Monday 29 October 2018

മരുഭൂമിയുടെ മണം

'ഐ ഇ മലയാള'ത്തിൽ പ്രസിദ്ധീകരിച്ചത്...
൦൦

കഴിഞ്ഞ തവണ ഇവിടേയ്ക്ക് വരുമ്പോൾ, എഴുത്തുകാരനും പത്രാധിപരുമായ കെ. സി. നാരായണൻ ഒപ്പമുണ്ടായിരുന്നു. കഥാകൃത്തും ചങ്ങാതിയുമായ കരുണാകരനും. വൈകുന്നേരമായിരുന്നു. ആകാശം നീലിച്ചുകിടന്നിരുന്നു...

കുന്നിനു മുകളിലേയ്ക്ക് വളഞ്ഞുപോകുന്ന പാതയിലൂടെ വണ്ടിയോടിച്ചു കയറ്റി. കുവൈറ്റ് എന്ന രാജ്യത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഭാഗമാണ് മുത് ല മണൽക്കുന്നുകൾ.

കെ. സി. ഹ്രസ്വസന്ദർശകനാണ്. കുവൈറ്റിൽ ആദ്യമായി വരുകയാണ്. പതിറ്റാണ്ടുകളായി കുവൈറ്റിലുള്ള കരുണാകരനും മുത് ല മണൽക്കുന്ന് നടാടെ സന്ദർശിക്കുകയാണെന്നു പറഞ്ഞു. പക്ഷെ, എന്റെ കാര്യം അങ്ങനെയല്ല. ഞാൻ ഒരുപാടുതവണ ഇവിടെ വന്നിട്ടുണ്ട്. ഈ പ്രദേശത്തെ മണൽഭൂമിയുടെ മുക്കിലേയ്ക്കും മൂലയിലേയ്ക്കും പോയിട്ടുണ്ട്. അതൊക്കെ യൗവ്വനത്തിന്റെ മറ്റൊരദ്ധ്യായം...

കുന്നിന്റെ അടിവാരത്തിലൂടെ ഒരുകൂട്ടം ഒട്ടകങ്ങൾ നിർമ്മമമായി നടന്നുപോകുന്നതിന്റെ വിദൂരക്കാഴ്ചയിൽ മഗ്നരായി ഞങ്ങൾ മൂന്നുപേരും കുറച്ചുസമയം നിന്നു. മരുഭൂമിയിലെ ഈ സവിശേഷഭൂഭാഗം കാണാനായതിൽ കെ. സി. സന്തോഷം പ്രകടിപ്പിച്ചു.

അത് രണ്ടുമൂന്ന് കൊല്ലങ്ങൾക്ക് മുൻപാണ്. അതിനുശേഷം ഇപ്പോഴാണ് വീണ്ടും മുത് ലയിലെത്തുന്നത്...

കെ. സി. നാരായണനും കരുണാകരനും മുത് ല മണൽക്കുന്നിൽ... 
ഈ ഇടവേളയിൽ ഞാൻ വായിച്ച ഒരു നോവലിന്റെ പശ്ചാത്തലത്തിൽ മുത് ല കടന്നുവരുന്നുണ്ട്. മലയാളം നോവൽ തന്നെയാണ്. കുവൈറ്റിൽ വസിക്കുന്ന നാല് മലയാളികൾ ചേർന്നെഴുതിയത്. 'ഒട്ടകക്കൂത്ത്' എന്നാണതിന്റെ ശീർഷകം. മുത് ലയുടെ സവിശേഷമായ ഭൂപ്രകൃതി ആ നോവലിന്റെ ക്ളൈമാക്സിൽ നിഗൂഢഭാവത്തോടെ, ഒരു കഥാപാത്രസമാനമായി മാറുന്നുണ്ട്.

"എൺപതോളം കിലോമീറ്റർ സഞ്ചരിച്ചാൽ മുത് ലയിലെത്താം. ഒരു മണിക്കൂർ യാത്ര. ചുട്ടു പൊള്ളുന്ന ചൂടാണ് പുറത്ത്. കാറിലെ ഏസി പോലും ചൂടായിത്തോന്നി...
ജഹ്‌റ പട്ടണം, നനുത്ത പൊടിയിൽ വിയർത്തു കിടക്കുന്നു. ഇറാഖിലേക്ക് നീളുന്ന ആറുവരി പാതയുടെ ഇടതു വശത്ത് കെട്ടിടങ്ങളുടെ കടൽപ്പരപ്പ് അലകളില്ലാതെ തപിച്ചു.
..................................................

മുത് ലയിലേയ്ക്ക് പോകുന്ന വഴി ദൂരെ നിന്ന് നോക്കുമ്പോൾ തിളയ്ക്കുകയായിരുന്നു. മുന്നിൽ വെള്ളം പരന്നു കിടക്കുന്നു. ഈ കൊടും വേനലിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുവോ?
അബ്ദുവിന് സംശയം.
വണ്ടി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. വെള്ളം കണ്ട ഭാഗത്തെത്തിയപ്പോൾ, അവിടെ കറുത്ത പാത മാത്രം. ജെകെ അബ്ദുവിനോട് മുന്നോട്ട് നോക്കാൻ പറഞ്ഞു. അതാ അവിടെ വെള്ളം തിളയ്ക്കുന്നു.
അതിലൂടെ ഏതോ ജീവികൾ നടന്നു നീങ്ങുന്നു.
ഒട്ടകങ്ങളാണെന്ന് അടുത്തെത്തിയപ്പോഴാണ് അറിഞ്ഞത്. വെള്ളം ഒരു മരീചിക മാത്രം. കണ്മുന്നിൽ നമ്മെ വിഭ്രമിപ്പിക്കുന്ന തോന്നൽ.
................................................

മുത് ല ചെക്ക്പോസ്റ്റിനപ്പുറത്തെ തിരിവിൽ ചെരിവു കയറി വണ്ടി കിതച്ചു കൊണ്ട് നിന്നു.
കിഴക്കോട്ടേക്കുള്ള മണൽപ്പാത.
അതിന്നിരുവശത്തും ഉപേക്ഷിക്കപ്പെട്ട ടയറുകൾ നിരനിരയായി മണലിൽ പകുതിയോളം താഴ്ചയിൽ കുത്തി നിർത്തി, അതിരുകൾ ഉണ്ടാക്കിയിരിക്കുന്നു. കൈമകൾ കെട്ടാൻ സ്ഥലം തയ്യാറാക്കാൻ അടയാളപ്പെടുത്തുന്ന അതിരുകൾ.

മുത് ലയുടെ തലം പതിയെ ഉയരുകയാണ്. ഒരു കുന്നിനു മുകളിലേക്കുള്ള വഴി.
ജഹ്‌റയുടെ സുരക്ഷിതത്വത്തിനു വേണ്ടി പണ്ടേതോ കാലത്ത് കോട്ട പോലെ മണ്ണും മണലും കൊണ്ട് പൊക്കിയതാണ് മുത് ല പ്രദേശം എന്നൊരു കേട്ടുകേൾവിയുണ്ട്. ഇറാഖിൽ നിന്നും വരുന്നവർക്ക് പെട്ടെന്ന് ജഹ്‌റ പട്ടണം കാണാതിരിക്കാനുള്ള മുൻകരുതൽ." (1)

മുത് ല പശ്ചാത്തലമായി വരുന്ന നോവൽ
നോവലിൽ ഒരിടത്ത് സങ്കല്പിക്കുന്നതുപോലെ ഇറാഖിൽ നിന്നുള്ള അധിനിവേശം തടുക്കാൻ മനുഷ്യൻ ഉയർത്തിയ മണൽക്കുന്നല്ല മുത് ല. സവിശേഷമായ ഭൂപ്രതിഭാസമാണ്. ഇറാഖെന്നും കുവൈറ്റെന്നും, രാജ്യങ്ങളും അതിർത്തികളും ഉണ്ടാകുന്നതിന് എത്രയോ സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഈ കുന്നിൻനിര ഇവിടെയുണ്ടായിരുന്നു.

അറേബ്യൻ ഉൾക്കടലിന്റെ സവിശേഷമായ ചരിവിലാണ് മുത് ല കുന്ന് നിൽക്കുന്നത്. ജഹ്‌റ പട്ടണത്തിന്റെ കിഴക്കൻ അതിരിലെ ചതുപ്പിലാണ്, ഈ ഭൂഭാഗത്തിന് ആകമാനം 'ഗൾഫ്' എന്ന വിളിപ്പേര് സമ്മാനിച്ച അറേബ്യൻ ഉൾക്കടൽ അവസാനിക്കുന്നത്. മരുഭൂമിയുടെ ഊഷരതയിലേയ്ക്ക് ലവണബാഷ്പമുയർത്തി അലിയുന്ന ഈ ഉൾക്കടലിന്റെ ഒരു തീരത്താണ് ഏകദേശം അമ്പതു കിലോമീറ്റർ നീളത്തിൽ മുത് ല മണൽക്കുന്ന് ഉയരുന്നത്. മറുതീരത്ത് കുവൈറ്റിന്റെ നഗരഭാഗങ്ങളും.

മുത് ല കുന്നിന് മുകളിൽ നിന്നാൽ ഉൾക്കടൽ അവസാനിക്കുന്നത് കാണാം.

അറേബ്യൻ ഉൾക്കടൽ അവസാനിക്കുന്ന ഭാഗത്തെ തണ്ണീർത്തടം സവിശേഷമായ ഭൂവിടമാണ്. ഉപ്പുനനവാർന്ന ചതുപ്പിൽ വളരുന്ന കണ്ടലുകളാലും മറ്റ് കുറ്റിച്ചെടികളാലും മുഖരിതമായ പ്രദേശം. 'ജഹ്‌റ പൂൾ റിസേർവ്' എന്നെ പേരിൽ ഇവിടം ഒരു സംരക്ഷിതപ്രദേശമാക്കി മാറ്റിയിട്ടുണ്ട്.

ഉൾക്കടൽ ചതുപ്പിൽ ദേശാടനത്തിനെത്തിയ രാജഹംസങ്ങൾ...
മുത് ല മണൽക്കുന്നിനു കുറുകേ ഒരു പെരുവഴി കടന്നുപോകുന്നുണ്ട്. കുവൈറ്റിലെ പ്രധാന ഹൈവേകളിൽ ഒന്നായ എൺപതാം നമ്പർ പാതയാണ്. കുവൈറ്റ് സിറ്റിയെന്ന തലസ്ഥാനനഗരിയുടെ മദ്ധ്യത്തു നിന്നും ആരംഭിച്ച്, ഉൾക്കടൽ ചുറ്റി, വടക്കൻ അതിർത്തിയിലേയ്ക്ക് നീളുന്ന റോഡ്. 'മരണത്തിന്റെ പാത' എന്നാണ്, സമകാലചരിത്രം ഈ റോഡിനു നൽകിയിരിക്കുന്ന വിശേഷണം.

ഒരുപാട് റോഡപകടങ്ങൾ നടക്കുന്നതു കൊണ്ടല്ല ഈ പേര്. അതിനെക്കാളൊക്കെ പതിന്മടങ്ങ് വ്യാപ്തിയുള്ള മരണത്തിന്റെ അഗ്നിവർഷം നടന്ന വഴിയാണ്. അതിലേയ്ക്ക് പോകണമെങ്കിൽ, കേരളത്തിലും പ്രതിസ്പന്ദനമുണ്ടായ, കുവൈറ്റിനു മേൽ നടന്ന ഇറാഖിന്റെ അധിനിവേശം എന്ന ദുരന്തസന്ധിയിലേയ്ക്കും ഗൾഫ് യുദ്ധത്തിന്റെ നാൾവഴിയിലേയ്ക്കും പോകേണ്ടതുണ്ട്.

