Sunday 27 October 2013

പാരസ്പര്യത്തിന്റെ സജീവതാളങ്ങൾ

എത്രമാത്രം ആകുലതകൾ, തിരക്കുകൾ, ആവേശങ്ങൾ...
അങ്ങിനെ ലോകത്തിന്റെ അവകാശിയായ മനുഷ്യൻ പാഞ്ഞുനടക്കുന്നു...

ഒന്ന് നിന്നാൽ, കാൽക്കീഴിലെ തുണ്ട് ഭൂമിയിലേയ്ക്ക് സസൂക്ഷ്മം നോക്കിയാൽ, അതെത്ര ഊഷരമായാലും, ജീവിതത്തിന്റേയും അതിജീവനത്തിന്റേയും മഹാനാടകങ്ങൾ തിരശ്ശീല വകഞ്ഞ് അരങ്ങിലേയ്ക്ക് വരുന്നത് കാണാം.

ചിത്രം വീട്ടുമുറ്റത്ത് നിന്നും.
Pedaliaceae എന്ന സസ്യ വർഗ്ഗത്തിൽപ്പെട്ട ചെടി.
Endomychidae എന്ന ജീവി വർഗ്ഗത്തിൽപ്പെട്ട പ്രാണി   
ജീവന്റെ വൈവിദ്ധ്യസമസ്യകൾ...
പാരസ്പര്യത്തിന്റെ സജീവതാളങ്ങൾ...
സൗന്ദര്യത്തിന്റെ ഹരിതചാർത്തുകൾ...

മനുഷ്യൻ ഭൂമിയുടെ അവകാശിയല്ലെന്ന് അപ്പോൾ അറിയും.

സങ്കീർണവും നിഗൂഡവും അഗോചരവുമായ ജൈവലോകം, മനുഷ്യന്റെ എല്ലാ വരുതികൾക്കും പുറത്ത്, ഭൂമിയിൽ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽ അവർ സഹാനുഭൂതിയോടെ നോക്കാൻ ഇന്ന് നമ്മൾ പതുക്കെ നടക്കുക. ഓരംചേർന്ന്, പാദങ്ങൾ മൃദുവായമർത്തി നടന്നുപോയി അവസാനിക്കുക...!

00

Saturday 26 October 2013

വേലു

മുരുകന്റെ ആയുധം വേൽ. മുരുകന്റെ വാഹനം മയിൽ. ഈ മയിലിന് വേലു എന്ന് പേരിട്ട ആൾ സരസൻ തന്നെ. ചിത്രത്തിലെ മയിലിന്റെ കഥ ഇങ്ങിനെ: അവനും ഇണയും എതോ വീട്ടിൽ വളർത്തപ്പെടുകയായിരുന്നു. മുറ്റത്തേയ്ക്കിറങ്ങിയ ഇണ വാഹനമിടിച്ച് മരിച്ചു. പിന്നീടവൻ ആ വീട്ടിലേയ്ക്ക് പോയില്ല. ഭിക്ഷാംദേഹിയായി ആ പ്രദേശങ്ങളിൽ അലഞ്ഞുനടക്കുന്നു. ഭാര്യാസഹോദരപുത്രി ബാല്യത്തിലേയ്ക്ക് കടക്കുംമ്പോഴാണ് അവനും ആ വീട്ടിൽ ആഹാരത്തിനായി എത്തിതുടങ്ങിയത്. അവളവന് ആഹാരം കൊടുത്തു, അവനുമായി കളിച്ചു... ആ വീട്ടുമുറ്റത്തെ ഒരു വലിയ മാവിന്റെ ഉയരത്തെ കൊമ്പിൽ അവൻ അന്തികളിൽ കൂടണഞ്ഞു.

പിന്നീട് അച്ഛന്റെ ജോലിസംബന്ധമായി പെണ്‍കുട്ടി ആ വീട്ടിൽ നിന്നും പോയി. വർഷങ്ങൾ എത്രയോ കഴിഞ്ഞു. അവളുടെ രൂപവും ഭാവം മാറി. എങ്കിലും ഇന്നുമവൾ അവധിക്കുവരുമ്പോൾ, അവളുടെ കയ്യിൽ നിന്നുമാത്രം അവൻ അരിമണികൾ കൊത്തിപ്പെറുക്കും, അവൾ പറഞ്ഞാൽ മാത്രം പീലികൾ വിടർത്തും...

പ്രകൃതിയുടെ വിലോലഭാവങ്ങൾ എത്ര ആശ്ച്ചര്യകരം...!


