Wednesday 16 March 2016

ചില നദികൾ പഠിപ്പിക്കുന്ന പാഠം

മൂന്ന് പാഷനുകളാണു് എന്റേതായി ഞാൻ വിലയിരുത്തുക - വായന, സിനിമ, യാത്ര. ഒരാമുഖമായി സൂചിപ്പിച്ചെന്നേയുള്ളൂ; പറയാൻ വന്നത് പഴയൊരു യാത്രയെക്കുറിച്ചാണു്. ആറാം ക്ലാസിലായിരിക്കുമ്പോൾ നടത്തിയ ഒരു മലയാറ്റൂർ യാത്ര.

അന്ന് ഞാൻ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കുകയായിരുന്നു. അവർ എക്സ്കർഷൻ സംഘടിപ്പിച്ചപ്പോൾ അത് മലയാറ്റൂറിലേയ്ക്കായതിൽ അത്ഭുതപ്പെടാനില്ല.

യാത്ര മലയാറ്റൂറിലേയ്ക്കാണെന്ന് പറഞ്ഞപ്പോൾ ചേട്ടൻ ആ പ്രദേശത്തെക്കുറിച്ചുള്ള അത്യാവശ്യം കാര്യങ്ങൾ മുന്നൊരുക്കം എന്ന നിലയ്ക്ക് പറഞ്ഞുതന്നിരുന്നു. അതിൽ പ്രധാനമായിരുന്നു, മലയാറ്റൂർമല പെരിയാറിന്റെ കരയിലാണു് എന്നത്.

അങ്ങനെ ഞങ്ങൾ മലയാറ്റൂർ മലയുടെ താഴ് വാരത്തെത്തി. തൊട്ടപ്പുറത്ത്, അതുവരെയും കണ്ടിട്ടില്ലാത്ത വ്യാപ്തിയിലും ഗംഭീര്യത്തിലും ഒഴുകുന്ന നദിയെ അത്ഭുതത്തോടെ നോക്കിനിന്നു...


അപ്പോഴാണു് എക്സ്കർഷൻ നയിച്ചുകൊണ്ടുവന്ന കന്യാസ്ത്രീ പ്രഖ്യാപിച്ചത് - ഈ കാണുന്നതാണ്‌ ഭാരതപ്പുഴ!

ങേ, അതെങ്ങനെ?

ഇത്തരം കാര്യങ്ങളിൽ കൃത്യമല്ലാത്ത വിവരം തരുന്ന ആളല്ല ചേട്ടൻ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി ഒരുപക്ഷേ ഭാരതപ്പുഴയും പെരിയാറും ഒന്നു തന്നെയാണോ? പക്ഷേ എങ്ങനെ നോക്കിയിട്ടും അത് ശരിയായി വരുന്നുണ്ടായിരുന്നില്ല. ഭാരതപ്പുഴയെക്കുറിച്ചുള്ള പാഠം കഴിഞ്ഞ ക്ലാസിലോ മറ്റോ പഠിച്ചതുമാണു്. ആ നദിയുടെ മറ്റ് പേരുകളിൽ പെരിയാർ എന്ന് ഉണ്ടായിരുന്നില്ലല്ലോ.

എന്തായാലും സംശയനിവൃത്തി വരുത്താം എന്നുതന്നെ കരുതി - സിസ്റ്റർ ഇത് ഭാരതപ്പുഴയാണോ, പെരിയാറല്ലേ?

എനിക്ക് ഓർമ്മയുള്ളത്, ഈ ചോദ്യം കേട്ടപ്പോൾ കന്യാസ്ത്രീയുടെ അടുത്ത് നിൽക്കുകയായിരുന്ന എനിക്കല്പം പരിഗണന തന്നിരുന്ന ഒരു ടീച്ചർ പരിഭ്രമത്തോടെ എന്നെ നോക്കുന്നതും പിന്നെ - വരൂ, നമുക്ക് മുകളിലേയ്ക്ക് പോകാം - എന്നുപറഞ്ഞ് ഞങ്ങളെയെല്ലാം വിളിച്ചുകൊണ്ടു പോകുന്നതുമാണ്‌.

ആ ചോദ്യത്തിന്‌ ഉത്തരം കിട്ടിയില്ലെങ്കിലും എക്സ്കർഷൻ സന്തോഷകരമായി കഴിഞ്ഞു...

ബോർഡിംഗിലെ ഒരു നിയമം, കഴിക്കാനെടുക്കുന്ന ഭക്ഷണം ബാക്കിവച്ച് ഉപയോഗശൂന്ന്യമാക്കരുത് എന്നതായിരുന്നു. എങ്കിലും അതൊന്നും കുട്ടികൾ കാര്യമായി പാലിച്ചിരുന്നില്ല. എക്സ്കർഷൻ കഴിഞ്ഞെത്തിയ രണ്ടാം ദിവസം അത്താഴം കഴിഞ്ഞ സമയത്ത് പതിവില്ലാതെ പ്രസ്തുത കന്യാസ്ത്രീ തീൻമുറിയിലേയ്ക്ക് കയറിവന്നു. ഞാൻ ഭക്ഷണം ബാക്കിവച്ചതിന്റെ പേരിൽ മുറിയുടെ നടുവിൽ പിടിച്ചുനിർത്തി ചൂരൽ കൊണ്ട് തുടയിൽ ആറടി.

അവർക്കും എനിക്കും മാത്രമേ ആ അടിക്കു പിന്നിലെ യഥാർത്ഥ രഹസ്യം മനസ്സിലായുള്ളൂ.

ഇന്നു ജീവിച്ചിരിപ്പില്ലാത്ത അവരെ സ്നേഹത്തോടെയും നന്ദിയോടെയും തന്നെയാണ്‌ ഓർക്കാറുള്ളത്...

അവർ പഠിപ്പിച്ചുതന്നത് പ്രയോഗികജീവിതത്തിൽ വളരെ ഉപകാരപ്പെട്ട ഒരു സംഗതിയാണ്‌ - കാണുന്നിടത്തെല്ലാം സത്യവും നേരും വിളിച്ചുപറയരുത്. അഥവാ അങ്ങനെ വേണമെന്ന് തോന്നിയാൽ വലിയ അടികൾ പ്രതീക്ഷിക്കുക.

00

5 comments: