Wednesday, 14 May 2014

നിദ്രാകാശത്തിലെ മേഘചിത്രങ്ങള്‍

സ്വപ്നനാട് എന്ന സങ്കൽ‌പ്പം പ്രതീക്ഷയുടെ ഏറ്റവും മൂർത്തമായ ഭാവമാണ് - അതിൽ അടങ്ങിയിരിക്കുന്ന മോഹഭംഗത്തിന്റെ സാധ്യത ഉൾപ്പെടെ. സ്വപ്നങ്ങൾ, പലപ്പോഴും കാമനകളുടെ നിദ്രാകാശത്തിൽ എഴുതപ്പെടുന്ന മേഘചിത്രങ്ങളാണ്. ഉറക്കം ഞെട്ടുമ്പോൾ അവ മാഞ്ഞുപോകുന്നു - തന്റെ സ്വപ്നദേശത്തേക്ക് യാത്രപോകുന്ന നായകനോട് വഴിയാത്രയിൽ ഒപ്പം വന്നുപെടുന്ന ബുദ്ധസന്യാസി ഓർമ്മിപ്പിക്കുന്നത് ഇതാണ്. മദ്യപനേയും സന്യാസിയേയും ആരാണ് ഗൌരവമായി എടുക്കുക എന്ന് നായകൻ ആ വാദം പരിഹാസത്തോടെ തുടക്കത്തിൽ  തള്ളികളയുന്നുണ്ട്. നിർമമ ജീവിതത്തിന്റെ മോക്ഷകാംക്ഷകളെകുറിച്ചാണ് ബുദ്ധിസം പറയുക. തിബത്തൻ ബുദ്ധിസത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള ഭൂട്ടാനിൽ നിന്നും ഒരു ചലച്ചിത്രം ഉണ്ടാവുമ്പോൾ അതിൽ ഇത്തരമൊരു തത്വവിചാരത്തിന്റെ അടിയൊഴുക്ക് കാണാതിരിക്കുക എന്നതാവും ആശ്ചര്യകരം. ഖ്യെൻസെ നോർബു (Khyentse Norbu) എന്ന പ്രശസ്തനായ ബുദ്ധിസ്റ്റ് ലാമയാണ് ട്രാവലേഴ്സ് ആന്റ് മജിഷ്യൻസ് (Travellers and Magicians) എന്ന, ആദ്യമായി ഭൂട്ടാനിൽ വച്ച്  പൂർണ്ണമായും ചിത്രീകരിച്ച ഈ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് എന്നതിനാൽ കൂടി അത് അനിവാര്യമായി തീരും.

ഖ്യെൻസെ നോർബുവിന്റെ രണ്ടാമത്തെ സിനിമയാണിത് (ആദ്യത്തെ സിനിമ ‘ദി കപ്പ്’ ഇന്ത്യയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്). ഒരു സന്യാസിയുടെ സിനിമ എന്ന നിലയ്ക്കുള്ള ആദ്ധ്യാത്മികമായ ആശയപരിസരം ഇതിൽ പ്രകടമായി ഹാജരല്ല തന്നെ. ബെർട്ടൊലൂചിയുടെ സ്കൂളിൽ സിനിമ അഭ്യസിച്ച സന്യാസിയാണ് ഖ്യെൻസെ. തിബത്തൻ അഭയാർത്ഥികളുടെ പാലായനത്തിന്റെ ഭാഗമായി ആ ജനത ലോകത്തിന്റെ പല ഭാഗത്തും എത്തിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അവരുടെ ലാമമാർ അന്തർദേശീയമായ വീക്ഷണം ഉള്ളവരും വിവിധങ്ങളായ ചിന്താസരണികളെ ബുദ്ധിസത്തിന്റെ ആശയങ്ങളോട് സമപ്പെടുത്തി വ്യവഹരിക്കാൻ ശ്രദ്ധയുള്ളവരുമാണ്. ഇന്ത്യയിലും യു. കെയിലും ആയി വിദ്യാഭ്യാസം നേടുകയും, പല അന്താരാഷ്ട്ര സംഘടനകളുമായി ഇടപെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന ഖ്യെൻസെ, ബെർട്ടൊലൂചിയുടെ ‘ലിറ്റിൽ ബുദ്ധ’ എന്ന സിനിമയിൽ അടുത്തുനിന്ന് സഹകരിച്ചിട്ടുണ്ട്. സിനിമയുടെ സാധ്യതയും സങ്കേതവും ഉറപ്പുള്ള ഒരു സംവിധായകന്റെ സ്പർശം ഈ സിനിമയെ നവ്യമായ അനുഭവമാക്കുന്നു.

