Saturday 15 August 2015

ജനിതകഘടനയിൽ ഇല്ലാതെ പോയത്...?

നേരിട്ടും പരോക്ഷമായും രണ്ടാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി നല്ലതും നല്ലതല്ലാത്തതുമായ അസംഖ്യം ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. 'ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ' (1997) എന്ന ഇറ്റാലിയൻ ചിത്രവും ഈ ജനുസ്സിൽ പെടുന്നതാണ്. ചാപ്ലിൻ സിനിമകളിൽ കാണുന്നതുപോലെ ഉറപ്പായും ചിരിപ്പിക്കുന്ന സാന്ദർഭിക ഫലിതങ്ങളിലൂടെ മുന്നേറുന്ന സിനിമ അവിചാരിതമായി മാറ്റൊരു തലത്തിലേയ്ക്ക് തിരിയുന്നു...

ചിത്രത്തിന്റെ വിശകലനമല്ല, മറ്റൊരു കാര്യം പറയാനാണ് തുടങ്ങിയത്...

സിനിമയുടെ ഒരു ഭാഗത്ത്, തടവിലാക്കപ്പെട്ട ജൂതന്മാരിൽ നിന്നും കഠിനമായ ജോലികൾ ചെയ്യാൻ സാധ്യമല്ലാത്ത വൃദ്ധന്മാരെയും കുട്ടികളേയും ഗ്യാസ് ചേംബറുകളിലേയ്ക്കു അയക്കുന്നതായി പരോക്ഷമായ ചില സീനുകളിലൂടെ കാണിക്കുന്നുണ്ട്.

കുളിക്കാൻ കൊണ്ടുപോവുകയാണ് എന്ന് പറഞ്ഞാണ് അവരെ തടവറയിൽ നിന്നും കൊണ്ടുപോവുക. 'കുളിമുറി'കളിലേയ്ക്ക് കയറ്റുന്നതിന് മുൻപ് തടവുകാരോട് മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ പട്ടാളക്കാർ ആവശ്യപ്പെടുന്നുണ്ട്. അത്തരത്തിൽ, ഒരു വൃദ്ധൻ വസ്ത്രങ്ങൾ മാറിക്കൊണ്ട് നിൽക്കുമ്പോൾ അയാളുടെ അടുത്തുകൂടി നടന്നുവരുകയായിരുന്ന ഒരു ജെർമ്മൻ പട്ടാളക്കാരിയുടെ കാലൊന്നു തെറ്റുകയും വൃദ്ധൻ സ്വാഭാവിക പ്രേരണയാൽ അവരെ താങ്ങുകയും ചെയ്യുന്നു.

തന്നെ താങ്ങിയ വൃദ്ധനെ നോക്കുന്ന ആ ജെർമ്മൻ പട്ടാളക്കാരിയുടെ മുഖം ഒരു അര സെക്കന്റ് നേരം സിനിമ അടുത്തു കാണിക്കുന്നുണ്ട്. ആ കഥാപാത്രമോ ആ അഭിനേത്രിയോ ഈ ചിത്രത്തിൽ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നില്ല.

വൃദ്ധനറിയില്ല തന്റെ അടുത്ത ചുവട് ഗ്യാസ് മുറിയിലേയ്ക്കാണെന്ന്. എന്നാൽ തന്നെ താങ്ങിയ, തന്റെ മുത്തച്ഛനാവാൻ പ്രായമുള്ള ആ മനുഷ്യൻ അടുത്ത നിമിഷം പച്ചയോടെ കൊല്ലപ്പെടാൻ പോവുകയാണെന്ന് യുവതിയായ ആ പട്ടാളക്കാരിക്ക് അറിയാം.

അര സെക്കന്റ് നേരം സ്ക്രീനിൽ നിറയുന്ന ആ യുവതിയുടെ മുഖം പ്രകാശിപ്പിക്കുന്ന വിവരണാതീതമായ ഭാവം, അനുവാചകനെ ഓർമ്മനിൽക്കുന്ന കാലത്തോളം ഹോണ്ട് ചെയ്യും.
അത് സിനിമയ്ക്ക് മാത്രം ആവിഷ്ക്കരിക്കാനാവുന്ന കലയുടെ അതുല്യതലമാണ്!

പക്ഷേ ആലോചനയിൽ വരുന്നത് അതല്ല. ഇത്തരം ഉലയ്ക്കുന്ന സീനുകൾ എന്തുകൊണ്ട് വിദേശസിനിമകളിൽ മാത്രം കാണുന്നു?

ഈ സിനിമയുടെ സംവിധായകൻ ഞാനായിരുന്നുവെങ്കിൽ അവിടെ അങ്ങനെ ഒരു സീൻ ഉണ്ടാവുമായിരുന്നില്ല. അതിന്റെ എന്തെങ്കിലും ഒരാവശ്യം, വിചാരം, കഥാഗതിയിൽ ഉണ്ടാവുന്നേയില്ല. എന്നിട്ടും അനാർഭാടകരമായ, എന്നാൽ അതിവിദൂരാഴങ്ങളുള്ള ആ സീൻ അവിടെ വന്നുചേർന്നിരിക്കുന്നു.

കലാവിഷ്ക്കാരങ്ങളുടെ വിചിത്രഭൂമികയിൽ നമ്മുടെ ജനിതകഘടനയിൽ എന്തോ മിസ്സ്‌ ആയിട്ടുണ്ടോ ആവോ...?

00

3 comments:

  1. താരതമ്യം ചെയ്താല്‍ എന്തോ ചില ഘടകങ്ങള്‍ മിസ് ആയിട്ടുണ്ടെന്ന് കണ്ടെത്തും. അതുകൊണ്ട് മലയാളചിത്രങ്ങളെക്കാള്‍ ഞാന്‍ ഇംഗ്ലിഷ് ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നു

    ReplyDelete
  2. ഏഴുത്തിലും അതുണ്ട് ലാസര്‍!!! മാര്‍ക്വെസിന്‍റെ "ക്രോണിക്കിള്‍
    ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്‌ എന്ന പുസ്തകത്തില്‍ നിരപരാധിയായ നായകനെ പശുക്കിടാവിനെ കൊല്ലുന്നത് പോലെവധിക്കുന്ന ഒരു രംഗമുണ്ട്!!! ഇത് വായിച്ചപ്പോള്‍ ഞാന്‍ അത് ഓര്‍ത്തുപോയി. സിനിമ കാണാന്‍ ശ്രമിക്കാം.
    ഈ വിലപ്പെട്ട നിരീക്ഷണങ്ങള്‍ക്ക് നന്ദി!!!

    ReplyDelete
    Replies
    1. പ്രസ്തുത പുസ്തകം വായിച്ചിട്ടില്ല.
      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!

      Delete