ഒന്നാം ഗൾഫ് യുദ്ധാനന്തരം, അധികകാലം കഴിയുന്നതിനു മുൻപാണ് ഞാൻ കുവൈറ്റിലെത്തുന്നത്. യുദ്ധത്തിന്റെ മുറിപ്പാടുകൾ മാഞ്ഞിരുന്നില്ല. നഗരമധ്യത്തിലെ ജഹ്‌റ റൗണ്ടിൽ ഇറാഖി സൈന്യത്തിൽ നിന്നും പിടിച്ചെടുത്ത ഒരു പാറ്റൺടാങ്ക് പ്രദർശിപ്പിച്ചിരുന്നു. യുദ്ധവിജയത്തിന്റെ ഓർമ്മ. പിന്നീടെന്നോ, അതവിടെ നിന്നും അപ്രത്യക്ഷമായി. യുദ്ധവിജയത്തിന്റെ ആരവമടങ്ങിയപ്പോൾ, ആ പാറ്റൺടാങ്കിന്റെ കാഴ്ച, ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമായി മാറിയിരിക്കണം. നഗരവാസികൾ ഉറക്കത്തിലേയ്ക്ക് പോയ രാത്രിയുടെ മധ്യയാമത്തിലെപ്പോഴോ, ആ സ്മാരകം അവിടെ നിന്നും പിഴുതുമാറ്റപ്പെട്ടു. യുദ്ധത്തെ എന്നോ മറന്നുകഴിഞ്ഞ ജനം, പിറ്റേ പ്രഭാതത്തിൽ ആ വിടവ് അറിഞ്ഞിരിക്കാനും വഴിയില്ല. പിന്നീടെപ്പൊഴോ അതുവഴി കടന്നുപോകുമ്പോൾ യാദൃശ്ചികമായാണ് ആ അസാന്നിധ്യം ഞാൻ ശ്രദ്ധിച്ചതുപോലും. എന്തുകൊണ്ടോ ആ കാഴ്ച ഒരുതരം ആശ്വാസം ഉളവാക്കുകയാണുണ്ടായത്...

കുവൈറ്റ് പട്ടണം - മുത് ല കുന്നിൽ നിന്നും കാണുമ്പോൾ...
അക്കാലത്ത് തന്നെയാണ് ഞാൻ ഷ്വയ്‌ബ തുറമുഖത്ത് കുറച്ചുകാലം ജോലിചെയ്തിരുന്നത്. കടലിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു പ്ലാറ്റ്‌ഫോമിലായിരുന്നു ഓഫിസ്. പെട്രോകെമിക്കൽ കയറ്റാനെത്തുന്ന കപ്പലുകൾ അടുക്കുക ഇതിനോടുചേർന്നാണ്. ചില കപ്പലുകളിൽ നിന്നുള്ള ഗോവണി ഞങ്ങളുടെ ഓഫിസിന്റെ വാതിൽക്കലോട്ടാണ് ഇറങ്ങിയിരിക്കുക. ഒരു കപ്പൽ എത്തിയാൽ, അത് ദിവസങ്ങളോളം, പലപ്പോഴും ആഴ്ചകളോളം തന്നെയും, തുറമുഖത്ത് നങ്കൂരമിട്ടുകിടക്കും. നാവികരുടെ ജീവിതം ഒട്ടൊന്ന് അടുത്തുകാണാൻ സാധിച്ച കാലമായിരുന്നു അത്. കപ്പിത്താനും ഒന്നുരണ്ട് ഉയർന്ന ഉദ്യോഗസ്ഥർക്കും മാത്രമേ തുറമുഖത്തുനിന്നും പുറത്തുപോകാനുള്ള അനുമതിപത്രം കിട്ടിയിരുന്നുള്ളു എന്നുതോന്നുന്നു. ബാക്കി ജീവനക്കാർ കപ്പലിലും അതിനു ചേർന്നുള്ള പരിസരങ്ങളിലും അത്രയും ദിവസങ്ങൾ തള്ളിനീക്കണം.

തൊട്ടടുത്തുള്ള ഓഫീസിലെ ജോലിക്കാരൻ എന്ന നിലയ്ക്ക് ഞാനുമായി ഇൻഡ്യാക്കാരായ നാവികർ പരിചയം സ്ഥാപിക്കാറുണ്ടായിരുന്നു. പ്രധാനമായും നാട്ടിലേയ്ക്ക് ഫോൺചെയ്യാനാണ് അവർക്ക് എന്റെ ആവശ്യം വരുക. മൊബൈൽ വരുന്നതിനും മുൻപുള്ള കാലമാണ്. അന്ന് അന്താരാഷ്ട്ര ഫോൺവിളിക്ക് ഉപയുക്തമാകുന്ന കാർഡുകൾ  കടയിൽ ലഭ്യമായിരുന്നു. ഞാൻ പുറത്തുനിന്നും അതുവാങ്ങി അവർക്ക് നൽകും. ഞങ്ങളുടെ ഓഫിസ് ഫോണിൽ നിന്നും അതുപയോഗിച്ച് അവർ നാട്ടിലേയ്ക്ക് വിളിക്കുകയും ചെയ്യും. എനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും നഷ്ടമോ അധികവ്യയം ആവശ്യമുള്ളതോ ആയ കാര്യമായിരുന്നില്ല. എന്നാൽ സാധാരണക്കാരായ ആ കപ്പൽജോലിക്കാരുടെ സന്തോഷവും നന്ദിപ്രകടനവും കാണുമ്പോൾ ഞാൻ എന്തോ വലിയൊരു സഹായം ചെയ്തുകൊടുത്തിരിക്കുന്നു എന്നൊരു തോന്നൽ എനിക്കുതന്നെ ഉണ്ടാവാൻ തുടങ്ങിയിരുന്നു.

കപ്പലുകൾ അടുക്കുന്ന വാർഫിൽ, ഒരു തട്ടിൽ ഇരിക്കുകയായിരുന്നു ഞാൻ. ഓഫീസ് കഴിഞ്ഞിരുന്നു. എനിക്കുള്ള വണ്ടി വരാൻ ഇനിയും സമയമുണ്ട്. പുറങ്കടലിൽ നിന്നും കപ്പലുകൾ തുറമുഖത്തേയ്ക്ക് കടന്നുവരുന്ന തുറവ് ഇവിടിരുന്നാൽ കാണാം. വാർഫിൽ ഒരു കപ്പലുമില്ലല്ലോ എന്നത് അല്പം അത്ഭുതപ്പെടുത്താതിരുന്നില്ല. അത് പതിവുള്ളതല്ല.

ചുറ്റും കടൽപ്പറവകൾ പറന്നുനടക്കുന്നുണ്ട്. അതിൽ ഒരെണ്ണം എന്റെയടുത്ത് വന്നിരുന്നു. ഈ കടൽക്കാക്കയെ എനിക്ക് പരിചയമുണ്ട്. അതെന്നും ഇതുപോലെ എന്റെ അടുത്തു വന്നിരിക്കാറുണ്ട്. മഞ്ഞ കൊക്കും പഞ്ഞിപോലുള്ള വെളുത്ത ശരീരവും ചാരനിറത്തിലുള്ള ചിറകുകളും കറുത്ത വാലുമുള്ള ഇവൻ എന്റെ കൂട്ടുകാരനാണ്. എന്നും എന്തെങ്കിലുമൊക്കെ സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അവൻ എന്നോട് ചോദിക്കുകയും ചെയ്തതാണ്: "നീ നിന്റെ പൂക്കലക്കിളികളെ എന്തുചെയ്തു...?" എന്ന്. കുട്ടിക്കാലത്ത്, പറമ്പിലെ പറങ്കിക്കാടിൽ എന്നോടൊപ്പം വിഹരിച്ചിരുന്ന പൂക്കലക്കിളികൾ! അത്തരത്തിലുള്ള എന്തെങ്കിലുമൊരു വിചിത്രചോദ്യം, വിഷാദിപ്പിക്കുന്ന ഒന്ന്, അവൻ എന്നും എന്നോട് ചോദിക്കാറുണ്ട്...

ഇന്നവൻ നിശ്ശബ്ദനാണ്. വിമൂകമായ ഒരു ദുഖച്ഛായയിൽ, തുറമുഖതുറവിനപ്പുറത്തെ പുറങ്കടലിലേയ്ക്ക് നോക്കി, എന്തിനെയോ പ്രതീക്ഷിച്ചെന്നപോലെ അവൻ നിശ്ശബ്ദനായി ഇരുന്നു...

പതിവുപോലെ, ഞാൻ ബേഗ് തുറന്ന് ഒരു മാസികയെടുത്തു. 'ഇൻഡ്യാ ടുഡേ മലയാളം' ആയിരുന്നു എന്നാണ് ഓർമ്മ. ഒരുപക്ഷെ ആ ഓർമ്മ ശരിയായിക്കൊള്ളണമെന്നില്ല. പക്ഷെ അന്ന്, ആ കടൽക്കാക്കയോടൊപ്പം അവിടെയിരുന്ന് വായിച്ച കഥ ഏതാണെന്ന് വ്യക്തമായി ഓർക്കുന്നു - സക്കറിയായുടെ 'കണ്ണാടി കാണ്മോളവും'!

ആ കഥ വായിച്ചിരിക്കവേ, നോട്ടവും ശ്രദ്ധയും മാസികയിലെ അക്ഷരത്തിലായിരുന്നുവെങ്കിലും, പരിസരത്ത് എന്തോ സംഭവിക്കുന്നു എന്ന തോന്നൽ അബോധമായി വളർന്നുവന്നു. അന്തരീക്ഷത്തിൽ കാളിമ പടരുന്നതുപോലെ... ഒരു ശബ്ദവുമുണ്ടാക്കാതെ അടുത്തിരിക്കുന്ന കടൽക്കാക്കയും ആ വിചിത്രമായ തോന്നലിന് കാരണമായിട്ടുണ്ടാവും. എന്നിട്ടും ഞാൻ മുഖമുയർത്തിയില്ല. അതിനു സാധിക്കുമായിരുന്നില്ല. അത്രയ്ക്ക് ആഴത്തിൽ, യേശുവിന്റെ അതുവരെ അറിഞ്ഞിട്ടല്ലാത്ത കല്പനാജീവഖണ്ഡത്തിലൂടെ മുങ്ങാൻകുഴിയിടുകയായിരുന്നു...

അവസാന വരിയും വായിച്ചുതീർത്ത് മാസിക മടക്കി ബേഗിനുള്ളിൽ വച്ചു. മുന്നിലേയ്ക്ക് നോക്കിയ ഞാൻ പകച്ചുപ്പോയി. ഭൂമിയും ആകാശവും ഒരു കറുത്ത തിരശ്ശീലയാൽ മൂടപ്പെട്ടിരിക്കുന്നു. ഒരു നിമിഷമെടുത്തു, എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കാൻ. തുറമുഖത്തേയ്ക്കുള്ള തുറവിനെയും, മറുതീരത്തെ വാർഫിനെയും ആകാശത്തെയും മറച്ചുകൊണ്ട് ഒരു പടുകൂറ്റൻ കപ്പൽ എനിക്കു മുന്നിലൂടെ സാവധാനം കടന്നുപോവുകയാണ്. അതിനു മുൻപോ, അതിനു ശേഷമോ കണ്ടിട്ടില്ലാത്ത, ആ തുറമുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭീമാകാരമായ കപ്പൽ. ഇരുട്ടിനെ തോൽപ്പിക്കുന്ന കറുത്ത നിറം. നിറത്തിനോളം പേടിപ്പെടുത്തുന്ന വല്ലാത്തൊരു രൂപവും. ഒരു കടൽനൗകയുടെ എല്ലാ രൂപഭാവങ്ങളും നിരാകരിക്കുന്ന ഭീകരൻ യാനപാത്രം.

ഞാൻ പെട്ടെന്നെണീറ്റ് പിന്നിലേയ്ക്ക് നടന്ന് ഓഫീസിന്റെ വാതിൽക്കൽ പോയിനിന്നു. അപ്പോഴാണ് കപ്പലിന്റെ മുകൾത്തട്ടിൽ ചെറുരൂപങ്ങളായി ചില മനുഷ്യർ നീങ്ങുന്നത് കണ്ടത്. എല്ലാവരും പട്ടാളയൂണിഫോമിൽ.

അതൊരു പടക്കപ്പലായിരുന്നു...!

കടൽക്കാക്കകളുടെ നാട്...
അന്ന് വീട്ടിലേയ്ക്കുള്ള യാത്ര ഭ്രമാത്മകമായിരുന്നു. ഉറക്കവും സ്വപ്നങ്ങളും ഭ്രമാത്മകമായിരുന്നു. കടൽക്കാക്കയും യേശുവും പടക്കപ്പലും ഒക്കെ ചേർന്നുണ്ടാക്കിയ ഒരയാഥാർത്ഥലോകത്തിന്റെ കല്പനാഭൂമിയിൽ തെന്നിത്തെറിച്ച് നീങ്ങിയ രാത്രിക്കുശേഷമാണ് ഭൂമിയിൽ അടുത്ത പ്രഭാതമുണ്ടായത്....