മൂന്ന് ഭാഗങ്ങളിൽ ഇന്ത്യയും ഒരു ഭാഗത്ത് ചൈനയും അതിർത്തിതീർക്കുന്ന, ഹിമാലയമലനിരകൾ കടന്നുപോകുന്ന ഒരു ചെറിയ രാഷ്ട്രമാണ് ഭൂട്ടാൻ. വംശീയമായും മതപരമായും തിബത്തിന്റെ ഭാഗങ്ങളുമായി കടുത്തൊരു സീമരേഖവരയ്ക്കാൻ സാധിക്കാത്ത രാജ്യം കൂടിയാണ് ഭൂട്ടാൻ - ഇന്ത്യൻ സംസ്ഥാനമായ സിക്കിമിനോടും. ചൈനയുടെ തിബത്തൻ അധിനിവേശത്തെകുറിച്ച് ഉറപ്പായും ഭയപ്പാടുള്ള ഭൂട്ടാൻ ബ്രിട്ടീഷ് കാലത്തിനു ശേഷം എന്നും ഇന്ത്യയോട് ചേർന്നുനിന്നു. ഇന്ത്യൻ സർക്കാരുമായി അടുത്തബന്ധം പുലർത്തിയിരുന്നെങ്കിൽ കൂടിയും ഈയടുത്ത കാലം വരെ, ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക്, അധികം തുറക്കലുകളില്ലാത്ത നയതന്ത്രമാണ് ഭുട്ടാൻ പ്രദർശിപ്പിച്ചിരുന്നത്. വംശഹത്യകൾ ഉണ്ടായില്ലെങ്കിലും, വംശീയമായ വിവേചനത്തിന്റെ ആരോപണങ്ങൾ ഭൂട്ടാൻ രാജഭരണത്തിനെതിരെയും ഉണ്ടായിട്ടുണ്ട്. എങ്കിൽകൂടിയും ഇപ്പോൾ ലോകത്തിലെ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. അതുളവാക്കിയ സാംസ്കാരികമായ ധ്രുവീകരണത്തിന്റെ സംഘർഷം, സമകാലികമായി ഒരുവിധമുള്ള മൂന്നാലോകരാജ്യങ്ങളെല്ലാം കടന്നുപോകുന്ന ജീവിതാവസ്ഥയുടെ പരിസരം, അന്വേഷിക്കുന്നു ഈ ചലച്ചിത്രം.

ഭൂട്ടാന്റെ സാംസ്കാരികമായ വ്യക്തിരക്തത അടയാളപ്പെടുത്താനായി സിനിമയുടെ തുടക്കത്തിൽ തന്നെ സാന്ദർഭികമായി രണ്ട് ചിഹ്നങ്ങൾ കടന്നുവരുന്നുണ്ട്. ഒന്ന് നാടൻഅമ്പെയ്ത്ത് മത്സരമാണ്. കേരളത്തിലെ കബടികളിയോ പന്തുകളിയോ ഒക്കെ പോലെ ഹിമാലയത്തിന്റെ ഈ ഭാഗത്തെ താഴ്വരകളിൽ വാശിയേറിയ സായാഹ്നവിനോദമാണ് അമ്പെയ്ത്ത്. അതുപോലെ, ഊർവരതയുടെ ബിംബം തടിയിലും മറ്റും നിർമ്മിച്ചെടുക്കുന്ന ഭാരമേറിയ ലിംഗമാണ്. ഒരു ഗൃഹപ്രവേശത്തിന്റെ ഭാഗമായി ഈ അചാരത്തിന്റെ പാർശ്വവീക്ഷണവും സിനിമ നൽകുന്നുണ്ട്. വിദൂരമായ ഭൂട്ടാൻ ഗ്രാമത്തിൽ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥനായ ഡോൺഡുപ്പിന് പക്ഷെ ഇക്കാര്യങ്ങളിലൊക്കെ പരിഹാസം കലർന്ന നിസ്സംഗതയാണ്. അയാളുടെ സ്വപ്നദേശം അമേരിക്കയാണ്. റ്റിംഫുവിലെ അമേരിക്കൻ എംബസ്സിയിലേക്ക് ചെല്ലാൻ കൂട്ടുകാരന്റെ കത്തുവരുന്നതും കാത്ത് അസ്വസ്ഥനായി കഴിയുന്ന ഡോൺഡുപ്പിലാണ് സിനിമ തുടങ്ങുന്നത്.

