Thursday, 6 September 2018

ഇരുപത് വർഷത്തിന് ശേഷം യഹ്‌സാനോട് പറഞ്ഞത്...ആ ഗ്രാമത്തിലെ ഏതോ ഒരു വീട്ടിൽ
അവളുണ്ടായിരുന്നു...
ഗ്രാമവഴികളിലൂടെ നടക്കുമ്പോൾ
അവളുടെ മണം
എന്റെ ഇന്ദ്രിയങ്ങളെ തൊട്ടിരുന്നു...

യഹ്‌സാൻ,
ഞാൻ പറയുന്നത് നീ വിശ്വസിക്കില്ലെന്നറിയാം
എങ്കിലും
നിന്നോടല്ലാതെ മറ്റാരോട് പറയാൻ...

ഒരുപക്ഷെ ആ വീടും എനിക്കറിയാം.

ഒരിക്കൽ ആ വീടിനുമുന്നിൽ,
വെളുത്ത ചായം പൂശിയ
മരവേലിക്കരുകിൽ,
നിരനിരയായി തണൽവിരിക്കുന്ന
ബിർച്ച് മരങ്ങളിലൊന്നിൽ ചാരി
അടഞ്ഞ വാതിലിലേയ്ക്ക് നോക്കിനിൽക്കേ
ഉച്ചയ്ക്ക് മുൻപ് ഏതാണ്ടൊരു പതിനൊന്നര മണിനേരത്ത്,
ശീതക്കാറ്റ്
പ്രാക്തനമായ ആത്മാക്കളുടെ
മർമ്മരംവീശവേ
ജാലകത്തിരശ്ശീലയ്ക്കപ്പുറം
അവളെന്നെ കാണുന്നുണ്ടെന്നെനിക്കറിയാമായിരുന്നു...

അപ്പോഴാണ്
ഇളംനീല ഷർട്ടും കടുംനീല ട്രൗസറും ഇട്ട
രണ്ട് പോലീസുകാർ അടുത്തേയ്ക്ക് വന്നത്...:
"മിസ്റ്റർ, നിങ്ങളിവിടെ എന്തുചെയ്യുകയാണ്...?"
കൂട്ടത്തിലെ ചെറുപ്പക്കാരനായ ഓഫീസർ ചോദിച്ചു.
"ഞാനൊരു സഞ്ചാരിയാണ്..."
"ഈ ഗ്രാമത്തിൽ സഞ്ചാരിക്ക് കാണാനുള്ളതായി ഒന്നുമില്ലല്ലോ...?"
"ഞാൻ കാണാനായി യാത്രചെയ്യുന്നില്ല ചെങ്ങാതി
എവിടെയോ കാണാതായതിനെ തിരക്കിനടക്കുകയാണ്..."
ചെറുപ്പക്കാരനായ ഓഫീസർക്ക് ദേഷ്യംവരുന്നുണ്ടെന്ന് തോന്നി.
അതിനാലാവാം മധ്യവയസ്കനായ പോലീസുകാരൻ
ചെറിയൊരു ചിരിയോടെ പറഞ്ഞു:
"എന്നും ഒരേ വഴിയിലൂടെ നടക്കരുത്,
വീടുകളിലേയ്ക്ക് തുറിച്ചുനോക്കരുത്,
ഗ്രാമീണർ അതിഷ്ടപ്പെടുന്നില്ല.
ഞങ്ങൾക്ക് പരാതികൾ കിട്ടിത്തുടങ്ങിയിരിക്കുന്നു.
കുറെ ദിവസമായില്ലേ നിങ്ങൾ ഇതുവഴിയൊക്കെ നടക്കുന്നു,
ഇപ്പോൾ മനസ്സിലായിട്ടുണ്ടാവുമല്ലോ
ഇതൊരു ചെറിയ ഗ്രാമമാണെന്ന്.
ഇവിടെ അപരിചിതർ സ്വാഗതം ചെയ്യപ്പെടുന്നില്ല..."

യഹ്‌സാൻ,
അതിശൈത്യത്തിൽ
മഞ്ഞുമൂടികിടന്നിരുന്ന
മലവഴികളിലൂടെയാണ്
ഞാനാ തുറമുഖപട്ടണത്തിൽ
ഒരു രാത്രിയിൽ
എത്തിച്ചേർന്നത്.

അവിടെയുണ്ടാകും എന്ന് കരുതിയ
തെരുവുചിത്രകാരൻ
വീണ്ടും സീൻ നദിക്കരയിലേയ്ക്ക്
മടങ്ങിപ്പോയത്രേ...
അല്ലെങ്കിലും അയാളെ തിരക്കിയല്ല
ഞാനവിടെ എത്തിയിട്ടുണ്ടാവുക
എന്ന് നിനക്കറിയാമല്ലോ...

ഉത്തരസമുദ്രത്തിൽ
മീൻപിടിക്കുന്നവരുടെ
തുറമുഖമായിരുന്നു അത്.
വലിയ മലകളുടെ ചരിവിലൂടെ
കടൽ, കരയിലേയ്ക്ക്
നദിയെപ്പോലെ
കൈവഴിപിരിഞ്ഞു പോകുന്നത് കാണാമായിരുന്നു...

പ്രൊമനേഡിൽ
കടൽനൗകകളുടെ
ചിത്രം വരച്ചുകൊണ്ട്
ഞാനിരുന്നു.
മുന്നിൽ കാലവും കടൽക്കാക്കകളും
പറന്നുനടന്നു...

