Sunday 14 December 2014

അപ്പുണ്ണിയും അപ്പുവും എന്റെ രമണീയകാലവും!

വായനശാല മൈതാനത്തിലെ കളികഴിഞ്ഞു തളര്‍ന്ന്‌ പള്ളിമുറ്റത്തെ പഞ്ചാരമണല്‍ത്തിട്ടയില്‍ തുടരുന്ന സൗഹൃദ സന്ധ്യകളിലൊന്നിലാണ്‌ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ 'രണ്ടാമൂഴ'ത്തെ കുറിച്ചുള്ള തകര്‍പ്പന്‍ സംവാദം തുടങ്ങിയത്‌. രണ്ടാമൂഴം പ്രസിദ്ധീകരിക്കപ്പെട്ട സമയമായിരുന്നു അത്‌. വായനാനുഭവത്തിലെ കാല്‍പനീകസഞ്ചാരിയും എം.ടിയുടെ എന്നത്തേയും ഏകലവ്യ ആരാധകനുമായിരുന്ന കൂട്ടുകാരനാണ്‌ ഈ തര്‍ക്കത്തിനു ചുക്കാന്‍ പിടിച്ചത്‌. മറുഭാഗത്തായിരുന്നു ഞാന്‍. കൗമാരത്തിന്റെ കാല്‍പനീകവിഹ്വലതകള്‍ വായനയില്‍ എന്നെ സന്നിവേശിച്ചിരുന്നില്ല എന്നല്ല. പക്ഷെ അതിനു മുന്‍പു തന്നെ ഞാന്‍ 'നാലുകെട്ടും' 'കാല'വും 'അസുരവിത്തും' 'മഞ്ഞും' വായിച്ചു കഴിയുകയും, അവയെന്നെ എം.ടിയുടെ കഥാലോകം പൊതുവേ മലയാളത്തില്‍ ഉണ്ടാക്കിയിട്ടുള്ള വ്യാപകമായ ഭാവുകത്വത്തിനോടു വിമുഖനാക്കുകയും ചെയ്തിരുന്നു. രണ്ടാമൂഴം വായിക്കുമ്പോഴും അത്‌ അങ്ങിനെ തന്നെയായിരുന്നു.

നാലുകെട്ട്‌ വായിക്കുന്ന അതേ കാലത്തു തന്നെയാണു ഞാന്‍ സി.രാധാകൃഷ്ണന്റെ 'എല്ലാം മായ്ക്കുന്ന കടലും' 'പുഴമുതല്‍ പുഴവരെ'യും വായിക്കുന്നത്‌. രണ്ടു പേരുടേതും ഏതാണ്ട്‌ ഒരേ കഥാപരിസരം ആണ്‌. ആധുനികതയുടെ പെട്ടെന്നുള്ള വരവ്‌ ചിതറിച്ച സാമൂഹികവും സാമ്പത്തികവുമായ പുതിയ ജീവിതക്രമം! സാഹിത്യത്തിലെ 'ആധുനികത' അല്ല - നവോത്ഥാനവും ഡിമോക്രസിയും കൊമ്മ്യൂണിസവുമൊക്കെ തൊട്ടുതൊട്ടുവന്നപ്പോള്‍ കൂടെകൊണ്ടുവന്ന ഒരു ആധുനികത. 'ഇന്ദുലേഖ'യിലെ നായകനും നായികയും അടുത്ത തലമുറയ്ക്ക്‌ വഴിമാറിയ നേരത്ത്‌ കേരളത്തില്‍ ഉണ്ടായിവന്ന സാമൂഹികാവസ്ഥയാണ്‌ വിവക്ഷ. ഒരുപാടു പറഞ്ഞുകഴിഞ്ഞ നായര്‍ തറവാടുകളിലെ അക്കാല ഭ്രംശങ്ങളെകുറിച്ച്‌ ഇനിയും വേണ്ടതില്ല. അപ്പുണ്ണിയും സേതുവും ഒക്കെ ജീവിതപരിസരത്തുണ്ടായ തകര്‍ച്ചയെ, തകര്‍ച്ചയായി തന്നെ അനുഭവിച്ചു, ഒരു വാശി പോലെ. അതിനെ മനസ്സിലിട്ടു വറുത്തു. സത്താസങ്കീര്‍ണതകളിലെ നിഴലുകളില്‍ പാമ്പുകള്‍ ഇഴഞ്ഞുനടന്നു. സെയ്താലിയെ കൊല്ലണം. പക്ഷെ ഒരിക്കലും കൊല്ലുന്നില്ല. അമ്മിണിയേട്ടത്തിയെ പ്രാപിച്ചോ, അമ്മിണിയേട്ടത്തി നാഗത്തറയിലെ സര്‍പ്പത്തെ പോലെ പടര്‍ന്നോ..., ഭ്രമാത്മകതയുടെ ഇരുട്ടുകളിലാണു എല്ലാം സംഭവിക്കുന്നത്‌. ആത്മരതിയുടെ നിഗൂഢസ്ഥലികളിലൂടെ നടന്നിട്ടും നടന്നിട്ടും എം.ടി യുടെ കഥാപാത്രങ്ങള്‍ക്ക്‌ വരാണസിയില്‍ നിര്‍മ്മമമായി ഗംഗാസ്നാനം ആവുന്നില്ല.


