Monday, 11 September 2017

നീറ്റിനായി കൈപൊക്കുമ്പോൾ...?!

ഇന്ത്യയിൽ വിദ്യാഭ്യാസം പ്രാഥമികമായി സംസ്ഥാനങ്ങളുടെ അവകാശത്തിൽ വരുന്നതാണ്. അത് വെറുതേ കൈവന്ന അവകാശമല്ല. വൈവിധ്യവും വൈജാത്യവുമുള്ള  ഒരുപാട് പ്രദേശങ്ങളുടെ സങ്കലനമാണ് ഇന്ത്യ എന്ന രാഷ്ട്രം. ഇന്ത്യയ്ക്ക് വംശീയമോ ഭാഷാപരമോ സാംസ്കാരികമോ ആയ ഒറ്റദേശീയത ഇല്ല. ഇന്ത്യ എന്ന രാജ്യം ഒരു രാഷ്ട്രീയ ഏകകം മാത്രമാണ്. ഭാഷയെയോ വംശീയതയെയോ, വലിയൊരു അളവുവരെ സാംസ്കാരികതയെയും, ഒരു രാഷ്ട്രത്തിന്റെ പേര് പറഞ്ഞു യോജിപ്പിക്കാനാവില്ല. അങ്ങനെ ശ്രമിച്ചിടത്തെല്ലാം അത് പരാജയപ്പെട്ടിട്ടുണ്ട്. എന്ന് മാത്രമല്ല, തകർന്ന് ചിതറിപ്പോയിട്ടുമുണ്ട്. ഇതറിയാവുന്നതുകൊണ്ടാണ് നമ്മുടെ രാഷ്‌ട്രനിർമ്മിതിയിൽ കൃത്യമായ ഒരു ഫെഡറൽഘടന പ്രവർത്തികമാക്കിയത്. ഇന്ത്യ പരാജയപ്പെട്ടു പോകാത്ത ഒരു രാഷ്ട്രീയ ഏകകമായി തുടരുന്നത് സുശക്തമായ ഫെഡറൽരീതി നിലനിൽക്കുന്നതുകൊണ്ടാണ്.

നീറ്റ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണ്. ഏതാനും ലക്ഷം മെഡിക്കൽ വിദ്യാഭ്യാസ കാംക്ഷികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി ഇതിനെ കാണുന്നത് തെറ്റാണ്. രാഷ്ട്രവ്യവഹാരങ്ങളിൽ പ്രതിലോമത കടന്നുവരുന്നതിന്റെ സൂക്ഷ്മവഴികളിലൊന്ന് എന്നതിനാൽ ഇതിനെ സംസ്ഥാനങ്ങൾ സമഗ്രമായി വിശകലവിധേയമാക്കാതെ വിടുന്നത്തിൽ രാഷ്ട്രീയമായ ശരികേടുണ്ട്.

സി. ബി. എസ്. ഇ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സി. ബി. എസ്. ഇ കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യയിലെ പല സ്‌കൂളുകളും ഈ സ്ഥാപനത്തിന്റെ അംഗീകാരത്തെയോടെയാണ് പ്രവർത്തിക്കുന്നത്. (സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്ന ഈ സംവിധാനത്തിന്റെ നൈതികത തന്നെ ചോദ്യംചെയ്യപ്പെടേണ്ടതാണ്. എങ്കിലും ഈ കുറിപ്പിന്റെ വിഷയത്തിൽ പ്രത്യക്ഷമായി അത് ബന്ധപ്പെടുന്നില്ല എന്നതിനാൽ വിടുന്നു.) ബഹുഭൂരിപക്ഷവും സംസ്ഥാന സിലബസുകളിൽ പഠിച്ചുവരുന്ന കുട്ടികൾക്കായി അതുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനം തുടർപഠനത്തിന്‌ പരീക്ഷ നടത്തുന്നത്തിലെ അസംബന്ധം ആലോചിച്ചുനോക്കു. (തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗംഭീര വിജയം നേടിയ പെൺകുട്ടി നീറ്റ് പരീക്ഷയിൽ തോറ്റുപോവുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തത് ഈ അസംബന്ധം സൃഷ്ടിച്ച ചെറിയൊരു ദുരന്തം മാത്രം.)


