Thursday, 11 February 2016

പച്ചിലകുടുക്കയുടെ വിരുന്നുമുറി

കുടുംബവീട്ടിൽ ഞാൻ ഉപയോഗിച്ചിരുന്ന മുറിയോട് ചേർന്നാണ് ആ വേപ്പുമരം. മുറിയുടെ രണ്ട് ജനാലകൾ തുറന്നാലും ആ മരത്തിന്റെ കൊമ്പുകൾ കാറ്റിലിളകുന്നതാണ് കാഴ്ച. അത് ആ മുറിയുടെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിലേയ്ക്ക് തണലാവരണം പോലെ ചാഞ്ഞുനിന്നു.

എന്നാണതവിടെ വളരാൻ തുടങ്ങിയത്  എന്നോർക്കുന്നില്ല. കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴെങ്കിലും അമ്മ നട്ടതായിരിക്കണം. ബാല്യത്തിനു ശേഷം വീട്ടുപറമ്പിൽ വളരുന്ന മരങ്ങളെ കുറിച്ച് എനിക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല - അതിനുള്ള സമയമുണ്ടായിരുന്നില്ല. എങ്കിലും വ്യക്തമായി ഓർത്തെടുക്കാൻ പറ്റുന്ന കാലത്തെല്ലാം അതവിടെ ഉണ്ടായിരുന്നു. രാവിലെ കട്ടിലിൽ ഉറക്കുമുണർന്നു കിടക്കുമ്പോൾ തുറന്നിട്ട ജാലകത്തിലൂടെ ആ വേപ്പുമരവും, പഴുത്ത വേപ്പിൻകായ തിന്നാൻ അതിന്റെ ശിഖരങ്ങളിൽ വന്നിരിക്കാറുള്ള കിളികളും എന്റെ അലസകാഴ്ചയിൽ മിന്നിമാഞ്ഞുപോയി.

വീടിന് മുകളിലേയ്ക്ക് പടർന്നുനിൽക്കുന്ന വേപ്പ് 
അസഹ്യമായ വേനലിൽ മലർക്കേ തുറന്നിട്ട ജാലകത്തിലൂടെ കടന്നുവരുന്ന കാറ്റിന് കുളിരാശ്വാസം നൽകുന്ന വേപ്പിലകളുടെ ഗന്ധമുണ്ടാവും...

അക്കാലത്ത് എന്നോടൊപ്പം അവിടെയിരുന്നു സ്വപ്നംപങ്കുവച്ചിരുന്ന കൂട്ടുകാർക്കൊക്കെ ആ മുറി ഇഷ്ടമായിരുന്നു. "ഇവിടെയിരുന്നാൽ ആർക്കും എഴുതാൻ തോന്നും" എന്ന് റോയി പറയാറുണ്ടായിരുന്നു. അതിന് വലിയൊരു കാരണം ആ വേപ്പുമരം മുറിയിലേയ്ക്ക് പ്രസരിപ്പിച്ച പ്രകൃതിയുടെ ജൈവഗന്ധം കൂടിയാവണം.

കുയിൽ, ആ മരത്തിൽ...
വിവാഹം കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും താമസിച്ചതും ആ മുറിയിൽ തന്നെ. പിന്നീട് വിദേശത്ത്‌ പോയപ്പോൾ, അവധിക്കാലത്ത്‌ വരുമ്പോൾ, ഭാര്യയോടും മക്കളോടും ഒപ്പം കഴിഞ്ഞതും ആ മുറിയിൽ തന്നെ. അപ്പോഴെല്ലാം പിന്നണിയിൽ മുറിക്ക് കുളിരേകി ആ വേപ്പുമരം നിന്നു.

എങ്കിലും വ്യതിരിക്തമായ അസ്തിത്വം നൽകി ആ മരത്തെ ഒരിക്കലും കണ്ടിരുന്നില്ല - ഇപ്പോൾ അതിനെ മുറിച്ചുമാറ്റി കഴിഞ്ഞപ്പോൾ അല്ലാതെ.

കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു ഉണങ്ങാൻ തുടങ്ങിയ ആ വേപ്പുമരം മുറിച്ച്  കട്ടിലുകൾ ഉണ്ടാക്കിയെന്ന്...

വേപ്പിൻ കായ
ആ മരത്തിന്റെ കവചമില്ലാത്ത എന്റെ പഴയ മുറി, താമസം മാറിപ്പോയിട്ടും ഞാൻ പൂർണ്ണമായും ഉടമസ്ഥാവകാശം വിട്ടൊഴിയാത്ത ചുമന്ന ഓടുകൾ പാകിയ ആ മുറി, ഇപ്പോൾ എങ്ങനെയാവും ഉണ്ടാവുക? അത് ആകാശത്തിന്റെ വിജനതയിലേയ്ക്ക് തുറന്നിരിക്കുകയാവാം.

കുളിരുള്ള പ്രഭാതത്തിൽ തണുപ്പാറ്റുന്ന പച്ചിലകുടുക്ക
എല്ലാ മരത്തിനും ആയുസ്സുണ്ട്. ഇത്തിളുകൾ മാതിരിയുള്ള പരോന്നഭോജികൾ കളകയറിയാൽ പതിവിലും വേഗം മരിക്കുകയും ചെയ്യും. അതിനാലും, അതിനപ്പുറം, ജീവിതത്തിൽ ഇതുവരെ ഒരു മരം പോലും നട്ടുനനച്ചു വളർത്തിയിട്ടില്ലാത്തതിനാലും ഇക്കാര്യത്തിൽ കാല്പനികനും ഗൃഹാതുരനും ആകുന്നില്ല.