നാലുകെട്ടിന്റെ ഇടനാഴികളിലും ഉള്ളറകളിലും ഇരുട്ടാണ്‌. പതിഞ്ഞ ശബ്ദങ്ങള്‍. അപ്പുണ്ണിയുടെ പേടിക്ക്‌ കറുത്ത നിറമുണ്ട്‌, അവന്റെ പ്രതികാരവാഞ്ചയ്ക്കും. നാലുകെട്ട്‌ ഇടിച്ചുകളഞ്ഞ്‌ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുവയ്ക്കണം എന്നു പറയുമ്പോഴും അതൊരു വിജയിയുടെ ലളിതമായ ആഹ്ലാദമല്ല. പതിഞ്ഞതും കറുത്തതും ആയ ഒരു ഗൂഢാനന്ദത്തിന്റെ പ്രകാശനമാണ്‌. ഈ ഭൗതീകപരിസരം എനിക്കു അന്യഥാബോധം വരുത്തുന്ന ഒന്നായിരുന്നു. എന്റെ ബാല്യകൗമാരങ്ങളുടെ ആത്മകഥ കഥാകാരന്‍ പറയണം എന്നല്ല. തന്റെ ആത്മാവിനെ വിന്യസിച്ച പരിസരങ്ങള്‍ എന്നില്‍ അനുഭവമായില്ല എന്നുമാത്രമാണത്‌. എന്റെ ഭൗതീക സാഹചര്യങ്ങളെ തകര്‍ത്ത്‌ ഒരു കാട്ടുവഴിയെങ്കിലും ആയില്ല എന്ന്‌. വലിയ ജനാലകളും വാതിലുകളുമുള്ള എന്റെ വീട്‌ പൂമുഖം മുതല്‍ അടുക്കള വരെ മലര്‍ക്കെ തുറന്നു കിടന്നു. കോഴിയും പൂച്ചയും പൂക്കലകിളികളും പറങ്കിയിലകളുടെ മണവും അതിലൂടെ അകത്തേക്കും പുറത്തേക്കും നിര്‍ബാധം സഞ്ചരിച്ചു. രാത്രികളില്‍ ഏറെനേരം മുറ്റത്ത്‌ കൂടാറുള്ള കുടുംബസദസ്സുകളില്‍ നിലാവും നക്ഷത്രങ്ങളും കൂട്ടുവരും. രാത്രിക്ക്‌ പോലും നല്ല വെട്ടം ഉണ്ടായിരുന്നു. വീടിന്‌ ഇരുണ്ട മൂലകളുണ്ടായിരുന്നില്ല. ആരെങ്കിലുമൊക്കെ എപ്പോഴും പെരുമാറുന്ന തുറന്ന ഇടങ്ങളെ ഉണ്ടായിരുന്നുള്ളു. നാലുകെട്ടിന്റെ ആത്മാവിനെ എനിക്കു അറിയുമായിരുന്നില്ല. ഒരു കത്തോലിക്കാ പരിസരത്തിന്റെ ദൂരം മാത്രമായിരുന്നോ അതെന്നു എനിക്ക്‌ ഉറപ്പു പോരാ. കാലത്തിന്റെയും ദേശത്തിന്റേയും ചരിത്രത്തിന്റേയും ദൂരവും ഉണ്ടായിരുന്നിരിക്കുമോ? വായനശാലയില്‍ സുലഭമായിരുന്ന റഷ്യന്‍ വിവര്‍ത്തനങ്ങളുടെ അനായാസവായന എങ്കില്‍ എന്തേ സാധിച്ചു എന്നത്‌ എന്നിട്ടും ബാക്കി കിടക്കുക തന്നെ ചെയ്യുന്നു.

പിന്നീട്‌, ഒരു സുഹൃത്തിന്റെ പഴയ നായര്‍ഗൃഹം പതിവായി സന്ദര്‍ശിക്കാന്‍ ഇടവന്നിരുന്നു. തെക്കന്‍തിരുവിതാംകൂറില്‍ നാലുകെട്ടുകള്‍ അധികമില്ലാതിരുന്നതുകൊണ്ടാവാം, കഴക്കൂട്ടത്തുപിള്ളയുടെ ചാര്‍ച്ച അവകാശപെട്ടിരുന്ന ആ ഭവനം അസാമാന്യമാംവിധം വലുതായിരുന്നെങ്കിലും നാലുകെട്ടായിരുന്നില്ല. അതിനുള്ളില്‍ ഇരുട്ട്‌ ഇഴഞ്ഞുനടക്കുന്നത്‌ ഞാന്‍ കണ്ടു. ഇടനാഴിയില്‍ നിന്നും തുടങ്ങുന്ന കോവണിയുടെ താഴെ പകല്‍നേരത്ത്‌ പോലും ആരും കാണാതെ സര്‍പ്പങ്ങള്‍ക്ക്‌ ഇണചേരാനാവും എന്നെനിക്കു തോന്നി. കറുത്ത തടികൊണ്ടുണ്ടാക്കിയ കോവണിപ്പടികള്‍ ഒട്ടും ശബ്ദമുണ്ടാക്കിയില്ല. മുകളിലെ സ്വന്തം മുറിയുടെ ചുമരില്‍ അവന്‍ ഒട്ടിച്ചു വച്ചിരുന്ന സമാന്താ ഫോക്സിന്റെ അര്‍ദ്ധനഗ്ന ചിത്രം പോലും ഒരു യക്ഷിയെ പോലെ തോന്നിച്ചു. അവിടെ നിന്നപ്പോള്‍ ഒരാള്‍ക്ക്‌ നാലുകെട്ട്‌ സ്വന്തം ആത്മകഥയായി വായിക്കാനായേക്കും എന്നെനിക്കു തോന്നി.

അതേ കാലദേശങ്ങള്‍ വ്യത്യസ്ഥമായാണ്‌ സി.രാധാകൃഷണനില്‍ പ്രവര്‍ത്തിച്ചു കാണുന്നത്‌. കുറേ വായനക്കാരെയെങ്കിലും മുഷിപ്പിക്കുംവിധം വാചാലതയോടെ കടന്നുവരുന്നത്‌ നാലുകെട്ടിന്റെ ഇരുട്ടല്ല. പ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ സ്ഥലികളാണ്‌. ഒരോ പുല്‍ച്ചാടിയും ഓരോ പുല്‍നാമ്പും ഒരു മഴക്കാലത്തിന്റെ സ്പര്‍ശം. വിശപ്പിലും തകര്‍ച്ചയിലും പ്രസാദാത്മകതയുടെ വെട്ടം വീണുകിടപ്പുണ്ട്‌. വാശിയല്ല - വിട്ടുകൊടുക്കാനുള്ള, മാറിനടക്കാനുള്ള, ചെറിയ മോഹങ്ങളുടെ വിശാലമായ കാഴ്ചകളാണ്‌ അവിടെ. തൊടിയിലും പറമ്പിലും ഒരു നാടോടിയെപോലെ ചിത്രശലഭങ്ങള്‍ക്കും കാട്ടുമൈനകള്‍ക്കും പിറകേ തുള്ളിപോയ ഏതു ബാല്യത്തിനും, പിന്നീട്‌, ഈ വായന ഒരു കുളിരാവാതിരിക്കില്ല. കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍, കുടയിലെ പാറ്റാതിന്ന ചെറുദ്വാരത്തിലൂടെ തെറിക്കുന്ന ധൂളിയുടെ നനവില്‍ റബ്ബറിട്ട പുസ്തകം മാറില്‍ അടക്കിപിടിച്ച്‌ സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ നാലുപാടുനിന്നും വന്നുമൂടുന്ന പ്രകൃതിയുടെ ആവരണം എനിക്കും ഓര്‍മ്മയുണ്ട്‌. പകയോടെയും ആര്‍ത്തിയോടെയും ജീവിക്കാനുള്ളതല്ല പ്രകൃതി എന്ന തോന്നല്‍ ഉണ്ടാവും. എം.ടിയുടെ നിളാപ്രേമം ഇത്രയും പച്ചയോടെ എന്നെ പ്രകൃതിയിലേക്ക്‌ ആവശ്യപെട്ടിട്ടില്ല.


കൗമാരത്തോടെ രതി അവസാനിക്കുന്നു, പിന്നീടു ലൈംഗീകത മാത്രമേ ഉള്ളൂ എന്ന്‌ ഒരു കഥാക്യാമ്പില്‍ വച്ച്‌ സി.വി.ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ലൈംഗീകത ഉള്‍പ്പെടെ സ്ത്രീപുരുഷ സങ്കലനത്തിന്റെ ഒരുപാട്‌ അനുഭവങ്ങളെ രതിയുടെ വിശാലകല്‍പ്പനയില്‍ പെടുത്തി നമ്മുടെ സാഹിത്യം വ്യവഹരിച്ചിട്ടുണ്ട്‌. പലപ്പോഴും അതൊരു സ്വപ്നാടനം പോലെ ആയിരുന്നു - അമ്മിണിയേട്ടത്തിയെ പോലെ. പകല്‍ വെട്ടത്തില്‍ അലിഞ്ഞില്ലാതാവുന്ന സ്വപ്നം. ജനിതകദുര്‍ഗുണം പോലെ രതിസ്പര്‍ശവുമായി നമ്മുടെ ഭാവുകത്വത്തില്‍ എന്നും ഒരു മുതിര്‍ന്ന സ്ത്രീ ഉണ്ടായിരുന്നു. സംഭവബഹുലം അല്ലായിരുന്നതിനാല്‍, ബാല്യം കൗമാരത്തിലേക്കും ഒരുപാടുദൂരം ഒപ്പം പോന്നതുകൊണ്ടാണോ എന്നറിയില്ല, അമര്‍ത്തിപിടിച്ച മാറിടങ്ങളില്‍ രതിയെക്കാള്‍ കാല്‍പനീകമായ വാത്സല്യത്തിന്റെ അനുഭവമായിരുന്നു എനിക്കു കൗതുകം. എം.ടിയെ വായിക്കുന്നതിനു മുന്‍പ്‌ എന്റെ കയ്യില്‍ എത്തപെട്ടത്‌ ഹരോള്‍ഡ്‌ റോബിന്‍സും സിഡ്നി ഷെല്‍ഡനുമായിരുന്നു. ഇരുട്ടും നാഗത്തറയും ഭ്രമാത്മകതയും ഒന്നും ഇല്ലാത്തൊരു ലോകം. പകല്‍ വെളിച്ചത്തില്‍ ലൈംഗീകതയുടെ സോഷ്യലിസ്റ്റ്‌ റിയലിസം. വളപ്പൊട്ടുകള്‍ ചിതറിയില്ല. നിഴലുകള്‍ ഇണപിരിയാതെ ഏതോ അപൂര്‍വഗന്ധങ്ങളുമായി മെഴുക്കുപുരണ്ട പായയില്‍ വീണുകിടന്നതും ഇല്ല, അടക്കിയ മര്‍മ്മരങ്ങളും സീല്‍ക്കാരങ്ങളും ഇല്ല. രതിമൂര്‍ഛയുടെ നിലവിളികള്‍ക്കൊടുവില്‍ കഥാപാത്രങ്ങള്‍ മറ്റു ജോലികളിലേക്ക്‌ വളരെ സ്വാഭാവികമായി എണീറ്റുപോയി. അമ്മിണിയേട്ടത്തി എന്റെ രതിമോഹങ്ങളിലെവിടെയും നീറിയിട്ടില്ല. വിമലയുടേയും സുധീര്‍കുമാര്‍ മിശ്രയുടേയും സംഭോഗവിവരണത്തിന്റെ ഭാവഗാനാത്മകതയില്‍ ഞാന്‍ ചിരിച്ചുപോയത്‌ കുറ്റബോധത്തോടെ ഓര്‍ക്കുന്നു. അമ്മിണിയേട്ടത്തിയെക്കാള്‍ അലട്ടിയത്‌ മായാസര്‍ക്കാര്‍ തന്നെയായിരുന്നു. ഒരു പക്ഷെ എനിക്കു കുറച്ചുകൂടി പരിചിതമായ ലോകത്തുനിന്ന്‌ എന്നെ അഭിമുഖീകരിച്ചവള്‍. വിവര്‍ത്തനത്തിലൂടെ കടന്നുചെന്നിട്ടും ശ്രീകൃഷ്ണ അലനഹള്ളിയെ അമ്മിണിയേട്ടത്തി ഒരുപാട്‌ മഥിച്ചു എന്നു വായിച്ചിട്ടുണ്ട്‌. ആ നല്ല എഴുത്തുകാരന്റെ അഭിരുചികളുമായി തട്ടിച്ചു നോക്കാന്‍ സ്വയം മുതിരുന്നില്ല. എന്നാലും എന്റെ ഒപ്പം ഒരുപാടുദൂരം യാത്രവന്നത്‌, ഇപ്പോഴും വരുന്നത്‌, മായാസര്‍ക്കാറാണ്‌. സങ്കീര്‍ണ വ്യഥകളുടെ രതിജന്യരോഗത്തിലൂടെയും കഴുകന്മാര്‍ ഇരകാത്തിരിക്കുന്ന ആത്മഹത്യാമുനമ്പിലൂടെയും ആ ശാസ്‌ത്രജ്ഞ എന്റെ ഭാവുകത്വത്തെ പിന്തുടരുന്നു.

ഒരു ഭാഷാദേശത്തിന്റെ ഉള്ളില്‍ തന്നെ ചില പ്രദേശങ്ങള്‍ക്കു നഷ്ടപെട്ടു പോകുന്ന സാംസ്കാരികമായ ഇടങ്ങളെ വെളിപ്പെടുത്താനും, വാത്സല്യം, രതി, ലൈംഗീകത എന്ന നേര്‍പരിണാമത്തിലെ വിട്ടുപോയ കണ്ണി ഉദാഹരിക്കപ്പെടാം. അതു പുസ്തക ആസ്വാദനത്തിന്റെ മാത്രം പ്രശ്നമാവില്ല. കത്തോലിക്കര്‍ (മതപരമല്ല സൂചന, സാംസ്കാരികമാണ്‌) മാത്രം വസിക്കുന്ന ഒരു പ്രദേശത്ത്‌ ജീവിക്കുകയും സ്കൂള്‍ വിദ്യാഭ്യസത്തിന്റെ നല്ലൊരു പങ്കും കത്തോലിക്ക കന്യാസ്ത്രീകളാലും പാതിരിമാരാലും നടത്തപെടുന്ന വിദ്യാലയങ്ങളിലായിരിക്കുകയും ചെയ്തതുകൊണ്ടാവും ഹിന്ദൂയിസത്തിനുള്ളില്‍, എന്തിന്‌ ക്രിസ്തീയതയ്ക്കുള്ളില്‍ തന്നെയുള്ള വര്‍ഗ്ഗീകരണങ്ങള്‍ ഒരുപാടു കാലം എനിക്കു അജ്ഞാതമായിരുന്നു. മലയാളത്തിലെ വായനയുടെ ആദ്യകാലങ്ങളില്‍ കടന്നുവന്ന നാലുകെട്ട്പോലുള്ള പല രചനകളും ഈ വിട്ടുപോയ സാംസ്കാരിക ഇടത്തെ ആര്‍ജ്ജിതജ്ഞാന സഞ്ചയത്തില്‍ ഉള്‍കൊള്ളാനാണ്‌ സഹായിച്ചത്‌. പ്രാപഞ്ചികവീക്ഷണമുള്ള അപ്പുവിന്റെ ലോകവും തേതിയേട്ടത്തിയുടെ വ്യഥകളും തുടങ്ങി ഏതാനും ചില വായനകള്‍ മാത്രമാണ്‌ പതിവു ഇടങ്ങളെ ഭേദിച്ച്‌ ഒരു അനുഭവമാകാനുള്ള ആര്‍ജവം കാണിച്ചത്‌. എന്നാല്‍ ഒരുപാട്‌ നാളുകള്‍ക്കു ശേഷം 'ഇന്ദുലേഖ' വായിക്കുമ്പോഴത്തേക്ക്‌ ഈ സാംസ്കാരിക ഇടം എന്നില്‍ ഹാജരുണ്ടായിരുന്നു എന്നു വേണം കരുതാന്‍. നിര്‍വ്യാജസ്വംശീകരണം അത്‌ സാധ്യമാക്കി. കാലഗണനയനുസരിച്ച്‌, ഈ തലതിരിഞ്ഞ വായനായോഗം അപ്പുണ്ണിയുടെ ജീവിതാവസ്ഥകളെ ഒരു സാംസ്കാരിക പഠനത്തിന്റെ തലത്തിലേക്ക്‌ ചുരുക്കി. രണ്ടാം വായനയില്‍ ആദ്യവായനയെക്കാള്‍ ഒരുപാട്‌ അര്‍ത്ഥങ്ങളും അനുഭവങ്ങളും ഉളവാക്കാന്‍ പര്യാപ്തമായ ആന്തരീക ഊര്‍ജ്ജം എന്തായാലും നാലുകെട്ടിന്‌ ഇല്ല.

ഇതേകാലയളവില്‍ തന്നെ വായിച്ചുതീര്‍ത്ത മറ്റൊരു കഥാലോകം ഉണ്ട്‌. കേശവദേവു മുതല്‍ വിലാസിനി വരെ അത്‌ ചിതറികിടക്കുന്നു. വിശ്വവും കുഞ്ഞിരാമനും രാധയും ശാന്തയും ഒക്കെ ഉള്‍പ്പെടുന്ന സുന്ദരന്മാരുടെയും സുന്ദരികളുടേയും വിശാലമായ ലോകം. സ്നേഹത്തിന്റേയും പകയുടേയും പ്രണയത്തിന്റേയും വഞ്ചനയുടേയും സ്വപ്നത്തിന്റേയും മോഹഭംഗങ്ങളുടേയും സംഭവബഹുലമായ വനപ്രദേശങ്ങള്‍. ജീവിതത്തിന്റെ ഒടുങ്ങാത്ത കഥകളായിരുന്നു ആ രചനകളില്‍ മുഴുവന്‍. ചിലന്തിവല പോലെ സങ്കീര്‍ണമായ അവസ്ഥാന്തരങ്ങള്‍. മനസ്സായിരുന്നില്ല അവിടെ കഥാപാത്രം, സാഹചര്യം ആയിരുന്നു. വിശ്വം വീട്ടില്‍ നിന്നിറങ്ങി ലക്ഷ്മികുട്ടിയമ്മയുടെ പടിക്കല്‍ ചെന്നു വീണതും, പിന്നീട്‌ അവിടെ വളര്‍ന്നു വലുതായതും വായനക്കാരന്‍ ചോദ്യം ചെയ്തില്ല. സാഹചര്യം അതായിരുന്നു. ചോദ്യം ചെയ്യലുകളെ അസാധുവാക്കും വിധം സംഭവങ്ങളൂടെ അനിവാര്യമായ അനന്തസാധ്യതകളെ ആ വലിയ നോവലുകള്‍ മുന്നോട്ടുവച്ചു. അവയ്ക്കൊരു സാര്‍വലൗകീകത്വം ഉണ്ടായിരുന്നു. പ്രത്യേകിച്ച്‌ ഒരു സാംസ്കാരിക ഇടത്തെ അവ പ്രതിനിധാനം ചെയ്തില്ല. പ്രാദേശികവും ജാതീയവുമായ അന്തരീക്ഷത്തെ മായ്ച്ചുകളയാന്‍, അവയെ അലിയിച്ചെടുക്കാന്‍ വ്യഗ്രതപ്പെട്ട ഒരു കഥാഭൂമിക. അതിനുമപ്പുറം, അവ സാംസ്കാരികസ്വത്വം അല്ല അന്വേഷിച്ചത്‌, മാനവികസ്വത്വം ആയിരുന്നു. ഇവയ്ക്കുശേഷം വന്ന അപ്പുണ്ണിയുടെ കഥ മലയാളത്തിലുണ്ടാക്കിയ ഭാവുകത്വപരിണാമത്തിന്റെ ജനപ്രിയത തെളിയിക്കുന്നത്‌ ഇത് ഉപരിപ്ലവമായിരുന്നു എന്നാണ്‌. വലിയ കഥകള്‍ പറഞ്ഞു എന്നതിനപ്പുറം വിശ്വത്തിന്റേയും രാധയുടേയും ലോകം പിന്നീട്‌ അസാധുവായി പോയി.