താമസംവിനാ എല്ലാ ബിരുദ പ്രൊഫഷണൽ പഠനങ്ങൾക്കും നീറ്റ് പരീക്ഷ നിർബന്ധമാക്കാനിരിക്കുകയാണ്. ഇത് കുട്ടികളെ സി. ബി. എസ്. ഇ സിലബസിലുള്ള പഠനത്തിലേയ്ക്ക് പോകാൻ നിർബന്ധിതമാകും. അതിനനുബന്ധമായി കൂടുതൽ സി. ബി. എസ്. ഇ സ്‌കൂളുകൾ ഉണ്ടാവുകയും സംസ്ഥാന പാഠ്യപദ്ധതിയുള്ള സ്‌കൂളുകൾ നിന്നുപോവുകയും ചെയ്യും. ഈ പ്രവണത ഇപ്പോൾ തന്നെ കാണാനാവുമല്ലോ. പ്രാദേശിക വിദ്യാഭ്യാസത്തെ ഇല്ലാതാക്കി, അതിസൂക്ഷ്മതലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഇന്ത്യൻ രാഷ്ട്രീയതയുടെ ആണിക്കല്ലായ വൈവിധ്യദേശീയതയെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണദോഷ തലങ്ങളാണ്  ഒരു തലമുറയെ നിർണയിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളാതെ ഒരേ പാഠ്യപദ്ധതിയിൽ വളർന്നുവരുന്ന ഒരു കൂട്ടത്തെ മാനിപ്യുലെയ്റ്റ് ചെയ്യാൻ അധികം പ്രയാസമുണ്ടാവില്ല. ഇത് സംസ്കൃതികളുടെ ഹനനത്തിന് ഇടയാക്കും.  സി. ബി. എസ്. ഇ യുടെ പാഠ്യപദ്ധതി ഓടിച്ചുനോക്കിയാൽ മനസ്സിലാവും, ഇത്തരമൊരു നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക ദക്ഷിണേന്ത്യൻ സംസ്കാരത്തെയായിരിക്കും എന്ന്. പാർലെമെന്റ് ഇലക്ഷന്റെ സമയം ഒഴിച്ചുനിർത്തിയാൽ മഹാരാഷ്ട്രയ്ക്കു തെക്കോട്ട് ഇന്ത്യ ഉണ്ടെന്ന് ആര്യപുത്രന്മാർ കരുതുന്നില്ല എന്നത് സുവിദമാണല്ലോ. സി. ബി. എസ്. ഇ ഇതിന്  അപവാദമല്ല.