ഉൾഗ്രാമത്തിൽ നിന്നും റ്റിംഫുവിലേക്കുള്ള ഏക ബസ് നഷ്ടപ്പെടുന്ന ഡോൺഡുപ് കൂടുതൽ അസ്വസ്ഥനായി കാൽനടയായും ലോറിയിലുമൊക്കെയായി യാത്രതുടരുമ്പോൾ വഴിക്കുള്ള സ്ഥലങ്ങളിൽ നിന്നും  മറ്റുചില യാത്രക്കാർ കൂടി അയാൾക്കൊപ്പം ചേരുന്നു. അതിലൊന്ന് ഒരു യുവസന്യാസിയാണ്. വൃദ്ധനായ ആപ്പിൾ കച്ചവടക്കാരൻ, മദ്യപൻ, ഒരു അച്ചനും മകളും, ലോറി ഡ്രൈവർ - ഇവരാരും ഡോൺഡുപ്പിനെ പോലെ അസ്വസ്ഥരോ തിരക്കുള്ളവരോ അല്ല എന്നുമാത്രമല്ല ഈ ലോകത്തിലെ മുഴവൻ സമയവും തങ്ങൾക്കുള്ളതാണ് എന്ന് വിശ്വസിക്കുന്നവർ കൂടിയാണെന്ന് തോന്നും. വളരെ അടിസ്ഥാനത്തിൽ മനുഷ്യാവസ്ഥ അഭിമുഖീകരിക്കുന്ന അസ്തിത്വസംബന്ധിയായ ദ്വന്ദം ലളിതമായി ഇവിടെ വിന്യസിക്കപ്പെടുന്നു. ഡോൺഡുപ്പിനൊഴിച്ച് സഹയാത്രക്കാർക്കാർക്കും മറ്റൊരു സ്വപ്നനാടിനെ ഓർത്തുള്ള മോഹങ്ങളില്ല. സന്യാസിയെ മാറ്റിനിർത്തിയാൽ മറ്റ് സഹയാത്രികർക്കാർക്കും തന്നെ തങ്ങളുടെ പരിസരത്തിനപ്പുറത്തുള്ള ഒരു ലോകത്തെകുറിച്ച് അറിവോ, അറിയാനുള്ള ആഗ്രഹം തന്നെയോ ഇല്ല. ആയിരിക്കുന്ന സ്വതരീതിക്കതീതമായ ജീവിതത്തെകുറിച്ച് വിചാരിക്കുക എന്നതിന്റെ ബോധതലം തന്നെ അവരിൽ റദ്ദാണെന്നു കരുതാം. എന്നാൽ ഡോൺഡുപ്പുമായി താരതമ്യം ചെയ്യുമ്പോൾ അവരെല്ലാവരും അത്ഭുതകരമാംവിധം സ്വസ്ഥരും സന്തോഷമുള്ളവരുമായി കാണപ്പെടുന്നു. പ്രാഥമികതയിലെ ഇത്തരം സ്വസ്ഥതകൾ പക്ഷെ പുരോഗനോന്മുഖമോ സർഗാത്മകമോ ആവില്ലതന്നെ. സംവിധായകന്റെ ആത്മസ്ഫുരണമുള്ള യുവസന്യാസി പ്രമേയത്തിൽ പ്രസക്തമാവുന്നതിവിടെയാണ്.