00

Saturday 7 September 2013

ഡെനിസോവനുകളും പ്ലെയ്ജിയറിസവും !?

അവധിയാത്രയിലും മറ്റുമായിരുന്നതിനാൽ ജൂലൈ ലക്കം 'നാഷണൽ ജ്യോഗ്രഫിക്' വായിക്കാൻ എടുക്കാൻ സാധിച്ചത് കഴിഞ്ഞ ദിവസമാണ്. നിയാണ്ടർതാലുകളെ പോലെ വംശനാശം സംഭവിച്ച ഡെനിസോവനുകൾ എന്നൊരു മനുഷ്യപൂർവ്വിക വർഗ്ഗത്തെക്കുറിച്ചുള്ള ആധികാരികമായ രചനയുണ്ടതിൽ. അത് വായിച്ച് തുടങ്ങിയപ്പോൾ തന്നെ അതേ ആശയം ഏതാണ്ട് അതേ രീതിക്രമത്തിൽ മറ്റെവിടെയോ ഈയടുത്ത് വായിച്ചിരുന്നുവല്ലോ എന്ന് തോന്നാൻ തുടങ്ങി. വായന പുരോഗമിക്കവേ എനിക്കുറപ്പായി ഇതിൽ പറയുന്ന കാര്യങ്ങൾ ഒക്കെ മറ്റെവിടെയോ വായിച്ചിരിക്കുന്നു.കഴിഞ്ഞ ആഴ്ചകളിൽ കടന്നുപോയ മലയാളം വാരികകൾ വീണ്ടും ഒന്ന് തുറന്ന് നോക്കിയപ്പോൾ, 'സമകാലിക മലയാള'ത്തിന്റെ ആഗസ്ത് 2 പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രലേഖനമാണ് എന്നെ സംശയത്തിൽ ആക്കിയതെന്നു മനസ്സിലായി.

നാഷണൽ ജ്യോഗ്രഫിക് രചനയിൽ നിന്ന്: "Putting all the data together, Paabo and his colleagues came up with a scenerio to explain what might have occurred. Sometime before 500,000 years ago, probably in Africa, the ancestors of modern humans split up from the lineage that would give rise to Neanderthals and Denisovans. (The most likely progenitor of all three types was a species called Homo Hiheidelbergenisis.) While our ancestors stayed in Africa, the common ancestors of Neanderthals and Denisovans migrated out. The two lineage later diverged, with the Neanderthals initially moving west in to Europe and Denisovans spreading east, perhaps eventually populating large parts of Asian continent."

സമകാലിക മലയാളം ലേഖനത്തിൽ നിന്ന്: "ഒരു സിദ്ധാന്തമനുസരിച്ച് ആധുനിക മനുഷ്യർ, നിയാണ്ടർതാലുകൽ, ഡെനിസോവനുകൾ എന്നിവ ഹോമോ ഹൈഡൽബെർഗൻസിസ് എന്ന പൂർവ്വികനിൽ നിന്നും പരിണമിച്ചതാണ്. ഏതാണ്ട് മൂന്നു ലക്ഷം വർഷം മുൻപ് ഈ മനുഷ്യപൂർവ്വികർ ആഫ്രിക്ക വിട്ട് വേർപിരിഞ്ഞ് വിവിധ ദിക്കുകളിലേയ്ക്ക് നീങ്ങി. വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് നീങ്ങിയവ യുറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലുമെത്തി നിയാണ്ടർതാലുകളായി. കിഴക്കൻ പ്രദേശത്തേയ്ക്ക് നീങ്ങിയവ ഡെനിസോവനുകളുമായി."

അഞ്ചു ലക്ഷം വർഷം എന്ന് ആദ്യ ലേഖനത്തിൽ പറഞ്ഞത് രണ്ടാമത്തെ കുറിപ്പിൽ മൂന്നു ലക്ഷം വർഷം എന്നായി എന്നതൊഴിച്ചാൽ ബാക്കിഭാഗത്തെ സാമ്യം ഈ ഉദാഹരണത്തിൽ നിന്നും മനസ്സിലാക്കാം.