അന്ന് ഓഫീസിലെത്തിയപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി കാണാൻ പറ്റി. കഴിഞ്ഞ വൈകുന്നേരം തുറമുഖത്തടുത്തത് യു. എസ് ആർമിയുടെ ചരക്കുകപ്പലായിരുന്നു. ആ കപ്പലിന്റെ ഇരുണ്ട ഗഹ്വരത്തിൽ നിന്നും ആദ്യം പുറത്തേയ്ക്കുവന്നത് മണൽനിറം പൂശിയ കണ്ടെയ്‌നർ ട്രക്കുകളാണ്. അതിനു ശേഷം പാറ്റൺ ടാങ്കുകൾ. പിന്നീട് കവചിത വാഹനങ്ങളും ജീപ്പുകളും. പിന്നെ വെടിക്കോപ്പുകൾ നിറച്ച കണ്ടെയ്‌നറുകൾ. ഒന്നിനു പിറകേ ഒന്നായി അവയിങ്ങനെ കിലോമീറ്റർ നീളത്തിൽ നീണ്ടുകിടന്നു. അനന്തരം ഒരു വലിയ ഉരഗത്തെപ്പോലെ കോൺവോയിയായി യാത്രതുടങ്ങി..., അതിർത്തിയിലെവിടെയോ ഉള്ള അമേരിക്കൻ പട്ടാളക്യാമ്പിലേയ്ക്ക്.

ഇത്തരത്തിലുള്ള പടക്കപ്പലുകളുടെ പോക്കുവരവ് പിന്നീട് ഇടയ്‌ക്കൊക്കെ കണ്ടു...

രണ്ടാം ഗൾഫ് യുദ്ധവും, സദ്ദാമിന്റെ തൂക്കിക്കൊലയും ഒക്കെ സംഭവിക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം. ആ ഇടവേളയിൽ അമേരിക്കൻ സൈന്യം കുവൈറ്റിൽ വലിയ പട്ടാളക്ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു. 'യുദ്ധം' എന്ന വിപൽസന്ദേശം ആ വിന്യാസത്തിൽ നിഴലിച്ചിരുന്നുവെങ്കിലും അമേരിക്കൻ പട്ടാളം വലിയൊരു തൊഴിൽദാതാവ് കൂടിയായിരുന്നു. സൈനികവൃത്തി ഒഴിച്ചുള്ള മറ്റെല്ലാ അനുബന്ധ ജോലികൾക്കും അവർ കരാർ കമ്പനികളെയാണ് ഏർപ്പാടാക്കിയിരുന്നത്. അതിന്റെ ഗുണഫലമനുഭവിച്ചത് വിദേശതൊഴിലാളികളാണ്. അതിൽ വലിയൊരളവ് മലയാളികളും...

നാട്ടുകാരനായ ചെങ്ങാതി ഒരു എണ്ണക്കമ്പനിയിൽ തുച്ഛശമ്പളത്തിന് ഡ്രൈവറായി  ജോലിനോക്കി വരുകയായിരുന്നു. നേരം ഇരുട്ടിവെളുത്തപ്പോൾ അയാൾ അമേരിക്കൻ ക്യാമ്പിലെ സ്റ്റോർകീപ്പറായി. ആയിരത്തി ഇരുന്നൂറ് ദിനാർ മാസശമ്പളം. ഏകദേശം രണ്ടരലക്ഷം രൂപ. അതുവരെ കിട്ടിയിരുന്നതിൽ നിന്നും പത്തിരട്ടി വർദ്ധന... കമ്പ്യൂട്ടർ ഉല്പന്നങ്ങളുടെ ചെറിയൊരു പീടികയും റിപ്പയറുമൊക്കെ നടത്തിയിരുന്ന ഒരു മലയാളിയെ അറിയാം. അമേരിക്കൻ പട്ടാളക്യാമ്പിലെ കംപ്യൂട്ടർ ആവശ്യങ്ങൾക്കുള്ള കരാർ നേടിയെടുക്കാൻ അയാൾക്കായി. ഒന്നുരണ്ട് വർഷത്തിനുള്ളിൽ, കുവൈറ്റിലെ മലയാളി സമൂഹത്തിനുള്ളിൽ അറിയപ്പെടുന്ന കോടീശ്വരനായി അയാൾ മാറുകയും ചെയ്തു.

ഇത്തരം നാടകീയത കുറവാണെങ്കിലും, ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കൻ പട്ടാളത്തിന്റെ സാന്നിധ്യം, ആ ചെറിയ ഇടവേളയിൽ, തൊഴിലാളികൾക്ക്, പ്രത്യേകിച്ച് അവിദഗ്ധ തൊഴിലാളികൾക്ക് വ്യാപകമായ അവസരങ്ങൾ നൽകിയിരുന്നു.

എങ്കിലും സൈന്യത്തിന്റെ പ്രാഥമികമായ ജോലി യുദ്ധം ചെയ്യുക എന്നതാണല്ലോ. വീണ്ടും ഒരിക്കൽക്കൂടി അത് സംഭവിക്കുക തന്നെ ചെയ്തു...

യുദ്ധസാമഗ്രികളുടെ വ്യൂഹം...
2003 മാർച്ച് 20 - നാണ് രണ്ടാം ഗൾഫ് യുദ്ധം തുടങ്ങുന്നത്. അതിനുമുൻപ് തന്നെ യുദ്ധം അടുത്തുവരുന്നതിന്റെ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. എങ്കിലും, എപ്പോൾ, എങ്ങനെ എന്നൊന്നും സാധാരണ ജനങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. പക്ഷെ യുദ്ധം അനിവാര്യമായ ഘട്ടത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു.

അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട്, ഒരു രാത്രി, യുദ്ധമാരംഭിച്ചു. ഇറാഖിന്റെ കൈവശം ആണവായുധം ഉണ്ടെന്ന വാദത്തിലൂന്നിയാണ് അമേരിക്ക ഈ യുദ്ധത്തിന് ആശയപരമായ അടിത്തറ ഉണ്ടാക്കിയത്. ലോകം മുഴുവൻ അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തീക്ഷ്ണമായി നടക്കുന്നുണ്ടായിരുന്നു. എന്നാൽ യുദ്ധഭൂമിയിൽ പെട്ടവർക്ക് അത്തരം വ്യായാമങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല. അവശ്യസാധനങ്ങളും വെള്ളവും മറ്റും അധികം വാങ്ങി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. അതിനുമപ്പുറം, ജീവന്മരണപോരാട്ടത്തിൽ, സദ്ദാം, കുവൈറ്റിലേയ്ക്ക് രാസായുധപ്രയോഗം നടത്തും എന്ന അഭ്യൂഹവും ശക്തമായിരുന്നു. അത്തരം യുദ്ധമുറകളെ അതിജീവിക്കാൻ സാധിക്കുന്നവിധം സുരക്ഷിതമായ ഭൂഗർഭാറകൾ മിക്കാവാറും എല്ലാ കുവൈറ്റി വീടുകളിലും ഉള്ളതായി കേട്ടിരുന്നു. എന്നാൽ ഫ്ലാറ്റുകളിൽ തിങ്ങിഞെരുങ്ങി താമസിക്കുന്ന വിദേശികൾക്ക് എന്ത് ബങ്കർ?! അലൂമിനിയം ടേപ്പു കൊണ്ട് ഫ്‌ളാറ്റിലെ സുഷിരങ്ങളടച്ച്, താമസയിടം ആവുംപോലെ സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങൾ. അത്തരം ദുർബലമായ സജ്ജീകരണങ്ങൾ, രാസായുധാക്രമണത്തെ തടുക്കാൻ പര്യാപ്തമാണോ എന്നൊന്നും ഉറപ്പുണ്ടായിരുന്നില്ല. ഒരാൾ ചെയ്യുന്നതു കണ്ട് മറ്റുള്ളവരും പിന്തുടർന്നതാവാം. അല്ലെങ്കിൽ തന്നെ തലയ്ക്കു മുകളിൽ മിസൈൽ വന്നുവീണാൽ, ഇതൊക്കെ ചെയ്തിട്ടെന്തുകാര്യം..?!

കുവൈറ്റിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ എന്ന സ്ഥലം
യുദ്ധസന്നാഹങ്ങൾ നടക്കുന്ന കാലത്ത്, കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യാക്കാർ, പ്രത്യേകിച്ച് മലയാളികൾ പലരും, കുടുംബത്തെ, അല്ലെങ്കിൽ കുട്ടികളെയെങ്കിലും  നാട്ടിലേയ്ക്ക് കയറ്റിവിട്ടു. ഒരു പലായനത്തിന്റെ സാഹചര്യം വന്നാൽ, ഒരുപക്ഷെ അതിനെക്കാൾ രൂക്ഷമായ യുദ്ധക്കെടുതിയിൽ പെട്ടുപോയാൽ, അവരെങ്കിലും രക്ഷപെടുമല്ലോ എന്ന വിചാരം സ്വാഭാവികം. ഏതാണ്ട് ഒന്നര ദശാബ്ദത്തിന് മുൻപ് നടന്ന ആദ്യ ഗൾഫ് യുദ്ധത്തിന്റെ ദുരന്തം നേരിട്ടനുഭവിച്ചവരാണ് ഇത്തരത്തിൽ മുൻകരുതലോടെ പെരുമാറിയവരിൽ അധികവും.

എയർ ഇൻഡ്യയുടെ ഓഫിസിനു മുന്നിലൂടെ പോകുമ്പോൾ നീണ്ടനിര കാണാമായിരുന്നു ആ ദിവസങ്ങളിൽ. അതു ശ്രദ്ധിച്ച, പരിചയക്കാരനായ ഒരു ലെബനൻകാരൻ എന്നോട് ആ തിരക്കിന്റെ കാരണം അന്വേഷിച്ചു. യുദ്ധഭീതിയിൽ ഇൻഡ്യയിലേയ്ക്ക് പോകാൻ ടിക്കറ്റിനായി നിൽക്കുന്നവരാണെന്ന് ഞാൻ പറഞ്ഞു.
"ഓഹ്..."
പതിഞ്ഞ രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച ശേഷം അയാൾ നിശബ്ദനായി. കുറച്ചുകഴിഞ്ഞപ്പോൾ ആത്മഗതം പോലെ ആ ചെറുപ്പക്കാരൻ പറഞ്ഞു:
"മറ്റൊരു യുദ്ധം പേടിച്ച് എന്നോ നാടുവിട്ടതാണ് എന്റെ അച്ഛൻ. ഞങ്ങൾക്കിപ്പോൾ അവിടെ ഒന്നുമില്ല..."

ലോകത്തെവിടെയായാലും, മടങ്ങിച്ചെല്ലാൻ സുരക്ഷിതമായ ഒരു മാതൃനാടുണ്ടായിരിക്കുക എന്നത് എത്ര വലിയ ആശ്വാസവും സ്വാതന്ത്ര്യവുമാണെന്ന് തിരിച്ചറിയാൻ ഇങ്ങനെ ചില അവസരങ്ങൾ ഉണ്ടാവാറുണ്ട്...

കുവൈറ്റ് സിറ്റി എന്ന തലസ്ഥാനപട്ടണം. ഒരു പാർശ്വക്കാഴ്ച 
യുദ്ധമാരംഭിച്ച രാത്രിയുടെ തൊട്ടടുത്ത ദിവസം എല്ലാവരും പതിവു പോലെ ജോലിക്ക് പോയി. അതിർത്തിയിൽ എവിടെയോ നടക്കുന്ന യുദ്ധം ഭീതിയായി എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്നുവെങ്കിലും, ദൈനംദിനവൃത്തികൾ തുടരേണ്ടതുണ്ടായിരുന്നു. ജോലിയാരംഭിച്ച് ഒന്നുരണ്ട് മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും; അപ്പോൾ ആദ്യത്തെ എയർറൈഡ് സൈറൺ മുഴങ്ങി. യുദ്ധം നേരിട്ടെത്തുന്നതിന്റെ മുന്നറിയിപ്പ്. യുദ്ധസൈറന്റെ മുഴക്കമുള്ള ശബ്ദം ഉളവാക്കുന്ന ഭീതിതമായ അനുഭവം പകർത്താനാവില്ല.

മുന്നറിപ്പ് സൈറൺ ജനവാസമേഖലകളിൽ വ്യാപകമായി സ്ഥാപിച്ചിരുന്നു. പോലീസ് സ്റ്റേഷനുകൾ, സ്‌കൂളുകൾ, പള്ളികൾ..., മറ്റ് ഏതൊക്കെ പൊതുസ്ഥാപനങ്ങളുണ്ടോ അവിടെയെല്ലാം. അതിന്റെ സാങ്കേതികത, കുറച്ചുനാളായി നടക്കുന്ന പരീക്ഷണമുഴക്കങ്ങളിലൂടെ പൊതുജനം മനസ്സിലാക്കിയിരുന്നു. ഇറാഖിൽ നിന്നും വ്യോമാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ആ രാജ്യത്തിന്റെ വ്യോമശക്തി മുൻപുതന്നെ പൂർണ്ണമായും ഇല്ലാതായിരുന്നു. നിലവിൽ റഷ്യൻനിർമ്മിത, 'സ്കഡ്' എന്ന പേരിലറിയപ്പെടുന്ന ബാലിസ്റ്റിക്ക് മിസൈലാണ് സദ്ദാമിന്റെ ബലം.