കടൽ തീർത്ത നദിയിലൂടെ
ഏതോ മലയോരഗ്രാമത്തിലേയ്ക്ക്
പുറപ്പെട്ട നൗകയിൽ,
മഞ്ഞുപെയ്തുകൊണ്ടിരുന്ന
ഒരു വൈകുന്നേരം,
കൂട്ടുകാരാ,
ഞാനവളെ കാണുകതന്നെ ചെയ്തു.

നീ വിശ്വസിക്കില്ലെന്നറിയാം
പക്ഷെ എനിക്ക് പറയാതെ വയ്യല്ലോ...

ഫ്യോഡുകളുടെ പിന്നണിയിൽ
ഒരു പായക്കപ്പലിന്റെ ചിത്രം
വരച്ചുതീർത്ത ദിവസമായിരുന്നു അന്ന്.
അത് വാങ്ങിയ നാവികൻ സമ്മാനിച്ച
അക്വയ്‌റ്റിന്റെ
സ്‌ഫുടമധുരലഹരിയുമായി
തുറമുഖത്ത് വെറുതേയിരിക്കുകയായിരുന്നു ഞാൻ.

അവൾ പുറപ്പെട്ടുപോകുന്ന നൗകയിലും
ഞാൻ കരയിലുമായിരുന്നു.
അവൾ രോമക്കുപ്പായവും
രോമത്തൊപ്പിയും ധരിച്ചിരുന്നു.
അതിവേഗം അകന്നുപോയ
ജലയാനത്തിന്റെ പിറകിൽ
ഉലയുന്ന ഹിമശുഭ്രതുണ്ടുകളുടെ
തിരശീലയ്ക്കപ്പുറം
അവളുണ്ടായിരുന്നു...

അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
കണ്ണുകളിൽ
ധ്രുവസമുദ്രത്തിലെ തിമിംഗലങ്ങൾ പുളയും പോലെ
ജലജ്വാല തിളങ്ങുന്നുണ്ടായിരുന്നു...

നീ പറയുമായിരിക്കും
പെയ്തുതീരാത്ത മഞ്ഞിൻതൂവലുകൾ തീർത്ത വിഭ്രമമാണെന്ന്...,
ശീതക്കാറ്റിൽ അക്വയ്റ്റിന്റെ ലഹരി തീർത്ത മതിഭ്രമമാണെന്ന്...
ഹാ, ഞാനെന്ത് പറയാനാണ്...

അങ്ങനെയാണ്, യഹ്‌സാൻ,
അടുത്ത ദിവസം ഞാനാ ഗ്രാമത്തിലെത്തിയത്...

മലകൾക്കിടയിൽ
കടൽതീർത്ത നദിയിലൂടെ,
പ്രകൃത്യാഴത്തിന്റെ അഗാധതയിലൂടെ,
വിമൂകതയുടെ കുളിരിലൂടെ,
ഒരിക്കലും വരയാനാവാതെ പോയ ആ ചിത്രത്തിൻറെ
നിറംമങ്ങിയ ക്യാൻവാസിലൂടെ,
എന്നും വെളുപ്പിന്
ഞാനാ ഗ്രാമത്തിലേയ്ക്ക് കപ്പൽകയറി.
പ്രദോഷത്തിന്റെ നരച്ചനീലയിലൂടെ
രാവുറങ്ങാൻ
തുറമുഖപട്ടണത്തിലേയ്ക്ക് മടങ്ങി...

മഞ്ഞുമൂടിയ ഗിരിശിഖരങ്ങളും
കടൽനദിയും
ദ്വീപാക്കിയ
കുഞ്ഞുജനപദത്തിലേയ്ക്ക്
എന്നും തുഴയാറുള്ള
ജലയാനത്തിന്റെ കപ്പിത്താൻ,
പരിവ്രാജകന്റെ മുഖവും
അഭ്യാസിയുടെ ശരീരവുമുള്ളവൻ,
ആ ദിവസം
എന്നോടൊപ്പം
ഗ്രാമമധുശാലയിൽ വന്നിരുന്നു...
"കിഴക്കുനിന്ന് വന്ന ചിത്രകാരാ
നീ തിരയുന്ന ആൾ ഈ ഗ്രാമത്തിലില്ല..."
അക്വേയ്റ്റിന്റെ രുചിയിൽ
എന്റെ മൗനത്തിൽ
ഞങ്ങൾ രണ്ടുപേരും വിഷാദികളായി.
"ഓർമ്മയുടെ മേഘചിത്രത്തിൽ നിന്നും
പെയ്തൊഴിയാത്ത ഒരാളെ
എങ്ങനെയാണ് കാണാതാവുക...?!
പിന്നെന്തിനാണ് ചിത്രകാരാ,
ആ ഒരാളെ നീ ഇവിടെ തിരയുന്നത്...?!"

"ഇപ്പോൾ വരഞ്ഞുകൊണ്ടിരിക്കുന്ന
കടൽക്കാറ്റിന്റെ ചിത്രം
ഈ മധുശാലയിൽ വച്ചുപോകൂ...
ഇരുപത് വർഷത്തിന് ശേഷം
മഞ്ഞുമൂടിയ
ഈ ധ്രുവഗ്രാമത്തെക്കുറിച്ച്
കൂട്ടുകാരനോട് നീ പറയുമ്പോൾ
ശ്യാമശൈത്യം പകരുന്ന വാകമരത്തിന്റെ
തുലാമഴ നനഞ്ഞ ശിഖരങ്ങളിൽ
ഈ കടൽകാറ്റ് ചേക്കേറും...

ആ കാറ്റിലും
നീ തിരയുന്നവളുണ്ടാവും...!"

൦൦