Saturday, 20 December 2014

സംസ്കാരങ്ങളുടെ സംഘര്‍ഷവും മാര്‍ക്സിസവും

കിഴക്കന്‍ ലോകത്തു് സാമുവല്‍ ഹണ്ടിംഗ്‌ടന്‍ അത്രത്തോളം അഭിമതനായ ഒരു ചിന്തകനല്ല. എതിര്‍ക്കാന്‍ ആവശ്യം പോലെ വിഭവങ്ങള്‍ അദ്ദേഹം നല്കിയിട്ടുമുണ്ടു്. പക്ഷെ കേരളപരിസരത്തില്‍ ഹണ്ടിംഗ്‌ടന്‍ എതിര്‍ക്കപ്പെടുന്നതിനു മറ്റൊരു കാരണം കൂടിയുണ്ടു്‌. പി. കെ. പോക്കറുടെ ഈ പ്രസ്താവം അതു അടിവരയിടും; ''ഹണ്ടിംഗ്‌ടന്‍ അമേരിക്കന്‍ ഭരണകൂടത്തിനു വേണ്ടി വാദിച്ച ഒരു ചിന്തകന്‍ ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍െറ ചിന്ത ഒരു ഇന്ത്യാക്കാരനു ആശ്ലേഷിക്കാന്‍ കഴിയില്ല (വലതുധിഷണയുടെ ന്യായാധിപന്‍-മാധ്യമം ആഴ്ചപ്പതിപ്പ്‌-ജനുവരി 19, 2009)''. വിഷയങ്ങള്‍ ഇവിടെ പ്രസക്തമാകുന്നില്ല, അമേരിക്കയുമായി ബന്ധപ്പെട്ടുവരുന്നതെല്ലാം സാമ്രാജ്യത്വ അജണ്ടയായി, തുടക്കത്തില്‍ തന്നെ, ക്രിയാത്മകമായ തുടര്‍ചര്‍ച്ചകളില്‍ നിന്നും റദ്ദാക്കപ്പെടുന്നു.

സംസ്കാരത്തിന്‍െറ സംഘര്‍ഷം എന്ന തന്‍െറ പ്രശസ്തമായ വിശകലനത്തില്‍, പക്ഷെ, ഹണ്ടിംഗ്‌ടന്‍ വളരെ സുതാര്യമായി തന്‍െറ നിഗമനങ്ങള്‍ നിരത്തുന്നുണ്ടു്‌. വിപരീത വാദങ്ങള്‍ എന്തായാലും സാമുവല്‍ ഹണ്ടിംഗ്‌ടന്‍ മരിക്കുന്നതു്‌, അദ്ദേഹം മുന്നോട്ടുവച്ച പരികല്പന ലോകസമൂഹങ്ങളില്‍ വീണ്ടും പ്രത്യക്ഷത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സമകാലത്താണു്. വലിയമാനങ്ങളില്‍ അത്തരം വിഭജനങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കുകയോ ശക്തിയാര്‍ജ്ജിക്കുകയോ ചെയ്തിരിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള, ഭീകരതയ്ക്ക്‌ എതിരായ യുദ്ധം രണ്ടു മതസംസ്കൃതികളുടെ ചേരിതിരിവായി മാറിക്കൊണ്ടിരിക്കുന്നു. ജൂത, അറബ്‌ സംസ്‌ക്കാരങ്ങള്‍ വീണ്ടും തീവ്രമായ യുദ്ധത്തിലേയ്ക്ക്‌ പോയിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും, ഉണ്ടായിരുന്ന സാംസ്കാരിക സമന്വയങ്ങളെ മായ്ച്ചുകളയും വിധം, മതാധിഷ്ഠിതമായ സംസ്കാരങ്ങളുടെ തറയില്‍ കൂടുതല്‍ കൂടുതല്‍ ശത്രുതയോടെ നിലയുറപ്പിക്കാന്‍ തുടങ്ങിയിക്കുന്നു. ലോകത്തിന്‍െറ പല ഭാഗത്തും ചെറിയ സമൂഹങ്ങള്‍ ഗോത്രസംസ്കാരത്തിന്‍െറ ശേഷിപ്പുകളില്‍ രക്തരൂഷിതമായ സംഘട്ടനങ്ങളിലാണു്‌. ഉദാഹരണത്തിനു പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടേയും ആഭ്യന്തര കലാപങ്ങള്‍ ചൂണ്ടിക്കാട്ടാം.

