Wednesday, 12 September 2012

പൊയ്പ്പോയതിന്റെ ഫിലോസഫി

മലയാളിയുടെ നാടുവിട്ടുപോക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നും മലയാളി ജനിതകമായി പൂര്‍ണ്ണമായി മലയാളി ആയിതീര്‍ന്നിട്ടില്ല എന്നതാവാം അതിനുള്ള പ്രാഥമിക കാരണം. ആദിമ ദ്രാവിഡഗോത്രത്തിന്റെ കലര്‍പ്പില്ലാത്ത ജനതതിയെ ഒരുപക്ഷെ ഇന്ന് കാടുകള്‍ക്കുള്ളില്‍, ഏതോ അന്യഗ്രഹ ജീവികളെപ്പോലെ, ചില പരിഗണനകള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി ഇരുത്തിയിട്ടുണ്ട്‌ നമ്മള്‍ . ദ്രാവിഡ ഗോത്രസംസ്കൃതിയുടെ അധികം കലര്‍പ്പില്ലാത്ത ജനാവലിയെ 'പാണ്ടികള്‍ ' എന്ന് കുറച്ചെങ്കിലും അവജ്ഞയോടെ നോക്കുന്നുമുണ്ട്. അതിനപ്പുറം മലയാളിക്ക് മൌലീകസംസ്കാരം അവകാശപ്പെടാനില്ല. മലയാളി എന്ന വാക്കുപോലും ആധുനികമലയാളിയുടെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന ഒന്ന് മാത്രമാണ്. നവംബര്‍ ഒന്നാം തിയതി ചുരിദാര്‍ മാറ്റി സെറ്റ്സാരിയും, പാന്റു മാറ്റി മുണ്ടും ഉടുക്കുമ്പോള്‍ പഴയൊരു സംസ്കൃതിയുടെ ബിംബങ്ങളെ ആലങ്കാരികമായെങ്കിലും തിരിച്ചുപിടിക്കുന്നു എന്ന് പുതിയ തലമുറ ധരിക്കുന്നുണ്ടോ? ഈ വസ്ത്രരീതിക്ക് അവരുടെ അമ്മൂമ്മ/അപ്പൂപ്പന്മാരുടെ കാലത്തിനപ്പുറത്തേക്ക് ആയുസ്സുണ്ടാവില്ല എന്നതായേക്കും വാസ്തവം. ആരുടെയൊക്കെയോ വരവോടെയാണ് മലയാളിയുടെ ചരിത്രം തുടങ്ങുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍, വന്നെത്തിയവരുടെ ചരിത്രമാണ് കേരളത്തിന്റെ ചരിത്രം. അല്ലെങ്കില്‍ വന്നെത്തിയവര്‍ തന്നെയാണ് മലയാളികള്‍ .

കേരളത്തിന്റെ വടക്ക് നിന്നു നോക്കിയാലും തെക്ക് നിന്നു നോക്കിയാലും, മതപരവും ജാതീയവുമായ വേരുകള്‍ തിരഞ്ഞാലും, ഭാഷയുടെ വ്യതിരക്തത അന്വേഷിച്ചാലും ചെന്നെത്തുക മലയാളിയുടെ സങ്കരമായ പൂര്‍വികത്വത്തിലേക്ക് തന്നെയാവും. ബുദ്ധ,ജൈന മതങ്ങളോടൊപ്പം വന്ന ജനതതിയും തുടര്‍ന്ന് സനാതന ഹിന്ദുധര്‍മ്മത്തിന്റെ പ്രവാചകരായി എത്തിയവരും ഇവിടെ ആരുമായാണ് സംവദിച്ചതെന്നു അന്വേഷിച്ചുചെന്നാല്‍ തദ്ദേശീയമായ ഒന്നിലും മുട്ടുന്നില്ല. അതിനുമകലെ, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ കച്ചവടത്തിനായി കുത്തകയാക്കിയിരുന്ന ഗുജറാത്തികളുടെയും അവരുടെ സംരക്ഷകരായ ആയ് (യാദവ) സഹചാരികളുടെയും, കച്ചവടത്തിനായി കടല്‍ കടന്നെത്തിയ അറബ്, ജൂത, പേര്‍ഷ്യന്‍ സംസ്ക്കാരങ്ങളുടെയും നിര്‍ലോഭമായ ജനിതക കൊടുക്കല്‍വാങ്ങലുകളില്‍ കൂടി പൂര്‍വ്വചരിത്രം അലിഞ്ഞുതീരുന്നത് കാണാം.

