Sunday, 4 January 2015

ഏറ്റവും പഴയ സ്വപ്നം

യൂറോപ്പിലെ പുരാതനശിലായുഗത്തിന്റെ അവസാനഭാഗത്തെ upper paleolithic എന്ന സംജ്ഞ കൊണ്ടാണ് വിവക്ഷിക്കുക. ബി. പി 50,000 മുതല്‍ 10,000 വരെ എന്ന നിലയ്ക്ക് ഈ കാലത്തെ ഏകദേശം നിജപ്പെടുത്താം (BP-before present). അക്കാലത്ത് യൂറോപ്പ് ഇന്ന് കാണുന്നതു പോലുള്ള ഒരു പ്രദേശമായിരുന്നില്ല. അവസാനത്തെ ഹിമയുഗത്തിന്റെ ലാഞ്ചനകളില്‍ മഞ്ഞുമൂടികിടക്കുന്ന ഒരു സ്ഥലമായിരുന്നു അവിടം. ബ്രിട്ടണ്‍ , ദ്വീപായി പരിണമിച്ചു കഴിഞ്ഞിരുന്നില്ല - മുഖ്യയൂറോപ്പില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് നടന്നുപോകാന്‍ സാധിക്കുമായിരുന്നു. ആ ഹിമമേടുകളില്‍ എങ്ങിനെയാവും മനുഷ്യര്‍ ജീവിച്ചിരിക്കുക? ഭൂമി പരന്നതാണെന്ന് നിസ്സംശയം കരുതിയിരിക്കുന്ന മദ്ധ്യകാലത്തെ ഒരാളുടെ വീക്ഷണവൃത്തം എങ്ങിനെയായിരുന്നിരിക്കും? ആ മനോഗതിയെ പോലും ഇന്ന് ആലോചിച്ചെടുക്കുക ശ്രമകരമാണ്. അപ്പോള്‍ മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഹിമയുഗത്തിലെ മനുഷ്യനെ സങ്കല്‍പം ചെയ്യാന്‍ ശ്രമിച്ചാലോ?

വെര്‍ണര്‍ ഹെര്‍സോഗിന്റെ (Werner Herzog) 'കേവ് ഓവ് ഫോര്‍ഗോറ്റണ്‍ ഡ്രീംസ്' (Cave of Forgotten Dreams) എന്ന ഡോക്യുമെന്ററി ആ കാലത്തിലേയ്ക്കാണ് അനുവാചകനെ കൊണ്ടുപോവുക. അത്രയും വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്നും ഒരു സജീവപ്രതിരൂപം സിനിമാപ്രതലത്തില്‍ വിന്യസിച്ചുകൊണ്ടാണ് അദ്ദേഹമത് ചെയ്യുക. തെക്കന്‍ഫ്രാന്‍സിലെ ഷോവിഗുഹയാണ് (Chauvet Cave) ഈ ചിത്രത്തിലെ വിന്യാസിതകഥാപാത്രം. മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം ഇതൊരു ഗുഹയായിരുന്നു. പിന്നീട് ഏതോ കാലഘട്ടത്തില്‍ പാറയും മണ്ണും ഇടിഞ്ഞുവീണ് ആ ഗുഹ അടഞ്ഞുപോയി. അതൊരു കാര്യരഹിത പര്‍വ്വതഭാഗം മാത്രമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അജ്ഞാതമായി തുടര്‍ന്നു. ശിലകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടിയിരുന്ന ഇടത്തുനിന്നും, ഈ കാലയളവിനിടയ്ക്ക് മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്രപോയി. 1994 - ല്‍ ഒരു കൂട്ടം അന്വേഷകര്‍ പാറതുരന്ന് ഈ ഗുഹ കണ്ടെത്തുമ്പോള്‍ , അതിപുരാതന മനുഷ്യജീവിതത്തിന്റെയും, അതിനുമപ്പുറം അവന്റെ കലാജീവിതത്തിന്റെയും ഏറ്റവും പഴയ തെളിവുകള്‍ ലഭ്യമാവുകയായിരുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ചലച്ചിത്രകാരന്മാരിൽ ഒരാൾ എന്നൊക്കെ ഹെർസോഗിനെ വിശേഷിപ്പിച്ച്‌ കാണാറുണ്ട്. അതൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളാണ് - തീർപ്പുകളല്ല. പക്ഷേ, ഫീച്ചർ സിനിമകളായും ഡോക്യുമെന്ററികളായും ഷോർട്ട് സിനിമകളായും എഴുപതോളം നല്ല ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കുകയും, അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹം നമ്മുടെ കാലത്തെ ഒരു പ്രധാനപ്പെട്ട ചലച്ചിത്രകാരൻ തന്നെയാണ്.

ഹെര്‍സോഗിന് ട്രൂത്തിനെ കുറിച്ച് സുജാതമായ ചില ആശയങ്ങളുണ്ട്. അത് ആകര്‍ഷണീയമായ വിചാരലോകത്തേയ്ക്ക് ത്വരിതപ്പെടുത്തുന്ന ദിശാസൂചികയുമാണ്. ഈ സിനിമയെ കുറിച്ച് ഒരിടത്ത് അദ്ദേഹം ഇങ്ങിനെ പറയുന്നു: my documentary may be not creating factual correctness, but touches a deeper truth. ഇവിടെ സൂചിതമായ ട്രൂത്തിനെ കുറിച്ച് ഹെര്‍സോഗ് തന്റെ സിനിമകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അനുവാചകന്റെ ചിന്താചലനങ്ങളെ കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുതോന്നും. എന്തായിരിക്കാം നിജസ്ഥിതികള്‍ക്ക് അതീതമായി പറക്കുന്ന  ആ ട്രൂത്ത്‌? ആര്‍ട്ടിനെ സംബന്ധിച്ച് അത് ഏറിയപങ്കും ആശയപരമല്ല, അനുഭൂതിപരമാണ്. ആശയാധിഷ്ടിതമായ അന്വേഷണവിചാരങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ മനോചുഴികളിലേക്ക് വലിച്ചുകൊണ്ടുപോകും. എങ്കില്‍ കൂടിയും അത് അനഭിമതമായി തീരുന്നില്ല, ആന്തരികമായ ഒരു സംവാദതലത്തെ അത് ആഹ്ളാദപരമായി സജീവമാക്കുന്നുണ്ട്. എന്നാല്‍ അനുഭവാനുഭൂതി സംസാരവ്യഗ്രതകളെ പവിത്രീകരിക്കുന്ന അതീതലത്തെ നിതാന്തസംജാതമാക്കുന്നു. അതിന്റെ ആഴക്കടല്‍ വീചികള്‍ പ്രക്ഷേപണസന്നദ്ധമല്ല എന്നതിനാല്‍ തന്നെയാവുമല്ലോ ആ ആന്തരികോന്മാദം സവിശേഷമാകുന്നതും.

വെറുതെ കാണപ്പെടുന്ന ഒരു മലയുടെ മധ്യമുഖത്തിനുള്ളില്‍ ഒരു ഗുഹയുണ്ടാവും എന്ന് എങ്ങിനെയായിരിക്കും ആ അന്വേഷകര്‍ മനസ്സിലാക്കിയിരിക്കുക. DRD4-7R എന്ന ജനിതകകണിക മനുഷ്യനെകൊണ്ട്, സാധാരണക്കാർക്ക് യുക്തിസഹമായി തോന്നാത്ത, സാഹസികമായ കാര്യങ്ങൾ ചെയ്യിക്കുമത്രേ. അതിലേയ്ക്ക് നയിക്കുന്ന കാരണം ഈ ജനിതകകണികയുടെ അടങ്ങിയിരിക്കാത്ത സ്വഭാവമാണ് (restless gene എന്ന് ഇത് അറിയപ്പെടുന്നു). ഈ സിനിമയിൽ പാറയിടുക്കുകളിൽ മണത്തുനടക്കുന്ന ഒരു മനുഷ്യനെ പരിചയപ്പെടുത്തുന്നുണ്ട്. പാറയുടെ വിടവുകളിൽ കൂടിയും ചെറിയ സുഷിരങ്ങളിൽ കൂടിയും പുറത്തേയ്ക്കുവരുന്ന വായുവിന്റെ ഗന്ധത്തിൽ നിന്നും പാറയ്ക്കുള്ളിൽ തുറസ്സുകളോ ഗുഹകളോ ഒക്കെ ഉണ്ടോയെന്ന്‌ അയാൾക്ക്‌ അറിയാൻ സാധിക്കുമത്രേ. ഇത്തരത്തിൽ വ്യതിരക്തമായ സ്വഭാവവിശേഷങ്ങൾ കാണിക്കുന്ന പര്യവേഷകർ ഇല്ലെങ്കിൽ, മനുഷ്യപുരോഗതി വളരെ പതുക്കെയാവുമായിരുന്നു എന്ന വിചാരം പിന്നാമ്പുറത്ത് സജീവമാക്കി നിർത്തികൊണ്ടേ ഇത്തരം വിഷയങ്ങളിലൂടെ കടന്നുപോകാനാവൂ.

