Sunday, 11 May 2014

കലാചരിത്രത്തിന്റെ ചിത്രത്താളുകൾ

നിർവ്വചനാതീതമായ സൗന്ദര്യത്തിന് കലകളാണ്, അമൂർത്തമായിരിക്കുമ്പോൾ കൂടിയും വ്യതിരിക്തതയോടെ സമീപിക്കാനാവുന്ന പൊതുധാരകൾ നിർമ്മിക്കുക-അവയുടെ വൈവിധ്യത്തോടെ തന്നെ. ഒരാളുടെ ലാവണ്യകാമനകൾ ജനിതകകോശങ്ങളുടെ പ്രവാഹത്തോടൊപ്പം സവിശേഷമായ സാമൂഹികാവസ്ഥകളുടെ സമകാലികതയിലും ക്രമപ്പെടുന്നു. കാലദേശങ്ങളുടെ സൗന്ദര്യബോധത്തെ നിജപ്പെടുത്തി കാലാതീതമായി ഉദാഹരിക്കുന്നത് കലാകാരന്മാരാണെന്ന് എക്കോ പറയുമ്പോൾ, കലാസൃഷ്ടിയുടെ സാമൂഹികചരിത്രം കൂടി വായിക്കപ്പെടുന്നുണ്ട്‌. ഒരു കാലഘട്ടത്തിൻറെ ലാവണ്യബോധത്തിലേക്ക്‌ സ്വാംശീകരിക്കപ്പെട്ടിരിക്കുന്ന ധാരകളിലേക്ക് കലാസൃഷ്ടികളിലൂടെ, അവയുടെ വ്യാകരണത്തിലൂടെ, ചരിത്രസംബന്ധിയായ അവയുടെ നിർവചനശ്രമങ്ങളിലൂടെ സഞ്ചരിക്കും ഉംബേർത്തോ എക്കോയുടെ On Beauty: A History of a Western Idea എന്ന പുസ്തകം. ശീർഷകം പറയുന്നതുപോലെ, പാശ്ചാത്യലോകത്തെ സൗന്ദര്യാനുഭവങ്ങളുടെയും ആശയങ്ങളുടെയും വിശദമായ ചരിത്രാന്വേഷണമാണ് വൈവിധ്യപൂർണ്ണമായ ഈ പുസ്തകത്തിന്റെ സാങ്കേതികതയെ നിയന്ത്രിക്കുന്നത്‌.

ക്രിസ്തുവർഷാരംഭത്തിന് മുൻപും തൊട്ടുപിൻപും പെയ്ഗൻ ജീവിതരീതികൾ സംസ്ക്കാരങ്ങളുടെ വലിയ ഉയർച്ചകൾ കാണിച്ചിരുന്നു. ഗ്രീക്ക് സംസ്കൃതിയിൽ അഫ്രഡയിറ്റിയും റോമയിൽ വീനസും സൗന്ദര്യത്തിന്റെ ദേവതകളായി ജനിക്കുന്നത് ഈ കാലയളവിലാണ്. ചിത്രകല, ശില്‍പകല, തത്വശാസ്ത്രം, ഗണിതം, ജ്യോതിഷം, വാസ്തുശാസ്ത്രം ഇവയെല്ലാം അക്കാലത്തെ സൗന്ദര്യത്തിന്റെ വസ്തുലോകത്തേയും ആശയത്തേയും ധൈഷണികവും വൈകാരികവുമായ കൂർമ്മതയിൽ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി കാണാം. സൌന്ദര്യാരാധനയുടെ ഔന്നത്യമുള്ള കലാസ്തംഭങ്ങൾ ബാക്കിയാക്കിയാണ് അത്തരം സംസ്ക്കാരങ്ങൾ നാമാവശേഷമായത്. ശക്തമായ ചില ആശയങ്ങളുടെ പ്രായോഗികമായ കടന്നുവരവിനോടൊപ്പം ഈ സംസ്ക്കാരങ്ങള്‍ നശിക്കാനുള്ള കാരണങ്ങൾക്ക് ഇത്തരം സൌന്ദര്യസൃഷ്ടികളെ സാധ്യമാക്കിയ ജീവിതരീതി ഉൾക്കൊണ്ടിരുന്ന അനിയന്ത്രിതമായ അപചയങ്ങളും വേഗത കൂട്ടിയിരിക്കാം.

മദ്ധ്യകാലത്തെ പാശ്ചാത്യ എസ്തെറ്റിക്സ് ക്രിസ്തുമതാശയങ്ങളുടെ അധീനതയിലേക്ക് ഏറെക്കൂറെ പൂർണ്ണമായി തന്നെ ചുവടുമാറിയിരുന്നു. അതുവരെ തുടർന്നുവന്ന ജീവിതത്തിന്റേയും ആശയങ്ങളുടേയും വൈവിധ്യപൂർണ്ണതയെ ക്രിസ്ത്യൻ അവബോധം ഒരു ഏകാമാനതയിലേക്ക്, അതിനുള്ളിൽ നിന്നുമാത്രം സാധ്യമാവുന്ന തുടർച്ചകളിലേക്ക് ചുരുക്കി - അരിസ്റ്റോട്ടിലിൽ നിന്നും തോമസ്‌ എക്വെയ്നെസിലേക്കുള്ള (Thomas Aquinas) ദൂരമാണത്. ഇഹലോകത്തെ സൗന്ദര്യകാമനകളുടെ അർത്ഥശൂന്യത അത് മുന്നോട്ടുവച്ചു. പകരം ലഭിക്കാനിരിക്കുന്നതോ നിത്യമായ സ്വർഗ്ഗലോകവും. യുക്തിയിൽ അതിഷ്ടിതമായ ജീവിതാശയങ്ങൾക്ക് ഒരിക്കലും നൽകാനാവാതെപോയ, ഭൂമിയില്‍ തുടരുന്നതിന് എന്തെങ്കിലും അർത്ഥം നൽകുന്ന ഈ വിചിത്രസന്ദേശം അഞ്ചു നൂറ്റാണ്ടിനിടയ്ക്ക് പാശ്ചാത്യലോകത്തെ സാധാരണ ജനതതിയെ സമൂലം ആവേശിച്ചുകൊണ്ട് അതിനുമുൻപുണ്ടായിരുന്ന ആശയലോകങ്ങളെ ഒക്കെയും പാർശ്വവല്ക്കരിച്ചുകളഞ്ഞു. പിന്നീട് നവോത്ഥാനത്തിനുപോലും ഒരു paradigm shift - ന് സാധ്യമായില്ല എന്ന് സമകാലം തെളിവുതരും. പരലോകം എന്നത് ഇഹലോകത്തോളം വാസ്തവീകമായ സാമൂഹികാവസ്ഥയായി. സ്വർഗ്ഗവും നരകവും എന്ന ദ്വന്ദങ്ങൾ ഒരു ചുവടുവയ്പ്പിനപ്പുറത്തായി നിലകൊണ്ടു. കലകൾ ഈ അവബോധത്തിന്റെ പ്രകാശനമായി ചുരുങ്ങി. ക്രമസന്തുലിതമായ ഉപാധിരഹിതസൗന്ദര്യത്തെ നിരാകരിക്കുന്ന, ആശയാധിഷ്ടിതമായ ഒരു ലോകത്തെ കലകൾ ആവാഹിച്ചു. നരകത്തെ സൃഷ്ടിക്കാൻ, സൗന്ദര്യത്തിന്റെ മറുപുറത്തുള്ള ആവിഷ്ക്കാരമെന്ത് എന്നതും മുഖ്യ ആഖ്യാനവിഷയമായി. ഏതാണ്ട് പത്തു നൂറ്റാണ്ടോളം പരത്തി വ്യവഹരിക്കുന്ന മധ്യകാലം, അക്കാലങ്ങളിലെല്ലാം ഏകാമാനതയോടെ ഒരു കലാപദ്ധതി മാത്രം നിലനിർത്തി എന്ന് പക്ഷെ കരുതാൻ നിവൃത്തിയില്ല. ഏറ്റകുറച്ചിലുകളോടെ തുടർന്നുവന്ന ഈ പൊതുധാരയുടെ അടിയിൽ സമാന്തരമായി 'ഡിക്യാമറോണ്‍' പോലുള്ള കൃതികളും രചിക്കപ്പെട്ടിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിലെ ജനസംഖ്യയെ ഏതാണ്ട് പകുതിയോളം ചുരിക്കിയ പ്ലേഗ് ജീവിതത്തെക്കുറിച്ച് സൃഷ്‌ടിച്ച പുതിയ അവബോധമാണ് ആ പുസ്തകത്തില്‍ പ്രതിഫലിക്കുന്നത് എന്നുവേണം കരുതാൻ. ലൈംഗീകതയുടെ പ്രകാശനത്തോടൊപ്പം പൗരോഹിത്യത്തോടുള്ള ഫലിതാത്മകമായ സമീപനവും അത് പങ്കുവയ്ക്കും. നവോത്ഥാനത്തിലേക്കുള്ള സ്വാധീനത്തിന്റെ പ്രഭവം ആ കൃതിയില്‍ കാണാം.

