Monday, 10 February 2014

വെയിൽ നിലാവിന്റെ അഞ്ച് മണിക്കൂർ

ഞാൻ എത്തുമ്പോൾ നഗരം അതിന്റെ ദൈനംദിന വ്യവഹാരങ്ങളിലേയ്ക്ക് ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ.

ഇക്കഴിഞ്ഞ രാത്രിയിൽ ഭാര്യയും മക്കളും ഗൾഫിലേയ്ക്ക് മടങ്ങിപ്പോയിരുന്നു. എനിക്ക് അവരോടൊപ്പം പോകാനായില്ല, കുറച്ചു ദിവസം കൂടി നാട്ടിൽ തങ്ങേണ്ട ആവശ്യമുണ്ടായിരുന്നു. രാവിലെ അഞ്ചു മണിക്കായിരുന്നു വിമാനം. അർദ്ധരാത്രി രണ്ടുമണിക്ക് തന്നെ അവരെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് ഞാൻ വീട്ടിലേയ്ക്ക് മടങ്ങിവന്നു. വളരെ വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു വീട്ടിൽ ഒറ്റയ്ക്ക് രാത്രി കഴിയുന്നത്‌. ഉറക്കം വന്നില്ല. വിമാനത്തിലേയ്ക്ക് കയറുന്നതുവരെ അവരുടെ മെസേജുകൾ വന്നുകൊണ്ടിരുന്നു.

അത് നിന്നപ്പോൾ പത്താംനിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേയ്ക്ക് ഞാൻ ഇറങ്ങി. കുറച്ചപ്പുറത്ത് ദേശീയപാതയിലൂടെ ഇടവിട്ട്‌ കടന്നുപോകുന്ന വാഹനങ്ങളുടെ വെട്ടം തെങ്ങിൻതലപ്പുകളുടെ കാളിമയ്ക്കിടയിലൂടെ പാളിവീഴുന്നു. അതിനപ്പുറം ഭൂമിനിമ്നോന്നതയുടെ രൂപരേഖ ഇരുട്ടിലും മങ്ങിക്കാണാം. അത് അകാശവുമായി അതിർത്തി വരയ്ക്കുന്നിടത്ത്‌ വൈദ്യൻകുന്ന്. കുന്നിന് മുകളിലെ ടെക്നോപാർക്കിന്റെ കെട്ടിടങ്ങളിൽ മാത്രം വിളക്കുകൾ നിരനിരയായി പ്രകാശിക്കുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടുത്തെ ഓഫീസുകളിൽ ജോലിനടക്കുന്നുണ്ടാവും. വൈദ്യൻകുന്ന് പണ്ട് പറങ്കികാടായിരുന്നു. പേടിപ്പെടുത്തുന്ന ആ വിജനതയിൽ, അങ്ങകലെ കാണുന്ന കടൽനോക്കിയിരുന്ന പ്രീഡിഗ്രി കാലത്തെ കഴക്കൂട്ടം സൗഹൃദങ്ങൾ, ടെക്നോപാർക്ക് ആ പരിസരത്തിന് കൊണ്ടുവന്ന വേദനിപ്പിക്കുന്ന മാറ്റങ്ങൾ പോലെ തന്നെ ശിഥിലമായിപ്പോയിരിക്കുന്നു.

ടെക്നോപാർക്ക്
ഇന്റർനെറ്റിൽ നോക്കി, വിമാനം കൃത്യസമയത്ത് പുറപ്പെടും എന്നാണ് കാണുന്നത്. സമയം അഞ്ചാകുന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ, വൈദ്യൻകുന്നിനും അപ്പുറത്തുള്ള ആകാശത്തിലൂടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളുടെ യാത്രാപഥം. കൃത്യം അഞ്ചായപ്പോൾ ഭാര്യയും കുട്ടികളും കയറിയ വിമാനത്തിന്റെ രൂപം ഒരു ചെറിയ വെട്ടതുരുത്തായി ബാൽക്കണിയിൽ നിന്ന് കാണാനാവുന്ന ഇരുണ്ട ആകാശത്തിന്റെ ഫ്രെയ്മിലേയ്ക്ക് കടന്നുവന്നു. അന്യഗ്രഹത്തിൽ നിന്നും പുറപ്പെട്ടുവരുന്നതെന്ന പോലെ ആ ഹൂങ്കാരശബ്ദവും അന്തരീക്ഷത്തിൽ നിറഞ്ഞു. നിമിഷങ്ങൾക്കകം വിമാനത്തിന്റെ വെട്ടം മിന്നി മിന്നി ചക്രവാളത്തിന്റെ ഇരുട്ടിൽ അപ്രത്യക്ഷമായി. അടുത്ത അഞ്ച് മണിക്കൂർ ഭാര്യയും മക്കളും ഭൂമിയുടെ പ്രതലത്തിലില്ല. ഭൂമിയിൽ നിന്നും ഏകദേശം മുപ്പതിനായിരം അടി ഉയരെ വേറൊരു ലോകത്ത്...

പല കാരണങ്ങൾ കൊണ്ടും ഞാൻ അസ്വസ്ഥനും വിഷാദവാനുമായിരുന്നു. വീട്ടിലെ ഏകാന്തത അസഹ്യമായി തോന്നി. അങ്ങനെ ഞാൻ പട്ടണത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചു...

