഒരു യൂറോപ്യന്‍‍ പരിഛേദം. കൃത്യമായി അല്ലെങ്കിലും ചില പരാമര്‍ശങ്ങളിലൂടെ ഇതില്‍ പലരും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതം എന്ന നിലയ്ക്കാണ്‌ അവിടെ വന്നുപെട്ടതെന്ന്‌ ക്ലൂസോ സൂചിപ്പിക്കുന്നുണ്ട്‌. ദയനീയമായ ജീവിതാവസ്ഥകളുടെ സാര്‍വ്വത്രികമായ സ്വീകാര്യത യുദ്ധത്തിന്റെ പ്രതിഫലനമാണ്‌. മറ്റൊന്നും ഇനി സംഭവിക്കാന്‍ ഇല്ല എന്ന്‌ പലരും ഉള്‍കൊള്ളുന്നുണ്ട്‌. പ്രതീക്ഷയെ ഉന്മാദത്തോളം താലോലിച്ച ഒരാളോ തൂങ്ങിയും മരിക്കുന്നു. പ്രതീക്ഷയുടെ മരണമാണ്‌ സിനിമയുടെ രണ്ടാം ഭാഗത്തെ സാര്‍ത്ഥകമാക്കുന്നത്‌. ഒരു പക്ഷെ ഇത്രയും ആഴത്തില്‍ പ്രതീക്ഷകള്‍ പൊയ്‌പ്പോയത്‌, അനുവാചകനു അനുഭവവേദ്യമാക്കാന്‍ ആദ്യഭാഗത്ത്‌ സംവിധായകനു സാധിച്ചിരുന്നില്ലെങ്കില്‍, രണ്ടാംഭാഗത്തിന്റെ അസ്തിത്വം സംശയിക്കപ്പെട്ടേനെ.

പ്രതീക്ഷ നഷ്ടപ്പെട്ടൊരു സമൂഹം എത്ര ദയനീയമായാണു കഴിയുന്നതെന്നും, മനുഷ്യമൂല്യങ്ങള്‍ക്കും അവസ്ഥകള്‍ക്കും അത്തരുണത്തില്‍ സംഭവിക്കാവുന്ന ലോപത്വവും കൃത്യമായും ഈ ലത്തീനമേരിക്കന്‍ ഗ്രാമീണജീവിതം വരയുന്നുണ്ട്‌. നായകനായ മാരിയോയോട്‌ ഹോട്ടല്‍ ജീവനക്കാരിയായ സ്ത്രീക്ക്‌ അത്യധികം പ്രണയവിധേയത്വം ഉണ്ട്‌. എങ്കിലും അതിനു മൃഗീയമായ ഒരു തലം മാത്രമെ ആ പരിസരത്തില്‍ സാധ്യമാവുന്നുള്ളു. പ്രണയത്തിന്റെ ഉദാത്തതയും മിനുസവും ഒന്നും ആ ജീവിതാവസ്ഥയില്‍ നടക്കുന്നില്ല. മാരിയോയോട്‌ അവള്‍ക്ക്‌ തോന്നുന്ന പ്രണയത്തെ പുച്ഛിക്കാന്‍ മാത്രമായി ഹോട്ടലുടമ അവളെ തന്റെ കിടപ്പുമുറിയിലേക്ക്‌ കൊണ്ടുപോകുന്നുണ്ട്‌ ഒരവസരത്തില്‍.

