Sunday 22 February 2015

ചരിത്രാഖ്യായികയുടെ സർഗ്ഗകാമനയെന്നാൽ...?

'വൈറ്റ്ക്രോ ആർട്ട്ഡെയ് ലി'യിൽ പ്രസിദ്ധീകരിച്ചത്.

സേതുവിന്റെ 'മറുപിറവി'യുടെ വായന...

വിശാലമായി നോക്കിയാൽ ചരിത്രം രണ്ട് ഘടകങ്ങളാൽ നിർമ്മിതമാണ് - ദേശവും കാലവും. ദേശം ഏറെക്കൂറെ മൂർത്തമാണെങ്കിൽ കാലം അത്രയും പരികല്പനയും. ദേശം എന്നാൽ ഒരു പ്രത്യേക ഭൂപ്രദേശം മാത്രമാവില്ലല്ലോ. ആ പ്രദേശം നിലനിർത്തിയിരുന്ന സംസ്കാരം, ഭാഷ, വ്യാപാരം, കല..., തുടങ്ങിയവ ഉണ്ടാക്കിയെടുക്കുന്ന സവിശേഷമായ സ്വഭാവലയനം കൂടി അത് ഉൾപ്പേറുന്നുണ്ട്. പര്യവേക്ഷകരും ആർക്കിയോളജിസ്റ്റുകളും ചരിത്രകാരന്മാരുമാണ്, ചരിത്രത്തിന്റെ ഈ മൂർത്തതകളെ വീണ്ടെടുത്ത് അവതരിപ്പിക്കുന്നത്‌. ലഭ്യമായ പുരാവസ്തുക്കളിൽ നിന്നും അവർ സാധ്യമായ ലോജിക്കൽ തീർപ്പുകളിലേയ്ക്ക് എത്തുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാവുമ്പോൾ അത്തരം തീർപ്പുകൾക്കും മാറ്റം വരുന്നു എന്നതിനെ ചരിത്രദേശത്തിന്റെ വലിയ അമൂർത്തവിശേഷമായി കാണേണ്ടതില്ല. തുടർച്ചകളിലേയ്ക്കുള്ള ത്വരകമായി, സമകാല ജീവിതം തന്നെ അബ്സ്ട്രാക്റ്റാണല്ലോ എന്ന നിലയ്ക്ക് മനസ്സിലാക്കിയാൽ മതിയാവും.

ചരിത്രകാലം കുറച്ചു കൂടി സൂക്ഷ്മവും അഗോചരവുമാണ്. മുകളിൽ സൂചിപ്പിച്ച പ്രകാരം രൂപീകൃതമാകുന്ന ചരിത്രദേശത്തിന്റെ അസ്തിത്വം, കുതുകികളുടെ വ്യക്തിനിഷ്ഠമായ അനുഭവതടാകത്തിൽ വിരിയിച്ചെടുക്കുന്നതാണ് അനുസാരിയായ ചരിത്രകാലം. ചരിത്രദേശത്തിന് സാധ്യമാവുന്ന ഏകമാനത ചരിത്രകാലത്തിനില്ല. ചരിത്രത്തോട് നിശിതമായി മമത പുലർത്തുന്ന സർഗ്ഗസൃഷ്ടികളാണ്, ചരിത്രപുസ്തകങ്ങൾക്ക് ഉപരിയായി, സവിശേഷമായ ചരിത്രകാലങ്ങൾ നിർമ്മിച്ചെടുക്കാൻ ഉപയുക്തമാകുന്ന രാസഘടകം. അനുവാചകാനുഭൂതിയുടെ വ്യത്യസ്തമായ തലങ്ങളിൽ അത്രയും വൈചിത്രത്തോടെ അത് മനസ്സിലാക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചരിത്രകാലത്തിന്റെ അനുഭവപരമായ പ്രപഞ്ചത്തിലാണ് ചരിത്രാഖ്യായികയുടെ എഴുത്തുകാരൻ കൂടുതലും ഭാവന ഉറപ്പിക്കുക.

മുചിരിയുടെ, പട്ടണത്തിന്റെ, ചേന്ദമംഗലത്തിന്റെ, കോട്ടപ്പുറത്തിന്റെ, കൊടുങ്ങല്ലൂരിന്റെ, പറവൂറിന്റെ ഒക്കെ ചരിത്രം പറയുകയാണ്‌ സേതു 'മറുപിറവി'യിൽ. 'ചരിത്രം പറയുക' എന്നത് ആ വാചകത്തിന്റെ നേരർത്ഥത്തിൽ എടുത്താലും ആശയഭ്രംശം വരില്ല. നോവലിന്റെ നല്ലൊരു ഭാഗവും ചില കഥാപത്രങ്ങളങ്ങനെയിരുന്നു ചരിത്രം സംസാരിക്കുക തന്നെയാണ്. ഇടകലർന്നു വരുന്ന രണ്ട് പ്രധാന ഭാഗങ്ങളായി നോവലിനെ തിരിച്ചിട്ടുണ്ട്. സമകാലവും, അതിലെ മുഖ്യകഥാപാത്രത്തിന്റെ ഓർമ്മകളുടെ ഫ്ലാഷ്ബാക്ക് കഥനവും, അയാൾ കാണുന്ന, അറിയുന്ന ചില വ്യക്തികളുടെ പാർശ്വജീവിതകഥകളും അവർ പറയുന്ന ചരിത്രത്തിന്റെ ചിതറിയ തുണ്ടുകളും ചേർന്ന ഒരുഭാഗം. രണ്ട്, ഈ സമകാല കഥയിലെ ഒരു കഥാപാത്രം എഴുതുന്ന മറ്റൊരു കഥ. പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ രൂപപരമായ വ്യത്യസ്തതയ്ക്കുവേണ്ടി മാത്രമായി കഥയ്ക്കുള്ളിലെ കഥപറഞ്ഞ് അയഞ്ഞുപോയ ഘടനയുമായി മുന്നിലുള്ള 'കേശവന്റെ വിലാപങ്ങൾ'ക്ക് ഉപരിയായ മുറുക്കം 'മറുപിറവി'യുടെ രൂപവിന്യാസത്തിനും ഇല്ല.

നോവലിലെ സമകാല പ്രോട്ടഗോണിസ്റ്റിന്റെ ജീവിതം അനിതസാധാരണമായി എത്രയോ അവതരിപ്പിക്കപ്പെട്ട ജീവിതപ്രദേശങ്ങളിലാണ്; യൗവ്വനത്തിലെ നഗരജീവിതം, മധ്യകാലം എത്തുമ്പോൾ 'വേരുകളോ'ടുള്ള നൊസ്റ്റാൾജിയ, ഇതൊന്നും പങ്കുവയ്ക്കാൻ മിനക്കെടാത്ത ഭാര്യയും മക്കളും, മൂന്നാംതലമുറയ്ക്ക് അതിനോട് തോന്നുന്ന 'ജെനറ്റിക്കൽ' താല്പര്യനൈരന്തര്യം - എന്നിങ്ങനെ തുടരുന്ന എം. ടിയൻ ഹാംങ്ങോവർ. ആഴംകുറഞ്ഞ മറ്റുചില അനുബന്ധകഥകളും അനുവാചകാനുഭവത്തെ കുടഞ്ഞുവിരിക്കാൻ പാകത്തിനുള്ള ഭാവനാവൈപുല്യമൊന്നും പ്രകടിപ്പിക്കുന്നില്ല.

അധികം ദൂരത്തല്ലാത്ത ഭൂതകാലത്തിൽ നിന്നും, കഥ നടക്കുന്ന പ്രദേശത്തെ ചില വ്യക്തികളേയും സന്ദർഭങ്ങളേയും കഥയിലേയ്ക്ക് വിളക്കിചേർത്തിട്ടുമുണ്ട്. സ്ഥലവാസിയായ എഴുത്തുകാരന്റെ, അല്ലെങ്കിൽ ആ പരിസരങ്ങളോട് നേരിട്ട് ബന്ധപെട്ടിരിക്കുന്ന ഒരു അനുവാചകന്റെ പ്രാദേശികമായ ഗൃഹാതുരകാമനകളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതിന് അപ്പുറം ആ വ്യക്തികളെയോ സന്ദർഭങ്ങളെയോ ഭാഷാനുഭവത്തിന്റെ പൊതുതലത്തിലേയ്ക്ക് ഉയർത്താനായിട്ടില്ല. അനാദി മുതൽ ഇന്നുവരെ തന്റെ ജന്മപ്രദേശത്തെക്കുറിച്ച് കേട്ടതും അറിഞ്ഞതുമായ എല്ലാ കാര്യങ്ങളും ചാക്കിൽ കുത്തിനിറച്ചിട്ടുണ്ട് എഴുത്തുകാരൻ.  ഈ കഥാപ്രദേശത്ത് നിന്നും അധികം അകലെയല്ലാതുള്ള മറ്റൊരു ദേശത്തെ വിന്യസിച്ച് ഒരു ചരിത്രകഥാപാത്രത്തെ പൊലിപ്പിച്ചെടുത്ത 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന നോവൽ പെട്ടെന്ന് ഓർമ്മവരും. മറ്റുപല പരാധീനതകളും കണ്ടെത്താമെങ്കിലും, അത് സംപ്രേക്ഷണം ചെയ്ത ഏകാഗ്രവും സമഗ്രവുമായ പാഠഘടനയുടെ ആഴം, ചിതറിത്തെറിച്ച് ആശയഭ്രംശം ഉണ്ടാക്കുന്ന 'മറുപിറവി'യിൽ സന്നിഹിതമല്ല.

മലയാളം നോവൽ, യാത്ര ആരംഭിക്കുന്നത് തന്നെ ചില ചരിത്രാഖ്യായികകളുമായാണല്ലോ. അവയോ ഇന്നും ഭാഷാനോവൽസാഹിത്യ കടലിലെ സുന്ദരതിമിംഗലങ്ങളാണ്. 'മാർത്താണ്ഡവർമ്മ'യിലും 'ധർമ്മരാജ'യിലും 'രാമരാജാബഹദൂറി'ലും സ്ഥൂലമായ അവസ്ഥയിൽ ചരിത്രകഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും സർഗ്ഗാത്മകമായി വിതറിയിട്ടുണ്ട്. എന്നാൽ ആഖ്യാനത്തിന്റെ സൂക്ഷ്മപ്രദേശങ്ങൾ വ്യവഹരിക്കുന്നത് ചരിത്രമല്ല; വളരെ സങ്കീർണ്ണമായ മനുഷ്യപ്രപഞ്ചത്തിന്റെ ശക്തവും ശൈലീകൃതവുമായ പ്രകാശനമാണ് അവിടെ കാണാനാവുന്നതും ഉദ്ദേശ്ശിച്ചിരിക്കുന്നതും. ആ ആഖ്യാന മികവ് ചരിത്രത്തിന്റെ മാറിവരുന്ന വാസ്തവികതകളെ അപ്രസക്തമാക്കി നിസ്തുലമായ, സവിശേഷമായ ചരിത്രകാലം അനുവാചകന്റെ മൈൻഡ്സ്കേപിൽ ഒരു ചുമർച്ചിത്രമെന്നപോലെ കൊത്തിയിടുന്നു. തിരുവിതാംകൂറിന്റെ ചരിത്രം തന്നെയാണ് ആ ആഖ്യായികൾ പ്രകാശിപ്പിക്കുന്നത് എന്ന നിലയ്ക്ക് അവ സംപ്രേക്ഷണം ചെയ്യുന്ന ചരിത്രകാലം ശക്തമായ പൊതുബോധമായി ഭാഷയിൽ ഇഴചേർന്നിരിക്കുന്നു. പുതുതായി കണ്ടെത്തപ്പെടുന്ന വാസ്തവികതകളുടെ ബലത്തിൽ തിരുവിതാംകൂറിന്റെ പ്രത്യക്ഷചരിത്രം മാറ്റിയെഴുതപ്പെടുമ്പോഴും, സി. വിയുടെ ആഖ്യായികാത്രയത്തിലൂടെ കടന്നുപോയിട്ടുള്ള അനുവാചകന്, അവ ബോധത്തിൽ വരച്ചുചേർത്ത ചരിത്രകാലത്തെ പിന്നണിയിൽ നിർത്തിയേ അത്തരം നവീനാനുഭവങ്ങൾക്ക് വശംവദനാകാനാവൂ.

ചരിത്രാഖ്യായികയുടെ സർഗ്ഗകാമന എങ്ങനെ എന്നുള്ളതിന്റെ സൂചകം ഈ താരതമ്യത്തിലൂടെ ഏറെക്കൂറെ വായിച്ചെടുക്കനാവും. സി. വിയുടെ ആഗ്രഹം പാഠഭേദമായി ഏതെങ്കിലും ചരിത്രം പറയുക എന്നതായിരുന്നില്ല. ശക്തമായ കഥയും ആശയവും ഉപാധിരഹിതമായി ആ ആഖ്യായികകളിൽ സന്നിഹിതമായിരുന്നു. അത് മുന്നിലേയ്ക്ക് വയ്ക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത ചരിത്രപരിസരവും ഭാഷയും രൂപവുമൊക്കെ ആ സങ്കീർണ്ണ കഥാലോകത്തിന്റെ പിന്നണിസംഘമാണ്. 'മറുപിറവി' ചരിത്രം പറയുക എന്ന ബാധ്യത മുൻനിശ്ചയപ്രകാരം ഏറ്റെടുക്കുന്നു. ഒരു തരത്തിൽ അത് ആഖ്യായികകളുടെ ഭൂമിക പോലുമല്ല - ചരിത്രപഠനങ്ങളുണ്ടല്ലോ. ആഖ്യായികകൾ, ചരിത്രാഖ്യായികൾ ആയി പരിണമിക്കപ്പെടുന്നത് പാഠസമന്വയത്തോടെ വിടർന്നുവരുന്ന ചരിത്രകാലത്തിന്റെ അബോധമായ സ്വാംശീകരണം അനുവാചകനിൽ സംഭവിക്കുന്നതോടെയാണ്. 'മറുപിറവി' ചരിത്രദേശത്തെ പറയാൻ ശ്രമിക്കുന്നു; അനുവാചകനിൽ ചരിത്രകാലം സന്നിവേശിക്കുന്നില്ല.

00 

4 comments:

  1. വായിച്ചിട്ടില്ല. കുറിപ്പ് വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി

    ReplyDelete
    Replies
    1. ക്രമാനുഗതമായി സേതുവിനെ വായിച്ചിട്ടില്ലെങ്കിലും, 'പാണ്ഡവപുര'ത്തിന്റെ എഴുത്തുകാരനിൽ നിന്നും പ്രതീക്ഷിച്ച 'ഒരിത്' ലഭിച്ചില്ല എന്ന് പറയാനാണ് ഉദ്ദേശ്ശിച്ചത്... :-)

      Delete
  2. മറുപിറവി നല്ലൊരു വായനാനുഭവം നല്‍കിയിരുന്നു. ഈ അവലോകനം വായിച്ചപ്പോള്‍ ഒന്നൂടെ വായിക്കണമെന്ന് തോന്നുന്നുണ്ട്...

    ReplyDelete