Sunday 16 March 2014

കുട്ടിസ്രാങ്ക് കടലില്‍ മരിച്ചവരില്‍ എത്രത്തോളം സുന്ദരന്‍?

ഏതു കലയുടെയും സൌന്ദര്യരൂപികരണം ഉന്നംവയ്ക്കുന്നത് സത്യംതേടലാണ്. സത്യത്തിലേക്കുള്ള കലാത്മകമായ അന്വേഷണങ്ങള്‍ ആഴത്തിലുള്ളതാവാന്‍ പ്രത്യക്ഷമായവകളുടെ വിന്യാസത്തിലൂടെ സാധ്യമാവില്ല. അതീതമായ സത്യാന്വേഷണമേ പലതിന്റേയും നിര്‍വ്വചനശ്രമങ്ങളെ സഫലമാക്കുകയുള്ളൂ. ഹെര്‍സോഗിന്റെ ലളിതമായ ഒരുദാഹരണമുണ്ട്: ഗ്ലാസ്സിലെ വെള്ളത്തിന്റെ ഉപരിപ്രതലം പരന്നതാണ് എന്നത് പ്രത്യക്ഷസത്യം. പക്ഷെ ഭൂമിയുടെ കെര്‍വേച്ചര്‍ ആ ജലപ്രതലത്തിനുണ്ട് എന്ന അത്ര ലളിതമല്ലാത്ത സത്യം പിന്നണിയിലുണ്ട്. ഇത് പക്ഷെ, ശാസ്ത്രം തെളിയിച്ചതാണ്. അതുകൊണ്ടാണ് ഉദാഹരിക്കാനാവുന്നതും. ഇനിയും തെളിയിക്കപ്പെടാനിരിക്കുന്ന, അല്ലെങ്കില്‍ മനസ്സുപോലുള്ള ശാസ്ത്രാതീതമായ പ്രദേശങ്ങളില്‍ അഭിരമിക്കുന്ന വിചിത്രസത്യങ്ങളിലേക്കുള്ള അന്വേഷണമാണ് ആഴത്തിലുള്ള കലകളുടെ ഭൂമിക. അതിനു കഴിഞ്ഞ നൂറ്റാണ്ടു കണ്ടെത്തിയ അതിശക്തമായ ഒരു കലാസങ്കേതമാണ് മാജിക്കല്‍ റിയലിസം. ഇതിവിടെ ഓര്‍ക്കാന്‍ കാരണം, കുട്ടിസ്രാങ്കിന്റെ റിലീസിംഗ് സമയത്ത്, ഈ ചിത്രം മലയാളത്തില്‍ മാജിക്കല്‍ റിയലിസത്തിന്റെ ഇഴകള്‍ ആദ്യമായി ഉപയോഗിച്ച ചിത്രമാണെന്ന് സംവിധായകന്‍ അവകാശപ്പെട്ടത്‌ വായിക്കാനിടവന്നതുകൊണ്ടാണ്. കൂട്ടത്തില്‍ മാര്‍ക്വിസിനെയുമൊക്കെ ഒപ്പംചേര്‍ത്ത് പരാമര്‍ശിച്ചുകണ്ടു.