അത്രയും പ്രണയാതുരനൊന്നും അല്ല പക്ഷെ മാരിയോ. ആ നഷ്ടലോകത്ത്‌ കുറച്ച്‌ നേരമ്പോക്കിനു അയാള്‍ക്ക്‌ ആ പ്രണയം ഉതകുന്നുണ്ടാവാം. എന്നാല്‍ ഇവിടെ, മറ്റു പലയിടത്തും, സംവിധായകന്‍ നിലനിര്‍ത്തുന്ന നിസ്സംഗത അനുവാചകന്റെ ബോധത്തെ അലോസരപ്പെടുത്തും വിധം പ്രകടമാണ്‌. കഥാപത്രങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവവൈചിത്ര്യങ്ങളുടെ ബാധ്യത ഏറ്റെടുക്കാന്‍ തനിക്കാവില്ല എന്നാണത്‌. കഥാപാത്രങ്ങളെ അവരുടെ വഴിക്കുവിടുക എന്നതുതന്നെ കലയുടെ മുഖ്യഭാഷ്യങ്ങളിലൊന്നാണ്‌. ആത്മഭാഷണങ്ങള്‍ തീര്‍ച്ചയായും വലിയ കലാസൃഷ്ടികള്‍ക്ക്‌ കാരണമാകുന്നു. എന്നാല്‍ അതിന്റെ വിരുദ്ധം കൂടി നല്ല കലകള്‍ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ്‌ ഈ ചിത്രം. സാക്ഷാത്കാരം നല്‍കുന്നവന്‍ തന്റേതായ ഒരു നിലപാടെടുക്കാതെ, അല്ലെങ്കില്‍ ആവിഷ്കാരത്തിന്റെ ചുമതലയില്‍ അതു പെടുന്നില്ല എന്നു അനുവാചകനെ വിശ്വസിപ്പിക്കും വിധം അന്യവത്‌കരിക്കുക എന്നത്‌ പ്രയാസമുള്ള കലാഭൂമികയാണ്‌. കഥയുടെയും കഥാപാത്രങ്ങളുടെയും ബാധ്യത മുഴുവന്‍ ഏറ്റെടുത്ത്‌ അലയേണ്ട ഉത്തരവാദിത്തം അനുവാചകനു മാത്രമായി വിട്ടുതരുന്നു.

ഈ ഗ്രാമത്തില്‍ തന്നെയാണു 'സതേണ്‍ ഓയില്‍ കമ്പനി' എന്ന യു.എസ്‌. എണ്ണകമ്പനി പ്രവര്‍ത്തിക്കുന്നത്‌. ദരിദ്രവും ദയനീയവുമായ ഗ്രാമീണ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ ഒരിടമാണ്‌ എണ്ണകമ്പനി. അത്‌ സമ്പത്തിന്റെ മൂര്‍ത്തരൂപമാണ്‌. യു.എസ്സ്‌.-ന്റെ അധിനിവേശ ത്വരയുടെ പ്രതീകമായൊക്കെ പിന്നീടു ഒരുപാടിടങ്ങളില്‍ ഈ എണ്ണകമ്പനിയുടെ ബിംബത്തെ നിരൂപിച്ചു കാണുന്നുണ്ട്‌. എന്നാല്‍ ക്ലൂസോ അത്‌ ആഴത്തിലുള്ള ഒരു സാമൂഹിക വിമര്‍ശനമായി ഉദ്ദേശിച്ചിരുന്നോ എന്നത്‌ അവ്യക്തമാണ്‌. സിനിമയുടെ നിര്‍മ്മാണകാലം ആയിരത്തി തൊള്ളായിരത്തി അന്‍പതുകളുടെ ആദ്യപകുതിയാണ്‌. നാസിസത്തിന്റെ തിക്തതകള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലം. റൂസ്‌വെല്‍റ്റ്‌ കനിഞ്ഞില്ലായിരുന്നുവെങ്കില്‍ എന്താവുമായിരുന്നു യൂറോപ്പിന്റെ ഗതി എന്ന്‌ ആ യുദ്ധം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരോ ആളും ഞെട്ടലോടെ ഓര്‍ത്തുകൊണ്ടിരിക്കുന്ന കാലം. എങ്കിലും അമേരിക്കന്‍ ജീവിതരീതിയുടെ സുഖലോലുപതയേയോ വമ്പത്തരങ്ങളെയോ ഒക്കെ ക്ലൂസോ പരിഹാസരൂപേണ സമീപിക്കുന്നുണ്ട്‌, ചിലയിടങ്ങളിലെങ്കിലും. പക്ഷെ അതൊക്കെ, ആ ട്രക്ക്‌ യാത്രയുടെ സംഭവ്യതയും തീവ്രതയും ഒരുകാരണവശാലും ചോദ്യംചെയ്യപ്പെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണെന്നു പിന്നീടു നമ്മള്‍ അറിയുന്നുണ്ട്‌.

