Saturday 15 March 2014

നേര്‍രേഖയില്‍ ചരിത്രം

ചരിത്രപഠനങ്ങളുടെ മൂര്‍ത്തത എന്നും സംശയത്തില്‍ തന്നെ ആയിരിക്കും. ഏകമാനമായ സമകാലം തന്നെ അസാധ്യമെന്നിരിക്കെ ചരിത്രത്തിന്റെ ഋജുരേഖ അതിനെക്കാള്‍ ഏറെ വിഷമംപിടിച്ചതാവാതെ വഴിയില്ല. എന്നാല്‍ പൂര്‍ണ്ണകല്പ്പിതമായ ഒന്നല്ല ചരിത്രമെന്നും നമ്മള്‍ അറിയുന്നു. ഭാവനാതീതമായി ചില വാസ്തവീകതകളെ അത് അടിസ്ഥാനപ്പെടുത്തുന്നുണ്ട്. വിവിധങ്ങളായ കണ്ടെത്തലുകളുടെയും വെളിപ്പെടുത്തലുകളുടെയും യുക്ത്യാധിഷ്ഠിതമായ വിന്യാസമായി 'നല്ല' ചരിത്രപഠനങ്ങളെ കാണാം. നല്ലത് എന്ന് എടുത്തുപറയാന്‍ കാരണം ഉണ്ട്. ചരിത്രത്തിന് സമകാലത്തിലും ഭാവിയിലും ഇടപെടാന്‍ അസാമാന്യമായ കരുത്തുണ്ട്. അതിനാല്‍ ലക്ഷ്യഭംഗം വന്ന നല്ലതല്ലാത്ത ചരിത്രനിര്‍മ്മിതികള്‍ ഏറെ സംഭവിക്കുന്നു. അധികാരപ്രമത്തമായ ഭരണങ്ങള്‍ ആദ്യം കൈവയ്ക്കുക ചരിത്രത്തിലാണ്. തങ്ങളുടെ വ്യാജഅസ്തിത്വത്തെ സാധൂകരിക്കാന്‍ അവര്‍ വ്യാജചരിത്രം നിര്‍മ്മിക്കുന്നു. കോളനിവത്കരണത്തിന്റെ കാലത്താണ് ഇന്ത്യയിലേക്കുള്ള പൌരാണിക ആര്യസഞ്ചാരത്തെ കുറിച്ച് യൂറോപ്പില്‍ നിന്നും ചരിത്രങ്ങള്‍ ഉണ്ടാവുന്നത്. കോളനിവത്കരണത്തെ സാധൂകരിക്കാന്‍ ആ ചരിത്രം ആവശ്യമായിരുന്നിരിക്കാം. എന്നാല്‍ ഇന്ന് ആ ചരിത്രപഠനങ്ങളുടെ ആധികാരികതയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. ബി. ജെ. പി സര്‍ക്കാര്‍ ഐ. സി. എച്ച്. ആറിനെ ഉപയോഗിച്ച് ഇന്ത്യന്‍ ചരിത്രത്തെ തങ്ങള്‍ക്ക് ഉപയുക്തമാകുംവിധം മാറ്റിയെഴുതാന്‍ ശ്രമിച്ചതായി അക്കാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ പഴയൊരു കൊമ്മ്യൂണിസ്റ്റു ഭരണത്തിനെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിരുന്നുവല്ലോ.


പൂര്‍ണ്ണമായും നിക്ഷ്പക്ഷമായ ചരിത്രം എന്നതും ഏറെക്കൂറെ അസംഭവ്യമായ ഒന്ന് തന്നെയാണ്. ചരിത്രം പുനര്‍സൃഷ്ടിക്കുന്ന ആളുടെ/ആള്‍ക്കാരുടെ വിചാര, ഭാവ ലോകത്തിന്റെ ശേഷിപ്പുകളെ കൂടി അതിന് പേറേണ്ടി വരുക എന്നത് ഒഴിവാക്കാനാവുന്നതല്ല. ഏതൊരു പുനര്‍നിര്‍മ്മാണവും അത്തരമൊരു പരാധീനത ഉള്‍ക്കൊള്ളുകയാല്‍, അതിനുള്ള മാര്‍ജിന്‍ കൊടുത്തേ, പ്രത്യേകിച്ച് ഒരു ചരിത്രപുസ്തകത്തിലേക്ക്  കടക്കാനാവു. എന്നാല്‍ ആ മാര്‍ജിന്‍ തുലോം കുറഞ്ഞിരിക്കും ശ്രീധരമേനോനെ വായിക്കുമ്പോള്‍. ഇടതുപക്ഷത്തോടുള്ള കൂറ് വ്യക്തമായും പ്രകടമാക്കികൊണ്ട് പൊതുസമൂഹത്തില്‍ പ്രത്യക്ഷപെടുന്ന കെ. എം. പണിക്കരെയോ രാജന്‍ കുരുക്കളെയോ പോലുള്ളവരില്‍ നിന്നും ഇടതുപക്ഷത്തോടുള്ള വെറുപ്പ്‌ ഭര്‍സനത്തോളം ലളിതവത്കരിച്ച് ഇടപെടുന്ന എം. ജി. എസ്സിനെ പോലുള്ളവരില്‍ നിന്നും ഐതീഹ്യങ്ങള്‍ ചരിത്രമായി തെറ്റിദ്ധരിച്ചിരിക്കുന്ന ശശിഭൂഷനെ പോലുള്ളവരില്‍ നിന്നും എന്തായാലും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ചരിത്രകാരനാണ് ശ്രീധരമേനോന്‍ എന്ന് മലയാളിയുടെ പൊതുബോധം മനസ്സിലാക്കിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച, കൊമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച manipulated ചരിത്രനിര്‍മ്മിതിയില്‍ ഭാഗഭാക്കാവാന്‍ തയ്യാറാവാതെ ഒഴിവായിപോന്ന സംഭവം പൊതുവെ അദ്ദേഹം നിലനിര്‍ത്തുന്ന നിഷ്പക്ഷതയുടെ പ്രകാശനമായി കാണാം എന്ന് കരുതുന്നു.

മാനദണ്‍ഡങ്ങളും ഗുണകാംക്ഷകളും വ്യത്യസ്തമായിരിക്കാം എങ്കിലും പുനര്‍നിര്‍മ്മാണം കലയുടെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നു - കവിതയിലായാലും ചരിത്രത്തിലായാലും. ഏത് കലയുടെയും പ്രാഥമികമായ ചോദന സത്യാന്വേഷണമാണ്. ആ നിലയ്ക്ക് ചരിത്രനിര്‍മ്മിതികള്‍, മറ്റു കലകളെ അപേക്ഷിച്ച്, രണ്ട് തരം സത്യാന്വേഷണങ്ങളാല്‍ പ്രചോദിതമാണ്. ഏത് കലയും ആവശ്യപ്പെടുന്ന സ്വത്വ/ലാവണ്യ സംബന്ധിയായ നിലപാടുകളുടെ ആഴത്തിലുള്ള ധര്‍മ്മവിചാരമാണ് ഒന്ന്. ചരിത്രം എഴുതുന്നതിന്റെ സൌന്ദര്യതലം ഭ്രമകല്‍പ്പനകളുടെ ഭാവനാഭൂമികയല്ല, ലാളിത്യത്തിന്റെ സുതാര്യമായ ഋജുരേഖയാണ്. കാലം ബാക്കിയാക്കിയ ചരിത്രവാസ്തവീകതകളിലേക്കുള്ള സത്യസന്ധമായ അന്വേഷണങ്ങളുടെ നീളിച്ചയാണ് മറ്റൊന്ന്. ഇതിനോട് നീതിപുലര്‍ത്തുന്നു ഈ ചരിത്ര പുസ്തകം.

ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടം എടുത്ത് കൂലംകക്ഷമായ അന്വേഷണത്തിനു വിധേയമാക്കുകയല്ല ഇവിടെ. ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെയും ആമുഖത്തില്‍ ചരിത്രകാരന്‍ തന്നെ പറയുന്നത് പോലെയും കേരളത്തിന്റെ സമഗ്രമായ ചരിത്രത്തില്‍ കൌതുകമുള്ളവര്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഒരു കൈപുസ്തകമായി  കരുതാന്‍ ഉതകുന്ന നിലയ്ക്ക് ചരിത്രാരംഭം മുതല്‍ കേരളം ആധുനികസമൂഹമായി പരിണമിക്കുന്നിടംവരെയുള്ള നൂറ്റാണ്ടുകള്‍ നീളമുള്ള കാലയളവിലൂടെ മുഴുവന്‍ സഞ്ചരിക്കുന്നു ഈ പുസ്തകം. 1967-ല്‍, ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ച കാലത്തില്‍ നിന്നും ചരിത്രപഠനത്തിന്റെ രൂപഭാവങ്ങള്‍ ഇന്ന് ഏറെ മാറിയിട്ടുണ്ട്. എങ്കിലും കേരളത്തിന്റെ അടിസ്ഥാനചരിത്രത്തെ കുറിച്ചുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി ഒരുപാട് കാലം തുടരാനുള്ള ഊര്‍ജം ഈ പുസ്തകത്തിനുണ്ട്.

00

1 comment:

  1. നേര്‍രേഖയില്‍ പറയപ്പെടുന്ന ചരിത്രമുണ്ടോ?

    ReplyDelete