ഐ. ഐ. ടി (IIT), ഐ. എസ്. ഇ. ആർ (ISER), ഐ. ഐ. എഫ്. ടി (IIFT) തുടങ്ങിയ പല സ്ഥാപനങ്ങളും പ്ലസ് ടു / പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭാസം കഴിഞ്ഞു ദേശീയ തലത്തിൽ പ്രവേശനപരീക്ഷ നടത്തുന്നുണ്ടല്ലോ എന്ന് നീറ്റിന് അനുകൂലമായി പറഞ്ഞുകേട്ടിരുന്നു. ഇവ തമ്മിൽ താരതമ്യമില്ല. കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ്, അതാത് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അവിടെ നടക്കുന്നത്. ഏറ്റവും മിടുക്കരായ, ഏറ്റവും നല്ല റാങ്ക് ലഭിക്കുന്ന കുട്ടികളെ സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കുകയാണ് അവിടെ ചെയ്യുന്നത്. അതായത് 100 സീറ്റുണ്ടെങ്കിൽ 100 വരെ റാങ്ക് ലഭിച്ച കുട്ടികൾ അവിടെ പഠിക്കും (സംവരണംതത്വം കൂടി പാലിച്ച്). എന്നാൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള, വ്യത്യസ്തമായ പാഠ്യപദ്ധതിയുള്ള, വ്യത്യസ്തമായ ഗുണനിലവാരമുള്ള, സ്ഥാപനങ്ങളിലേയ്ക്ക് ഇതുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത കേന്ദ്രഏജൻസി രാജ്യവ്യാപകമായി പരീക്ഷ നടത്തുകയെന്ന യാതൊരു ലോജിക്കുമില്ലാത്ത ഒരു കാര്യമാണ് നീറ്റിൽ സംഭവിക്കുന്നത്. (ഖണ്ഡികയുടെ തുടക്കത്തിൽ സൂചിപ്പിച്ച സ്ഥാപങ്ങളിൽ അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുകൾ നടത്തേണ്ടതുണ്ടോ എന്ന സംശയം ബാക്കിയുണ്ട് താനും.)

മാത്രവുമല്ല നീറ്റ് പൂർണ്ണാർത്ഥത്തിൽ ഒരു പ്രവേശന പരീക്ഷയല്ല. പേര് സൂചിപ്പിക്കുന്നത് പോലെ (NEET - National Eligibility cum Entrance Test) - പ്രാഥമികമായി ഇതൊരു യോഗ്യതാ പരീക്ഷയാണ്. 100 മെഡിക്കൽ സീറ്റ് ഉണ്ടെങ്കിൽ 100 ഏറ്റവും നല്ല വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ അല്ല ഇവിടെ നടക്കുന്നത്. ഈ വർഷം നീറ്റ് പരീക്ഷയെഴുതിയത് ഏതാണ്ട് 11.5 ലക്ഷം വിദ്യാർത്ഥികളാണ്. അതിൽ ഏതാണ്ട് 6.5 ലക്ഷം വിദ്യാർത്ഥികൾ യോഗ്യതനേടി. ഇന്ത്യയിൽ ആകെയുള്ള മെഡിക്കൽ സീറ്റുകൾ ഏതാണ്ട് 65000 മാത്രമാണ്. അതായത് നിലവിലുള്ള സീറ്റുകളുടെ പത്തിരട്ടി വിദ്യാർത്ഥികൾ യോഗ്യത നേടി. അപ്പോൾ ഇതിലെ ഏറ്റവും നല്ല 65000 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കണം - അപ്പോഴാണല്ലോ ഇപ്പറയുന്ന നിലയിലുള്ള വിദ്യാഭ്യാസ നിലവാരം  ഉണ്ടാവുന്നത്. എന്നാൽ 6 ലക്ഷം റാങ്കുള്ള വിദ്യാർത്ഥിയും ഇത്തവണ മെഡിക്കൽ അഡ്മിഷൻ നേടിയിട്ടുണ്ട്. അതായത് തന്നെക്കാൾ മെച്ചപ്പെട്ട റാങ്കുള്ള ഏകദേശം 5.5 ലക്ഷം വിദ്യാർത്ഥികളെയും പിന്തള്ളി ആ വിദ്യാർത്ഥി ഇപ്പോൾ മെഡിക്കൽ പഠനം നടത്തുകയാണ്. നീറ്റ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള ഒറ്റമൂലിയാണെന്നു കരുതി കയ്യടിക്കുന്നർ ഗംഭീര സ്വർഗ്ഗത്തിലാണെന്നേ സാധ്യമായ നല്ല ഭാഷയിൽ പറയാനുള്ളു.