1983 - ല്‍ ഇറങ്ങിയ 'ആദാമിന്റെ വാരിയെല്ല്' എന്ന ചിത്രം അവസാനിക്കുന്നത് സിനിമ/ജീവിതം ഷൂട്ട്‌ചെയ്യുന്ന ചലച്ചിത്ര സംഘത്തെ തള്ളിമാറ്റി സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ സീനിലാണ്. മലയാളിയുടെ സിനിമാ ഭാവുകത്വത്തിന്‌ അതുവരെ (ഒരു പക്ഷെ ഇപ്പോഴും) പരിചിതമല്ലാതിരുന്ന ആ വെളിപാടില്‍ മാജിക്കല്‍ റിയലിസത്തിന്റെ ചെറിയ സ്ഫുരണമുണ്ട്. എന്തായാലും കെ. ജി. ജോര്‍ജ്ജ് തന്റെ സിനിമയിലേക്ക് മാര്‍ക്വിസിനെയൊന്നും ഉള്‍പ്പെടുത്തിയ അവകാശവാദങ്ങള്‍ ഉന്നയിക്കാനുള്ള മൌഡ്യം കാണിക്കാത്തതുകൊണ്ട് അത്തരത്തിലേക്കൊന്നും ചര്‍ച്ചകള്‍ പോയികാണാന്‍ വഴിയില്ല. എന്തിനെന്നറിയാതെ വീടിന്റെ ഇടനാഴികളില്‍ ഒരു അരയന്നം കരഞ്ഞു കൊണ്ട് നടക്കുന്നതാണ് മാജിക്കല്‍ റിയലിസമെങ്കില്‍ ഐ. വി. ശശിയെ ഓര്‍ത്ത്‌ പോവുകയാണ്. അദ്ദേഹത്തിന്‍റെ ഒരു സിനിമയില്‍ പ്രധാനകഥാപാത്രമായ സ്ത്രീയുടെ കാമവികാരത്തെ ബിംബവത്കരിക്കാന്‍ അപകടത്തില്‍പ്പെടുന്ന ഒരു കാറിന്റെ സീനാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് (അക്ഷരത്തെറ്റ്). ഈ വിചിത്രമായ ബിംബവത്കരണത്തിലേക്ക്  നയിച്ച കലാചിന്തയുടെ അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ ഷാജി എന്‍. കരുണിന്റെ അരയന്നത്തിനു ആയിട്ടില്ല എന്ന് സങ്കടത്തോടെ ഉള്‍കൊള്ളേണ്ടി വരും.

അതോ ഒരു വ്യക്തിയെ മറ്റു മൂന്നു വ്യക്തികളുടെ വീക്ഷണത്തിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്നു എന്നതാവുമോ മാജിക്കല്‍ റിയലിസം എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുക? എന്തായാലും ആ സങ്കേതത്തെ ആ സംഞ്ജകൊണ്ട്  വ്യവഹരിക്കാനാവില്ല തന്നെ. അതിനപ്പുറം മലയാളസിനിമയില്‍ ഇത് പുതിയ അനുഭവമൊന്നുമല്ല. വളരെ മുന്‍പുതന്നെ 'യവനിക' എന്ന സിനിമയില്‍ ഒരു സംഭവത്തെ പല വ്യക്തികളിലൂടെ നോക്കികാണുന്ന സങ്കീര്‍ണമായ ആഖ്യാനരീതി എത്രയോ സര്‍ഗാത്മകമായി പ്രകാശിപ്പിച്ചിരിക്കുന്നു. (രണ്ടിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലിലൂടെയാണ് കഥാസംഭവത്തിന്റെ വ്യത്യസ്ഥ വീക്ഷണങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത് എന്ന യാദൃശ്ചികതയുമുണ്ട്.) ഇവ തമ്മില്‍ താരതമ്യംചെയ്യാമെങ്കില്‍, മൂന്നുപേരുടെ കൃത്യമായ ഓര്‍ത്തെടുക്കലുകളായി കഥാഗതിയെ നിജപ്പെടുത്താന്‍ കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്ക്‌ ആയിട്ടില്ല എന്നത് ആഖ്യാനത്തിന്റെ ചടുലതയെ ഏറെ ശിഥിലമാക്കിയിരിക്കുന്നു എന്ന് മനസിലാക്കാം. ഒരു സിനിമയില്‍ ഉപയോഗിച്ച സങ്കേതം മറ്റൊരു സിനിമയില്‍ മറ്റൊരു രീതിയില്‍ ഉപയോഗിക്കാന്‍ ആവില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ രണ്ടു തരത്തില്‍ ഇത് വിരുദ്ധവാദങ്ങളെ ആകര്‍ഷിക്കും. ഒന്നാമത്, ഉപയോഗിച്ചിരിക്കുന്ന സങ്കേതങ്ങള്‍ നൂതനമെന്നു കലാസൃഷ്ടിക്കു പുറത്ത് അതിന്റെ സംവിധായകന്‍ അവകാശപ്പെടുമ്പോള്‍. മറ്റൊന്ന് കുറച്ചുകൂടി ആഴത്തിലുള്ള വിശകലനങ്ങള്‍ ആവശ്യപ്പെടുന്നതാണ്. 'ദുരവസ്ഥ'യുടെ രാഷ്ട്രീയത്തെ കുറിച്ച് അത് പ്രസിദ്ധീകരിക്കപെട്ട കാലത്തുതന്നെ ഒരുപാട് ചര്‍ച്ചകള്‍ നടന്നതാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം ഇന്ന് ദുരവസ്ഥ വായിക്കുമ്പോള്‍ അതിനു മറ്റനേകം തലങ്ങള്‍ കൂടി കണ്ടെത്താനാവും. ഇന്ന് അവതരിപ്പിക്കുന്ന വാദങ്ങള്‍ അന്ന് നടന്ന ചര്‍ച്ചകള്‍ വിശകലനം ചെയ്ത അടിസ്ഥാന രാഷ്ട്രീയപ്രശ്നത്തില്‍ ഊന്നിനിന്ന് തന്നെയായാല്‍ ഒരു നൂറ്റാണ്ടിനു മുന്‍പുതന്നെ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ അപ്രസക്തമായി പോയിരിക്കുന്നു എന്ന വിചിത്രസന്ധിയില്‍ എത്തിച്ചേരും. അതുപോലൊരു ശൂന്യത അനുഭവിപ്പിക്കും ഈ ആഖ്യാനസങ്കേതത്തെ കൂടി മുന്‍നിര്‍ത്തി കുട്ടിസ്രാങ്കിന്റെ കലാമേന്മ അന്വേഷിക്കുമ്പോള്‍ - യവനികയെക്കാള്‍ എത്രയോ ഗൌരവരഹിതമായാണ് ആ സങ്കേതം ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ.

കുട്ടിസ്രാങ്ക് ആദിമദ്ധ്യാന്തം സംപ്രേക്ഷണം ചെയ്യാന്‍ ശ്രമിക്കുന്ന അതീതമായ ആഖ്യാനഭാഷ പൂര്‍ണ്ണമായും അസ്ഥാനത്തായി എന്ന് പക്ഷെ പറയാന്‍ വയ്യ. യഥാതഥങ്ങള്‍ക്ക് ഉപരിയായ തലം സൃഷ്ടിക്കുന്നതിലേക്ക് ഏറിയ പങ്കും സംഭാവന ചെയ്തിരിക്കുന്നത് ഫോട്ടോഗ്രാഫിയുടേയും സംഗീതത്തിന്റെയും മേന്മയാണ്. എന്നാല്‍ ഇത്തരം ഒരു പ്രകാശന സാധ്യതയിലേക്ക്‌ സംവിധായകനെയോ ഒപ്പമുള്ള മറ്റു പ്രവര്‍ത്തകരെയോ ഉദ്യമിപ്പിച്ചിരിക്കുക മാര്‍ക്വിസിന്റെ 'മുങ്ങി മരിച്ചവരില്‍ ഏറ്റവും സുന്ദരനായ പുരുഷന്‍' എന്ന കഥയാവും എന്നത് ഈ സിനിമയുടെ ആദ്യ സീനില്‍ നിന്ന് തന്നെ മനസ്സിലാവുക സ്വാഭാവികം. തിരക്കഥയുടെയും ആഖ്യാനഭാഷയുടെയും ബീജം ആ കഥയില്‍ നിന്നാവാനേ വഴിയുള്ളൂ എന്ന് ശക്തമായി തോന്നിപ്പിക്കും വിധമുള്ള സമാനതകള്‍ സിനിമ പ്രകടിപ്പിക്കുന്നുണ്ട് (വി. മോഹനകൃഷ്ണണന്‍ 'കാകദൃഷ്ടി' എന്ന ബ്ലോഗില്‍ ഇവ തമ്മിലുള്ള താരതമ്യം മറ്റൊരു തരത്തില്‍ ഏറെക്കൂറെ വിശദമായി തന്നെ നടത്തിയിട്ടുണ്ട് - http://kaakadrushti.blogspot.com/2010/08/blog-post.html ). "കടല്‍ത്തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അത് ആദ്യം കണ്ടത്. തിരകളിലൂടെ മുങ്ങിയുംപൊങ്ങിയും ഏതോ ഒരു വസ്തു ഒഴുകിവരുന്നു. ശത്രുരാജ്യത്തിന്റെ പടക്കപ്പലാകാം. ആദ്യം അങ്ങിനെയാണവര്‍ കരുതിയത്‌. പക്ഷെ കൊടിമരങ്ങളോ പാമരങ്ങളോ കാണാനില്ല. അതൊരു തിമിംഗലം എന്നായി അവരുടെ ചിന്ത. ഒടുവില്‍ അതുവന്ന് കരയ്ക്കടിഞ്ഞു. അതില്‍ പറ്റിപിടിച്ചിരിക്കുന്ന കടല്‍പായലിന്റെ കൂട്ടങ്ങളും നീരാളികൈകളും മത്സ്യാവശിഷ്ടങ്ങളും തകര്‍ന്ന കപ്പലുകളില്‍ നിന്നുള്ള ചില വസ്തുക്കളുമെല്ലാം നീക്കംചെയ്തപ്പോളാണ് അത് മുങ്ങിമരിച്ച ഒരാളുടെ ശവശരീരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്..." ഇങ്ങിനെ തുടങ്ങുന്ന കഥ അനുവാചകനെ ഭ്രമാത്മകമായ ഒരു ലോകത്തിലേക്ക് അനായാസം കൂട്ടികൊണ്ട് പോകുന്നു. തുടക്കത്തില്‍ തന്നെ, ആ ശവശരീരത്തോടൊപ്പം കടല്‍പ്രകൃതി മുഴുവന്‍ കരയ്ക്കടിയുകയാണ്. സമുദ്രാഗാധതയിലെ ജലജീവിതങ്ങളും യാനസഞ്ചാരങ്ങളും വിദൂരദേശങ്ങള്‍ പോലും നനഞ്ഞ മൃതദേഹവര്‍ണ്ണനയോടെ അനുവാചകന്റെ ഭാവകാമനകളിലേക്ക് ഈ മൂന്നാലുവരികള്‍കൊണ്ട് സന്നിവേശിപ്പിക്കാന്‍ കഥാകാരന് കഴിയുന്നു. സിനിമയിലെ ഒരു സ്ത്രീകഥാപാത്രം കുട്ടിസ്രാങ്കിന്റെ ശവശരീരം കാണുന്ന നേരത്ത്, മാര്‍ക്വിസിന്റെ ഈ വരികളില്‍ നിന്നും ലൊട്ടുലൊടുക്കുകള്‍ പെറുക്കി ആ ശരീരത്തെ അലങ്കരിക്കാന്‍ കലാസംവിധായകന്‍ ശ്രമിച്ചിരിക്കുന്നത് ചിരിയുണര്‍ത്തുവോളം വക്രീകരണമായിപ്പോയി. സാഹിത്യത്തിന്റെ വിഹായസ്സില്‍ നിന്നും സിനിമയുടെ ഒറ്റദൃശ്യത്തിലേക്കുള്ള ദൂരം മാത്രമായി അതിനെ കാണാന്‍ വയ്യ - ഭാവനകള്‍ തമ്മിലുള്ള അന്തരവുമാവാം.

