Friday, 9 May 2014

തേനീച്ചയുടെ സൂക്ഷ്മമാനസം

നോക്കാന്‍ കുട്ടികളുടെ കണ്ണ് വലിയൊരു സാധ്യതയാണ് - ശ്രമകരമായ സാധ്യത. നിഷ്കളങ്കതയുടെ സങ്കീര്‍ണത എന്നൊരു പരികല്പനയെ ഇവിടേയ്ക്ക് കൊണ്ടുവരാം - ധൈഷണികമായി സാക്ഷരനായ പ്രേക്ഷകന്റെ രസമാപിനിയില്‍ അതങ്ങിനെയാവും അനുഭവവേദ്യമാവുക.  റൊസെല്ലീനിയുടെ 'ജെര്‍മനി ഇയര്‍ സീറോ'യും സത്യജിത് റേയുടെ 'പതേര്‍പാഞ്ചാലി'യുമൊക്കെ ഇത്തരം സിനിമാഖ്യാനങ്ങളുടെ ആഴമുള്ള പ്രതലങ്ങലാണ്. സ്പാനിഷ് ചലച്ചിത്രകാരനായ വിക്തോര്‍ എറീസെ (Victor Erice) യുടെ The Spirit of the Beehives' എന്ന സിനിമയും പ്രാഥമികമായി ഈ ഗണഗുണം ഉള്‍പ്പേറുന്നു.

സ്പെയ്നിലെ ഒരു ഗ്രാമപ്രദേശമാണ് കഥാദേശം. 1940  - ആണ് കഥാകാലം.  മൂന്നു വര്‍ഷത്തെ ആഭ്യന്തരകലാപത്തിനു ശേഷം ഫ്രാങ്കോയുടെ ഭരണത്തിന്റെ ആദ്യവര്‍ഷം. ഒരു നിശ്ശബ്ദസാന്നിദ്ധ്യമായി യുദ്ധാനന്തരതയുടെ പേടിപ്പെടുത്തുന്ന മൌനം വലിയ ഫ്രെയ്മുകളില്‍ തെളിയുന്ന ഗ്രാമീണലാന്‍ഡ്സ്കേപ്പിന്റെ മഞ്ഞനിറത്തില്‍ പതിഞ്ഞുകിടക്കുന്നു. മുഖ്യകഥാപാത്രമായ അന്ന എന്ന കുട്ടിയുടെ അമ്മ യുദ്ധത്തില്‍ പിളര്‍ന്നുപോയ പ്രണയത്തിന്റെ ഓര്‍മ്മകളെ കാമുകനുള്ള കത്തുകളില്‍ നിറച്ച് വീടിനുള്ളിലെ അരണ്ടവെട്ടത്തില്‍ യുദ്ധവിഹ്വലതകളുടെ മൈന്‍ഡ്സ്കേപ്പും പ്രകാശിപ്പിക്കുന്നു. 1975 - ല്‍ അവസാനിച്ച ഫ്രാങ്കോയിസ്റ്റ്റ് ഭരണത്തിന്റെ അവസാന നാളുകളാണ് സിനിമയുടെ നിര്‍മ്മാണകാലം. രണ്ടാം ലോകയുദ്ധസമയത്ത് ഫാസിസ്റ്റ് സര്‍ക്കാരുകളോട് സഖ്യംപുലര്‍ത്തിയ ഫ്രാങ്കോയുടെ ഭരണം കാലാന്തരത്തില്‍ സഹനീയമായ ഒരു മദ്ധ്യവര്‍ത്തിത്വത്തിലേക്ക് നീങ്ങിയിരുന്നുവത്രേ. എങ്കില്‍കൂടിയും ഈ ചിത്രത്തെ ദേശസൂചക ബിംബകല്പനകളുടെ അടരുകളായും കണ്ടെടുക്കാം.