സാംസ്കാരങ്ങളുടെ സംഘര്‍ഷം പുതിയ കാര്യമല്ല. അതെന്നും ഉണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ, വ്യാവസായികവിപ്ലവത്തിന്‍െറ അനിവാര്യതയായി കടന്നുവന്ന മാര്‍ക്സിസം പോലുള്ള ഒരു പ്രത്യയശാസ്ത്രത്തിന്‍െറ പ്രയോഗമാണു് ഇതിനെ കടപുഴകിയതു്‌. (ഇന്നു ലോകത്തറിയപ്പെടുന്ന പല മതങ്ങളും ഇത്തരം പ്രത്യയശാസ്ത്രങ്ങളായി തുടങ്ങുകയും കാലാകാലങ്ങളിലെ പ്രയോഗങ്ങളിലൂടെ, ഗോത്ര/വംശീയ സംസ്കാരങ്ങള്‍ക്കു് ഉപരിയായ ഒരു വിശാലസംസ്കൃതിക്കു് കാരണമായി തീരുകയുമാണു് ഉണ്ടായതു്‌.) പല സംസ്കാരങ്ങളുടേയും സങ്കീര്‍ണവും പരന്നതുമായ ഐഡിയോളജിക്കു മുകളിലായി കാള്‍ മാര്‍ക്സും മറ്റും നിവര്‍ത്തിച്ച ഏകമാനമായ പ്രത്യയശാസ്ത്രം അവരോധിക്കപ്പെടുകയായിരുന്നു. ലോകക്രമത്തെ ആകമാനം മാറ്റുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഒരു പ്രത്യശാസ്ത്ര പ്രയോഗമായിരുന്നു അതെന്നതിനു സംശയമൊന്നും ഇല്ല. എന്നാല്‍ ഒരു സമൂഹത്തിന്‍െറ അടിസ്ഥാന കാമനകളെ നിര്‍ണ്ണയിക്കുന്നതു് വിവിധതലങ്ങളില്‍ പ്രകാശിതമാവുന്ന അതിന്‍െറ സാംസ്കാരിക സ്വത്വമാണു് എന്ന നിരീക്ഷണത്തെ ഉറപ്പിച്ചുകൊണ്ടാണു്‌, ഒരു നൂറ്റാണ്ടിനുള്ളില്‍ തന്നെ മാര്‍ക്സിസത്തിന്‍െറ വൈവിദ്ധ്യമാര്‍ന്ന പ്രയോഗങ്ങള്‍ എല്ലാ അവസ്ഥയിലും പരാജയപ്പെടുകയോ വേഷം മാറുകയോ ചെയ്തതു്‌. മാര്‍ക്സിസത്തിന്‍െറ പ്രയോഗങ്ങള്‍ പക്ഷെ അവസാനിക്കുന്നു എന്നു് ഇതു് അര്‍ത്ഥമാക്കുന്നില്ല. പല ഇടങ്ങളിലും മാറിയ പരിതസ്ഥിതികളോടു് സമരസപ്പെട്ടു് മാര്‍ക്സിസം നിലനില്ക്കുന്നുണ്ടു്‌. അവയൊന്നും മാര്‍ക്സിന്‍െറ ചിന്താപദ്ധതിയുടെ നേര്‍ ആവിഷ്കാരങ്ങളല്ല. ഇതു മാര്‍ക്സിസത്തിന്‍െറ മാത്രം പരിമിതിയും അല്ല. യുട്ടോപ്പിയന്‍ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും പില്ക്കാലത്തു് വ്യവസ്ഥാപിത മതരൂപങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും വിധി ഇതു തന്നെയായിരുന്നു. നാരായണഗുരുവിനും ആ പ്രസ്ഥാനത്തിനും സംഭവിച്ചതു് നമ്മുടെ വളരെ ചെറിയ ചുറ്റളവിലെ സമകാലികചരിത്രമാണല്ലോ.

മാര്‍ക്സിസത്തില്‍ കൊമ്മ്യൂണിസത്തിന്‍െറ താത്വികമായ വിരുദ്ധദ്വന്ദം ക്യാപിറ്റലിസം സംഭാവന ചെയ്യുന്ന ബൂര്‍ഷ്വാസി ആയിരുന്നു, സംസ്കാരം ആയിരുന്നില്ല. എന്നാല്‍ പ്രയോഗത്തില്‍, മാര്‍ക്സിസത്തിനു നേരിടേണ്ടി വന്നതും നേരിട്ടതും സംസ്കാരത്തെ ആയിരുന്നു. റഷ്യന്‍ വിപ്ലവത്തിന്‍െറ കാര്യം എടുത്താല്‍, പട്ടണങ്ങളില്‍ പരിമിതമായ തലത്തില്‍ നിലനിന്നിരുന്നു എന്നതൊഴിച്ചാല്‍ അനിയന്ത്രിത മുതലാളിത്തത്തിന്‍െറ സമ്പൂര്‍ണചൂഷിതാവസ്ഥ മാര്‍ക്സ്‌ വിഭാവന ചെയ്തതു പോലെ റഷ്യയില്‍ സംജാതമായിരുന്നില്ല. നിരന്തരമായ യുദ്ധങ്ങളിലൂടെയും മറ്റും ചക്രവര്‍ത്തിഭരണം വരുത്തിവച്ച ദാരിദ്ര്യം ഏതാണ്ടു് എല്ലാതലങ്ങളേയും ബാധിച്ചിരുന്നു. ലണ്ടനിലിരുന്നു് മാര്‍ക്സ്‌ ചിന്തിച്ച പോലുള്ള സാമൂഹ്യാവസ്ഥ ആയിരുന്നില്ല അതു്‌. അതുകൊണ്ടു അവര്‍ സാര്‍ചക്രവര്‍ത്തിയെ കൊന്നു് വിപ്ലവം പ്രാവര്‍ത്തികമാക്കി. സാര്‍ചക്രവര്‍ത്തിയുടെ മരണം ഉറപ്പാക്കിയതു് ക്യാപിറ്റലിസത്തില്‍ നിന്നും സോഷ്യലിസത്തിലേക്കുള്ള വഴിയൊന്നും ആയിരുന്നില്ല, ഒരു സംസ്കാരത്തിനുമേലുള്ള പ്രത്യയശാസ്ത്ര അധിനിവേശം ആയിരുന്നു. ഏതാണ്ടു് ഒരു നൂറ്റാണ്ടിനുശേഷം നിക്കോളാസ്‌ രണ്ടാമനേയും കുടുംബത്തേയും റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ വിശുദ്ധരായി അഭിഷേകം ചെയ്തു എന്നതു് അന്നു് അമര്‍ത്തപ്പെട്ട ഒരു വലിയ സാംസ്കാരിക ഇടത്തിന്‍െറ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. അതു തന്നെയാണ്‌ ആ പ്രത്യയശാസ്ത്ര അധിനിവേശത്തെ ഉദാഹരിക്കുക. സംസ്കാരത്തെ സ്പര്‍ശിക്കാതെ പോവുകയാലും മുതലാളിത്തത്തിന്‍െറ എല്ലാ പ്രയോഗങ്ങളേയും ശത്രുപക്ഷത്തു നിര്‍ത്തുകയാലും മാര്‍ക്സിസം അതിന്‍െറ ആയുര്‍ദൈര്‍ഘ്യം സ്വയം പരിമിതപ്പെടുത്തുകയായിരുന്നു. റഷ്യന്‍ വിപ്ലവത്തോടെ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം തുടങ്ങിവെച്ചതു് ആ ആയുര്‍ദൈര്‍ഘ്യം കൂട്ടാനുള്ള രക്തരൂഷിതമായ മുന്നേറ്റങ്ങളാണു്‌.

ഭരണകാര്യങ്ങളില്‍ വന്നു ഭവിച്ചിട്ടുള്ള അവ്യക്തതയും അപ്രായോഗികതയും മാര്‍ക്സിസത്തെ എന്നും പരിമിതപ്പെടുത്തിയിരുന്നു. അതു കൊണ്ടുതന്നെയാണു്‌, ലെനിന്‌ 'ലിമിറ്റഡ്‌ ക്യാപിറ്റലിസം' അനുവദിക്കേണ്ടിവന്നതു്‌. പ്രയോഗത്തില്‍ മാര്‍ക്സിസത്തിനു മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. കാരണം സംസ്കാരത്തെ പോലെതന്നെ മനുഷ്യകാമനകളെ അടിസ്ഥാനത്തില്‍ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ മുതലാളിത്തവും ഉള്‍പ്പേറുന്നു. മുതലാളിത്തത്തിന്‍െറ ഏതെങ്കിലും അവസ്ഥയെ ഉള്‍ക്കൊള്ളാതെ ഒരു ഭരണക്രമത്തിനും പ്രവര്‍ത്തനം സാദ്ധ്യമാവില്ല. മാര്‍ക്സിസ്റ്റുകള്‍ ഇതു തിരിച്ചറിയുകമാത്രമല്ല, പലയിടങ്ങളിലും അതില്‍ അഭിരമിച്ചുകൊണ്ടു്‌, ഏതു ബൂര്‍ഷ്വായെക്കാളും നന്നായി, ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇതു് വിഭ്രംജിതമായ നിലയില്‍ ചൗഷസ്‌ക്യൂവിലും മറ്റും നമ്മള്‍ അറിഞ്ഞിട്ടുണ്ടു്. അതിനാല്‍ തന്നെയാണു് മാര്‍ക്സിസ്റ്റ്‌ പ്രയോഗങ്ങള്‍ നടപ്പിലാക്കിയ രാഷ്ട്രങ്ങള്‍ക്കു് ഉടനെതന്നെ രാജ്യാതിര്‍ത്തികളെ ഇരുമ്പുകവചത്താല്‍ മറയ്ക്കേണ്ടി വരുന്നതും. മാര്‍ക്സിസം നടപ്പാക്കുന്നതു്‌, ക്യാപ്പിറ്റലിസം തന്നെ എന്നു ലോകത്തെ അറിയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാവും അതിന്‍െറ ചുരുക്കെഴുത്തു്‌. പിന്നീടു് ഈ അനിവാര്യത തിരിച്ചറിഞ്ഞ ചൈന, അതു് ഉപേക്ഷിച്ചു് കുറച്ചെങ്കിലുമൊക്കെ ലോകത്തിന്‍െറ തുറന്ന ക്രമങ്ങളിലേക്കു് ഇറങ്ങിവരാന്‍ തയ്യാറായതിനെയാണു് മാര്‍ക്സിസത്തിന്‍െറ സമകാലികവിജയമായി ആ പ്രത്യയശാസ്ത്രത്തിന്‍െറ ആരാധകര്‍ ഉയര്‍ത്തികാട്ടുന്നതു്‌. ഈ അനിവാര്യതയെ തിരിച്ചറിയാന്‍ ടിയാനെന്‍മെന്‍ സ്ക്വയര്‍ സംഭവം നല്ലൊരു ചികിത്സയായിമാറുകയും ചെയ്തു. ചൈനയിലെ ഒരു കൂട്ടം ജനങ്ങളുടെ ജീവിതനിലവാരത്തിനു മറ്റു പല മാര്‍ക്സിസ്റ്റ്‌ രാഷ്ട്രങ്ങളിലേതിനെക്കാളും പരിമിതമായ തോതിലെങ്കിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം, മാര്‍ക്സിസ്റ്റ്‌ പ്രയോഗത്തിന്‍െറ വിജയമല്ല, മറിച്ചു്‌, വ്യവസ്ഥാപിത മാര്‍ക്സിസത്തില്‍ നിന്നുള്ള വിച്ഛേദവും തദ്വാരാ മുതലാളിത്ത പ്രയോഗങ്ങള്‍ ഉണ്ടാക്കിയ ക്രിയാത്മകതയുമാണു്‌.

ചൂഷിത-ചൂഷക വര്‍ഗങ്ങള്‍ എല്ലാ കാലത്തും എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. അതു മുതലാളിത്തം സൃഷ്ടിച്ച വിഭജനം അല്ല. ആ വിഭജനത്തിന്‍െറ തീവ്രത വര്‍ദ്ധിച്ചകാലങ്ങളിലെല്ലാം, അതിനെതിരെ ചെറുതും വലുതുമായ ജനമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ സംജാതമായ അത്തരം ജനമുന്നേറ്റങ്ങള്‍ക്ക്‌ പിന്നണിയായി മാര്‍ക്സിസം എന്ന പേരു ഉപയോഗിക്കപ്പെട്ടു എന്നുള്ളതിനപ്പുറം, മാര്‍ക്സിസത്തിന്‍െറ പൂര്‍ണമായ താത്വിക പിന്തുണയില്‍ ഒന്നും അല്ല ആ മുന്നേറ്റങ്ങള്‍ നടന്നിട്ടുള്ളത്‌. അക്കാലത്തെ അരക്ഷിതാവസ്ഥയില്‍ ഉടലെടുത്ത ജനമുന്നേറ്റങ്ങളുടെ ദശാസന്ധിയില്‍ മാര്‍ക്സിസം അവിടങ്ങളില്‍ വന്നുപെട്ടു എന്നേയുള്ളു. മാര്‍ക്സിസം ഉണ്ടായിരുന്നില്ലെങ്കിലും മറ്റുനിലയ്ക്ക്‌ ആ വിപ്ലവങ്ങള്‍ നടക്കുക തന്നെ ചെയ്യുമായിരുന്നു. ഒരുപക്ഷെ, കുറച്ചു കൂടി മാനവികവും ക്രിയാത്മകവും ആയ നിലയില്‍. റഷ്യയില്‍ അക്കാലത്തു തന്നെ മെന്‍ഷെവിക്കുകള്‍ ഈ സാദ്ധ്യത തിരിച്ചറിഞ്ഞിരുന്നു എന്നതും ചരിത്രമാണ്‌. കേരള പരിസരത്തില്‍ മാര്‍ക്സിസം വന്നതിന്‍െറ പശ്ചാത്തലവും ഇതിനു വ്യക്തമായ തെളിവുതരാതിരിക്കില്ല.

കേരളത്തിലേത്‌ പുരാതന കാലം മുതല്‍ തന്നെയുള്ള ഒരു സങ്കരസംസ്കാരമാണ്‌. ആദിമ ഗോത്രസമൂഹങ്ങള്‍ ഒരുകാലത്തും കേരളത്തിന്‍െറ മുഖ്യധാരയില്‍ ഉണ്ടായിട്ടില്ല. ഗോത്രസ്മൃതികളെക്കാള്‍ മലയാളികളുടെ സംസ്കാരം നിര്‍ണയിച്ചത്‌ വംശീയമായ തായ്‌വേരുകളാണ്‌. തൊഴിലധിഷ്ടിതമായ വിഭജനങ്ങളെ, വര്‍ണ്ണക്രമത്തില്‍ അടുക്കി നിജപ്പെടുത്തുന്നതില്‍ ഹിന്ദുയിസത്തെ വ്യാഖ്യാനിച്ച പ്രപിതാമഹര്‍ വിജയിച്ചു. ഗോത്രസമൂഹങ്ങള്‍ ഈ വര്‍ണ്ണക്രമത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഭാഷാവ്യതിരക്തതയോടു കൂടി കേരളം അടയാളപ്പെട്ട്‌ ഏതാണ്ട്‌ പത്തുനൂറ്റാണ്ടോളം കേരളത്തിന്‍െറ സംസ്കാരം ജാതീയതയുടെ ചരിത്രമായിരുന്നു. നവോത്ഥാനകാലത്തോടുകൂടി ഈ വിഭാഗീയതയുടെ പ്രകാശനങ്ങള്‍ ഉപരിപ്ലവമായെങ്കിലും കുറഞ്ഞുവന്നിട്ടുണ്ട്‌(റിനെയ്‌സെന്‍സ്‌ എന്ന യൂറോപ്യന്‍ അവസ്ഥയുടെ ഭാഷാന്തരീകരണമാണു നവോത്ഥാനമെങ്കില്‍, കേരളപരിസരത്തില്‍ അതിനു സാംഗത്യക്കേടുണ്ടെന്നു നമ്മുടെ സാമൂഹ്യനിരൂപകര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. ഗ്രീക്‌, റോമന്‍ സംസ്കൃതികള്‍ ഒരുകാലത്തു നിലനിര്‍ത്തിയിരുന്ന ഔന്നത്യം മധ്യകാലത്തിനു ശേഷം യൂറോപ്പു തിരിച്ചു പിടിച്ചു എന്നതില്‍ നിന്നാണ്‌ അവിടെ അങ്ങിനെ ഒരു പ്രയോഗം വന്നത്‌. കേരളത്തിനു സുഭഗമായ ഏതു ചരിത്രത്തെയാണ്‌ തിരിച്ചുപിടിക്കാനുള്ളത്‌. പത്താംനൂറ്റാണ്ടിനപ്പുറത്തേക്ക്‌ നമുക്ക്‌ നാമമാത്രമായ ചരിത്രമേയുള്ളു. കുറച്ചെങ്കിലും അറിയപ്പെടുന്ന പത്തുനൂറ്റാണ്ടിന്‍െറ ചരിത്രത്തില്‍ പുനരുദ്ധരിച്ചു കൊണ്ടുവരേണ്ടതായ വലിയ നന്മകളൊന്നും നമ്മുടെ ജാതീയസംസ്കാരം ഉണ്ടാക്കിയിരുന്നുമില്ല).

