Monday, 4 December 2017

'ഭ്രമണം'

ഭ്രമണം! - ആ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. അതിന്റെ ഭംഗി എന്നെ വല്ലാതെ ആകർഷിച്ചു. നാട്ടിൽ നടന്നിരുന്ന നാടകമത്സരത്തിൽ തോന്നയ്ക്കലിൽ നിന്നുള്ള ഒരു നാടകസംഘം അവതരിപ്പിച്ച നാടകത്തിന്റെ പേരായിരുന്നു അത്.

എഴുപതുകളുടെ മധ്യത്തിലാണ് സംഭവം. അന്ന് ഞാൻ ബാലനാണ്. ക്രിസ്മസ് കാലമെന്നാൽ, നാട്ടിൽ ആഘോഷത്തിന്റെ കാലമാണ്. നാടകമത്സരത്തിന്റെ ഉത്‌ഘാടനത്തോടെ തുടങ്ങി, സാംസ്കാരിക സമ്മേളനത്തോടെ അവസാനിക്കുന്ന ഏകദേശം പത്തു ദിവസം നീളുന്ന കാലയളവാണ് ആഘോഷത്തിന്റെ  മൂർദ്ധന്യം. പുതുവത്സരത്തോട് ചേർന്നുവരുന്ന ഞായറാഴ്ചയായിരിക്കും കലാശക്കൊട്ടായ സാംസ്കാരികസമ്മേളനം. അതിനുമുൻപത്തെ പത്തു ദിവസങ്ങളിലായിട്ടായിരിക്കും ആഘോഷം. എങ്കിലും അതിനും വളരെമുൻപേ ഉത്സവത്തിന്റെ ഭാഗമായുള്ള  ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ടാവും. നവംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ കാല്പന്തുകളി (പിൽക്കാലത്ത് ക്രിക്കറ്റും ബാഡ്മിന്റനും) മത്സരങ്ങൾ ആരംഭിക്കും. സീനിയർ, ജൂനിയർ, സബ്ജൂനിയർ മത്സരങ്ങളുടെ ഹീറ്റ്‌സുകൾ ആഴ്ചാന്ത്യങ്ങളിലാണ് നടക്കുക. ക്രിസ്മസ് ദിനത്തിനോടടുത്ത് ഫൈനൽ മത്സരങ്ങൾ നടത്താൻ പാകത്തിനാവും സജ്ജീകരണങ്ങൾ. ക്രിസ്മസ് ദിനം രാവിലെ ജലോത്സവം നടക്കും. കടപ്പുറത്താണ് അത് നടക്കുക. നാട്ടുകാർ മുഴുവൻ കടലിലും കടൽക്കരയിലുമായി ഉണ്ടാവും. ഉച്ചയ്ക്കുശേഷം വായനാശാലാഗ്രൗണ്ടിൽ കായികമത്സരങ്ങൾ നടക്കും.

ജയ്ഹിന്ദ് വായനശാലയാണ് ഈ വാർഷികോത്സവത്തിന് നേതൃത്വം നൽകുക. അഖിലകേരള അമച്വർ നാടകമത്സരമാണ് ഉത്സവത്തിലെ ഏറ്റവും പ്രധാനമായ ഇനം. 'അഖിലകേരള' എന്നാണെങ്കിലും തിരുവനന്തപുരം ജില്ലയിലെ നാടകസംഘങ്ങളാണ് കൂടുതലും പങ്കെടുക്കുക.