ഞാൻ എത്തുമ്പോൾ നഗരം അതിന്റെ ദൈനംദിന വ്യവഹാരങ്ങളിലേയ്ക്ക് ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. അമേരിക്കൻ എഴുത്തുകാരനായ ഇ. ബി. വൈറ്റ് ന്യൂയോർക്കിനെ കുറിച്ച് പറഞ്ഞത് എല്ലാ നഗരങ്ങൾക്കും ചേരുമെന്ന് തോന്നുന്നു. ഒരു നഗരത്തിൽ, യഥാർത്ഥത്തിൽ മൂന്ന് നഗരങ്ങളുണ്ട്. ഒന്ന്, അവിടെ ജനിച്ചുവളർന്ന് ആ നഗരം തങ്ങളുടെതാണെന്ന് അബോധമായ് തന്നെ അറിയുന്ന നഗരവാസികളുടെ. പകലുകളിൽ നഗരത്തെ രുചിയോടെ ആസ്വദിക്കുകയും വൈകുന്നേരങ്ങളിൽ അവിടെ തന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്യുന്ന, പ്രാന്തങ്ങളിലെ താമസസ്ഥലങ്ങളിൽ നിന്നും പല ആവശ്യങ്ങൾക്കായി നഗരത്തിലെത്തി മടങ്ങുന്നവരുടെതാണ് രണ്ടാമത്തേത്. മൂന്നാമത്തേത്, വേറെവിടെയോ ജനിച്ച് ഒടുവിൽ നഗരത്തിലെത്തി സ്ഥിരവാസികളായി മാറുന്നവരുടെ നഗരം.

വൈറ്റിന്റെ നോട്ടത്തിൽ മൂന്നാമത്തെ വിഭാഗമാണ്‌ നഗരത്തെ ഏറ്റവും ചലനാത്മകമാക്കുന്നത്. തിരുവനന്തപുരം നഗരത്തെ പ്രതി ആലോചിക്കുമ്പോൾ, പക്ഷെ, ഞാൻ ഏറിയ കൂറും രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നു. സ്കൂൾ / കലാലയ പഠനകാലത്ത് ഏതാനും വർഷം നഗരഹൃദയത്തിൽ താമസിച്ചിരുന്നു എന്നതൊഴിച്ചാൽ ജനനം മുതൽ ഇന്നുവരെ ഞാൻ നഗരപ്രാന്തത്തിൽ നിന്നും വന്നുപോകുന്നവരുടെ ക്ലാസിക്ക് ഉദാഹരണമായി സ്വയംകാണുന്നു.

പാളയം - വി. ജെ. റ്റി ഹാൾ
പാളയത്ത് വി. ജെ. റ്റി ഹാളിന് മുന്നിൽ ഞാൻ ചെന്ന് നിന്നു. വെയിലിന് ചൂടില്ല. നഗരനിരത്തിൽ നിലാവ് പോലെ അത് പതഞ്ഞുകിടക്കുന്നു.

കൊളോണിയൽ കാലത്തിന്റെ അവശേഷിപ്പുകളാണ് ഈ പ്രദേശത്തെ പ്രധാന കെട്ടിടങ്ങളെല്ലാം. 1896 - ൽ വിക്ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണ ജൂബിലിയോട് അനുബന്ധിച് നിർമ്മിച്ച വിക്ടോറിയ ജൂബിലി ടൌണ്‍ ഹാളും അതിനെക്കാളും വളരെ മുൻപ് 1834 - ൽ പ്രവർത്തനമാരംഭിച്ച യൂണിവേഴ്സിറ്റി കോളേജും 1889 - ൽ നിർമ്മിക്കപ്പെട്ട സംസ്കൃത കോളേജും 1857 - ൽ തുടങ്ങിയ പാളയം കൊണ്ണിമേരാ മാർക്കെറ്റും ഒക്കെ പഴയൊരു പ്രതാപകാലത്തിൽ നിന്നും ഇന്നിലേയ്ക്ക് വളരെ ചലനാത്മകമായി സംക്രമണം നടത്തിയ വാസ്തുനിർമ്മിതികളാണ്.

വി. ജെ. റ്റി ഹാളിന്റെ മൂന്നും കൂടുന്ന കവലയിൽ നിന്നും സംസ്കൃത കോളേജിന്റെ വശത്തിലൂടെ അകത്തേയ്ക്ക് ബേക്കറി ജെംഗ്ഷനിലേയ്ക്കു പോകുന്ന സണ്ണി മീഡ്സ് ലെയിൻ എന്ന ഒരു ചെറിയ റോഡുണ്ട്‌. അവിടെ ഒരു ഹോസ്റ്റലിലാണ് എന്റെ വിദ്യാർത്ഥികാലത്തിന്റെ അവസാനത്തെ മൂന്നു വർഷം ഞാൻ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ മീഡ്സ് ലെയിൻ പ്രധാനപാതയുമായി ചേരുന്ന ഭാഗത്തെ മൈൽകുറ്റിയിൽ ചാരി ഞങ്ങൾ നിൽക്കും. എം. ബി. എ കഴിഞ്ഞ് കമ്പ്യൂട്ടർ പഠനവുമായി തിരുവനന്തപുരത്തെത്തിയ സുകു, എം.ബി. ബി. എസ്സിന് പഠിക്കുന്ന ജൂഡ്, ഹോമിയോവിദ്യാർത്ഥി ഷെർലിമോൻ, ആയുർവേദം വിദ്വാൻ ചാണ്ടി... അങ്ങിനെ എണ്ണം നീണ്ടു നീണ്ടു പോകും.  ആ മൈൽകുറ്റിയിൽ 'കന്യാകുമാരി 90 കി. മി' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. വി. ജെ. ടി. ഹാളിൽ നിന്നും പാട്ടുകേൾക്കുന്നുണ്ടാവും - പുസ്തകപ്രദർശനമോ കവിയരങ്ങോ ഉണ്ടാവുമായിരിക്കും.

ജീവിതത്തിൽ വഴിത്തിരിവായ ചില സംഭവങ്ങളെങ്കിലും ഈ നിരത്തോരത്തുവച്ചാണ് സംഭവിക്കുന്നത്. ഇവിടെ നിന്നും പാളയം ചന്തയിലേയ്ക്കുള്ള വഴിയിൽ, ഒരു വിളിപ്പാടകലെ, വലതുവശത്തായാണ് 'ബോബേവാല' എന്ന ചെറിയ റെസ്റ്റോറന്റ്. അവിടെ ഒരു വൈകുന്നേരം ഓരോ കാപ്പികപ്പിന് മുന്നിലിരിക്കുമ്പോഴാണ്, ഏറെക്കൂറെ അപരിചിതയായ ആ പെണ്‍കുട്ടിയോട് ഞാൻ എന്റെ പ്രണയും പറയുന്നത്. രണ്ടു പതിറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്ന് രാവിലെ അവൾ മക്കളുമായി വിമാനം കയറിപോകുമ്പോൾ, ഏതാനും മണിക്കൂറുകൾക്ക് ശേഷം ഓർമ്മകളുടെ ഈ കവലയിൽ, വെയിൽ നിലാവിൽ ഒറ്റയ്ക്ക് വന്നുനിൽക്കും എന്ന് കരുതിയിരുന്നില്ല.

മീഡ്സ് ലെയ്നിലെ ആ ഹോസ്റ്റൽ ഇന്നില്ല. അവിടം ഒരു നേഴ്സിംഗ് കോളേജായി മാറിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ ഞങ്ങൾ കുറ്റിയടിച്ചു നിന്ന ആ മൈൽകുറ്റിയും പിഴുതുമാറ്റിയിരിക്കുന്നു. എന്നുമാത്രമല്ല, അക്കാല ഓർമ്മകളുടെ ഈഭാഗത്തെ പ്രതിരൂപങ്ങൾ പലതും നഗരവികസനത്തിന്റെ ഭാഗമായി അപ്രത്യക്ഷമായിരിക്കുന്നു. അവിടെയാണ് ട്രിഡയുടെ 'സാഫല്യം ഷോപ്പിംഗ്‌ കോംപ്ലെക്സ്‌' നെടുനീളത്തിൽ പൊങ്ങിവന്നിരിക്കുന്നത്. അതിന് വഴിമാറി കൊടുത്ത സ്ഥാപനങ്ങളിൽ 'ബോംബേവാല'യും പെടുന്നു. ഇതൊരു അനിവാര്യതയാണ്. അന്ന് സായാഹ്നങ്ങളിൽ ഇവിടെനിന്ന് യൗവ്വനാരംഭം കാല്പനികഭരിതമാക്കിയ കൂട്ടുകാരാരും ഇന്നീ നഗരത്തിലില്ല. ഭൂമിയുടെ മറ്റേതോ കോണുകളിലേയ്ക്ക് ഞാനുൾപ്പെടെ പലരും ചിതറിപ്പോയിരിക്കുന്നു.

സാഫല്യം കച്ചവടകേന്ദ്രം 
പാളയത്തു നിന്നും സ്റ്റാച്യു ജംഗ്ഷന്റെ ഭാഗത്തേയ്ക്ക് ഞാൻ നടന്നു. സ്പെൻസേഴ്സ് ജംഗ്ഷൻ കഴിയുമ്പോൾ വലതുവശത്തായി 'ഇന്ത്യൻ കോഫീഹൗസി'ന്റെ ഓടിട്ട പഴയ കെട്ടിടം കാണാം, ഓർമ്മകളിൽ. കോഫീഹൗസ് നഗരവാസികളായ യുവാക്കളുടെ വികാരമായിരുന്നു. ഒരു കൗമാരക്കാരനും പിന്നെ നവയുവാവുമൊക്കെയായി ഇവിടെ അലയുന്നതിനു മുൻപ്, തലയിൽ വിചിത്ര കിന്നരിതൊപ്പികൾ വച്ച വെയ്റ്റർമാരുള്ള കോഫീഹൗസിൽ അത്ഭുതാദരങ്ങളോടെ ചേട്ടന്മാർക്കൊപ്പം വന്നിരുന്ന കുട്ടിക്കാലത്തെ ഒന്നുരണ്ട് അവസരങ്ങൾ മറവിയുടെ പൂഴിപ്പരപ്പിൽ വളപ്പൊട്ടുകൾ പോലെ തിളങ്ങി കാണാം.

ചില രുചികൾ കോഫീഹൗസിൽ നിന്നാണ് ആദ്യമായി അറിയുന്നത്. മട്ടൻ ഓംലെറ്റ്‌, ബോംബെ ടോസ്റ്റ്, റോസ് മിൽക്ക്, കോൾഡ് കോഫീ, ഫ്രൂട്ട് സലാഡ്... ഇതിൽ പലതും നേർത്ത രുചിവ്യത്യാസങ്ങളോടെ പിൽക്കാലത്ത് മറ്റു പല ഭക്ഷണശാലകളിൽ നിന്നും, ഭാര്യയുടെ തന്നെ മെനുവിൽ നിന്നും കഴിച്ചിട്ടുണ്ടെങ്കിലും മട്ടൻ ഓംലെറ്റിനെ വേറെവിടെയും ഞാൻ കണ്ടുമുട്ടിയിട്ടില്ല. അത് കോഫീഹൗസിന്റെ 'തദ്ദേശീയവിഭവം' ആണെന്ന് തോന്നുന്നു.

കോഫീഹൗസിലേയ്ക്കുള്ള മറ്റൊരാകർഷണം തൊട്ടുചേർന്നുള്ള വൈ. ഡബ്ല്യു. സി. എ വനിതാഹോസ്റ്റലാണ്. പലദേശങ്ങളിൽ നിന്നും നഗരത്തിൽ പഠിക്കാനെത്തിയ ഏറ്റവും ആധുനികരായ പെണ്‍കുട്ടികളുടെ താവളമായിരുന്നു എക്കാലത്തും ആ വനിതാഹോസ്റ്റൽ. അതുകൊണ്ട് തന്നെ മതിലിനിപ്പുറം കോഫീഹൗസിന്റെ മുറ്റത്ത് പ്രണയാർത്ഥികളായ ചെറുപ്പക്കാർ വർണ്ണവസ്ത്രങ്ങളണിഞ്ഞ് ചുറ്റിതിരിഞ്ഞു, അപ്പുറത്തെ രണ്ടാം നിലയിലെ വരാന്തയിൽ നിന്നും പാളിവീഴുന്ന ഒരു നോട്ടത്തിനായി...

