Wednesday, 2 April 2014

യുദ്ധാനന്തരം, ചില ഒറ്റ ജീവിതങ്ങൾ...

സാമൂഹ്യ വിവക്ഷകള്‍ക്കപ്പുറത്തേയ്ക്കുള്ള സിനിമയുടെ ലാവണ്യസംബന്ധിയായ തലങ്ങളിലേയ്ക്കൊന്നും റോബര്‍ട്ടോ റൊസെല്ലീനിയുടെ 'ജര്‍മ്മനി ഇയര്‍ സീറോ' എന്ന ചലച്ചിത്രം  ആകാംക്ഷ പ്രകടിപ്പിക്കുന്നില്ല. 1948 -ലെ ജര്‍മ്മനി എന്തായിരുന്നിരിക്കാം എന്ന് ചരിത്രത്തെ കുറിച്ച് സാമാന്യധാരണയുള്ള ഒരാള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഹിറ്റ്ലറുടെ മരണം സംഭവിച്ചു മൂന്നുവര്‍ഷം തികയുന്ന നേരത്താണ്‌ റൊസെല്ലീനി തന്റെ ക്യാമറയുമായി ബെര്‍ലിനില്‍ ചെന്നിറങ്ങുന്നത്. അക്കാലത്ത് ലോകത്തില്‍ നിലവിലുണ്ടായിരുന്ന പട്ടാളശക്തിയുടെ ബഹുഭൂരിപക്ഷവും തങ്ങളുടെ ശത്രുപക്ഷത്തിന്റെ കേന്ദ്രബിന്ദുവായി കണ്ട പട്ടണമാണ് ബെര്‍ലിന്‍. ലോകംമുഴുവന്‍ എല്ലാശക്തിയുമെടുത്ത് പൊരുതിച്ചെന്ന ഒരു പ്രദേശത്ത്‌, അതിന്റെ പതനത്തിനു ശേഷം ക്യാമറയുമായി വന്നുനില്‍ക്കുന്ന ഒരു ചലച്ചിത്രകാരന് കലാപരമായ സൌന്ദര്യത്തിന്റെ വൈവിധ്യങ്ങളെ എന്ത് മാനദണ്‍ഡങ്ങള്‍ വച്ചാവും സാക്ഷാത്കരിക്കാനാവുക.

യുദ്ധം വിവിധതലങ്ങളില്‍ സംഭവിപ്പിച്ച സാര്‍വത്രികവും സമഗ്രവും ആയ  തകര്‍ച്ചയുടെ അമൂര്‍ത്തതയെ സ്ഫുടമായി സംപ്രേക്ഷണം ചെയ്യാന്‍ ഒറ്റപ്പെട്ട ജീവിതങ്ങളുടെ മൂര്‍ത്തതകളിലൂടെ സഞ്ചരിക്കുന്നു സംവിധായകന്‍. എഡ്മണ്ട് എന്ന ബാലനാണ് സിനിമയിലെ മുഖ്യകഥാപാത്രം. നിയോറിയലിസം കുട്ടികളിലൂടെ വ്യക്തികളേയും സമൂഹത്തേയും പരിസരങ്ങളേയും പ്രകൃതിയേയും നോക്കികാണാനുള്ള ത്വര കാണിച്ചിട്ടുണ്ട് ('പഥേര്‍ പാഞ്ചാലി' ഇന്ത്യന്‍ ഉദാഹരണമായി ഓര്‍ക്കാം). ദാരിദ്ര്യവും തകര്‍ച്ചയുമൊക്കെ ഉപാധികളും മുന്‍ധാരണകളും ഇല്ലാത്ത അനുഭവമായി നഗ്നവേദ്യമാവുക കുട്ടികളിലാവും എന്നതാവാം കാരണം. സഖ്യസേനയിലെ അംഗങ്ങളോടൊപ്പം ചുറ്റിയടിച്ച്‌ ആഹാരത്തിനുള്ള വക കണ്ടെത്താന്‍ ശ്രമിക്കുന്ന സഹോദരിയെ എന്തെങ്കിലും ജോലിചെയ്ത് സഹായിക്കാന്‍ ശ്രമിക്കുന്ന എഡ്മണ്ട്, തകര്‍ന്ന ബെര്‍ലിന്‍ പട്ടണത്തില്‍, തന്റെ താമസസ്ഥലത്തിന്റെ പരിസരങ്ങളില്‍ അലഞ്ഞുനടന്ന് കണ്ടും അനുഭവിച്ചും പകരുന്ന യുദ്ധാനന്തര ജീവിതത്തിന്റെ പതിതവും വിഹ്വലവുമായ കാഴ്ചകളാണ് ഈ ചിത്രം.