മദ്ധ്യകാലത്തിന് മുൻപുണ്ടായിരുന്ന ഉപാധിരഹിതവും സന്തുലിതവുമായ സൗന്ദര്യത്തിന്റെ കലാലോകം തിരിച്ചുവന്നു എന്നതുകൊണ്ടാവുമല്ലോ, അത്തരം ഒരവസ്ഥയെ നവോത്ഥാനം എന്ന് അഭിസംബോധന ചെയ്തിരിക്കുക. പത്തുപതിനഞ്ച് നൂറ്റാണ്ടുകളുടെ സാമൂഹികപരിണാമം ഒട്ടുമേശാതെ പോയ ഉയർത്തെഴുന്നേൽപ്പെന്ന് അതിനെ കാണാൻ നിവൃത്തിയില്ല. സന്തുലിതം (proportion) എന്നതിനോടൊപ്പം സങ്കീർണ്ണതയെ (complexity) കൂടിയത് അലിയിച്ചെടുക്കും. സൗന്ദര്യത്തിന്റെ അതീതഭാവങ്ങളെ കുറിച്ചുള്ള  അന്വേഷണങ്ങൾ ആവിഷ്ക്കാരത്തിന്റെ വ്യഥയായി. മോണലീസയുടെ നിഗൂഡപുഞ്ചിരി പ്രകാശിപ്പിക്കുന്ന രഹസ്യം ഇന്നും നിർവ്വചിക്കാനായിട്ടില്ല. പള്ളികളുടെയും കൊട്ടാരങ്ങളുടെയും മച്ചുകൾ ദൈവചിത്രങ്ങൾക്കുപരിയായ ജ്യാമതീയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. റഫയേലിന്റെ ചിത്രങ്ങളും ഷേക്സ്പീറിന്റെ നാടകങ്ങളും കണ്ട് ആസ്വദിച്ചുപോയിരുന്ന അനുവാചകവൃന്ദത്തിൽ നിന്നും ഒരു പക്ഷം കലാനിരൂപണത്തിന്റെ തലത്തിലേക്ക് കടക്കാൻ ഇടയാക്കിയത് പതിനെട്ടാം നൂറ്റാണ്ടോടുകൂടി അച്ചടിയുടെ വിപുലീകരണം അത്തരം ധൈഷണിക ഇടങ്ങളെ കുറേക്കൂടി ജനകീയമാക്കി എന്നതാണ്. പ്രകൃതി, വ്യതിരിക്തതയോടെ കലകളിൽ സ്വയം അസ്തിത്വം നേടുന്നതും, സവിശേഷമായ രീതിയിൽ ആവിഷ്ക്കാരങ്ങളിൽ ഇടംപിടിക്കുന്നതും ഇക്കാലത്താണ്. ജീവിതത്തിന്റെയും സംഭവങ്ങളുടെയും അണിയിൽ അവയെ പൊലിപ്പിക്കാനായി വരയപ്പെട്ട പ്രകൃതി മുഖ്യ ആഖ്യാനവിഷയമായി മുന്നിലേക്ക്‌ പ്രവേശിച്ചു. വേർഡ്സ് വേർതിന്റെ പ്രകൃത്യോപസന മാത്രമല്ല, കടൽതട്ടിലെ കപ്പൽചേദത്തിന്റെ അവശിഷ്ടങ്ങളും, പർവ്വതമുകളിൽ നിന്ന് കാണുന്ന ചെങ്കുത്തായ കൊല്ലികളും ഒക്കെ ലളിതപ്രകൃതിയുടെ കാല്പനികതയ്ക്ക് വിരുദ്ധമായി അതിന്റെ ആഴവും അഗാധതയും വെളിവാക്കികൊണ്ട് ചിത്രകലയിൽ പ്രഥമ വിഷയമായി. പ്രകൃതിയുടെ അഗാധതകൾ അനുഭവിപ്പിക്കുന്ന നിർവ്വചനാതീതമായ സൗന്ദര്യാനുഭൂതിയുടെ ആഴങ്ങളെക്കുറിച്ച് കലാകാരനും അനുവാചകനും ഒരുപോലെ ബോധാവാന്മാരാകുന്നതിന്റെ ആവിഷ്ക്കാരങ്ങൾ അനവധിയുണ്ടായി.