സ്വപ്നദേശത്തിന്റെ അമൂർത്തതയേയും മായികതയേയും സന്യാസി ഒരു കഥയിലൂടെയാണ് പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നത്. കഥയിലേക്ക് കടക്കുമ്പോൾ സിനിമയുടെ അഖ്യാനസ്വഭാവം പ്രകടമായും മാറുന്നു. സാധാരണമായ ഒരു റോഡ് മൂവി എന്നമാതിരി, വളരെ ലളിതവും സ്ഥൂലവുമായി അതുവരെ തുടർന്ന നറേഷൻ കാഴ്ചയിലും പാഠത്തിലും സങ്കീർണ്ണമായ നിറപകർച്ചയിലേക്ക് കുതിരയോടിച്ച് പോകുന്നു അതിനുശേഷം. മദ്യത്താൽ ഉന്മത്തനാവുന്ന റ്റാഷി (സന്യാസി പറയുന്ന കഥയിലെ മുഖ്യകഥാപാത്രം) തനിക്കു പരിചയമില്ലാത്ത കുതിരയുടെ പുറത്തുകയറി ഓടിച്ചുപോകുമ്പോൾ ഒരു ഇന്ദ്രജാലത്തിലെന്നതുപോലെ കഥാപരിസരം ഇരുണ്ടതും നിഗൂഡവുമായ തലമാർജ്ജിക്കുന്നു. റ്റാഷി ഇന്ദ്രജാലം പഠിക്കുന്ന വിദ്യാർത്ഥിയാണെന്നതും അവൻ പതിവില്ലാതെ മദ്യപിച്ചിരിക്കുന്നു എന്നതും അഖ്യാനത്തെ മായികവും സ്വപ്നസമാനവും ആക്കുന്നതിനുള്ള യുക്തിഭദ്ര പശ്ചാത്തലം നിവർത്തിക്കുന്നു. മൂന്ന് തലങ്ങളിലുള്ള കഥാലോകം ലയസാന്ദ്രതയോടെയാണ് സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നത് - ഡോൺഡുപ്പും സന്യാസിയുമൊക്കെ പ്രത്യക്ഷപ്പെടുന്ന സമകാലത്തിന്റെ നേർവർണ്ണം, സന്യാസി പറയുന്ന റ്റാഷിയുടെ കഥ, റ്റാഷി എത്തപ്പെടുന്ന സ്വപ്നലോകത്തിന്റെ നിഴൽനിറം. ഛിന്നമായ കഥാതലങ്ങളെ തുന്നിച്ചേർത്തിരിക്കുന്നതിലെ ലയബോധം ഉത്തരാധുനികമായ ആഖ്യാനസ്വഭാവത്തിന്റെ സ്വാഭാവികനിലയാർജ്ജിക്കും.