മരണം തന്നെയാണു പ്രതീക്ഷ എന്നിടത്തു നിന്നാണു നാലുപേരും ട്രക്ക്‌ യാത്ര ആരംഭിക്കുക. ഈ ട്രക്ക്‌ യാത്രയാണ്‌ സിനിമയുടെ രണ്ടാം ഭാഗം. ആ ഗ്രാമത്തില്‍ വന്നുപെട്ടവര്‍ക്ക്‌ പുറത്തുപോവുക എളുപ്പമല്ല, അല്ലെങ്കില്‍ അസംഭവ്യം തന്നെയും ആണ്‌. അപ്പോഴാണ്‌ നൈട്രോഗ്ലിസറിനും കൊണ്ടുള്ള ഈ പ്രതീക്ഷയുടെ യാത്ര കടന്നുവരുന്നത്‌. വിചിത്രമായൊരു ദശാസന്ധി --പ്രതീക്ഷയും മരണവും ഒന്നായി തീരുന്നിടം. യാത്രക്കാരുടെ ബുദ്ധിയും ശരീരവും അതിന്റെ കഴിവുകളുടെ അറ്റംവരെ വലിച്ചുനീട്ടിയാല്‍ മാത്രം ഒരുപക്ഷെ മരണത്തെ കവച്ചുകടക്കാം - അന്നേരമത്രയും അത്‌ സാധ്യമാവും എന്ന പ്രതീക്ഷയും ഒപ്പം സഞ്ചരിക്കുന്നു. ദുര്‍ഘടമായതും നീണ്ടതുമാണ്‌ യാത്ര. ഒരു ചെറിയ ചലനം മതി ആ പ്രദേശത്തെമുഴുവന്‍ ഒരു ഗര്‍ത്തമാക്കി മാറ്റിക്കൊണ്ട് ട്രക്ക്‌ പൊട്ടിത്തെറിക്കാനും.

ഭയത്തെ പ്രശ്നവല്‍ക്കരിക്കാന്‍ ഇവിടെ ക്ലുസോ കരുവാക്കുന്നത്‌ മാരിയോയുടെയും ജോയുടേയും ബന്ധമാണ്‌. ജോ ഗ്രാമത്തില്‍ വന്നിറങ്ങുന്നത്‌ ഒരു മുന്‍കാല ഡോണിന്റെ മുഴുവന്‍ പകിട്ടോടെ ആണ്‌. മാരിയോ പെട്ടെന്ന്‌ അയാളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു. പുരുഷപ്രാമാണ്യത്തിന്റെ ചില സൂചകങ്ങളാണ്‌, ജോയിലേക്ക്‌ മാരിയോയെ അടുപ്പിക്കുന്നത്‌. ദയനീയവും ലോപവും ആയ ജീവിതാവസ്ഥയില്‍, താല്‍ക്കാലികമായെങ്കിലും, പ്രതീക്ഷയുടെ അടയാളം ജോയുടെ രീതികളില്‍ മാരിയോ കാണുന്നു. വിധേയത്വത്തോടെ മാരിയോ അയാളിലേക്ക്‌ പറ്റിചേരുന്നു. കൂട്ടുകാരിയായ ലിന്‍ഡയും കൂട്ടുകാരനായ ല്യൂജിയും ആ ബാന്ധവത്തെ എതിര്‍ക്കുന്നുണ്ട്‌. ഗ്രാമത്തിലെ പൗരുഷത്തിന്റെ പ്രതിരൂപമായി അവര്‍ കണ്ടിരുന്ന മാരിയോയുടെ വിധേയത്വം അവരെ അലോസരപ്പെടുത്തിയിരിക്കാം. എന്നാല്‍ മാരിയോ അതൊന്നും കാര്യമാക്കുന്നില്ല. അയാള്‍ക്ക്‌ അടിസ്ഥാന കാമനയായ അതിജീവനമാണ്‌ പ്രശ്നം. ജീവിക്കുന്ന കുപ്പത്തൊട്ടിയോടു സന്ധിയാവുക സാധ്യമാവുന്നില്ല എന്നും ആവുമത്‌.

യാത്ര ആരംഭിക്കുമ്പോള്‍ ട്രക്ക്‌ ഓടിക്കുന്നത്‌ ജോ ആണ്‌. എന്നാല്‍ താമസിയാതെ ജോയ്ക്ക്‌ പനി ബാധിക്കുന്നു. സുരക്ഷിതമായ താവളങ്ങളിലിരുന്നു അധോലോകം കളിക്കുന്നതു പോലെ എളുപ്പമല്ല മരണവുമായുള്ള മുഖാമുഖം എന്നു ജോ അറിയുന്നു. പനി ഭയത്തിന്റെ പ്രത്യക്ഷവത്കരണമാണ്‌. ഇനി മുന്നോട്ട്‌ ഒട്ടുംവയ്യ എന്ന നിലയ്ക്ക്‌ ദയനീയമാം വിധം അയാള്‍ തളരുന്നു. മരണഭയത്തിനു മുന്നില്‍ മുഖംമൂടികളില്ല. ഒരു കൊടുംവളവില്‍ വച്ച്‌ ജോ ഓടി, അല്ല ഇഴഞ്ഞ്‌, രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ട്‌. വിജനമായ ആ വിദൂരപ്രദേശത്ത്‌ എങ്ങോട്ടു രക്ഷപെടും എന്നത്‌ രണ്ടാമത്തെ ചിന്ത മാത്രമാണ്‌. അപ്പോള്‍ വേണ്ടത്‌, തനിക്കു പിന്നില്‍ ട്രക്കില്‍ നിറച്ചുവച്ചിരിക്കുന്ന മരണത്തില്‍ നിന്നും രക്ഷപെടുക എന്നതു മാത്രമാണ്‌. പിന്നീടയാള്‍ പേടിയുടെ മൂര്‍ദ്ധന്യത്തില്‍ അതുമായി സമപ്പെടുന്നുണ്ട്‌. നിശ്ചയമായ മരണത്തിന്റെ അനിവാര്യത അയാള്‍ ഉള്‍ക്കൊള്ളുന്നു.

