Wednesday, 9 April 2014

ഒറ്റയ്ക്ക് ചെയ്തതിനെ കുറിച്ച്...

ചില മനുഷ്യജീവിതങ്ങള്‍ ആ വാക്ക് പൊതുവേ വ്യവഹരിച്ചുകാണുന്ന അര്‍ത്ഥതലങ്ങളില്‍ ഒതുങ്ങില്ല. പാരാജയപ്പെട്ടത്‌, പാര്‍ശ്വവല്ക്കരിക്കപെട്ടത്‌ എന്നൊക്കെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ ആ ജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ലോപനിലപാടുകളെ അസ്വസ്ഥതപ്പെടുത്തുകയും പുനര്‍വിചിന്തനങ്ങള്‍ക്ക് വിധേയമാവാന്‍ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. ദയാബായി അത്തരത്തിലാണ് ചിത്രത്തിലേക്ക് വരുക. കന്യാസ്ത്രീമഠത്തിന്റെ അതിരുകള്‍ ഉപേക്ഷിച്ച് പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ പല തലങ്ങളിലൂടെ യാത്രചെയ്ത് അവസാനം മദ്ധ്യപ്രദേശിലെ ഗോത്രവര്‍ഗ ജനങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ ജനശ്രദ്ധ നേടുന്നത്. ഷൈനി ജേക്കബ് ബെഞ്ചമിന്‍ ദയാബായിയുടെ ജീവിതത്തിലൂടെ നടത്തുന്ന പാര്‍ശ്വസഞ്ചാരമാണ് 'ഒറ്റയാള്‍' എന്ന ചിത്രം.

ഒരു പത്രത്തിലോ ആനുകാലികത്തിലോ പ്രസിദ്ധീകരിച്ചു കണ്ടേക്കാവുന്ന ഫീച്ചറിന്റെ സ്വഭാവം നല്ല പോലെയുണ്ട് ഈ ചിത്രത്തിന്. പ്രമേയപരമായ കടമ വ്യക്തമായും നിറവേറ്റിക്കൊണ്ട് ക്യാമറയിലൂടെ ദയാബായിയുടെ ജീവിതം നേര്‍രേഖയില്‍ നോക്കികാണുക എന്ന ലളിതമായ ആവിഷ്ക്കാരരീതിയാണ് പിന്തുടര്‍ന്നുകാണുന്നത്. അരമണിക്കൂറില്‍ അവതരിപ്പിക്കാമായിരുന്ന വിഷയമാണ് ഒരു മണിക്കൂറിലധികം നീട്ടി പറഞ്ഞിരിക്കുന്നത് - ഒരു ചിത്രസംയോജകന്റെ അഭാവം പ്രകടമാക്കികൊണ്ട്. ദയാബായിയുമായി നടത്തിയ അഭിമുഖമാണ് നറേഷനായി കൂടുതല്‍ ഉപയോഗിച്ച് കാണുന്നത്. നീളത്തില്‍ വൈകാരികമായി ആത്മകഥ പറയുന്നതിന്റെ വിരസത അതുളവാക്കുന്നുണ്ട്. ലാവണ്യപൂര്‍ണ്ണമായിരിക്കുമ്പോള്‍ തന്നെ ഒബ്ജക്ടീവായി പ്രമേയങ്ങള്‍ പ്രകാശിപ്പിക്കാനാവുന്നതിന്റെ സാധ്യതകള്‍ മലയാളം ഡോക്യുമെന്‍ററികള്‍  പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എം. എ. റഹ്മാന്‍ മുതല്‍ ഇതേ സബ്ജക്ടിവിറ്റി തന്നെയല്ലേ നമ്മള്‍ കണ്ടുമടുത്തത്. ഔട്ട്‌ഡോര്‍ സീനുകളില്‍ ഒരു മെറ്റാലിക്ക് കിളി പിന്നണിയില്‍ തുടര്‍ച്ചയായി കരഞ്ഞുകൊണ്ടേയിരിക്കുന്നു എന്നതാണ് പശ്ചാത്തല ശബ്ദവിന്യാസത്തിന്റെ മികവ്. പറയുന്ന വിഷയത്തിന് സംഗീതം ഒരു ഘടകമാവേണ്ടതില്ല എന്ന് സംവിധായകയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍, സിനിമയെ സംബന്ധിച്ച പശ്ചാത്തലസംഗീതത്തിന്റെ വിവിധങ്ങളായ അന്വേഷണങ്ങളിലേക്ക് നീങ്ങാന്‍ മടിക്കുന്നു എന്നുകൂടി വായിച്ചെടുക്കാവുന്നതാണ്. മേതിലിന്റെ ഒരു കഥയുടെ ശീര്‍ഷകം അല്‍പ്പം വക്രീകരിച്ചുപയോഗിക്കാമെങ്കില്‍ - സംഗീതം ഒരു സിനിമാകല കൂടിയാണ്!

വളരെ തീക്ഷ്ണമായ സാമൂഹിക വിഷയങ്ങള്‍ ആവിഷ്ക്കരിക്കുമ്പോള്‍ ഏതു മാധ്യമത്തിലും അത് പൊതുവായ ഒരു ആഖ്യാനസ്വഭാവം നേടുന്നത് കാണാം. ഇതിനെ പൊളിക്കുക എന്നതുകൂടി ആന്തരികജീവിതമുള്ള ഒരു കലകാരന്റെ ബാധ്യതയായി തീരുന്നുണ്ട്. "Breaking of reductive categories" എന്നാണു എദ്വേദ് സയെദ് പറയുക. നിരന്തരമായ ഉപയോഗം കൊണ്ട് സാധാരണത്വം വന്നുതീര്‍ന്ന അവസ്ഥകളില്‍ നിന്നും മുക്തിനേടാനുള്ള ആയുധമായിക്കൂടി ആവിഷ്കാരത്തെ ഉപയോഗിക്കുക എന്നതാണത്. വ്യതിരക്തമായ ജീവിതരീതികള്‍ കൊണ്ട് സാമൂഹികമായ ചില അടയാളപ്പെടുത്തലുകള്‍ നടത്തുന്ന വ്യക്തികളെ സമൂഹത്തിനു മുന്നിലേക്ക്‌  സംപ്രേഷണം ചെയ്യുമ്പോള്‍ കലയേയും ധൈഷണികാന്വേഷണങ്ങളെയും സംബന്ധിച്ച സങ്കീര്‍ണതകള്‍ പ്രസക്തമാവുന്നുണ്ടോ എന്ന പ്രാഥമികമായ ചോദ്യം എന്നും ഉന്നയിക്കപെട്ടിട്ടുണ്ട്. ഒപ്പം സമയവും സാമ്പത്തികവും ഒക്കെ ഉള്‍പ്പെടുന്ന ഭൌതീകകാരണങ്ങള്‍ ഇത്തരം സമാന്തരസംരംഭങ്ങളുടെ ബാധ്യതയായി ചൂണ്ടികാണിക്കപ്പെടാറുമുണ്ട്. അതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ, കലാസംബന്ധിയും ധൈഷണികവുമായ പുതിയ അവബോധം പ്രതിഫലിക്കാത്ത ഏതു ആവിഷ്കാരവും അതിന്റെ സാമൂഹിക വിവക്ഷകളെപ്പോലും അര്‍ഹിക്കുന്ന ആഴത്തില്‍ സംപ്രേഷണം ചെയ്യാനാവാതെ അവസാനിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.

00

1 comment:

  1. ദയാബായിയെപ്പറ്റി വായിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്

    ReplyDelete