അന്നയെക്കാള്‍ അല്‍പ്പം മുതിര്‍ന്ന അവളുടെ സഹോദരിയാണ് ഇസബേല്‍ . അന്നയെപ്പോലെ ശുദ്ധനിഷ്കളങ്കതയുടെ വിഭ്രമകൂതൂഹലങ്ങളൊന്നും ഇസബേലിനില്ല. അധികാരത്തിന്റെ പ്രമത്തത പ്രവര്‍ത്തിക്കുന്നതിന്റെ ബിംബകല്പന പോലെ ഒരു പൂച്ചയെ അവള്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ശ്രമിക്കുന്നത് കുറച്ചു സമയമെടുത്തുതന്നെ സിനിമ കാട്ടിത്തരുന്നുണ്ട്. അന്നയുടെ കൌതുകങ്ങളെ വഞ്ചിക്കുന്ന വിക്രിയകളും കഥകളും എപ്പോഴും ഇസബേലിന്റെ കയ്യിലുണ്ട്. ദേശങ്ങള്‍ ഉണ്ടാവുന്നതില്‍ തന്നെ നിഷ്കളങ്കരഹിതമായ ഒരുതരം സ്വാര്‍ത്ഥതയുടെ പങ്ക് അടിസ്ഥാനപ്പെട്ടിരിക്കുന്നു. അതിനെ ഒഴിവാക്കി നിര്‍ത്തുകയോ മറക്കാന്‍വിടുകയോ ചെയ്തുകൊണ്ടേ ദേശങ്ങളിലെ ഫാസിസ്റ്റ് ഭരണക്രമങ്ങളെ കുറിച്ച് ആലോചിക്കാനാവു. ദേശീയത ഫാസിസത്തിന്റെ മാത്രം വിളഭൂമിയല്ലല്ലോ. അന്നയുടെ നിഷ്കളങ്കതയും ഇസബേലിന്റെ നിഷ്കളങ്കരാഹിത്യവും ഒരു ദേശരൂപകമായി, മറവിയുടെ ഈ തലത്തില്‍ മാത്രമാവും പ്രസക്തമാവുക.

ഒന്നിലധികം കലകളുടേയും സാങ്കേതികതയുടേയും സമന്വയമായ സിനിമയെന്ന ആവിഷ്ക്കാരത്തിന് അനായാസസംപ്രേക്ഷണശേഷി കൂടുതലാണ്. ഒരു വലിയ കൂട്ടം അനുവാചകരെ കുറഞ്ഞ സമയംകൊണ്ട് ഏറെക്കൂറെ സമാനവും സവിശേഷവുമായ മാനസികനിലയിലേക്ക് ഉയര്‍ത്താന്‍ സിനിമയ്ക്കാവും. ഒരേസമയം പരസ്യവും സ്വകാര്യവുമായ അഭിമുഖീകരണത്തെ സിനിമ ആഗ്രഹിക്കുന്നു. ഹോം തിയറ്ററുകളുടെ കാലത്തും സിനിമാകൊട്ടകകളുടെ പ്രയോഗം വര്‍ദ്ധിക്കുന്നത് പ്രകാശനത്തിന്റെ വ്യത്യസ്ഥമായ ഇടങ്ങളെ വെളിവാക്കും. കഥ നടക്കുന്നതിന് ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത 'ഫ്രാങ്കെന്‍സ്റ്റൈന്‍' എന്ന സിനിമ അന്നയും ഇസബേലും കാണുന്നിടത്ത് നിന്നാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. അന്ന ആ ചലച്ചിത്രത്തിന്റെ ഭ്രമലോകത്ത് പെട്ടുപോകുന്നു. കഥയുടെയും ജീവിതത്തിന്റെയും അതിര്‍ത്തി അവ്യക്തമാവുന്ന നേര്‍ത്തവരയിലൂടെയാണ് പിന്നീടവള്‍ സഞ്ചരിക്കുന്നത്. അവിടെ അവളെ മഥിക്കുന്ന പ്രാഥമികമായ ചില ചോദ്യങ്ങളാണ് ചിത്രത്തിന്‍റെ തന്തുവിനെ നിയന്ത്രിക്കുക.

ആഭ്യന്തരകലാപത്തിന്റെ നേരിട്ടുള്ള സൂചന കൊടുത്തുകൊണ്ട് മുറിവേറ്റ ഒരു വിപ്ലവകാരി ആ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ എത്തുകയും അന്ന അയാളെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഫ്രാങ്കെന്‍സ്റ്റൈന്‍ സിനിമയിലെ സത്വം മരിച്ചിട്ടില്ലെന്നും, ആ വീട്ടില്‍ താമസമുണ്ടെന്നും  കരുതുന്ന അന്നയുടെ വിഭ്രമചിന്തകളിലേക്കാണ് അയാള്‍ വരുക. അവള്‍ ഒരുവേള സിനിമയിലെ ബാലിക ആയി മാറുകയാണ്. ആഭ്യന്തരകലാപത്തിന്റെ തുടക്കത്തില്‍ തന്നെ കൊല്ലപ്പെട്ട, സ്പെയിനിന്റെ എക്കാലത്തെയും പ്രശസ്ത കവിയും നാടകപ്രവര്‍ത്തകനുമൊക്കെയായ ലോര്‍ക്കയുടെ (Federico Garcia Lorca) രൂപസാദൃശ്യമുള്ള ഈ വിപ്ലവകാരിയിലൂടെ ഒരു ആശയപ്രയോഗത്തിന്റെ അസ്തിത്വത്തെ സംവിധായകന്‍ സന്നിവേശിപ്പിക്കുകയായിരുന്നു എന്നും വായിച്ചെടുക്കാം.