1848 -  ൽ കൊമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടു. യൂറോപ്പിലെ വ്യാവസായിക പുരോഗതി വേഗമേറിയ നഗരവത്കരണത്തിലൂടെ സൃഷ്ടിച്ചെടുത്ത പുതിയൊരു ജനതതിയുടെ ആഗ്രഹപ്രതിഭലനമായിരുന്നു ആ പുസ്തകം. സൗന്ദര്യത്തിന്റെ നിലാതടാകങ്ങൾ നഗരത്തിലെ പണിയിടങ്ങളുടെ സ്വപ്നമായിരുന്നില്ല. എന്നാൽ വ്യക്തവും വ്യവഛെദിതവുമായ ഒരു സമാന്തരസമൂഹം നിലവിലുണ്ടായിരുന്നു എന്നതാണല്ലോ dandyism , decadence തുടങ്ങിയ ആശയജീവിതങ്ങൾ വെളിപ്പെടുത്തുക. മാക്സും ഏംഗൽസും ജീവിച്ചിരിക്കുമ്പോൾ തന്നെയാണ്  ജോണ്‍ റസ്ക്കിനും ഓസ്ക്കാർ വൈൽഡും ജീവിച്ചിരുന്നത്. പുതിയ ലോകക്രമത്തിന്റെ ഇര എന്നുപോലും വിശേഷിപ്പിക്കാവുന്ന ഒരാളിൽ നിന്നാണ് സൂര്യകാന്തിപൂവുകൽ കടുംനിറങ്ങളിൽ വിടർന്നത് ഇക്കാലത്ത് എന്നും ഓർക്കാം. ജീവിതത്തിലും കലയിലും സൗന്ദര്യത്തിന്റെ ഏകമാനതയെ ഒരല്പംപോലും അംഗീകരിക്കാത്ത ചിതറലുകളുടെ വേഗത്തിനാണ് പത്തൊൻപതാം നൂറ്റാണ്ട് സാക്ഷിയായത്. ഉപയുക്തമാകുന്ന വസ്തുക്കളൾ പോലും അതിസങ്കീർണ്ണമാവുന്നതാണ്  അതുവരെ തുടർന്നുവന്ന പരിണാമത്തിൽ നിന്നും വ്യതിരക്തമായ ഇരുപതാം നൂറ്റാണ്ടിന്റെ കലാവ്യവഹാരം. പിക്കാസോയുടെ ഗൂർണിക്കയാണോ ജാഗുവർ കാറിന്റെ ഡാഷ്ബോർഡാണോ നമ്മുടെ കാലത്തിന്റെ കലാസൗന്ദര്യത്തെ രണ്ടു നൂറ്റാണ്ടിനു ശേഷം പ്രതിനിധീകരിക്കുക എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.

കലാചരിത്രത്തിന്റെ ഇഴകൾ തന്റെ വരികളിലൂടെ വരഞ്ഞിടുകയല്ല എക്കോ ഈ പുസ്തകത്തിൽ ചെയ്യുന്നത് - പ്രതിനിധാനങ്ങളെ പകർത്തിവയ്ക്കുക തന്നെയാണ്. പെയിന്റിങ്ങുകളുടെയും ശില്പങ്ങളുടെയും വാസ്തുശില്പങ്ങളുടെയും യന്ത്രങ്ങളുടെയും ഒക്കെ തുടങ്ങി കലയുടെ വൈവിധ്യമാർന്ന പ്രദേശങ്ങളിൽ നിന്ന് സമാഹരിച്ച ചിത്രങ്ങളുടെയും ഭാഷ/സാഹിത്യത്തിന്റെ സാന്ദർഭികാനുസരണമുള്ള പകർത്തെഴുത്തുകളുടെയും അമൂല്യശേഖരം കൂടിയാണത്. വൈവിധ്യമാർന്ന ഒരുപാട് തുടരന്വേഷണങ്ങളിലേക്ക് നിസ്സംശയം ഉദ്യമിപ്പിക്കും ഈ ചരിത്രചിത്രപുസ്തകം.

00

No comments:

Post a comment