ശാസ്ത്രീയമായ കണ്ടു പിടിത്തങ്ങൾ, അവ റിപ്പോർട്ട്‌ ചെയ്യുന്ന സമയത്ത്, രണ്ടു പേർക്ക് രണ്ടു തരത്തിൽ എഴുതാനാവില്ല. ചില നിജമായ ശാസ്ത്ര സത്യങ്ങളാണല്ലോ അവ പ്രകാശിപ്പിക്കുക. ഡെനിസോവനുകൾ താരതമ്യേനെ ഒരു പുതിയ കണ്ടുപിടിത്തമാണ് (ഡിക്ഷ്ണറിയിൽ ആ വാക്ക് ഇനിയും എത്താനിരിക്കുന്നതേയുള്ളൂ). ആ ശാസ്ത്ര പര്യവേക്ഷണവും ഗവേഷണവും നടത്തിയ സ്ഥലത്ത് ചെന്നുനിന്ന് ശാസ്ത്രജ്ഞന്മാരുമായി സംസാരിച്ച്, പരീക്ഷണത്തിൽ ഭാഗഭാക്കുകൂടിയായി പ്രാഥമികതലത്തിൽ റിപ്പോർട്ടിംഗ് നടത്തുകയാണ് നാഷണൽ ജ്യോഗ്രഫിക് ചെയ്യുന്നത്. എന്നാൽ സമകാലിക മലയാളത്തിൽ "ഒരു സിദ്ധാന്തമനുസരിച്ച്..." എന്ന് തുടങ്ങുന്ന ഒഴുക്കൻ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. Plagiarism - എന്നൊന്നും പറയുന്നില്ലെങ്കിലും ഇത്തരം ശാസ്ത്രലേഖനങ്ങളും മറ്റും എഴുതുമ്പോൾ മൂലരചനകളിലേയ്ക്ക് സൂചനകൊടുക്കേണ്ടത് മര്യാദയാണ്. അത് ആ വിഷയത്തോടുള്ള പ്രതിബദ്ധത കൂടിയാണ്.

00 

Monday 8 April 2013

വംശസഞ്ജീവനം

'ജുറാസിക് പാർക്കി'ന്റെ ത്രീഡി പതിപ്പ് ഇപ്പോൾ കൊട്ടകകളിൽ തകർത്തോടുകയാണ്. 1993-ൽ ആണ് ഈ സയൻസ് ഫിക്ഷൻ സിനിമ ആദ്യമായി പ്രദർശനത്തിന് എത്തുന്നത്. കൃത്യം പത്തു വർഷങ്ങൾക്ക് ശേഷം ഈ സിനിമ സംവദിച്ച ആശയം ഫിക്ഷനോ ഫാന്റസിയോ അല്ലാതായി മാറിയെന്ന കാര്യം അധികം വാർത്താപ്രാധാന്യം നേടുകയുണ്ടായില്ല. 2003-ൽ ബുക്കാർഡോ എന്ന ആടുവർഗ്ഗത്തിൽപ്പെട്ട, വംശനാശം സംഭവിച്ച സ്പീഷിസിൽ നിന്നും, ഒരെണ്ണത്തിനെ ഫ്രഞ്ച്, സ്പാനിഷ് ശാസ്ത്രകാരന്മാർ പുനർജ്ജീവിപ്പിച്ചു. താമസംവിനാ അത് മരിച്ചുപോയെങ്കിലും ശാസ്ത്രലോകത്തെ സംബന്ധിച്ച് അത് വലിയ വിജയമായിരുന്നു.

ഇന്ന്, ഒരു പതിറ്റാണ്ടിന് ശേഷം ജനിതകശാസ്ത്രം ഈ മേഖലയിൽ ഏറെ മുന്നേറികഴിഞ്ഞു. ഹിമയുഗത്തിൽ വംശനാശംസംഭവിച്ച മാമത്തുകളെ പോലും വംശസഞ്ജീവനം ചെയ്യാൻ സാധിക്കുന്ന നിലയ്ക്ക് ആ അറിവും സാങ്കേതികതയും വളർന്നിരിക്കുന്നുവത്രേ. ജീവികളുടെ ബാക്കിയായ ഏതെങ്കിലുമൊരു അവശിഷ്ടത്തിലെ കോശത്തിലുള്ള ന്യൂക്ലിയസിൽ നിന്നും ആ ജീവിയെ വീണ്ടെടുക്കാൻ സാധിക്കുന്ന നിലയ്ക്ക് പരീക്ഷണങ്ങൾ വളർന്നിരിക്കുന്നു. എന്നോ അപ്രത്യക്ഷമായ ചില ജീവികളുടെയെങ്കിലും എംബ്രിയോകൾ ഇപ്പോൾ തന്നെ പരീക്ഷണശാലകളിൽ ലഭ്യമായിട്ടുണ്ടാവും എന്നാണ് ആധികാരികമായ റിപ്പോർട്ടുകൾ.