വായനശാലയുടെ പിറകിലെ മണൽപ്പരപ്പിൽ സ്റ്റേജുയരും. പറമ്പ് വളച്ചുകെട്ടും. ആദ്യനാടകം അരങ്ങേറുന്ന ദിവസം ഉച്ചയാവുമ്പൊഴേയ്‌ക്കും കോളാമ്പിയിൽ പാട്ട് കേട്ടുതുടങ്ങും. ഉത്സവത്തിന്റെ വിളംബരമാണത്. നാട്ടുകാരെല്ലാവരും ആഘോഷത്തിന്റെ ആഹ്ലാദോണർച്ചയിലേയ്ക്കുയരും. പ്രത്യേകിച്ച് കുട്ടികൾ. ക്രിസ്മസ് പരീക്ഷ കഴിയുന്നതിന്റെ അടുത്ത ദിവസമോ മറ്റോ ആയിരിക്കും നാടകമത്സരങ്ങൾ തുടങ്ങുക. അത് കുട്ടികളുടെ സന്തോഷത്തെ അതിരുകളില്ലാത്തതാക്കും.

പ്രദേശത്തെ നാടകപ്രേമികൾക്കും അമച്വർ നാടകകലാകാരന്മാർക്കും ഈ നാടകമത്സരം ഒരു ആശ്വാസവും ആവേശവുമായിരുന്നു. പ്രൊഫഷണൽ അല്ലാത്ത നാടകങ്ങൾക്ക് അധികം അരങ്ങു കിട്ടാത്ത കാലമാണ്. പത്രപരസ്യത്തെ തുടർന്ന് വായനശാലയിലേയ്ക് അയച്ചുകിട്ടുന്ന അനേകം സ്ക്രിപ്റ്റുകളിൽ നിന്നും ഉചിതമായവ തിരഞ്ഞെടുക്കയാണ് വായനശാല കമ്മിറ്റി ചെയ്യുക.

ഡിസംബർ രാത്രികൾക്ക് കുളിരാണ്. നാടകപ്പറമ്പിലെ ട്യൂബ് ലൈറ്റ് വെട്ടത്തിൽ ചുറ്റിക്കളിക്കുന്ന പ്രാണികളോടൊപ്പം മഞ്ഞിന്റെ നേർത്തപാളിയും പതുങ്ങിനില്കുന്നതുകാണാം.

തണുപ്പിന്റെ മൂർത്തരൂപമാണ് ജഡ്ജസ്. മത്സരനാടകത്തിന്റെ വിധിനിർണ്ണയിക്കാൻ മൂന്നുപേരാണ് ഉണ്ടാവുക. നാടകപാണ്ഡിത്യമുള്ള നഗരവാസികളാവും അവർ. നാടകം തുടങ്ങുന്നതിന് തൊട്ടുമുൻപ്, വായനശാലാഭാരവാഹികൾ അവരെ ആനയിച്ചുകൊണ്ടുവന്ന്‌ മുന്നിലെ ഒരു മേശയ്ക്ക് പിന്നിലിരുത്തും. "മുടവൻമുകൾ കലാവേദി അവതരിപ്പിക്കുന്ന യുദ്ധം എന്ന നാടകം ഇതാ ഏതാനും നിമിഷങ്ങൾക്കകം ആരംഭിക്കുകയാണ്..." എന്നമാതിരിയുള്ള അനൗൺസ്മെന്റുകൾ ഇടയ്ക്കിടയ്ക്ക് കേൾക്കും. എങ്കിലും ജഡ്ജസ് കടന്നുവരുമ്പോഴാണ്, നാടകം തുടങ്ങുകയാണ് എന്ന് കാണികൾ ഉറപ്പാക്കുക. ജഡ്ജസിന്റെ മുഖം കാണാൻ പറ്റില്ല. അവർ തലയും ചെവിയും മുഖത്തിന്റെ നല്ലഭാഗവും മറച്ച് മഫ്ളർ ചുറ്റിയിട്ടുണ്ടാവും. ഭൂമിയിൽ അത്രയും തണുപ്പുണ്ടെന്നറിയുക ആ മൂന്നു രൂപങ്ങൾ നാടകപറമ്പിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ്.