രാഷ്ട്രീയമായ അന്തര്‍ശീലുകള്‍ക്ക് ഉപരിയായി തേനിച്ചകൂടിന്റെ ഹെക്സഗണല്‍ സങ്കീര്‍ണതയില്‍ ജീവിതത്തെ വിന്യസിക്കാനുള്ള ശ്രമം സിനിമ പ്രകാശിപ്പിക്കുന്നു. തേനീച്ചകളെ വളര്‍ത്തുകയും അവയുടെ ജീവിതരീതികള്‍ പഠിച്ച് താത്വികമായി അടയാളപ്പെടുത്തുകയും ചെയ്യുന്നതില്‍ അനുധാവനതയോടെ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ആളാണ് അന്നയുടെ അച്ഛന്‍ . ഭാര്യയുമായി അയാളിടപെടുന്നതിന്റെ സീനുകള്‍ സിനിമയില്‍ ഇല്ല എന്നുതന്നെ പറയാം. യുദ്ധത്തില്‍ ഭാര്യയ്ക്ക്  ഉപേക്ഷിക്കേണ്ടി വന്ന പ്രണയത്തോട് അവര്‍ ഇപ്പോഴും പുലര്‍ത്തുന്ന അഭിനിവേശവും മറ്റും അയാളറിയുന്നില്ല എന്നാവില്ല ഈ വിച്ചേദനം സംപ്രേക്ഷണം ചെയ്യുക. തേനീച്ചകൂടുകളുടെ, തേനിച്ചകളുടെ ജീവിതത്തിന്റെ തന്നെ, സങ്കീര്‍ണത മുന്നിലേയ്ക്കുവയ്ക്കുക അതീതമായ ചില അനുഭവതലങ്ങളുടെ നിര്‍മ്മമത തന്നെയാവും. കുട്ടികളേയും കൊണ്ട് അടുത്തുള്ള കാട്ടിലേക്ക് യാത്രപോകുമ്പോള്‍ , കാടുള്‍ക്കൊള്ളുന്ന സൂക്ഷ്മമായ ജീവപ്രപഞ്ചത്തെ അടുത്തുനിന്ന് നോക്കി മനുഷ്യാവസ്ഥകളുമായി സാമ്യപ്പെടുത്തുകയോ താരതമ്യപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന ലളിതമാല്ലാത്ത ജീവിതരീതി അവരെ മനസ്സിലാക്കികൊടുക്കാനാണ് അയാള്‍ ശ്രമിക്കുക. പ്രശസ്ത സംവിധായകന്‍ കൂടിയായ ഫെര്‍ണാണ്ടോ ഫെര്‍നന്‍ ഗോമെസ് ഈ കഥാപാത്രത്തെ തറയ്ക്കുന്ന ഒരനുഭവമാക്കുകയും ചെയ്തു.

സിനിമ ആത്യന്തികമായി കാഴ്ചയുടെ കലയാണെന്നത് വളരെ പ്രാഥമികമായി ചര്‍വിതചര്‍വ്വണം ചെയ്യപ്പെടുന്ന പ്രസ്താവമാണ്. കാഴ്ച അനുഭവമാകുന്നത് പക്ഷെ സാധാരണത്വങ്ങളുടെ സംഭവ്യതയല്ല. സിനിമാനിര്‍മ്മാണത്തില്‍ അത് അസാമാന്യമായ പ്രതിഭാശിക്ഷണത്തിന്റെ ശ്രമകരമായ ദൌത്യം ആവശ്യപ്പെടും, അനുവാചകനില്‍ നിന്നുകൂടിയും. തേന്‍നിറത്തില്‍ (സേപിയ) ഈ ചലച്ചിത്രം ആദ്യാവസാനം നീളുന്നു. പിരിയഡ് സിനിമയെന്ന നിലയ്ക്കുള്ള അടരുകളെ കൃത്യമായി സംപ്രേക്ഷണം ചെയ്യാന്‍ ഈ വര്‍ണ്ണപകര്‍ച്ച നന്നായി സഹായിച്ചിരിക്കുന്നു. വിതയ്ക്കാത്ത പാടത്തിലെ ഉപേക്ഷിക്കപെട്ട കെട്ടിടത്തിന്റെ ആദ്യത്തെ ദൂരക്കാഴ്ച സന്നിവേശിപ്പിച്ച അപൂര്‍വമായ അനുഭവം വരാനിരിക്കുന്ന കഥാഗതിയുടെ ബീജം ഉള്‍പ്പേറുന്നു എന്നത് ആവിഷ്കാരവിന്യാസത്തിന്റെ സര്‍ഗ്ഗവൈവിധ്യം തന്നെ, ചലച്ചിത്രകാരന്‍ അഭിമുഖീകരിച്ച കലാചോദനയുടെ ചെറിയൊരു വരയലും.

00

No comments:

Post a comment