Monday 18 January 2016

റബ്ബർപുരാണം

റബ്ബർകൃഷിയെ പ്രതി ജോസ്. കെ. മാണിയുടെ നിരാഹാരസമരം തുടങ്ങുമ്പോൾ ചില റബ്ബർസംഗതികൾ...

കേരളത്തിൽ ഇന്ന് കാണുന്ന പല കൃഷി വിഭവങ്ങളുടെയും ആസ്ഥാനം എന്ന് കരുതപ്പെടുന്ന തെക്കേ അമേരിക്കയിൽ നിന്നാണ് റബ്ബറും പൗരസ്ത്യ/ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും വരുന്നത്. ബ്രസീലിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്കും അവിടെ നിന്നും അവരുടെ ഉഷ്ണമേഖലാ കോളനികളിലേയ്ക്കും എന്നായിരുന്നു ആ സഞ്ചാരപഥം. ഇന്ത്യയിൽ വ്യാപാരോൻമുഖമായ ആദ്യത്തെ റബ്ബർത്തോട്ടം സ്ഥാപിതമാവുന്നത് കേരളത്തിൽ, തട്ടേക്കാട്‌ 1902 - ൽ ആണ്.

കേരളത്തിന്റെ സാമ്പത്തിക മേഖലയെ കാര്യമായി പരിവർത്തിപ്പിച്ച ഒരു കൃഷിയാണ് റബ്ബറിന്റേത്. ഇപ്പോൾ വിലയിടിവ്‌ ഉണ്ടെങ്കിലും റബ്ബർതോട്ടങ്ങൾ സമ്പത്തിന്റെ മാനദണ്ഡമായി കരുതപ്പെടുന്നു കേരളത്തിന്റെ പല ഇടനാടൻ മേഖലകളിലും ഇന്നും. റബ്ബർകൃഷി സാമ്പത്തികമായി പ്രബലമായ ഒരു ജനവിഭാഗത്തെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാക്കിയെടുത്തു. അതിൽ ചെറുകിട കർഷകരും വൻകിട കർഷകരും ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ സാമ്പത്തിക മേഖലയിൽ മാത്രമല്ല സാമൂഹിക, രാഷ്ട്രീയ ഇടങ്ങളിലും റബ്ബർ ഒരു പ്രബല ഘടകമായി. പല മലയോര പട്ടണങ്ങളുടെയും ഉയർച്ചയ്ക്ക് മുഖ്യമായ ഒരു കാരണം റബ്ബറാണ്. റബ്ബറിന്റെ രാഷ്ട്രീയം കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രമുഖകക്ഷിയാണല്ലോ ഇന്ന് ബാറിന്റെ രാഷ്ട്രീയത്തിൽ എത്തിനിൽക്കുന്നത്.

റബ്ബറാധിക്യമുളള മലയോര ഗ്രാമക്കാഴ്ച 
കേരളത്തിന്റെ തനതു ജൈവമേഖലയെ ഹനിച്ചുകൊണ്ടാണ് റബ്ബർ തോട്ടങ്ങൾ ഉണ്ടായത്. റബ്ബർ തോട്ടത്തിന്റെ പരിപാലനത്തിലും റബ്ബറിന്റെ നിർമ്മാണത്തിലും ഉൾപ്പെട്ടിരിക്കുന്ന സാങ്കേതികതകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, തോട്ടങ്ങളുടെ മേഖലാവിസ്തീർണ്ണം കൊണ്ടും, രൂക്ഷത കൊണ്ടും ആ പ്രദേശത്തിന്റെ സൂക്ഷ്മജൈവതയെ കാര്യമായി നശിപ്പിച്ചുകളയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതോടൊപ്പം, റബ്ബർമരം തന്റെ വളർച്ചയ്ക്കായി ഉപയുക്തമാക്കുന്ന ജലത്തിന്റേയും മണൽലവണങ്ങളുടേയും ഉയർന്നതോത് മറ്റ് ചെറുഹരിതലോകത്തെ ആഹാരരഹിതമാക്കുന്നു. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ക്യാൻസർ പോലുള്ള ആധുനിക രോഗങ്ങൾ കേരളത്തിൽ വ്യാപകമാകുന്നതിൽ റബ്ബർ ഉൾപ്പെടെയുള്ള വ്യാപകമായ കൃഷികൾക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ കാരണമാകുന്നു എന്നും കരുതപ്പെടുന്നു.

പരിസ്ഥിതിയും വികസനവും തമ്മിൽ എന്നും സംഘർഷത്തിലാണ്. ഇനിയുള്ള കാലങ്ങളിൽ അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. അവികസിത, വികസ്വര പ്രദേശത്ത്‌ ഏറ്റവും സജീവമായ പരിസ്ഥിതി അവബോധം നിലനിൽക്കുന്ന ഒരു ദേശമാണ്‌ കേരളം എന്ന് ഈ വഴിക്കുള്ള വായനകൾ സസന്തോഷം അറിവുതരും. പരിസ്ഥിതിനാശങ്ങൾ ഉണ്ടാവുന്നില്ല എന്നല്ല അതിനർത്ഥം, പരിസ്ഥിതിനാശം സംഭവിക്കുന്നു എന്ന പൊതുബോധം ഏറ്റവും പ്രാഥമികമാണ്.

കൗതുകകരമായി തോന്നാവുന്ന മറ്റൊരു ചരിത്രം...

Henry Ford - ബുദ്ധിസാമർത്ഥ്യവും ഇച്ഛാശക്തിയുമുള്ള വ്യവസായിയായിരുന്നു എന്നതിന് തർക്കമില്ല. ഏറ്റവുംകൂടുതൽ റബ്ബർ ആവശ്യമുള്ള, വാഹനങ്ങളുടെ നിർമ്മാണമാണല്ലോ അദ്ദേഹം നടത്തിയിരുന്നത്. അതിനാൽ ഏഷ്യൻ രാജ്യങ്ങൾക്കുള്ള കുത്തക തകർത്ത്, സ്വന്തം ആവശ്യത്തിനുള്ള റബ്ബർ ഉത്പാദിപ്പിക്കാൻ, ആ മരത്തിന്റെ/കൃഷിയുടെ ഈറ്റില്ലമെന്ന് പറയാവുന്ന ആമസോൺ തടത്തിൽ തന്നെ ഇരുപത്തിയഞ്ച് ലക്ഷം ഏക്കർ സ്ഥലത്ത് അദ്ദേഹം റബ്ബർകൃഷി ആരംഭിച്ചു. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ രണ്ടാം പകുതിയിൽ ആരംഭിച്ച ഈ വൻകിടപദ്ധതി 'ഫോർഡ് ലാൻഡിയ' എന്ന പേരിലാണ് അറിയപ്പെട്ടത്. ആയിരക്കണക്കിന് തൊഴിലാളികളും അവർക്കുള്ള താമസസ്ഥലങ്ങളും പള്ളികളും കടകളും ഒക്കെയായി പാശ്ചാത്യ മാതൃകയിലുള്ള ജനപഥം.

സംഗതിയൊക്കെ ഗംഭീരമായിരുന്നു - പക്ഷേ, ഇരുപത്തിയഞ്ച് കൊല്ലത്തിനിടയ്ക്ക്, കിട്ടിയ തുകയ്ക്ക് എല്ലാം വിറ്റുപെറുക്കി സ്ഥലംകാലിയാക്കേണ്ടി വന്നു ആ പ്രശസ്ത വ്യവസായിക്ക്. ഫോർഡ് നേരിട്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്.