ആ വേപ്പുമരത്തിൽ വിരുന്നെത്തിയിരുന്ന തത്തയ്ക്കും കുയിലിനും പച്ചിലകുടുക്കയ്ക്കും മറ്റൊരു നല്ല മരം ആശംസിക്കുക മാത്രം ചെയ്യുന്നു...!

പഴുത്തില വീഴുമ്പോൾ...

Wednesday, 10 February 2016

മാലാഖമാരുടെ രാത്രി

കുട്ടിക്കാലത്തെന്നോ കേട്ടുമറന്ന പള്ളിപ്പാട്ടിന്റെ നേർത്ത അലകൾ...

അങ്ങനെയാണ് ഉറക്കം ഞെട്ടിയത്..., കിടക്കുന്ന സ്ഥലം ഏതാണെന്ന് ഓർത്തെടുക്കാനായില്ല. ഇരുട്ടാണ്‌. എപ്പോഴോ പെയ്ത മഴയുടെ ഈർപ്പവും തണുപ്പും അന്തരീക്ഷത്തിലുണ്ട്. കിടക്കയിൽ എണീറ്റിരുന്നു. മുന്നിൽ ഒരു ജനലും വാതിലും മലർക്കേ തുറന്നുകിടക്കുന്നു. കിടക്കയിൽ നിന്നും എണീറ്റ്‌ വാതിൽ കടന്ന് ഇരുട്ടിന്റെ വിശാലതയിലേയ്ക്ക് വിലയിക്കുന്ന ഇടനാഴിയിലേയ്ക്കിറങ്ങി. ഒരു വശത്ത്, ഇടനാഴിയുടെ അങ്ങേയറ്റത്ത്, ഒരു ബൾബ് മിന്നുന്നു. അതിനാലാണ് ഇടനാഴി അത്രയും നീളുന്നുണ്ടെന്ന് മനസ്സിലായത്‌.

അരമതിലിൽ കൈയ്യൂന്നി, പുറത്തെ ഇരുട്ടിലേയ്ക്കു നോക്കി, പ്രജ്ഞയിൽ നിന്നും മറഞ്ഞുപോയ സ്ഥലകാലത്തിന്റെ ഇഴകൾ ബോധത്തിൽ തുന്നപ്പെടുന്നതും കാത്ത്, കുറച്ചുസമയം നിന്നും...

അപ്പോഴാണ്‌ ആ മാലാഖമാരെ കണ്ടത്...

ഇരുട്ടിന്റെ ഏതോ തിരിവിൽ നിന്നും അവരിങ്ങനെ വരിവരിയായി കാഴ്ചയുടെ ഒരതിരിലേയ്ക്ക് വന്നുകയറുകയായിരുന്നു. മുഖം മാത്രം അഗ്നിയെന്നോണം തിളങ്ങുന്നു. ശരീരത്തിന്റെ ശുഭ്രമായ ബാക്കിഭാഗം ഇരുട്ടിൽ അലിഞ്ഞുചേരുന്നു. കുഞ്ഞുതീനാളങ്ങളുടെ നീണ്ടനിര അന്തരീക്ഷത്തിൽ ഒഴുകിനീങ്ങുന്നതുപോലെ...

അവരിൽ നിന്നാവണം ആ ഗാനത്തിന്റെ വീചികൾ... സംഗീതത്തിന്റെ താളാത്മകതയോടൊപ്പം തിളങ്ങുന്ന ചുണ്ടുകളുടെ അലസചലനം വ്യക്തമായും കാണാം.

മുറിയിൽ കയറി കിടക്കയിൽ ഇരുന്നു. മാലാഖമാർ ഇരുട്ടിലൂടെ തെന്നിനീങ്ങുന്നത് ജാലകക്കാഴ്ചയായി അപ്പോഴുമുണ്ട്, ആ പാട്ടും...

കട്ടിലിന്റെ താഴെ വച്ചിരുന്ന പെട്ടിയിൽ അപ്പോഴാണ്‌ കാലുതടഞ്ഞത്. വിനോദും ജിജോയുമാണ് എന്നോടൊപ്പം ഈ പെട്ടി ഇവിടെ എടുത്തുവച്ചതെന്നോർത്തു. അവരുടെ കൂടെയാണല്ലോ വൈകുന്നേരം ഈ പട്ടണത്തിൽ വന്നിറങ്ങിയത്. തീവണ്ടിനിലയത്തിൽ നിന്നും പെട്ടിയും കിടക്കയും ഓട്ടോറിക്ഷയിൽയിൽ കയറ്റി ഇവിടേയ്ക്ക് വരുമ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു...

പുതിയ ഇടത്താവളത്തിൽ എന്നെ തനിച്ചാക്കി കൂട്ടുകാർ മടങ്ങിയത് എപ്പോഴായിരുന്നു...?

ഞാൻ വീണ്ടും കിടന്നു. അപ്പോഴും അന്തരീക്ഷത്തിൽ ആ പാട്ടുണ്ടായിരുന്നു. പുറത്ത് ഇരുട്ടിൽ മാലാഖമാർ പ്രകാശത്തിന്റെ തുരുത്തുകളായി ഒഴുകിനടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു...

വരാനിരിക്കുന്ന ഭ്രമാത്മകമായ മൂന്നു വർഷങ്ങളുടെ ആദ്യത്തെ രാത്രിയായിരുന്നു അത്!

ബിരുദപഠനകാലത്ത് മൂന്നു വർഷം ജീവിച്ച കലാലയം