Monday 10 March 2014

ഉദ്യാനത്തില്‍ സാക്ഷ്യങ്ങളില്ലാതെ കാണേണ്ടത്...

മൈക്കലാന്ചെലോ അന്റോണിയോണിയുടെ ആദ്യത്തെ ഇംഗ്ലിഷ് ഭാഷാ ചിത്രമാണ് 'ബ്ളോ-അപ്പ്'. കാലത്തെയും സ്ഥലത്തെയും നിറത്തോടെ പ്രകാശിപ്പിച്ചുകൊണ്ട് തീര്‍ച്ചയായും അത് ജീവിതത്തെ മാറി അന്വേഷിക്കും. ലണ്ടനില്‍ പ്രകടമായ പൌരാണികതയുണ്ട്, 'സ്വിങ്ങിംഗ് ലണ്ടന്‍' പ്രദാനം ചെയ്ത ആധുനികതയുടെ പിന്നാംപുറത്തേക്കു പോകാതെതന്നെ, സിനിമ പറയുന്ന തൊള്ളായിരത്തിഅറുപതുകളിലും. ചുമപ്പിലും ചാരയിലും കെട്ടിടങ്ങള്‍. അതിനുപിറകില്‍ പച്ചമരങ്ങള്‍. നായകനായ തോമസിന്റെ കാറ് നിരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് സഞ്ചരിക്കുന്നുണ്ട് ഈ നിറഭേദങ്ങളിലൂടെ. അന്റോണിയോണി ലണ്ടന്‍ പട്ടണത്തെ ഇഷ്ട്ടപെട്ടിരുന്നുവത്രേ. ഹരിതപ്രകൃതിയെ കവച്ചുപോകാന്‍ മടിക്കുന്ന നഗരവത്കരണത്തിന്റെ ചില ഇടങ്ങള്‍ തന്നെയാവും സര്‍ഗ്ഗസാക്ഷരമായ ആ ഇഷ്ട്ടത്തിന്റെ കാരണം. പട്ടണമധ്യത്തെ പച്ചപ്പ്‌ നിറഞ്ഞ വിശാലവും ഏറെക്കൂറെ വിജനവുമായ ഉദ്യാനം സങ്കീര്‍ണമായ ഒരു അന്വേഷണത്തിന്റെ ഇടമായി സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുക അതുകൊണ്ടാവും.


സ്വിങ്ങിംഗ് ലണ്ടന്‍ എന്ന സംജ്ഞയാല്‍ വിവക്ഷിച്ചു വന്ന 1960 കളില്‍ സിനിമാ നിര്‍മ്മാണത്തിന്റെ സമകാലികമായാണ് കഥാകാലവും സംഭവിക്കുന്നത്‌. ലോക മഹായുദ്ധത്തിന്റെ മുറിവുകളില്‍ നിന്നും, സാമ്പത്തിക സ്ഥിരതയുടെ അടുത്ത തലത്തിലേക്ക് കടക്കുന്ന അക്കാലം ലണ്ടന്‍ നഗരത്തില്‍ സൃഷ്‌ടിച്ച ആധുനികവും ചടുലവുമായ സാമൂഹികാവസ്ഥയുടെ സഗൌരവമായ സമീപനം ഈ സിനിമയില്‍ കാണാം. അക്കാലത്തെ, ഈ സംജ്ഞാബന്ധിയായ  ചലനങ്ങളൊക്കെയും മധ്യവര്‍ഗയുവതയുടെ വ്യാജവേഗങ്ങങ്ങളായി പില്‍ക്കാലത്ത് ഫലിതാത്മകമായി പൊതുവെ വ്യവഹരിക്കപ്പെട്ടുവെങ്കിലും, ഈ സിനിമ ആ ആരോപണങ്ങളെ ഒറ്റയ്ക്ക് റദ്ദാക്കിക്കളയുക ആ അവസ്ഥയെ അടയാളപ്പെടുത്തി എന്നതിനാല്‍ മാത്രമാവില്ല, കാലികമായ പ്രശ്നപ്രദേശങ്ങളെ കാലരഹിതമായ അമൂര്‍ത്തപ്രദേശങ്ങളിലേക്ക് കരുതിവച്ചു എന്നതിനാല്‍ കൂടിയാവും.

തോമസ്‌ പ്രശസ്തനായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആണ്. യൂറോപ്പിനെയും ലോകത്തെയും മാറിനിര്‍വ്വചിക്കാന്‍ ആകുംവിധം ചലനാത്മകമായിരുന്ന ഒരു കാലത്ത് ജീവിച്ചിരുന്ന കലാകാരന്‍. ചില കാലം ചില മനുഷ്യരെ ഉണ്ടാക്കുന്നു - അവര്‍ ആ കാലത്തെ അടയാളപ്പെടുത്തുന്നു. അതുകൊണ്ടാണ് സ്റ്റുഡിയോ ചിത്രങ്ങള്‍ക്കപ്പുറം അയാള്‍ നഗരത്തിന്റെ തെരുവുകളില്‍ തന്റെ ക്യാമറയ്ക്ക് ഇരകളെ തേടി അലയുന്നത്.അങ്ങിനെയാണ് നമ്മള്‍ അയാളെ ആദ്യം പരിചയപ്പെടുക. ഭാര്യയുടെ അവിഹിതവേഴ്ച അയാളെ ഉലയ്ക്കുന്നില്ല എന്നല്ല. എന്നാല്‍  മിനിട്ടുകള്‍കൊണ്ട് അയാള്‍ക്കതിനെ മറികടക്കാന്‍ സാധിക്കുന്നത് അതിന്റെ തുച്ഛമായ അര്‍ത്ഥവിവക്ഷകളെ തന്റെ അസ്തിത്വാന്വേഷണം അസാധുവാക്കുന്നത് കൊണ്ടാവും. അത്തരം സൂക്ഷമാന്വേഷണത്തിന്റെ വ്യഥകള്‍ ഒറ്റയ്ക്ക് എടുക്കേണ്ടതുണ്ട്‌ എന്നതിന്റെ പ്രകാശനവുമാവുമത് - തന്നെ ഉലയ്ക്കുന്ന ഗാഡവും നിഗൂഡവുമായ സമസ്യ പങ്കുവയ്ക്കാന്‍ ചെല്ലുമ്പോള്‍ ആണല്ലോ അയാളത് കാണുക. അയ്യാളുടെ പബ്ലിഷറും അന്വേഷണത്തില്‍ പങ്കുചേരാന്‍ കൂട്ടാക്കുന്നില്ല. ഒരു ആഘോഷത്തില്‍ മരുജുവാനമയക്കത്തിലാണ് അയാള്‍ അന്നേരം. സത്യത്തെ അന്വേഷിച്ചു ചെല്ലുന്ന ഒരാള്‍ കാലം പൊതുവെ പിന്തുടരുന്ന അന്വേഷണവ്യഗ്രതകളില്‍ നിന്നും അന്യവത്കരിക്കപെടുന്നു എന്നതുമാവാം, ഒരു തരത്തില്‍, ലൈംഗീകതയുടെ വ്യവസ്ഥാരഹിത്യത്തിലും മരിജുവാനയുടെ സംഘമയക്കങ്ങളിലും അന്നേരം തോമസിന് ഇടപെടാനാവാതെ പോകുന്നത് ധ്വനിപ്പിക്കുക.

കാറ്റിനു രൂപമുണ്ടോ? അന്റോണിയോണി അതും കാണിച്ചു തരും ഈ സിനിമയില്‍. ആന്റിക്കുകള്‍ വില്‍ക്കുന്ന കടയുടെ നേരെ എതിര്‍വശത്താണ് ആ പാര്‍ക്ക്. തോമസ്‌ കടയില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്ക് (പട്ടണത്തിലേക്ക്) നോക്കിനിന്ന് ഫോട്ടോകള്‍ എടുക്കുമ്പോള്‍ പിന്നില്‍ ആ പാര്‍ക്കിലെ മരത്തില്‍ കാറ്റ്പിടിക്കുന്നത്‌ കാണാം. നേര്‍ത്ത ഹൂങ്കാര ശബ്ദത്തോടെ, ഒരു ജീവിയെപ്പോലെ കാറ്റവിടെ പതിഞ്ഞുനടക്കുന്നു. ഭ്രമിപ്പിക്കുന്ന ഗൂഡചോദനയാല്‍ കാറ്റ് പതിഞ്ഞുനടക്കുന്ന ആ പച്ചയിലേക്ക് നായകനോടൊപ്പം നമ്മളും ചെല്ലും. അങ്ങിനെയാണ് സിനിമ അതിന്റെ ആഴങ്ങളിലേക്ക്, ജീവിച്ചിരിക്കുന്നതിന്റെ ഭ്രമാത്മകമായ വിചിന്തനങ്ങളിലേക്ക് അനുവാചകനെ വലിച്ചിടുക. പാര്‍ക്കിലെ പച്ചപ്രതലത്തിന്റെ അങ്ങേതലയ്ക്കല്‍ പ്രണയചാപല്യങ്ങളില്‍ മുഴുകിനില്‍ക്കുന്ന മധ്യവയസ്ക്കനും യുവതിയും, മറ്റു പലതിനുമോടൊപ്പം, തോമസിന്റെ ക്യാമറയില്‍ പതിഞ്ഞുപോകുന്ന മറ്റൊരു ചിത്രം മാത്രമല്ലെന്ന് അപ്പോള്‍ തന്നെ നമ്മള്‍ അറിയുന്നുണ്ട്. വരാനിരിക്കുന്ന എന്തിന്റെയൊക്കെയോ സൂചനകള്‍ പോലെ ഹരിതവിശാലമായ വിജനതയില്‍ കാറ്റിന്റെ മുരളല്‍ ആലോസരപ്പെടുത്തികൊണ്ട് തുടര്‍ന്നുപോകുന്നു.

തന്റെ അവിഹിത പ്രണയനേരങ്ങളെ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്നും എന്തു വിലകൊടുത്തും നെഗറ്റീവുകള്‍ കൈക്കലാക്കാന്‍ എത്തുന്ന യുവതിയുടെ തിടുക്കം മാത്രമാവില്ല തോമസിനെ ആ ചിത്രങ്ങളുടെ ബ്ലോഅപ്പിലേക്ക് നയിക്കുക. അത്ര ലളിതമായ ഹേതുക്കളാല്‍ ജീവിതത്തിന്റെ സൂക്ഷ്മാന്വേഷണങ്ങള്‍ സാധ്യമാവില്ല. അത് അനിവാര്യമായ ഒരു എത്തിചേരലാണ്. ഫോട്ടോ എടുക്കുമ്പോഴോ, നേരിട്ട് നോക്കുമ്പോഴോ കാണാത്ത എന്തൊക്കെയോ ആണ് ആ ചിത്രം ബ്ലോഅപ്പ് ചെയ്യുമ്പോള്‍ കാണുന്നത്. നേര്‍ക്കാഴ്ചകള്‍ പലപ്പോഴും ഉപരിപ്ലമോ വ്യാജമോ ആയ ദൃശ്യങ്ങളും വിശ്വാസങ്ങളും സംപ്രേഷണം ചെയ്യുന്നു. അതാണ്‌ ജീവിതത്തിന്റെ പൊതുവായ നിലപാട്തലങ്ങള്‍. അവ വലിയ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നില്ല - സംതൃപ്തമായ ജീവിതത്തിന്റെ അകംപുറം സുഖലോലുപത. തോമസിന് അതാവില്ല. മായികമായ ജീവിതത്തിന്റെ സൂക്ഷ്മകോശങ്ങളെ തേടിനടക്കുന്ന ജനിതകവിധിയില്‍ പെടുന്ന ചിലരില്‍ ഒരാളാണ് അയാള്‍ - രവി എന്തിന് ഖസാക്കില്‍ എത്തിയെന്നും സര്‍പ്പദംശനമേറ്റുവെന്നും അത്ഭുതംകൂറുന്നപോലെയൊന്ന്.

ബ്ലോഅപ്പ് ചെയ്ത ചിത്രത്തില്‍, പാര്‍ക്കിലെ ആ ചെറിയ മരത്തിന്റെ ചുവട്ടില്‍ യുവതിയോടൊപ്പം ഉണ്ടായിരുന്ന കാമുകന്‍ മരിച്ച് കിടക്കുന്നതുപോലെ എന്തോ തോമസ്‌ കാണുന്നു. കുറച്ചകലെ, കുറ്റികാടുകളുടെ ഇടയില്‍ ആ മനുഷ്യനെ വെടിവച്ചിരിക്കാന്‍ സാധ്യതയുള്ള അവ്യക്തമായ മറ്റൊരു മനുഷ്യരൂപവും. ആ സമസ്യ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ്  അയാള്‍ ഭാര്യയുടെ അവിഹിതബന്ധം കാണുന്നതിലേക്കും കൂട്ടുകാരായ യുവസംഘത്തിന്റെ ലഹരിമയക്കങ്ങളിലേക്കും ഒക്കെ എത്തുന്നത്. ഭ്രമാത്മകമാണ്‌ ആ സഞ്ചാരങ്ങള്‍. ഒടുവില്‍ രാത്രിയില്‍ അയാള്‍ ആ പാര്‍ക്കില്‍ മൃതശരീരം കിടക്കുന്നിടത്ത് ഒറ്റയ്ക്കെത്തി അതു കാണുന്നുണ്ട്. സാക്ഷ്യങ്ങളില്ലാത്ത കാഴ്ച്ചയാണത്. പിറ്റേന്ന് രാവിലെ സൂര്യവെട്ടത്തില്‍ ആ മൃതശരീരം അവിടെ ഉണ്ടായിരുന്നില്ല. തോമസിനോടൊപ്പം അനുവാചകനും അപൂര്‍ണവും അരക്ഷിതവും എന്നാല്‍ ഇനി നീളിച്ചകള്‍ ഇല്ലാത്തതുമായ ഒരു തിരക്കിനടക്കലിന്റെ അവാച്യമായ വ്യഥകളില്‍ പെടുന്നു. അന്നേരമാണ് സിനിമയുടെ തുടക്കത്തില്‍ എന്തിനെന്നറിയാതെ വന്ന് പോയ മൈമേഴ്സിന്റെ സംഘം ആ പാര്‍ക്കില്‍ എത്തുന്നത്. അവിടെയുള്ള ടെന്നീസ്കോര്‍ട്ടില്‍ അവര്‍ അനുധാവനതയോടെ കളിതുടങ്ങുന്നു, ബാറ്റും പന്തും ഇല്ലാതെ. കോര്‍ട്ടില്‍ നിന്ന് പുറത്തുപോകുന്ന സാങ്കല്‍പ്പിക പന്ത് തോമസ്‌ എടുത്ത് എറിഞ്ഞുകൊടുക്കുമ്പോള്‍, കണ്ട് വന്നതിന്റെ, ജീവിച്ചിരിക്കുനതിന്റെ മായികത ഒരു വെളിപാട് പോലെ നായകനോടൊപ്പം അനുവാചകനും അറിയുന്നു.

അങ്ങിനെയാണ് ചില കലാസൃഷ്ടികള്‍, എത്രയായാലും പറഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല. ഭാഷയുടെ രൂപങ്ങള്‍ക്ക്‌ പിടിതരാതെ പോകും. ഉണങ്ങാത്ത മുറിവുപോലെ കൂടെയുണ്ടാവും...

00

1 comment:

  1. പഴയ ക്ലാസിക്കുകളൊക്കെ കുറെ കണ്ടിട്ടുണ്ട്. അല്ലേ?

    ReplyDelete