രാഷ്ട്രീയ, സാമ്പത്തിക്ക, സാമൂഹിക കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനമല്ല ഈ വൻദുരന്തത്തിലേയ്ക്ക് കൊണ്ടുപോയത്. കച്ചവടത്തിന്റെ നേർസമവാക്യങ്ങൾക്കപ്പുറത്താണ് പ്രകൃതിയുടെ അതിസങ്കീർണ്ണമായ അതിജീവനവ്യവഹാരങ്ങളെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം ഫോർഡിന് സിദ്ധിച്ചിരുന്നില്ല. Microcyclus Ulei - എന്ന ഫംഗസാണ് ഈ ബ്രഹ്മാണ്ഡസംരംഭത്തെ തകർത്തുതരിപ്പണമാക്കിക്കളഞ്ഞത്. റബ്ബർ എന്ന മരം (Hevea brasiliensis) പരിണമിച്ചു വന്ന ഭൂഭാഗത്താണ് ഏതാണ്ട് മുഴുവനായി തന്നെ അതിനെ ഈ ഫംഗസ് ഇല്ലാതാക്കിയത് എന്ന് ഓർക്കുക.

കേരളത്തിലെ റബ്ബർമേഖലയെ പ്രധാനമായും പ്രതിനിധീകരിക്കുന്ന സാമാജികൻ എന്ന നിലയ്ക്ക് ജോസ്. കെ. മാണിക്ക് ഈ ചരിത്രവും ഈ ഫംഗസിനെ കുറിച്ചും അറിയാതിരിക്കാൻ വഴിയില്ല. അല്ലെങ്കിൽ അറിയേണ്ടതുണ്ട്; കാരണം: റബ്ബറിന്റെ ഈ വിലയിടിവ് സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്ന ഒരുതരം ചാക്രികതയുടെ ഫലമായുണ്ടായ താൽക്കാലിക പിൻപറ്റൽ എന്നു കരുതാം. സാവധാനമായ ഉയർച്ച കാലാന്തരത്തിൽ ഉണ്ടായിവരുമത്രേ. എന്നാൽ Microcyclus Ulei അങ്ങനെയല്ല. ഈ ഫംഗസ് ഇതുവരെ ഏഷ്യയിൽ എത്തിയിട്ടില്ല. ഇന്ന് മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രകാരന്മാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഈ ഫംഗസിന്റെ ഏഷ്യൻ വരവാണ്. വിമാനയാത്രകൾ സാർവത്രികമാവുകയും തെക്കേ അമേരിക്കയിൽ നിന്നും എഷ്യയിലേയ്ക്കുള്ള പോക്കുവരവുകൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ റബ്ബർ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലെ സർക്കാരുകൾ ഇതിനെതിരെ ഫലപ്രദമായ സൂക്ഷനടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് അവർ ആവശ്യപ്പെടുന്നു. നിലവിൽ അത്തരത്തിലുള്ള അവബോധം ഇവിടങ്ങളിൽ ഉണ്ടായിവന്നിട്ടില്ല.

ഗർഭഗൃഹത്തിൽ റബ്ബർകൃഷിയെ ഉന്മൂലനം ചെയ്യാൻ Microcyclus Ulei - ക്ക് സാധിച്ചെങ്കിൽ ഏഷ്യയിൽ അതിനെ ഇല്ലാതാക്കാൻ അത്രപോലും കാലം വേണ്ടിവരില്ല. അതൊരു ചാക്രിക പ്രതിഭാസമായിരിക്കില്ല. പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ലെങ്കിലും, ജോസ്. കെ. മാണി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും...

00

Tuesday 5 January 2016

ദേശീയോദ്യാനവും മെറ്റാനറേറ്റീവും

അമേരിക്കൻ ഐക്യനാടുകൾ അധികം ചരിത്രമുള്ള രാജ്യമല്ല. യൂറോപ്പിനെയോ പൗരസ്ത്യദേശങ്ങളെയോ പോലെ അവിടെ വലിയ തത്വചിന്തകളോ കലാവ്യവഹാരങ്ങളോ സാമൂഹ്യാശയങ്ങളോ ഉണ്ടായിവന്നിട്ടില്ല. ആധുനിക കാലത്തെ മനുഷ്യോപകാരപ്രദമായ പല കണ്ടുപിടുത്തങ്ങളും നടന്നിട്ടുള്ളത് പക്ഷേ അവിടെയാണ്. ഞാൻ എഴുതുന്ന ഈ കുറിപ്പ് നിങ്ങൾക്ക് വായിക്കാനാവുന്നതും അവർ കണ്ടുപിടിച്ച ഏതൊക്കെയോ സാങ്കേതികതയാലാണ്.

വലിയ സങ്കല്പങ്ങൾ, ആശയങ്ങൾ, തത്വചിന്തകൾ, കലകൾ, ആവിഷ്കാരങ്ങൾ - ഇതിനെയൊക്കെ എങ്ങനെയാവും നിർവ്വചിക്കാനാവുക?

'ദേശീയോദ്യാനം' എന്നൊരു സംഗതിയെ കുറിച്ച് ആലോചിക്കുക. എങ്ങനെ, എവിടെ നിന്നാവും അങ്ങനെയൊരു ആശയം ആദ്യം ഉരുത്തിരിഞ്ഞുവന്നിരിക്കുക. ഗ്രാന്റ്നറേറ്റിവ് / മെറ്റാനറേറ്റിവ് എന്ന് വിവക്ഷിക്കപ്പെടുന്ന ആശയസംഹിതകളുടെ കൂട്ടത്തിലൊന്നും ദേശീയോദ്യാനത്തെ ആരും പെടുത്തിയിട്ടില്ല. പക്ഷെ ദേശീയോദ്യാനങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ ഇന്ന് കുറവാണ്. കേരളത്തിൽ മാത്രം നിലവിൽ ആറ് ദേശീയോദ്യാനങ്ങളുണ്ട്. നമ്മുടെ നാട്ടിലെ മറ്റുചില ഹരിതപ്രദേശങ്ങൾ കൂടി താമസംവിനാ ആ നിലയിലേയ്ക്ക് ഉയർത്തപ്പെടും എന്നാണ് വാർത്തകൾ. ഇത് എത്രയോ ചതുരശ്രകിലോമീറ്ററുകൾ വരും. കേരളത്തിന്റെ മാത്രം സ്ഥിതി ഇതാണെങ്കിൽ ലോകം മുഴുവനെടുത്താൽ ദേശീയോദ്യാനങ്ങൾ പരന്നുകിടക്കുന്ന ഭൂവിസ്ത്രിതി ഊഹാതീതമാണ്.

ഇത് വെറുതേയങ്ങ് ഉണ്ടായിവന്ന ഒരു ആശയമല്ല. ഒരു അവബോധത്തിന്റെ ആവിഷ്ക്കാരമാണ് ദേശീയോദ്യാനങ്ങൾ - പരിസ്ഥിതിബോധം.

സമകാലികമായ ഒരു മെറ്റാനറേറ്റിവ് പ്രകാശനമായി വ്യവഹരിക്കുന്നത് മാർക്സിസത്തെയാണല്ലോ. (മെറ്റാനറേറ്റിവിന്റെ ആശയവിശദീകരണം ഈ ചെറുകുറിപ്പ് ആഗ്രഹിക്കില്ല.) അതിനെക്കാൾ ജൈവമായ ഒരു ബോധപ്രസരണമായി പാരിസ്ഥിതികാവബോധത്തെയും അതിന്റെ മൂർത്താവിഷ്കാരമായ ദേശീയോദ്യാനങ്ങളേയും കാണാം (ചെറുവകഭേദങ്ങളായ വന്യജീവികേന്ദ്രങ്ങളും പക്ഷികേന്ദ്രങ്ങളുമൊക്കെ അനുബന്ധമായി വേറെയുമുണ്ട്).