വന്നെത്തിയവര്‍ ആയതു കൊണ്ട് തന്നെയാവാം മലയാളി വീടുവിട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തികവും സാമൂഹികവും ആയ സമകാലിക കാരണങ്ങള്‍ ഒരുപാട് കണ്ടെത്താമെങ്കിലും, അവയൊന്നും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സവിശേഷമായ വ്യത്യാസം പുലര്‍ത്തുന്നവയല്ല.  എന്നാല്‍ അവര്‍ക്കൊന്നും ഇല്ലാത്ത വ്യഥയോടെ മലയാളി കൂട്ടത്തോടെ പാലായനം ചെയ്തുകൊണ്ടേയിരിക്കുന്നു. പുഴയുടെ കരയില്‍ ഉയിര്‍കൊണ്ട സംസ്ക്കാരങ്ങള്‍ക്ക് സജീവമായ വേരുകള്‍ ഉണ്ടാവുമെന്നും അവ ആ ജനതതിയെ അവിടെത്തന്നെ ഉറപ്പിച്ചുനിര്‍ത്തും എന്നും വായിച്ചിട്ടുണ്ട്. നൂറിലധികം സഹ്യപുത്രിമാര്‍ നനച്ചൊഴുകുന്ന മലയാളിയുടെ ഉള്ളില്‍ പക്ഷെ എന്നും ഒരു കപ്പല്‍ യാത്രയുടെ ആവേശം തുടിച്ചുകൊണ്ടേയിരിക്കുന്നു.

പൊയ്പ്പോയവന്റെ അനുഭവമാണ് നൊസ്റ്റാള്‍ജിയ. ദേശവും പ്രണയവും പൊയ്പ്പോയവന്റെ, കാലവും ബാല്യവും പൊയ്പ്പോയവന്റെ... 'നൊസ്റ്റാള്‍ഗോ' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണത്രേ ഈ വാക്കിന്റെ പ്രഭവം. 'നൊസ്റ്റു' എന്നാല്‍ ഉത്ഘടമായ ആഗ്രഹം/അഭിനിവേശം. 'ആല്‍ഗോ' എന്നാല്‍ വേദന. നഷ്ട്ടപെട്ടുപോയ എന്തിനോടെങ്കിലും വല്ലാത്ത വേദനയോടെ തോന്നുന്ന അടങ്ങാത്ത ആഗ്രഹത്തെ ഈ വാക്കുകളുടെ സംയോജനം ലാവണ്യപൂര്‍വ്വം പ്രതിനിധാനം ചെയ്യുന്നു. പ്രവാസത്തിന്റെ വ്യഥകളിലൂടെ കടന്നുപോകുന്ന ആധുനിക മലയാളി നൊസ്റ്റാള്‍ജിയയുടെ സ്വപ്നവ്യാരിയായതില്‍ സ്വാഭാവികത വന്നുചേരുന്നത് അവന്‍ താന്‍ വിട്ടുപോന്ന ദേശത്തെ അതിയായി ആഗ്രഹിക്കുന്നു എന്ന സാമാന്യത്തില്‍ നിന്നാവും, ഭൌതീകമായി പ്രവാസത്തോടുള്ള മമതയും, ഒപ്പം പ്രവാസകാലത്ത് സ്വദേശത്തോട് തോന്നുന്ന കാല്പനീക അഭിനിവേശവും പരസ്പരപൂരകങ്ങള്‍ ആവുന്നില്ല എങ്കില്‍ കൂടിയും. ദേശത്ത്‌ നിന്നുള്ള മാറിപോക്കുമാത്രമല്ല നൊസ്റ്റാള്‍ജിയയുടെ അനുഭവം. പോയ്പ്പോയതോക്കെയും ആ അനുഭവത്തിന്റെ പരിധിയില്‍ വന്നുപെടുന്നു. എന്നാല്‍ അനുഭവിച്ച ദേശത്തിന്റെയും കാലത്തിന്റെയും വര്‍ദ്ധിക്കുന്ന അകലം, അപ്രാപ്യത വ്യഥയുടെ ആഴവും കൂട്ടുന്നു. 

