Saturday, 8 June 2019

നാട്ടുമാവിന്റെ വേര്

അന്ന് വിമാനത്തിൽ വന്നിറങ്ങുമ്പോൾ, ഒരുപാടുകാലം നീണ്ടുപോവാനിരിക്കുന്ന  പരദേശവാസത്തിന്റെ തുടക്കമായിരുന്നു അതെന്ന് അറിയുമായിരുന്നില്ല. വിമാനത്താവളത്തിൽ സ്വീകരിക്കാൻ അയാളുണ്ടായിരുന്നു. താമസസ്ഥലത്തേയ്ക്ക് കാറിലിരിക്കുമ്പോൾ ഞാൻ വിമാനത്തിൽ വച്ച് നടന്ന ഒരു സംഭവം അയാളോട് പറയുകയായിരുന്നു:

കുവൈറ്റിന്റെ ഭൂനിരപ്പിലേയ്ക്ക് വിമാനം താഴുമ്പോൾ, ആഗസ്റ്റ് മാസത്തിന്റെ ആ വൈകുന്നേരം, കാഴ്ചകൾ മൂടൽമഞ്ഞിലൂടെന്നപോലെ നരച്ചുകാണപ്പെട്ടു. അടുത്തിരുന്ന പ്രദേശത്തെ സ്ഥിരവാസിയായ സഹയാത്രികനോട് ഞാൻ ചോദിച്ചു:
"ഒന്നും നല്ലപോലെ കാണാൻ പറ്റുന്നില്ലല്ലോ...?"
അയാൾ ചെറുതായൊന്ന് ചിരിച്ചു.
"ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ..."

താമസസ്ഥലത്തേയ്ക്കുള്ള യാത്രയിൽ കൂട്ടുകാരനോടിത് പറഞ്ഞപ്പോൾ അയാളും പതിഞ്ഞ താളത്തിൽ ചിരിച്ചു. പിന്നീട് ഞാൻ ആ സംഭവം മറന്നു.

മാസങ്ങൾക്ക് ശേഷം, കുവൈറ്റിലെ ഏതോ നിരത്തോരത്തുകൂടെ നടക്കുകയായിരുന്നു കൂട്ടുകാരനും ഞാനും. റോഡിന്റെ ഒരുവശം വിജനമാണ്. നീണ്ടുപോകുന്ന മരുക്കാട്. വീശിയടിക്കുന്നകാറ്റ്. മരുഭൂമിയുടെ പ്രാചീനമായ മണവുമായി അന്തരീക്ഷത്തിൽ പൊടിപരക്കുന്നു. മരുഭൂമിയിലെ എന്റെ ആദ്യത്തെ പൊടിക്കാറ്റനുഭവമായിരുന്നു അത്.

അപ്പോൾ അയാൾ പറഞ്ഞു:
"അന്ന് വിമാനത്തിൽ നിന്റെകൂടെ യാത്രചെയ്ത ആൾ പറഞ്ഞത് ഓർക്കുന്നില്ലേ; ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ...!"
ഞാനത് മറന്നിരുന്നു. എങ്കിലും കൂട്ടുകാരൻ പറഞ്ഞപ്പോൾ വീണ്ടുമോർത്തു. ഞാൻ അലക്ഷ്യമായി പറഞ്ഞ സംഭവം അയാൾ ഓർത്തിരിക്കുന്നുവല്ലോ എന്നത് പക്ഷേ എന്നെ ആശ്ചര്യപ്പെടുത്തിയില്ല. റോയി എല്ലാക്കാലത്തും അങ്ങനെയായിരുന്നു. ദേശങ്ങളും ദേശാന്തരങ്ങളും, അനുഭവങ്ങളും അനുഭവഭേദങ്ങളും അയാളിൽ രൂപകങ്ങളായി പകർന്നുനിന്നു...

റോയി കുവൈറ്റിൽ നിന്നും പോയിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും, എപ്പോഴെല്ലാം ഇവിടെ പൊടിക്കാറ്റടിക്കുന്നുവോ അപ്പോഴെല്ലാം മരുഭൂമിയുടെ മണമായി, വിഷാദസ്പർശമുള്ള ഒരാശ്വാസമായി, അയാൾ ഉറപ്പിച്ചു പോയ ആ രൂപകശകലം ഞാൻ ഓർക്കും - ഇവിടെ ഇങ്ങനെയാണ് സുഹൃത്തേ...!

റോയിയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഞാൻ സന്തോഷവാനാണ്. (അയാൾ എഡിറ്റ് ചെയ്ത മറ്റൊരു പുസ്തകമുണ്ടെങ്കിലും അയാളുടെ ആദ്യത്തെ സ്വന്തം കൃതി ഇതാണെന്നു ഞാൻ അനുമാനിക്കുന്നു.) കാരണം റോയി ഗൗരവത്തോടെ എഴുതിത്തുടങ്ങുന്ന കാലത്ത്, ഒരുപക്ഷെ അതിനും മുൻപേ, അയാളുടെ രചനകൾ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അയാൾ ആർക്കെങ്കിലും സ്വകാര്യമായി നല്കിയിരിക്കാവുന്ന പ്രണയലേഖനങ്ങൾ ഒഴിച്ച്, ബാക്കിയുള്ള എഴുത്തുകൾ മുഴുവൻ വായിച്ചിട്ടുള്ള ഒരാൾ കൂടിയാവും ഞാൻ.


റോയി എന്റെ ബന്ധുവാണ്. അതിലുപരി കൗമാരകാലം മുതൽ തുടരുന്ന കൂട്ടാണ്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ സൗഹൃദം ദൃഡമാവുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മസ്കറ്റിൽ ജോലിക്കായിപ്പോയ അയാൾ, അതുപേക്ഷിച്ച് മടങ്ങിവന്ന കാലമാണത്. മസ്കറ്റിൽ വച്ച് എഴുതിയ കുറിപ്പുകളുടെ ഒരു നോട്ടുബുക്ക് അയാളെനിക്ക് വായിക്കാൻ തന്നു. വല്ലാത്തൊരു വായനാനുഭവമായിരുന്നു അതെന്ന് ഞാനിപ്പോഴുമോർക്കുന്നു. കൗമാരത്തിന്റെ അവസാനത്തിൽ ഗൾഫിലേയ്ക്ക് പോകേണ്ടിവന്ന ഒരുവന്റെ വ്യഥിതവും വിഹ്വലവുമായ അനുഭവക്കുറിപ്പുകൾ. അതിലുപരി അനുഭവങ്ങളുടെ തീക്ഷ്ണസംവേദനം സാധ്യമാക്കുന്ന രൂപകങ്ങളുടെ കാല്പനികസാന്ദ്രത...

ജീവനുള്ള ഒരു നോട്ടുപുസ്തകം...!

കടലും കടൽക്കാക്കകളും നക്ഷത്രങ്ങളുമായിരുന്നു അതിലെ പ്രധാന രൂപകങ്ങൾ എന്ന് ഞാനോർക്കുന്നു. അതിന് കാരണമുണ്ട്. മസ്‌കറ്റിലെ, പ്രൊമനേഡിലിരുന്ന് കാണുന്ന കടലിനും കടൽക്കാക്കകൾക്കും നക്ഷത്രങ്ങൾക്കും മറ്റൊരു തീരം കൂടിയുണ്ട്. ആ തീരത്തേയ്ക്ക്, തെങ്ങിൻതോപ്പ് തണൽവിരിക്കുന്ന തന്റെ വീട്ടുമുറ്റത്തെ കടൽത്തീരത്തേയ്ക്ക്, എഴുത്തുകാരന്റെ വിഷാദമാനസം നിതാന്തമായി ആഞ്ഞുനിൽക്കുന്നു...

ഗൾഫ് എന്നാൽ അത്തറിന്റെ സുഗന്ധമല്ലെന്ന് അന്നേ ഞാനറിഞ്ഞു!

സാഹിത്യത്തിലെ റോയിയുടെ ആത്മഗുരു എന്റെ നോട്ടത്തിൽ എം. ടിയാണ്. എക്കാലത്തും എം. ടി അയാളുടെ ഒബ്സെഷനായിരുന്നു. ഒരുതരം ഏകലവ്യവിന്യാസം. എങ്കിലും, സാഹിത്യാസ്വാദനത്തിന്റെ ആ തുടക്കകാലത്ത്, ഗ്രാമത്തിലെ മണൽപ്പരപ്പിലിരുന്ന് ഞങ്ങൾ പങ്കുവച്ചത് എം. ടിയെ മാത്രമായിരുന്നില്ല. അതിൽ ഒരു കൃതി ഞാനിപ്പോഴും ഓർമ്മിക്കുന്നു. എൻ. ടി. ബാലചന്ദ്രന്റെ 'വിസ്കി' എന്ന നോവലൈറ്റ്. ഒപ്പം ശത്രുഘ്നന്റെ ചില കഥകൾ. അവയൊക്കെയും ഗൾഫ് പശ്ചാത്തലമുള്ളവയായിരുന്നു. ആ എഴുത്തുകാരൊക്കെ ഇപ്പോൾ എവിടെയാണാവോ...?!

റോയിയുടെ ഡയറിക്കുറിപ്പുകളുടെ അനുകരണമായിരുന്നു അക്കാലത്തെ എന്റെ എഴുത്തുദ്യമങ്ങൾ. അയാളെ അപ്പാടെ മോഷ്ടിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്...

പ്രീഡിഗ്രിക്കാലത്ത് കോളേജിൽ നടന്ന ഒരു മത്സരത്തിൽ എനിക്ക് സമ്മാനം ലഭിച്ച കഥയുടെ പേര് 'ആൻഡ്രൂസ് മടങ്ങിവന്നില്ല' എന്നായിരുന്നു. ആ കഥ റോയി ഒരിക്കൽ എന്നോട് പറഞ്ഞതാണ്. വേണമെങ്കിൽ അത് മുഴുവനായും എനിക്കിപ്പോഴും ഓർത്തെഴുതാനാവും. എങ്കിലും അനവസരത്തിലായിപ്പോവും എന്നതിനാൽ ഏതാനും വരികളിൽ ആശയം പങ്കുവയ്ക്കാം:

കഥാകാരനും ആൻഡ്രൂസും ഒരു കടത്തീരഗ്രാമത്തിലെ കളിക്കൂട്ടുകാരാണ്. സ്വാതന്ത്ര്യാനന്തരകാലത്ത് നവയൗവ്വവനത്തിൽ എത്തിയവർ. കഥാകാരൻ മറ്റുപലരെയും പോലെ ഭാഗ്യാന്വേഷിയായി സിംഗപ്പൂരിലേക്ക് കപ്പൽ കയറുന്നു. ആൻഡ്രൂസ്, കടൽപ്പണിയും മറ്റുമായി ഗ്രാമത്തിൽ തന്നെ തുടരുന്നു. മധ്യവയസ്സടുക്കുമ്പോൾ കഥാകാരൻ, ഒട്ടൊക്കെ സമ്പന്നനായി, സിംഗപ്പൂരിൽ നിന്നും മടങ്ങിവരുന്നു. അപ്പോഴും ആൻഡ്രൂസ് കൂടെയുണ്ട്. ഒരു കർക്കിടക ദിവസത്തിൽ, പ്രഷുബ്ധമായ കടൽ വകവയ്ക്കാതെ മത്സ്യബന്ധനത്തിനുപോകുന്ന ആൻഡ്രൂസ് മടങ്ങിയെത്തുന്നില്ല. സിംഗപ്പൂരിൽ നിന്നും താൻ കൊണ്ടുവന്ന ശക്തികൂടിയ ദൂരദർശിനിയുമായി, കലിയടങ്ങാത്ത കടൽനോക്കി, കൂട്ടുകാരൻ വരുമെന്ന പ്രതീക്ഷയിൽ കഥാകാരൻ നിൽക്കുന്നു...

കഥാതന്തു ഇതാണെങ്കിലും, ഇടവപ്പാതിയുടെ കടലായിരുന്നു പ്രധാന കഥാപാത്രം. എന്റെ കൗമാരഭാഷയിൽ ആവുന്നത്ര പൊലിപ്പിച്ച് ഞാനാ കടലിനെ വിവരിക്കാൻ ശ്രമിച്ചു. കഥയ്ക്ക് മാർക്കിട്ട മലയാളം അധ്യാപിക അല്പം അത്ഭുതത്തോടെയാണ് എന്നെ അഭിനന്ദിച്ചത്.
"കഥ വളരെ നന്നായിട്ടുണ്ട്. വ്യത്യസ്തമായ കടൽത്തീരജീവിതം. നല്ല ഭാവന..."
ഞാൻ ചൂളി നിന്നു. അതെന്റെ ഭാവന ആയിരുന്നില്ല. ഞാൻ മോഷ്ടിച്ച ഭാവനയായിരുന്നു.

ഈ അധ്യാപിക മറ്റൊരവസരത്തിലും, അക്കാലത്ത് ഞങ്ങളുടെ ഭാഷാവ്യവഹാരത്തിൽ കടന്നുവന്നിരുന്നത് ഓർക്കുന്നു. അവരായിരുന്നു ഒരു തവണ കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്റർ. അവരുടെ ആമുഖക്കുറിപ്പിൽ ഇങ്ങനെയൊരു വരിയുണ്ടായിരുന്നു. "നിരനിരയായി നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ കടലിൽ നിന്നും അടിച്ചുവരുന്ന ഉപ്പുനനവാർന്ന വരണ്ട കാറ്റ്."
ഇത് വായിച്ച് റോയി ഉറക്കെ ചിരിച്ചു.
"നനവാർന്ന വരണ്ട കാറ്റോ? അതെന്ത് കാറ്റാണ്...?!"

ഉപമകളിലെ, രൂപകങ്ങളിലെ ഉദാസീനതയെ, ഭാഷാവ്യവഹാരത്തിലെ ലോപപ്രതിബദ്ധതയെ റോയി നിശിതമായി വിമർശിച്ചിരുന്നു. എന്നെയും വെറുതേ വിട്ടിരുന്നില്ല...