റ്റാഷിയുടെ ‘സ്വപ്നദേശം’ അടുത്ത ഗ്രാമത്തിലെ സുന്ദരികളായ പെൺകുട്ടികളാണ്. സ്വന്തം ഗ്രാമത്തിലെ ദാരിദ്ര്യംപിടിച്ച പെൺകുട്ടികളിൽ അവന് താൽ‌പ്പര്യമില്ല. അപ്രതീക്ഷിതമായി ഒരു  കുതിരയെ കിട്ടുമ്പോൾ അവൻ അതിൽ കയറി പോകുന്നതും അയൽഗ്രാമത്തിലേക്കാവും. എന്നാൽ കുതിരസവാരി നടത്താൻ പരിചയമില്ലാത്ത റ്റാഷിയെ കാടിനുള്ളിലൂടെ മറ്റെവിടേയ്ക്കോ കൊണ്ടുപോകുന്നു ആ കുതിര. കാടിനുള്ളിലൂടെയുള്ള ഈ കുതിരസവാരിയുടെ ദൃശ്യവിന്യാസം ഒരു മാസ്റ്റർ ചലചിത്രകാരന്റെ കയ്യൊപ്പായി മാറും. ഡോൺഡുപ്പിന്റെ വാസ്തവികലോകത്തുനിന്നും റ്റാഷിയുടെ സ്വപ്നത്തിലേക്ക് അസ്വാഭാവികതയുടെ സ്പർശമില്ലാതെ അനുവാചകനും കുതിരസവാരിചെയ്യും. നിയതവും മൂർത്തവുമായ കാമനകളല്ല പലപ്പോഴും മനുഷ്യനെ നയിക്കുക. റ്റാഷിയും സുന്ദരികളായ പെൺകുട്ടികളെ ഇഷ്ടപ്പെടുന്നത് ലക്ഷ്യമില്ലാത്ത ഒരു അഭിനിവേശത്താലാണ്. മദാലസയും കാമാതുരയുമായ ഒരു സ്ത്രീയിൽ ചെന്നുപെടുമ്പോൾ താനാഗ്രഹിച്ചിരുന്നത് ഇതാണോ എന്ന വിചാരങ്ങൾ ഉയരാനാവുന്നതിനപ്പുറത്തുള്ള മോഹവലയുടെ മായികതയിൽ റ്റാഷി പെട്ടുപോവുകയാണ്. ചിന്താജീവിതം നിലനിർത്താനാഗ്രഹിക്കുന്ന ചില നൈതിക ചോദ്യങ്ങളും ഉത്തരങ്ങളും  സ്വാഭാവികമാവാൻ അനുവദിക്കാതെ ആ അഭിനിവേശത്തിന്റെ സാഹചര്യം സങ്കീർണ്ണമാവുന്നു. ഡെകേയ് എന്ന സ്ത്രീയുടെ ലാസ്യസൌന്ദര്യത്തിൽ ഡോൺഡുപ്പിന്റെ സ്വപ്നദേശത്തെ സന്നിവേശിപ്പിക്കുകയാണ് തന്റെ കഥയിലൂടെ സന്യാസി. അയഥാർത്ഥമായ ക്ഷണികസ്വപ്നങ്ങളിലുള്ള സുഖാഭിരമിക്കൽ അതിൽ തന്നെ അന്തർലീനമായ അനിവാര്യദുരന്തത്തിലേക്ക് കൊണ്ടുപോയേക്കും. ദുരന്തങ്ങളാണ് പുനർവിചിന്തനങ്ങൾ ഉണ്ടാക്കുന്നത്. കാടിനു നടുവിലെ ഉദ്യാനസമാനമായ കുറ്റിച്ചെടികൾക്കിടയിൽ കിടന്നുകൊണ്ട് റ്റാഷിയും ഡെകേയും നടത്തുന്ന ഗൂഡാലോചനയുടെ ദൃശ്യം സിനിമയിലെ ഏറ്റവും മനോഹരവും ശക്തവുമായ സീനാണ് - അപൂർവ്വമായ ഏതോ വാദ്യോപകരണത്തിൽ നിന്നുവരുന്ന വിചിത്രമായ സംഗീതത്തിന്റെ പതിഞ്ഞ സ്ഥായിയിലുള്ള ആരോഹണാവരോഹണങ്ങൾ സുനിശ്ചിതമായ ദുരന്തത്തിന്റെ മുന്നറിവ് അനുവാചകനിലേക്ക് സംക്രമിപ്പിക്കുന്നു.      