ഇനി, നീറ്റ് കേരളത്തിലെ സ്വാശ്രയക്കൊള്ള അവസാനിപ്പിച്ചു എന്ന വാദമാണ്. ശരിയാണ്, തലവരി വാങ്ങുന്നത് നിന്നിട്ടുണ്ട്. നല്ല കാര്യം. ഇതിനെന്തിനായിരുന്നു നീറ്റ് എന്ന ചെറിയ ചോദ്യം മാത്രമേയുള്ളു. നീറ്റ് എന്ന പരീക്ഷയിലേയ്ക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകളെ കൊണ്ടുവരുന്നതിനെക്കാളും എത്രയോ ലളിതവും പ്രായോഗികവും നൈതികവുമായിരുന്നു സംസ്ഥാന പ്രവേശനപരീക്ഷയിലേയ്ക്ക് അവയെ കണിശമായി കൊണ്ടുവരുക എന്നത്. ഈ നിലയ്ക്കുള്ള സംസ്ഥാന സർക്കാരുകളുടെ അവശ്യങ്ങളോട് അനുകൂലമായി ഒരിക്കലും പ്രതികരിച്ചിട്ടില്ലാത്ത കോടതി നീറ്റിനോട് കാണിച്ച താല്പര്യം നീതിയുക്തമല്ല - ഇരട്ടത്താപ്പാണ്.

സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസനയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഏജൻസി ഒരു ദേശീയപരീക്ഷ നടത്തുക, അതിൽ വിജയിച്ച കേരളത്തിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് സംസ്ഥാനത്തിന് കൊടുക്കുക. എന്നിട്ട് ആ ലിസ്റ്റിൽ നിന്ന് കേരളത്തിലെ കോളേജുകളിലേയ്ക്ക് പ്രവേശനം നടത്തുക. ഇതിലെ നീതിരാഹിത്യവും താര്യരാഹിത്യവും എന്തിന് ആത്മാഭിമാനക്ഷതവും മനസ്സിലാക്കാൻ സാധിക്കുന്നില്ലേ കേരള സർക്കാരിന് (മറ്റ് സംസ്ഥാന സർക്കാരുകളുടെ കാര്യം അവർ നോക്കട്ടെ) - സങ്കീർണമായ ഫെഡറൽഘടനയുടെ സൂക്ഷ്മഹനനം മനസ്സിലാക്കാനാവാതെ പോയാലും.

തങ്ങളെ സംസ്ഥാന പ്രവേശനപരീക്ഷയുടെ പരിധിയിൽ കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ, കഴിഞ്ഞകാലങ്ങളിൽ കോടതിവിധികളിലൂടെ പരിഹസിച്ച് മുന്നോട്ടുപോയ സ്വാശ്രയകോളേജുകൾക്ക് മറ്റൊരു വഴിയിലൂടെ തങ്ങളെ തേടിയെത്തിയ കാവ്യനീതിയുടെ താണ്ഡനമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ആണല്ലോ തീരുമാനം. പക്ഷെ നീറ്റിനെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഘടനയുമായി ബന്ധപ്പെടുത്തി ഇപ്പോൾ നേടിയെന്നു പറയുന്ന സംസ്ഥാന സർക്കാരിന്റെയോ പൊതുജനത്തിന്റെയോ മേൽക്കൈ നിലനിൽക്കത്തക്കതാണെന്ന് കരുതാനാവില്ല. ഒരു ദശാസന്ധിയിൽ വന്നുപെട്ട ആശയക്കുഴപ്പത്തിന്റെ ബാക്കിപത്രമാണത്. സ്വാശ്രയ വിദ്യാഭ്യാസവും നീറ്റും വ്യത്യസ്തമായ രണ്ട് വിഷയങ്ങളാണ്. ഇത് രണ്ടും പ്രതിലോമമാണ് - നീറ്റ് കൂടുതൽ പ്രതിലോമമാണ്.