നവോത്ഥാനത്തെ സാദ്ധ്യമാക്കിയത്‌ കോളനിവത്‌കരണമാണ്‌. രാജഭരണങ്ങളുടെ അപ്രമാദിത്വത്തില്‍ സാധ്യമാവുന്ന ഒന്നായിരുന്നില്ല കേരളത്തില്‍ സംജാതമായ പുരോഗമനോന്മുഖമായ ആ ചലനം. കോളനിയാക്കിയവരുടെ ജാതിരഹിതമായ വീക്ഷണമാണ്‌ നാരായണഗുരുവിനേപ്പോലുള്ള ഒരാളുടെ വളര്‍ച്ച സാദ്ധ്യമാക്കിയത്‌. എല്‍. എം. എസ്‌ മിഷണറിയായിരുന്ന സാമുവല്‍ മെറ്റീറിന്‍െറ അക്കാലത്തെ കേരളത്തെ കുറിച്ചുള്ള വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അധ:സ്ഥിതരായി കഴിയുന്ന ഒരുകൂട്ടം ജനതയെ ഉദ്ധരിക്കാന്‍ വിദ്യാഭ്യാസത്തിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും കോളനിവത്‌ക്കരണക്കാരില്‍ പലരും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു എന്നു മനസ്സിലാക്കാം, എത്രയൊക്കെ തന്നെ സ്വാര്‍ത്ഥത അവരിലാരോപിച്ചാലും (നേറ്റിവ്‌ ലൈഫ്‌ ഓഫ്‌ ട്രാവന്‍കൂര്‍ - സാമുവല്‍ മെറ്റീര്‍ - വിവ.: എ. എന്‍. സത്യദാസ്‌ - ആരോ ബുക്‌സ്‌). തങ്ങളുടെ വ്യക്തിപരമായ, പലപ്പോഴും മനുഷ്യത്വരഹിതമായ, ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ കോളനിവത്‌ക്കരണക്കാര്‍ കൂട്ടുനില്‍ക്കാതെ വന്നപ്പോള്‍ മാത്രം അവര്‍ക്കെതിരെ തിരിഞ്ഞ്‌ രാജ്യസ്നേഹികളായി മാറിയ വേലുത്തമ്പി ദളവയേയും പഴശിരാജായേയുംകാള്‍ കേരളത്തിന്‍െറ സാമൂഹികജീവിതത്തിനു പുരോഗമനോന്മുഖമായ ഒരുപാടു സംഭാവനകള്‍ നല്‍കിയിട്ടുള്ളത്‌ കോളനിവത്‌കരണമാണ്‌.

ഇത്‌ നാരായണഗുരുവിന്‍െറ കാലത്തു പെട്ടെന്നു സംഭവിച്ച മാറ്റമല്ല. വേദ, ശാസ്‌ത്രങ്ങള്‍ അവര്‍ണര്‍ പഠിക്കരുത്‌ എന്ന ചാതുര്‍വര്‍ണ്ണ്യ നിയമത്തിനു പുറത്ത്‌ എഴുത്തച്ഛന്‍ മലയാളഭാഷയെ പുനര്‍നിര്‍ണ്ണയിച്ചു എന്നത്‌ യൂറോപ്പ്യന്‍ അധിനിവേശം സൃഷ്ടിച്ച കലുഷമായ സാമൂഹ്യാന്തരീക്ഷത്തില്‍, ഉയര്‍ന്നജാതികള്‍ക്കു അപ്രമാദിത്വം നഷ്ടപെട്ടതു കൊണ്ടുകൂടി ഉണ്ടായ ഒരു പ്രതിഭാസമാണ്‌. നാരായണഗുരുവിന്‍െറ കാലമായപ്പോഴേക്കും, പല്പുവിനെ തിരുവിതാംകൂര്‍ രാജ്യം പഠിക്കാന്‍ അനുവദിച്ചില്ലെങ്കിലും, ബ്രിട്ടിഷ്‌ നിയന്ത്രണത്തിലുള്ള മദിരാശിയില്‍ വിദ്യാഭ്യാസം തുടരാനും, മൈസൂറില്‍ പോയി ഉയര്‍ന്ന ഉദ്യോഗം വഹിക്കാനും സാധിച്ചു എന്ന നിലയ്ക്കു കോളനിവത്‌കരണം മുന്നോക്കം കൊണ്ടുവന്ന അവസരങ്ങള്‍ വിപുലമായിരുന്നു. ഈ തുറന്ന കാഴ്ചകള്‍ നാരായണഗുരുവിനും പല്പുവിനും മറ്റു സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും നല്കിയ വെളിച്ചവും ശക്തിയും ചെറുതല്ലായിരുന്നു എന്നു വേണം അനുമാനിക്കാന്‍. മിഷണറിമാരുടെ വിദ്യാഭ്യാസ ശ്രമങ്ങളിലൂടെയും നാരായണഗുരുവിനെപ്പോലുള്ളവരുടെ സാമൂഹ്യപരിഷ്ക്കരണശ്രമങ്ങളിലൂടെയും ദേശീയപ്രസ്ഥാനങ്ങള്‍ നല്കിയ ദിശാബോധത്തിലൂടെയും ഒക്കെ ഉഴുതുമറിക്കപ്പെട്ട മണ്ണിലേക്കാണ്‌ കേരള മാര്‍ക്സിസ്റ്റ്‌ ജനിക്കുന്നത്‌.