എൻ. കൃഷ്ണപിള്ളയിൽ തുടങ്ങി എസ്. ജനാർദ്ദനൻവരെയുള്ള പ്രശസ്തരുടെ നാടകങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. അതിനേക്കാളേറെ അപ്രശസ്തരായ എഴുത്തുകാരും  നാടകസമിതികളും ഇവിടെ മാറ്റുരച്ചു. പലതരത്തിലുള്ള നാടകസങ്കേതങ്ങൾ ഇവിടെ പരീക്ഷിക്കപ്പെട്ടു. ഏറ്റവും ആധുനികമായ ബദൽവഴികളോട് സംഘാടകർ ഒരിക്കലും അസഹിഷ്ണുത കാണിച്ചിരുന്നില്ല. ഒരിക്കൽ, കർട്ടൻ ഉയരുന്നതും പ്രതീക്ഷിച്ച് കണ്ണുംനട്ടിരുന്നു ഞങ്ങളെ ആശ്ചര്യപെടുത്തിക്കൊണ്ട് സൂത്രധാരൻ എവിടെനിന്നോ കാണികളുടെ ഇടയിലേക്ക് കടന്നുവന്ന്, ഞങ്ങളുടെ തട്ട് ഭൂമിയാണെന്ന് പറഞ്ഞുകൊണ്ട്, അവിടെനിന്ന് നാടകം ആവിഷ്കരിക്കാൻ തുടങ്ങി. വെട്ടവും മൈക്കുമില്ലാത്ത ആ നാടകം പക്ഷെ ആർക്കും അത്രയൊന്നും ഇഷ്ടപെടുകയുണ്ടായില്ല. എങ്കിലും ആ അത്ഭുതം നിലനിന്നു.

നിർഭാഗ്യവശാൽ തൊണ്ണൂറുകളുടെ തുടക്കത്തോടെ ഈ നാടകമത്സരം നിന്നുപോയി. 93 - ൽ ഞാൻ വായനശാല സെക്രട്ടറി ആയിരിക്കുന്ന സമയത്ത്, ഏതാനും വർഷം മുടങ്ങിക്കിടന്ന നാടകമത്സരം മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചു. എന്റെയും, നാടകപ്രേമികളായ കൂട്ടുകാരുടെയും ശ്രമം ഏറെക്കൂറെ  പരാജയപ്പെട്ടുപോയി എന്നുതന്നെ പറയാം. ശ്യാമപ്രസാദ്, കുക്കു പരമേശ്വരൻ, അലക്സ് കടവിൽ എന്നിവരാണ് നാടകമത്സരം ഉത്‌ഘാടനംചെയ്യാൻ എത്തിയിരുന്നത്. അവരെ നാണംകെടുത്താതിരിക്കാൻ, ആ രാത്രിയിൽ, അടുത്തുള്ള വീടുകളിൽ കയറിയിറങ്ങിയാണ് ഞങ്ങൾ ഏതാനും കാണികളെ ഒപ്പിച്ചത്. കാഴ്ചക്കാർ ഒഴിഞ്ഞപോയ അരങ്ങിൽ എങ്ങനെയെങ്കിലുമൊക്കെ അഞ്ചു ദിവസം നീണ്ടുനിന്ന ആ നാടകമത്സരം പൂർത്തീകരിച്ചെടുക്കാൻ ഞങ്ങൾക്കായി.

ആ പരാജയഭീതികൊണ്ടൊന്നുമല്ലെങ്കിലും, തൊട്ടടുത്തവർഷം ഞാൻ കടൽകടന്നു. അതിനുശേഷം  ഒരിക്കൽ പോലും ക്രിസ്മസ് കാലത്ത് നാട്ടിൽ ഉണ്ടായിട്ടുമില്ല...