സൈറൺ മൂന്നു തരമാണ്. അപകടം ആരംഭിച്ചിരിക്കുന്നു എന്ന് സൂചനതരുന്ന ആദ്യത്തെ സൈറൺ. അപ്പോൾ എല്ലാവരും വീടുകളിലോ ബങ്കറുകളിലോ കയറി ആവുംവിധം സുരക്ഷിതരായി ഇരിക്കണം. അപകടം വളരെ അടുത്തെത്തിയിരുന്നു എന്ന അറിയിപ്പ് തരുന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെ സൈറൺ അപകടസമയം കഴിഞ്ഞിരിക്കുന്നു എന്നതിന്റെ അറിയിപ്പാണ്. ഒരല്പം കറുത്ത ഫലിതം ചേർത്താൽ, മൂന്നു സൈറണും മൂന്നുതരം സംഗീതമാണ്!

കുവൈറ്റിന്റെ പ്രതിരൂപം - കുവൈറ്റ് ടവേഴ്സ്
സൈറൺ മുഴങ്ങിയതോടെ ഓഫീസ് അനിശ്ചിതമായി അടച്ചു. ഞാൻ പുറത്തിറങ്ങി. എല്ലാ ദിവസവും എന്നോടൊപ്പം വന്നുകൊണ്ടിരുന്ന സഹപ്രവർത്തകനെ കണ്ടില്ല. ആരുടെയോ കാറിൽ കയറി പോയിരിക്കുന്നു എന്ന് അടുത്തുള്ള കടക്കാരൻ പറഞ്ഞു.

സൈറൺ മുഴങ്ങിയത്തിന്റെ ആദ്യത്തെ അങ്കലാപ്പും ഭയവും മാറാനായി ഞാൻ പ്രധാനപാതയുടെ ഓരത്തു നിന്ന് ഒരു സിഗരറ്റ് കത്തിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെങ്കിലും സ്വയം സമാധാനിപ്പിച്ചു; ഇത്തരം അവസ്ഥകളിലെ വരുംവരായ്കകൾ നമ്മുടെ വരുതിയിലല്ല എന്ന് ഉൾക്കൊണ്ട് ആവുംവിധം സമചിത്തതയോടെ ഇരിക്കുക എന്നതുമാത്രമാണ് അഭികാമ്യം.

ഭാര്യ ജോലിചെയ്യുന്നത് ഒരു പത്തുമിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ്. അവരെയും കൂട്ടാം എന്നുകരുതി ഞാൻ പാതയുടെ  വശംചേർന്ന് പതുക്കെ നടന്നു...

ആറ് നിരകളുള്ള, നഗരമധ്യത്തിലെ പ്രധാനപ്പെട്ട തെരുവാണ് ഫഹദ് അൽ-സാലെം. ഇരുവശത്തും നടുവിലും വൃത്തിയുള്ളതും വിശാലവുമായ നടപ്പാത. ഓഫിസ് സമുച്ചയങ്ങളാണ് ഇരുപുറവും. ക്രമംതെറ്റാതെ നിരയായി കടന്നുപോകുന്ന വാഹനങ്ങൾ. അസഹ്യമായ തിരക്കും ട്രാഫിക് ബ്ലോക്കും ഇവിടെ പതിവല്ല...

പക്ഷെ യുദ്ധാപകടത്തിന്റെ സൂചന നൽകുന്ന ഒരു സൈറൺ ആ ക്രമമെല്ലാം അസാധുവാക്കിയിരിക്കുന്നു. ലെയ്ൻ തെറ്റിച്ച് ഹോൺ മുഴക്കി പായുന്ന വാഹനങ്ങൾ. നടപ്പാതകളിലൂടെ നേർരേഖയിൽ നടക്കാറുള്ള കാൽനടക്കാർ, റോഡിലിറങ്ങി, ലക്ഷ്യമില്ലാത്തവരെ പോലെ തലങ്ങും വിലങ്ങും അതിവേഗം പോകുന്നു. എത്രയോ വർഷങ്ങളായി കാണുന്ന, ഇടപഴകുന്ന പരിസരം. ഇപ്പോൾ അപരിചതമായ പട്ടണമായതുപോലെ...

യുദ്ധത്തിന്റെ ചെറിയ സ്പർശം തന്നെ ഒരു ജനപദത്തെ എത്രപെട്ടെന്നാണ് ക്രമരാഹിത്യത്തിലേയ്ക്ക് എടുത്തിടുക...!

അങ്ങനെ നടക്കുമ്പോൾ, അപകടം അടുത്തെത്തിയിരുന്നു എന്ന് സൂചനതരുന്ന, കുറച്ചുകൂടി പേടിപ്പെടുത്തുന്ന സൈറൺ മുഴങ്ങി. ഏതാനും നിമിഷങ്ങൾക്കകം ചെറിയൊരു പ്രകമ്പനവും അനുഭവപ്പെട്ടു. അല്പനേരം കൂടി കഴിഞ്ഞപ്പോൾ അപകടം ഒഴിവായിരിക്കുന്നു എന്ന സൈറണും മുഴങ്ങി.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ സൈറണുകളുടെയും പ്രകമ്പനത്തിന്റെയും കാരണം കുറച്ചുകൂടി വ്യക്തതയോടെ മനസ്സിലാക്കാനായത്. കുവൈറ്റിന്റെ സംരക്ഷണത്തിനായി അമേരിക്കൻ സേന മൂന്ന് വൃത്തങ്ങളിലായാണത്രേ പേട്രിയറ്റ് മിസൈലുകൾ സ്ഥാപിച്ചിരുന്നത്. പ്രതിരോധ സംവിധാനമാണ് പേട്രിയറ്റ് മിസൈലുകൾ. ഏറ്റവും പുറത്ത്, രാജ്യാതിർത്തിയോട് ചേർന്ന് ഒരു നിര. മധ്യയിടത്തിൽ രണ്ടാമത്തെ നിര. ജനവാസകേന്ദ്രങ്ങളോട് ചേർന്ന് ഏറ്റവും ഉള്ളിലെ നിര.

ഇറാഖിൽ നിന്നും കുവൈറ്റ് ലക്ഷ്യമാക്കി ഒരു സ്കഡ് മിസൈൽ യാത്രതുടങ്ങുമ്പോൾ അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ അത് മനസ്സിലാക്കും. ആ സമയം കുവൈറ്റിൽ എയർറൈഡ് സൈറൺ മുഴങ്ങും. അതിനെത്തുടർന്ന് ഏറ്റവും പുറത്തെ നിരയിലെ പേട്രിയറ്റ്, ആ സ്കഡ് മിസൈലിനെ ആകാശത്തുവച്ച് തകർക്കുകയാണ് ചെയ്യുന്നത്. ആ നിരയിലെ പേട്രിയറ്റിനെ ഒരു സ്കഡ് അതിജീവിച്ചാൽ രണ്ടാം നിരയിലെ പേട്രിയറ്റ് അതിനെ പ്രതിരോധിക്കും. അതിനെയും കടന്നുവരുകയാണെങ്കിൽ ഏറ്റവും ഉൾനിരയിലെ പേട്രിയറ്റ് അവസാനശ്രമം നടത്തുമത്രേ. അങ്ങനെ മൂന്നു നിര പേട്രിയറ്റുകളുടെയും ലക്ഷ്യവേധത്തെ മറികടന്നാൽ മാത്രമേ സദ്ദാമിന്റെ സ്‌കഡിന് കുവൈറ്റിന്റെ ജനവാസപ്രദേശങ്ങളിൽ വന്നുവീഴാൻ സാധിക്കുമായിരുന്നുള്ളു. ഉൾനിരയിലെ പേട്രിയറ്റ്, സ്‌കഡിനെ ആകാശത്ത് വച്ച് തകർക്കുമ്പോഴാണ് അതുളവാക്കുന്ന പ്രകമ്പനം ജനവാസമേഖലകളിൽ അനുഭവപ്പെടുക.

കുവൈറ്റ് പട്ടണം - പ്രഭാതം
യുദ്ധം ആരംഭിച്ച് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തന്നെ സംയുക്തസൈന്യം അതിർത്തിയിൽ നിന്നും ഇറാഖിന്റെ ഉൾപ്രദേശങ്ങളിലേയ്ക്ക് നീങ്ങി. ഇതിനാലാവാം ഓഫീസുകളും തൊഴിൽസ്ഥാപനങ്ങളും വളരെവേഗം പുനരാരംഭിച്ചു. ജനജീവിതം ഏറെക്കൂറെ സാധാരണ നിലയിലേയ്ക്ക് മടങ്ങിവരുകയും ചെയ്തു. എയർറൈഡ് സൈറണുകൾ മാത്രം അനസ്യൂതം തുടർന്നുകൊണ്ടിരുന്നു. എന്നാൽ ആ ശബ്ദം സൃഷ്ടിക്കുന്ന ഭീതിതമായ മനോനില ജനങ്ങൾക്ക് നഷ്ടമായി. അതും സ്വാഭാവികമായി അനുഭവപ്പെടാൻ തുടങ്ങി. യുദ്ധാനന്തരം എയർറൈഡ് സൈറന്റെ ശബ്ദം നിലച്ചപ്പോൾ കുറച്ചുകാലം വല്ലാത്തൊരു ശൂന്യതപോലും തോന്നിയിരുന്നു എന്നതാണ് വാസ്തവം.

യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ദിവസങ്ങളിലൊന്നിൽ, ഉറങ്ങിക്കിടക്കുമ്പോൾ, രാത്രി വളരെവൈകി, ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ചേട്ടന്റെ ഫോൺവിളി വന്നു. സാധാരണ അസമയത്ത് വിളിക്കുന്നതല്ല. കുവൈറ്റിൽ അർദ്ധരാത്രിയാണെങ്കിലും, ഇംഗ്ലണ്ട് ഏതാനും മണിക്കൂർ പിറകിലേയ്ക്കാണല്ലോ. പക്ഷെ അതൊക്കെ ശ്രദ്ധിച്ച് കൃത്യത പാലിക്കുന്ന ആളാണ്. അതിനാൽ എനിക്കല്പം പന്തികേട് തോന്നാതിരുന്നില്ല. എന്നാൽ ചേട്ടൻ പതിവുപോലെ വീട്ടുവിശേഷങ്ങളും മറ്റും അന്വേഷിച്ചുകൊണ്ടിരുന്നു.
"എന്താ ഈ സമയത്ത് വിളിച്ചത്...?"
ഒടുവിൽ ഞാൻ ചോദിച്ചു.
ചേട്ടൻ അല്പം വിമുഖതയോടെയാണ് തുടർന്നത്...
"ഞാൻ ഇപ്പോൾ ജോലികഴിഞ്ഞു വന്നതേയുള്ളു. ടിവിയിൽ വാർത്തവച്ചപ്പോൾ കുവൈറ്റിലേയ്ക്ക് ഇറാഖിന്റെ മിസൈൽ വീണിട്ടുണ്ടെന്ന് ലൈവ് കാണിച്ചുകൊണ്ടിരിക്കുകയാണ്. അതുകണ്ടപ്പോൾ ഒന്ന് വിളിച്ചുനോക്കാമെന്ന് കരുതിയെന്നേയുള്ളൂ. എന്തായാലും നിങ്ങൾ അറിഞ്ഞിട്ടില്ലല്ലോ. അപ്പോൾ വേറേതെങ്കിലും ഭാഗത്തായിരിക്കും..."

ചേട്ടൻ ഫോൺവച്ചപ്പോൾ ഞാൻ ബി. ബി. സി നോക്കി. ശരിയാണ്. ഒരു മിസൈൽ കുറച്ചുസമയത്തിന് മുൻപ് കുവൈറ്റിൽ നിപതിച്ചിട്ടുണ്ട്. കുവൈറ്റ് സിറ്റിയിലാണ്. ഷർഖ് എന്ന പ്രദേശത്ത്. ഞങ്ങൾ താമസിക്കുന്ന ഇടത്തുനിന്നും ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയാണ്. ആ യുദ്ധത്തിൽ, അമേരിക്കയുടെ എല്ലാ നിരീക്ഷണസംവിധാനത്തെയും വെട്ടിച്ച്, പാട്രിയറ്റ് മിസ്സൈലുകളെ അതിജീവിച്ച്, കുവൈറ്റിന്റെ ജനവാസമേഖല വരെയെത്തിയ ഏക മിസൈലായിരുന്നു അത്.

കടൽത്തീരത്താണത് വീണത്. 'സൂക് ഷർഖ്' എന്ന വമ്പൻ കച്ചവട സമുച്ചയത്തോടു ചേർന്ന് നിർമ്മിച്ചിരുന്ന കടൽപ്പാലം തകർന്നുപോയി. ആളപായം ഉണ്ടായില്ല. രാത്രി വൈകിയും ഭക്ഷണശാലകൾ തുറന്നിരിക്കുന്ന സൂക് ഷർഖ് തന്നെയായിരുന്നിരിക്കാം ആ മിസൈൽ ലക്‌ഷ്യംവച്ചത്. അതുമല്ലെങ്കിൽ അവിടെ നിന്നും ഏതാനും വാര മാത്രം അകലെ സ്ഥിതിചെയ്യുന്ന 'സീഫ് കൊട്ടാര'മാവാം. എന്തായാലും, ഏതാനും അടിയുടെ വ്യത്യാസത്തിൽ ആ മിസൈലിന് ലക്‌ഷ്യംതെറ്റുകയാണുണ്ടായത്.

പിറ്റേന്ന് കൗതുകകരമായാ ഒരു സംഭവം നടന്നു.

ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിന് സൂക് ഷർഖിൽ ഒരു ഷോറൂമുണ്ട്. അതിന്റെ മേൽനോട്ടക്കാരനായ ബഹ്‌റാം എന്ന ഇറാനി അതിനടുത്തൊരു ഭാഗത്തുതന്നെയാണ് താമസം. മിസൈൽ വീണതിന്റെ പ്രകമ്പനവും സ്ഫോടനശബ്ദവും ആ പ്രദേശത്തൊക്കെ അനുഭവപ്പെട്ടിരുന്നു. സൂക് ഷർഖിലാണ് സംഭവമെന്ന് അറിഞ്ഞുടനെ, തന്റെ കടയ്ക്കെന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ, ബഹ്‌റാം അതിവേഗം അവിടെയെത്തി. അപ്പോൾ പോലീസും പട്ടാളവുമൊക്കെ സംഭവസ്ഥലത്തേയ്ക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളൂ. അതിനു മുമ്പുതന്നെ പൊട്ടിച്ചിതറിയ മിസൈലിന്റെ ഒരു കഷ്ണം ബഹ്‌റാം കൈക്കലാക്കി. പിറ്റേന്നു രാവിലെ ആ കരിഞ്ഞ ഇരുമ്പിന്റെ തുണ്ട് ഓഫീസിൽ കൊണ്ടുവന്ന് പ്രദർശനത്തിനു വച്ചു. ഇത്തരത്തിലുള്ള സാഹസങ്ങൾക്ക് കെൽപുള്ള ആളെന്ന നിലയ്ക്ക് ബഹ്‌റാമിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അങ്ങനെ രണ്ടാം ഗൾഫ് യുദ്ധത്തിൽ കുവൈറ്റിൽ വീണ ഏക മിസൈലിന്റെ ചെറിയൊരു ഭാഗം കാണാനുള്ള അവസരമുണ്ടാവുകയും ചെയ്തു.

ഷർഖിലെ പുനർനിർമ്മിച്ച കടൽപ്പാലം
തുടങ്ങി ഏതാണ്ട് ഒന്നരമാസത്തിനു ശേഷം, മേയ് ഒന്നാം തിയതി, രണ്ടാം ഗൾഫ് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. വീണ്ടും ആറുമാസങ്ങൾക്ക് ശേഷമാണ് തിക്രിത്ത് എന്ന ഇറാക്കിപട്ടണത്തിലെ ഒരു ഭൂഗർഭ ഒളിത്താവളത്തിൽ നിന്നും സദ്ദാം ഹുസൈനെ പിടികൂടുന്നത്. 2006 - ഡിസംബർ മുപ്പതാം തിയതി അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു.

സദ്ദാമിനെ തൂക്കിലേറ്റിയ ദിവസം കേരളത്തിൽ ഹർത്താൽ നടത്തിയതായി വാർത്ത കേട്ടിരുന്നു. ഒന്നും രണ്ടും ഗൾഫ് യുദ്ധത്തിന്റെ നാൾവഴികളിലൂടെ കടന്നുപോയ ലക്ഷക്കണക്കിന് ഗൾഫ് മലയാളികൾ തികച്ചും നിസ്സംഗതയോടെയാണ് ആ വാർത്തയെ അഭിമുഖീകരിച്ചത്. പരദേശവാസത്തിന്റെ വ്യാകുലതകൾ സ്വദേശത്തിന്റെ ആശയനിർമ്മിതിയിൽ പ്രസക്തമല്ല എന്നറിയുന്ന നിശിതമായ മറ്റൊരവസരമായിരുന്നു അത്.

ആയിടയ്ക്ക് കുവൈറ്റിൽ സന്ദർശനത്തിനെത്തിയ സുകുമാർ അഴിക്കോടിനെ, 'അയനം' എന്ന പ്രാദേശിക ഓൺ-ലൈൻ മാസികയ്ക്ക് വേണ്ടി ഞാൻ അഭിമുഖം ചെയ്തിരുന്നു. തിരക്കിനിടയിൽ, താൻ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിലിരുന്നാണ് അദ്ദേഹം സംസാരിച്ചത്. യുദ്ധം കഴിഞ്ഞതിന്റെ അടുത്തുള്ള സമയമായിരുന്നതിനാൽ അദ്ദേഹം സംസാരിച്ചത് കൂടുതലും സാമ്രാജ്യത്വത്തിന് എതിരേയായിരുന്നു. കുവൈറ്റിലേയ്ക്ക് അധിനിവേശം നടത്തിക്കൊണ്ട് ഒന്നാം ഗൾഫ് യുദ്ധത്തിന് തുടക്കമിട്ടതും, തദ്വാരാ സാമ്രാജ്യത്വം എന്ന് വിളിപ്പേരുള്ള അമേരിക്കൻ സൈനികശക്തിയെ ഗൾഫ് മേഖലയിലേയ്ക്ക് കൊണ്ടുവന്നതും സദ്ദാമായിരുന്നുവല്ലോ എന്നു ഞാൻ സൂചിപ്പിച്ചു. അപ്പോൾ അദ്ദേഹം അടുത്തിരിക്കുകയായിരുന്ന സഹായിയോട് "നമുക്ക് പോകാൻ സമയമായില്ലേ...?" എന്ന് ചോദിച്ചു. അയാളുടെ മറുപടിക്ക് കാക്കാതെ, തിരിഞ്ഞ് എന്നോട് "ഞങ്ങൾക്ക് പോകാനായി. ഇപ്പോഴത്തേയ്ക്ക് ഇത്ര മതി..." എന്നുപറഞ്ഞ് എണീറ്റുപോവുകയും ചെയ്തു. നമ്മുടെ സാംസ്കാരികമണ്ഡലം സ്യൂഡോപാക്ഷികമാണ്. അത് രൂഢമൂലവുമാണ്.

ഇപ്പോൾ മുത് ല മണൽകുന്നിനെ മുറിച്ച് കടന്നുപോകുന്ന എൺപതാം നമ്പർ ഹൈവേയിലൂടെ വണ്ടിയോടുമ്പോൾ ഞാൻ സുകുമാർ അഴിക്കോടിനെ ഓർക്കുകയാണ്. ഗൾഫ് യുദ്ധത്തെ കുറിച്ചുള്ള, മറ്റുപല സാമൂഹ്യവ്യവഹാരങ്ങളെയും കുറിച്ചുള്ള, വിചാരപ്രകാശനം എന്തായാലും, സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്നെയാണ് അദ്ദേഹത്തെ എപ്പോഴും ഓർക്കുക. പ്രീഡിഗ്രി പഠനകാലത്തെ ഏതാനും ചില രാത്രികൾ ഗാഢമായി അപഹരിച്ച 'തത്വമസി'ക്ക് ശേഷം ആ മനോനില ഒരിക്കലും മാറിയിട്ടില്ല. ഇൻഡ്യൻ പുരാണങ്ങളുടെ അന്ത:സത്തയിലേയ്ക്കും ചരിത്രത്തിലേയ്ക്കും ഒരു നവയുവാവിനെ ആവേശിപ്പിക്കാൻ പര്യാപ്തമായ മറ്റൊരു പ്രവേശിക ഭാഷയിലുണ്ടെന്ന് തോന്നുന്നില്ല.

അദ്ദേഹം വിട്ടുപോയിട്ട് ആറു വർഷം കഴിഞ്ഞിരിക്കുന്നു. കുവൈറ്റിന്റെ മണ്ണിൽ നിന്നും യുദ്ധഭീതിയും എന്താണ്ട് മുഴുവനായും ഒഴിഞ്ഞുപോയിരിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ഈ 'മരണത്തിന്റെ പെരുവഴി'യിലൂടെ വണ്ടിയോടിച്ച് പോകാൻ സാധിക്കുന്നത് അതുകൊണ്ടുകൂടിയാണ്. ഈ പാത നീളുന്നത് ഇറാഖിന്റെ അതിർത്തിയിലേയ്ക്കാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ഇതുവഴി കടന്നുപോകുമ്പോൾ മുത് ല കുന്നിൽ അതിർത്തി രക്ഷാസേനയുടെ ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. പരിശോധനകൾ കഴിഞ്ഞിട്ടേ  കുന്നിനപ്പുറത്തേയ്ക്ക് കടത്തിവിടുമായിരുന്നുള്ളു. അനുബന്ധ കെട്ടിടങ്ങൾ അവിടെയുണ്ടെങ്കിലും ഇപ്പോൾ ആളനക്കമൊന്നും കാണുന്നില്ല.

മരുഭൂമി...
ഈ റോഡിന് 'മരണത്തിന്റെ പെരുവഴി' എന്ന പേരുവരുന്നത് ഒന്നാം ഗൾഫ് യുദ്ധത്തിന്റെ അവസാന ദിവസം നടന്ന അതിഭീകരമായ ഒരു സംഭവത്തെ പ്രതിയാണ്. 'ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം' എന്നറിയപ്പെടുന്ന ഒന്നാം ഗൾഫ് യുദ്ധം അവസാനിക്കുന്നത് 1991 - ഫെബ്രുവരി ഇരുപത്തിയെട്ടാം തിയതിയാണ്. പരാജയം സുനിശ്ചിതമായതിനു ശേഷം ഇരുപത്തിയാറാം തിയതിയോടെയാണ് ഇറാഖി പട്ടാളം കുവൈറ്റിൽ നിന്നും പിൻവാങ്ങുന്നത്. കുവൈറ്റിൽ നിന്നും ഇറാഖിലേക്കുള്ള ഏക കരവഴിയാണ് ഹൈവേ എൺപത്. ആ സമയത്ത് ഏകദേശം രണ്ടായിരം വാഹനങ്ങളാണ് രക്ഷപെട്ടോടാൻ ശ്രമിച്ചത്. സൈനികവാഹനങ്ങൾക്കൊപ്പം കുവൈറ്റിലേയ്ക്ക് അധിനിവേശിച്ചു കയറിയ ഇറാഖി സിവിലിയൻമാരുടെ വാഹനങ്ങളും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

ഒരുപക്ഷെ ഓപ്പറേഷൻ ഡെസേർട്ട്  സ്റ്റോമിലെ ഏറ്റവും രൂക്ഷമായ യുദ്ധദുരന്തം നടക്കുന്നത് ആ രാത്രിയിലാണ്. പിൻവാങ്ങുന്ന ഇറാഖി സേനയെയും മറ്റു സാധാരണ ഇറാഖികളെയും എതിർ ഭാഗത്തു നിന്നും പറന്നുവന്ന സഖ്യസേനയുടെ യുദ്ധവിമാനങ്ങൾ മിസൈലാക്രമണത്തിലൂടെ തകർത്ത് തരിപ്പണമാക്കി. മുത് ല മണൽകുന്നിൻറെ അപ്പുറം മുതൽ ഇറാഖിന്റെ അതിർത്തി വരെ നീളുന്ന ഏകദേശം നൂറു കിലോമീറ്റർ ദൂരം ശക്തമായ വ്യോമാക്രമണമാണ് നടന്നത്. മരുഭൂമിയുടെ നടുവിലൂടെ കടന്നുപോകുന്ന റോഡ്. ആകാശത്തിലേയ്ക്ക് മലർക്കേ തുറന്നുകിടക്കുന്ന പാത. മറ്റൊരു നിവൃത്തിയില്ലാതെ അതിലൂടെ കോൺവോയിയായി പിൻവാങ്ങിക്കൊണ്ടിരുന്ന നൂറുകണക്കിന് ഇറാഖികളാണ് ആ ഒറ്റരാത്രിയിൽ കൊല്ലപ്പെട്ടത്. വ്യാപകമായ രീതിയിൽ യുദ്ധസാമഗ്രികളും നശിപ്പിക്കപ്പെട്ടു. ഈ പാതയുടെ നീളമാസകലം ഒരു വലിയ ശവപ്പറമ്പായി മാറി. മനുഷ്യമൃതദേഹങ്ങൾ മാറ്റിയെങ്കിലും വാഹനങ്ങളുടെ ശവശരീരങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി വർഷങ്ങളോളം കിടന്നു. ഞാനിവിടെയെത്തി ആദ്യനാളുകളിലൊന്നിൽ ഇതുവഴി കടന്നുപോയപ്പോൾ ആ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ അവിടവിടെ കണ്ടിരുന്നു. പിന്നീട് റോഡിന്റെ പുനർനിർമ്മാണത്തോടൊപ്പം യുദ്ധത്തിന്റെ ആ ദുരന്തസ്മരണികകളും പൂർണ്ണമായും അപ്രത്യക്ഷമായി.

