Saturday, 22 March 2014

തസ്രാക്കിന്റെ ശേഷിപ്പുകൾ

ഡോക്യുമെന്‍ട്രി സംവിധായകന്‍ ശരത് മരിച്ചപ്പോള്‍ ആണ് - ക്ഷമാപണത്തോടെ പറയട്ടെ - ഞാന്‍ അദ്ദേഹത്തെ കുറിച്ച് അറിയുന്നത്. ആനുകാലികങ്ങള്‍ അദ്ദേഹത്തെ കുറിച്ച് ഒരുപാട് എഴുതി കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ആക്ടിവിസ്റ്റ് ആയ ചലച്ചിത്രകാരന്‍ ആയിരുന്നുവത്രേ - ഓടിനടന്നു സാമൂഹിക ഇടപെടലുകളുടെ സിനിമകള്‍ പിടിച്ചിരുന്ന ഊര്‍ജസ്വലനായ ഒരാള്‍. സിനിമയുടെ സൌന്ദര്യകാമനകളില്‍ ആയിരുന്നില്ല അദ്ദേഹത്തിനു താല്പര്യം എന്നും ആശയ പ്രധാനമായ പ്രകാശനങ്ങള്‍ക്ക് മാത്രമായിരുന്നു എന്നും സുഹൃത്തുക്കള്‍ രേഖപ്പെടുത്തുന്നു. മരിച്ച ആളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് പറയട്ടെ; സൌന്ദര്യാത്മക പൂര്‍ണതകള്‍ക്ക് വേണ്ടിയുള്ള ശ്രമം നടത്താത്ത ഒരു ഉദ്യമവും അതിന്റെ സാമൂഹിക ആശയങ്ങള്‍ പോലും തീവ്രമായി സംപ്രേക്ഷണം ചെയ്യാന്‍ പര്യാപ്തമാവില്ല.

ഇത്തരം സിനിമകളില്‍ നിന്നും തുലോം വ്യത്യസ്തമായ ഒരു ഭൂമികയില്‍ ആണ് 'ഖസാക്കിന്റെ ശേഷിപ്പുകള്‍' നില്‍ക്കുന്നത്. 'ഖസാക്ക്' മലയാളികള്‍ക്കെല്ലാം അറിയാം. ഖസാക്കാണ് മലയാള ഭാഷയുടെ സമകാലിക ഇന്ദ്രജാലം. സി. വിക്ക് ശേഷം മലയാളത്തെ പുനര്‍നിര്‍മ്മിച്ചത്‌ ഖസാക്കാണ്. ഭാഷയിലെ ആ പ്രകാശസംശ്ലേഷണം നടന്നത് പാലക്കാടന്‍ ഗ്രാമമായ തസ്രാക്കില്‍ വച്ചാണ്, ഏതാണ്ട് അര നൂറ്റാണ്ടിനു മുന്‍പ്. തസ്രാക്കിലേക്ക്, ഇനിയും ബാക്കിയുള്ള ഖസാക്കിന്റെ രൂപകങ്ങള്‍ തേടിയുള്ള യാത്രയായാണ് ഈ ചിത്രം. ഒരു സ്ത്രീയാണ് ഈ യാത്ര നടത്തുന്നത് (കവിയത്രിയായ ജ്യോതിബായ് പടിയാരത്ത്) - അവര്‍ പത്മയുടെ സമകാലരൂപമായി സ്വയം അടയാളപ്പെടുന്നതിന്റെ ഒരു വരി നറേഷനില്‍ അവസാനം കേള്‍ക്കാം. നാഗരികയായ ഏത് മലയാള സ്ത്രീയുടെയും അപരരൂപമാണ് പത്മ (പത്മ മലയാളിയാണെന്ന് സൂചന ഒന്നും ഇല്ലെങ്കിലും, മലയാളത്തില്‍ എഴുതപെട്ട ആഖ്യായികയിലെ ഒരു കഥാപാത്രത്തിന്റെ ഭാവം അറിയുക ആഴത്തില്‍ വായിക്കുന്ന ഒരു മലയാളിസ്ത്രീക്ക് തന്നെയാവും എന്ന പുരുഷകല്പിതമായ നോട്ടം എന്ന് കരുതിയാല്‍ മതി).

ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെ അന്വേഷണം രവിയിലേക്കോ നോവലിന്റെ ഭാവുകത്വത്തിലേക്കോ അല്ല. ഖസാക്കിന്റെ ശേഷിപ്പുകളിലേക്കാണ്. ചില വസ്തു പ്രതിരൂപങ്ങളെ ഒക്കെ തേടിപിടിക്കുണ്ടെങ്കിലും, 'ഖസാക്ക്' അനുഭവിപ്പിച്ച ഭ്രമാത്മക ലോകത്തിന്റെ അരികുകളില്‍ പോലും ചിത്രം തൊടുന്നില്ല. ഇതൊരു പരാതിയായല്ല പറയുക. കാരണം, ഖസാക്കിന്‍റെ ഇതിഹാസഭൂമിക മറ്റൊന്നാണ്. ഒരു ചലച്ചിത്രത്തിന്റെ ഭാഷ്യത്തില്‍ ഒതുങ്ങന്നതല്ല അതിന്റെ ഒരു അടരും. അയഞ്ഞ ഘടനയാണ് ചിത്രത്തിന്. ചിതറിയ നറേഷന്റെ അനുധാവനത ഇല്ലായ്മയെ കവച്ചുപോകാന്‍ ആയിട്ടില്ല ശബ്ദത്തിന്റെ മാധുര്യത്തിന്. എങ്കിലും ദൃശ്യങ്ങളില്‍ തസ്രാക്കിനെ ആഴത്തില്‍ പകര്‍ത്താനുള്ള ശ്രമം നടത്തിയത് കാണാതെ പോയിക്കൂടാ. സന്ധ്യ കടന്നുവരുന്നത്‌ ഒരു തെരുവില്‍ നിശ്ചലമായി നില്‍ക്കുന്ന ക്യാമറയിലൂടെ പകര്‍ത്തിയ കാഴ്ചയൊക്കെ മനോഹരം. നിഴലും വെട്ടവും ഇപ്പോള്‍ വെറുതെ എടുത്തുപയോഗിക്കാവുന്ന ഒരു സൂത്രപണി ആയിരിക്കുന്നു, ഈ ചിത്രത്തില്‍ ചിലയിടങ്ങളിലെങ്കിലും അങ്ങിനെ അല്ലെങ്കിലും.

ഖസാക്കിന്‍റെ പ്രകൃതിബിംബം കരിമ്പന തന്നെ. കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ഹൂങ്കാരശബ്ദത്തിന്റെ മിശ്രണം അല്‍പ്പം കടുത്തുപോയോ എന്ന് സംശയം. അത്പോലെ ഒരു സൂക്ഷ്മദൃശ്യത്തില്‍ നിന്നും ദൂരെദൃശ്യത്തിലേക്ക് കാഴ്ച മാറുമ്പോഴും പിന്നണിയിലെ പ്രകൃതിശബ്ദങ്ങള്‍ ഒരേ ഫ്രീക്വന്‍സിയില്‍ തുടരുന്നത് മാതിരിയുള്ള സാങ്കേതികതകളില്‍ കുറച്ചുകൂടി ശ്രദ്ധ ആവാമായിരുന്നു എന്ന് തോന്നി.

കുറവുകള്‍ ഉണ്ടെങ്കിലും ഇത്തരം സമാന്തര സംരംഭങ്ങള്‍ നല്‍കുന്ന സന്തോഷം വലുത് തന്നെ.

00

1 comment:

  1. കുറിപ്പ് വായിച്ചു
    കാണത്തതുകൊണ്ട് അഭിപ്രായമൊന്നും പറയുന്നില്ല

    ReplyDelete