കുവൈത്തിലെത്തി അധികകാലം കഴിയുന്നതിനു മുൻപ് കെ. പി. ബാലകൃഷ്ണനെ പരിചയപ്പെട്ടു. അയൽനാട്ടുകാരനാണ്. അദ്ദേഹത്തിൻറെ അനുജൻ രത്‌നകുമാർ പഞ്ചായത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനാണ്. രത്നകുമാറിന്റെ ജ്യേഷ്ഠൻ എന്ന നിലയ്ക്കാണ് കെ. പി. ബാലകൃഷ്ണനെ പരിചയപ്പെടുന്നത്. 'കൽപക്' എന്ന സംഘടനയുടെ അമരക്കാരനുമായിരുന്നു അദ്ദേഹം. കുവൈത്തിലെ മലയാളി പൊതുജീവിതത്തിന്റെ ചലനങ്ങൾ ആദ്യമറിയുന്നത് ആ സംഘടനയുമായുള്ള ബന്ധത്തിലൂടെയാണ്.


പ്രധാനമായും ഒരു നാടകസംഘമായിരുന്നു കൽപക്. കെ. പി. ബാലകൃഷ്ണൻ എഴുതിയ നാടകങ്ങളാണ് ഈ സംഘടന കൂടുതലും അരങ്ങിലെത്തിച്ചിരുന്നത്. അതിൽ ഒരു നാടകത്തിന്റെ പിന്നണിയിൽ ചെറിയ രീതിയിൽ സഹകരിക്കാൻ സാധിച്ചിരുന്നു. 'മയൂഖം' എന്നായിരുന്നു ആ നാടകത്തിന്റെ പേര് എന്നോർക്കുന്നു. പിന്നീട് ഞാൻ ആ സംഘടന വിട്ടു. നിത്യവൃത്തിയുടെ മുൻഗണനകളിൽ 'പൊതുജീവിതം' എന്ന സാമാന്യവിവക്ഷിതമായ അവസ്ഥയിൽ നിന്നുതന്നെ അകലെയായി...

രണ്ടു പതിറ്റാണ്ടിലധികം നീളുന്ന പരദേശവാസത്തിന്റെ ഏകാന്തസ്ഥലികളിൽ അധികമൊന്നും പിന്നീട് കെ. പി. ബാലകൃഷ്ണനെ കണ്ടുമുട്ടേണ്ടി വരുകയുണ്ടായില്ല. എങ്കിലും അവിചാരിതമായി എവിടെയെങ്കിലുംവെച്ച് കാണുമ്പോൾ വ്യഗ്രദൈനംദിനം അനിവാര്യമാക്കിയ ലോഹഭാഷ മാറ്റിവച്ച്, സ്വതസിദ്ധമായ തിരുവന്തപുരം ഭാഷാസ്ലാങ്ങിലേയ്ക്ക് മാറി, നിർവ്യാജമായ സരസഭാഷണത്തിൽ ഏർപെട്ടുപോന്നു ഞങ്ങൾ.

നാളുകൾക്ക് ശേഷം, ഈയടുത്ത് കെ. പി. ബാലകൃഷ്ണനുമായി ഏറെസമയവും സംസാരിച്ചിരിക്കാൻ സാധിച്ചു. പിരിഞ്ഞപ്പോൾ ഞാൻ ബാല്യകാലത്തെ ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്കും നാടകമത്സരത്തിലേയ്ക്കും മടങ്ങി. 'ഭ്രമണം' എന്ന നാടകവും, ആ വാക്ക് എന്നിൽ അന്നുളവാക്കിയ അനുരണനവും ഓർത്തു. ആ ബാല്യാനുഭവത്തിനു ശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞ്, കടലുകൾക്കിപ്പുറം വച്ച് 'ഭ്രമണം' എന്ന നാടകത്തിന്റെ രചയിതാവിനെ ഒരിക്കൽ കണ്ടുമുട്ടും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. അദ്ദേഹവുമായി ഇങ്ങനെ ലളിതഭാഷണങ്ങളിലേർപ്പെട്ടിരിക്കുന്ന നേരങ്ങളുണ്ടാവും എന്നും കരുതിയതല്ല...!

൦൦