എംബ്രിയോയെ ജീവിയായി പരാവർത്തം ചെയ്യാൻ തടസ്സംനിൽക്കുന്ന കാരണങ്ങളിൽ പ്രധാനം വംശസഞ്ജീവനം ഉയർത്തുന്ന ധാർമ്മികപ്രശ്നമാണ്. ശാസ്ത്രലോകത്തിൽ നിന്നുതന്നെ ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടാവുന്നുണ്ട്. വംശനാശം പ്രകൃതിയുടെ ചാക്രികതയിൽപെടുന്ന സംഗതിയാണെന്നും അതിൽകയറി മനുഷ്യൻ ദൈവംകളിക്കേണ്ടതില്ല എന്നുമാണ് അവരുടെ വാദം. നമുക്കറിയാവുന്ന അനേകം സ്പീഷിസുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായത് മനുഷ്യൻ ദൈവംകളിച്ചതുകൊണ്ടാണെന്നും, അതിനാൽ അവയെ മടക്കികൊണ്ടുവരേണ്ടത് അവന്റെ കടമയാണെന്നും മറുവാദം.

പിന്നെയുമുണ്ട് വളരെ ആഴത്തിലുള്ള തടസ്സവാദങ്ങൾ. ഏത് സ്പീഷിസിനും വംശനാശം സംഭവിച്ചതിനു പിറകിൽ വ്യക്തമായ കാരണങ്ങളുണ്ട്. അത് കാലാവസ്ഥാവ്യതിയാനമാവാം ആവാസവ്യവസ്ഥയുടെ നഷ്ടമാവാം വേട്ടയാടലാവാം - അങ്ങിനെ പല കാരണങ്ങൾ. ആ കാരണങ്ങൾ ഇപ്പോഴും സജീവമായി നിൽക്കേ വീണ്ടും ഈ ജീവികളെ ഉണ്ടാക്കിയിട്ട് എന്തുകാര്യം. ഉദാഹരണത്തിന് ദക്ഷിണകൊറിയൻ ശാസ്ത്രഞ്ജന്മാർ ഏതു നിമിഷവും മാമാത്തുകളെ പുനർസൃഷ്ടിക്കാൻ ഉതകുംവിധം സുസ്സജ്ജമായി മുന്നേറിയിരിക്കുന്നുവത്രേ. ഹിമയുഗാന്ത്യത്തിലെ കാലാവസ്ഥാവ്യതിയാനത്തിൽപ്പെട്ട്  ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുൻപ് സൈബീരിയയിൽ അവസാനത്തെ മാമത്തും നാടുനീങ്ങി. ഇന്ന് ഒരു മാമത്ത് ഉണ്ടായാൽ അതെവിടെ ജീവിക്കും? ഒരു പക്ഷെ കൃത്രിമമായ ആവാസവ്യവസ്ഥ ഉണ്ടാക്കി ഒന്നുരണ്ടെണ്ണത്തിനെ കാഴ്ചവസ്തുവായി പ്രദർശിപ്പിക്കാൻ സാധിക്കുമായിരിക്കാം എന്നുമാത്രം.

ഇപ്പോൾ മനുഷ്യൻ കണ്ടുപിടിച്ചതും, ഇനി കണ്ടുപിടിക്കാനുള്ളതുമായ അനേകം സ്പീഷിസുകൾ മൃഗ, പക്ഷി, സസ്യ, ജല ജീവികളായി നമുക്ക് മുന്നിലുണ്ട്. അവയിൽ ബഹുഭൂരിപക്ഷവും വംശനാശഭീഷണി നേരിടുന്നവയുമാണ്. അവയുടെ സംരക്ഷണത്തിനാണ് ഇപ്പോൾ ഊർജ്ജ/വിഭവങ്ങൾ ഉപയുക്തമാക്കേണ്ടത് എന്നതും ഒരു പ്രധാന വിരുദ്ധനിലപാടായി ഉന്നയിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാവാതെ വംശനാശം സംഭവിച്ച ഒരു സ്പീഷിസ് പൂർണ്ണമായ അർത്ഥത്തിൽ മടങ്ങിവരും എന്ന് കരുതാൻ വയ്യ. കാരണം ഈ പരീക്ഷണങ്ങൾ വളരെ ചിലവേറിയതാണ്. സർക്കാരുകളുടെ വലിയ ധനസഹായങ്ങൾ ഇല്ലാതെ ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനാവില്ല. സർക്കാരുകളുടെ പ്രഥമപരിഗണന രാഷ്ട്രീയമാനങ്ങളുള്ള ധാർമ്മികപ്രശ്നങ്ങളിലായിരിക്കും, വംശസഞ്ജീവനത്തിന്റെ ശാസ്ത്രസംബന്ധിയായ വിഷയങ്ങളിലാവില്ല.

എന്തൊക്കെയായാലും ഒരു മാമത്ത്, ഒരൽപം കടന്നു സങ്കൽപ്പിച്ചാൽ ഒരു ദിനോസർ തന്നെ മുന്നിലൂടെ നടന്നുപോകുന്ന കാലം അതിവിദൂരത്തിലല്ലാതെ സംജാതസജ്ജമായിരിക്കുന്നു എന്നത് ഒരു ജീവശാസ്ത്രകുതുകിയെ സന്തോഷിപ്പിക്കാതിരിക്കില്ല.

00

കുറിപ്പ്: വംശനാശം സംഭവിച്ച സ്പീഷിസുകളെ പുനർജീവിപ്പിക്കുന്നതിന് ശാസ്ത്രലോകം നല്കിയിരിക്കുന്ന പേര് de-extinction എന്നാണ്. ഇതിനെ ഭാഷാന്തരീകരണം ചെയ്ത ഒരു വാക്ക് മലയാളത്തിൽ നിലവിലുണ്ടോ എന്നറിയില്ല. വായിച്ചതായി ഓർമ്മയിൽ ഇല്ല. അതിനാൽ പുതിയ ഒന്നിനെ കുറിച്ച് ആലോചിക്കേണ്ടി വന്നു. 'വംശസഞ്ജീവനം' എന്ന വാക്ക് നിർദ്ദേശിച്ചത് ഓ. കെ. സുദേഷ്.

ചിത്രം: 1999-ൽ വംശനാശം സംഭവിച്ച ബുക്കാർഡോ എന്ന ആടുവർഗ്ഗത്തിലെ അവസാന അംഗമായ 'സീലിയ'. ഇതിന്റെ കോശത്തിൽ നിന്നാണ് 2003-ൽ മറ്റൊരു ബുക്കാർഡോയെ വംശസഞ്ജീവനം ചെയ്തത്. കടപ്പാട് 'നാഷണൽ ജ്യോഗ്രഫിക്കി'നോട്.         

**

Thursday 4 April 2013

മോഹിനിയാട്ടത്തിന്റെ നവ്യലാവണ്യം

ലാസ്യപ്രധാനമായ ശ്രിംഗാരം മോഹിനിയാട്ടത്തിന്റെ അടിസ്ഥാന രസഭാവമാണ്. അങ്ങിനെയോ എന്ന് സംശയംതോന്നും മേതിൽ ദേവികയുടെ മോഹിനിയാട്ടം കാണുമ്പോൾ. ആ നൃത്തരൂപത്തിന്റെ ആഴങ്ങളെ രസഭംഗമില്ലാതെ അവർ പുനർനിർണ്ണയിക്കുന്നു. ശ്രിംഗാരത്തെ കുലീനമായ മിതത്വത്തോടെ, ലാവണ്യസംബധിയായ രസഭാവത്തെ എന്നാൽ അപൂർവ്വചാരുതയോടെ ഉദ്ദീപിപ്പിച്ചുകൊണ്ടും അനുവാചകബോധത്തെ ഒരു സവിശേഷതലത്തിൽ നിതാന്തജാഗ്രത്താക്കുന്നു അവരുടെ നൃത്തം. കണ്ണകീ ചരിതത്തിലെ 'നഗരവധു'വായ മാധവിപോലും സെൻഷ്വൽ ആയ രസാനുഭവത്തെയല്ല മറിച്ച് ആത്മീയസ്പർശമുള്ള സൌന്ദര്യാനുഭൂതിയെയാണ് പ്രകാശിപ്പിക്കുക. നൃത്തരൂപത്തിന് പുറത്താണെങ്കിൽ പോലും മാധവി അവസാനം അഭയമെത്തുന്ന ആത്മീയ ഇടങ്ങളെ അത് പൂർവപ്രക്ഷേപണം ചെയ്യും.

ക്ലാസ്സിക്കൽ നൃത്തരൂപങ്ങളെ പ്രതി നമ്മുടെ രസകാമനകളിൽ രൂഡമൂലമായ ലാവണ്യബോധത്തെ നഖശിഖാന്തം കുടഞ്ഞുവിരിക്കുന്ന പുതിയ തലമുറയുടെ ഊർജ്ജം ഏറെ മേതിൽ ദേവികയിൽ കാണാം.