എന്നാല്‍ ഇതിന്‌ തികച്ചും വ്യത്യസ്തമായാണ്‌ മാരിയോയില്‍ സംഭവിക്കുന്നത്‌. ഏറ്റവും അപകടകരമായ ആ ജീവിതാവസ്ഥയില്‍ അയാളില്‍ മനുഷ്യനു സാധ്യമാവുന്ന മൃഗകാമനകള്‍ മറനീക്കി പ്രത്യക്ഷപെടുന്നു. കൊന്നും തിന്നും അതിജീവിക്കാനുള്ള ത്വര. അതും പേടിയുടെ തന്നെ മറ്റൊരു തരത്തിലുള്ള ബഹിര്‍സ്പുരണമാണ്‌. കുറച്ചു മുന്‍പുവരെ താന്‍ വിധേയത്വം കാണിച്ചിരുന്ന ജോയുടെ അപ്പോഴത്തെ ദയനീയാവസ്ഥ അയാളില്‍ സഹതാപത്തിന്റെ ചെറിയ ചലനം പോലും സൃഷ്ടിക്കുന്നില്ല. മരിക്കാതെ തനിക്കു ലക്ഷ്യത്തിലെത്തണം-അതിനപ്പുറമുള്ള ഒന്നും അയാളെ ബാധിക്കുന്നതേ ഇല്ല. മനസ്സും ശരീരവും ആ ലക്ഷ്യത്തിനുവേണ്ടി മാത്രമായി കൂര്‍മ്മപ്പെടുത്തിയിരിക്കുന്നു. നിരത്തു വലിയൊരു വളവെടുക്കുന്ന കൊക്കയില്‍, വണ്ടിക്കു പിറകില്‍ ജോ നില്‍ക്കുന്നുണ്ട്‌ എന്നത്‌, അയാളുടെ നിലവിളികള്‍ക്കിടയില്‍ പോലും, മാരിയോ ശ്രദ്ധിക്കുന്നതേ ഇല്ല. വണ്ടി കൊക്കയില്‍ മറിയാതെ സൂക്ഷിക്കുക എന്ന ഒറ്റ കാര്യത്തില്‍ അയാളുടെ ശ്രദ്ധ കേന്ദ്രീകരിക്കപെട്ടിരിക്കുന്നു. കുഴലു പൊട്ടി എണ്ണ നിറയുന്ന നിരത്തില്‍ വച്ച്‌ ജോയുടെ കാലിലൂടെ വണ്ടികയറ്റി മറുകരപിടിക്കുന്നതും അതിജീവനത്വരയുടെ മൃഗവാസന തന്നെയാണ്‌ വെളിപ്പെടുത്തുന്നത്‌.

മരണാസന്നനായ ജോയെ മടിയില്‍ കിടത്തി, അയാളുടെ ഭ്രമാത്മകമായ ഓര്‍മ്മകളേയും ചിന്തകളേയും മാരിയോ പിന്‍പറ്റുന്നുണ്ട്‌. ജോയുടെ മരണത്തിന്റെ മുഖ്യകാരണം താന്‍ ആണെന്ന ലാഞ്ചനയൊന്നും ആ സംഭാഷണത്തില്‍ മാരിയോ കാണിക്കുന്നില്ല. ജോയുടെ മരണം അനിവാര്യമാണെന്ന അബോധമായ അറിവുകൂടിയാവാം അത്‌ --ജോയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ രണ്ടുപേരുടെയും മരണത്തിലേ തീരൂ എന്ന ഉള്‍വിളി. മാനുഷികമായ വൈകാരികതകളുടെ തലത്തില്‍ നിന്നും ജോ അകലേയും ആയി കഴിഞ്ഞിരുന്നു അന്നേരത്തേയ്ക്ക്‌.