കഥയ്ക്കുള്ളിലെ സ്വപനത്തിൽ നിന്നും ആ സ്ത്രീകഥാപാത്രം ഒരു മിന്നലാട്ടം പോലെ ഡോൺഡുപ്പിന്റേയും സഹയാത്രികരുടേയും  മുന്നിൽ വന്നുപോകുന്നുണ്ട്. അവരെക്കണ്ടിട്ടും നിർത്താതെപോകുന്ന മേഴ്സിഡസ് കാറിനുള്ളിലിരിക്കുന്ന പെണ്ണിനും ഡെകേയുടെ മുഖമാണെന്ന് ഞെട്ടലോടെ അനുവാചകൻ അറിയുന്നു. “ആ സ്ത്രീയും ഡോൺഡുപ്പിനെപ്പോലെ അമേരിക്കയിലേക്കു തിരക്കിട്ടു പോവുകയാണെന്ന് തോന്നുന്നു” എന്ന് സന്യാസി പറയുമ്പോൾ, അയാൾ തന്റെ കഥയിലെ ആശയത്തെ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കാലികവ്യഗ്രതകൾ മുന്നോട്ടുവയ്ക്കുന്ന  ആശയത്തിലേക്ക് പരോക്ഷമായി ആരോപിക്കുകയാണ് ചെയ്യുന്നത്. സിനിമ, കലയെന്ന നിലയക്ക് സത്യാത്മകമായ ഔന്നത്യങ്ങളെ അന്വേഷിക്കുന്ന അതീതതലം, ആധുനികാനന്തര കല മുന്നോട്ടുവയ്ക്കുന്ന ആഖ്യാനസ്വഭാവത്തിന്റെ ദർശനപരമായ വ്യതിരക്തത, ഇവിടെ സർഗാത്മകമായി പ്രകാശിപ്പിക്കപ്പെടുന്നുണ്ട്.

ആശയങ്ങളെ സമൂർത്തമായി അവതരിപ്പിക്കാനുള്ള ശക്തമായ ആയുധമാണ് ദ്വന്ദങ്ങളുടെ താരതമ്യം. ഡെകേയ് എന്ന മദാലസമായ സ്വപ്നലോകത്തിനു വിപരീതമായി വിന്യസിക്കപ്പെടുന്നു യാഥാർത്ഥ്യമായി മുന്നിലുള്ള സോനം എന്ന  ഗ്രാമീണപെൺകുട്ടി. ഒറ്റനോട്ടത്തിൽ തന്നെ അവരുടെ മുഖഭാവങ്ങളും ശരീരചലനങ്ങളും തികച്ചും വ്യത്യസ്തമായ രണ്ട് ലോകങ്ങളെ പ്രക്ഷേപണംചെയ്യുന്നു. സോനം വിദ്യാഭാസത്തിൽ പിറകിലായതുകൊണ്ട് കോളേജിൽ പ്രവേശനം കിട്ടാതെ അച്ഛനോടൊപ്പം ഗ്രാമത്തിൽ വന്നു താമസിച്ച് റൈസ്പേപ്പർ നിർമ്മാണത്തിൽ അയാളെ സഹായിക്കുകയാണ്. എന്നാൽ യാത്രക്കിടയിൽ ഒരു സമയം അവൾ ഡോൺഡുപ്പിനോട് പറയുന്നുണ്ട്, മാർക്ക് കുറവായതുകൊണ്ടോ തുടർവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാത്തതുകൊണ്ടോ അല്ല താൻ തിരിച്ച് ഗ്രാമത്തിലേക്ക് വന്നത് എന്ന്. നാട്ടിൽ വൃദ്ധനായ അച്ഛൻ തനിച്ചായിപോകുമല്ലോ എന്ന വ്യഥയിൽ, അങ്ങിനെയൊരു കള്ളം പറഞ്ഞ് അവൾ നഗരത്തിൽ നിന്നും മടങ്ങുകയായിരുന്നു. സിനിമയുടെ തുടക്കത്തിൽ, ഡോൺഡുപ്പിനോട് അവന്റെ കൂട്ടുകാരൻ ചോദിക്കുന്നുണ്ട് നീ അമേരിക്കയിൽ പോകുമ്പോൾ പ്രായമായ അച്ഛനേയും അമ്മയേയും ആരു സംരക്ഷിക്കും എന്ന്. അവരെങ്ങിനെയെങ്കിലും ജീവിച്ചോളും എന്ന അലസമായ മറുപടിയാണ് ഡോൺഡുപ് പറയുന്നത്. വ്യത്യസ്ഥമായ വീക്ഷണങ്ങൾ പക്ഷെ ഒരു സന്ദേശം എന്ന നിലയ്ക്കുള്ള പ്രകടനപരതോടെയല്ല പ്രകാശിപ്പിക്കപ്പെടുക - പ്രമേയം ലീനമായി വിക്ഷേപണം ചെയ്യുന്ന ദ്വന്ദങ്ങളെ, കാഴ്ച്ചക്കാരന് തന്റെ മനോനിലയനുസരിച്ച് പ്രശ്നവൽക്കരിക്കാമെന്നാവും അത്.