നവോത്ഥാനത്തിന്‍െറ പ്രബുദ്ധത നല്ലതുപോലെ ഏശിയ ബംഗാളിലും കേരളത്തിലുമാണു മാര്‍ക്സിസം സാദ്ധ്യമായത്‌. നവോത്ഥാനത്തിന്‍െറ അനേക ഘടകങ്ങളില്‍ ഒന്നുമാത്രമായിരുന്നു മാര്‍ക്സിസം. പ്രാദേശികമായ ചില കാര്‍ഷിക മുന്നേറ്റങ്ങളിലും മറ്റും മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം സ്വാധീനിച്ചവരുടെ നേതൃത്വം ഉണ്ടായിരുന്നു എങ്കിലും, വലിയ വിപ്ലവങ്ങളൊന്നും കേരളത്തില്‍ മാര്‍ക്സിസത്തിനു ആ ദശാസന്ധിയില്‍ നടത്തേണ്ടി വന്നിട്ടില്ല. ദേശീയ പ്രസ്ഥാനത്തിന്‍െറ നെടുന്തൂണായിരുന്ന നാഷണല്‍ കോണ്‍ഗ്രസ്സിന്‍െറ ചില നയങ്ങളോടു വിഘടിച്ച കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്‌ കേരളത്തില്‍ മാര്‍ക്സിസ്റ്റ്‌ സംഘം ഉണ്ടാക്കുന്നത്‌. മാര്‍ക്സിസം നിര്‍വ്വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത കൊമ്മ്യൂണിസത്തിന്‍െറ, പരുവപ്പെട്ട സാമൂഹ്യസാഹചര്യത്തിലുണ്ടായ അനിയന്ത്രിതമായ കടന്നുവരവൊന്നുമായിരുന്നില്ല ഇവിടെ സംഭവിച്ചത്‌. അതുകൊണ്ടാണ്‌ കേരളത്തില്‍ മാര്‍ക്സിസത്തിനു വേഗം തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതും.

നാരായണഗുരുവായാലും മന്നത്തു പത്മനാഭനായാലും വി. ടി. ഭട്ടതിരിപ്പാടായാലും സ്വസമുദായത്തിന്‍െറ നവീകരണമാണു ഏറ്റെടുത്തത്‌. സാമുദായിക ഉന്നമനത്തിന്‍െറ, ബോധവും അബോധവുമായ സാമൂഹികവിവക്ഷകളുടെ വ്യാപ്തി മറക്കാതിരുന്നാല്‍ തന്നെ, ഒരു പ്രത്യേക ഘട്ടത്തിനുശേഷം അവ സാന്ദ്രീകരിക്കപ്പെടും എന്നതുണ്ട്‌. ഈ പരിമിതിയിലാണു മാര്‍ക്സിസത്തിന്‍െറ പ്രയോക്താക്കള്‍ സമത്വം എന്ന യുട്ടോപ്പിയന്‍ ആശയം അവതരിപ്പിക്കുന്നതും, വലിയൊരുകൂട്ടം ജനങ്ങളെ അണികളായി ചേര്‍ക്കുന്നതും. കേരളത്തില്‍ മാര്‍ക്സിസത്തിനു ഈ ജനക്കൂട്ടത്തെ സ്വന്തമാക്കന്‍ സാദ്ധ്യമായത്‌, അവരുടെ സാമൂഹിക സാഹചര്യത്തെ ഒരു പ്രത്യേക നിലവരെ നവോത്ഥാനകാലത്തെ സാമുദായിക മുന്നേറ്റങ്ങള്‍ ഉയര്‍ത്തികഴിഞ്ഞിരുന്നതിനാലാണ്‌. അത്തരം ഒരു ഉന്നമനം സമൂഹത്തില്‍ നിലവിലില്ലാതിരുന്നതുകൊണ്ടാണു് ഇന്ത്യയുടെ മറ്റു ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലും മാര്‍ക്സിസത്തിനു പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്‌. കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പ്രയോഗം സ്വയം ഒരു വലിയ ജനമുന്നേറ്റത്തിലൂടെ ഉയര്‍ന്നുവന്നതല്ല. പൊതുവായി നിലനിന്ന സാമൂഹ്യനിലവാരത്തെ റാഞ്ചിയെടുത്തതാണ്‌.