ഞങ്ങളുടെ ഗ്രാമത്തിന്റെ പുരാവൃത്തം അഞ്ചുനൂറ്റാണ്ടിനു പിറകില്‍നിന്ന്‌ വാമൊഴിയിലൂടെ പകര്‍ന്നു വന്നിട്ടുണ്ട്‌. പറങ്കികളുടെ വരവോടെയാണ്‌ അത്‌ ആരംഭിക്കുന്നത്‌. ഒരു ഞാവല്‍ മരത്തിനു ചുറ്റും ആരംഭിച്ച ഗ്രാമചരിത്രത്തിന്റെ എല്ലാ ഇഴകളും വാമൊഴിയിലൂടെ വന്നതുകൊണ്ടുതന്നെ, വിശുദ്ധ ഫ്രാന്‍സീസ്‌ അസ്സീസിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ വസ്തുതകളെല്ലാം സംശയാസ്പദമായിത്തീരുന്നു. പള്ളിയുടെ ചുറ്റുവട്ടത്ത്‌ എഴുതിവയ്ക്കപെട്ട ചരിത്രത്തിനും ബാക്കിയായ ചരിത്രസ്മാരകങ്ങള്‍ക്കും നൂറുവര്‍ഷത്തിനപ്പുറത്തേക്ക്‌ ആയുസ്സും ഇല്ല. പോഞ്ഞിക്കര റാഫിയുടെ 'ഓരാ പ്രൊ നോബിസ്‌' വായിച്ചപ്പോള്‍ പക്ഷെ ചരിത്രത്തിന്റെ ചാര്‍ച്ച അത്ഭുതപ്പെടുത്തി. അങ്ങിനെയൊക്കെ ആണല്ലോ ചില ചരിത്രസാധ്യതകളില്‍ അകാരണമായി വിശ്വസിച്ചു പോവുക. ഇതൊക്കെ ഇവിടെ സൂചിപ്പിക്കാന്‍ കാരണം, എന്റെ അങ്ങേഅറ്റത്തെ ഓര്‍മ്മയിലും, അമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ ഓര്‍മ്മയിലും, പൊതുവേ കേരളത്തില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബത്തിന്റെ അംശങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിലനിന്നതായി സൂചനകളില്ല. ഒരു വീട്ടില്‍ ഒന്നിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്നിരിക്കാം എങ്കിലും മരുമക്കത്തായം സാധ്യമാക്കുന്ന കൂട്ടുകുടുംബത്തിന്റെ അധികാരഘടന ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. അതു സാധ്യമാക്കിയ ചില തുറസുകളും സ്വാതന്ത്ര്യങ്ങളും വളരെ മുന്‍പേ അവിടെ പ്രകടമായിരുന്നു. അവിടെ വലിയ ഭൂവുടമകള്‍ ഉണ്ടായിരുന്നില്ല. കുടിയാന്മാരും ഉണ്ടായിരുന്നില്ല. സമ്പത്തും ദാരിദ്ര്യവും പരിമിതമായിരുന്നു. ഒന്നില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ഒരു ചുവടുവയ്പ്പിന്റെ അകലമേ ഉണ്ടായിരുന്നുള്ളു. കഥകളി കാണാന്‍ വേണ്ടി രാവുകള്‍ ഉറക്കമിളയ്ക്കുന്നതോ, ഏതെങ്കിലും വീടിന്റെ പിന്നമ്പുറത്ത്‌ കഞ്ഞി കുമ്പിളില്‍ വിളമ്പുന്നതോ വന്യമായ സ്വപ്നമായിരുന്നു. നാലുകെട്ടുകളുടെ തകര്‍ച്ചയും മരുമക്കാത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള മാറ്റവും അതു ഉളവാക്കിയ മനുഷ്യബന്ധങ്ങളിലെ ശൈഥില്യവം, ഈ ജീവിതപരിസരം കൊണ്ടു തന്നെ, അന്യമായിരുന്നു. സാംസ്കാരികം എന്നതിനപ്പുറം, ഈ വ്യത്യാസങ്ങളുടെ തീവ്രതയെ നിലനിര്‍ത്തുന്നത്‌, സാമ്പത്തികമായ ഒരു അധികാര ഘടനയാണ്‌. ഈ ഘടനയില്‍ നിന്നാണ്‌ സംസ്കാരത്തിന്റെ വ്യതിരക്തതകള്‍ ഉണ്ടാവുന്നതു എന്നു മനസിലാക്കാം. ഒന്നാമതായി വലിയ കൃഷിയിടങ്ങള്‍ നാലുകെട്ടിനു ചുറ്റും നിലനിര്‍ത്തിയിരുന്ന സമ്പത്തിന്റെ പ്രഭയേയും അതുളവാക്കിയിരുന്ന വര്‍ഗ്ഗീകരണങ്ങളുടെയും അഭാവം ജനിതകമായി തന്നെ തുടര്‍ന്നുവന്നതിനാലാവും, അപ്പുണ്ണിയുടെ ചില പ്രത്യേക ജീവിതചുറ്റുപാടുകളില്‍ മാത്രം നിലനില്‍ക്കുന്ന വൈകാരികതകള്‍ അത്രത്തോളം എന്നെ ഏശാതെ പോയത്‌. എന്നാല്‍ അതു മാത്രം ആവാനും വഴിയില്ല. അങ്ങിനെ ആണെങ്കില്‍ അപ്പുവും അതുപോലെ കടന്നു പോവണമായിരുന്നു.