ത്രീഡിയിലാണ് ഈ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. പക്ഷേ, ഞാൻ കണ്ടത് ഡിവിഡി ആവുകയാൽ ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ ശ്രമിച്ച ദൃശ്യപരമായ മേന്മയെ എനിക്ക് പൂർണ്ണമായി അറിയാനായില്ല എന്ന് അനുമാനിക്കാം. ഗുഹയിലെ പര്യവേഷണങ്ങളിൽ ഭാഗഭാക്കായ ഒരു യുവാവ് അവിടെ ആദ്യമായി എത്തിയപ്പോൾ അനുഭവിച്ച പ്രാക്തനമായ ഒരു ഭയത്തെ കുറിച്ച് സൂചിപ്പിക്കുണ്ട്. കല സംവദിക്കാൻ ശ്രമിക്കുന്ന അടിസ്ഥാന ഭാവങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യമുയർത്തും, മനുഷ്യനായാൽ വരയപ്പെട്ട ഇന്ന് ലഭ്യമായ ഏറ്റവും പഴയ ആ കലാസ്വപ്നത്തെ നിഗൂഡമായ മഞ്ഞവെളിച്ചത്തിലും സാന്ദ്രമായ നിഴലിലും ഒക്കെയായി സാക്ഷാത്കാരകൻ അനുഭവിപ്പിക്കുമ്പോൾ. വിചിന്തനങ്ങൾക്ക് ഏറെക്കൂറെ അപ്രാപ്യമായ, അദിവിദൂരമായ ഭൂതകാലത്തിന്റെ മനുഷ്യലോകം ഒരു ഭൂതബാധിത ഭാവനപോലെ അവിടെ പതിഞ്ഞുകിടക്കുന്നു. ഇരുട്ട് ഗുഹയിൽ, ചിത്രങ്ങൾ വരയാൻ നേരത്ത് കത്തിച്ചുനിർത്തിയ പന്തങ്ങൾ കുത്തിക്കെടുത്തിയതിന്റെ പാടുകൾ ഭിത്തികളിൽ സഹസ്രാബ്ദങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്നു. ഇന്ന് വംശനാശം സംഭവിച്ച ഗുഹാസിംഹത്തിന്റെ എല്ലുകൾ അവിടവിടെ... ഈ സിംഹങ്ങളെ ഭയപ്പെട്ടുകൊണ്ടായിരിക്കുമോ ആ ചിത്രകാരൻ തന്റെ കലാകാമനകൾ ആവിഷ്കരിച്ചിരിക്കുക. അതോ ചിത്രകാരനും അവന്റെ മനുഷ്യകുലവും ഈ ഭാഗം ഉപേക്ഷിച്ചുപോയതിനു ശേഷം, വീണ്ടും ആയിരം വർഷങ്ങൾ കഴിഞ്ഞായിരിക്കുമോ ആ സിംഹം ഇവിടെ പാർക്കാൻ എത്തിയിരിക്കുക...?!

മൃഗങ്ങളുടെ നൂറു കണക്കിന് ചിത്രങ്ങൾ ഈ ഗുഹാചുമരുകളിൽ കാണാം. പെട്ടെന്ന് ഓർമ്മ വരുക നമ്മുടെ ഇടയ്ക്കൽ ഗുഹയാണ്. കേരളത്തിലെ മനുഷ്യജീവിതത്തിന്റെ ഏറ്റവും പഴയ ശേഷിപ്പ് എന്നതിനാൽ ഇടയ്ക്കൽ ഗുഹ നമുക്ക് വളരെ സവിശേഷമാണെങ്കിലും, ഇവ തമ്മിലുള്ള  ഒരു താരതമ്യം, കാലത്തിന്റെ അന്തരം കൊണ്ടുതന്നെ ഏറെക്കൂറെ റദ്ദായിപ്പോകും. ഏതാണ്ട് ഇരുപത്, ഇരുപത്തായിരം വർഷത്തിന്റെ അന്തരമുണ്ട് ഇവ വരയപ്പെട്ട കാലങ്ങൾ തമ്മിൽ. അതിലുമുപരി, പാറയിൽ കുറച്ചു ഭാഗത്ത് പ്രാകൃതമായി കൊത്തിയുണ്ടാക്കിയ ചിത്രങ്ങളാണ് ഇടയ്ക്കൽ ഗുഹയിലുള്ളത്. ഷോവി ഗുഹയിലേത് സഹസ്രാബ്ദങ്ങൾ താണ്ടിവന്ന അസ്സൽ വർണ്ണചിത്രങ്ങളാണ്. നിറങ്ങളുടെ നിഴൽച്ചാർത്തുകളിലൂടെ രൂപങ്ങൾക്ക്‌ ത്രിമാന പൊലിമ നൽകുന്ന ചിത്രവിദ്യകൾ ആ ഹിമയുഗചിത്രകാരൻ അനായാസം എടുത്തു പെരുമാറിയിരിക്കുന്നു. ചലനവേഗം സൂചിപ്പിക്കാൻ മൃഗത്തിന് അബ്സ്ട്രാക്റ്റായി എട്ടുകാലുകൾ വരച്ചുചേർത്തിരിക്കുന്ന മാതിരിയുള്ള തികച്ചും നൂതനമായ സങ്കേതങ്ങളും ഉപയോഗിച്ചുകാണാം.

വളരെ സങ്കീർണ്ണവും സമഗ്രവുമായ രീതിയിൽ വരയപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആദിമ കലയെ, വിശദമായി വിശകലന വിധേയമാക്കുമ്പോൾ തന്നെ, അതർഹിക്കുന്ന പവിത്രതയോടെയും ആദരവോടെയും, അത്രയും തന്നെ നിഗൂഡലാവണ്യത്തോടെയുമാണ് ഈ ചലച്ചിത്രവും സമീപിച്ചിരിക്കുന്നത്.

00

No comments:

Post a comment