കേരളത്തിലെ സങ്കരവും ജാതീയവുമായ സംസ്കൃതിയുടെ അയഞ്ഞ ഘടന കൊണ്ടുതന്നെ, ഒരു രാഷ്ട്രീയ എതിരാളി എന്ന നിലയ്ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഉണ്ടായിരുന്നു എന്നതിനപ്പുറം, മാര്‍ക്സിസത്തിനു പ്രത്യയശാസ്ത്രതലത്തിലോ പ്രയോഗത്തിന്‍െറ ഭൂമികയിലോ ശക്തമായ ഒരു എതിര്‍ദ്വന്ദം ഉണ്ടായിരുന്നില്ല. അങ്ങിനെ ശക്തമായ സാംസ്കാരിക എതിരാളി ഉണ്ടാവുമായിരുന്ന തമിഴകം പോലുള്ള മറ്റു പല സ്ഥലങ്ങളിലും ജനമുന്നേറ്റങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ധൈര്യവും ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഉണ്ടായിരുന്നുമില്ല. അടിസ്ഥാന ആശയങ്ങളെ ഉപേക്ഷിച്ചുകൊണ്ടേ പാര്‍ലമെന്‍ററി ജനാധിപത്യത്തിനോടു മാര്‍ക്സിസത്തിനു സമപ്പെടാന്‍ സാധിക്കുകയുള്ളു. അത്തരത്തില്‍ അടിസ്ഥാനത്തില്‍ ആത്മവഞ്ചന നടത്തിയാണു മാര്‍ക്സിസ്റ്റുകള്‍ കേരളത്തിലും ബംഗാളിലും മറ്റും ഭരണ പങ്കാളികളായത്‌. ജനാധിപത്യ ഭരണത്തിനുള്ളില്‍ നിന്നു മാര്‍ക്സിസ്റ്റു ആശയങ്ങള്‍ നടപ്പാക്കുക എന്നതു അസംഭവ്യമാണ്‌. എങ്കിലും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഏകപക്ഷികമായി തുടര്‍ന്നിരുന്നുവെങ്കില്‍ കാലതാമസം നേരിടുമായിരുന്ന ഭൂപരിഷ്ക്കരണം പോലുള്ള, മാര്‍ക്സിസ്റ്റ്‌ ചിന്താഗതിയോടു ചേര്‍ന്നുവരുന്ന ചില പ്രയോഗങ്ങള്‍ അവര്‍ പരീക്ഷിക്കാതിരുന്നില്ല. അത്തരത്തില്‍ നടത്താന്‍ ശ്രമിച്ച്‌ പാളിപ്പോയ മറ്റൊരു പ്രയോഗമാണു പൊതുവിദ്യാഭ്യാസ ബില്ല്‌. എന്നാല്‍ വിമോചനസമരത്തിനു ശേഷം എത്രയോ തവണ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ ഭരണം നടത്തി. രണ്ടാമത്‌ ഒരിക്കല്‍ കൂടി അതു പരീക്ഷിക്കാനുള്ള ശക്തി അവര്‍ കാണിച്ചില്ല. അപ്പോഴേക്കും മാര്‍ക്സിസം നമ്മുടെ ജനാധിപത്യത്തിലെ മറ്റൊരു കക്ഷിരാഷ്ട്രീയഘടകമായി പരിമിതപ്പെട്ടുകഴിഞ്ഞിരുന്നു.

റഷ്യയിലെയോ ചൈനയിലെയോ എന്തിനു ബംഗാളിലെ പോലെയോ പോലും പരിമിതമായ നിലയില്‍ ഒരു സാംസ്കാരിക സ്വത്വം മാര്‍ക്സിസത്തിനു കേരളത്തില്‍ സാധിക്കാതെ പോയതിനുള്ള കാരണം, നേരത്തെ സൂചിപ്പിച്ചതു പോലെ, ശക്തമായ ഒരു ദ്വന്ദം ഇല്ലാതെ പോയതാണ്‌. ജനാധിപത്യത്തില്‍ ആയാല്‍പോലും സാംസ്കാരിക ഘടകം അന്തസത്തയില്‍ നിലനിര്‍ത്തുന്ന രാഷ്ട്രീയകക്ഷികള്‍ ഏതു സമയത്തും മൗലികവാദത്തിലേക്കു പോവാം. ബി.ജെ.പിയുടെ വളര്‍ച്ച അതിനുള്ള ഉദാഹരണമാണ്‌. മാര്‍ക്സിസത്തിനു കേരളത്തില്‍ മൗലികനിലപാടുകളില്‍ വിജയിക്കാന്‍ സാധിക്കാതെ പോവുന്നതും ഇത്തരം പൊതുസംസ്കാരിക ഇടത്തിന്‍െറ അഭാവം മൂലമാണ്‌. പൊതുവിദ്യാഭ്യാസബില്ലിനോടുള്ള എതിര്‍പ്പും വിമോചന സമരവും സൂക്ഷ്മത്തില്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാവും. സോഷ്യലിസ്റ്റുകള്‍ എന്ന നിലയ്ക്ക്‌, മാര്‍ക്സിസ്റ്റുകള്‍ക്കു കൊടുത്തിരുന്ന പരിഗണനയും ബഹുമാനവും തിരിച്ചു ലഭിച്ചിരുന്നോ എന്നതു സംശയമാണ്‌. ഇതു വ്യക്തിപരമോ പ്രത്യയശാസ്ത്രപരമോ ആയി ലളിതവത്‌ക്കരിക്കുന്നത്‌ നന്നല്ല. ഒരു രാഷ്ട്രം എന്ന നിലയ്ക്ക്‌ ഇന്ത്യയുടെ ഫെഡറല്‍ ഘടന അത്‌ ആവശ്യപ്പെടുന്നുണ്ട്‌. മാത്രവുമല്ല, നവജാതമായ ഇന്‍ഡ്യന്‍ സോവ്‌റിനിറ്റിയെ കാര്യമായി മാനിക്കാതെ, മാര്‍ക്സിസ്റ്റ്‌ കൊമ്മ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളോടു ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ശാസ്യമല്ലാത്ത ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്‍െറ കൂടി പിന്‍ബലത്തിലാവാം അക്കാലത്തെ മാര്‍ക്സിസ്റ്റ്‌ ഭരണം, മറ്റെല്ലാ മാര്‍ക്സിസ്റ്റ്‌ ഭരണത്തേയും പോലെ, ടോട്ടാലിറ്റേറിയന്‍ സ്വഭാവങ്ങള്‍ കാണിച്ചു തുടങ്ങിയതു കൊണ്ടു കൂടിയാണ്‌ വിമോചനസമരം ഉണ്ടായതും തുടര്‍ന്നു മാര്‍ക്സിസ്റ്റുകളുടെ ജനാധിപത്യത്തിനു നിരക്കാത്ത സ്വഭാവവിശേഷത്തെ സംശയത്തോടെ വീക്ഷിച്ചിരുന്ന കേന്ദ്രം ഇടപെട്ടതും. ഈ അനിവാര്യത തടഞ്ഞു നിര്‍ത്താന്‍ മാത്രം ശക്തമായൊരു സാംസ്കാരിക ഇടം മാര്‍ക്സിസത്തിനു കേരളത്തില്‍ ഒരിക്കലും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുമില്ല. അത്തരത്തില്‍ ടോട്ടാലിറ്റേറിയന്‍ ഭരണക്രമത്തിലേക്കു പോകുമായിരുന്ന മാര്‍ക്സിസ്റ്റു മുന്നേറ്റത്തെ തടഞ്ഞു എന്ന ഖ്യാതി വിമോചന സമരത്തിനുണ്ട്‌. ഇതു വെറും ഹൈപോതെറ്റിക്കലായ ഒരു നീരിക്ഷണമാണ്‌ എന്നു തോന്നാത്തത്‌ മാറിയ ലോകക്രമത്തിലും ചെറിയൊരു പ്രദേശത്തിരുന്നു കേരള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിക്കുന്ന റ്റോട്ടാലിറ്റേറിയന്‍ ഭത്സനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണ്‌.

ഹണ്ടിംഗ്‌ടന്‍ സൂചിപ്പിക്കുന്നതു പോലെ വ്യവസ്ഥാപിതമതങ്ങള്‍ ഗോത്രസംസ്കൃതികള്‍ക്ക്‌ അപ്പുറത്തുള്ള വിശാലമായ ഒരു സംസ്ക്കാരത്തെ സാദ്ധ്യമാക്കുന്നുണ്ട്‌. അത്തരത്തില്‍ ശക്തമായികൊണ്ടിരിക്കുന്ന ഇനിയും കൂടുതല്‍ ശക്തമാവാന്‍ സാദ്ധ്യതയുള്ള ഒരു ഇന്ത്യന്‍ സംഘമാണു് ബി.ജെ.പി യും അതിന്‍െറ അനുബന്ധസംഘടനകളും. സ്വാതന്ത്ര്യം ലഭിച്ചതിന്‍െറ സെക്യുലര്‍ സന്തോഷങ്ങളുടെയും മാനവിക ഉണര്‍ച്ചകളുടെയും ഇടയിലാണു ഒരു ആര്‍. എസ്‌. എസ്‌ അനുഭാവിയാല്‍ ഗാന്ധിജി കൊല്ലപ്പെട്ടത്‌ എന്നത്‌ എല്ലാ സിസ്റ്റങ്ങള്‍ക്കും ഉപരിയായി സംസ്കാരത്തിന്‍െറ ധാരകള്‍ എല്ലാകാലത്തും സജീവമായി നില്‍ക്കുന്നു എന്നതിന്‍െറ സൂചനയാണ്‌. മാര്‍ക്സിസത്തിന്‍െറ സമ്പൂര്‍ണത കേരളത്തില്‍ അനുവദിക്കാതിരുന്ന അതേ ഘടകങ്ങള്‍ തന്നെയാണു ബി. ജെ. പിയുടെ സത്വരവളര്‍ച്ചയും കേരളത്തില്‍ സമ്മതിക്കാതിരിക്കുന്നത്‌. മാര്‍ക്സിസം ബി. ജെ. പിയുടെ വളര്‍ച്ചയെ തടയിട്ടു എന്നതല്ല അത്‌. സങ്കരമായ ഒരു സംസ്കാരം മൗലികവാദങ്ങളേയും അതിന്‍െറ പ്രയോഗങ്ങളേയും അനുവദിക്കാന്‍ മടിക്കും എന്നതാണ്‌.

**

2009 ഫെബ്രുവരിയിലെ 'തർജ്ജനി'യിൽ പ്രസിദ്ധീകരിച്ചത്

00

No comments:

Post a comment