അക്കാലത്ത്, ഞാനെഴുതിയ ഒരു കഥയുടെ പശ്ചാത്തലം ഉത്തരധ്രുവദേശമായ ഗ്രീൻലാന്റിലെ ഗോത്താബ് എന്ന പട്ടണമായിരുന്നു. നായകകഥാപാത്രത്തിന്റെ പേരോ... - ഡിസിൽവ! മറ്റു കൂട്ടുകാരാരും ആ കഥ വായിച്ചിട്ടില്ല. എങ്കിലും അതിലെ അതിനാടകതീയയോടുള്ള രൂക്ഷവിമർശനം എന്ന നിലയ്ക്ക്, എല്ലാ കൂട്ടുകാരുടെയും ഇടയ്ക്ക് 'ഗോത്താബിലെ ഡിസിൽവ' എന്നൊരു വിളിപ്പേര് എനിക്ക് സമ്മാനിക്കാൻ റോയിക്കായി.

ഈയടുത്ത്, അതിലൊരാൾ അമേരിക്കയിലേക്കുള്ള വിമാനയാത്രയിലായിരുന്നു. വിമാനം ഗോത്താബിനു മുകളിലൂടെ പറക്കുന്നത് മുന്നിലെ സ്‌ക്രീനിൽ കാണിക്കുന്ന നേരം അയാൾ ആ ചിത്രം പകർത്തി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയുണ്ടായി - "ഡിസിൽവയുടെ ഗോത്താബിന് മുകളിലൂടെ..." എന്ന ശീർഷകത്തോടെ. റോയിയുടെ വിമർശനരീതിയുടെ സർഗാത്മകത കാലത്തെ അതിജീവിക്കുന്നു... 

ഭാവനയിലും സാങ്കേതികതയിലും, ഭാഷാവ്യവഹാരം നേരമ്പോക്കായി കാണരുതെന്ന് അന്നുതന്നെ അയാൾ കൃത്യമായി ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു...

കാൽനൂറ്റാണ്ടിന് മുൻപ്, ഞാൻ കുവൈറ്റിലെത്തുമ്പോൾ റോയി ഇവിടെയുണ്ട്. എന്നാൽ അധികകാലം ആവുന്നതിനു മുൻപേ, പതിവുപോലെ, അയാൾ തന്റെ ദേശാന്തരഗമനങ്ങൾ തുടർന്നു. റോയി ആസ്‌ത്രേലിയയിൽ ആയിരിക്കുമ്പോൾ 'മെൽബൺ മലയാളി' എന്ന ആനുകാലികത്തിന്റെ പത്രാധിപരായിരുന്നു. അതിൽ ഒരു പംക്തി സ്ഥിരമായി കൈകാര്യം ചെയ്യാനുള്ള അവസരം എനിക്ക് നൽകുകയുണ്ടായി.

'മെൽബൺ മലയാളി' മാത്രമല്ല, മറ്റൊരുപാട് സമാന്തരപ്രസിദ്ധീകരണങ്ങളും സുവനീറുകളും റോയിയുടെ കാർമ്മികത്വത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ ഇന്നും സുഖകരമായ ഒരോർമ്മയാവുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ്, ഞങ്ങൾ സഹകരിച്ചിറക്കിയ 'ഉത്‌സവ്' എന്ന സ്മരണികയാണ്. നാട്ടിലെ വായനശാലയുടെ വാർഷികത്തിന്റെ ഭാഗമായിരുന്നു അത്. ആ സ്മരണികയ്ക്ക് ഞങ്ങൾ ചിലവഴിച്ച ഊർജ്ജം ഇപ്പോഴും ആ പുസ്തകത്തെ മൂല്യവത്താക്കുന്നു.

ഗ്രാമം, കടൽ, വായനശാല, കൂട്ടുകാർ... ഞങ്ങളുടെ സർഗ്ഗവ്യവഹാരങ്ങൾ ആരംഭിക്കുന്നത് ഒരേയിടത്തിൽ നിന്നാണ്. കാലത്തിന്റെ ഗതിവിഗതിയിലൂടെ, ദേശാന്തരഗമനത്തിന്റെ ദശാബ്ദങ്ങളിലൂടെ, മനുഷ്യബന്ധത്തിന്റെ വ്യതിരിക്തമായ അനുഭവഭൂമികയിലൂടെ, ഞങ്ങൾ ഞങ്ങളുടേതായ ഭാവപരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും ഭാവുകത്വത്തിന്റെ ഒരു ജനിതകകണ്ണി ആ നാട്ടുമാവിന്റെ വേരിൽ കെട്ടുപിണഞ്ഞു കിടപ്പുണ്ടാവാം.

൦൦

2 comments:

  1. ഇങ്ങിനെയൊരു സുഹൃത്ത് ഭാഗ്യമാണ് ലാസർ... റോയിയെ നന്നായി പരിചയപ്പെടുത്തി.

    ReplyDelete