നേരത്തെ സൂചിപ്പിച്ചതു പോലെ, ഈ ഭാഗത്ത്‌, സംവിധായകന്‍ അലോസരപ്പെടുത്തും വിധം നിസ്സംഗത പാലിക്കുകയാണ്‌. കഥയിലെ നായകസ്ഥാനത്തു നില്‍ക്കുന്ന മാരിയോയെ പോലും ഒരു തരത്തിലും തുണയ്ക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. സംവിധായകന്റെ മുന്നിലും ഒരു ലക്ഷ്യമാണുള്ളത്‌. അതു ഭയത്തിനു ചലച്ചിത്ര ഭാഷ്യം നല്‍കുക എന്നതാണ്‌. അതിനുള്ള ഉപാധിമാത്രമാണ്‌ കഥയും കഥാപാത്രങ്ങളും. കഥാപാത്രങ്ങളുടെ നന്മതിന്മകള്‍ അവരുടെ മാത്രം വിധിയാണ്‌. നായക കഥാപാത്രത്തിന്റെ പ്രകാശനങ്ങള്‍ സാക്ഷാത്കാരകന്റെ ആത്മവഴികളാകുന്ന കലാസങ്കേതം ഇവിടെ പാടെ ഉപേക്ഷിക്കപെട്ടിരിക്കുന്നു.

സമ്മാനം നേടി തിരിച്ചു വരുന്ന മാരിയോയുടെ വിജയം ആഘോഷിക്കുന്ന പഴയ സുഹൃത്തുക്കളുടെ സന്തോഷത്തില്‍ അവസാനിക്കാതെ കഥ എന്തേ അയാളുടെ അനായാസമരണം വരെ നീണ്ടു? പൊതുവേ ഒരു മൂന്നാംതരം ചലച്ചിത്രത്തില്‍ കാണുന്ന നാടകീയത അതിനുണ്ട്‌. അത്രയും ലളിതമായൊരു ഷോക്ക്‌ ആയിക്കോട്ടെ കാണികള്‍ക്ക്‌ എന്നു കരുതിയിരിക്കുമോ ഗൗരവമേറിയ ഒരു പ്രമേയത്തിന്റെ ഒടുവില്‍ സംവിധായകന്‍. മടക്കയാത്രയില്‍ ട്രക്കിനു പിന്നില്‍ പൊട്ടിത്തെറിക്കുന്ന രാസവസ്തു ഇല്ല. എണ്ണ ഒഴുക്കുന്ന കുഴലൊക്കെ ഏകദേശം നന്നാക്കി കഴിഞ്ഞു. ഭയമില്ലാതെ മാരിയോ വണ്ടി ഓടിച്ചു പോകുന്നു. എന്നാല്‍ ഭയമില്ലാത്ത അവസ്ഥയെ സാധ്യമാക്കുന്നത്‌ ഭയം തന്നെയാണ്‌ എന്ന തിരിച്ചറിവു നല്‍കാന്‍ ഈ സിനിമയ്ക്കല്ലാതെ മറ്റേതിനാണ്‌ സാധിക്കുക എന്ന്‌ സംവിധായകന്‍ ആഗ്രഹിച്ചിരുന്നിരിക്കണം. പേടി എന്നാല്‍ ജീവിതം തന്നെയാണ്‌. ജീവിതത്തിന്റെ കൂലി രണ്ടായിരം ഡോളറല്ല, മരണമാണ്‌ എന്നു പറഞ്ഞതും ആവാം.

00

2 comments:

 1. ഈ സിനിമ കാണാന്‍ തീരുമാനിച്ചു.
  (സിനിമാ അവലോകനങ്ങള്‍ https://www.facebook.com/groups/147393955379714/ ഈ ഫേസ് ബുക്ക് സിനിമാഗ്രൂപ്പിലേയ്ക്ക് പോസ്റ്റ് ചെയ്താല്‍ വായിക്കുന്നവര്‍ക്ക് ഒരു പ്രയോജനമാകുമല്ലോ)

  ReplyDelete
  Replies
  1. എഫ്ബി ഗ്രൂപ്പിലേയ്ക്ക് റിക്വെസ്റ്റ് അയച്ചിട്ടുണ്ട്. പരിചയപ്പെടുത്തിയതിൽ സന്തോഷം.

   Delete