ഡോൺഡുപ് അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കിയോ? അയാൾ ഗ്രാമത്തിലേക്ക് മടങ്ങിചെല്ലുകയും സോനത്തെ വീണ്ടും കാണുകയും ചെയ്തിരിക്കുമോ? അത്തരം തീർപ്പുകളിലേക്കൊന്നുമെത്താതെ സോനത്തേയും അച്ഛനേയും വഴിയിൽ ഉപേക്ഷിച്ച് അയാൾ റ്റിംഫുവിലേക്കുള്ള യാത്രതുടരുമ്പോൾ സിനിമ കഴിയുന്നു. പക്ഷെ സ്വപ്നദേശങ്ങളുടെ നിരർത്ഥത അയാളറിയാതിരിക്കുന്നില്ല - തന്റെ അമേരിക്കൻയാത്രയെക്കുറിച്ച് സന്യാസിയുമായുള്ള ഒരു ഫലിതസംഭാഷണത്തിലാണ് അയാൾ യാത്രയുടെ അവസാനഭാഗത്ത്. തുടക്കത്തിൽ കണ്ടതുപോലെ  അപ്പോൾ അയാൾ അസ്വസ്ഥനല്ല, തിരക്കുള്ളവനുമല്ല. ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ ജീവിതത്തിന്റെ മറ്റൊരു രേഖ മുറിച്ചുകടക്കുന്നു, സിനിമയുടെ സാക്ഷാത്കാരകൻ സാർത്ഥകമായ ഒരു തത്വവിചാരത്തിന്റേയും.

00

1 comment:

  1. സിനിമാപ്രേമികൾ അധികം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഭൂട്ടാനിലെ ബുദ്ധിസ്റ്റ് സംവിധായകനായ ക്യെന്സേ നോര്ബുവിന്റെ "travelers and magicians " , കഥ പറചിലിന്റെയും ,പ്രകൃതി മനോഹാരിതയുടെയും പ്രത്യേകതകൾ മൂലം ശ്രദ്ധയർഹിക്കുന്ന സിനിമയാണ്.തമാശയും നാടകീയതയും ഒരുപോലെ കോർത്തിണക്കിയ ഈ സിനിമ ആത്മീയ തലത്തിലും നമ്മോടു സംവദിക്കുന്നു.
    മനസ്സിൽ കടലുകൾക്കപ്പുറാം "അമേരിക്ക " എന്ന സ്വപ്നഭൂമി കരുതി വച്ചിരിക്കുന്ന വിസ്മയങ്ങൾ സ്വപ്നം കണ്ടു നടക്കുന്ന യുവാവ്‌ ഒരു ഉൾഗ്രാമത്തിൽ ഉദ്യോഗസ്ഥനായി എത്തുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.യുവ തലമുറ അവന്റെ സാംസ്കാരിക വേരുകളോട് പുലർത്തുന്ന അലർജി വളരെ സമർഥമായി അവതരിപ്പിച്ചത് സിനിമയുടെ ആദ്യ രംഗങ്ങളിൽ നിന്നും കണ്ടെടുക്കാം.തന്റെ സുഹൃത്തിന്റെ സഹായത്താൽ അമേരിക്കൻ വിസ തരപ്പെടുത്തി ഗ്രാമത്തിൽ നിന്നും പുറത്തു കടക്കാനായി " തിമ്പു " എന്ന പ്രദേശം ലക്ഷ്യമാക്കി യുവാവ്‌ നടത്തുന്ന യാത്രയും, യാത്രയിൽ ഇയാളോടൊപ്പം പങ്കാളികളാകുന്ന കഥാപാത്രങ്ങളൂമായുള്ള സംഭാഷണങ്ങളുമാണ് ഈ സിനിമയുടെ ചാലകശക്തി .ബുദ്ധ ഭിക്ഷുവും , ആപ്പിൾ കച്ചവടക്കരനും ,കൃഷിക്കാരനും , സുന്ദരിയായ പെണ്‍കുട്ടിയും ഇയാളുടെ സഹചാരികളയെതുന്നു .യാത്രക്കിടയിൽ ബുധബിക്ശു പറയുന്ന മജീഷ്യന്റെ കഥ സിനിമയിലെ കഥയാണോ , അതോ നായകൻറെ ചിന്തകളെ പ്രതീകവൽകരിക്കുകയാണോ എന്ന് സംശയം തോന്നിപ്പിക്കത്തക്ക വിധത്തിൽ ഇഴയടുപ്പം പ്രകടിപ്പിക്കുന്നു."എഡിറ്റിംഗ് " എന്ന സാങ്കേതിക വിദ്യയുടെ കലാപരമായ ഉപയോഗം ഈ സിനിമയെ കാഴ്ചക്കാരുടെ മനോമണ്ഡലങ്ങളിൽ നിന്നും ഒരു നിമിഷം പോലും വഴുതി വീഴ്ത്താത വിധം പിടിച്ചു നിര്ത്തുന്നു.കഥയിൽ നിന്നും സിനിമയിലെ യാഥാർത്യങ്ങളിലെക് ഫ്രൈം മാറുമ്പോൾ "മാജിക്കൽ റിയലിസം " നാം അനുഭവിക്കുന്നു .ഛയഗ്രഹന രീതി സിനിമയുടെ ശാന്തവും ചിന്തൊദ്ധീപകവുമായ കഥാ തന്തുവിനെ സഹായിക്കുന്നു.