പെരിയാർ ദേശീയോദ്യാനത്തിന്റെ ഭാഗമായ വനമേഖല... 
ക്രിയാത്മകവും ജൈവവും പ്രകൃത്യോന്മുഖവും, അതുകൊണ്ട് തന്നെ മാനവികവുമായ സൂക്ഷ്മ രാഷ്ട്രീയപ്രയോഗമാണ് ദേശീയോദ്യാനങ്ങൾ. ലോകം പൊതുവേ രാഷ്ട്രീയം എന്ന് വിവക്ഷിക്കുന്ന മനുഷ്യകേന്ദ്രിതമായ കക്ഷിരാഷ്ട്രീയത്തെ സജീവതയോടെ മറികടക്കുന്നുണ്ട് ദേശീയോദ്യാനം എന്ന ജൈവരാഷ്ട്രീയപ്രയോഗം. ഗ്രീൻപീസ് പോലെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകളുള്ള ഹരിതകക്ഷികൾ തീവ്രമായി പരിസ്ഥിതിബോധത്തെ പിൻപറ്റുന്നുണ്ടാവാമെങ്കിലും അവരല്ല ഈ ആശയത്തിന്റെ പ്രയോക്താക്കൾ. പ്രത്യേകിച്ച് വ്യവസ്ഥാപിത രൂപമുള്ള പ്രത്യക്ഷതകളല്ല ഈ ചിന്താസരണിയെ മുന്നോട്ടെടുക്കുക. ഏതുതരം ഭരണകൂടം നിലനിൽക്കുന്ന രാഷ്ട്രമായാലും അവരുടെ കക്ഷിരാഷ്ട്രീയ താല്പര്യത്തിന് അതീതമായി വിന്യസിക്കപ്പെട്ട ഒരു ബോധസരണിയുടെ ഭാഗമായാണ് ദേശീയോദ്യാനങ്ങൾ ഉണ്ടാവുന്നതും സംരക്ഷിക്കപ്പെടുന്നതും. മെറ്റാനറേറ്റീവ് എന്ന പരികല്പനയുടെ ആഗ്രഹങ്ങളെ ഏറെക്കൂറെ തൃപ്തിപ്പെടുത്തും ഈ സുതാര്യരാഷ്ട്രീയത്തിന്റെ ആഗോളമാനം.

നേരത്തേ സൂചിപ്പിച്ചതുപോലെ ഇത് വെറുതേ ഉണ്ടായിവന്നതല്ല. ഇന്റർനെറ്റ് കണ്ടുപിടിച്ചത് അമേരിക്കയാണ് എന്ന് പറയുന്നതുപോലെ ദേശീയോദ്യാനം എന്ന ആശയവും അതിന്റെ ആവിഷ്കാരവും ആദ്യം ഉണ്ടായതും അമേരിക്കയിൽ തന്നെയാണ്. പ്രത്യക്ഷമായ പാരിസ്ഥിതികാവശ്യങ്ങൾ മുൻ നിർത്തിയല്ല, അർക്കൻസാസ് സംസ്ഥാനത്തിലെ ഉഷ്ണനീരുറവകൾ ഉൾപ്പെടുന്ന പ്രദേശം 1832 - ൽ അമേരിക്കൻ സർക്കാർ സംരക്ഷിതമാക്കുന്നത്. രാഷ്ട്രത്തിന്റെ ആവശ്യങ്ങൾക്കായി പിന്നീട് ഉപയോഗിക്കാൻ സ്വകാര്യവ്യക്തികളിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ പ്രാഥമികമായ ഉദ്ദേശ്ശ്യം. പക്ഷേ അതുതന്നെ പ്രഭവാവസ്ഥയിലുള്ള പാരിസ്ഥിതികാവബോധത്തിന്റെ പ്രത്യക്ഷവത്കരണമായി മനസ്സിലാക്കാം. എന്നാൽ കൃത്യമായും നിയമവ്യവസ്ഥകളോടെ ആദ്യത്തെ ദേശീയോദ്യാനം സ്ഥാപിതമാവുന്നത് 1864 - ൽ അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിൽ യോസെമിറ്റീ ദേശീയോദ്യാനം (Yosemite National Park) സാക്ഷാത്കരിക്കപ്പെടുന്നതോടെയാണ്.

ഒന്നര നൂറ്റാണ്ട് ആവുമ്പോൾ ലോകമാസകലം ഉൾക്കൊണ്ട ഒരു അവബോധത്തിന്റെ പ്രത്യക്ഷവത്കരണമായി ദേശീയോദ്യാനങ്ങൾ മാറിയിരിക്കുന്നു.

00