ഇതിലൊന്നും പെടാത്ത മറ്റൊരു കൂട്ടമുണ്ട് - കല്പിത സർവ്വകലാശാലകൾ. കൂട്ടത്തിലെ ദൈവങ്ങളാണവ. അവയ്ക്ക് പ്രത്യേകിച്ച് നിയമനിയന്ത്രണങ്ങൾ ഒന്നുമില്ല. നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നും വിദ്യാർഥികളെ എടുക്കണമെങ്കിലും ഫീസ് നിശ്ചയിക്കുന്നത് അവർ തന്നെയാവുകയാൽ റാങ്കിന് ഇവിടെ കാര്യമായ പ്രസക്തിയില്ല. സത്യത്തിൽ ഈ കല്പിതസർവകലാശാലകളുടെ കെമിക്കൽ കോമ്പോസിഷൻ ഇതുവരെ മനസിലാക്കാനായിട്ടില്ല. എന്തായാലും ദൈവികസ്പർശം വേണം ഒരു കല്പിതസർവകലാശാല കുടുംബസ്വത്തായി കിട്ടാൻ - നമ്മുടെ മാതാഅമൃതാനന്ദമയിയെ ഒക്കെപ്പോലെ... 

ഡൽഹി  ആസ്ഥാനമായുള്ള സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻ. ജി. ഒ ആണ് നീറ്റ് എന്ന ആശയത്തിന്റെ പിറകിൽ. അതുമായി ബന്ധപ്പെട്ട കേസുകളിൽ കക്ഷിയായി സുപ്രീംകോടതിയിൽ നിന്നും അനുകൂലവിധി സമ്പാദിച്ചതും അവരാണ്. നാലഞ്ച് ഡോക്ടർമാർ ചേർന്ന് തട്ടിക്കൂട്ടിയ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു സർക്കാരിതര സംഘടനയുടെ കുബുദ്ധിയെ, ദേശീയതലത്തിലുള്ള സംവാദങ്ങളൊന്നും കാര്യമായി നടത്താതെ കേന്ദ്രസർക്കാരും തദ്വാരാ സുപ്രീംകോടതിയും അനുവദിച്ചു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വിഷയത്തിലുള്ള അചഞ്ചലമായ താല്പര്യം നിഗൂഢവും സംശയകരവുമാണ്. അവരുടെ വെബ്‌സൈറ്റിൽ പേരുകാണുന്ന നാലഞ്ച് ഡോക്റ്റർമാരല്ല ഈ വലിയ സംരംഭത്തിന് പിന്നിലെന്ന്  ഉറപ്പാണ്.

ഇതിന്റെ പ്രതിലോമത സംസ്ഥാനങ്ങൾക്ക് മനസ്സിലാവാതെ പോയി എന്നത് പൊതുവെ നമ്മുടെ കക്ഷിരാഷ്ട്രീയം, സൂക്ഷമായ രാഷ്ട്രീയധാരകളെ മനസിലാക്കാൻ കെല്പുള്ളതല്ല എന്ന സംഗതിക്ക് അടിവരയിടുന്നതാണ്. ആദ്യം മുതൽ നീറ്റിനെ നന്നായി എതിർക്കുന്ന സംസ്ഥാനം തമിഴ്‌നാട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമിഴ്‌നാടിനോടൊപ്പം ചേർന്ന് നീറ്റിനെതിരായ പ്രക്ഷോഭങ്ങൾ ബലപ്പെടുത്തേണ്ടതായിരുന്നു. ഇതിൽ ഏറ്റവും പെട്ടെന്ന് അടിയറവു പറഞ്ഞത് കേരള സർക്കാരാണ്. മറിച്ച് പ്രതീക്ഷിക്കേണ്ടതില്ല - നമ്മുടെ പൊതുസമൂഹത്തെപ്പോലെ സർക്കാരും മദ്ധ്യവർത്തിത്വത്തിന്റെയും ഉപരിപ്ലവതയുടെയും ആശാന്മാരാണ്.

൦൦

No comments:

Post a comment