എം.ടി ആശയത്തിലും ഭാവുകത്വത്തിലും സൃഷ്ടിച്ച, അതുവരെ തുടര്‍ന്നു വന്ന ഒരു അനുശീലനത്തിന്റെ വ്യതിയാനം തന്നെയാവണം ഇതിനു കാരണം. രാധയും വിശ്വവും അവരുടെ തലമുറയും നിലനിര്‍ത്തിയ ഒരു സാമൂഹ്യാവസ്ഥ ഉണ്ട്‌. അവിടെ തെറ്റിനും ശരിക്കും നിയതമായ രൂപം ഉണ്ടായിരുന്നു. തെറ്റിന്റെ ഗണത്തിലും ശരിയുടെ ഗണത്തിലും പെടുത്താവുന്നവകളൊക്കെ മൂര്‍ത്തമായിരുന്നു. എം.ടി. ഇതിനെ കശക്കിക്കളഞ്ഞു. സ്വാര്‍ത്ഥതയെ മന്യവല്‍ക്കരിച്ചു. പാപബോധത്തെ സാമാന്യവല്‍ക്കരിച്ചു. സ്വയം കൃതഘ്നതയോടെ, നന്ദികേടിന്റെ ആത്മനിന്ദയോടെ ഒരോ വ്യക്‌തിക്കും വിജയി ആയി തന്നെ നില്‍ക്കാം എന്നു എം.ടി യുടെ നായകന്മാര്‍ സമൂഹത്തിന്റെ മാറിവരുന്ന അഭിരുചികളോട്‌ ഒത്തുനിന്ന്‌ കാണിച്ചുകൊടുത്തു. പാപബോധത്തിന്റെ ഇരുണ്ട ഗലികളിലൂടെ നടന്നെത്തുന്നവന്‍, എന്തൊക്കെ നേടിയാലും, പരാജിതന്‍ തന്നെ എന്ന അതുവരെ തുടര്‍ന്നു വന്ന ആത്മീയത എം.ടി കടപുഴകി കളഞ്ഞു. പുതിയ മധ്യവര്‍ഗ്ഗത്തിന്റെ രുചിഭേദങ്ങളെ ഇതു വല്ലാതെ തൃപ്തിപ്പെടുത്തി. നന്നായി ജീവിക്കുക എന്നതിന്റെ പ്രതീക്ഷാനിര്‍ഭരത ഇത്രയും ഗൂഢവും ഇരുണ്ടതും ആവാന്‍ പാടുണ്ടോ എന്ന തോന്നല്‍ തന്നെയാവും അപ്പുണ്ണിയില്‍ നിന്നും അപ്പുവിലേക്കുള്ള ദൂരം. പുതിയകാലത്തിന്റെ വ്യഥകളിലൂടെ ഒറ്റക്കു നടക്കേണ്ടവന്റെ വെട്ടമുള്ള ഒരു വഴിയെങ്കിലും അപ്പുവിന്റെ ജീവിതം പ്രകാശിപ്പിച്ചിരുന്നു. അതു വിശ്വത്തിന്റേയും രാധയുടെയും പിന്തുടര്‍ച്ചയും ആയിരുന്നില്ല. പുതിയലോകത്ത്‌ ചെന്നുവീണ മലയാളിയുടെ അത്രയും സ്വാര്‍ത്ഥമല്ലാത്ത, അത്രയും ആര്‍ത്തിയില്ലാത്ത, കുറച്ചുകൂടി നിര്‍മ്മമമായ, കണ്ണുനിറഞ്ഞിരുന്നാലും ചിരിക്കാനാവുന്ന ഒരു വഴി. ജന്മരാശിയാല്‍ 'ആധുനികത' നേരിട്ട്‌ അനുഭവിക്കാന്‍ വിധിക്കപ്പെടാത്ത ഒരുവന്‍ എന്ന നിലയ്ക്ക്‌, വ്യകതിപരമായി തിരഞ്ഞെടുപ്പിന്റെ ഭൂമിക എനിക്കു കുറച്ചുകൂടി എളുപ്പമായിരുന്നു. അധുനികതയുടെ തിരതള്ളല്‍ കഴിഞ്ഞ്‌ 'ആധുനികരെ'ല്ലാവരും എം.ടിയില്‍ ചെന്നടിയുന്നത്‌ കാണുമ്പോള്‍, കാലത്താല്‍ തോല്‍പ്പിക്കപ്പെടാതെ രക്ഷപെടാന്‍ സാധിച്ചതിനു നന്ദി തോന്നുക പ്രായത്തോടും കൂടിയാണ്‌.

അപ്പുണ്ണി നാലുകെട്ട്‌ പൊളിച്ചുകളഞ്ഞിട്ട്‌ അന്‍പത്‌ വര്‍ഷം തികയുന്നു. ഒരു വെളിച്ചപ്പാട്‌ തന്നെ വഞ്ചിച്ച ദൈവത്തെ കാര്‍ക്കിച്ചുതുപ്പിയതും ആ അടുത്താണ്‌. ഈ അന്‍പതു കൊല്ലത്തിന്റെ ആദ്യപകുതിയില്‍ നമ്മള്‍ നാലുകെട്ടുകള്‍ പൊളിച്ചു, ദൈവങ്ങളെ പുച്ഛത്തോടെ നോക്കി. എന്റെ കുട്ടികാലത്ത്‌, പള്ളിമുറ്റത്തെ മരച്ചുവട്ടില്‍ ഞായറാഴ്ച്ചകളില്‍ നടന്നിരുന്ന കാറ്റിക്കിസം ക്ലാസുകള്‍ അയഞ്ഞതും രസാവഹങ്ങളും ആയിരുന്നു. ഇത്തിരികൂടി മുതിര്‍ന്നപ്പോള്‍ പഠിപ്പിക്കാന്‍ വരുന്ന കന്യാസ്ത്രീകളോടു വിവാഹം എന്ന കൂദാശയെകുറിച്ചും, അതിന്റെ തുടര്‍ച്ചകളെകുറിച്ചും കുസൃതിചോദ്യങ്ങള്‍ എറിഞ്ഞു കളിച്ചിരുന്നു. അവരും കൂട്ടത്തില്‍ ചേര്‍ന്നു ചിരിച്ചു. എന്റെ മക്കളെ മതപഠനത്തിനു വിടേണ്ട കാലമായപ്പോഴേക്കും സംഗതികള്‍ മാറിപോയിരുന്നു. പരിശീലിപ്പിക്കപ്പെട്ട അദ്ധ്യാപകരും പ്രിന്‍സിപ്പാളും ഒക്കെയായി ഒരു വിദ്യാലയത്തിന്റെ കര്‍ക്കശമായ ചിട്ടവട്ടങ്ങള്‍ വന്നു. പൊളിച്ചുകളഞ്ഞ നാലുകെട്ടുകളുടെ സ്ഥാനത്ത്‌ മാത്രമല്ല, ഞങ്ങളൂടെ ഗ്രാമത്തിലും കോണ്‍ക്രീറ്റ്‌ നാലുകെട്ടുകള്‍ പൊന്തി. ഈ അന്‍പതു കൊല്ലത്തിന്റെ രണ്ടാമത്തെ പകുതിയില്‍, പൊളിച്ചതെല്ലാം കുറച്ചുകൂടി തീവ്രമായി നമ്മള്‍ കെട്ടിയുയര്‍ത്താന്‍ തുടങ്ങി. അധികാരഘടനയുടെ സാംസ്കാരിക പരിസരം മാറി, സമ്പത്തിന്റെ ഉറവിടം ഭൂസ്വത്ത്‌ മാത്രമല്ലാതായി മാറി. ഭൂസ്വത്ത്‌ ഇല്ലാതെയും നാലുകെട്ടുകള്‍ക്ക്‌ ഉയരാം എന്നായി. കഥകളിയെത്തിയില്ലെങ്കിലും പള്ളിപെരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങളിലും മറ്റും, നാട്ടുകാരായ പെണ്‍കുട്ടികള്‍ ശാസ്ത്രിയനൃത്തങ്ങള്‍ ആടുന്നതു കണ്ടു. കേരളം അന്‍പത്‌ വര്‍ഷം കൊണ്ട്‌ ഒരു വലിയ വൃത്തം പൂര്‍ത്തിയാക്കി. അപ്പുണ്ണി പൊളിച്ച നാലുകെട്ട്‌ ബാക്കിയാക്കിയ ആകാശത്തെ ആണ്‌ അന്ന്‌ പുതിയ ലോകത്തിലേക്കുള്ള വാതായനമായി നമ്മള്‍ കണ്ടത്‌. വളരെ ക്ഷണികമായിരുന്നു ആ നിരാസങ്ങള്‍. ആ അകാശങ്ങള്‍ വീണ്ടും അടഞ്ഞുപോയി.

എങ്കിലും, യോജിക്കാനായാലും വിയോജിക്കാനായാലും സ്നേഹത്തോടെയാണ്‌ ഞാന്‍ അപ്പുണ്ണിയേയും അപ്പുവിനേയും ഓര്‍ത്തെടുക്കുക. ആകാശം അടച്ചുകൊണ്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ലാറ്റിലിരുന്ന്‌ അപ്പുണ്ണിയുടെയും അപ്പുവിന്റെയും ഒപ്പം അലഞ്ഞുനടക്കുമ്പോള്‍, ഒരു നരഭോജിയെ പോലെ അവരെയൊക്കെ ചവച്ചുതിന്ന, എന്റെ രമണീയ കാലത്തിലൂടെയാണ്‌ ഞാന്‍ നടക്കുന്നത്‌.

00

2008 മാർച്ചിലെ 'തർജ്ജനി'യിൽ പ്രസിദ്ധീകരിച്ചത്.

00 

2 comments: