Tuesday, 23 June 2015

ലഹരി കൊണ്ടുപോയ ഒരു അബ്സ്ട്രാക്റ്റ് ചിത്രം...!

കൊച്ചിയിലെ ചില ന്യൂജെൻ സിനിമാക്കാരാണ് കേരളത്തിൽ മയക്കുമരുന്ന് ആദ്യമായും വ്യാപകമായും ഉപയോഗിക്കുന്നത് എന്ന് ഒരു ചാനൽ റിപ്പോർട്ടറും എന്നോട് പറയരുത്...

അനീഷിന്റെ കുസൃതിപ്പുഞ്ചിരിയുള്ള സുമുഖം എന്റെ സജീവമായ ഓർമ്മയാണ് എപ്പോഴും...

പ്രീഡിഗ്രിക്ക് ആ കോളേജിൽ ചെന്നുചേരുമ്പോൾ ആദ്യമായി ലഭിച്ച കൂട്ടുകാരിൽ ഒരാൾ. വെറും ഒരാളല്ല, അക്കാലത്തെ ഏറ്റവും ആഴബന്ധമായിരുന്ന നാലഞ്ചുപേരുടെ സംഘത്തിലെ ഒരാൾ. സുന്ദരനും സകലകലാവല്ലഭനും. യൂത്ത്ഫെസ്റ്റിവെല്ലിൽ അനീഷ്‌ ഒരു ഒറ്റക്കാലൻ കൊക്കായി എത്തിയ പ്രച്ഛന്നവേഷംപോലൊന്ന് പിന്നീട് ഞാൻ കണ്ടിട്ടില്ല. നാടകം, ഏകാംഗം, മൂകാഭിനയം തുടങ്ങി അയാൾക്ക്‌ വഴങ്ങാത്തത് ഒന്നുമുണ്ടായിരുന്നില്ല. 'ഫൂട്ട് ലൂസേഴ്സ്' എന്ന പേരിൽ ഒരു നൃത്തട്രൂപ്പും അയാളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. അതിനെക്കാളൊക്കെ ഉപരി, അസാമാന്യ ചിത്രരചനാ വൈഭവവും. കോളേജിലെ പരിമിതമായ ചിലവുകൾക്ക് പെണ്‍കുട്ടികളിൽ നിന്നും ചെറിയ തുകകൾ പിരിച്ചെടുക്കാൻ ഞങ്ങൾ നിയോഗിച്ചിരുന്നത് അനീഷിനെയായിരുന്നു. അയാളെ നിരാകരിക്കാൻ അവർക്കാവുമായിരുന്നില്ല...

കഴക്കൂട്ടം ജംഗഷനിലെ അയാളുടെ വീടും, ദേശീയപാതയുടെ ഓരം ചേർന്നുള്ള കടമുറികൾക്ക് മുകളിലുള്ള മട്ടുപ്പാവുമായിരുന്നു ഞങ്ങളുടെ താവളം. കഴിഞ്ഞ പത്തിരുപതു വർഷത്തിനിടയ്ക്ക് കേരളം വളർന്നതിന്റെ നെടുകേ പിളർന്ന ഉദാഹരണമാണ് കഴക്കൂട്ടം. ഞങ്ങളുടെ സായാഹ്നസ്വപ്നങ്ങൾ ചിത്രശലഭങ്ങളായി പറന്നുനടന്ന, പറങ്കിക്കാടുകളുടെ നിഗൂഡതയാൽ വന്യമായിരുന്ന വൈദ്യൻകുന്ന് ഇന്ന് ടെക്നോപാർക്ക് എന്ന വിചിത്രമായ ഒരു പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നുവത്രേ...

ഞങ്ങൾ അവിടെയിരുന്ന്, അവിടെയൊക്കെ കറങ്ങി നടന്ന്, സിനിമ സ്വപ്നം കണ്ടു. തിരക്കഥകൾ എഴുതി, വായിച്ചു, ചർച്ചചെയ്തു... അക്കാലത്ത് പ്രഭവദശയിലെ രൂക്ഷത ഉൾക്കൊണ്ടിരുന്ന ശ്രീലങ്കൻ പുലിയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ തയ്യാറാക്കിയ തിരക്കഥ ഒരുപക്ഷെ വള്ളിപുള്ളി വ്യത്യാസമില്ലാതെ എനിക്കിന്നും വീണ്ടും എഴുതിയുണ്ടാക്കാൻ പറ്റും.

തൂലികാസൗഹൃദമുണ്ടായിരുന്ന ഒരു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി ആദ്യം പുലി ആഭിമുഖ്യത്തിലേയ്ക്കും പിന്നീട് ഇന്ത്യയിലേയ്ക്കുള്ള അഭയാർഥി പ്രവാഹത്തിലും പെട്ടുപോകുന്നു എന്ന് അറിവുകിട്ടുന്ന ഒരു യുവാവ് അവളെ കണ്ടെത്താനായി ഇന്ത്യയിലെ അഭയാർഥി കേന്ദ്രങ്ങളിലേയ്ക്ക് നടത്തുന്ന സംഘർഷഭരിതമായ യാത്രയായിരുന്നു കഥയുടെ കാതൽ. അക്കാലത്തെ മുഖ്യധാര സിനിമാഭാവുകത്വത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട്, ആ പെണ്‍കുട്ടിയെ കണ്ടെത്താനാവാതെ, ക്ലൈമാക്സ് ഇല്ലാതെ സിനിമ അവസാനിക്കുന്നു... തിരക്കഥയ്ക്കപ്പുറം എന്തുചെയ്യണം എന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. അധികം വഴികളൊന്നുമില്ലാത്ത കാലമായിരുന്നു അത്.

കഴക്കൂട്ടവും തിരുവനന്തപുരവും വിട്ട് മറ്റൊരു പട്ടണത്തിൽ ബിരുദ പഠനത്തിനായി പോയെങ്കിലും അവധിദിനങ്ങളിൽ അനീഷിന്റെ വീട്ടിലെ സംഘംചേരലുകൾ മാറ്റമില്ലാതെ തുടർന്നു, അനീഷ്‌ നിയമപഠനത്തിനായി കർണ്ണാടകത്തിലേയ്ക്ക് പോകുന്നതു വരെ...

"ഞങ്ങളുടെ സായാഹ്നസ്വപ്നങ്ങൾ ചിത്രശലഭങ്ങളായി പറന്നുനടന്ന, പറങ്കിക്കാടുകളുടെ നിഗൂഡതയാൽ വന്യമായിരുന്ന വൈദ്യൻകുന്ന് ഇന്ന് ടെക്നോപാർക്ക് എന്ന വിചിത്രമായ ഒരു പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നുവത്രേ..."
യൗവ്വനാരംഭത്തിന്റെ അനിവാര്യവും കലുഷവുമായ സങ്കീർണ്ണതകളിൽ പെട്ടുപോവുകയാൽ പല ബന്ധങ്ങളും പിന്നീട് പഴയതുപോലെ നിലനിർത്താനായില്ല.. ഗൾഫിൽ എത്തിക്കഴിഞ്ഞാണ് എനിക്ക് എന്നെത്തന്നെ സാവകാശത്തോടെ വീണ്ടെടുക്കാൻ പറ്റിയത്. വല്ലപ്പോഴും കിട്ടുന്ന വാർത്തകളിൽ നിന്നും അനീഷ്‌ മയക്കുമരുന്നിന്റെ ലോകത്ത് എത്തപ്പെട്ടതും, ഉന്മാദിയായി തിരിച്ചുവന്നതും ഒക്കെ അറിയുന്നുണ്ടായിരുന്നു.

ആദ്യത്തെ അവധിക്കു ചെന്നപ്പോൾ ഞാൻ അയാളെ കാണാൻ പോയി. സൂക്ഷിച്ച് ഇടപെടണമെന്നും, പറ്റിയാൽ ഒന്ന് കുളിക്കാൻ നിർബന്ധിക്കണമെന്നും അയാളുടെ അച്ഛൻ പറഞ്ഞു. അതെന്നെ അമ്പരപ്പിക്കുകയാണോ സങ്കടപ്പെടുത്തുകയാണോ ചെയ്തത് എന്ന് വ്യതിരിക്തമായി പറയാൻ വയ്യ. ദിവസങ്ങളോളം കുളിക്കാതെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറാതെ നീട്ടി വളർത്തിയ മുടിയുമായി പുതിയ അനീഷ്‌ എനിക്ക് മുന്നിൽ നിന്നു. അപ്പോൾ വരച്ചുകൊണ്ടിരിക്കുന്ന അബ്സ്ട്രാക്റ്റ് ആയ ചില ചിത്രങ്ങൾ എനിക്ക് കാണിച്ചുതന്നു. പിന്നീട് എന്നെ വീടിന് വെളിയിലേയ്ക്കു കൊണ്ടുവന്ന് ആകാശത്തേയ്ക്ക് കൈചൂണ്ടി, ഇതൊന്നും താനല്ല വരയ്ക്കുന്നതെന്നും സൂര്യന്റെ ശക്തി തന്നെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നും അയാൾ എന്നോട് പറഞ്ഞു.

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ, കുളിച്ച് വസ്ത്രംമാറി വരൂ, നമുക്കൊന്ന് പുറത്തൊക്കെ നടന്നുവരാം എന്ന് ഞാൻ അയാളോട് പറഞ്ഞു. അയാൾ വിമുഖത കാണിച്ചു;
-അനീഷേ, എന്നോട് വേലയിറക്കല്ലേ, വേഗം കുളിച്ചിട്ടു വന്നേ...
ഒന്നും മിണ്ടാതെ അയാൾ അനുസരിച്ചു.

കഴക്കൂട്ടത്തിന്റെ മുഖംമാറിതുടങ്ങിയ വഴികളിലൂടെ പണ്ടത്തെ എന്നപോലെ തമാശകൾ പറഞ്ഞു ചിരിച്ച് ഞങ്ങൾ നടന്നു. പതിവ് ചായക്കടയിൽ കയറി എന്തോ കഴിച്ചു. കുറച്ചുമുൻപ് കണ്ട അനീഷായിരുന്നില്ല അത്. അവധികഴിഞ്ഞ് പോകുന്നതിന് മുൻപ് വീണ്ടും വരണമെന്ന് പിരിയുന്ന സമയത്ത് അയാൾ പറഞ്ഞു. പക്ഷേ എനിക്ക് പിന്നീട് പോകാനായില്ല...

ഞാൻ ഗൾഫിൽ മടങ്ങിയെത്തി ഏതാനും മാസങ്ങൾക്ക് ശേഷം, അനീഷ്‌ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യചെയ്തു!

പ്രണയമാണ് ലഹരി, ജീവിതമാണ് ലഹരി എന്ന കാല്പനിക മുദ്രാവാക്യങ്ങളൊന്നും, ഒന്നും, ലഹരിമരുന്നിനെ ഇല്ലാതാക്കില്ല, ഒരിക്കലും. അത് മനുഷ്യന്റെ വിധിവിഹിതമാണ്!

00

8 comments:

 1. വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ!

  ReplyDelete
 2. എന്ത് പറയണമെന്നറിയില്ല. ഇത് പോലെയുള്ള പ്രതിഭകൾ എന്തേ ഇങ്ങിനെയാകുന്നു?? ഉത്തരം കിട്ടാത്തൊരു ചോദ്യമായി അവശേഷിക്ക്യാണ് ഓരോ അനുഭവങ്ങളും....

  ReplyDelete
  Replies
  1. യുക്തിഭദ്രമായ ഉത്തരങ്ങൾ കിട്ടാതാവുമ്പോഴാണല്ലോ നമ്മൾ 'വിധി'യെ കൂട്ടുപിടിക്കുന്നത്‌...

   Delete
 3. ആ കൂട്ടുകാരനെ ലഹരിമരുന്നിന്റെ ലോകത്ത് എത്തിച്ചത് എന്തായിരിക്കും. ഈ കുറിപ്പിൽ ആവർത്തിച്ച് സൂചിപ്പിക്കുന്ന ആധുനികതക്ക് വഴിമാറിയ ആ ഗ്രാമീണത മനുഷ്യമനസ്സുകളിൽ വല്ലാത്ത അരക്ഷിതത്വം സൃഷ്ടിച്ചുവോ.... ആ യുവാവിൽ കുറ്റം കണ്ടെത്താനാവുന്നില്ല. വിലപ്പെട്ട ഒരു ജീവിതം ഇല്ലാതാക്കിയ സമൂഹമാണ് ഇവിടെ കുറ്റവാളികൾ......

  നന്നായി പറഞ്ഞു.....

  ReplyDelete
  Replies
  1. ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു...

   Delete
 4. അനുഭവിക്കുമ്പോഴെങ്കിലും ലഹരി സത്യം തന്നെ.
  അതില്‍ കുടുങ്ങുമ്പോഴണ് പ്രശ്നം.
  നന്നായി എഴുതുന്നു!
  വഴിയുടെ സംഗീതത്തില്‍ നിന്നാണ് ഇവിടെയെത്തിയത്‌
  വീണ്ടും വരാം.......

  ReplyDelete
  Replies
  1. അനുഭവം, ലഹരി, സത്യം..., ഒക്കെ സങ്കീർണ്ണമായ ജീവിതവ്യവഹാര പ്രദേശങ്ങൾ...

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

   Delete