    ബുദ്ധ സന്യാസി പറയുന്ന കഥയ്ക്ക് സമാനമായി , അമേരിക്ക സ്വപ്നം കാണുന്ന യുവാവിൽ സംഭവിക്കുന്ന ചന്ജലതയും ,നൈമിഷികമായ സന്തോഷങ്ങൾ അനശ്വരമെന്നു കരുതി അഭിരമിക്കാൻ വെമ്പുന്ന മര്ത്യന്റെ കേവല പ്രകൃതങ്ങളും ഈ സിനിമ ആത്മീയ തലത്തിൽ അനാവരണം ചെയ്യുന്നു.ലൗകികതയുടെ നശ്വര വീഥികളിൽ ലക്ഷ്യ ബോധമില്ലാതെ ഉഴറിയോടുന്ന നമ്മൾ ഓരോരുത്തരും നായകനിൽ സമ്മേളിക്കുന്നതായി തോന്നാം.ബുദ്ധ സന്യാസി തന്റെ കഥ പൂർത്തിയാകുമ്പോൾ അർത്ഥശങ്കകിടയില്ലാത്ത വിധം യുവാവിന്റെ(യാത്രികന്റെ) ധര്മ്മസങ്കടങ്ങളും നമുക്ക് തിരിചറിയാനാവുന്നു . ഓരോ മനുഷ്യനും താൻ ജീവിക്കുന്ന ജീവിതത്തെ കുറിച്ചും , ജീവിക്കേണ്ട ജീവിതത്തെ കുറിച്ചും ചിന്തിക്കുന്നുന്ടെങ്കിലും ആഗ്രഹങ്ങളെ ആത്മീയമായ ഉൾകാഴ്ചയോടെ നേരിട്ടില്ലെങ്കിൽ അത് ദുഖത്തിനും , നിരാശക്കും കാരണമാകുമെന്ന ബുദ്ധ മത തത്വം ഈ സിനിമ ഓര്മിപ്പിക്കുന്നു.സിനിമയുടെ അന്ത്യത്തിൽ ബുദ്ധ ബിക്ശു യാത്രക്കാരനായ യുവാവിനോട് പറയുന്നത്,"peach blossoms are beautiful ,because they are temporary " എന്നാണ്.ജീവിതത്തിന്റെ നൈമിഷികതയിൽ ആഗ്രഹങ്ങളുടെ നിരർഥകത ധ്വനിപ്പിക്കുന്ന ഈ വരികൾ സിനിമയുടെ ബുദ്ധിസതിലൂന്നിയ ആത്മീയ തലം അടിവരയിടുന്നു.

    ReplyDelete