എം. ടി യുടെ 'മഞ്ഞ്' എന്ന നോവല്‍ നൊസ്റ്റാള്‍ജിയയുടെ ഒരു മുഴുനീള പ്രണയാനുഭവമാണ്. പ്രണയത്തിന്റെ സാഫല്യങ്ങളോട് മലയാളിക്ക് അത്രമാത്രം ചായ്‌വ് ഇല്ല തന്നെ. തകര്‍ന്ന പ്രണയങ്ങളെ, അല്ലെങ്കില്‍ പ്രണയാഗ്രഹങ്ങളെ അതികാല്പനീകമായ സ്വപ്നാടനത്തിലൂടെ ബാല്യം മുതല്‍ മരണത്തോളം അവന്‍ കൂടെ കൊണ്ടുനടക്കുന്നു. വിമല മറ്റുവഴികള്‍ തേടുന്നില്ല. പരിമിതമായ ഭൌതീക ജീവിതത്തിന്റെ നൈനിത്താള്‍ തണുപ്പില്‍ സുധീര്‍കുമാര്‍ മിശ്രയുടെ ഓര്‍മ്മകളില്‍ അവളുടെ ശിഷ്ടജീവിതത്തിന്റെ ദൈനംദിനങ്ങള്‍ ഒരു 'ഭാവഗീത'മായി കടന്നു പോവുകയാണ്. മലയാളിയുടെ തലമുറകള്‍ 'മധുരനാരങ്ങ' പോലെ അതു നുണഞ്ഞിറക്കികൊണ്ടിരിക്കുന്നു. മഞ്ഞിന്റെ കാല്പനീക തലത്തെ കുറിച്ചു സംസാരിക്കുന്ന കൂട്ടത്തില്‍ വിമര്‍ശനങ്ങളെ നിരാകരിച്ച് സേതു പറയുകയുണ്ടായി "ജീവിതത്തില്‍ കാല്പനീകതയില്ലേ?" എന്ന്. ഇതൊരു കുഴയ്ക്കുന്ന പ്രശ്നപ്രദേശം തന്നെയാണ്. ഓരോ മനുഷ്യന്റെയും ഉള്‍തരളതകളില്‍ നൊസ്റ്റാള്‍ജിയയുടെ കാല്പനികാനുഭവം അന്തര്‍ലീനം തന്നെയാണ്. ബാല്യത്തില്‍ നിന്നും കൂടെ പോരുന്ന ഒരു കാഴ്ച്ചയുടെ നഷ്ട്ടം, കൌമാരത്തില്‍ ഒരു സ്പര്‍ശം നല്‍കിയ അനുഭൂതിയുടെ മണം, യൌവ്വനത്തില്‍ പൊഴിഞ്ഞുപോയ ചില അഗാധ സൌഹൃദങ്ങളുടെ കടല്‍..., നൊസ്റ്റാള്‍ജിയ ജൈവമായ ഒരു വൈകാരികാനുഭവം തന്നെയാണ്.  
"ഉമ്മ വെക്കുമോ, പിടിക്കുമോ, എന്നെ എന്ന് ഓടി പോയി
ഇന്നുമെന്‍ ബാല്യം
കണ്ടില്ലല്ലോ ഇത്ര നാളും എന്ന് ചോദിച്ചപ്പോള്‍ " (1) 
എന്ന് സമകാലീനനായ കവി സംവദിക്കുന്നത് ഫെയ്സ്ബുക്ക്  എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കൂടിയാണ്. മാറിവരുന്ന ജീവിത സാഹചര്യത്തിന്റെ എല്ലാ അക്സസറികള്‍ക്കും ഉപരിയായി ആത്മപ്രകാശനങ്ങളുടെ ചില ഇടങ്ങള്‍ നിതാന്തജാഗ്രമാകുന്നു.

ഒരുപാട് ഇടങ്ങളില്‍ സഞ്ചരിച്ചതിനു ശേഷം അതിരാണിപ്പാടത്ത് ഒരു സന്ദര്‍ശനത്തിനെത്തുന്ന ശ്രീധരന്റെ ഓര്‍മ്മകളില്‍ കൂടിയാണ് 'ഒരു ദേശത്തിന്റെ കഥ' വികാസം പ്രാപിക്കുന്നത്. ശ്രീധരന്‍ ഇന്ന് അതിരാണിപ്പാടത്ത് ഇല്ല. അയാളവിടെ അന്യന്‍ കൂടിയാണ്. "അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നത്‌ പൊറുക്കൂ - പഴയ കൌതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍ "  എന്നയാള്‍ സ്വയം തിരസ്കൃതനാവുന്നുമുണ്ട്. ശ്രീധരന്റെ നൊസ്റ്റാള്‍ജിയയാണ് 'ഒരു ദേശത്തിന്റെ കഥ'. നാടുവിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന ഓരോ ആളും തന്‍റെ ഉള്ളില്‍ , താന്‍ വിട്ടുപോന്ന ദേശത്തിന്റെ കഥ പുന:സൃഷ്ടിക്കുന്നുണ്ട്, ആ കഥയില്‍ ജീവിക്കുന്നുമുണ്ട്. ഈ പുന:സൃഷ്ടി സങ്കീര്‍ണമാണ്. മലയാളിയുടെ ദേശാഭിവാഞ്ചകളുടെ ഭൂമികയിലല്ല പാലസ്തീന്‍കാരന്റെ അത്തരത്തിലുള്ള മനോനില. അവന്റെ നൊസ്റ്റാള്‍ജിയ കാല്പനീകമല്ല, തീക്ഷ്ണമായ രാഷ്ട്രീയമാനങ്ങള്‍ ഉള്ള ഒന്നാണ്. 

"എന്‍റെ ഓര്‍മ്മകളില്‍
ഞാനവിടെ നിന്നാണ് വരുന്നത്.

എല്ലാവരെയും പോലെയാണ് ഞാനും ജനിച്ചത്‌.
എനിക്ക് അമ്മയുണ്ട്‌,
ഒരുപാട് ജനാലകളുള്ളോരു വീടും..., 
സഹോദരങ്ങള്‍, കൂട്ടുകാര്‍
ഒരു ജയിലും.

വാളുകള്‍ ശരീരങ്ങളെ
ഉത്സവങ്ങളാകുന്നതിന് മുന്‍പ്
പക്ഷെ ഞാന്‍ സമതലം കടന്നിരുന്നു. 

അമ്മയ്ക്ക് വേണ്ടി കരഞ്ഞ ആകാശങ്ങളെ
ഞാന്‍ തിരിച്ചുകൊടുത്തിരിക്കുന്നു. 
എങ്കിലും മടങ്ങി വരുന്ന ഒരു മേഘതുണ്ടിന്
തിരിയാതെ പോവരുതേ 
എന്നാവും അപ്പോഴും തേങ്ങല്‍ " (2)
പ്രശസ്തനായ പാലസ്തീനിയന്‍ കവിയുടെ നൊസ്റ്റാള്‍ജിയ അതീതമായ അനുഭവതലങ്ങള്‍ തേടുന്നു. ഇത് മലയാളിക്ക് സുപരിചിതമായ ഇടമല്ല.

ഇന്ന് പൊതുമലയാളിയുടെ നൊസ്റ്റാള്‍ജിയ ഏറെക്കൂറെ സ്യൂഡോ ആണ്. നഷ്ടപ്പെടലിന്റെ ലളിതമായ ആവിഷ്ക്കാരമായി അവന്‍ അതിനെ ഉപരിതലസ്പര്‍ശിയായി തിരിച്ചറിഞ്ഞിരിക്കുന്നു. ബ്ലോഗും സോഷ്യല്‍ നെറ്റുവര്‍ക്കുകളും പരദേശിയായ മലയാളിയുടെ പ്രകാശനത്തിന് ക്രമാതീതമായ സാധ്യതകള്‍ നല്‍കിയപ്പോള്‍ , അവന്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നതൊക്കെയും ഈ വ്യാജമായ അനുഭവലോകത്ത് നിന്നാണ്. ബ്ലോഗില്‍ നിന്നും തിരഞ്ഞെടുത്ത കഥകള്‍ സമാഹാരമാക്കിയപ്പോള്‍ നല്‍കിയ ശീര്‍ഷകത്തിന്റെ ദയനീയത ('മൌനത്തിനപ്പുറത്തേക്ക്...') മലയാളിയുടെ പുതിയ ലോകത്തിന്റെ പൊതു ഇടങ്ങള്‍ എത്രമാത്രം പതിതമായി തീര്‍ന്നിരിക്കുന്നു എന്ന് തെളിവുതരും. ചിന്തയുടെയും ഭാഷാരൂപങ്ങളുടെയും ലളിതമായ വിന്യാസത്തിലൂടെയും സംപ്രേക്ഷണത്തിലൂടെയും നൊസ്റ്റാള്‍ജിയയുടെ തീവ്രതയെ ആവിഷ്ക്കരിക്കാനാവില്ല. അത്ര ഏകമാനമായ അനുഭവമല്ല അത്. വൈവിധ്യങ്ങളുടെ സങ്കീര്‍ണമായ അടരുകള്‍ ക്രമരഹിതമായി അടുങ്ങിയിരിക്കുന്ന വിചിത്രപ്രപഞ്ചമാണ് അത് . ഇന്ന് മലയാളി, പ്രത്യേകിച്ച് പരദേശിയായ മലയാളി, ഉദാസീനമായി പ്രണയനഷ്ടത്തേയും ദേശനഷ്ടത്തേയും ഒക്കെ  മടുപ്പിക്കുന്ന അതികാല്പ്പനീക ഭാഷയില്‍ ചര്‍വിതചര്‍വണം ചെയ്യുന്നതില്‍ നൊസ്റ്റാള്‍ജിയയുടെ അനുഭവവും ആവിഷ്ക്കാരവും ഇല്ല. അത് സമകാലത്ത് മലയാളി എന്തിലും കാണിക്കുന്ന നാട്യത്തിന്റെ വയക്തികമായ ബഹിര്‍സ്ഫുരണം മാത്രമേ ആകുന്നുള്ളൂ. സര്‍ഗാത്മകവും ക്രിയാത്മകവുമായി തന്‍റെ കാലത്തെ അഭിമുഖീകരിക്കുന്നതില്‍ പ്രകടമാവുന്ന ധൈഷണികമായ ശേഷിക്കുറവില്‍  നിന്നുള്ള എസ്കേപ്പിസമായും ഇതിനെ മനസ്സിലാക്കേണ്ടതുണ്ടെന്നു തോന്നുന്നു. "nostalgia is an act of cowardice " (3)  എന്ന് ആ ലത്തീന്‍ അമേരിക്കന്‍ പ്രതിഭ പറഞ്ഞത് ഈ നിലയ്ക്ക് തികച്ചും പ്രസക്തമാവുകയാണ്.

രവി ഖസാക്ക് വിട്ടുപോകുന്നില്ല. എന്നാല്‍ തലമുറകള്‍ രവിയിലൂടെ ഖസാക്കില്‍ ജീവിക്കുന്നു. തസ്രാക്കിന്റെ ഭൌതീക പരിസരങ്ങളില്‍ ഒരിക്കലും എത്തിയിട്ടില്ലാത്ത ആയിരക്കണക്കിന് മലയാളികള്‍ ലോകത്തിന്റെ അജ്ഞാതമായ കോണുകളിലിരുന്ന് തീക്ഷ്ണമായ ഗൃഹാതുരത്വത്തോടെ ഖസാഖിനെ ആഗ്രഹിക്കുന്നു. ഒരു തീര്‍ത്ഥാടനത്തിന്റെ  മനോനൈര്‍മ്മല്യത്തോടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും തസ്രാക്ക് സന്ദര്‍ശിക്കാന്‍, കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ഹൂങ്കാരശബ്ദം കേള്‍ക്കാന്‍, അവരെല്ലാവരും കാത്തിരിക്കുന്നു. നൊസ്റ്റാള്‍ജിയയുടെ യഥാര്‍ത്ഥ ജീവിതം മലയാളിയെ അനുഭവിപ്പിച്ചത് രവി മാത്രമാണ്.

**
1 ) ഫെയ്സ്ബുക്കില്‍ കരുണാകരന്‍
2 ) 'ഞാനവിടെ നിന്നാണ്' - മെഹ്മൂദ് ദര്‍വീഷ് 
3 ) 'ദി വാര്‍ ഓഫ് ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡു' - മാര്‍യോ വര്‍ഗാസ്‌ യോസ്സാ

**
'നാട്ടുപച്ച' യില്‍ പ്രസിദ്ധീകരിച്ചത് 

No comments:

Post a comment