സ്വപ്നങ്ങളുടെ ഭോജനശാലയെന്നും വിളിക്കാം കോഫീഹൗസിനെ. ഒരുപാട് ചെറുപ്പക്കാർ സർഗാത്മകമായ സ്വപ്നങ്ങൾ കണ്ടത് ഇവിടെയിരുന്നാണ്. അമച്ച്വർ കലാകാരന്മാർ താടിയും മുടിയും നീട്ടിവളർത്തി കാപ്പികപ്പിന് മുന്നിൽ സിഗരറ്റും പുകച്ചിരുന്ന് മണിക്കൂറുകൾ തങ്ങളുടെ കലാസ്വപ്നങ്ങൾ പതിഞ്ഞസ്വരത്തിൽ പങ്കുവച്ചു. അവരൊക്കെ പിൽക്കാലത്ത് അറിയപെടുന്ന കലാകാരൻമാരായോ എന്നറിയില്ല. പക്ഷെ എന്റെ തലമുറയ്ക്ക് തൊട്ടുമുൻപ് ഈ കോഫീഹൗസിൽ സ്ഥിരവാസികളായിരുന്നു എന്ന് പറയപ്പെടുന്ന ഒരു സംഘത്തിലെ ചിലരൊക്കെ ഇന്ന് അറിയപ്പെടുന്നവരാണ്‌. മോഹൻലാലും പ്രിയദർശനും സുരേഷ്കുമാറും മണിയൻപിള്ളരാജുവുമൊക്കെ അക്കൂട്ടത്തിൽപ്പെടുന്നവരത്രേ...

രാവിലേ മുതൽ വൈകുന്നേരം വരെ, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കോഫി ഹൗസിൽ വന്നിരിക്കാറുള്ള കുറച്ചുപേരും ഉണ്ടായിരുന്നു. പഠനം പോലുള്ള എന്തെങ്കിലുമൊക്കെ പണിയുള്ള ഞങ്ങളെ പോലുള്ളവർ ഇത്തരക്കാരെ അല്പം പരിഹാസത്തോടെയാണ് കണ്ടിരുന്നത്‌. "എന്തരഡേയ്, കാലത്തേ തന്നെ കുറ്റികളുംപറിച്ചെത്തിയാ നീ..." എന്ന പരിഹാസം അവർ പലപ്പോഴും നേരിട്ട് തന്നെ കേട്ടിരുന്നുവെങ്കിലും, അവർക്ക് അവിടം ഉപേക്ഷിച്ചുപോവാകാനായില്ല. അക്കൂട്ടത്തിൽ, വില കുറഞ്ഞതെങ്കിലും വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുമുഖനായി രാവിലെ തന്നെ പ്രത്യക്ഷപ്പെടുന്ന, ഇപ്പോൾ പേര് മറന്നുപോയ, ഒരു കൂട്ടുകാരനുണ്ടായിരുന്നു. ഇത്തരം പരിഹാസങ്ങളെ വളരെ നിർമമായ ചിരിയോടെയും ചില മറുഫലിതങ്ങളിലൂടെയും അവൻ നേരിട്ടിരുന്നു. ഏതോ തരളനിമിഷത്തിൽ, അതുവരെ കാണാത്ത ഒരു വിവശതയോടെയാണ് അവൻ അത് പറഞ്ഞത്: ചെങ്കൽചൂളയിലായിരുന്നു അവന്റെ വീട്. നഗരനിരത്തിന്റെ ചാരെ, ഓടയോട് ചേർന്ന്, തകരപ്പാളികളാലും പോളിത്തീൻ ഷീറ്റുകളാലും തട്ടികൂട്ടിയത്. മിക്കവാറും എല്ലാ ദിവസവും ഓടയിലെ മലിനജലം കവിഞ്ഞൊഴുകി വീടിനുള്ളിലേയ്ക്ക് കയറും. പ്രിയദർശന്റെയോ മോഹൻലാലിന്റെ സർഗ്ഗാന്വേഷണത്തിലായിരുന്നില്ല അവൻ, സമകാല ഇന്റെലെക്ച്വലുകളുടെ ആശയ സംവാദങ്ങളിലുമായിരുന്നില്ല, ഞങ്ങളെ പോലുള്ളവരുടെ ഉത്തരവാദിത്വരഹിതമായ കാല്പനിക വിഹ്വലതകളിലുമായിരുന്നില്ല. എങ്കിലും ആ പരിസരത്ത്, എല്ലാവരോടുമൊപ്പം, രക്ഷപെടലിന്റെ കുറച്ചുനേരം അസ്വദിച്ച്, പ്രസന്നവദനനായി അവൻ കഴിഞ്ഞുപോയി...             

സ്പെൻസേഴ്സ് ജംഗ്ഷൻ
നഗരങ്ങളെ കുറിച്ച്, എല്ലാ ഭാഷയിലും എന്ന പോലെ, മലയാളത്തിലും നല്ല സാഹിത്യരചനകൾ ഉണ്ടായിട്ടുണ്ട്. അതിൽ, നഗരത്തെ പ്രതി മലയാള വായനക്കാരനെ വല്ലാത്ത സർഗ്ഗവിവശതയിലേയ്ക്ക് ഉഴിഞ്ഞുവിട്ട ഒരാൾ ആനന്ദാണ്. പാൻ-ഇന്ത്യൻ നഗരവൽകൃത ജീവിതത്തിന്റെ സങ്കീർണ്ണമായ അടരുകളിലൂടെ ആനന്ദ് ഒരുപാട് തവണ നമ്മളെ നടത്തിച്ചു. എന്നാൽ ആനന്ദിന്റെ നഗരങ്ങൾക്ക് പ്രാദേശിക അസ്തിത്വമില്ല - ഏത് ഇന്ത്യൻ പട്ടണത്തിനോടും അതിനെ റിലേറ്റ് ചെയ്യാം. കേരളത്തിലെ ഒരു പട്ടണത്തെ കുറിച്ച് ആലോചിക്കുമ്പോൾ വേഗം ഓർമ്മയിൽ വരുക പത്മരാജന്റെ 'ഉദകപ്പോള' എന്ന നോവലാണ്‌.