എഡ്മണ്ടിന്റെ അച്ഛന്‍ രോഗബാധിതനായി കിടപ്പിലാണ്. സഹോദരന്‍ മുന്‍പ് നാസി പട്ടാളത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അധികാരികളെ പേടിച്ച് മുറിക്കുള്ളില്‍ ഒളിച്ചുകഴിയുകയാണ്. ഹിറ്റ്ലറുടെ സാവധാനത്തിലുള്ള വളര്‍ച്ച നോക്കികണ്ടിട്ടും, അതിന്റെ വിമാനുഷികത അറിഞ്ഞിട്ടും, അലസരായി കഴിഞ്ഞ ഒരു തലമുറയെ എഡ്മണ്ടിന്റെ അച്ഛന്‍ പ്രതിനിധാനം ചെയ്യുന്നു. അതിനെക്കുറിച്ചോര്‍ത്ത് അയാള്‍ വിഷാദനാകുന്നുണ്ട്. നാസി ആശയത്തിന്റെ മാനവികരാഹിത്യം അറിഞ്ഞിട്ടോ അല്ലാതെയോ അതിനുവേണ്ടി യുദ്ധം ചെയ്തയാളാണ്‌ അവന്റെ സഹോദരന്‍. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ തങ്ങളുടെ സമകാലവിധിക്ക് ഉത്തരവാദികളായിത്തീര്‍ന്ന രണ്ടു തലമുറകളുടെ വക്താക്കളാണ് ഈ പുരുഷന്മാര്‍. എന്നാല്‍ അവര്‍ കാലത്തെ നേരിടാന്‍   അശക്തരോ ഭീരുത്വമുള്ളവരോ ആയിത്തീര്‍ന്നിരിക്കുന്നു. ആശയതലത്തിലും  ഭൌതീകതലത്തിലും യുദ്ധത്തില്‍ യാതൊരു ഭാഗഭാഗിത്വവും ഇല്ലാതിരുന്ന എഡ്മണ്ടും അവന്റെ സഹോദരിയുമാണ് പക്ഷെ കെട്ടകാലത്ത് അതിജീവനത്തിന്റെ കഠിനയോഗം ഏറ്റെടുക്കാന്‍ നിയുക്തരാവുന്നത്. ഏറ്റവും വിഷലിപ്തമായ സാമൂഹിക ചുറ്റുപാടുകളിലും, സാധ്യമാവുന്ന മൂല്യബോധത്തോടെ, അവര്‍ കാലത്തെ അഭിമുഖീകരിക്കുന്നു. അത്തരം മൂല്യബോധത്തിന്റെ അബോധാസ്തിത്വവും സംഘര്‍ഷവും തന്നെയാവുമല്ലോ ഒടുവില്‍ ആ ബാലനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചിരിക്കുക, ഒരു ജനതതിയെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ധൃതവഴിയിലേക്ക് തെളിയിച്ചിരിക്കുക.

'ജര്‍മ്മനി ഇയര്‍ സീറോ' പോലുള്ള ഇറ്റാലിയന്‍ നിയോറിയലിസ്റ്റിക് സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആറേഴുകൊല്ലത്തിന് ശേഷം സത്യജിത് റേ 'പഥേര്‍ പാഞ്ചാലി' നിര്‍മ്മിക്കുന്നത്.  ഒരു താരതമ്യവിചാരത്തിന്‌ മുതിരുകയാണെങ്കില്‍, 'ജര്‍മ്മനി ഇയര്‍ സീറോ' പ്രകാശിപ്പിച്ച മെലോഡ്രമാറ്റിക് ആയിട്ടുള്ള അംശങ്ങള്‍ ഏറെക്കൂറെ ചെത്തിമിനുക്കി നിയോറിയലിസ്റ്റിക് സ്വഭാവവിശേഷത്തിന്റെയും, പ്രമേയത്തിന്റെ തന്നെയും കുറച്ചുകൂടി ആഴങ്ങളില്‍ സര്‍ഗാത്മകമാവുക സത്യജിത്റേയുടെ ചലച്ചിത്രം തന്നെയാവും.

00 

1 comment:

  1. അവലോകനം വായിച്ചു.
    നോ കമന്റ്സ്

    ReplyDelete