'മരണത്തിന്റെ പെരുവഴി' (കടപ്പാട്: വിക്കിപീഡിയ)
ഈ സംഭവത്തിനും ഏതാനും മാസങ്ങൾക്ക് മുൻപ്, ഇതേ റോഡിലൂടെ മറ്റൊരു വാഹനവ്യൂഹം കടന്നുപോയിരുന്നു. പ്രത്യാശയുടെ വാഹനങ്ങളായിരുന്നു അത്. ഇൻഡ്യൻ പ്രവാസി സമൂഹം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ വഴികൂടിയാണിത്. യുദ്ധാനന്തരം ഏതാണ്ട് രണ്ടുലക്ഷം ഇൻഡ്യാക്കാരാണ് കുവൈറ്റിൽ കുടുങ്ങിയത്. അവരെ രക്ഷിച്ച് ഇൻഡ്യയിലെത്തിക്കുക എന്ന ബൃഹത്തായ പദ്ധതിയുടെ ആദ്യപാദമായിരുന്നു, പിന്നീട് മരണത്തിന്റെ പെരുവഴിയായി മാറിയ ഈ പാതയിലൂടെ അന്ന് നടന്നത്. ഇൻഡ്യാക്കാർക്ക് ഹൈവേ എൺപതിനെ വേണമെങ്കിൽ 'പ്രത്യാശയുടെ പെരുവഴി' എന്നു വിളിക്കാം.

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ഇൻഡ്യാക്കാരെ ഇറാഖ് വഴി ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെത്തിക്കാൻ അധിനിവേശ സർക്കാർ അനുവദിക്കുകയായിരുന്നു. കുവൈറ്റിൽ നിന്നും ഈ വഴിയിലൂടെ ഇറാഖിന്റെ അതിർത്തി പട്ടണമായ ബസ്രയിലേയ്ക്കും അവിടെ നിന്നും ബാഗ്‌ദാദ്‌ വഴി അമ്മാനിലേയ്ക്കും. ഏതാണ്ട് ആയിരത്തിയഞ്ഞൂറു കിലോമീറ്ററോളം നീളുന്ന പലായനത്തിന്റെ ആദ്യഖണ്ഡം. ആ യാത്രയും, പിന്നീട് അമ്മാനിലെ അഭയാർത്ഥി ക്യാമ്പിലെ ജീവിതവും, ഒരു യുദ്ധവും അതിനുമുൻപ് അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്ത മലയാളിക്ക് എത്രമാത്രം ദുരിതസാന്ദ്രമായിരുന്നുവെന്ന് ആ പലായനത്തിൽ പെട്ട പലരിൽ നിന്നും പിന്നീട് കേൾക്കേണ്ടി വന്നിട്ടുണ്ട്.

അമ്മാനിൽ നിന്നുമാണ് ഇൻഡ്യാക്കാരെ വ്യോമമാർഗ്ഗം മുംബൈയിലെത്തിക്കുന്നത്. എയർ ഇൻഡ്യയുടെ തകർക്കപ്പെടാത്ത ഒരു റെക്കോർഡാണ് ആ എയർലിഫ്റ്റ്. 1990 - ആഗസ്റ്റ് പതിനെട്ട് മുതൽ അറുപത്തിമൂന്നു ദിവസം ഏതാണ്ട് അഞ്ഞൂറു തവണ എയർ ഇൻഡ്യാ വിമാനങ്ങൾ ഈ റൂട്ടിൽ ഇടതടവില്ലാതെ പറക്കുകയായിരുന്നു. ഒരു സിവിലിയൻ എയർലൈൻ ഏറ്റവും കൂടുതൽ ആൾക്കാരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു യുദ്ധഭൂമിയിൽ നിന്നും രക്ഷിച്ചെടുത്ത വളരെ ബൃഹത്തായ ഓപ്പറേഷനായിരുന്നു അത്. കുവൈറ്റിനെ തിരിച്ചുപിടിക്കാനുള്ള സംയുക്തസേനയുടെ ആക്രമണം ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെ മുൾമുനയിൽ നിന്നാണ് ഈ സംരംഭം വിജയിപ്പിച്ചെടുത്തത്. പല വികസിത രാഷ്ട്രങ്ങൾക്കും സാധിക്കാനാവാതെ പോയ അഭിമാനകരമായ ഒരു കടമയാണ് ഭാരത സർക്കാരും എയർ ഇൻഡ്യയും അന്ന് നടത്തിയത്.

ഈ പലായനത്തെ ആധാരമാക്കി ഹിന്ദിഭാഷയിലുള്ള ഒരു ചലച്ചിത്രം ഈയടുത്ത് കൊട്ടകകളിലെത്തുകയുണ്ടായി - 'എയർലിഫ്റ്റ്'. അക്ഷയ് കുമാർ അവതരിപ്പിച്ച രഞ്ജിത് കത്യാൽ എന്ന നായകനെ രൂപപ്പെടുത്തിരിക്കുന്നത് 'ടൊയോട്ടാ സണ്ണി' എന്ന കുവൈറ്റ് മലയാളിയിൽ നിന്നാണത്രെ. അധിനിവേശത്തിന്റെയും പലായനത്തിന്റെയും കാലത്ത് മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ടാ സണ്ണിയുടെ പേര് പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞിരുന്നു. ടൊയോട്ടാ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം. അധിനിവേശ പൂർവ്വ കുവൈറ്റിൽ ഇൻഡ്യൻ സമൂഹത്തിലെ പ്രബലനായ വ്യക്തി. യുദ്ധഭൂമിയിൽ നിന്നും ഇൻഡ്യാക്കാരെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു ടൊയോട്ടാ സണ്ണി.

യുദ്ധാനന്തരം മലയാളികൾ, ഇൻഡ്യാക്കാർ, കുവൈറ്റിലേയ്ക്ക് മടങ്ങിവന്ന് അതിജീവനത്തിന്റെ പുതിയൊരു പുസ്തകം തുറന്ന കാലത്ത് പക്ഷെ, അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തോമസ് ചാണ്ടിയേയും കെ. ജി. അബ്രഹാമിനെയും പോലുള്ള പുത്തൻകൂറ്റുകാരായ വർത്തകപ്രമാണികൾ സമൂഹത്തിൽ ഉയർന്നുവരുകയാണുണ്ടായത്.

മരണത്തിന്റെ പെരുവഴി - ഇപ്പോൾ
കുവൈറ്റിലെ ഇറാഖ് അധിനിവേശവും ഇൻഡ്യാക്കാരുടെ പലായനവും തുടർന്നുള്ള ഓപ്പറഷൻ ഡെസ്സേർട്ട് സ്റ്റോമും നടക്കുന്ന കാലത്ത് ഞാൻ കോളേജ് വിദ്യാർത്ഥിയാണ്. ഗൾഫ് യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരുന്ന ദിവസങ്ങൾ. കുവൈറ്റിലേയ്‌ക്കോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തേയ്‌ക്കോ പ്രവാസിയായി പോവുക എന്നത് ഒരു വിദൂരവിചാരമായിപ്പോലും അപ്പോഴുണ്ടായിരുന്നില്ല. എങ്കിലും ഗൾഫ് യുദ്ധം സസൂക്ഷ്മം ശ്രദ്ധിക്കാൻ സവിശേഷമായ കാരണമുണ്ടായിരുന്നു. എന്റെ ഗ്രാമത്തിൽ നിന്നും ഇരുന്നൂറിലധികം ആളുകൾ കുവൈറ്റിലുണ്ടായിരുന്നു. അതിൽ അടുത്ത ചെങ്ങാതിമാരുമുണ്ടായിരുന്നു. പത്രത്തിൽ 'അമ്മാനിലെത്തിയ മലയാളികൾ' എന്ന ശീർഷകത്തിനു കീഴിൽ, അധിനിവേശഭൂമിയിൽ നിന്നും രക്ഷപ്പെട്ട് അമ്മാനിലെ അഭയാർത്ഥി ക്യാമ്പിലെത്തുന്ന ആളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കൂട്ടുകാരുടെ പേരുണ്ടോ എന്ന് തിരയുക രാവിലെയുള്ള സ്ഥിരവ്യായാമായിരുന്നു.

യുദ്ധഭൂമിയിൽ നിന്നും ആദ്യമായി ഞങ്ങളുടെ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത് സണ്ണിയാണ്. ടൊയോട്ടാ സണ്ണിയല്ല. അടുത്ത കൂട്ടുകാരനായ മറ്റൊരു സണ്ണി. അമ്മാനിൽ നിന്നും വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്നും തീവണ്ടിയിൽ തിരുവനന്തപുരം പട്ടണത്തിലെത്തുകയായിരുന്നു. ഒരു ചെറിയ ബേഗും തൂക്കി ട്രാൻസ്‌പോർട്ട് ബസ്സിൽ അയാൾ ഗ്രാമക്കവലയിൽ വന്നിറങ്ങി...

പതിനെട്ട് വയസ്സ് തികയുന്നതിനു മുൻപ് കുവൈറ്റിലേയ്ക്ക് പോയ ആളാണ് സണ്ണി. എയർപോർട്ടിൽ നിന്നും ടാക്സിക്കാറിൽ ആർഭാടത്തോടെയാണ് അയാൾ സാധാരണ അവധിക്കുവരുക. 'ജോണി വാക്കർ', 'ഷിവാസ് റീഗൽ' എന്നിങ്ങനെ പേരുകളുള്ള മുന്തിയ ഇനം മദ്യം ആദ്യമായി കാണുന്നതും രുചിക്കുന്നതും അയാളിൽ നിന്നുമാണ്. മദ്യപാനസദിരുകളിൽ അയാൾ വശ്യമായി വർണ്ണിച്ചിരുന്ന ലെബനോനി, മിസ്രി പെൺകുട്ടികളുടെ അപൂർവ്വസൗന്ദര്യം സങ്കല്പിച്ചെടുക്കാനാവാതെ ഞങ്ങൾ, ഗ്രാമീണ സുഹൃത്തുക്കൾ, കുഴങ്ങിപ്പോയിരുന്നു.

മുഷിഞ്ഞ വസ്ത്രത്തിൽ, ചെറിയ ബേഗും തൂക്കി, മദ്യക്കുപ്പികളില്ലാതെ, നിറംനിറഞ്ഞ കഥകളില്ലാതെ ട്രാൻസ്‌പോർട്ട് ബസ്സിൽ വന്നിറങ്ങിയ സണ്ണിയിൽ അധിനിവേശത്തിന്റെ, യുദ്ധത്തിന്റെ, പലായനത്തിന്റെ, അഭയാർത്ഥിത്വത്തിന്റെ ചെറിയൊരു തുണ്ട് ഞങ്ങളും അനുഭവിച്ചു.