മൂന്നാല് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു കേരള പട്ടണത്തിന്റെ അധോപരിസരങ്ങളിലെ മനുഷ്യരെ കണ്ടെത്തുകയാണ് ഈ നോവലിൽ പത്മരാജൻ. അനുജത്തിയെ ഇണയാക്കി, വാർദ്ധക്യത്തിൽ കഴുകന്മാരുമായി കഴിയുന്ന പഴയ ഐ. സി. എസ് ഉദ്യോഗസ്ഥനായ കരുണാകര മേനോൻ. ഒറ്റമുലച്ചിയായ വേശ്യയുമായി ആവുന്ന രതിവൈകൃതങ്ങളിലൊക്കെ ഏർപ്പെടുന്ന ഋഷി. കൂട്ടികൊടുപ്പുകാരൻ ആയിരിക്കുമ്പോഴും ചെയ്യുന്ന ജോലിയിൽ ചില എത്തിക്സുകളും നിയമാവലികളും ഉണ്ടെന്നു വിശ്വസിക്കുന്ന തങ്ങൾ. ഗർഭചിദ്രം നടത്തി ഉപജീവനംകഴിക്കുന്ന സിദ്ധാർത്ഥൻ. ശരീരത്തിന്റെ ഭംഗിയൊക്കെ നഷ്ടപ്പെട്ട് ആരാലും തിരക്കപ്പെടാതെ പത്ത് വർഷമെങ്കിലും കിടന്നിട്ടേ മരിക്കാവൂ എന്ന് ആഗ്രഹിക്കുന്ന ക്ലാര എന്ന നവ അഭിസാരിക. ഉള്ളതൊക്കെ ഓരോന്നായി വിറ്റുതുലച്ച് ഗ്രാമത്തിൽ നിന്നും നഗരത്തിലേയ്ക്ക് വന്ന് ജീവിതം ആഘോഷിച്ചു തീർത്ത് ഒടുവിൽ ഭ്രാന്തിലേയ്ക്കെത്തുന്ന ജന്മിപുത്രനായ ജയകൃഷ്ണൻ..., അങ്ങിനെ പോകുന്നു ആ നിര.

അതേ, ഇപ്പോൾ വെയിൽ നിലാവിൽ ലളിതവിന്യസിക്കപ്പെട്ടിരിക്കുന്ന ഈ നഗരത്തിന്റെ അടരുകളിലും ഒരു അധോതുറയുണ്ട്, എന്നും അതുണ്ടായിരുന്നു. ഹൈസ്കൂൾ പഠനത്തിന്റെ അവസാന നാളുകളിലെ അശാന്തകൗമാരത്തിന്റെ അസ്വസ്ഥതകളിൽ ആ അരികുകളിലൂടെ ഞാനും നടന്നിട്ടുണ്ട്. അന്നത്തെ അധോലോകം ഇന്നത്തെ പോലെ സംഘടിത കുറ്റകൃത്യങ്ങളുടെ ചോരവീഴുന്ന വഴിയൊന്നുമായിരുന്നില്ല. അതൊരു സമാന്തര ജീവിതമായിരുന്നു. കഞ്ചാവ് വില്പനക്കാരുടെ, അതുപയോഗിക്കുന്നവരുടെ, തെരുവുവേശ്യകളുടെ, പിമ്പുകളുടെ, മദ്യപാനികളുടെ, കൊച്ചുപുസ്തകം വില്പനക്കാരുടെ, സ്വവർഗ്ഗാനുരാഗികളുടെ (അന്ന് സ്വവർഗ്ഗാനുരാഗം ജൈവമായ ആശയപ്രശ്നമായൊന്നും പരസ്യപ്പെട്ടിരുന്നില്ല)... തുറന്ന നഗരത്തിന്റെ വെട്ടങ്ങളിൽ തന്നെ പക്ഷെ ഈ ലോകം പൊതുധാരയുമായി ഉരസലൊന്നുമില്ലാതെ സഞ്ചരിച്ചു. മയക്കുമരുന്ന് വാങ്ങാൻ കൃത്യമായ ഇടവേളകളിലെത്തുന്ന ഉദ്യോഗസ്ഥയായ മദ്ധ്യവയസ്കയും, കഞ്ചാവിന്റെ കരിയറായി കുമളിയിലേയ്ക്ക് വിനോദസഞ്ചാരം പോലെ യാത്രപോയിവന്നിരുന്ന കോളേജ് വിദ്യാർത്ഥികളും ഒന്നും കൃത്യമായി വിഭജിക്കപ്പെട്ട ഒരു അധോപരിസരത്തിന്റെ ഉദാഹരണങ്ങളായിരുന്നില്ല. അധോലോകവും ഉപരിലോകവും ഒരു ചെറിയ ചുവടുവയ്പിന്റെ അകലത്തിൽ അത്തരം വ്യക്തിജീവിതങ്ങളിലൂടെ കടന്നുപോയി... അല്ലെങ്കിൽ അത്രയുമേ ഞാൻ കണ്ടുള്ളൂ.