ചിത്രം: ഷെമജ്കുമാർ

Thursday 17 January 2013

കെയിന്‍ തവളകളും സോഷ്യലിസത്തിന്റെ ഭാവിയും

ഒരുകൂട്ടം കെയിന്‍ തവളകളെ (South American Cane Toad - Bufo Marinus) 1935-ല്‍ ആസ്ത്രേലിയയിലേക്ക് കൊണ്ടുവന്നു. വടക്ക് കിഴക്കന്‍ ആസ്ത്രേലിയയിലെ കരിമ്പിന്‍ തോട്ടങ്ങളിലെ, വിളനാശിനികളായ പ്രാണികളെ അഹാരമാക്കി നശിപ്പിക്കാന്‍ വേണ്ടിയാണ് ഹവായിയില്‍ നിന്നും ഇവയെ ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ അവയുടെ എണ്ണം 20 കോടിയായി വര്‍ദ്ധിച്ചിരിക്കുന്നു. രസകരമായ വസ്തുത അവ ചാടി ചാടി ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് 50 കിലോമീറ്ററുകള്‍ എന്ന നിലയ്ക്ക് മുന്നോട്ടുസഞ്ചരിച്ച് ആസ്ത്രേലിയയില്‍ ആകമാനം വ്യാപിച്ചുകൊണ്ടിരിക്കയാണ്. തവളകളുടെ അടിസ്ഥാന ചലനം ചാട്ടമാണല്ലോ. ആദ്യം ആസ്ത്രേലിയയിലെത്തിയ തവളകളില്‍ ആവേശവും ആരോഗ്യം കൂടിയ എതാനുമെണ്ണം മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വേഗത്തില്‍ മുന്നോട്ടുനീങ്ങി. ഇത്തരത്തില്‍ മുന്‍പേസഞ്ചരിച്ച ആരോഗ്യവാന്മാരുടെ കൂട്ടത്തില്‍പ്പെട്ട തവളകള്‍ തമ്മില്‍ ഇണചേരുകയും അതില്‍ നിന്നുണ്ടായ അടുത്ത തലമുറയിലെ മിടുക്കാന്‍മാര്‍ വീണ്ടും കുറച്ചുകൂടി വേഗത്തിലും ദൂരത്തിലും മുന്നോട്ടു ചാടി യാത്രയാവുകയും ചെയ്തു.

ആദ്യം ഇവയെ ഇറക്കുമതി ചെയ്ത വടക്കുകിഴക്കന്‍ പ്രദേശത്തുള്ള തവളകളേയും, ഏതാണ്ട് 75 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ മദ്ധ്യ ആസ്ത്രേലിയയുടെ അടുത്തെത്തികഴിഞ്ഞ തവളകളേയും താരതമ്യപ്പെടുത്തുമ്പോള്‍ , തലമുറകള്‍ സഞ്ചരിച്ച് മുന്നൊട്ടെത്തിയ തവളകളുടെ കാലുകള്‍ക്ക് , ഇപ്പോഴും ആദ്യതാവളത്തില്‍ ബാക്കിയായ തവളകളുടെ കാലുകളെക്കാള്‍ ഏകദേശം 10% നീളവും ശക്തിയും കൂടുതലാണത്രേ. ഇതിനുള്ള കാരണം, ചില ജനിതകകണികകള്‍ അതേ ജീവിവര്‍ഗത്തില്‍പ്പെട്ട ഒരു ചെറിയ കൂട്ടത്തിന് അല്‍പ്പം മുന്‍ഗണന നല്‍കുകയും അത്തരത്തിലുള്ള ഇണകളില്‍ നിന്നും ജനിക്കുന്ന അടുത്ത തലമുറയ്ക്ക് ജന്മനാതന്നെ ഈ ഉയര്‍ന്ന ജനിതകഗുണം സന്നിഹിതമായിരിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് തവളകള്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും ബാധകമത്രേ.

ജനിതകശാസ്ത്ര സംബന്ധിയായ എന്ത് വായിച്ചുകഴിഞ്ഞാലും നേര്‍ത്ത ഉള്‍ക്കിടിലത്തോടെ ഒരു സന്ദേഹം ബാക്കിയാവും: എന്താവും സോഷ്യലിസത്തിന്റെ ഭാവി?