മരുഭൂമി
അന്ന് സണ്ണിയും പതിനായിരക്കണക്കിന് ഇൻഡ്യാക്കാരും പലായനം ചെയ്ത പെരുവഴിയുടെ അതിർത്തിയിൽ നിൽക്കുകയാണ് ഞാനിപ്പോൾ. അങ്ങകലെ റോഡ് ഇറാഖിലേയ്ക്ക് കടന്നുപോകുന്ന ഭാഗത്തെ പട്ടാളഗേറ്റ് കാണാം. കൂടുതൽ മുന്നോട്ട് പോകുന്നത് ബുദ്ധിപരമായിരിക്കില്ല. കുവൈറ്റിന്റെ ഈ ഭാഗം അബ്ദലി എന്ന സ്ഥലമാണ്. അതിർത്തിക്കപ്പുറം ഏകദേശം അൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ യൂഫ്രട്ടീസ്-ടൈഗ്രിസ് നദിക്കരയിലുള്ള പ്രമുഖ പട്ടണമായ ബസ്രയിലെത്താം. യൂഫ്രട്ടീസ്-ടൈഗ്രിസ്, കടലിലേയ്ക്ക്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ അറേബ്യൻ ഉൾക്കടലിലേയ്ക്ക്, നിപതിക്കുന്നത് കുവൈറ്റിന്റെ ബുബിയാൻ ദ്വീപിൽ നിന്നും അധികം അകലെയായല്ല.

ഇത്രയും അടുത്തായിട്ടും ഇപ്പോൾ ബസ്രയിൽ പോകാനാവില്ല. യൂഫ്രട്ടീസ്-ടൈഗ്രീസ് എന്ന സംസ്‌കാരവാഹിനിയായ മഹാനദിയെ കാണാനാവില്ല.  പക്ഷെ അധിനിവേശത്തിന് മുൻപ് ഇത്തരത്തിലായിരുന്നില്ല രാഷ്ട്രീയ കാലാവസ്ഥ. അതുകൊണ്ട് തന്നെ കുവൈറ്റിനെ സംബന്ധിച്ച് ബസ്ര ഒരു അയൽപട്ടണമായിരുന്നു. പെർമിറ്റ് സംഘടിപ്പിച്ചാൽ അവിടേയ്ക്ക് പോയിവരാമായിരുന്നത്രേ.

അധിനിവേശത്തിന് മുൻപുതന്നെ കുറച്ചുകാലം ഇവിടെയുണ്ടായിരുന്ന ഒരു സമപ്രായക്കാരൻ പിന്നീട് സുഹൃത്തായി മാറുകയുണ്ടായി. ഞങ്ങളുടെ സൗഹൃദസദസ്സുകളിൽ, യുദ്ധപൂർവ്വ ബസ്രയെ കുറിച്ച് അയാൾ സംസാരിക്കുമായിരുന്നു. അന്ന് തുച്ഛവരുമാനക്കാരനായിരുന്ന അയാൾക്ക് ബസ്രയിൽ പോകാൻ സാധിക്കുമായിരുന്നില്ല. സമ്പന്നരായ 'അച്ചായന്മാർ' ആഴ്ചാന്ത്യത്തിൽ മദ്യപിക്കാനായി ബസ്രയിലേയ്ക്ക് പോകുന്നത് അയാൾ നേർത്ത അസൂയയോടെ നോക്കിനിൽക്കുമായിരുന്നുവത്രെ. കുവൈറ്റ്, മദ്യം നിരോധിക്കപ്പെട്ട രാജ്യമാണല്ലോ. യുദ്ധാനന്തരം മടങ്ങിവന്ന അയാൾ ആഴ്ചാന്ത്യങ്ങളിൽ മദ്യപിക്കാൻ വേണ്ടി മാത്രമായി ബഹ്‌റൈനിലേയ്ക്കും ദുബായിലേയ്ക്കും ഒക്കെ പറക്കാൻ കെല്പുള്ള ധനികനായ മാറി. എങ്കിലും, ആ വലിയ നഗരങ്ങളെക്കാൾ എത്രയോ താഴ്ന്ന നിലവാരത്തിലുള്ള ബസ്ര പട്ടണത്തിലേയ്ക്ക് ഒരിക്കലെങ്കിലും പോകാനാവാത്തത് വല്ലാത്തൊരു മോഹഭംഗമായി അയാൾ ഇന്നും കൊണ്ടുനടക്കുന്നു. അയാൾക്കോ, ദേശാഭിവാഞ്ഛകൾ എന്നും പ്രലോഭിപ്പിക്കുന്ന എനിക്കോ ഈ പരദേശവാസത്തിന്റെ ബാക്കിയുള്ള കാലത്തിനിടയ്ക്ക് എന്നെങ്കിലും  ബസ്രയിൽ പോകാനാവും എന്ന് കരുതുക വയ്യ. രാജ്യാന്തര രാഷ്ട്രീയത്തിന്റെ ബൃഹത് പദ്ധതികളിൽ സാധാരണക്കാരന്റെ ഇച്ഛാഭംഗത്തിനും ദേശകൗതുകത്തിനും എന്തുവില...?!

മരുഭൂമിയിൽ വിരിയുന്ന അർഫാജ് പൂവുകൾ...
അബ്ദലി ഒരു പട്ടണമൊന്നുമല്ല. വഴിയോരത്ത് ചെറിയൊരു സൂപ്പർമാർക്കെറ്റ് കാണാം. അതുമാത്രമാണ് ഇവിടെ സാധാരണ നിലയിലുള്ള പൊതുസ്ഥാപനം. എന്നാൽ മറ്റൊരു തരത്തിൽ വളരെയധികം സജീവമായിരിക്കുന്ന മനുഷ്യജീവിതങ്ങൾ അബ്ദലിയുടെ ഉൾപ്രദേശങ്ങളിൽ പുലരുന്നുണ്ട്.

ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ അബ്ദലിയിലെ കവലയിൽ നിന്നും പടിഞ്ഞാറോട്ട് വിജനമരുഭൂമി മുറിച്ചുനീളുന്ന ചെറുപാതയിലൂടെ കുറച്ചുദൂരം പോയാൽ കുവൈറ്റ് പുതുതായി നിർമ്മിച്ചിരിക്കുന്ന എണ്ണപ്പാടം കാണാം. കുവൈറ്റ്, ഗൾഫ് മേഖലയിലെ വലിയൊരു എണ്ണശക്തിയാണ്. പക്ഷെ ഈ രാജ്യത്തിന് ഓഫ്‌ഷോർ എണ്ണപ്പാടങ്ങളില്ല. എണ്ണഖനനം മുഴുവനായും കരയിലാണ് നടക്കുന്നത്. അതിന്റെ കൃത്യമായൊരു പരിച്ഛേദമാണ് അബ്ദലിയിലെ എണ്ണപ്പാടം. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന, ഡോങ്കിപമ്പുകളുടെ വിചിത്രഭൂമിക. നീലയും മഞ്ഞയും നിറത്തിൽ കാണപ്പെടുന്ന ഡോങ്കിപമ്പുകളാണ് ഭൂഗർഭത്തിൽ നിന്നും എണ്ണ മുകളിലേയ്ക്ക് കൊണ്ടുവരുന്നത്. നമ്മുടെ നാട്ടുകവലകളിൽ മുൻപ് കണ്ടിരുന്ന, ലിവർ ഉയർത്തിയും താഴ്ത്തിയും വെള്ളമെടുത്തിരുന്ന, ബോർവെൽപമ്പുകളുടെ വലുതും യന്ത്രവത്കൃതവുമായ രൂപം. അത്തരത്തിൽ നോക്കെത്താദൂരം പരന്നുകിടക്കുന്ന എണ്ണപ്പാടത്തിന്റെ കാഴ്ച വ്യതിരിക്തമായ ഭൂപ്രദേശത്തെത്തിയ അനുഭവം പ്രദാനം ചെയ്യും.

ഒരു ചെറിയ രാജ്യത്തെ സമ്പന്നതയിൽ നിലനിർത്തിപ്പോരുന്ന, ഭൂമിയുടെ നിരുപാധികമായ സമ്മാനമാണ് ഈ എണ്ണപ്പാടങ്ങൾ. അതിനോടുള്ള ആഗ്രഹത്തെ പ്രതിയാണ് ഒരിക്കൽ സദ്ദാമിന്റെ പട്ടാളവ്യൂഹം ഇതുവഴി കടന്നുവന്നത്. എന്നാൽ മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ഏറെക്കൂറെ ഇറാഖിന്റെ അതിർത്തിയോട് ചേർന്ന് ഈ എണ്ണപ്പാടം നിർഭയമായി നിലകൊള്ളുന്നു.

മരുഭൂമിയിൽ...
അബ്ദലിയിലെ കവലയിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞുപോയാൽ ഊഷരഭൂമിയിലെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭൂപ്രകൃതിയിൽ എത്തിച്ചേരും. ഏക്കർ കണക്കിന് വിസ്തൃതിയിൽ പരന്നുകിടക്കുന്ന തോട്ടങ്ങൾ. കുവൈറ്റിൽ ഭൂഗർഭജലത്തിന്റെ സാന്നിധ്യമുള്ള ഏക പ്രദേശമാണ് അബ്ദലി. യൂഫ്രട്ടീസ്-ടൈഗ്രിസ് നദിയുടെ വിദൂര സാമീപ്യമാവാം ഈ ഉറവയ്ക്ക് കാരണമെന്ന് കരുതാനാണ് എനിക്കിഷ്ടം. പക്ഷെ അബ്ദലിയിൽ തോട്ടങ്ങളുണ്ടായത് ഇതിനാലാണോ എന്നറിയില്ല. പുരാതനകാലത്ത് ഹരിതാനാമ്പുകളുടെ ജീവവ്യഗ്രതയ്ക്ക് ഈ ജലസ്പർശം പ്രഭവമേകിയിരിക്കാം. എന്നാൽ ഇപ്പോൾ കൃത്രിമമായ ജലസേചനരീതികൾ അവലംബിച്ചാണ് ഇവിടെ തോട്ടങ്ങൾ സംരക്ഷിക്കപ്പെടുന്നത്. പച്ചക്കറികളുടെയും മറ്റു ഫലമൂലങ്ങളുടെയും തോട്ടങ്ങൾ ഉയർന്നുവന്നിരിക്കുന്നത് എന്തായാലും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പ്രതിയാണെന്ന് കരുതാനാവില്ല. അതിന് പര്യാപ്തവുമല്ല ഉത്പാദനവ്യാപ്തി. പച്ച നിറഞ്ഞ ഒരു തുരുത്ത് രാജ്യാഭിമാനത്തിന്റെ ഭാഗമായി നിലനിർത്തുക എന്നതായിരിക്കാം പ്രസക്തമായ കാരണം.

അടുത്ത അപ്പാർട്ടമെന്റിൽ താമസിച്ചിരുന്ന കോന്നിക്കാരൻ സുധീർ, അബ്ദലിയിലുള്ള ഒരു തോട്ടത്തിന്റെ പ്രധാന നടത്തിപ്പുകാരനായിരുന്നു. അതിനാൽ പലപ്പോഴും ആ തോട്ടത്തിലേയ്ക്ക് പോകാൻ അവസരം കിട്ടിയിരുന്നു. മൊട്ടക്കൂസും തക്കാളിയും കോളിഫ്ലവറും വെണ്ടയും വഴുതനയും ഈന്തപ്പനയും പിന്നെ വിവിധതരം മൽസ്യങ്ങളും വളരുന്ന വലിയ തോട്ടം. അതിനപ്പുറം അവിടം വ്യതിരിക്തമായ ഒരു ജനവാസതാവളം കൂടിയായിരുന്നു. രണ്ടായിരത്തിലധികം ആളുകൾ താമസിക്കുന്ന ഒരു ക്യാമ്പ് അതിനനുബന്ധമായുണ്ടായിരുന്നു. മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണപ്പാടത്തിലും മറ്റും ജോലിയെടുക്കുന്ന കരാർ തൊഴിലാളികളാണ് അവിടെ താമസിച്ചിരുന്നത്.

നിരനിരയായി നീണ്ടുപോകുന്ന പോർട്ടോ ക്യാബിനുകൾ. അതിലെ ചെറിയ മുറികളിലെ തട്ടുകട്ടിലുകൾ. ഓരോ കിടക്കയും ഓരോ വീടായി മാറുന്ന ചെറിയ ജീവിതങ്ങൾ...

വൈകുന്നേരങ്ങളിൽ ഒന്നിനു പിറകേ ഒന്നായി എത്തുന്ന ഇൻഡ്യൻ നിർമ്മിതമായ പരുക്കൻ ലൈലാൻഡ് ബസ്സുകളിൽ, ഡ്യൂട്ടി കഴിഞ്ഞെത്തുന്ന തൊഴിലാളികൾ വന്നിറങ്ങുന്നത് കണ്ടിട്ടുണ്ട്. ഓവറോളും ഹെൽമറ്റും ധരിച്ച്, ക്ഷീണിതരായി, തലകുനിച്ച് പതുക്കെ നടന്നുപോകുന്നവർ. പരാജയപ്പെട്ട യുദ്ധത്തിനു ശേഷം അപമാനിതരും നിരാലംബരുമായി ബാരക്കുകളിലേയ്ക്ക് മടങ്ങുന്ന പട്ടാളക്കാരെപ്പോലെ...

ഗൾഫിലെ ഏറ്റവും വലുതും ആധുനികവുമായ കച്ചവടകേന്ദ്രങ്ങളിലൊന്ന് കുവൈറ്റിലാണ് - 'അവന്യൂസ് മാൾ'. ഇതിന് ഒരറ്റത്തു നിന്നും മറ്റൊരറ്റത്തേയ്ക്ക് നാലഞ്ച് കിലോമീറ്റർ നീളമുണ്ടാവും. ഒട്ടനേകം ഉപവഴികൾ  വേറെയും. ഒരുവേള ഇത് 'ദുബായ് മാളി'നെക്കാൾ വലുതായിരിക്കാം എന്ന അവകാശവാദം നിലനിൽക്കുന്നുണ്ട്. അവന്യൂസ് മാളിന്റെ മായികമായ പ്രഭാലോകത്ത് ഉല്ലാസിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും, അതിനേക്കാൾ നീളത്തിലും വിസ്തൃതിയിലും, മരുഭൂമിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഈ പോർട്ടോക്യാബിനുകൾ കണ്ടിട്ടുണ്ടാവില്ല. രണ്ടുമണിക്കൂർ ഡ്രൈവിന്റെ അകലത്തിൽ ഇങ്ങനെയൊരു ലോകം നിലനിൽക്കുന്നു എന്ന അറിവുമുണ്ടാവില്ല...

വൈരുദ്ധ്യങ്ങളുടെ ഗൾഫ് ജീവിതത്തെ സ്ഥൂലനിലയിൽ പ്രശ്നവത്കരിക്കുന്നതിൽ വലിയ കാര്യമില്ലെന്നുതന്നെ തോന്നും. ഗൾഫ് മാത്രമല്ല, ലോകം തന്നെ എന്നും വൈരുദ്ധ്യങ്ങളുടേതായിരുന്നു. ഭാഷയിലാണെങ്കിൽ 'ആടുജീവിതം' ഈ അവസ്ഥയെ അതികാല്പനികവത്കരിച്ച് ഒരു ഫോക്‌ലോർ തന്നെ ഉണ്ടാക്കിയും കഴിഞ്ഞിരിക്കുന്നു.

അബ്ദലിയിലെ തോട്ടം
അബ്ദലിയിൽ നിന്നുള്ള മടക്കയാത്രയിൽ മുത് ല കുന്നുകളുടെ നിമ്നോന്നത ചക്രവാളത്തിൽ അവ്യക്തമായി കണ്ടുതുടങ്ങിയപ്പോൾ വണ്ടി ഹൈവേയിൽ നിന്നും തിരിച്ച്, വിജനമായ മരുഭൂമിയിലൂടെ കുറച്ചുദൂരം ഓടിച്ചുപോയി. കഠിനമായ വേനലിന്റെ നാളുകളാണ്. പകൽ നേരത്ത് അൻപത് ഡിഗ്രിക്ക് മുകളിലേയ്ക്ക് പോകുന്ന ചൂട്. കണ്ണിൽ കുത്തികയറുന്ന മഞ്ഞവെയിലായി വേനൽ ഭൂപ്രതലത്തിൽ തിളയ്ക്കുന്നു...

ഇത്രയും വിജനമായിരിക്കില്ല ശൈത്യകാലത്ത് ഇവിടം. ഒരുപാട് കൂടാരങ്ങൾ ഉയർന്നുവന്നിട്ടുണ്ടാകും. പുരാതനവും പാരമ്പരാഗതവുമായ സംസ്കൃതിയുടെ കാപ്സ്യൂൾ അനുഭവത്തിനായി കുവൈറ്റികൾ ഇടയ്ക്കൊക്കെ ആ ടെന്റുകളിൽ വന്നു താമസിക്കും...

ഒരിക്കൽ, അത്തരമൊരു ടെന്റിൽ ഒന്നുരണ്ട് ദിവസം, ഞാനും ചില കൂട്ടുകാരോടൊപ്പം കുടുംബസമേതം താമസിച്ചിരുന്നു. നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു. രാത്രിയിൽ താപനില പൂജ്യത്തിനും താഴേയ്ക്ക് പോയിരുന്ന നിശിതശൈത്യത്തിന്റെ ദിവസങ്ങൾ. പകൽനേരത്ത്, വെയിലിലിറങ്ങി ഇരിക്കുന്നതോ നടക്കുന്നതോ ആണ് സുഖകരം. അങ്ങനെ മരുഭൂമിയിലൂടെ അലസമായി നടക്കുകയായിരുന്നു, മദ്ധ്യാഹ്നത്തിന്റെ വൈകിയനേരത്ത്. സൂര്യൻ പടിഞ്ഞാറേയ്ക്ക് നീങ്ങിയിരുന്നു. എങ്കിലും വെയിലിന് തീക്ഷ്ണതയുണ്ട്. ശീതക്കാറ്റിൽ വെയിൽ നൽകുന്ന സുഖം അവാച്യമാണ്.

അപ്പോഴാണ് മരുഭൂമിയിൽ അവിടവിടെ തീനാളങ്ങൾ ഉയരുന്നത് കണ്ടത്. അൽ സുനൂൻ ചെടികളായിരുന്നു അത്. ഭൂമിയിൽ നിന്നും തീനാളത്തിന്റെ ആകൃതിയിൽ ഉയർന്നുനിൽക്കുന്ന ചെടി. അതിന്റെ സ്വർണ്ണവർണ്ണത്തിൽ വെയിൽ അഗ്നിയായി പൂക്കും...

അഭാവത്തിന്റെ ഊഷരവിന്യാസമാണ് മരുഭൂമിയെന്ന് കരുതിയിരുന്നു, മരുഭൂമി കാണുന്നതിന് മുൻപ്. വിചിത്രമായ ജൈവലോകത്തിന്റെ നിഗൂഢമായ അടരുകൾ കാണാൻ തുടങ്ങിയത് അപരിചതമായ ഈ ഭൂമിയിലൂടെ ഇറങ്ങിനടക്കാൻ തുടങ്ങിയതിനു ശേഷമാണ്. അൽ-ഹെമാസ് ചെടികൾ ചുമന്ന പൂക്കളുമായി ഭൂമടക്കുകളിൽ തലയാട്ടുന്നത് കാണാം..., വെളുത്തുപോയ ആകാശത്തിലൂടെ ശരവേഗം പറന്നുപോകുന്ന പ്രാപ്പിടിയനെ പിന്തുടരാനാവാതെ കാഴ്ച വേദനിക്കും..., വസന്തമെത്തുമ്പോൾ മരുഭൂമിയെ മഞ്ഞപുതപ്പിച്ച് അർഫാജ് പൂവുകൾ ദിഗന്തങ്ങളിൽ ചെന്ന്  വിലയിക്കുന്നത് കാണാനാവും...

അൽ-സുനൂൻ
മരുഭൂമിയിൽ താമസിച്ച ആ രാത്രി പൗർണ്ണമി ആയിരുന്നിരിക്കണം. കുവൈറ്റിന്റെ ആകാശത്ത് നക്ഷത്രങ്ങളുണ്ടാവാറില്ല. ഒന്നോ രണ്ടോ എണ്ണം ഇടയ്ക്ക് മിന്നിമറഞ്ഞാലായി. ആ പ്രതിഭാസത്തിന്റെ കാരണം മനസിലാക്കാനായിട്ടില്ല. അന്തരീക്ഷത്തിൽ സ്ഥായിയായി നിലനിൽക്കുന്ന പൊടിപടലമാവാം കാരണം. നക്ഷത്രങ്ങളില്ലാത്ത ആകാശത്തിന്റെ ചെരിവിൽ ചന്ദ്രൻ ഏകാന്തമായി നിൽക്കുന്നു. പൂർണ്ണചന്ദ്രനാണെങ്കിലും പ്രഭ കുറവാണ്. തെളിഞ്ഞ രാത്രിയുടെ കറുത്ത ആകാശത്ത് വാരിവിതറിയ താരമിനുങ്ങുകളുടെ തമ്പുരാട്ടിയായി വിരാജിക്കുന്ന നാട്ടിലെ പൗർണ്ണമി ചന്ദ്രന്റെ ആർദ്രലാവണ്യം മറ്റൊന്നാണ്.

അറേബ്യൻ മരുഭൂമിയിലെ രാത്രിസഞ്ചാരത്തിനിടയ്ക്ക്  ഒരിക്കൽ, ഒരു മണൽക്കുന്നിന് മുകളിലേയ്ക്ക് കയറിയെത്തുമ്പോൾ കയ്യെത്തി തൊടാവുന്ന അകലത്തിൽ അമ്പിളി വിടർന്നുനിൽക്കുന്നതു കണ്ട്  അത്ഭുതപ്പെട്ടുപോയതായി ബഷീർ എവിടെയോ എഴുതിയിട്ടുണ്ട്. അങ്ങനെയൊരെണ്ണം എനിക്കിതുവരെ കാണാനോ അനുഭവിക്കാനോ ആയിട്ടില്ല. ബഷീറിന്റെ ഭ്രമാത്മകമായ ഭാവോന്മാദത്തെ എന്റെ നേർക്കാഴ്ചയുമായി തട്ടിച്ചുനോക്കുന്നതു തന്നെ കലാശൂന്യമാണ്‌...

ചന്ദ്രന് വെട്ടം അല്പം കുറവാണെങ്കിലും, മരുഭൂമിയിൽ നിലാവിന്റെ പാൽക്കടൽ ഒഴുകി പരക്കുന്നതും നോക്കി ഞാൻ നിന്നു. വീശിയടിക്കുന്ന കാറ്റിൽ, എന്നോ മാഞ്ഞുപോയൊരു പുരാതന ജനതതിയുടെ ജന്മാന്തരമർമ്മരം ..., ആ നേരം, അപരിചിതമായ ഒരു ഗന്ധത്തിന്റെ നേർത്ത വീചികൾ ഇന്ദ്രിയത്തെ സ്പർശിച്ചു. എന്താവാം ആ ഗന്ധം എന്ന് വേർതിരിച്ചറിയാനായില്ല, ഏറെനേരം രാത്രിയുടെ ശീതക്കാറ്റേറ്റ് നിന്നിട്ടും...

ആ രാത്രി ഞങ്ങൾ കൂടാരമടിച്ചിരുന്നത് ഈ ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു. മരുഭൂമിയിൽ ദിശയും ദിക്കും കൃത്യമാവണമെന്നില്ല. വേനൽ തിളയ്ക്കുന്ന ഭൂമിയിലേയ്ക്ക് ഒരല്പനേരം ഇപ്പോഴും ഇറങ്ങിനിന്നു. വണ്ടിയിലെ സുഖശീതത്തിൽ നിന്നും ഭൂമിയുടെ കഠിനോഷ്ണത്തിലേയ്ക്ക് കാൽകുത്തിയപ്പോൾ ശരീരമൊന്ന് വിറച്ചു...

അന്ന്, നേർത്ത നിശാസ്പർശമായി പൊതിഞ്ഞ ഗന്ധം ഈ വെയിൽ പകലിൽ കുറച്ചുകൂടി തീക്ഷ്ണമായി അനുഭവപ്പെടുന്നുണ്ട്. ഇപ്പോഴെനിക്കറിയാം - ഇത് മരുഭൂമിയുടെ മണമാണ്...!

- അവസാനിച്ചു -   

1. ഒട്ടകക്കൂത്ത് - നോവൽ - ജവാഹർ കെ. എഞ്ചിനിയർ, അബ്ദുൽലത്തീഫ് നീലേശ്വരം, സതീശൻ പയ്യന്നൂർ, ഷിബു ഫിലിപ്.  

3 comments:

  1. I read the post, can't comment in Malayalam. Sorry. Will be back. :)

    ReplyDelete
  2. ലോകത്തെവിടെയായാലും, മടങ്ങിച്ചെല്ലാൻ സുരക്ഷിതമായ ഒരു മാതൃനാടുണ്ടായിരിക്കുക എന്നത് എത്ര വലിയ ആശ്വാസവും സ്വാതന്ത്ര്യവുമാണെന്ന് തിരിച്ചറിയാൻ ഇങ്ങനെ ചില അവസരങ്ങൾ ഉണ്ടാവാറുണ്ട്...

    നല്ല നിരീക്ഷണം.. നല്ല വിവരണം.. ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനം നന്ദി..., പുനലൂരാൻ

      Delete