Wednesday, 11 June 2014

കിഷ്കിന്ദയിലെ മകൻ അമാനുഷൻ

പുരാണങ്ങള്‍ സര്‍ഗ്ഗാവിഷ്ക്കാരത്തിന്റെ ഊര്‍ജ്ജനിലങ്ങളത്രേ. എണ്ണിയാലൊടുങ്ങാത്ത പുനരാവിഷ്കാരങ്ങളും വ്യാഖ്യാനങ്ങളും അവയെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. മറ്റൊരു തരത്തില്‍ , ഇതിന്റെ എല്ലാം കൂടിയുള്ള സഞ്ചയമാണ്, മൂലകൃതികളിലേക്കുള്ള സഞ്ചാരത്തെ അപ്രസക്തമാക്കുംവിധം, പുരാണം എന്ന സംജ്ഞയില്‍ വ്യവഹരിക്കപ്പെടുക. രാമായണത്തിലെ അംഗദന്‍ എന്ന അപ്രധാന കഥാപാത്രത്തെ പൊലിപ്പിച്ചെടുക്കുകയാണ് സാറാജോസഫ് 'ഊര് കാവൽ' എന്ന നോവലില്‍ . രാമന്റെ ഒളിയമ്പേറ്റ് മരിക്കുന്ന, കിഷ്കിന്ദയുടെ രാജാവായ, ബാലിയുടെ മകനാണ് അംഗദന്‍. (മൂലകൃതിയിലെ വാലി എന്ന പേരാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാലി എന്നത് എഴുത്തച്ഛന്റെ സ്വതന്ത്രവിവര്‍ത്തനമെന്ന് പിന്‍കുറിപ്പ്.) മധ്യകിഴക്കന്‍ കര്‍ണ്ണാടകയില്‍ തുംഗഭദ്രയുടെ കരയിലുള്ള ഹംപിയെന്ന പട്ടണമാണ് രാമായണകാലത്തെ വാനരരാജ്യമായ കിഷ്കിന്ദ എന്ന് കരുതപ്പെടുന്നു. സീതയെ തിരക്കിനടക്കുന്ന രാമന്‍ സുഗ്രീവനെയും ഹനുമാനെയും ഇവിടെവച്ച് പരിചയപ്പെടുന്നു. തുടര്‍ന്നുള്ളതൊക്കെ രാമായണത്തിലെ പ്രധാനസംഭവങ്ങളാണല്ലോ.


അവരുടെ ഫിലോസഫിയോട് കടുത്ത മമത പ്രകടിപ്പിക്കില്ലെങ്കില്‍ കൂടിയും, എഴുത്തുരീതിയിലേയും ആശയസംപ്രേക്ഷണത്തിലേയും ചില സമാനതകള്‍ ഐന്‍ റാന്‍ഡിനെ ഓര്‍മ്മിപ്പിക്കും 'ഇനി ഞാന്‍ ഉറങ്ങട്ടേ'യും 'രണ്ടാമുഴ'വും 'ഊര്കാവലു'മൊക്കെ. അത് individualism - ത്തിനോടുള്ള പ്രതിപത്തിയാണ്. പൊതുവേ സുസമ്മതനോ ഗുണസമ്പുഷ്ടനോ അല്ലാത്ത കഥാപാത്രത്തെ നായകാവസ്ഥയിലേക്ക് ഉയര്‍ത്താനായി ഉണ്ടാക്കിയെടുക്കുന്ന കഥാപരിസരങ്ങള്‍ തന്നെയാണ് ഇത്തരം കൃതികളുടെ ഇതിവൃത്തവും. ഇത്തരം പുസ്‌തകങ്ങളിലേറെയും പുരുഷരൂപങ്ങളോട് വിധേയത്വം കാണിക്കുന്നു, അത് സാറാ ജോസഫിന്റെതായാലും, എന്നത് ഫലിതമാവുമോ? ഒരു സ്ത്രീവിമോചക പ്രവര്‍ത്തകയുടെ അതിരുകളിലല്ല ഈ നോവലിലെ പെണ്ണുങ്ങള്‍ . സുഗ്രീവനെ തന്റെ കാമത്തിന്റെ ശക്തിവൈവിധ്യം കൊണ്ട് അടിമയോളം വിധേയനും ഭയചകിതനുമാക്കുന്ന താരയെ പ്രത്യേകിച്ചൊരു വര്‍ഗ്ഗശാക്തീകരണത്തിന്റെ വരണ്ടമരുഭൂമിയില്‍ ചെന്നുനിന്ന് നോക്കുന്നത്  ആശയവക്രീകരണമായി പോകും - തുടവിറപ്പിച്ച് ഭീമാകാരമാവുന്ന വാലിയുടെ അകാരസൌഷ്ടവം, താരയുടെ, എഴുത്തുകാരിയുടെ തന്നെയോ, ലോലസ്ത്രൈണഭാവത്തിന്റെ നിലാമഴയില്‍ വായിക്കപ്പെടുന്നത് പോലെ.

പുരാണങ്ങളിലും പുരാവൃത്തങ്ങളിലും ഒക്കെ  അമാനുഷികരായ കഥാപാത്രങ്ങളെയും ഭൌമാതീതമായ  പരിസരങ്ങളെയും നിര്‍ലോഭം കണ്ടുമുട്ടുന്നു. സമകാലത്തിലേക്ക് സംക്രമിപ്പിക്കുമ്പോള്‍ അവയെ മാനുഷികമാക്കാന്‍ ഭാവനയുടെ നല്ലൊരു ഭാഗം ഉപയോഗിക്കേണ്ടി വരുന്നു എഴുത്തുകാര്‍ക്ക്. രണ്ടാമൂഴത്തിലെ അത്തരം ബാലിശതകളെ കവച്ചുവയ്ക്കും വിധത്തില്‍ ഈ നോവലും ആ നിലയ്ക്കുള്ള  സങ്കേതങ്ങള്‍ എടുത്തുപെരുമാറാതിരിക്കുന്നില്ല. എങ്കില്‍ കൂടിയും ഇതിന്റെ ഭാഷയും രൂപവും പതിവ് രീതികളില്‍ നിന്ന് വഴിമാറിയാണ് പോകുന്നതെന്നത് വലിയൊരു താര്‍ക്കികസ്ഥലമാവാന്‍ ഇടയില്ല തന്നെ. (നീണ്ട വാക്യങ്ങൾ കൊണ്ട് ഖണ്ഡികകൾ നിർമ്മിക്കുന്ന സറമാഗോ ഇടയ്ക്കൊക്കെ വിരസതയുളവാക്കുന്നത് പോലെ ഇവിടെയും ഈ മുഴുനീള വ്യതിയാനം - ഓ. വി. വിജയൻ നാലു പതിറ്റാണ്ടുകൾക്ക് മുൻപ് കടപുഴകിയ ഭാഷാതുടർച്ചയെ ഓർമ്മിപ്പിക്കുന്ന സർഗ്ഗവ്യതിയാനത്തിന്റെ ഫോസിലുകളൊന്നും ഉൾക്കൊള്ളുന്നില്ല എന്നതിനാൽ കൂടി.) എങ്കിലും യുക്ത്യാതീതങ്ങളെ യുക്തിസഹമാക്കിയതിന് വിപരീതമായി ചിലയിടങ്ങളിൽ മനോഹരമായി മാജിക്കൽ റിയലിസത്തിന്റെ ഇഴകൾ ഉപയോഗിച്ചിരിക്കുന്നത് സന്തോഷിപ്പിക്കും.

00

4 comments:

 1. പൊതുവേ സുസമ്മതനോ ഗുണസമ്പുഷ്ടനോ അല്ലാത്ത കഥാപാത്രത്തെ നായകാവസ്ഥയിലേക്ക് ഉയര്‍ത്താനായി ഉണ്ടാക്കിയെടുക്കുന്ന കഥാപരിസരങ്ങള്‍ തന്നെയാണ് ഇത്തരം കൃതികളുടെ ഇതിവൃത്തവും.>>>>

  അത് ജനസാമാന്യത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്

  ReplyDelete
 2. വായിച്ച പസ്തകമാണ്.
  കേട്ടു പഴകിയ കഥകളിലെ വരികള്‍ക്കിടയില്‍ ബാക്കിയായ വിടവുകളില്‍നിന്നും കഥ മുളപ്പിച്ചെടുക്കുന്നതില്‍ റിസ്കും ചാന്‍സും ഒളിഞ്ഞിരിപ്പുണ്ട്.
  ഒന്ന്. കേട്ടു തഴമ്പിച്ചതായതുകൊണ്ട് പശ്ചാത്തലത്തിലെക്ക് വായനക്കാരനെ വേഗം കൂട്ടിക്കൊണ്ടു പോകാന്‍ കഴിയും.
  രണ്ട്. കാല്പനികമായ കൈകടത്തല്‍ നടത്തുന്നതിനിടെ വന്നുഭവിക്കുന്ന പിഴവുകള്‍, മൂലകൃതിയുടെ അസ്ഥിത്വം കളങ്കപ്പെടുന്ന പരാമര്‍ശങ്ങള്‍ ഒക്കെ ചോദ്യം ചെയ്യപ്പെടാം. ഊരുകാവലും രണ്ടാംമൂഴവും ആദ്യഗണത്തില്‍ പെടുത്താം.

  ReplyDelete
  Replies
  1. വായനയ്ക്കും നിരീക്ഷണങ്ങൾ പങ്കുവച്ചതിനും നന്ദി!

   Delete