പിരിയഡ് സിനിമകളില്‍ വസ്ത്രധാരണ രീതികളും പരിസരചിത്രീകരണങ്ങളും ഒരുപാട് ശ്രദ്ധയും അന്വേഷണങ്ങളും ആവശ്യപ്പെടുന്നതാണ്. കാലഘട്ടത്തിനനുസരിച്ച വസ്ത്രങ്ങള്‍ തുന്നിച്ചാല്‍ മാത്രം പോരാ, കഥാപാത്രങ്ങള്‍ക്കനുസൃതമായി അവയെ നിജപെടുത്തുന്നതിലും സൂക്ഷ്മശ്രദ്ധ ആവശ്യമായി വരും. റിയാലിറ്റിയെ തികച്ചും അപ്രസക്തമാക്കുന്ന വിധത്തില്‍ നാടകീയമായ വസ്ത്രധാരണത്തെ സാധൂകരിക്കാനാവുന്ന മാജിക്കല്‍തലമൊന്നും ഈ സിനിമയില്‍ എവിടെയും ഇല്ല. സത്യജിത് റേയുടെ ചിത്രങ്ങളില്‍ മുഷിഞ്ഞ പരിസരങ്ങളില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചു വരുന്ന കഥാപാത്രങ്ങള്‍ സിനിമയുടെ ടോണിന് അസാമാന്യമായ മാനങ്ങള്‍ നല്‍കുമ്പോള്‍  കുട്ടിസ്രാങ്കില്‍ ഏതു ഫ്രെയ്മിലും ഏതു കഥാപാത്രവും പുത്തന്‍ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്‌, ഒരു പക്ഷെ അവ കാലഘട്ടത്തിനോട് നീതി പുലര്‍ത്തുന്നുണ്ടാവാം എങ്കില്‍പ്പോലും. (ഇവിടെയും സംശയം ബാക്കിയാവുന്നു - മലബാറിലെ ഒരു സാധാരണ ബോട്ട് ഡ്രൈവര്‍ പത്തെഴുപത്തഞ്ചു കൊല്ലങ്ങള്‍ക്കുമുന്‍പ് പാകിസ്ഥാനികള്‍ ധരിക്കുന്നമാതിരിയുള്ള കുര്‍ത്തയും പൈജാമ്മയുമാണോ ദൈനംദിന വേഷമായി ഉപയോഗിച്ചിരിക്കുക?) കുടിലുകള്‍ക്ക് പോലും എന്തൊരു ഭംഗി - ഇപ്പോള്‍ ഉണ്ടാക്കി വച്ചതാണ് എന്നതില്‍ ആര്‍ക്കും ഒരു സംശയം തോന്നരുത് എന്ന് നിഷ്കര്‍ഷയുള്ളത് പോലെ. ഇത്തരത്തില്‍ മുഴച്ചുനില്‍ക്കുന്ന ഘടകങ്ങള്‍ ഈ സിനിമയില്‍ അനവധിയാണ്. ജനലിന്റെ വിടവിലൂടെയും മറ്റും, നിഴലും വെളിച്ചവും കലര്‍ത്തി ആലങ്കാരികമായി കാണിക്കുന്ന ഒരു സ്ത്രീയുടെ പിന്‍ഭാഗത്തിന്റെ നഗ്നത പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 'ഉത്സവ്'' പോലുള്ള ഹിന്ദി സിനിമകള്‍ മുന്നോട്ടുവച്ച ഭാവുകത്വത്തിന്റെ വികലമായ അനുകരണം മാത്രമാവുന്നു.  സൌന്ദര്യത്തെ പ്രകാശിപ്പിക്കുന്നതില്‍ സംവിധായകന്‍ ഉള്‍ക്കൊള്ളുന്ന മോശം അഭിരുചിയുടെ പ്രതിഫലനം കൂടിയാവുമത്.            

മുതിര്‍ന്ന സംവിധായകനായ അടൂരിനെപ്പോലുള്ളവരുടെ അടുത്ത കാലത്തിറങ്ങിയ സിനിമകള്‍ ഒട്ടും അശാവഹമാല്ലാതിരിക്കുകയും, ആര്‍ട്ട്ഹൌസ് സിനിമകളുടെ പുതിയകാല വക്താവായ പ്രിയനന്ദനെപോലുള്ളവരുടെ ചിത്രങ്ങള്‍ അതിദയനീയമെന്നു പറയാതെ വയ്യ എന്നാവുകയും ചെയ്യുമ്പോള്‍, തീര്‍ച്ചയായും, ഷാജി എന്‍. കരുണ്‍ ഉയരെയാണ്. എങ്കിലും, മലയാളിയുടെ സിനിമാവബോധവും സാക്ഷരതയും ലോകനിലവാരവുമായി തട്ടിക്കുമ്പോള്‍ പരിതാപകരമാണെന്ന് നിരന്തരം പരാതിപ്പെടുന്ന ഷാജി എന്‍. കരുണിന്റെ അത്തരം വാദങ്ങള്‍ അംഗീകരിച്ചു കൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നു - മലയാളിയായ അദ്ദേഹത്തിന്റെ കുട്ടിസ്രാങ്ക് പോലുള്ള 'മാജിക്കല്‍ റിയലിസം' സിനിമകള്‍ കാണുമ്പോള്‍ പ്രത്യേകിച്ചും.

"I have often maintained that the best poet is he who prepare our daily bread: the nearest baker who does not imagine himself to be god" - Pablo Neruda

00

1 comment:

  1. പഠനങ്ങള്‍ വായിക്കുന്നുണ്ട്. അഭിപ്രായമൊന്നും പറയാനില്ലയെന്നേയുള്ളു.

    ReplyDelete