സെക്രട്ടറിയേറ്റ്
ഞാൻ വീണ്ടും തെക്കോട്ട്‌ നടന്നു. എ. ജീസ്‌ ഓഫീസും സെക്രട്ടറിയേറ്റിന്റെ സമരവാതിലും കടന്ന്, ഈ പ്രദേശത്തിന് സ്റ്റാച്യൂ എന്ന് പേരുനൽകിയ സർ. ടി. മാധവറാവുവിന്റെ പ്രതിമയും കടന്ന്... എതിർവശത്ത്‌ സെക്രട്ടറിയേറ്റിന്റെ വ്യതിരക്തമായ ആ പച്ച ഇരുമ്പുവേലിയുടെ അരുകിലായി ഒരുകൂട്ടം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കോളേജ്ബസ് കാത്തുനിൽക്കുന്നു. വസ്ത്രധാരണത്തിൽ നിന്നും കയ്യിലിരിക്കുന്ന ഉപകരണങ്ങളിൽ നിന്നും ഏതോ എഞ്ചിനിയറിങ്ങ് കോളേജിലെ കുട്ടികളാണെന്ന് മനസ്സിലാക്കാം. യൗവ്വനം ഒരു മാനസികാവസ്ഥയാണ് എന്നതൊക്കെ ആശയതലത്തിലെ ഗീർവാണങ്ങളാണ്. യൗവ്വനത്തിന്റെ സൗന്ദര്യവും ചടുലതയും, ധാർമ്മികബോധം പോലും, ആ പ്രായത്തിലെ സാധ്യമാവുകയുള്ളൂ. പരിസരത്തെ മറന്ന് യൗവ്വനത്തിന് മാത്രം സൃഷ്ടിക്കാനാവുന്ന ആഹ്ലാദാരവങ്ങളിൽ മുങ്ങിനിൽക്കുന്ന ആ കുട്ടികൾ, എന്റെ മധ്യവയസ്സിന്റെ വിവശതയിൽ ഓർമ്മകളുടെ ചെറുജ്വാലാമുഖികളായി...

അപ്പോഴാണ്‌ അപ്പുറത്തെ വളവുതിരിഞ്ഞ് ഒരു കൂട്ടം സ്കൂൾകുട്ടികൾ, യൂണിഫോമിൽ, വരിയായി പ്രത്യക്ഷപ്പെട്ടത്. ഏതോ വിദൂരഗ്രാമത്തിൽ നിന്നും എക്സ്കർഷന് വന്ന അവർ സെക്രട്ടറിയേറ്റ് കാണാൻ എത്തിയിരിക്കുകയാണെന്ന് തോന്നുന്നു. ഒന്നുരണ്ട് അധ്യാപികമാർ അവരെ വരിയിൽ  നിർത്തി നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരസ്പരം തൊട്ടും തോണ്ടിയും ചിരിച്ചുകളിച്ച്‌ നിൽക്കുന്ന എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളുടെ അടുത്തെത്തിയപ്പോൾ ഗ്രാമീണരായ ആ സ്കൂൾകുട്ടികളുടെ കണ്ണിലും മുഖത്തും വിരിഞ്ഞ അത്ഭുതപരതന്ത്രത നിരത്തിന് ഇപ്പുറത്തായിട്ടും എനിക്ക് വ്യക്തമായി കാണാനായി. അക്കൂട്ടത്തിലെ ചില പെണ്‍കുട്ടികൾ പരസ്പരം നോക്കി കുട്ടിത്തംമാറാത്ത ലജ്ജയോടെ വായപൊത്തി ചിരിക്കുന്നു...

ആദ്യമെത്തുന്നവർക്ക് നഗരം ഇങ്ങിനെ സൂക്ഷ്മമായ ചില ആശ്ചര്യങ്ങളും ആഗ്രഹങ്ങളുമാണ്. ആ സ്കൂൾകുട്ടികളിൽ പലരും ഇപ്പോൾ ഇതുപോലൊരു നഗരത്തിലേയ്ക്ക് വരുന്നതും ഈ കോളേജ് വിദ്യാർഥികളെ പോലെ ഒരു നഗരവിദ്യാലയത്തിൽ പഠിക്കുന്നതും ഒക്കെ ആഗ്രഹിക്കുകയാവും. ആഗ്രഹങ്ങളുടെ ആകർഷണീയത അത് ആഗ്രഹങ്ങളായിരിക്കുമ്പോൾ മാത്രമാണ്. ഇതുപോലെ, നഗരപ്രാന്തത്തിൽ നിന്നും അത്ഭുതാദരങ്ങളോടെ പട്ടണത്തിൽ പഠിക്കാൻ വന്ന കൗമാരകാലം എനിക്കുമുണ്ട്. എന്നാൽ നഗരവാസം നഗരത്തിന്റെ പൊലിമയെല്ലാം വളരെ വേഗത്തിൽ ചോർത്തികളയുന്നു. തിരിച്ചറിയപ്പെടാനാവാത്ത മറ്റൊരു നഗരവാസിയായി നമ്മൾ അതിന്റെ മജ്ജയിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു. എങ്കിലും, ആ സ്കൂൾ കുട്ടികളുടെ മനോവിചാരം എനിക്ക് ഊഹിക്കാനാവുന്നുണ്ട്. അത്, ഈ പ്രഭാതത്തിൽ, നഗരങ്ങളുടെ പൊടിയേറ്റുമങ്ങിയ എന്റെ മനോനിലങ്ങളിൽ വിമലീകരണത്തിന്റെ കാറ്റായി പടരുന്നു...

ഞാൻ നടക്കുന്നതിനനുസരിച്ച് ആ കോളേജ് വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും എന്റെ കാഴ്ചയിൽ നിന്നും മറഞ്ഞുപോയി. ഇപ്പോൾ ഞാൻ 'അരുൾജ്യോതി' എന്ന ഭോജനശാലയ്ക്ക് മുന്നിലാണ്. സെക്രട്ടറിയേറ്റിന്റെ തെക്കേഗേറ്റിന് നേരെ എതിർവശത്തായി കാണുന്ന ഈ റെസ്റ്റോറന്റ് പണ്ടേ ഉള്ളതാണ്. ഞാൻ അതിലേയ്ക്ക് കയറി. ഒറ്റനോട്ടത്തിൽ ദൃശ്യമാവുക മൊത്തത്തിലുള്ള വൃത്തിഹീനതയാണ്. മുൻപും ഇതിങ്ങനെയായിരുന്നൊ? ആ നിലയ്ക്ക് ശ്രദ്ധിച്ചിരുന്നില്ല എന്നതുമാവും. ഇവിടുത്തെ ഫ്രെഷ് ഗ്രേപ് ജ്യൂസ് വളരെ ഇഷ്ടമായിരുന്നു പണ്ട്. കുറച്ചു മുന്തിരിയൊക്കെ അതുപോലെ തന്നെയിട്ട് ഒരു പ്രത്യേക കൂട്ട്. എങ്കിലും ഇപ്പോഴത്തെ പരിസരം അതിലേയ്ക്ക് പോകുന്നതിൽ നിന്നും മുടക്കി. ഒരു സെറ്റ് പൂരിമസാല ആവശ്യപ്പെട്ടു. തൊട്ടപ്പുറത്ത് സായിപ്പും മദാമ്മയും ഗീറോസ്റ്റ് കഴിക്കുന്നു. പിരമിഡിന്റെ ആകൃതിയിലുള്ള ആ ദോശ അവർ വൃത്തിയായി മടക്കി പ്ലേറ്റിനുള്ളിൽ വച്ചതിനുശേഷം അനുധാവനതയോടെ കഴിക്കാൻ തുടങ്ങി. ഇത്തരം ഭക്ഷണ വിഭവങ്ങൾ നല്ലപോലെ പരിചയമുള്ള വിദേശികൾ തന്നെ...

തിരുവനന്തപുരം പട്ടണത്തിന്റെ തനതു കാഴ്ച
പുളിമൂട് ജംഗ്ഷനിലുള്ള മാതൃഭൂമിയുടെ പുസ്തകശാലയായിരുന്നു എന്റെ അടുത്ത ലക്‌ഷ്യം. അങ്ങോട്ട്‌ നടക്കുമ്പോഴാണ് എതിർദിശയിൽ നിന്നും നടന്നുവരികയായിരുന്ന ഒരാൾ "സെക്രട്ടറിയേറ്റിൽ വിസിറ്റേഴ്സിനുള്ള ഗേറ്റ് എവിടെയാണ്?" എന്ന് ചോദിച്ചത്. മറ്റെന്തോ ആലോചിച്ച്‌ നടക്കുകയായിരുന്നതിനാൽ ഒരു നിമിഷമെടുത്തു അയാൾ എന്നോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാൻ. ഒരു മദ്ധ്യവയസ്കൻ. അയാളുടെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി തോളിൽ ബേഗും തൂക്കി കുറച്ചു ദൂരെമാറി നിൽക്കുന്നു.

എത്രയോ വർഷങ്ങൾക്ക് മുൻപ്, ചേച്ചി അവിടെ ഉദ്യോഗസ്ഥയായിരുന്ന കാലത്ത് എന്നോ ആണ് അവസാനമായി സെക്രട്ടറിയേറ്റിൽ കയറിയത്. അവധിക്കാലത്ത് ദിനേനയെന്നോണം ഇതുവഴി കടന്നുപോകാറുണ്ടെങ്കിലും എന്തെങ്കിലും ആവശ്യത്തിന് അതിനുള്ളിലേയ്ക്ക് കയറേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെ സന്ദർശകർക്കുള്ള പ്രവേശനം ഏതുവഴിയാണെന്ന് എനിക്ക് തിട്ടമുണ്ടായിരുന്നില്ല. അയാളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് പകച്ചു. ഇടയ്ക്കെപ്പൊഴോ അതുവഴി കടന്നുപോകുമ്പോൾ, തെക്കേ ഗേറ്റിനും വൈ. എം. സി. എ ഗേറ്റിനും ഇടയ്ക്ക്, ട്രെഷറിയുടെ എതിർവശത്തായി, 'സന്ദർശകർക്ക് പാസ് നൽകുന്ന സ്ഥലം' എന്നോ മറ്റോ എഴുതിവച്ചിരിക്കുന്ന ഒരു കൗണ്ടർ കണ്ടിരുന്നു. അയാൾക്ക്‌ അങ്ങോട്ടേയ്ക്കുള്ള വഴി പറഞ്ഞുകൊടുത്തു.

അയാളും ആ യുവതിയും ധൃതിയിൽ നടന്നുപോയി. അച്ഛനും മകളുമായിരിക്കണം. ഒരു ദീർഘയാത്ര കഴിഞ്ഞു വരുന്ന ലക്ഷണമുണ്ട് കണ്ടിട്ട്. എന്ത് ആവശ്യത്തിനായിരിക്കും അവർ വന്നിരിക്കുക. എന്തോ അത്യാവശ്യകാര്യത്തിനാണെന്ന് അയാളുടെ മുഖഭാവം പറയുന്നുണ്ടായിരുന്നു. നമ്മുടെ സർക്കാർ ഓഫീസ്, അതും ഭരണ സിരാകേന്ദ്രം - ചുവപ്പ് നാടകളിൽ കുരുങ്ങിപോകാതെ അവരുടെ ആവശ്യം വേഗം നടന്നുകിട്ടുമോ? അതൊരുപക്ഷെ അവരുടെ ജീവിതത്തിന്റെ ഗതിനിർണ്ണയിക്കുന്ന കാര്യമായിരിക്കുമോ? അല്ലെങ്കിൽ തന്നെ ഞാനെന്തിനാണ് ഇതൊക്കെ ആലോചിക്കുന്നത്? തിരിഞ്ഞു നോക്കി, അവർ രണ്ടുപേരും കാഴ്ച്ചയിൽ നിന്നുതന്നെ മറഞ്ഞുപോയിരിക്കുന്നു...

പുളിമൂട് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് കൈതമുക്കിലേയ്ക്ക് പോകുന്ന അംബുജവിലാസം റോഡിലാണ് മാതൃഭൂമിയുടെ പുസ്തകശാല. ഇടത്തേയ്ക്ക് തിരിഞ്ഞാൽ ഗാന്ധാരിയമ്മൻ കോവിൽ റോഡിലെത്താം. ഗാന്ധാരിയമ്മൻ കോവിലിനടുത്തുള്ള ഒരു വീട്ടിലാണ് ഇ. എം. എസ് താമസിച്ചിരുന്നത്. ഒരിക്കൽ അവിടെ പോയിട്ടുണ്ട്. ട്യൂട്ടോറിയലുകളുടെ കേന്ദ്രമാണ് ഗാന്ധാരിയമ്മൻ കോവിൽ റോഡ്‌. അതുകൊണ്ട് തന്നെ കലാലയ കാലത്ത് ആ റോഡിലൂടെ ഒരുപാട് അലഞ്ഞിരിക്കുന്നു. കേരളത്തിന് പുറത്ത് ബിസിനസ് സംരംഭകയായ അക്കാലത്തെ ഒരു സഹപാഠി ഈയടുത്ത് ഫെയ്സ്ബുക്കിൽ ഇട്ട ഒരു മെസേജ് ഓർമ്മവന്നു. "എന്റെ തിരുവനന്തപുരം കാലം ഓർക്കുമ്പോൾ ആദ്യം തെളിയുന്നത് ഗാന്ധാരിയമ്മൻ കോവിൽ റോഡിലൂടെ നമ്മൾ തെക്കുവടക്ക് നടന്ന പകലുകലാണ്..."     

ഗാന്ധാരിയമ്മൻ കോവിൽ
കവലയിൽ നിന്നും അംബുജവിലാസം റോഡിലേയ്ക്ക് തിരിയുന്ന സമയത്ത് ഒരു ഓട്ടോറിക്ഷ തൊട്ടുതൊട്ടില്ലാ എന്ന മട്ടിൽ പാഞ്ഞുപോയി. ആ പോക്കിൽ ഡ്രൈവർ കൈ പുറത്തേയ്ക്കിട്ട് ഒതുങ്ങിനടക്കൂ എന്ന് ആംഗ്യംകാട്ടുന്ന കൂട്ടത്തിൽ എന്തോ അസഭ്യവും പറയുന്നത് അവ്യക്തമായി കേട്ടു. ഇളിഭ്യനായി ഞാൻ നിരത്തിന്റെ കുറച്ചുകൂടി അരികിലേയ്ക്ക് ചേർന്നുനടന്നു. രണ്ടു പതിറ്റാണ്ട് കാലത്തെ വിദേശവാസം നാട്ടിലെ പല രീതികളോടും അപരിചിതനാക്കിയിരിക്കുന്നു എന്ന് അവധിക്കെത്തുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്. നിരത്തിലെ നടപ്പാത പോലെ തോന്നിച്ച ഭാഗം ഓട്ടോറിക്ഷയ്ക്കു കൂടി അവകാശപ്പെട്ടതാണെന്ന് മനസ്സിലാക്കിയിരിക്കാത്തത് എന്റെ തെറ്റുതന്നെ.

ചുറ്റുഗോവണി കയറി പുസ്തകശാലയിൽ എത്തുമ്പോൾ ഞാൻ മാത്രമേ കസ്റ്റമർ ആയി ഉണ്ടായിരുന്നുള്ളൂ. ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകം വാങ്ങണം എന്നുണ്ടായിരുന്നു. പക്ഷെ അതവിടെ ഉണ്ടായിരുന്നില്ല. കുറച്ചു ദിവസം മുൻപ് ഡി. സിയിൽ തിരക്കിയപ്പോൾ അവിടെയും ഉണ്ടായിരുന്നില്ല. എവിടെ കിട്ടുമോ ആവോ? സാഹിത്യ അക്കാദമി ആണെന്ന് തോന്നുന്നു പ്രസാധകർ. ഔട്ട്‌ ഓഫ് പ്രിന്റ്‌ ആയിരിക്കും. വി. മുസഫർ അഹമ്മദിന്റെ 'മയിലുകൾ സവാരിക്കിറങ്ങിയ ചെരിവിലൂടെ' മറിച്ചുനോക്കികൊണ്ട്‌ നിൽക്കുമ്പോഴാണ് മൊബൈലിൽ മെസേജ് വന്ന ശബ്ദം കേട്ടത്. ഭാര്യയുടെതാണ്: "ലാൻഡഡ് സേഫ് ലി".

ചില പുസ്തകങ്ങൾ വാങ്ങിയതിനു ശേഷം ഭാര്യയുടെ ഫോണിലേയ്ക്ക് ഡയൽ ചെയ്തുകൊണ്ട് ഞാൻ നിരത്തിലേയ്ക്കിറങ്ങി. അന്തരീക്ഷം മാറിയതുപോലെ. വെയിലിന്റെ നിലാഭാവം അപ്രത്യക്ഷമായിരിക്കുന്നു. വിയർപ്പ് പൊടിയിക്കുന്ന ചൂട്. അസഹ്യമായ ശബ്ദകോലാഹലങ്ങളോടെ വാഹനങ്ങൾ ചീറിപ്പായുന്നു. അവ പടർത്തുന്ന പൊടിപടലം വിയർപ്പുമായി ചേർന്ന് ചർമ്മത്തിൽ അസ്വസ്ഥതയാവുന്നു...

കഴിഞ്ഞ അഞ്ച് മണിക്കൂറുകളെ വിദൂരമായ ഒരോർമ്മയാക്കി മാറ്റുന്ന കാര്യരഹിത വ്യഗ്രതയോടെ ഞാനും വേഗത്തിൽ നടന്നു. നഗരതിരക്കിന്റെ ആവേഗലായനികൾ എന്നെയും അതിലേയ്ക്ക് ലയിപ്പിച്ചു...!

കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ നിന്നും എടുത്തുചേർത്തത്.

00

2 comments:

  1. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനന്തപുരിയിലെ അന്തേവാസിയായിരുന്ന ഞാന്‍ ഈ നഗരം ഇപ്പോള്‍ കണ്ടാല്‍ പകച്ച് നില്‍ക്കുമായിരിയ്ക്കും. എത്ര മാറ്റങ്ങള്‍ വന്നിട്ടുണ്ടാവണം!

    ReplyDelete
    Replies
    1. മുപ്പതു വർഷം നീണ്ട കാലയളവാണ്. ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയ്ക്ക് കേരളം വലിയ മാറ്റങ്ങളിലൂടെയാണല്ലോ കടന്നുപോയത്...

      Delete