Wednesday 10 February 2016

മാലാഖമാരുടെ രാത്രി

കുട്ടിക്കാലത്തെന്നോ കേട്ടുമറന്ന പള്ളിപ്പാട്ടിന്റെ നേർത്ത അലകൾ...

അങ്ങനെയാണ് ഉറക്കം ഞെട്ടിയത്..., കിടക്കുന്ന സ്ഥലം ഏതാണെന്ന് ഓർത്തെടുക്കാനായില്ല. ഇരുട്ടാണ്‌. എപ്പോഴോ പെയ്ത മഴയുടെ ഈർപ്പവും തണുപ്പും അന്തരീക്ഷത്തിലുണ്ട്. കിടക്കയിൽ എണീറ്റിരുന്നു. മുന്നിൽ ഒരു ജനലും വാതിലും മലർക്കേ തുറന്നുകിടക്കുന്നു. കിടക്കയിൽ നിന്നും എണീറ്റ്‌ വാതിൽ കടന്ന് ഇരുട്ടിന്റെ വിശാലതയിലേയ്ക്ക് വിലയിക്കുന്ന ഇടനാഴിയിലേയ്ക്കിറങ്ങി. ഒരു വശത്ത്, ഇടനാഴിയുടെ അങ്ങേയറ്റത്ത്, ഒരു ബൾബ് മിന്നുന്നു. അതിനാലാണ് ഇടനാഴി അത്രയും നീളുന്നുണ്ടെന്ന് മനസ്സിലായത്‌.

അരമതിലിൽ കൈയ്യൂന്നി, പുറത്തെ ഇരുട്ടിലേയ്ക്കു നോക്കി, പ്രജ്ഞയിൽ നിന്നും മറഞ്ഞുപോയ സ്ഥലകാലത്തിന്റെ ഇഴകൾ ബോധത്തിൽ തുന്നപ്പെടുന്നതും കാത്ത്, കുറച്ചുസമയം നിന്നും...

അപ്പോഴാണ്‌ ആ മാലാഖമാരെ കണ്ടത്...

ഇരുട്ടിന്റെ ഏതോ തിരിവിൽ നിന്നും അവരിങ്ങനെ വരിവരിയായി കാഴ്ചയുടെ ഒരതിരിലേയ്ക്ക് വന്നുകയറുകയായിരുന്നു. മുഖം മാത്രം അഗ്നിയെന്നോണം തിളങ്ങുന്നു. ശരീരത്തിന്റെ ശുഭ്രമായ ബാക്കിഭാഗം ഇരുട്ടിൽ അലിഞ്ഞുചേരുന്നു. കുഞ്ഞുതീനാളങ്ങളുടെ നീണ്ടനിര അന്തരീക്ഷത്തിൽ ഒഴുകിനീങ്ങുന്നതുപോലെ...

അവരിൽ നിന്നാവണം ആ ഗാനത്തിന്റെ വീചികൾ... സംഗീതത്തിന്റെ താളാത്മകതയോടൊപ്പം തിളങ്ങുന്ന ചുണ്ടുകളുടെ അലസചലനം വ്യക്തമായും കാണാം.

മുറിയിൽ കയറി കിടക്കയിൽ ഇരുന്നു. മാലാഖമാർ ഇരുട്ടിലൂടെ തെന്നിനീങ്ങുന്നത് ജാലകക്കാഴ്ചയായി അപ്പോഴുമുണ്ട്, ആ പാട്ടും...

കട്ടിലിന്റെ താഴെ വച്ചിരുന്ന പെട്ടിയിൽ അപ്പോഴാണ്‌ കാലുതടഞ്ഞത്. വിനോദും ജിജോയുമാണ് എന്നോടൊപ്പം ഈ പെട്ടി ഇവിടെ എടുത്തുവച്ചതെന്നോർത്തു. അവരുടെ കൂടെയാണല്ലോ വൈകുന്നേരം ഈ പട്ടണത്തിൽ വന്നിറങ്ങിയത്. തീവണ്ടിനിലയത്തിൽ നിന്നും പെട്ടിയും കിടക്കയും ഓട്ടോറിക്ഷയിൽയിൽ കയറ്റി ഇവിടേയ്ക്ക് വരുമ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു...

പുതിയ ഇടത്താവളത്തിൽ എന്നെ തനിച്ചാക്കി കൂട്ടുകാർ മടങ്ങിയത് എപ്പോഴായിരുന്നു...?

ഞാൻ വീണ്ടും കിടന്നു. അപ്പോഴും അന്തരീക്ഷത്തിൽ ആ പാട്ടുണ്ടായിരുന്നു. പുറത്ത് ഇരുട്ടിൽ മാലാഖമാർ പ്രകാശത്തിന്റെ തുരുത്തുകളായി ഒഴുകിനടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു...

വരാനിരിക്കുന്ന ഭ്രമാത്മകമായ മൂന്നു വർഷങ്ങളുടെ ആദ്യത്തെ രാത്രിയായിരുന്നു അത്!

ബിരുദപഠനകാലത്ത് മൂന്നു വർഷം ജീവിച്ച കലാലയം

2 comments: